കീചകവധം ആട്ടക്കഥ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
                                                    രചയിതാവ് - ഇരയിമ്മൻ തമ്പി

കഥാ സംഗ്രഹം

(ഇരയിമ്മൻ തമ്പിയുടെ ആട്ടക്കഥകൾ എന്ന ഗ്രന്ഥത്തിന് ശ്രീ ശൂരനാട്ടു കുഞ്ഞൻപിള്ള എഴുതിയ അവതാരികയിൽ നിന്ന്)

അജ്ഞാതവാസകാലത്ത് വിരാടരാജധാനിയിൽവെച്ച് പാഞ്ചാലിയിൽ കാമാർത്തനായ കീചകനെ ഭീമൻ വധിച്ചതാണ് ഇതിലെ കഥ.

കൌരവരുമായുള്ള ചൂതിൽ തോറ്റു പന്ത്രണ്ടു വർഷത്തെ വനവാസത്തിനും ഒരു വർഷത്തെ അജ്ഞാതവാസത്തിനും ആയി പാണ്ഡവർ നാടുവിട്ടു. വനവാസം കഴിഞ്ഞ് അജ്ഞാതവാസത്തിന് വേഷപ്രച്ഛന്നരായി അവർ വിരാടരാജധാനിയിൽ ചെന്നു.യുധിഷ്ഠിരൻ കങ്കൻ എന്ന സന്ന്യാസിവേഷം പൂണ്ടു.ഭീമൻ വലലൻ എന്ന പേരിൽ ഒരു പാചകക്കാരൻ്റെ വേഷം ധരിച്ചു.അർജ്ജുനൻ ബൃഹന്നള എന്ന പേരിൽ ഒരു നപുംസകൻ്റെ വേഷം കൈക്കൊണ്ടു.നകുലൻ കുതിരക്കാരൻ്റെയും സഹദേവൻ ഒരു പശുപാലൻ്റെയും വേഷമെടുത്തു.പാഞ്ചാലി മാലിനിയെന്ന സൈരന്ധ്രിയായി ചമഞ്ഞു. പാണ്ഡവരാജധാനിയിൽനിന്ന് വിരാടനെ ആശ്രയിച്ച് ജീവിക്കാൻ വന്നവരാണ് തങ്ങൾ എന്ന രീതിയിൽ അവിടെ പാർപ്പാക്കി.(രംഗം രണ്ടും മൂന്നും.പദം 4-7).അങ്ങനെയിരിക്കെ അവിടെ ഒരു ഉത്സവത്തിന് പരാക്രമിയായ ഒരു മല്ലൻ വന്നു ചേർന്നു.അയാളോടു നേരിടാൻ ആരുണ്ട് തൻ്റെ രാജധാനിയിൽ എന്ന് വിരാടരാജാവ് വ്യാകുലതയോടെ ആലോചിക്കേ കങ്കൻ, അക്കാര്യത്തിനു വലലൻ മതിയാകുമെന്ന് അറിയിച്ചു.(ശ്ലോകം7,പദം9).ദ്വന്ദയുദ്ധത്തിൽ ആ മല്ലനെ വലലൻ നിഹനിച്ചു.(രംഗം5.ശ്ലോകം8,പദം10).അതിനുശേഷം, രാജ്ഞിയുടെ സഹോദരനായ കീചകൻ ഒരിക്കൽ സൈരന്ധ്രിയായ മാലിനിയെ (പാഞ്ചാലിയെ) കാണാനിടയായി.(രംഗം6.ശ്ലോകം10). അയാൾ നിർലജ്ജനായി അവളോടു കാമവികാരം പ്രകടിപ്പിച്ചു).(രംഗം6,പദം11). മാലിനി അയാളുടെ അഭ്യർത്ഥനയെ അവഹേളനത്തോടെ തിരസ്കരിച്ചു.(പദം12). തനിക്ക് ഭർത്താക്കന്മാരായി അഞ്ച് ഗന്ധർവന്മാർ ഉണ്ടെന്നും കീചകൻ്റെ വിക്രിയ മനസ്സിലാക്കിയാൽ അവർ അയാളെ നിഹനിക്കുമെന്നും പറഞ്ഞ് അയാളെ ഭയപ്പെടുത്തി അകറ്റാൻ നോക്കി.(പദം12,ചരണം 2-3). എന്നാൽ അതുകൊണ്ട് അടങ്ങാതെ തൻ്റെ ആഗ്രഹം സഫലമാക്കാൻ കീചകൻ ഉപായം ആലോചിച്ചു. അവിവേകിയായ ആ കാമി തൻ്റെ അഭിലാഷം സഹോദരിയായ രാജ്ഞിയെ അറിയിച്ചിട്ട് മാലിനിയെ തനിക്ക് വശഗയാക്കിത്തരണമെന്ന് അപേക്ഷിച്ചു. (രംഗം7.ശ്ലോകം11,പദം13). എതിർത്തു പറഞ്ഞിട്ടും സമാധാനപ്പെടാതെ അപേക്ഷ ആവർത്തിച്ച കീചകൻ്റെ നിർബന്ധത്തിന് വഴിപ്പെട്ട സുദേഷ്ണ മാലിനിയെ അയാളുടെ അടുത്ത് പറഞ്ഞയക്കാമെന്ന് ഏറ്റു.(പദം14). രാജ്ഞിയുടെ അപേക്ഷ അനുസരിക്കാതിരിക്കാൻ കഴിവില്ലാതെ മാലിനി ദുഃഖനിമഗ്നയായി കീചകൻ്റെ ഗൃഹത്തിലേക്ക് ഓദനവും മധുവും കൊണ്ടുവരുവാനായി പോയി.(പദം15,ദണ്ഡകം). നിർലജ്ജനായ കീചകൻ മാലിനിയെ കണ്ട് കാമാന്ധനായി പ്രണയാഭ്യർത്ഥന നടത്തി.(രംഗം9,പദം16). അവൾ വശപ്പെടാത്തതുകൊണ്ട് കീചകൻ കോപിച്ച് ബലാൽക്കാരത്തിന് തുടങ്ങി.(പദം17). അപ്പോൾ മദോത്കടൻ എന്നൊരു രാക്ഷസൻ പെട്ടന്ന് പ്രത്യക്ഷപ്പെട്ട് കീചകനെ ദുർവൃത്തിയിൽ നിന്നും വിരമിപ്പിച്ചു.(പദം18,ശ്ലോകം15). അങ്ങനെ തത്ക്കാലത്തേക്ക് രക്ഷപ്പെട്ട മാലിനി, തനിക്ക് വന്ന ദുഃഖം സഭയിൽ വച്ച് വിരാടരാജാവിനെ അറിയിച്ചു.(രംഗം10.ശ്ലോകം16,പദം19). സ്യാലൻ ചെയ്ത ആ അന്യായ കർമ്മത്തിന് പ്രതിവിധി ചെയ്യാൻ രാജാവ് യത്നിച്ചില്ല. രാജസഭയിൽ ഉണ്ടായിരുന്ന കങ്കനാകട്ടെ മാലിനിയുടെ ഭർത്താക്കന്മാരായ ഗന്ധർവന്മാർ അവളുടെ സന്താപം ശമിപ്പിക്കും എന്ന് സമാശ്വസിപ്പിച്ചതേയുള്ളൂ.(ശ്ലോകം17). അതുകൊണ്ട് ആശ്വാസം കിട്ടാത്ത മാലിനി വലലനോട് ആവലാതി അറിയിച്ചു.(ശ്ലോകം18,പദം20). കീചകനെ ഒരു സങ്കേതത്തിലേക്ക് ക്ഷണിക്കണമെന്നും അവിടെവച്ച് പ്രതിവിധി ചെയ്തു കൊള്ളാമെന്നും വലലൻ മാലിനിയൊടു പ്രതിജ്ഞ ചെയ്തു.(പദം21).മാലിനിയുടെ പ്രേരണയ്ക്ക് വശപ്പെട്ടു കാമാന്ധനായ കീചകൻ നൃത്തശാലയിൽ ചെന്നു.(ശ്ലോകം19). അവിടെ വച്ച് മാലിനിയോട് കാമപ്രകടനം നടത്തിയ കീചകനെ ഭീമസേനൻ ഞക്കിക്കൊന്നു.(പദം22,23). കീചകനു പറ്റിയ ഈ ദുരന്തം രംഗപാലകന്മാർ ഉപകീചകന്മാരോട് അറിയിച്ചപ്പോൾ അവർ പകരം വീട്ടാനായി മുതിർന്നു വന്നു ചേർന്നു.(രംഗം13.ശ്ലോകം2,പദം24,25).അവർ പ്രതിക്രിയയ്ക്കുവേണ്ടി പാഞ്ചാലിയെ പിടിച്ചുകെട്ടി കീചകൻ്റെ ചിതയിൽ ഇടാൻ കൊണ്ടുപോകവെ,ഭീമസേനൻ പാഞ്ചാലിയെ മോചിപ്പിക്കുകയും ഉപകീചകന്മാരെ വധിക്കുകയും ചെയ്തു.(ശ്ലോകം21,പദം26,ശ്ലോകം22,പദം27,ശ്ലോകം23). അങ്ങനെ സങ്കടം തീർത്തശേഷം ഭീമസേനൻ പാഞ്ചാലിയോട് സുദേഷ്ണയുടെ അടുത്തുപോയി ഒരു ഗന്ധർവനാണ് കീചകനെ വധിച്ചതെന്ന് അറിയിക്കാൻ നിയോഗിച്ചു.(പദം28). അങ്ങനെ ഒരു വാർത്ത പരത്തി കീചകവധത്തെ തുടർന്ന് ബഹളം കൂടാതെ പാണ്ഡവന്മാരും പാഞ്ചാലിയും വിരാടനഗരത്തിൽ അജ്ഞാതവാസം സാധിച്ചു.(ശ്ലോകം24).

ഇതാണ് കീചകവധത്തിലെ കഥാസംഗ്രഹം. പതിനഞ്ച് രംഗങ്ങളായി വിഭജിച്ചിട്ടുള്ള ഇതിൽ ഇരുപത്തഞ്ച് ശ്ലോകങ്ങളും, ഇരുപത്തെട്ടു പദങ്ങളും, ഒരു ദണ്ഡകവും ഉണ്ട്.നാടകീയമായ അവതരണത്തിനും ആവിഷ്കരണപ്രൌഡിക്കും അനുരൂപമായ വിധത്തിലാണ് രംഗങ്ങൾ.കഥാവസ്തുവിൻ്റെ ഓരോ അംശത്തെ അവലംബിച്ച് ഹൃദയഹാരിയാണ് ഓരോ രംഗവും.ഓരോ രസത്തെ മനോഹരമായി ആവിഷ്കരിക്കുവാനും അത്യന്തം ശ്രദ്ധ വച്ചിട്ടുണ്ട്.പാട്ടിനും അഭിനയത്തിനും അങ്ങേയറ്റം പ്രയോജനപ്പെടുന്ന തരത്തിലും, സാഹിത്യശില്പത്തിൻ്റെ പരമസൌന്ദര്യം ആവാഹിക്കുന്ന വിധത്തിലുമാണ് ശ്ലോകങ്ങളും പദങ്ങളും. ശ്ലോകങ്ങളെല്ലാം സംസ്കൃതത്തിൽ തന്നെ. ഓരോന്നും ശബ്ദപ്രൌഡികൊണ്ടും അർത്ഥരസികതകൊണ്ടും കവിയുടെ കഴിവിൻ്റെ ഉജ്ജ്വലമാതൃകയായി പരിലസിക്കുന്നു. അവയിൽ അധികവും സാഹിത്യാസ്വാദകന്മാരുടെ രസനാഗ്രനർത്തനം ചെയ്തു പ്രചരിക്കുന്നവയാണ്. 'മാകന്ദോത്കര മഞ്ജരീ മധുഝരീമത്താന്യപുഷ്ടാംഗനാ-ചഞ്ചൂദഞ്ചിത പഞ്ചമാഞ്ചിതതരേ കേളിവനേ മോഹനേ'(ശ്ലോ.2) എന്ന് ഉദ്യാനത്തെ വർണ്ണിക്കുമ്പോഴും, 'ശാന്തം കമണ്ഡലുധരം കലിതത്രിദണ്ഡം കാഷായചേലമളികോല്ലസദുർദ്ധ്വപുണ്ഡ്രം' (ശ്ലോ.4) എന്ന് കങ്കനെ അവതരിപ്പിക്കുമ്പോഴും, 'വിലോചനസേചനാംഗസൌഷ്ഠവാം വിലോക്യ പാഞ്ചാലനരേന്ദ്രനന്ദനീം' (ശ്ലോ.10) എന്ന് പാഞ്ചാലിയെ വർണ്ണിക്കുമ്പോഴും എല്ലാം തമ്പിയുടെ കഴിവ് വേണ്ടതുപോലെ പ്രകടമാകുന്നുണ്ട്. എന്നാൽ പദങ്ങളിലും അതിലും കൂടുതലായി കീചകസമീപത്തിലേക്കു പോകുന്ന മാലിനിയുടെ വിഷാദത്തെ വർണ്ണിക്കുന്ന ദണ്ഡകത്തിലുമാണ് കവിയുടെ വിസ്മയനീയമായ പ്രാഗത്ഭ്യം കാണാൻ കഴിയുന്നത്. 'ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുനരേണീവിലോചന നടുങ്ങീ' എന്നു തുടങ്ങുന്ന ദണ്ഡകം സാഹിത്യശില്പഭംഗികൊണ്ടും കഥാനായികയുടെ ശോകാകുലമായ മനോവൃത്തിയുടെ പ്രകാശനം കൊണ്ടും നിസ്തുലശോഭയുള്ള ഒരു കാവ്യശകലമാണ്. അജ്ഞാതവാസത്തിന് ദാസ്യം സ്വീകരിക്കേണ്ടിവന്ന പാണ്ഡവന്മാരുടേയും പാഞ്ചാലിയുടേയും ദുരവസ്ഥയാണ് കഥയുടെ സ്ഥായിയായ അംശം. അതിൽ പാഞ്ചാലിക്ക് കാമഭ്രാന്തനായ കീചകനിൽനിന്നു നേരിട്ട ശല്യമാണ് ക്രിയാംശത്തെ പോഷിപ്പിക്കുന്നത്.

