കുരിശിന്റെ വഴി/പ്രാരംഭപ്രാർത്ഥന
പ്രാരംഭപ്രാർത്ഥന
[തിരുത്തുക]നിത്യനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യർക്കുവേണ്ടി ജീവൻ ബലി കഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു.
അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു.[1] സ്നേഹിതനുവേണ്ടി ജീവൻ ബലി കഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അങ്ങ അരുളിച്ചെയ്തിട്ടുണ്ടല്ലോ.[2] പീലാത്തോസിന്റെ ഭവനം മുതൽ ഗാഗുൽത്താവരെ കുരിശും വഹിച്ചുകൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയിൽക്കൂടി; വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീർത്ഥയാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതിൽ ഇടുങ്ങിയതുമാണെന്ന്[3] ഞങ്ങളെ അറിയിച്ച കർത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ.
കർത്താവേ അനുഗ്രഹിക്കണമേ
പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