Jump to content

ഗണപതിപ്രാതൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഗണപതിപ്രാതൽ (തുള്ളൽ കഥ)

രചന:കുഞ്ചൻ_നമ്പ്യാർ


ഭതന്നിൽ വിളങ്ങുന്ന സരസന്മാരടിയത്തി-

ന്നഭയം തന്നരുളേണമതിനായി വണങ്ങുന്നേൻ;

അഭിരാമമൊരു കഥ പറവാനെന്മനതാരിൽ

അഭിലാഷമുണ്ടു പാരമതുകൊണ്ടു തുടങ്ങുന്നേൻ.

പ്രണതവത്സലനായ ഗണപതിഭഗവാനും

പ്രണയമോടടിയനു തുണയായിബ്ഭവിക്കേണം

ഗുണദോഷമറിയുന്ന ബുധന്മാരിക്കഥ തൻറെ

ഗുണദോഷം വിചാരിപ്പാനൊരുമ്പെട്ടു വസിക്കേണം;

പരബോധം വരുത്തുവാനെളുതല്ലെന്നിരുന്നാലും

ഉരിയാടാതിരിപ്പാൻ ഞാൻ‍ പഠിച്ചില്ല കാണിപോലും;

ഒരുവരുമിളകാതങ്ങൊരു കോണിലിരുന്നേച്ചാൽ

പരിഹാസം നടത്തുന്ന നരന്മാർക്കു വകയില്ല

പരിചോടെൻ ഗുരുനാഥൻ അരുൾചെയ്ത വചനങ്ങൾ

കരളിലുണ്ടെനിക്കേതും കുറവുമില്ലതുകൊണ്ട്;


കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു

ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും

മറ്റും പലരതു കേൾക്കുന്ന നേരത്തു

മുറ്റും ഗുണദോഷമെല്ലാം വെളിപ്പെടും

ഏറ്റം കവിതയിലൂടുള്ളവർക്കതു

പറ്റും മനതാരിലെന്നാലതും മതി;

ഈറ്റുനോവിൻറെ പരമാർത്ഥമൊക്കെയും

പെറ്റ പെണ്ണുങ്ങൾക്കു തന്നേയറിയാവൂ;

കാട്ടുകോഴിക്കെന്തു സംക്രാന്തിയെന്നതും

കൂട്ടം കവിപ്രൌഢരൊക്കെ ധരിച്ചിടും;

ആടിന്നറിയുമോ അങ്ങാടിവാണിഭം?

കൂട്ടാക്കയില്ല ഞാൻ ദുഷ്ക്കവിഭോഷരേ!

ഇഷ്ടമില്ലാത്തവരാരൊരു ദൂഷണം

കെട്ടിച്ചമച്ചതു കേട്ടാൽ നമുക്കൊരു

ഞെട്ടലില്ലേതും മനസ്സിനെന്നുള്ളതീ

ശിഷ്ടജനങ്ങൾ ധരിച്ചുകൊള്ളേണമേ

ദോഷവും നല്ല ഗുണങ്ങളുമുണ്ടെങ്കിൽ

ദോഷം വെടിഞ്ഞു ഗുണത്തെ ഗ്രഹിക്കണം

ശേഷമുള്ളാളുകളെല്ലാമതിനിങ്ങു

ശേഷിയായ്ത്തന്നേ ഭവിക്കേണമെപ്പൊഴും;

പാലും ജലവും കലർന്നു വച്ചീടിനാല്

പാലേ കുടിപ്പൂ അരയന്നജാതികള്;

ദുഷ്ടെന്നിയേ മറ്റതൊന്നും ഗ്രഹിക്കില്ല

പൊട്ടക്കുളത്തിൽ കളിച്ചീടുമട്ടകൾ;

ദുഷ്ടജനത്തിൻറെ ശീലമവ്വണ്ണമെ-

ന്നൊട്ടു പലരും പറഞ്ഞുകേൾപ്പില്ലയോ?