ശ്രൃംഗാരം, വീരം, ശോകം, ഭയം തുടങ്ങിയ രസങ്ങൾ അഭിനയിക്കാൻ അനേകം അവസരം നിർബന്ധിച്ചിട്ടുണ്ട്. മല്ലയുദ്ധത്തിനും മറ്റു യുദ്ധങ്ങൾക്കും അനേകം സന്ദർഭങ്ങൾ, കാമലീലാരംഗമായ ഉദ്യാനവും രാജാവിൻ്റെ ആസ്ഥാനമണ്ഡപവും നൃത്തശാലയും പ്രദർശിപ്പിക്കാൻവേണ്ട കഥാഘടന എന്നതിലെല്ലാം വേണ്ടപോലെ കവി ശ്രദ്ധപതിപ്പിച്ചിട്ടുണ്ട്.

                                                        വന്ദനശ്ലോകങ്ങൾ

ശ്ലോകം 1

മദസുരഭിലഗണ്ഡം മൌലീശോഭീന്ദുഖണ്ഡം

വിഹിതവിമതദണ്ഡം വിഘ്നവിച്ഛേദശൌണ്ഡം

വരദമുരുപിചണ്ഡം വ്യായതാപീനശുണ്ഡം

നതസുരമുനിഷണ്ഡം നൌമി വേതണ്ഡതുണ്ഡം

(താൻ നിർമ്മിക്കാൻ തുടങ്ങുന്ന കൃതിയുടെ നിർവിഘ്നപരിസമാപ്തിക്കുവേണ്ടി കവി വിഘ്നേശ്വരവന്ദനം നിർവഹിക്കുന്നു:- മദസുരഭിലഗണ്ഡം = മദജലംകൊണ്ടു സൌരഭ്യം പൂണ്ട കവിൾത്തടങ്ങളോടുകൂടിയവനും, മൌലീശോഭീന്ദുഖണ്ഡം = മുടിയിൽ ശോഭിക്കുന്ന ചന്ദ്രക്കലയോടുകൂടിയവനും, വിഹിതവിമതദണ്ഡം = വിരോധികൾക്കു ശിക്ഷ നൽകുന്നവനും, വിഘ്നവിച്ഛേദശൌണ്ഡം = വിഘ്നങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ സമർത്ഥനും, വരദം = അഭീഷ്ടങ്ങളെ ദാനംചെയ്യുന്നവനും, ഉരുപിചണ്ഡം = വലിയ വയറുള്ളവനും, വ്യായതാപീനശുണ്ഡം = നീണ്ടു തടിച്ച തുമ്പിക്കൈയ്യോടുകൂടിയവനും, നതസുരമുനിഷണ്ഡം = ദേവമുനിസമൂഹങ്ങളാൽ നമസ്കരിക്കപ്പെടുന്നവനും ആയ, വേതണ്ഡതുണ്ഡം = ഗജമുഖനെ (ഗണപതിയെ), നൌമി = ഞാൻ സ്തുതിക്കുന്നു)


ശ്ലോകം 2

ശ്രീകണ്ഠബ്രഹ്മമുഖ്യത്രിദശപരിവൃഢസ്തൂയമാനാപദനം

ശ്രീകണ്ഠാശ്ലേഷലഗ്നപ്രസൃമരഘുസൃണാരക്തഹാരാങ്കിതാംഗം

കാരുണ്യാംഭോനിധാനം കരകലിതഗദാശംഖചക്രാരവിന്ദം

രാജച്ഛുഭ്രേതരാഭ്രദ്യുതിമിഹ ഭജത ശ്രേയസേ പത്മനാഭം

(കവി തൻ്റെ ഇഷ്ടദേവതയായ ശ്രീപത്മനാഭനെ അനുസ്മരിക്കുന്നു:- ശ്രീകണ്ഠബ്രഹ്മമുഖ്യത്രിദശപരിവൃഢസ്തൂയമാനാപദനം = ശിവൻ ബ്രഹ്മാവ് തുടങ്ങിയ ദേവശ്രേഷേഠന്മാരാൽ പുകഴ്ത്തപ്പെടുന്ന സച്ചരിത്രങ്ങളോടുകൂടിയവനും, ശ്രീകണ്ഠാശ്ലേഷലഗ്നപ്രസൃമരഘുസൃണാരക്തഹാരാങ്കിതാംഗം = ലക്ഷ്മീദേവി കണ്ഠാലിംഗനം ചെയ്തപ്പോൾ പറ്റിപ്പരന്ന കുങ്കുമം കൊണ്ട് ഇളംചുകപ്പാർന്ന മുത്തുമാലകൾ അണിഞ്ഞ മാറിടമുള്ളവനും, കാരുണ്യാംഭോനിധാനം = കരുണക്കടലായവനും, കരകലിതഗദാശംഖചക്രാരവിന്ദം = കൈകളിൽ ഗദ,ശംഖ്,ചക്രം,പദ്മം എന്നിവ ധരിച്ചവനും, രാജച്ഛുഭ്രേതരാഭ്രദ്യുതിം = മിന്നുന്ന കാർമേഘത്തിൻ്റെ നിറംപൂണ്ടവനും ആയ, പത്മനാഭം = ശ്രീപത്മനാഭനെ, ഇഹ ശ്രേയസേ = ഇവിടെ അഭ്യുദയത്തിനുവേണ്ടി, ഭജത = നിങ്ങൾ ഭജിക്കുവിൻ)


ശ്ലോകം 3

ഗംഗാതുംഗതരംഗസംഗവിലുഠൽക്കോടീരകോടീസ്ഫുരൽ

ബാലേന്ദുദ്യുതിഭാസമാനഭുജഗശ്രേണീകലാപോജ്വലം

അങ്കാരൂഢഗിരീന്ദ്രജാകുചതടീപാടീരപങ്കാങ്കിതം

വന്ദേ ചാരുശുചീന്ദ്രമന്ദിരഗതം തേജഃ പരം പാവനം

(ഇരയിമ്മൻതമ്പി തൻ്റെ കുലപരദേവതയായ ശുചീന്ദ്രപുരേശനെ വന്ദിക്കുന്നു:- ഗംഗാതുംഗതരംഗസംഗവിലുഠൽക്കോടീരകോടീസ്ഫുരൽ-ബാലേന്ദുദ്യുതിഭാസമാനഭുജഗശ്രേണീകലാപോജ്വലം = ഗംഗയിലെ ഉയർന്ന തിരമലകൾ തട്ടിത്തകർന്നുകൊണ്ടിരിക്കുന്ന മുടിയുടെ മുകളിൽ വിളങ്ങുന്ന ബാലചന്ദ്രൻ്റെ നിലാവുകൊണ്ടുശോഭിക്കുന്ന പാമ്പിൻനിരകളാകുന്ന ഭൂഷണങ്ങൾകൊണ്ടുജ്ജ്വലിക്കുന്നതും, അങ്കാരൂഢഗിരീന്ദ്രജാകുചതടീപാടീരപങ്കാങ്കിതം = മടിയിൽ കയറിയിരിക്കുന്ന പാർവ്വതിയുടെ കൊങ്കത്തടത്തിലെ ചന്ദനച്ചാറുപുരണ്ടതും ആയ, ചാരുശുചീന്ദ്രമന്ദിരഗതം = ഗംഭീരമായ ശുചീന്ദ്രക്ഷേത്രത്തിലെ, പരം പാവനംതേജഃ = പരമപാവന തേജ്ജസ്സിനെ, വന്ദേ = ഞാൻ വന്ദിക്കുന്നു. ശുചീന്ദ്രക്ഷേത്രത്തിലെ പ്രതിഷ്ഠാമൂർത്തിയായ പരമേശ്വരനെ വന്ദിക്കുന്നുവെന്നർത്ഥം.)


ശ്ലോകം 4

കാളാംഭോദകദംബഡംബരഭിദാനിഷ്ണാതമൂർത്തിഃ സദാ

ബിഭ്രാണോ ലകുടം ദരം കരയുഗേനാംഭോരുഹശ്രീമുഷാ

ദദ്യാദംബരനിമ്നഗാനിവസനഃ ശ്രീവന്യമാലോജ്വലഃ

ശ്രീകൃഷ്ണഃശ്രിതലോകകല്പകതരുഃ ശ്രേയാംസി ഭൂയാംസി വഃ

(പാർത്ഥസാരഥീരൂപനായ അമ്പലപ്പുഴക്കൃഷ്ണൻ്റെ അനുഗ്രഹം പ്രാർത്ഥിക്കുന്നു:- കാളാംഭോദകദംബഡംബരഭിദാനിഷ്ണാതമൂർത്തിഃ - കാർമേഘസമൂഹത്തിൻ്റെ അഹങ്കാരം കളയുവാൻ കെൽപുള്ള ശരീരത്തോടു കൂടിയവനും, അംഭോരുഹശ്രീമുഷാ = താമരപ്പൂവിൻ്റെ കാന്തി കവരുന്ന, കരയുഗേന = ഇരുകരങ്ങൾകൊണ്ട്, ലകുടം ദരം ബിഭ്രാണഃ = ചാട്ടവാറും ശംഖും ധരിച്ചിരിക്കുന്നവനും, ശ്രീവന്യമാലോജ്വലഃ = ശ്രീവനമാലകൊണ്ടു ശോഭിക്കുന്നവനും, ശ്രിതലോകകല്പകതരുഃ = ആശ്രിതജനങ്ങൾക്ക് കല്പവൃക്ഷമായിട്ടുള്ളവനും ആയ, അംബരനിമ്നഗാനിവസനഃ = അമ്പലപ്പുഴ വാണരുളുന്ന, ശ്രീകൃഷ്ണഃ = ശ്രീകൃഷ്ണൻ, വഃ സദാ = നിങ്ങൾക്ക് എന്നും, ഭൂയാംസി ശ്രേയാംസി = വളരെയേറെ ശ്രേയസ്സുകളെ, ദ്യോൽ = നല്കുമാറാകട്ടെ)


ശ്ലോകം 5

നവ്യാംഭോദകളേബരാം കമലഭൂപവ്യായുധാഗ്ന്യന്തക-

ക്രവ്യാദേശ്വരപാശപാണിപവനദ്രവ്യാധിപാദ്യാന്വിതാം

സവ്യാസവ്യകരാരവിന്ദവിലസദ്ദിവ്യായുധോഡ്ഡമരാം

ഭവ്യാം സിദ്ധഗിരിസ്ഥിതാം ഭഗവതീമവ്യാജരമ്യാം ഭജേ

(സിദ്ധഗിരിയിൽ മരുവുന്ന ഭഗവതിയേയും കവി ഭജിക്കുന്നു:- നവ്യാംഭോദകളേബരാം = പുതുകാർമുകിൽപോലുള്ള ശരീരത്തോടുകൂടിയവളും, കമലഭൂപവ്യായുധാഗ്ന്യന്തകക്രവ്യാദേശ്വരപാശപാണിപവനദ്രവ്യാധിപാദ്യാന്വിതാം = ബ്രഹ്മാവ്, ഇന്ദ്രൻ, അഗ്നി, യമൻ, നിരൃതി, വരുണൻ, വായു, കുബേരൻ മുതലായവരോടുകൂടിയവളും, സവ്യാസവ്യകരാരവിന്ദവിലസദ്ദിവ്യായുധോഡ്ഡമരാം = ഇടത്തും വലത്തുമുള്ള കരകമലങ്ങളിൽ ശോഭിക്കുന്ന ദിവ്യായുധങ്ങളെക്കൊണ്ട് ഭീഷണയും, അവ്യാജരമ്യാം = അകൃത്ത്രിമസൌന്ദര്യവതിയും, ഭവ്യാം - മംഗലപ്രദയും ആയ, സിദ്ധഗിരിസ്ഥിതാം = സിദ്ധഗിരിയിൽ മേവുന്ന, ഭഗവതീം = ഭഗവതിയെ, ഭജേ = ഞാൻ ഭജിക്കുന്നു. സിദ്ധഗിരി ചിതറാൽ ഭഗവതിക്ഷേത്രമാണെന്നു സാഹിത്യചരിത്രത്തിൽ ഉള്ളൂർ പറയുന്നു.)


