Jump to content

കർത്താവേ! ഉണർവ്വിൻ തീ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
(യേശു എന്നടിസ്ഥാനം- എന്ന രീതി)
            പല്ലവി
കർത്താവേ! ഉണർവ്വിൻ തീ- കത്തിച്ചു പാപികളിൻ
ചിത്തം നീ ആനന്ദം കൊ-ണ്ടത്തൽ തീർത്തു രക്ഷിക്ക
            ചരണങ്ങൾ
കേണപേക്ഷിക്കുന്നെങ്ങൾ കാത്തങ്ങളവില്ലാതെ
ചേർത്തുകൊൾ ഞങ്ങളെ നിൻ ചിറകിൻ കീഴിന്നേരത്തിൽ

യേശുവേ നിൻ മുഖത്തെ ആശിച്ചു വരുന്നെങ്ങൾ
നാശമാമാത്മാക്കൾക്കു ആശ്വാസം നൽകേണമേ

ദൈവവചനമതിൽ എവ്വിധപാപികൾക്കും
ജീവൻ സമാധാനവും- സർവ്വാശ്വാസവുമുണ്ടേ

നിൻ വചനം കൊണ്ടീ പ്ര-ദേശം ജയിച്ചീടാമേ
നിന്നാത്മാവു ദയവായ് തൻ വേല ചെയ്തീടുമ്പോൾ

വിശ്വാസികളേ നാമി-ന്നാശയോടെഴുന്നീറ്റു
നാശപാപിയെ വിളി-ച്ചേശുവിങ്കലേല്പിക്ക

പാപചങ്ങലകളാൽ ബന്ധിച്ച പാപികളിൻ
ബന്ധനം അഴിച്ചീടാൻ ബദ്ധപ്പാടു വേണ്ടായോ

വെണ്മയായ് രാജ്യമെല്ലാം കൊയ്യാനൊരുക്കം തന്നെ
വേലശീഘ്രം ചെയക നാം വിശ്രമം പിന്നീടാകാം

ഭൂതലമാകെ ദൈവ-രാജ്യമായ് തീർന്നീടുമ്പോൾ
നിത്യസൗഭാഗ്യ ജീവൻ കർത്തൻ പ്രദാനം ചെയ്യും.

രാജ്യം ശാന്തി തേജസ്സും കർത്തനുള്ളവ തന്നെ
നിത്യം തൻ തിരു മുമ്പിൽ ഹല്ലേലൂയ്യാ പാടും നാം.

"https://ml.wikisource.org/w/index.php?title=കർത്താവേ!_ഉണർവ്വിൻ_തീ&oldid=147179" എന്ന താളിൽനിന്ന് ശേഖരിച്ചത്