ഏവം പറഞ്ഞാലൊടുക്കമില്ലേതുമേ

കേവലം കാലം കഴിച്ചുവെന്നേ വരൂ;

സേവിച്ചു മേവുന്നവർക്കുവേണ്ടിത്തൻറെ

ജീവനെപ്പോലും കൊടുപ്പാന്മടിക്കാത്ത

ദേവനാരായണസ്വാമി മഹീതലേ

ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു

ദേവലോകാവാസസൌഖ്യം ലഭിക്കുമ-

ക്കേവലാനന്ദം സതതം ഭവിക്കുന്നു;

ചെമ്പകനാട്ടിന്നലങ്കാര രത്നമാം

ചെമ്പകപ്പൂവൊത്ത തമ്പുരാന്തന്നുടെ

ചെമ്പൊൽ പ്രഭ ചേരുമോമൽതിരുവുടല്

കുമ്പിടുന്നേനിന്നു കമ്പങ്ങൾ തീരുവാൻ;

പണ്ടങ്ങൊരു ദിനം വിത്തേശ്വരൻ നീല-

കണ്ഠനു കാഴ്ചയായ് വച്ച വാഴക്കുല

മണ്ടിവന്നാശു ഗണേശനെടുത്തതു

തൊണ്ടോടുകൂടിബ്ഭുജിച്ചതുമാദരാല്

കണ്ടുനില്ക്കുന്ന ധനേശനവൻ ശിതി-

കണ്ഠനെത്താണു തൊഴുതുണർത്തീടിനാന്:

"കാലാന്തക! ഭവൽകാരുണ്യമല്ലാതൊ-

രാലംബനം നമുക്കില്ലെന്നറിക നീ!

ഒന്നുണ്ടെനിക്കു മനക്കാമ്പിലാഗ്രഹം

ചന്ദ്രചൂഡാ വിഭോ! കേട്ടരുളേണമേ!

പ്രാലേയപർവ്വതപുത്രിയോടൊന്നിച്ചു

ബാലകന്മാരെയും കൊണ്ടൊരു വാസരം

കാലത്തുതന്നെയെഴുന്നള്ളി നമ്മുടെ

ആലയം തന്നിൽ ഭുജിച്ചു പോന്നീടണം;

എന്നാലതുകൊണ്ടെനിക്കു മേന്മേൽ ഗുണം

വന്നീടുമല്ലോ മഹാദേവ! ശങ്കര!"

എന്നതു കേട്ടു മഹേശൻ കുറഞ്ഞൊന്നു

മന്ദസ്മിതം പൂണ്ടു ചൊന്നാൻ ധനേശ്വരം:

"നിന്നുടെയുള്ളിലെ ഭക്തിയും സ്നേഹവു-

മെന്നെക്കുറിച്ചേറ്റമുണ്ടെന്നറിഞ്ഞു ഞാൻ

എന്നതുകൊണ്ടു നമുക്കു സന്തോഷവും

നിന്നിൽ പ്രതിദിനമേറ്റം ധനപതേ!"

എന്നതുകേട്ടു ധനേശ്വരൻ പിന്നെയും

പന്നഗഭൂഷണനോടറിയിച്ചിതു:

"ഭക്തി കൊണ്ടീശ്വരൻ പ്രീതനായെങ്കിലും

ഭുക്തിക്കു നല്ല വസ്തുക്കൾ നല്കും ജനം

എന്നതുകൊണ്ടങ്ങെഴുന്നള്ളി നമ്മുടെ

മന്ദിരം ശുദ്ധമാക്കേണം വിഭോ! ഭവാൻ."