ശ്ലോകം 6

സർവജ്ഞം ബുധപരിഷൽ-

സന്നുതഗുണധാമഗിരിജയോപേതം

മദനാതങ്കനിദാനം

ശങ്കരസംജ്ഞം ഗുരും സദാ വന്ദേ

(ഗുരുവായ ശങ്കരനേയും കവി വന്ദിക്കുന്നു:- സർവജ്ഞം = എല്ലാ ശാസ്ത്രങ്ങളും അറിയുന്നവനും, ബുധപരിഷൽസന്നുതഗുണധാമഗിരി = പണ്ഡിതസമൂഹത്താൽ പ്രശംസിക്കപ്പെടുന്ന ഗുണങ്ങൾക്ക് ഇരിപ്പിടമായ വാക്കിൽ, ജയോപേതം = വിജയം നേടിയവനും, മദനാതങ്കനിദാനം = ശരീരസൌന്ദര്യം കൊണ്ട് കാമദേവനുപോലും മനോവേദന ജനിപ്പിക്കുന്നവനും ആയ, ശങ്കരസംജ്ഞം = ശങ്കരനെന്ന് പേരുള്ള, ഗുരും = ഗുരുവിനെ, സദാ വന്ദേ = എല്ലായ്പോഴും ഞാൻ വന്ദിക്കുന്നു.)

(ഈ പദ്യത്തിൽ ശബ്ദശ്ലേഷം കൊണ്ട് പരമേശ്വരപരമായ ഒരർത്ഥവും കൂടി ഉണ്ട്.അതിപ്രകാരമാണ് - സർവജ്ഞം = സർവ്വവിദ്യാധിപതിയും, ബുധപരിഷൽസന്നുതഗുണധാമഗിരിജയാ ഉപേതം = ദേവവൃന്ദത്താൽ സ്തുതിക്കപ്പെടുന്നവളും ഗുണങ്ങളുടെ ഇരിപ്പിടവുമായ പാർവ്വതിയോടു കൂടിയവനും, മദനാതങ്കനിദാനം = കാമദഹനത്തിന് കാരണഭൂതനും, ശങ്കരസംജ്ഞം = ശങ്കരനെന്ന് പേരുള്ളവനും ആയ, ഗുരും =ജഗൽപിതാവിനെ, സദാ വന്ദേ = എല്ലായ്പോഴും ഞാൻ വന്ദിക്കുന്നു. ഈവിധം പ്രഭാവശാലിയായ ശിവനെപ്പോലുള്ള തൻ്റെ ശങ്കരഗുരുവിനെ വന്ദിക്കുന്നുവെന്നർത്ഥം ശബ്ദശക്തിയാൽ ലഭിക്കുന്നു)


ശ്ലോകം 7

മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാംബുധിപരിവിലുഠത്തുംഗഭംഗപ്രകാണ്ഡ-

സ്തോമസ്തോകേതരശ്രീഹരണചണയശോമണ്ഡിതാശാവകാശം

കല്പാന്തോന്നിദ്രരൌദ്രദ്യുമണിഗണകനദ്ദീപ്തിദീപ്രപ്രതാപം

വന്ദേ മാതാമഹം മേ മുഹുരപി രവിവർമ്മാഭിധം വഞ്ചിഭൂപം

(ഇരയിമ്മൻതമ്പി തൻ്റെ അമ്മയുടെ അച്ഛനായ രവിവർമ്മരാജാവിനേയും വന്ദിക്കുന്നു:- മന്ഥാദ്രിക്ഷുബ്ധദുഗ്ദ്ധാംബുധിപരിവിലുഠത്തുംഗഭംഗപ്രകാണ്ഡസ്തോമസ്തോകേതരശ്രീഹരണചണയശോമണ്ഡിതാശാവകാശം = മന്ദരപർവ്വതംകൊണ്ടു കടഞ്ഞ പാലാഴിയിൽ ചുറ്റും ഏന്തുന്ന ഉയർന്ന തിരമാലകളുടെ നിരയുടെ അനല്പകാന്തിയെ കവരുന്നതിൽ വൈദഗ്ദ്ധ്യമുള്ള കീർത്തികൊണ്ടു ദിഗന്തരം മുഴുവനും അലങ്കരിച്ചിട്ടുള്ളവനും, കല്പാന്തോന്നിദ്രരൌദ്രദ്യുമണിഗണകനദ്ദീപ്തിദീപ്രപ്രതാപം = പ്രളയകാലത്തുദിച്ച ഭയങ്കരസൂര്യസമൂഹത്തിൻ്റെ ജ്വലിക്കുന്ന തേജസ്സുപോലെ സമുല്ലസിക്കുന്ന പ്രതാപത്തോടു കൂടിയവനും, വഞ്ചിഭൂപം = തിരുവിതാംകൂർ രാജാവുമായ, രവിവർമ്മാഭിധം =രവിവർമ്മാവെന്നു പേരുള്ള, മാതാമഹം മേ = എൻ്റെ മുത്തച്ഛനെ, വന്ദേ = ഞാൻ വന്ദിക്കുന്നു.)

(കൊല്ലവർഷം 933 മുതൽ 973 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന കാർത്തികതിരുനാൾ മഹാരാജാവിൻ്റെ കനിഷ്ഠസഹോദരൻ രവിവർമ്മ ഇളയതമ്പുരാനെയാണ് തൻ്റെ മാതാമഹനായി കവി ഇവിടെ സ്മരിക്കുന്നത്. രവിവർമ്മ ഇളയതമ്പുരാൻ്റെ മകൾ പാർവ്വതിപ്പിള്ളത്തങ്കച്ചിയായിരുന്നു ഇരയിമ്മൻതമ്പിയുടെ മാതാവ്. മുൻ പദ്യംകൊണ്ടു കവിയുടെ ഗുരുനാഥൻ ഒരു ശങ്കരസംജ്ഞനായിരുന്നുവെന്നും മനസ്സിലാകുന്നു.)

                                                               പുറപ്പാട്

ശ്ലോകം 1. രാഗം:ശങ്കരാഭരണം


ആസീദസീമഗുണവാരിനിധിര്യശോഭി-

രാശാവകാശമനിശം വിശദം വിതന്വൻ

ബാഹാബലാനാലഹുതാഹിതഭൂമിപാലോ

രാജാ വിരാട ഇതി വിശ്രുതനാമധേയഃ

(നായകനിർദ്ദേശം:- അസീമഗുണവാരിനിധിഃ = അതിരില്ലാത്ത ഗുണങ്ങൾക്കു സമുദ്രമായിട്ടുള്ളവനും, യശോഭിഃ = കീർത്തികളാൽ, ആശാവകാശ = ദിക്കുകളുടെ ഉള്ള്, അനിശം = എപ്പോഴും, വിശദം = വെള്ളനിറമുള്ളതാക്കി, വിതന്വൻ = ചെയ്യുന്നവനും, ബാഹാബലാനാലഹുതാഹിതഭൂമിപാലഃ = ഭുജപരാക്രമമാകുന്ന അഗ്നിയിൽ ശത്രുരാജാക്കന്മാരെ ഹോമിച്ചവനും, വിരാട ഇതിഃ = വിരാടൻ എന്ന്, വിശ്രുതനാമധേയഃ = പ്രസിദ്ധമായ പേരോടു കൂടിയവനും ആയ, രാജാ = രാജാവ്, ആസീത് = ഉണ്ടായിരുന്നു.)

(സാരം- വിരാടൻ എന്ന രാജാവു നാടു ഭരിക്കുകയായിരുന്നു. രാജോചിതങ്ങളായ ശൌര്യാദി ഗുണഗണങ്ങൾ നിറഞ്ഞവനായിരുന്നു ആ രാജാവ്. അദ്ദേഹത്തിൻ്റെ കീർത്തി ദിഗന്തരാളങ്ങളെ വെളുപ്പിച്ചിരുന്നു. ബാഹുപരാക്രമത്താൽ ശത്രുരാജാക്കന്മാരെയൊക്കെ നശിപ്പിച്ചവനുമായിരുന്നു വിരാടനൃപതി)


പുറപ്പാടുപദം-ശങ്കരാഭരണം-ചെമ്പട


ഭൂമിപാലശിഖാമണി ഭൂമിധരധീരൻ

ശ്രീമാൻ മാത്സ്യമഹീപതി ധീമാൻ ധർമ്മശീലൻ

ശൌര്യശാലികളാം മന്ത്രിവര്യരോടും കൂടി

കാര്യചിന്തനവും ചെയ്തു വീര്യവാരിനിധി

പ്രാജ്യവിഭവങ്ങൾ തന്നാൽ രാജമാനമാകും

രാജ്യപാലനവും ചെയ്തു പൂജ്യപൂജാപരൻ

മല്ലമിഴിമാരാം നിജ വല്ലഭമാരോടും

മുല്ലബാണരൂപൻ പുരേ ഉല്ലാസേന വാണു

(ഭൂമിപാലശിഖാമണി = രാജാക്കന്മാരുടെ ശിരോരത്നമായി വിളങ്ങുന്നവനും, ഭൂമിധരധീരൻ = പർവ്വതം പോലെ സ്ഥിരതയുള്ളവനും, ശ്രീമാൻ = സമ്പത്തു നിറഞ്ഞവനും, ധീമാൻ = ബുദ്ധിയുള്ളവനും, ധർമ്മശീലൻ = സൽപ്രവൃത്തികൾ ആചരിക്കുക എന്ന സ്വഭാവം കൈവന്നവനും, വീര്യവാരിനിധി = പരാക്രമത്തിനു സമുദ്രമായിട്ടുള്ളവനും, പൂജ്യപൂജാപരൻ = ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കുന്നതിൽ താല്പര്യമുള്ളവനും, മുല്ലബാണരൂപൻ = മുല്ലപ്പൂവാകുന്ന ബാണത്തോടുകൂടിയ കാമദേവനെപ്പോലെ സുന്ദരനും ആയ, മാത്സ്യമഹീപതി = വിരാടരാജാവ്, ശൌര്യശാലികളാം = ശൌര്യം നിറഞ്ഞവരായ, മന്ത്രിവര്യരോടും കൂടി = മന്ത്രിശ്രേഷ്ഠന്മാരോടുകൂടി, കാര്യചിന്തനവും ചെയ്തു = രാജ്യകാര്യങ്ങളെക്കുറിച്ച് ആലോചനചെയ്തുകൊണ്ടും, പ്രാജ്യവിഭവങ്ങൾ തന്നാൽ = പെരുകിയ ധനങ്ങൾകൊണ്ട്, രാജമാനമാകും =ശോഭിക്കുന്ന, രാജ്യപാലനവും ചെയ്തു = രാജ്യം സംരക്ഷിച്ചുകൊണ്ടും, മല്ലമിഴിമാരാം = താമരപോലെ അഴകുള്ള കണ്ണുകൾ ഉള്ളവരായ, നിജ വല്ലഭമാരോടും = തൻ്റെ ഭാര്യമാരോടും കൂടി, പുരേ = അരമനയിൽ, ഉല്ലാസേന = ആഹ്ളാദത്തോടുകൂടി, വാണു =വസിച്ചു.)

(സാരം - മത്സ്യമെന്ന രാജ്യത്തിൻ്റെ അധിപതിയായ വിരാടരാജാവ് മറ്റെല്ലാ രാജാക്കന്മാരാലും ബഹുമാനിക്കപ്പെട്ടുവന്നു. മല പോലെ അചഞ്ചലത, സമ്പത്ത്, ബുദ്ധി, ധർമ്മശീലം. വളർന്ന പരാക്രമം എന്നിവ ആ നൃപനിൽ സമ്മേളിച്ചിരുന്നു. മന്ത്രിമാരും കുറഞ്ഞ തരക്കാരായിരുന്നില്ല. സമർത്ഥതയും ധീരതയും തികഞ്ഞ അവരുമായി വിചിന്തനം ചെയ്തുകൊണ്ടുതന്നെയാണ് വിരാടരാജാവ് നാടുഭരിച്ചിരുന്നത്. അതിനു തക്കവിധം അദ്ദേഹത്തിൻ്റെ നാട് വിഭവസമൃദ്ധികൊണ്ടു വിളങ്ങിയിരുന്നു. സൌന്ദര്യവതികളായ ഭാര്യമാരോടുകൂടി തൻറെ അരമനയിൽ ആ രാജാവു സുഖമായി വാണു.)

(ഇതിലെ പുറപ്പാട്, നടുവിൽ വിരാടരാജാവും ഇരുവശങ്ങളിലും ഈരണ്ടു സ്ത്രീവേഷങ്ങളുമായിട്ടാണ് വേണ്ടത്. രണ്ടു ഭാഗത്തും ഓരോ സ്ത്രീവേഷം മാത്രമായിട്ടുള്ളതു മദ്ധ്യമം, വിരാടരാജാവും സുദേഷ്ണയും മാത്രമായിട്ടാണെങ്കിൽ മറ്റു പത്നിമാർ ഒന്നിച്ചുണ്ടെന്നു സങ്കല്പം.)


                                                          ഒന്നാം രംഗം

(വിരാടരാജധാനിയിലെ ഉദ്യാനം.)

ശ്ലോകം 2.

രാഗം:തോടി. താളം:ചെമ്പട 16 മാത്ര


മാകന്ദോത്കര മഞ്ജരീ മധുഝരീമത്താന്യപുഷ്ടാംഗനാ-

ചഞ്ചൂദഞ്ചിത പഞ്ചമാഞ്ചിതതരേ കേളിവനേ മോഹനേ

സ്വച്ഛന്ദം വിഹരൻ കദാചിദുദിതം ദൃഷ്ട്വാ വിധോർമ്മണ്ഡലം

പ്രോവോചൽ പ്രമദാകുലോ നരപതിർന്നേദീയസീഃ പ്രേയസീഃ


(കദാചിൽ = ഒരു സന്ദർഭത്തിൽ, മാകന്ദോത്കര മഞ്ജരീ മധുഝരീമത്താന്യപുഷ്ടാംഗനാചഞ്ചൂദഞ്ചിത പഞ്ചമാഞ്ചിതതരേ = തേന്മാവുകളുടെ സമൂഹത്തിലുള്ള പൂങ്കുലകളുടെ തേൻപ്രവാഹത്താൽ മദിച്ച കുയിൽപ്പേടകളുടെ കൊക്കുകളിൽ നിന്നു പുറപ്പെട്ട പഞ്ചമസ്വരത്താൽ അത്യന്തമനോഹരവും, മോഹനേ = മനോവികാരജനകവും ആയ, കേളിവനേ = കളിപ്പൂങ്കാവനത്തിൽ, സ്വച്ഛന്ദം = സ്വേച്ഛപോലെ, വിഹരൻ = വിനോദിച്ചുകൊണ്ടിരിക്കുന്ന, നരപതിഃ = വിരാടരാജാവ്, ഉദിതം = ഉദിച്ചുയർന്ന, വിധോർമ്മണ്ഡലം = ചന്ദ്രൻ്റെ ബിംബത്തെ, ദൃഷ്ട്വാ = കണ്ട്, പ്രമദാകുലോ = സന്തോഷവാനായിട്ട്, നേദീയസീഃ = സമീപവർത്തിനികളായ, പ്രേയസീഃ = പ്രിയതമകളോട്, പ്രോവോചൽ = പറഞ്ഞു.)

(സാരം - രമണീയമായിരുന്നു അരമനയിലെ ഉദ്യാനം. അതിലെ തേന്മാവിൻ നിരയാണെങ്കിൽ പൂങ്കുലകൾ നിറഞ്ഞ് വിളങ്ങുകയാണ്. ആ പൂങ്കുലകൾ ഒഴുക്കുന്നതോ പൂന്തേനരുവിയുമാണ്. അതാസ്വദിക്കുന്നതു പെൺകുയിലുകളും. മത്തുപിടിപെടുന്നു, കൊക്കുവിടർത്തുന്നു, പഞ്ചമസ്വരം പരത്തുന്നു, ആ പൂങ്കാവ് ഒന്നുകൂടി രമണീയമായിത്തീരുന്നു. അന്നേരം വിരാടരാജാവ് അവിടെ പ്രവേശിക്കുന്നു. സുന്ദരിമാരായ പ്രേയസിമാർ സമീപത്തുതന്നെ ഉണ്ടുതാനും. അമ്പിളിയും പൊങ്ങി വിളങ്ങി. രാജാവ് ആനന്ദപരവശനായി പ്രേയസിമാരോട് സല്ലാപത്തിനു മുതിർന്നു.)


പദം 2. തോടി-ചെമ്പട

(വിരാടരാജാവ് പ്രേയസിമാരോട്)

പല്ലവി


കാമിനിമാരേ! കേൾപ്പിൻ നിങ്ങൾ

മാമകം വചനം


അനുപല്ലവി


യാമിനീകരനിതാ വിലസുന്നധികം

കാമസിതാതപവാരണം പോലെ


ചരണം 1

നല്ലൊരു വാപീകാമിനിമാരുടെ

നളിനകരാഞ്ചലമതിലതിചടുലം

മല്ലികാക്ഷാവലിയായീടുന്നൊരു

മന്മഥചാമരജാലം കാൺക


ചരണം 2

മലയസമീരണനായീടുന്നൊരു

മത്തഭടൻ പരിപാലിച്ചീടും

മലർശരൻതന്നുടെ ശസ്ത്രനികേതം

മന്യേ കുസുമിതമുദ്യാനമിദം


ചരണം 3

വാരണഗാമിനിമാരേ! കാൺക

വാസന്തീ നടീനടന വിലാസം

മാരമഹോത്സവമാടീടുക നാം

മന്ദാക്ഷം ഹൃദി കരുതരുതധുനാ.


(പദം 2. ശൃംഗാരപദം - വിരാടരാജാവ് ഭാര്യമാരെ നോക്കി പറയുന്നു.)

(പല്ലവി - കാമിനിമാരേ! = അനുരാഗവതികളായ പ്രേയസിമാരേ!, മാമകം വചനം = ഞാൻ പറയുന്ന മൊഴി, നിങ്ങൾ കേൾപ്പിൻ = നിങ്ങൾ ചെവിക്കോള്ളുക)

(അനുപല്ലവി - യാമിനീകാരകൻ ഇതാ = ചന്ദ്രൻ ഇതാ, കാമസിതാതപവാരണം പോലെ = കാമദേവൻ്റെ വെൺകൊറ്റക്കുടപോലെ, അധികം വിലസുന്നു =ഏറ്റവും ശോഭിക്കുന്നു)

(ചരണം 1- നല്ലൊരു വാപീകാമിനിമാരുടെ = രമണീയമായ താമരപ്പൊയ്കകളാകുന്ന സ്ത്രീകളുടെ, നളിനകരാഞ്ചലമതിലതിൽ = താമരപ്പൂക്കളാകുന്ന കൈത്തലങ്ങളിൽ, അതിചടുലം = അധികം ഭംഗിയുള്ള, മല്ലികാക്ഷാവലിയായീടുന്നൊരു = അരയന്നങ്ങളുടെ നിരയാകുന്ന, മന്മഥചാമരജാലം = കാമദേവൻ്റെ വെഞ്ചാമരങ്ങളുടെ സമൂഹത്തെ, കാൺക = കാണുക)

(ചരണം 2- മലയസമീരണനായീടുന്നൊരു = ചന്ദനപർവ്വതങ്ങളിൽത്തട്ടിവരുന്ന മന്ദമാരുതനാകുന്ന, മത്തഭടൻ = മദിച്ച പടയാളി, പരിപാലിച്ചീടും = സംരക്ഷിച്ചുപോരുന്ന, മലർശരൻതന്നുടെ = പൂവമ്പനായ മന്മഥൻ്റെ, ശസ്ത്രനികേതം = ആയുധപ്പുരയാണ്, കുസുമിതം ഇദം ഉദ്യാനം = പുഷ്പം നിറഞ്ഞ ഈ ഉദ്യാനമെന്ന്, മന്യേ = ഞാൻ വിചാരിക്കുന്നു.)

(ചരണം 3- വാരണഗാമിനിമാരേ! = ആനയെപ്പോലെ ഭംഗിയിൽ നടക്കുന്ന സുന്ദരിമാരേ!, വാസന്തീ നടീനടന വിലാസം = മാധവീലതയാകുന്ന നർത്തകിയുടെ നാട്യത്തിൻ്റെ വിലാസം, കാൺക = നിങ്ങൾ കാണുവിൻ, നാം മാരമഹോത്സവം ആടീടുക = നമുക്കു കാമകേളീ കൊണ്ടാടാം, അധുനാ ഹൃദി = ഇപ്പോൾ മനസ്സിൽ, മന്ദാക്ഷം കരുതരുത് = ലജ്ജ വിചാരിക്കരുത്)

(സാരം - വിരാടരാജാവു പ്രേമവതികളായ ഭാര്യമാരെ അഭിസംബോധനചെയ്തു പറയുകയാണ് - ഇതാ കാമദേവൻ്റെ വെൺകൊറ്റക്കുടയോ എന്ന് തോന്നുമാറ് അമ്പിളി ഏറ്റവും വിളങ്ങുന്നു. ഈ കേളീവനത്തിലെ താമരപ്പൊയ്കകളാകുന്ന കാമിനിമാരുടെ താമരപ്പൂക്കളാകുന്ന കൈത്തലങ്ങളിൽ അരയന്നങ്ങളാകുന്ന കാമദേവൻ്റെ വെഞ്ചാമരങ്ങൾ വിളങ്ങന്നു. മലയമാരുതനാകുന്ന മദിച്ച പടയാളി പരിപാലിക്കുന്ന ആയുധപ്പുരയാണ് പുഷ്പങ്ങൾ നിറഞ്ഞ ഈ ഉദ്യാനമെന്ന് ഞാൻ കരുതുന്നു. ആനയെപ്പോലെ ഭംഗിയിൽ നടക്കുന്ന സുന്ദരിമാരേ! മാധവീലതയാകുന്ന നടി പ്രകടിപ്പിക്കുന്ന നടന വിലാസം കാണുക.നമുക്കു കാമകേളിയാടുക. ഇപ്പോൾ മനസ്സിൽ ഒട്ടും ലജ്ജ വിചാരിക്കരുത്.)


പദം 3

രാഗം:എരിക്കലകാമോദരി

താളം:ചമ്പ

(പ്രേയസിമാർ വിരാടരാജാവിനോട്)


പല്ലവി


വരഗുണനിധേ! കാന്താ!

വചനമയി! ശൃണു മേ


അനുപല്ലവി


സ്മരനടനമാടുവാൻ

സാമ്പ്രതം സാമ്പ്രതം. (വര)


ചരണം 1


പരഭൃതവിലാസിനികൾ

പതികളോടുമൊന്നിച്ചു

പരിചിനൊടു സഹകാര-

പാദപേ വാഴുന്നു. (വര)


ചരണം 2


അധരിതസുധാമധുര-

മാകുന്ന നിന്നുടയ

അധരമധുപാനമതി-

ലാശ വളരുന്നു. (വര)


ചരണം 3


മലയഗിരിപവനനിതാ

മന്ദമായ് വീശുന്നു.

കലയ പരിരംഭണം

കനിവിനൊടു ഗാഢം (വര)


ചരണം 4


വിശദതരരുചിരുചിര-

വിധുശിലാതളിമമതിൽ

ശശിവദന! പോക നാം

സരഭസമിദാനീം. (വര)


(പദം 3. ഭാര്യമാർ വിരാടരാജാവിനോടു പറയുകയാണ് - പല്ലവി,അനുപല്ലവി - അയി വരഗുണനിധേ! കാന്ത!= അല്ലയോ, ശ്രേഷ്ഠങ്ങളായ ഗുണങ്ങളുടെ ഇരിപ്പിടമായ നാഥ!, മേ വചനം ശ്രൃണു = എൻ്റെ വാക്കു കേട്ടാലും, സാമ്പ്രതം = ഈ സന്ദർഭം, സ്മരനടനമാടുവാൻ = രതിക്രീഡചെയ്യുവാൻ, സാമ്പ്രതം = യോജിച്ചതാണ്)


(ചരണം 1 - പരഭൃതവിലാസിനികൾ പതികളോടും ഒന്നിച്ച് = കുയിൽപ്പേടകൾ ഭർത്താക്കളായ ആൺകുയിലുകളോടു കൂടിച്ചേർന്ന്, സഹകാരപാദപേ പരിചിനൊടു വാഴുന്നു = തേൻമാവു മരത്തിൽ കൌതുകമായി കവിഞ്ഞുകൂടുന്നു.)


(ചരണം 2 - അധരിതസുധാമധുരമാകുന്ന = അമൃതിൻ്റെ മധുരരസത്തെ അധഃകരിച്ച, നിന്നുടയ അധരമധുപാനമതിൽ = അങ്ങയുടെ അധരമധു പാനം ചെയ്യുന്ന വിഷയത്തിൽ, ആശ വളരുന്നു = ആഗ്രഹം വർദ്ധിക്കുന്നു)


(ചരണം 3 - മലയഗിരിപവനൻ = മലയപർവ്വതത്തിൽ നിന്നു വരുന്ന കാറ്റ്, ഇതാ മന്ദമായ് വീശുന്നു = ഇതാ പതുക്കെ വന്നണയുന്നു, കനിവിനൊടു= ദയവായി, ഗാഢം പരിരംഭണം = ഗാഢാലിംഗനം, കലയ = അങ്ങു ചെയ്താലും)


(ചരണം 4 - ശശിവദന = ചന്ദ്രനെപ്പോലെ ആഹ്ളാദമുളവാക്കുന്ന മുഖത്തോടു കൂടിയ നാഥ, ഇദാനീം സരഭസം = ഇപ്പോൾ വേഗത്തിൽ, വിശദതരരുചിരുചിരവിധുശിലാതളിമമതിൽ = ഏറ്റവും തെളിഞ്ഞ ശോഭയാൽ മനോഹരമായ ചന്ദ്രകാന്തക്കല്ലുകൊണ്ടു നിർമ്മിച്ച മണ്ഡപത്തിൽ, നാം പോക = നമുക്കു പോകാം)


(സാരം - ഭാര്യമാരിൽ ചിലർ വിരാടരാജാവിനോടു പറയുകയാണ് - നല്ല ഗുണങ്ങൾ ഇണങ്ങിയവനും ചന്ദ്രനുതുല്യം ആഹ്ളാദമുളവാക്കുന്ന മുഖത്തോടു കൂടിയവനുമായ കാന്ത! ഞാൻ പറയുന്നത് കേൾക്കുക. രതിക്രീഡയ്ക്കു പറ്റിയതാണ് ഈ സന്ദർഭം. ഇതാ ഈ ഉദ്യാനത്തിലെ തേൻമാവുകളിൽ പെൺകുയിലുകൾ അവരുടെ കാമുകന്മാരുമൊത്ത് ആഹ്ളാദിക്കുന്നു.മലയപവനൻ മന്ദമായ് വീശുന്നു. സുധാമാധുര്യത്തെ അധഃകരിക്കുന്ന അങ്ങയുടെ അധരമധു പാനം ചെയ്യുവാൻ എനിക്ക് ആശ വളരുന്നു. കനിയുക. ഗാഢമായി പുണരുക. നിർമ്മലമായ ചന്ദ്രകാന്ത മണ്ഡപത്തിൽ പ്രവേശിക്കുവാൻ വേഗം നമുക്കു പോകാം)


                                                            ഇടശ്ലോകം

ശ്ലോകം 3. കല്യാണി

തത്കാലേ ദ്യൂതവൃത്ത്യാ പ്രസഭമപഹൃതേ ധാർത്തരാഷ്ട്രൈ: സ്വരാഷ്ട്രേ

കാന്താരാന്തേ കഥഞ്ചിൽ സഹ നിജസഹജൈഃ കാന്തയാ ശാന്തയാ ച

നീത്വാഥ ദ്വാദശാബ്ദാൻ കലിതയതിവപുഃ കർത്തുമജ്ഞാതവാസം

മാത്സ്യസ്യാഭ്യർണ്ണമഭ്യാഗമദമിതയശാ ധർമ്മജോ നിർമ്മലാത്മാ.