ഇങ്ങനെ ചൊന്നതു കേട്ടു ലോകേശ്വര-

"നങ്ങനെതന്നെ"യെന്നും പറഞ്ഞീടിനാൻ;

യാത്രയും ചൊല്ലിത്തൊഴുതു ഗണേശ്വര-

മൂർത്തിയെ നോക്കിച്ചിരിച്ചു പോന്നീടിനാൻ;

ആലയം തന്നിലകത്തു വന്നോരോന്നു

കാലേ വരുത്തിത്തുടങ്ങി പൌലസ്ത്യനും;

തുമ്പക്കുസുമത്തിനൊത്തൊരു തണ്ഡുലം

സംഭരിച്ചീടിനാനേറ്റം ധനേശ്വരൻ

സദ്യയ്ക്കു വേണ്ടുന്ന വസ്തുക്കളൊക്കെയു-

മുദ്യോഗമുള്ള ജനങ്ങൾ വരുത്തിനാർ;

നീളെ നെടുമ്പുര കെട്ടി ശ്രമിപ്പതി-

നാളുകളേയും ക്ഷണിച്ചു വരുത്തിനാൻ;

ചോറ്റിന്നു വേണ്ടും കറിസാധനങ്ങളു-

മേറ്റം പലതരം തത്ര വരുത്തിനാൻ;

വിത്തം വളരെക്കരത്തിലുള്ളാളുകൾ-

ക്കൊത്തതിന് വണ്ണം വരും കാര്യമൊക്കെയും;

വെപ്പു തുടങ്ങിച്ചു പിന്നെ മഹീശ്വരൻ

കല്പിച്ചു വേണ്ടുന്ന കാര്യങ്ങളൊക്കെയും.

"വെട്ടുവഴികളടിച്ചു തളിച്ചതിൽ

പട്ടുകൾ നീളെ വിരിച്ചുകൊണ്ടീടണം

നാലു നിറമുള്ള പട്ടുകൾ കൊണ്ട്വന്നു

മേലെ വിതാനം, ചുരുക്കരുതൊട്ടുമേ!

മുത്തും പവിഴവും ചേർത്ത മാലാഗണം

പത്തുനൂറുതരം തോരണം തൂക്കണം;

രണ്ടുപുറത്തും നിറപറ ദീപവും

രണ്ടുലക്ഷം കുലവാഴയും വെക്കണം

പൊന്നണിഞ്ഞാനക്കഴുത്തിൽ പെരുമ്പറ

പിന്നെയും വേണ്ട വാദ്യം വരുത്തീടണം

മിന്നുന്ന പൊന്നിൻതളികയിൽ നൂല്ത്തിരി-

തന്നെ നനച്ചു കൊളുത്തിപ്പിടിക്കണം

മങ്കമാർ വേണമതിന്നവർ നല്ലൊരു

തങ്കപ്പതക്കമണിഞ്ഞു വന്നീടണം

കങ്കണം കൈവിരൽ കൽവച്ച മോതിരം

കൊങ്കദ്വയങ്ങളിൽ മുത്തുരത്നാവലി

കുങ്കുമം നല്ല മലയജം തന്നുടെ

പങ്കവും നന്നായണിഞ്ഞെതിരേല്ക്കണം;

ശങ്കരീശങ്കരന്മാരേയകമ്പടി-

ക്കാലവട്ടങ്ങളും വെഞ്ചാമരങ്ങളും

കാലമൊട്ടും കളയാതെ വരുത്തണം;

ബാലമട്ടോൽ മൊഴിമാർക്കു വാണീടുവാൻ

നാലുകെട്ടിന്നിയും നാലഞ്ചു തീർക്കണം;

നന്ദി മുമ്പായ ഗണങ്ങൾക്കിരിക്കുവാൻ

മന്ദിരം ഭംഗിയായൊന്നു നിർമ്മിക്കണം

എന്നുതന്നെയല്ല വേണ്ടുന്നതൊക്കെയും

ഒന്നൊഴിയാതെ വരുത്തിവച്ചീടണം."

ഇങ്ങറിയിപ്പാൻ ഗമിച്ചു ധനാധിപൻ:

"തമ്പുരാനേ! ഹരേ! നിൻകൃപകൊണ്ടു ഞാൻ

സംപ്രതി വേണ്ടുന്ന കോപ്പു കൂട്ടീ വിഭോ!

വെക്കമവിടേക്കെഴുന്നള്ളി നമ്മുടെ

സത്കാരമേറ്റു തുണച്ചരുളേണമേ!"