(തത്കാലേ = അക്കാലത്ത്, സ്വരാഷ്ട്രേ = തൻ്റെ (ധർമ്മപുത്രരുടെ) രാജ്യം, ദ്യൂതവൃത്ത്യാ = ചൂതുകളികൊണ്ട്, ധാർത്തരാഷ്ട്രൈ = ധൃതരാഷ്ട്രപുത്രന്മാരായ ദുര്യോധനാദികളാൽ, പ്രസഭം അപഹൃതേ = ബലാല്ക്കാരമായി അപഹരിക്കപ്പെട്ടപ്പോൾ, നിർമ്മലാത്മാ = നിഷ്കളങ്കമായ മനസ്സോടു കൂടിയവനും, അമിതയശാഃ = അതിരറ്റ കീർത്തിയുള്ളവനും ആയ, ധർമ്മജഃ = ധർമ്മപുത്രർ, നിജസഹജൈഃ = തൻ്റെ അനുജന്മാരോടും, ശാന്തയാ കാന്തയാ ച = ശാന്ത സ്വഭാവയായ പത്നിയോടും കൂടി, കാന്താരാന്തേ = കാട്ടിനകത്ത്, കഥഞ്ചിൽ = വല്ലപാടും, ദ്വാദശ അബ്ദാൻ = പന്ത്രണ്ടു സംവത്സരക്കാലം, നീത്വാ അഥ = കഴിച്ചുകൂട്ടിയതിന്നുശേഷം, അജ്ഞാതവാസം = തങ്ങളാരെന്നുമറ്റാരും അറിയാത്തവിധത്തിലുള്ള അജ്ഞാതവാസം, കർത്തും = അനുഷ്ഠിക്കുന്നതിന്ന്, കലിതയതിവപുഃ = സന്ന്യാസിവേഷം കൈക്കൊണ്ട്, മാത്സ്യസ്യ അഭ്യർണ്ണം = വിരാടരാജാവിൻ്റെ സമീപത്തിൽ, അഭ്യാഗമൽ = ചെന്നു ചേർന്നു.)

(സാരം - കീചക വധത്തിന്നു ഹേതുഭൂതമായ പാണ്ഡവരുടെ അജ്ഞാതവാസകഥ അവതരിപ്പിക്കുന്നു - കള്ളച്ചൂതുകളിയിൽ ധൃതരാഷ്ട്രപുത്രരായ ദുര്യോധനപ്രഭൃതികൾ ശുദ്ധഹൃദയനും ധർമ്മശീലനുമായ ധർമ്മപുത്രരുടെ രാജ്യം ബലാല്ക്കാരമായി അപഹരിച്ചു. പന്ത്രണ്ടുകൊല്ലത്തെ വനവാസവും ഒരുകൊല്ലത്തെ അജ്ഞാതവാസവും അനുഷ്ഠിച്ചാൽ അവകാശപ്പെട്ട രാജ്യം തിരിയെ കൊടുക്കാമെന്ന് ഉടമ്പടി നിശ്ചയിക്കയും ചെയ്തു.അതനുസരിച്ച് ധർമ്മപുത്രർ പ്രയാസപ്പെട്ട് പന്ത്രണ്ടുകൊല്ലത്തെ വനവാസം അനുഷ്ഠിച്ചു. അതിൽപ്പിന്നെ ഒരു കൊല്ലത്തെ അജ്ഞാതവാസം അനുഷ്ഠിക്കുവാൻ സന്ന്യാസിയുടെ രൂപംധരിച്ചുകൊണ്ടു വിരാടരാജാവിൻ്റെ സമീപത്തു ചെന്നു. മറ്റോരോ രൂപത്തിലും നാമത്തിലും സഹോദരന്മാരായ ഭീമസേനൻ, അർജ്ജുനൻ,നകുലൻ,സഹദേവൻ എന്നിവരും ധർമ്മപത്നിയായ പാഞ്ചാലിയും ധർമ്മപുത്രരോടു കൂടി അവിടെ ആഗതരായി.)


                                                               രണ്ടാം രംഗം

ശ്ലോകം 4


രാഗം:കല്യാണി

താളം:ചെമ്പട 16 മാത്ര

(വിരാട രാജാവിൻ്റെ ആസ്ഥാനമണ്ഡപം. കഥാപാത്രം:വിരാടൻ)

ശാന്തം കമണ്ഡലുധരം കലിതത്രിദണ്ഡം

കാഷായചേലമളികോല്ലസദൂർദ്ധ്വപുണ്ഡ്രം

ഭാന്തം സഭാന്തരഗതം സ നൃപോ നിതാന്തം

പ്രാഹ സ്മ വിസ്മിതമനാഃ സ്മിതപൂർവ്വമേവം.


(ശാന്തം = മനോനിഗ്രഹം ചെയ്തവനും, കമണ്ഡലുധരം = ജലപാത്രമായ കമണ്ഡലു ധരിച്ചവനും, കലിതത്രിദണ്ഡം = ത്രിദണ്ഡമെന്ന യോഗദണ്ഡു ധരിച്ചവനും, കാഷായചേലം = കാവിവസ്ത്രം ഉടുത്തവനും, അളികോല്ലസദൂർദ്ധ്വപുണ്ഡ്രം = നെറ്റിയിൽ ശോഭിക്കുന്ന ഗോപിക്കുറിയോടു കൂടിയവനും, ഭാന്തം = തേജസ്സുപൂണ്ടു വിളങ്ങുന്നവനുമായി, സഭാന്തരഗതം = ആസ്ഥാനസദസ്സിനുള്ളിൽ ആഗമിച്ച, തം = ആ ധർമ്മപുത്രരോട്, നിതാന്തം വിസ്മിതമനാഃ = ഏറ്റവും ആശ്ചര്യം നിറഞ്ഞ മനസ്സോടുകൂടി, സ നൃപഃ = ആ വിരാടരാജാവ്, സ്മിതപൂർവ്വം = പുഞ്ചിരിയോടെ, ഏവം പ്രാഹ സ്മ = ഇപ്രകാരം പറഞ്ഞു)


(സാരം - വിരാടരാജാവിൻ്റെ അരമനയിൽ പ്രവേശിച്ച ധർമ്മപുത്രരുടെ സന്ന്യാസിവേഷം വിവരിച്ചു കാണിക്കുന്നു. അകമേ ശാന്തി, പുറമേ കമണ്ഡലു, ത്രിദണ്ഡം,കാവിവസ്ത്രം,ഗോപിക്കുറി,അസാധാരണമായ തേജസ്സ് എന്നിവ ആ സന്ന്യാസിയെ ആശ്ലേഷിച്ചിരുന്നു. ദർശനമാത്രത്തിൽ ഒരു ഉത്തമനായ യതിവര്യനാണതെന്നു വിരാടരാജാവ് ധരിച്ചു. യതിജനസാധാരണമായ മറ്റടയളങ്ങൾക്കു പുറമെ അസാധാരണമായ തേജസ്സുകൂടി ഈ സന്ന്യാസിയിൽ തിളങ്ങുന്നതു കണ്ടപ്പോൾ വിരാടരാജാവിന് ഏറ്റവും ആശ്ചര്യമുളവായി. സന്തോഷസൂചകമായ പുഞ്ചിരി പൊഴിച്ചുകൊണ്ട് വിരാടരാജാവ് ആ സന്ന്യാസിയോട് ഇപ്രകാരം പറഞ്ഞു)


പദം 4. കല്യാണി-ചെമ്പട

(വിരാടരാജാവു സന്ന്യാസിവേഷത്തിൽ വന്ന ധർമ്മപുത്രരോട്)


പല്ലവി


സ്വാഗതം തേ യതിവര!

ഭാഗവതോത്തമ! ഭവാൻ

ആഗമിച്ചതോർക്കിൽ മമ

ഭാഗധേയമല്ലോ.


ചരണം 1


സംഗഹീനൻമാരായുള്ള

നിങ്ങളുടെ ദുർല്ലഭമാം

സംഗമം കൊണ്ടല്ലോ ലോകേ

മംഗളം വന്നീടൂ. (സ്വാഗതം)


ചരണം 2


ഏതൊരു ദിക്കിനെ ഭവാൻ

പാദരേണുപാതംകൊണ്ടു

പൂതയാക്കീടുവാനിന്നു

ചേതസാ കാണുന്നു? (സ്വാഗതം)


ചരണം 3


എന്തൊരു കാംക്ഷിതംകൊണ്ടു

നിന്തിരുവടിയിന്നെൻ്റെ

അന്തികേ വന്നതു ചൊൽക

ശാന്തിവാരിരാശേ! (സ്വാഗതം)


(പദം 4. പല്ലവി -ഭാഗവതോത്തമ = ഭഗവത്ഭക്തന്മാരിൽവെച്ച് ഉത്തമനായ, യതിവര = സന്ന്യാസി ശ്രേഷ്ഠ, തേ സ്വാഗതം = അങ്ങയ്ക്കു ഞാൻ സ്വാഗതം പറയുന്നു, ഭവാൻ ആഗമിച്ചത് = അങ്ങ് ഇവിടെ വന്നത്, ഓർക്കിൽ = ആലോചിക്കുമ്പോൾ, മമ ഭാഗധേയമല്ലോ = എൻ്റെ ഭാഗ്യം തന്നെയാണ്.)


(ചരണം 1 -സംഗഹീനൻമാരായ = ലൌകികവിഷയങ്ങളിൽ താൽപര്യമില്ലാത്ത, നിങ്ങളുടെ = അങ്ങയെപ്പോലുള്ളവരുടെ, ദുർല്ലഭമാം = ലഭിക്കുവാൻ പ്രയാസമുള്ള, സംഗമം കൊണ്ടല്ലോ = സംഗമം കൊണ്ടുതന്നെയാണ്, ലോകേ = ലോകത്തിൽ, മംഗളം വന്നീടൂ = ശ്രേയസ്സുണ്ടാകുന്നത്.)


(ചരണം 2 - ഭവാൻ ഇന്ന് = അങ്ങ് ഇപ്പോൾ, പാദരേണുപാതംകൊണ്ട് = കാലിൽനിന്ന് വീഴുന്ന പൊടികൊണ്ട്, ഏതൊരു ദിക്കിനെ = ഏതു പ്രദേശത്തെ, പൂതയാക്കീടുവാൻ = പരിശുദ്ധമാക്കുവാൻ, ചേതസാ കാണുന്നു = മനസ്സുകൊണ്ടു വിചാരിക്കുന്നു)


(ചരണം 3 - ശാന്തിവാരിരാശേ = ശമഗുണത്തിൻ്റെ സമുദ്രമേ, നിന്തിരുവടി = പൂജ്യനായ അങ്ങ്, എന്തൊരു കാംക്ഷിതംകൊണ്ട് = എന്തിനെ ആഗ്രഹിച്ചുകൊണ്ടാണ്, ഇന്ന് എൻ്റെ അന്തികേ = ഇപ്പോൾ എൻ്റെ സമീപത്ത്, വന്നതു = വന്നിരിക്കുന്നത്, ചൊൽക = പറയുക)


(സാരം - സന്ന്യാസിവേഷത്തിൽ ആഗമിച്ച ധർമ്മപുത്രരോടു വിരാടനൃപൻ ബഹുമാനപുരസ്സരം പറയുകയാണ് - മനോനിഗ്രഹം സിദ്ധിച്ചവനും ഭാഗവതോത്തമനുമായ സന്ന്യാസിവര്യ! അങ്ങയ്ക്കു ഞാനിതാ സ്വാഗതം പറയുന്നു. അങ്ങ് ഇപ്പോൾ ഇവിടെ എഴുന്നള്ളിയത് എൻ്റെ ഭാഗ്യംകൊണ്ട് തന്നെയാണെന്നു ഞാൻ വിശ്വസിക്കുന്നു. വിഷയാനുഭവങ്ങളിൽ അഭിലാഷമറ്റ ഭവാദൃശന്മാരുടെ ദുർല്ലഭമായ സമാഗമം കൊണ്ടു തന്നെയാണ് ലോകവാസികൾക്ക് മംഗളം വളരുന്നത്. ഏതു ദിക്കിനെയാണ് അവിടുന്നു പാദധൂളി വീഴ്ത്തി പരിശുദ്ധമാക്കുവാൻ ഉദ്ദേശിക്കുന്നത്? എന്തു കാര്യസാദ്ധ്യം ഉദ്ദേശിച്ചാണ് ഇപ്പോൾ അങ്ങ് എൻ്റെ സമീപത്ത് വന്നത്? പറയുക)


പദം 5


രാഗം:കാംബോജി. താളം:മുറിയടന്ത 14 മാത്ര


(ധർമ്മപുത്രർ വിരാടരാജാവിനോട്)


പല്ലവി


ഭാഗ്യപൂരവസതേ! ശൃണു മമ

വാക്യമിന്നു നൃപതേ!