കാളകണ്ഠനതു കേട്ടോരനന്തരം

കാളപ്പുറത്തു കരേറിപ്പതുക്കവേ

പേടവിലോലവിലോചന പാർവതി

കൂടവേ കാളമുകളിൽ കരേറിനാൾ;

സ്കന്ദൻ ഗണേശ്വരൻ നന്ദി മുമ്പായുള്ള

വൃന്ദങ്ങളൊന്നൊഴിയാതെ പുറപ്പെട്ടു;

പട്ടു വിരിച്ച വഴിയിൽ ചവുട്ടാതെ

പെട്ടെന്നു കാള നടന്നു തുടങ്ങിനാൻ;

നല്ലോരു പട്ടു വിരിച്ച സ്ഥലങ്ങളി-

ലെല്ലാം ചവിട്ടി നടന്നു വിനായകൻ;

എന്നതുകൊണ്ടു ധനാധിനാഥനുപുന-

രൊന്നുമേ മിണ്ടാതെ നിന്നാനരക്ഷണം;

കാളപ്പുറത്തൂന്നിറങ്ങി മഹേശ്വരൻ

മാളിക തന്നിലിരുന്നു മൃഡാനിയും

"മുപ്പതു നാഴികകൊണ്ടു വരുത്തിയ

കോപ്പുകൾ കണ്ടാൽ വിചിത്രമല്ലോ സഖേ!

കൈയ്യിൽ പണമുള്ളവനു നിനച്ചീടുന്ന

കാര്യം വരുത്താൻ പ്രയാസമുണ്ടാകുമോ?

എല്ലാമൊരുക്കിയെന്നാകിലും താമസം

തെല്ലുണ്ടതുകൊണ്ടു ബാലകന്മാരുടെ

ഭക്ഷണം വേഗം കഴിപ്പിച്ചു നമ്മുടെ

ഭക്ഷണത്തിന്നും ശ്രമിച്ചുകൊണ്ടാൽ മതി."

എന്നതു കേട്ടു വിളിച്ചു ഗണേശനെ

സ്കന്ദനേയും വിളിച്ചങ്ങിരുത്തീടിനാൻ:

നല്ലയിലക്കെട്ടെടുത്തതിലോരോന്നു

നല്ലവണ്ണം തുടച്ചാശുവച്ചാദരാൽ

പൊന്നുകൊണ്ടുള്ളൊരു കോരിക തന്നില-

ങ്ങന്നം നിറച്ചതു കണ്ടു വിനായകൻ

ചട്ടുകം ചോറുമിലയുടെ കെട്ടുമാ-

ക്കോരികയും ഭുജിച്ചാദരാലങ്ങുടൻ

യക്ഷാധിനാഥനോടേവം പറഞ്ഞിതു:

"ഭക്ഷണത്തിന്നിലവച്ചു വിളമ്പുക;"

രണ്ടാമതുമൊരുകെട്ടില വച്ചതും

കൊണ്ട്വന്ന ചോറും ഭുജിച്ചുടൻ പിന്നെയും

"കൊണ്ടുവാ പത്രവും ചോറുള്ള പാത്രവും

ഉണ്ടു വിശപ്പതു തെല്ലു തീർന്നാൽ മതി;

അച്ഛനോടൊന്നിച്ചു പിന്നെ ഞാൻ സദ്യയി-

ലിച്ഛിച്ചവണ്ണം ഭുജിച്ചുകൊള്ളാം സുഖം;

പിന്നെയും പിന്നെയുമേവം പറഞ്ഞുകൊ-

ണ്ടന്നം വളരെ ഭുജിച്ചോരനന്തരം

ചോറു വിളമ്പി വിളമ്പി വലഞ്ഞവർ

മാറിപ്പതുക്കെയൊളിച്ചുതുടങ്ങിനാർ;

"നല്ലവണ്ണം നമുക്കന്നം വിളമ്പുവാ-

നില്ല മനസ്സു ധനാധിനാഥന്നഹോ

ഏറെപ്പണം കെട്ടിവക്കും ജനങ്ങൾക്കു

ചോറു കൊടുപ്പാൻ മുഷിച്ചിലുണ്ടായ് വരും

എന്നാലടുക്കള തന്നിൽക്കടന്നു ഞാ-

നൊന്നൊഴിയാതെ ഭുജിക്കുന്നതുണ്ടിനി!"