അനുപല്ലവി


ശ്ലാഘ്യതമ മഹീപാലകുലത്തിനു

യോഗ്യഗുണജലധേ! ശുഭാകൃതേ !


ചരണം 1


അക്ഷയകീർത്തേ! ഞാൻ അക്ഷക്രീഡതന്നിൽ

അക്ഷമനായി മുന്നം പരപക്ഷജിതനായി,

ഭിക്ഷുവായോരോരോ ദിക്ഷു നടന്നീടുന്നു.

അക്ഷീണമോദേന നിന്നെക്കണ്ടീടുവാൻ

ഇക്ഷണമത്ര വന്നു മഹാമതേ!


ചരണം 2


പങ്കജസംഭവ ശങ്കരാദികൾക്കുള്ള

സങ്കടം തീർത്തു കാമം നൽകും

പങ്കജലോചനൻ തൻ കൃപയാ,

ഗതശങ്കമഹം നികാമം

പങ്കഹരങ്ങളാം തീർത്ഥങ്ങളാടിനേൻ

കങ്കനെന്നല്ലോ നാമം മാമധുനാ.


ചരണം 3


സത്തമൻമാരിൽവെച്ചുത്തമനാം നിൻ്റെ

പത്തനം തന്നിലഹം ചിരം

ചിത്തമോദത്തോടു വാണീടുവനതി-

നെത്രയുമുണ്ടു മോഹം

നിസ്തുല സൌജന്യരാശേ! നിനക്കിനി

സ്വസ്തിവരുമന്വഹം അസംശയം.


(പദം 5. പല്ലവി/അനുപല്ലവി -ഭാഗ്യപൂരവസതേ = ഭാഗ്യസമൂഹത്തിൻ്റെ പാർപ്പിടവും, ശ്ലാഘ്യതമ മഹീപാലകുലത്തിനു യോഗ്യഗുണജലധേ = ഏറ്റവും ശ്ലാഘിക്കത്തക്ക രാജവംശത്തിനു യോജിക്കുന്ന ഗുണങ്ങളുടെ സമുദ്രവും, ശുഭാകൃതേ = ശുഭമായ ആകൃതിയോടുകൂടിയവനുമായ, നൃപതേ = രാജാവേ, ഇന്നു മമ = ഇപ്പോൾ എൻ്റെ, വാക്യം ശൃണു = വാക്യത്തെ അങ്ങു കേട്ടാലും.)


(ചരണം 1 - അക്ഷയകീർത്തേ = നാശം സംഭവിക്കാത്ത കീർത്തിയോടുകൂടിയവനും, മഹാമതേ = തെളിഞ്ഞ ബുദ്ധിയുള്ളവനുമായ രാജാവ, മുന്നം ഞാൻ = മുമ്പൊരു സമയം ഞാൻ, അക്ഷക്രീഡതന്നിൽ = ചൂതുകളിയിൽ, അക്ഷമനായി = സാമർത്ഥ്യമില്ലാത്തവനാകയാൽ, പരപക്ഷജിതനായി = എതിർപക്ഷത്താൽ തോല്പിക്കപ്പെട്ടവനായിത്തീർന്നിട്ട്, ഭിക്ഷുവായി = സന്ന്യാസിയായി, ഓരോരോ ദിക്ഷു = ഓരോരോ ദിക്കുകളിൽ, നടന്നീടുന്നു = സഞ്ചരിക്കുകയാണ്, നിന്നെ കണ്ടീടുവാൻ = ഭവാനെക്കാണുവാൻ, അക്ഷീണമോദേന = അധികമായ സന്തോഷത്തോടുകൂടി, ഇക്ഷണം = ഈ സമയം അത്ര വന്നു = ഇവിടെ വന്നതാണ്)


(ചരണം 2 -പങ്കജസംഭവ ശങ്കരാദികൾക്കുള്ള = ബ്രഹ്മാവ്,ശിവൻ തുടങ്ങിയ ദേവന്മാർക്കു നേരിടുന്ന, സങ്കടം തീർത്തു = ക്ലേശങ്ങൾ ശമിപ്പിച്ച്, കാമം നൽകും = അഭീഷ്ടം നൽകുന്ന, പങ്കജലോചനൻ തൻ കൃപയാ = ശ്രീകൃഷ്ണഭഗവാൻ്റെ കൃപകൊണ്ട്, ഗതശങ്കം അഹം = ശങ്കകൂടാതെ ഞാൻ, നികാമം = യഥേഷ്ടം, പങ്കഹരങ്ങളാം തീർത്ഥങ്ങളാടിനേൻ = പാപഹരങ്ങളായ തീർത്ഥങ്ങളിൽ സ്നാനം ചെയ്തു, കങ്കനെന്നല്ലോ = കങ്കനെന്നാണ്, അധുനാ മമ നാമം = ഇപ്പോൾ എൻ്റെ പേര്.)


(ചരണം 3 -സത്തമൻമാരിൽവെച്ച് = സജ്ജനങ്ങളിൽ വച്ച്, ഉത്തമനാം നിൻ്റെ = ശ്രേഷ്ഠനായ ഭവാൻ്റെ, പത്തനം തന്നിൽ അഹം = അരമനയിൽ ഞാൻ, ചിരം = വളരെക്കാലം, ചിത്തമോദത്തോടു = മനസ്സന്തോഷത്തോടുകൂടി, വാണീടുവൻ = വസിക്കാം, അതിന് = അങ്ങനെ വസിക്കുന്നതിന്, എത്രയും മോഹമുണ്ട് = വലരെ ആഗ്രഹമുണ്ട്, നിസ്തുല സൌജന്യരാശേ = അതുല്യമായ സൌജന്യത്തിൻ്റെ പുഞ്ജമേ, നിനക്ക് ഇനി = ഭവാന് ഇനി മേലിൽ, അന്വഹം സ്വസ്തിവരും = എന്നും നന്മയുണ്ടാകും, അസംശയം = സംശയമില്ല)


(സാരം - സന്ന്യാസി വേഷത്തിൽ അഭ്യാഗതനായ ധർമ്മപുത്രർ വിരാടരാജാവിനോട് പറയുകയാണ് -അല്ലയോ രാജാവേ! അങ്ങ് സകലഭാഗ്യവും തികഞ്ഞവൻ. ഉത്തമമായ രാജകുലത്തിന് യോജിക്കുന്ന സൽഗുണങ്ങളൊക്കയും ഇണങ്ങിയവൻ. സാമുദ്രികലക്ഷണമൊത്ത ആകൃതിയുള്ളവൻ. അഴിവില്ലാത്ത കീർത്തിയാർന്നവൻ. മഹാബുദ്ധിമാൻ. അസാമാന്യമായ ദാക്ഷിണ്യത്തിൻ്റെ ഇരിപ്പിടം.

എൻ്റെ നില പറയാം.കേൾക്കുക. മുമ്പൊരിക്കൽ ചൂതുകളിയിൽ പ്രവേശിച്ച ഞാൻ അതിനു തക്ക വിരുതില്ലാതിരുന്നതുകൊണ്ട് എതിർപക്ഷക്കാരാൽ തോല്പിക്കപ്പെട്ടു. അതു നിമിത്തം ഞാൻ സന്ന്യാസിയായി ഓരോ ദിക്കിൽ സഞ്ചരിക്കുകയായിരുന്നു. ഇപ്പോൾ അങ്ങയെ കാണുവാൻ അധികമായ സന്തോഷം തോന്നിയതുകൊണ്ട് ഞാൻ ഇവിടെ വന്നതാണ്. ബ്രഹ്മാവ്, ശിവൻ തുടങ്ങിയ ദേവന്മാർക്കുപോലും നേരിടുന്ന സങ്കടങ്ങൾ പരിഹരിച്ച് അവരുടെ അഭീഷ്ടങ്ങൾ സഫലമാക്കി അനുഗ്രഹിക്കുന്ന ശ്രീകൃഷ്ണഭഗവാൻ്റെ കൃപകൊണ്ട് എനിക്ക് നിശ്ശങ്കനായി പാപഹരങ്ങളായ പുണ്യതീർത്ഥങ്ങളിൽ യഥേച്ഛം സ്നാനം ചെയ്യാൻ സാധിച്ചു. എൻ്റെ പേര് ഇപ്പൾ കങ്കൻ എന്നാണ്. അങ്ങ് സജ്ജനങ്ങളിൽ വച്ച് ഉത്തമനാണല്ലോ. അങ്ങയുടെ ഭവനത്തിൽ ഏറെക്കാലം സന്തോഷമായി വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനിമേൽ അങ്ങേയ്ക്കു മേൽക്കുമേൽ നന്മവരുമെന്നുള്ളതിൽ സംശയമില്ല.

ധർമ്മപുത്രരുടെ ഈ വാക്കിൽ അസത്യമൊന്നും വന്നിട്ടില്ലെന്നും എന്നാൽ തൻ്റെ യഥാർത്ഥ സ്ഥിതി വെളിവാകാതെ നോക്കിയിട്ടുണ്ടെന്നും പ്രത്യേകം ശ്രദ്ധിക്കുക)


ശ്ലോകം 5.


രാഗം:പന്തുവരാളി

താളം:ചെമ്പട 16 മാത്ര

കഥാപാത്രം:വിരാടൻ


ഏവം ധർമ്മസുതേ സുഖം നരപതേരർദ്ധാസനാദ്ധ്യാസിതേ

ഭീമാഖണ്ഡലസൂനുമാദ്രതനയാഃ പുത്രാശ്ച തത്രാഗമൻ

താൻ പൌരോഗവഷണ്ഡസാദി പശുപാകാരാൻ നിരീക്ഷ്യാന്തികേ

ഗാഢാരൂഢ കുതൂഹലാകുലമനാ വാണീമഭാണീനൃപഃ


(ഏവം ധർമ്മസുതേ = ഇപ്രകാരം ധർമ്മപുത്രർ, സുഖം = സുഖമാകും വണ്ണം, നരപതേഃ = വിരാടരാജാവിൻ്റെ, അർദ്ധാസനാദ്ധ്യാസിതേ = സിംഹാസനത്തിൻ്റെ പകുതിഭാഗത്ത് ഇരിപ്പായപ്പോൾ, ഭീമാഖണ്ഡലസൂനുമാദ്രതനയാഃ പുത്രാഃ = ഭീമസേനൻ, അർജ്ജുനൻ,നകുലസഹദേവന്മാർ എന്നിവരും, തത്രാഗമൻ = അവിടെ വന്നുചേർന്നു, പൌരോഗവഷണ്ഡസാദി പശുപാകാരാൻ = പാചകൻ, നപുംസകൻ, കുതിരക്കാരൻ,മാട്ടിടയൻ എന്നിവരുടെ ആകൃതിയുള്ള, താൻ = അവരെ, അന്തികേ നിരീക്ഷ്യ = അരികിൽ കണ്ടിട്ട്, ഗാഢാരൂഢ കുതൂഹലാകുലമനാഃ = ഏറ്റവും വളർന്ന കൌതുകത്താൽ പരവശമായ മനസ്സോടുകൂടിയവനായിത്തീർന്ന, നൃപഃ =വിരാടരാജാവ്, വാണീമഭാണീ = വാക്കിനെ പറഞ്ഞു)

(സാരം - വിരാടനൃപൻ ബഹുമാനിച്ച് ധർമ്മപുത്രരെ അർദ്ധാസനത്തിൽ ഉപവിഷ്ടനാക്കി. ആ സമയം അരിവെപ്പുകാരൻ്റെ വേഷത്തിൽ ഭീമസേനനും നപുംസകൻ്റെ രൂപത്തിൽ അർജ്ജുനനും കുതിരകളെ രക്ഷിക്കുന്നവൻ്റെ വേഷത്തിൽ നകുലനും പശുക്കളെ മേക്കുന്നവൻ്റെ ആകൃതിയിൽ സഹദേവനും അവിടെ ആഗമിച്ചു. അവരെകണ്ടു കൌതുകം വളർന്ന വിരാടനൃപൻ അവരോട് യോഗ്യമായ രീതിയിൽ സംസാരിച്ചു.)