ചമ്പതാളം


മനതളിരിലിതി കരുതിമദനരിപുനന്ദനൻ

മന്ദം മഹാനസം പുക്കു നോക്കും വിധൌ

അതിധവളരുചികലരുമധികതരമന്നവു-

മദ്ഭുതമായോരെരിശ്ശേരി വച്ചതും

അമൃതിനൊടു സദൃശമഥ പല പല ചരക്കില-

ങ്ങഞ്ചാറുകൂട്ടം പ്രഥമനും കണ്ടിതു;

പരമഗുണഗണമുടയസിതയൊടിടചേർന്നൊരു

പാല്പായസം നല്ലതന്തികേ കാണ്കയാൽ

ഇതിലധികമധുരമിനിയപരമൊരു വസ്തുവി-

ങ്ങില്ലെന്നുറച്ചതു ഭക്ഷിച്ചനന്തരം

നലമൊടതിലരികിലഥ വളരെ മധുരക്കറി

നാലെട്ടു വാർപ്പിൽക്കിടന്നതും പാത്രവും

അഴകിനൊടു സവിധഭുവിയരി കഴുകിവച്ചതും

അന്നവും പിന്നെക്കറി പലതുള്ളതും

ഇല പലക വിറകു കടുമുളകുമുപദംശവും

എണ്ണയും നെയ്യും വെളിച്ചെണ്ണ തേങ്ങയും

അതികഠിനമരനിമിഷമതിനിടയിലമ്മിയും

അമ്മിക്കുഴവിയുരലും ചിരവയും

അടപലക കയറുകളുമധികമരിവട്ടിയും

അദ്ഭുതമായുള്ള പപ്പടക്കൂട്ടവും

വടിവിനൊടു ഗജവദനനഴകൊടു ഭുജിച്ചുടൻ

വന്നു കലവറ തന്നിൽ കടന്നുടൻ

രസകദളി കദളികളുമഴകൊടതി പൂവനും

രണ്ടുനാലായിരം നേന്ത്രക്കുലകളും

കനിവിനൊടു കരിവദനനതികുതുകമോടുടൻ

കണ്ണൻകുറുങ്കാളി വണ്ണമ്പഴങ്ങളും

ഇവ പലതുമവിടെയഥ ഭരണികളിലേറ്റവും

സൂക്ഷിച്ചിരുന്നോരു തേനും ഗുളങ്ങളും

അതിമധുരമുടയ സിത ഘൃതവുമഥ കണ്ടുട-

നാനന്ദമോടു ഭുജിച്ചാനശേഷവും

പുനരപി ച ഭരണി കുടമനവധി കലങ്ങളും

കണ്ടു കറിക്കുള്ള കോപ്പു ശേഷിച്ചതും

അതു സകലമപി ച കരിവദനനഥ തിന്നുട-

നാന്മുഖവൻ പുറത്തിറങ്ങീടിനാൻ;

അതുസമയമരികിലഥ ധനദനെ വിളിച്ചുകൊ-

ണ്ടാഭാഷണം കൊണ്ടു ചൊല്ലിനാനിങ്ങനെ:

"അയി കുടില! ധനദ! മമ തരിക പുനരന്നവു-

മല്പമെന്നാകിലും കൂട്ടുവാനുള്ളതും

പെരിയ പരവശത മമ കളവതിനു ചോറു നീ

പ്രാതൽക്കു മാത്രമെന്നാകിലും നല്കണം

അശനമതിലൊരുവനിലുമഴകിനൊടു വച്ചുകൊ-

ണ്ടൊന്നും കൊടുക്കാതയയ്ക്കുക യോഗ്യമോ?

അതിലധികമധികധനമുടയ ധനദാ! ഭവാ-

നാമന്ത്രണം ചെയ്കു കൊണ്ടുപോന്നിങ്ങനെ

ബദരിഫലമതിനു സമമൊരു കബളമെങ്കിലും

ബാലനായീടും നമുക്കു തരാഞ്ഞതു

ഉചിതമിതി തവ മനസി കരുതിടുക വേണ്ടതി-

ന്നൂണും മുടക്കിയയയ്ക്കുക നിന്ദിതം

അയി ധനദ പുരുഷനിഹ പെരിയ ധനമുണ്ടെങ്കിൽ

ആയവനു ചെയ്തതു നല്ല നേരായ് വരും

ഹൃദയമതിലിതു കരുതി മദമധികമുള്ള തേ

ഹൃദ്യമീ ബാലനാമെന്നെച്ചതിച്ചതും!"

വചനമിദമതിപരുഷമനവധി പറഞ്ഞുടൻ

വായും പിളർന്നോടിയെത്തി വിഘ്നേശ്വരൻ;

അതുസമയമധികഭയമുടയ നിധിനായകൻ

ആധിയുംപൂണ്ടങ്ങുമിങ്ങുമോടീടിനാൻ:

"അടിയനിഹ കരുതിയതു സകലവുമൊടുങ്ങിയി-

ങ്ങാവോളമിന്നിയും വേണ്ടതുണ്ടാക്കുവന്;"

അതിനു പുനരൊരു വചനമവനൊടുരചെയ്യാതെ

ആർത്തനായ് പിന്നാലെ മണ്ടി ഓടിക്കയാൽ

'കരിവദനകലഹമതു കളവതിനു നമ്മുടെ

കാലാരിപാദം പിടിക്ക നല്ലൂ ജവാൽ'

ഇതി മനസി ബത കരുതി സപദി നരവാഹനൻ

ഇന്ദുചൂഡാന്തികേ ചെന്നു വീണേറ്റവും

വിനയമൊടു വിമലതരനുതിവചനമോതിനാൻ:

"വിശ്വാധിനാഥാ! നമസ്തേ യമാന്തകാ!

അടിയനിഹ പിഴ പലതുമധികമിഹ ചെയ്കിലും

ആശ്രയം മറ്റാരുമില്ലെനിക്കീശ്വരാ!

ജനനിയുടെ ജഠരമതിലമരുമൊരു ബാലകൻ

ജാതനാംമുമ്പേ ചവിട്ടിയെന്നോർക്കയാൽ

മനതളിരിലതിനു ബത കലഹ, മൊരുനാളുമാ

മാതാവിനുണ്ടാകയില്ലെന്നു നിർണ്ണയം;

അടിമലരിലടിമപെടുമടിയനുടെ സങ്കടം

അഷ്ടമൂർത്തേ! ഭവാൻ നീക്കി രക്ഷിക്കണം

തവ ചരണയുഗളമതു ശരണമണയും ക്ഷണേ

താപം ശമിക്കുമെന്നല്ലോ ബുധമതം

കുസുമശരതനുദഹന! ദിവസകരബിംബവും

കൂരിരുട്ടും കൂടിയൊന്നിച്ചിരിക്കുമോ?

കരലസിതകനകമൃഗ! കലവറയിലുള്ളതും

കാലാന്തക! കറിവച്ചതുമന്നവും

ചെരവ തവി വിറകുരുളികരകമിതി പാത്രവും

ചെമ്പും ചരക്കും നെടുമ്പുരയുള്ളതും

പരമശിവ പരിചിനൊടു ഗജമുഖനശേഷവും

പാരാതെ ഭക്ഷിച്ചൊടുക്കി പുരാന്തക!

പുരമഥന! പുനരധികമരിശമൊടടുത്തുടൻ

പുഷ്കരം കൊണ്ടു പിടിക്കുന്നു ഹന്ത മാം;

ജിതശമന തവ മനസി ബഹുകരുണകൊണ്ടു ഞാൻ

ജീവിച്ചിനിച്ചിലകാലമിരിക്കണം."