പദം 6

പന്തുവരാളി- അടന്ത

(വിരാടരാജാവ് വേഷം മാറിച്ചെന്ന ഭീമാദികളോട്)


പല്ലവി

വീരരായീടുന്ന നിങ്ങൾ

ആരഹോ ചൊല്ലുവിൻ മമ

ചാരവേ വന്നതിനെന്തു

കാരണമെന്നതുമിപ്പോൾ


അനുപല്ലവി


ഏതൊരു ദിക്കിൽനിന്നിങ്ങു

സാദരം വന്നതു നിങ്ങൾ

ചേതസി മോഹമെന്തെന്നും

വീതശങ്കം ചൊല്ലീടുവിൻ (വീരരായീടുന്ന)


(പദം 6.പല്ലവി - അഹോ! = ആശ്ചര്യം!, മമ ചാരവേ = എൻ്റെ അരികിൽ,)

(അനുപല്ലവി -സാദരം = ആദരവോടുകൂടി, ചേതസി മോഹം = മനസ്സിൽ ആഗ്രഹം, വീതശങ്കം = ശങ്കകൂടാതെ)

(സാരം - വിരാടരാജാവ് ഭീമാദികളോട് ചോദിക്കുന്നു - വീരന്മാരായ നിങ്ങൾ ആരാണ്? ഇപ്പോൾ എൻ്റെ സമീപത്തുവന്നതിനുള്ള കാരണമെന്താണെന്നതും പറയുവിൻ. നിങ്ങൾ എവിടെനിന്നാണ് ആദരത്തോടുകൂടി ഇവിടെ വന്നത്? മനസ്സിൽ ആഗ്രഹമെന്താണെന്നുള്ളതും ശങ്കകൂടാതെ പറയുക)


(ഭീമസേനൻ (വലലൻ) വിരാടരാജാവിനോട്)

രാഗം:ശഹാന. താളം:മുറിയടന്ത 14 മാത്ര


പല്ലവി


പാർത്ഥിവേന്ദ്ര! കേൾക്ക പരമാർത്ഥമിന്നു പറഞ്ഞിടാം

പാർത്ഥപുരം തന്നിൽ മുന്നം പാർത്തിരുന്നു ഞങ്ങളെല്ലാം.


അനുപല്ലവി


കുന്തീനന്ദനന്മാർ കാട്ടിൽ ഹന്ത! പോയശേഷം ഞങ്ങൾ

സ്വാന്ത ഖേദമോടും കൂടി അന്തികേ വന്നിതു തവ. (പാർത്ഥിവേന്ദ്ര)


ചരണം 1


സൂദനാകും വലലൻ ഞാൻ സ്വാദുഭോജ്യങ്ങളെ വച്ചു

സാദരം നൽകുവൻ തവ മോദമാശു വരുത്തുവൻ (പാർത്ഥിവേന്ദ്ര)


(പല്ലവി - പാർത്ഥിവേന്ദ്ര = അല്ലയോ രാജശ്രേഷ്ഠ, പാർത്ഥപുരം തന്നിൽ = പാണ്ഡവന്മാരുടെ രാജധാനിയിൽ)

(അനുപല്ലവി - കുന്തീനന്ദനന്മാർ = പാണ്ഡവർ, ഹന്ത = കഷ്ടം, സ്വാന്തഖേദമോടും = മനസ്സിൽ സങ്കടത്തോടു കൂടി, തവ അന്തികേ = അങ്ങയുടെ അടുക്കൽ)

(സാരം -ഭീമസേനൻ വിരാടരാജാവിനോട് പറയുന്നു - അല്ലയോ രാജേന്ദ്ര! ഞാനിപ്പോൾ പരമാർത്ഥം പറയാം. അങ്ങു കേട്ടുകൊണ്ടാലും. ഞങ്ങളെല്ലാം മുമ്പു പാണ്ഡവന്മാരുടെ രാജധാനിയിൽ പാർത്തിരുന്നവരാണ്. പാണ്ഡവന്മാർ കാട്ടിൽ പോവാനിടയായി. കഷ്ടം തന്നെ. അതിൽ പിന്നെ ഞങ്ങൾ മനോവ്യസനത്തോടുകൂടി അങ്ങയുടെ അടുക്കൽ വന്നിരിക്കയാണ്. അരിവെപ്പുകാരനാണ് ഞാൻ. വലലൻ എന്നാണ് എൻ്റെ പേർ. ഞാൻ ആദരത്തോടുകൂടി സ്വാദുള്ള ഭക്ഷ്യപദാർത്ഥങ്ങൾ പാകം ചെയ്തു തരാം. വേഗത്തിൽ അങ്ങേയ്ക്കു സന്തോഷം ജനിപ്പിച്ചുകൊള്ളാം.)


ചരണം 2

രാഗം:മോഹനം. താളം:ചെമ്പട 16 മാത്ര

(അർജ്ജുനൻ(ബൃഹന്നള)വിരാടരാജാവിനോട്)


നൃത്തഗീതാദികളിലിന്നെത്രയും കൌശലമുള്ള

നർത്തകിയാം ബൃഹന്നള സത്തമ ! കേളഹമല്ലോ


പല്ലവി

രാജരാജവിഭവ! ഹേ! രാജശേഖര!


(സത്തമ = സജ്ജനോത്തമനും, രാജരാജവിഭവ = കുബേരനെപ്പോലെ സമ്പത്തു വർദ്ധിച്ചവനും ആയ, രാജശേഖര = രാജശ്രേഷേഠ, അഹം = ഞാൻ)

(സാരം - അർജ്ജുനൻ വിരാടരാജാവിനോട് പറയുന്നു- സജ്ജനോത്തമനും കുബേരനെപ്പോലെ ഐശ്വര്യസമ്പന്നനുമായ രാജശ്രേഷേഠ! ഞാൻ നൃത്തം ഗീതം തുടങ്ങിയവയിൽ എത്രയും വിരുതുള്ള നർത്തകിയാണ്. ബൃഹന്നളയെന്നാണ് എൻ്റെ പേർ)


ചരണം 3


രാഗം:സുരുട്ടി. താളം:ചെമ്പട 16 മാത്ര

(നകുലൻ(ദാമഗ്രന്ഥി)വിരാടരാജാവിനോട്)


രാജവംശജനാം ധർമ്മരാജനന്ദനൻ തന്നുടെ

വാജിപാലൻ ദാമഗ്രന്ഥി, വ്യാജമല്ല ഞാനറിക. (രാജരാജ)


(രാജവംശജനാം = രാജവംശത്തിൽ ജനിച്ച, ധർമ്മരാജനന്ദനൻ തന്നുടെ = ധർമ്മപുത്രരുടെ, വാജിപാലൻ = കുതിരകളെ രക്ഷിക്കുന്നവൻ, വ്യാജമല്ല = അസത്യമല്ല)

(സാരം - നകുലൻ വിരാടരാജാവിനോട് പറയുന്നു- രാജവംശത്തിൽ ജനിച്ച ധർമ്മപുത്രരുടെ കുതിരകളെ പാലിക്കുന്ന ദാമഗ്രന്ഥിയാണ് ഞാനെന്ന് മനസ്സിലാക്കുക. ഇത് അസത്യമല്ല)

(വാജിപാലൻ ദാമഗ്രന്ഥി എന്നതു വ്യാജമാണ്. ഞാൻ (വാജിപാലൻ) അല്ല എന്നും അർത്ഥം പറയാവുന്നതുകൊണ്ട് നകുലൻ അസത്യം പറഞ്ഞുവെന്ന് വരുന്നുമില്ല)


ചരണം 4


രാഗം:മദ്ധ്യമാവതി. താളം:മുറിയടന്ത – ദ്രുതകാലം

(സഹദേവൻ(തന്ത്രീപാലൻ)വിരാടരാജാവിനോട്)


ചണ്ഡബാഹുവീര്യൻമാരാം പാണ്ഡവന്മാരുടെ പശു-

മണ്ഡലപാലനം തന്നിൽ ശൌണ്ഡനഹം തന്ത്രീപാലൻ. (രാജരാജ)


(ചണ്ഡബാഹുവീര്യൻമാരാം = അത്യുഗ്രമായ ഭുജപരാക്രമത്തോടുകൂടിയ, പശുമണ്ഡലപാലനം തന്നിൽ = പശുക്കളുടെ സമൂഹത്തെ പാലിക്കുന്നതിൽ, ശൌണ്ഡൻ തന്ത്രീപാലൻ അഹം = സമർത്ഥനായ തന്ത്രീപാലനാണ് ഞാൻ)

(സാരം -സഹദേവൻ വിരാടരാജാവിനോട് പറയുന്നു - അത്യുഗ്രമായ ബാഹുപരാക്രമത്തോടുകൂടിയ പാണ്ഡവരുടെ പശുക്കളെ മേയ്ക്കുന്നവനാണ് ഞാൻ. എൻ്റെ പേർ തന്ത്രീപാലൻ എന്നാണ്)

(ഇങ്ങനെ പാണ്ഡവന്മാർ അഞ്ചു പേരും പുതിയ പേരുകളോടുകൂടി വിരാടരാജാവിൻ്റെ അടുക്കൽ ചെന്നു ഓരോ പ്രവൃത്തികൾ സ്വീകരിച്ചു താമസമാക്കി. തങ്ങളുടെ സത്യം വെളിപ്പടാതിരിക്കാനും എന്നാൽ വാക്ക് അസത്യമാകാതിരിക്കാനും ഓരോരുത്തരും മനസ്സിരുത്തിയിട്ടുള്ളതു ശ്രദ്ധിക്കുക)


                                                            മൂന്നാം രംഗം


ശ്ലോകം 6


രാഗം:കാംബോജി. താളം:മുറിയടന്ത 14 മാത്ര

(വിരാടരാജാവിൻ്റെ അന്തഃപുരം. പാഞ്ചാലിയും വിരാടരാജധാനിയിൽ വന്നുചേരുന്നു.)


ഇതി കുരുവൃഷഭേഷു പ്രാപ്തരൂപാന്തരേഷു

ക്ഷിതിരമണനിയുക്തസ്ഥാനധുര്യേഷു തേഷു

ദ്രുപദനൃപതിപുത്രീമാത്തസൈരന്ധ്രിരൂപാം

സ്വപുരമുപഗതാംതാമേവമൂചേ സുദേഷ്ണാ


(തേഷു കുരുവൃഷഭേഷു =ആ പാണ്ഡവന്മാർ, ഇതി പ്രാപ്തരൂപാന്തരേഷു = ഇപ്രകാരം രൂപാന്തരങ്ങളെ പ്രാപിച്ച്, ക്ഷിതിരമണനിയുക്തസ്ഥാനധുര്യേഷു =വിരാടരാജാവിനാൽ നിയോഗിക്കപ്പെട്ട സ്ഥാനങ്ങൾ ഏറ്റെടുത്തപ്പോഴേക്കും, ആത്തസൈരന്ധ്രിരൂപാം = ശില്പകാരികയുടെ(അന്തഃപുരസ്ത്രീകളെ അലങ്കരിക്കുന്നതിനും മറ്റുമായി വസിക്കുന്ന സഖി) വേഷം സ്വീകരിച്ച്, സ്വപുരം ഉപഗതാം = തൻ്റെ പുരത്തിൽ വന്നു ചേർന്ന, താം ദ്രുപദനൃപതിപുത്രീം = ആ പാഞ്ചാലിയോട്, സുദേഷ്ണാ ഏവം ഊചേ = സുദേഷ്ണ ഇങ്ങനെ പറഞ്ഞു)

(സ്വതേയുള്ള രൂപം മറച്ചു രൂപാന്തരം സ്വീകരിച്ച് സമീപത്തു വന്ന ധർമ്മപുത്രാദികളെ, അവർ പറഞ്ഞതുപോലുള്ള കാര്യങ്ങൾ നിർവഹിക്കുവാൻ വിരാടനൃപൻ നിയോഗിച്ചു. അവർ അതനുസരിച്ച് അതാതു കാര്യങ്ങളുടെ ഭാരം ഏല്ക്കുകയും ചെയ്തു. അപ്പോൾ പാണ്ഡവപത്നിയായ പാഞ്ചാലി വിരാടനൃപൻ്റെ പത്നിയായ സുദേഷ്ണയുടെ സമീപത്തു സമാഗതയായി. ആ പാഞ്ചാലിയോട് സുദേഷ്ണ ഇങ്ങനെ പറഞ്ഞു)


പദം 7

(സുദേഷ്ണ സൈരന്ധ്രീവേഷത്തിൽചെന്ന പാഞ്ചാലിയോട്)


പല്ലവി


ശശിമുഖി; വരിക സുശീലേ; മമ

നിശമയ ഗിരമയി ബാലേ;


ചരണം 1

ഗജഗമനേ! പികലാപേ!- കച -

വിജിതകലാപികലാപേ!