അമൃതകരശകലധരനുതികളിതി ചെയ്തുട-

നഞ്ജലി കൂപ്പി നമസ്കരിച്ചാദരാൽ

അചലവരമകളുടയ ചരണകമലങ്ങളും

അത്യന്തഭക്ത്യാ വണങ്ങി നിന്നീടിനാൻ;

അതുപൊഴുതു ശിവനുമഥ ശിവയുമരുളീടിനാർ:

"ആധി നിനക്കിനി വേണ്ട ധനേശ്വര!

പല കുറവു പല ദിവസമധികമിഹ ചെയ്കിലും

പാദം പിടിച്ചാൽ ക്ഷമിക്കും മഹത്തുകൾ

ഇതിനു തവ പിഴ കിമപിയൊരു വഴി നിനയ്ക്കിലു-

മില്ലെന്നു നിശ്ചയമുണ്ടു ഞങ്ങൾക്കഹോ!

കരിവദന! വിരവിനൊടു വരിക മമ സന്നിധൌ

കഷ്ടം! കണക്കല്ല നിന്നുടെ ചേഷ്ടിതം

അയി തനയ! ധനദനിഹ മമത പെരുകീട്ടുട-

നഷ്ടിക്കു നമ്മെ ക്ഷണിച്ചു വരുത്തിയാൽ

ഉചിതമതു മൃദുവചനമവരൊടുരചെയ്തുകൊ-

ണ്ടൂണിനു തന്ന ചോറുണ്ടു പോന്നീടണം;

അപരനിഹ തരുമശനമമൃതിനു സമാനമെ-

ന്നാശ്വസിച്ചീടണമെന്നേ ഗുണം വരൂ.

അതിദുരിതഫലമതിനു പരിചൊടു ധരിക്ക നീ

അന്നദാതാവിനെ നിന്ദ ചെയ്യുന്നത്;

ഇതി സപദി കരുതി ഹൃദി ധനദനെ വിളിച്ചു നീ

ഇച്ഛിച്ചതെല്ലാം കൊടുത്തു കൊണ്ടീടണം;"

സകലജന പരമഗുരു പരമശിവനിങ്ങനെ

സാധുവാം വണ്ണം പറഞ്ഞതു കേള്ക്കയാൽ;

"അയി ധനദ! നഹി കിമപി പരിഭവമൊരിക്കലു-

മാധിയുണ്ടാകുക വേണ്ടാ ഹൃദന്തരേ;"

അതിമൃദുലവചനമതു ഗണപതി പറഞ്ഞുട-

നാശാധിനാഥനെച്ചേർത്തു വക്ഷസ്ഥലേ!

"സകലപതി ശിവനുമഥ പരിചരണഭൃത്യരും

സ്കന്ദനും ഞാനും മൃഡാനിയാം ദേവിയും

സരസമിഹ തവ മനസി കരുതിയതിലപ്പുറം

സാധുവാം വണ്ണം ഭുജിച്ചു സന്തുഷ്ടരായ്;

ചതുരതയൊടതു സകലമറിവതിനു ദിവ്യമാം

ചക്ഷുസ്സു കൊണ്ടു വിലോകനം ചെയ്ക നീ;"

സകലജന നതചരണനഴകൊടു ഗണേശ്വരൻ

സാദരം ചൊന്നതു കേട്ടു ധനേശ്വരൻ

ഹൃദയതലമതിലമരുമമലതരദൃക്കിനാ-

ലീക്ഷിച്ച നേരമറിഞ്ഞു സമസ്തവും;

അതു പൊഴുതു ഹൃദി കുതുകമധികമുളവാകയാ-

ലാനമുഖനെത്തൊഴുതു നിന്നൂ ചിരം;

അതുസമയമചലമകൾഗിരിശനുമുരയ്ക്കയാ-

ലന്നവും സ്വാദുള്ളതും നീക്കിയൊക്കെയും

വടിവിനൊടു കരിവദനവദനകമലാന്തരാൽ

വീണുവണങ്ങി സമസ്ത വസ്തുക്കളും;

പുരമഥനനതു പൊഴുതു നിധിപതിയൊടിങ്ങനെ

പുഞ്ചിരിതൂകിയരുൾചെയ്തു സാദരം

"ഇഭവദനമുഖഗളിതമിതു തവ സമസ്തവു-

മീക്ഷണം ചെയ്തു കണക്കുനോക്കി ദൃതം

പരിചിനൊടു ഭരണികളുമഖിലമിഹ പാത്രവും

പണ്ടിരുന്നേടത്തു വയ്പിച്ചു കൊള്ളുക;

അമരകുലമഖിലമിഹ ഹവിരനലനാവുകൊ-

ണ്ടാസ്വദിക്കുന്നതുപോലെയെല്ലാവരും

തവ സകല വിഭവമിഹ ഗണപതിമുഖംകൊണ്ടു

താത്പര്യമോടേ ഭുജിച്ചു സന്തുഷ്ടരായ്,

തവ ഭവതു ശുഭമിനിയുമഖിലധനവൃദ്ധിയും

താമസമില്ലിനിപ്പോകുന്നു ഞാനെടോ!

ഇനിയുമിഹ വിരവിനൊടു പറക തവ വേണ്ടതെ"-

ന്നീശ്വരന് ചൊന്നതു കേട്ടവന് ചൊല്ലിനാൻ:

"പരിചിനൊടു ജടമുടിയിലണിമതിയണിഞ്ഞതും

പാമ്പും പലതരം തുമ്പയും ചാമ്പലും

സരസതരമൊഴുകുമൊരു സുരതടിനി തന്നുടെ

സാരമായുള്ളോരു കാന്തിപ്രവാഹവും

നിടിലതട നയനമതുമപരനയനങ്ങളും

നീടുറ്റ നല്ലോരു നാസികാഭംഗിയും

ദലിത മണിപവിഴമതിലധികരക്താഭമാം

ദന്തവാസസ്സിൻറെ സൌഭാഗ്യമുള്ളതും

മുകുരമതിലതി ധവളനിറമുടയ ദന്തവും

മൂല്യമറ്റുള്ളോരു കുണ്ഡലദ്വന്ദ്വവും

പരശുവരമഭയമൃഗമിവ പലതുമുള്ളൊരു

പാണിപത്മങ്ങളും നീലമാം കണ്ഠവും

മടിയിൽ മലമകളു പുനരഴകൊടു വസിപ്പതും

മത്തദ്വിപത്തിൻറെ ചർമ്മമുടുത്തതും

തുടയിണയുമടിമലരുമടിയനു ഹൃദന്തരേ

തോന്നേണമെന്നും മഹാദേവ ശങ്കരാ!"

തൊഴുതു പുനരിതു പറയുമിളിബിളികുമാരനോ-

ടീശ്വരൻ പിന്നെയും ചൊല്ലിനാനിങ്ങനെ:

"ഇതു സതതമഥ ഭവതി ഭവതു!" ഭവനിങ്ങനെ

ഇച്ഛിച്ഛതേകി മറഞ്ഞു, ഭവാനിയും;

തദനു പുനരിഭവദനപദയുഗളപത്മവും

താരകാരാതിപദാംഭോരുഹങ്ങളും

അതിവിനയമൊടു തൊഴുത ധനപതിയൊടാദരാ-

'ലസ്തു തേ മംഗള' മെന്നവർ ചൊല്ലിനാറ്;

പുനരവരുമെരുതുമഥ പരിജനമശേഷവും

പുണ്യജനേശ്വരന് കാണ്കെ മറഞ്ഞിതു.


ഗണപതിപ്രാതൽ ശീതങ്കൻ തുള്ളൽ സമാപ്തം

"https://ml.wikisource.org/w/index.php?title=ഗണപതിപ്രാതൽ&oldid=145541" എന്ന താളിൽനിന്ന് ശേഖരിച്ചത്