ആരഹോ നീ സുകപോലേ! - സാക്ഷാൽ -

ചാരുത വിലസുകപോലെ (ശശിമുഖി)


ചരണം 2

ഇന്നിഹ നിന്നുടെ വേഷം - കണ്ടു -

വന്നിതു ഹൃദി മമതോഷം

ഇന്ദിരയോ രതിതാനോ - സുര -

സുന്ദരികളിലാരാനോ (ശശിമുഖി)


ചരണം 3

മന്മഥനും കണ്ടീടും - നേരം -

നിന്മലരടി പണിഞ്ഞീടും

കനിവൊടു വദ പരമാർത്ഥം - മമ -

മനമിഹ കലയ കൃതാർത്ഥം (ശശിമുഖി)


(പല്ലവി -ശശിമുഖി സുശീലേ = ചന്ദ്രനെപ്പോലെ മുഖത്തോടുകൂടിയവളും ശോഭനമായ സ്വഭാവമുള്ളവളുമായ, ബാലേ വരിക = കുമാരീ! വരൂ, മമ ഗിരം നിശമയ = എൻ്റെ വാക്കു കേൾക്കു)

(ചരണം 1 - ഗജഗമനേ = ആനയുടേതുപോലെ ഭംഗിയുള്ള ഗമനത്തോടുകൂടിയവളും, പികലാപേ = കുയിലിനെപ്പോലെ മധുരമായി സംഭാഷണം ചെയ്യുന്നവളും, കചവിജിതകലാപികലാപേ = തലമുടികൊണ്ടു മയിൽപ്പീലിയെ തോല്പിച്ചവളും, സുകപോലേ = ശോഭയേറിയ കവിൾത്തടത്തോടുകൂടിയവളുമായ ബാലേ, നീ ആര് = നീ ആരാണ്, അഹോ = ആശ്ചര്യം, സാക്ഷാൽ ചാരുത വിലസുകപോലെ = സൌന്ദര്യം പ്രത്യക്ഷമായി ശോഭിക്കുകയാണോ എന്നു തോന്നും)

(ചരണം 2 - ഇന്നിഹ നിന്നുടെ വേഷം കണ്ട് = ഇപ്പോൾ ഇവിടെ നിൻ്റെ വേഷം കണ്ടിട്ട്, മമ ഹൃദി തോഷം വന്നിതു = എൻ്റെ മനസ്സിൽ സന്തോഷം തോന്നുന്നു, ഇന്ദിരയോ രതിതാനോ = ലക്ഷ്മീദേവിയോ രതീദേവിതന്നെയോ, സുരസുന്ദരികളിൽ = ദേവസ്ത്രീകളിൽ, ആരാനോ = മറ്റാരെങ്കിലുമാണോ )

(ചരണം 3 - മന്മഥനും കണ്ടീടുന്നേരം = കാമദേവൻ പോലും നിന്നെ കാണുന്നതായാൽ, നിന്മലരടി പണിഞ്ഞീടും = പൂവുപോലുള്ള നിൻ്റെ പാദം വന്ദിക്കും, കനിവൊടു പരമാർത്ഥം വദ = ദയവു ചെയ്തു വാസ്തവം പറയൂ, മമ മനം ഇഹ കൃതാർത്ഥം കലയ = എൻ്റെ മനസ്സിനെ ഇപ്പോൾ കൃതാർത്ഥമാക്കിത്തീർക്കൂ)


പദം 8. രാഗം:മുഖാരി. താളം:ചെമ്പട 16 മാത്ര

(പാഞ്ചാലി (സൈരന്ധ്രി) സുദേഷ്ണയോട്)


പല്ലവി:

കേകയഭൂപതി കന്യേ!

കേൾക്ക മേ ഗിരം


അനുപല്ലവി:

നാകനിതംബിനീകുല-

നന്ദനീയതരരൂപേ!


ചരണം 1


പ്രാജ്ഞമാർമൌലിമാലികേ!

രാജ്ഞി! ഞാനിന്ദ്രപ്രസ്ഥത്തിൽ

യാജ്ഞസേനിതന്നുടയ

ആജ്ഞാകാരിണി സൈരന്ധ്രി (കേകയ)


ചരണം 2


നീലവേണി! എനിക്കിന്നു

മാലിനിയെന്നല്ലോ നാമം

കാലഭേദം കൊണ്ടിവിടെ

ചാലവെ വന്നിതു ഞാനും (കേകയ)


ചരണം 3


ചിത്രതരമായീടുന്ന

പത്രലേഖാദികളിൽ ഞാൻ

എത്രയും നിപുണ, നിന്നോ-

ടത്രകൂടി വാണീടുവൻ (കേകയ)


പദം 7 (തുടർച്ച). രാഗം:കാംബോജി.താളം:മുറിയടന്ത 14 മാത്ര

(സുദേഷ്ണ പാഞ്ചാലിയോട്)


ചരണം 4

ആയതെനിക്കനുവാദം അതി-

നായതമിഴി! ന വിവാദം (ശശിമുഖി)


(പല്ലവി/അനുപല്ലവി - നാകനിതംബിനീകുലനന്ദനീയതരരൂപേ = സ്വർഗ്ഗസുന്ദരീവർഗ്ഗത്തിനു ഏറ്റവും ബഹുമാനിക്കത്തക്ക രൂപത്തോടുകൂടിയ, കേകയഭൂപതി കന്യേ = കേകയരാജപുത്രീ, മേ ഗിരം കേൾക്ക = എൻ്റെ വാക്കു കേൾക്കൂ)

(ചരണം 1 - പ്രാജ്ഞമാർമൌലിമാലികേ! രാജ്ഞി = ബുദ്ധിമതികളുടെ മുടിയിൽ അണിയുന്ന മാലയായ രാജ്ഞീ, ഞാനിന്ദ്രപ്രസ്ഥത്തിൽ യാജ്ഞസേനിതന്നുടയ = ഞാൻ ഇന്ദ്രപ്രസ്ഥത്തിൽ പാഞ്ചാലിയുടെ, ആജ്ഞാകാരിണി സൈരന്ധ്രി = കല്പനയനുസരിക്കുന്ന സൈരന്ധ്രിയാണ്. ഇന്ദ്രപ്രസ്ഥത്തിൽ രാജ്ഞിയായ യാജ്ഞസേനിയാണ് ഞാൻ, സ്വന്തമായ ആജ്ഞയ്ക്കു വിധേയത വഹിക്കുന്ന സൈരന്ധ്രിയാണ് എന്നുള്ള വാസ്തവമായ ഒരർത്ഥവും ഇവിടെ വിവക്ഷിതമാണ്.)

(ചരണം 2 - നീലവേണി = നീലനിറമായ കെട്ടിവെച്ച തലമുടിയോടു കൂടിയവളേ, എനിക്ക് ഇന്ന് = എനിക്ക് ഇപ്പോൾ, മാലിനിയെന്നല്ലോ നാമം = മാലിനി എന്നാണ് പേർ, കാലഭേദം കൊണ്ട് = കാലവ്യത്യാസം കൊണ്ട്, ഇവിടെ ചാലവെ = ഇവിടെ ഭവതിയുടെ സമീപത്ത്, ഞാനും വന്നിതു = ഞാനും വന്നിരിക്കുന്നു. മാലിനി എന്ന പേർ ഇപ്പോൾ സ്വീകരിച്ചിട്ടുള്ളതാണെന്നും എൻ്റെ ഭർത്താക്കന്മാർ എന്നപോലെ ഞാനും അജ്ഞാതവാസകാലമായതുകൊണ്ടു വന്നുചേർന്നതാണെന്നും ഉള്ള സത്യാവസ്ഥയുടെ സൂചനയും ഇതിലുണ്ട്.)

(ചരണം 3 - ചിത്രതരമായീടുന്ന = ഏറ്റവും ആശ്ചര്യജനകമായ രീതിയിലുള്ള, പത്രലേഖാദികളിൽ = പത്തിക്കീറ്റെഴുതുക (ശരീരാലങ്കാരം) മുതലായ കൃത്യങ്ങളിൽ, എത്രയും നിപുണ ഞാൻ = വിരുതേറിയ ഞാൻ, അത്രനിന്നോടുകൂടി =ഇവിടെ ഭവതിയോടൊപ്പം, വാണീടുവൻ = വസിച്ചുകൊള്ളാം.)

(പദം 7. ചരണം 4 -ആയതെനിക്കനുവാദം = അത് എനിക്ക് സമ്മതമാണ്, ആയതമിഴി = നീണ്ട മിഴികളോടു കൂടി വിളങ്ങുന്നവളേ, അതിനു ന വിവാദം = അതിനു വിസമ്മതി ഇല്ല)


                                                          നാലാം രംഗം


(വിരാടരാജാവിൻ്റെ മന്ത്രശാല)

ശ്ലോകം 7. കല്യാണി


ഏവം തേഷു സ്ഥിതേഷു ക്വചിദഥ സുമഹത്യുത്സവേ മാത്സ്യപുര്യാം

പ്രക്രാന്തേ മല്ലയുദ്ധേ കമപി പൃഥുബലം പ്രാപ്തമാകർണ്ണ്യ മല്ലം

തത്രത്യേ മല്ലലോകേ ഭയഭരതരളേപ്യാസ്ഥിതോ മന്ത്രശാലാം

കങ്കോപേതഃ സശങ്കോ നരപതിരവദന്മന്ത്രിണം മന്ത്രവേദീ


(ഏവം തേഷു = ഇപ്രകാരം ആ ധർമ്മപുത്രാദികൾ, സ്ഥിതേഷു അഥ = താമസം തുടങ്ങിയതിനുശേഷം, മാത്സ്യപുര്യാം = വിരാടനഗരിയിൽ, ക്വചിൽ സുമഹതി ഉത്സവേ = ഒരു മഹോത്സവത്തിൽ, മല്ലയുദ്ധേ പ്രക്രാന്തേ = മല്ലയുദ്ധം തുടങ്ങുകയും, പൃഥുബലം = ഏറ്റവും ബലശാലിയായ, കമപി മല്ലം = ഒരു മല്ലൻ, പ്രാപ്തം ആകർണ്ണ്യ = വന്നിട്ടുണ്ടെന്ന് കേട്ട്, തത്രത്യേ മല്ലലോകേ = അവിടെയുള്ള മല്ലന്മാരെല്ലാം, ഭയഭരതരളേ അപി = വല്ലാതെ പേടിച്ച് വിറയ്ക്കുകയും ചെയ്തപ്പോൾ, കങ്കോപേതഃ = കങ്കനോടുകൂടി, മന്ത്രശാലാം ആസ്ഥിതഃ = ആലോചനാസഭയിൽ ഇരിക്കുന്നവനും, മന്ത്രവേദീ = കാര്യങ്ങൾ ആലോചിക്കാൻ അറിയുന്നവനുമായ, നരപതിഃ = വിരാടരാജാവ്, സശങ്കഃ = ശങ്കയോടുകൂടി, മന്ത്രിണം അവദൽ = മന്ത്രിയോട് പറഞ്ഞു)


(സാരം - പാണ്ഡവന്മാർ സ്വതേയുള്ള രൂപം മറച്ചു മറ്റോരോ രൂപം സ്വീകരിച്ച് വിരാടനൃപൻ്റെ സേവകന്മാരായി പാർപ്പുറപ്പിച്ചു. പാഞ്ചാലി വിരാടരാജ പത്നിയായ സുദേഷ്ണയുടെ സൈരന്ധ്രിയായും തീർന്നു.ആയിടയ്ക്കൊരു സന്ദർഭത്തിൽ വിരാടനഗരിയിൽ വലിയൊരു ഉത്സവം കൊണ്ടാടപ്പെട്ടു. ആ ഉത്സവവേളയിൽ അതിൻ്റെ ഒരംശമായി മല്ലയുദ്ധം നടക്കുകയാണൊരിടത്ത്. വിദേശീയനായ ഒരു മല്ലൻ അവിടെ വന്നെത്തി. അയാളോ അതിശക്തൻ. അയാളുടെ വരവറിഞ്ഞപ്പോൾ നാട്ടുകാരായ മല്ലന്മാർ ഭയാക്രാന്തരായി വിറച്ചു തുടങ്ങി. വിവരമറിഞ്ഞ വിരാടനൃപൻ സ്വന്തം നാട്ടിന്നു നേരിടാവുന്ന അപമാനം ശങ്കിച്ച് അതു പരിഹരിക്കുവാനുള്ള പ്രതിവിധിയെക്കുറിച്ച് ആലോചിക്കുവാനായി ആലോചനാസഭയിൽ പ്രവേശിച്ചു. തൻ്റെ ഒരു മിത്രവും ഉപദേഷ്ടാവുമായിത്തീർന്നിരുന്ന കങ്കനും ആ സമയത്ത് കൂടെ ഉണ്ടായിരുന്നു. ആലോചനാപടുവായ വിരാടനൃപൻ മന്ത്രിയോട് പറഞ്ഞു)


പദം 9. കല്യാണി- ചെമ്പട

(വിരാടരാജാവ് മന്ത്രിയോട്)


പല്ലവി


സചിവവര! ശൃണു വചനം

സകലഗുണവസതേ!


അനുപല്ലവി


പ്രചുരസുഖമോടു മമ

പ്രജകൾ വാഴുന്നോ?


ചരണം 1


മല്ലവരനൊരുവനിഹ വന്നുപോലവനെ യുധി വെല്ലുന്നതിന്നു ബത

മേദിനിയിലൊരുവൻ ഇല്ലെന്നു ചൊല്ലുന്നതിന്നു കേട്ടില്ലേ? (സചിവ)


ചരണം 2


അത്ര വാഴുന്നൊരുവനവനെ വെല്ലായ്കിലുടൻ എത്രയുമകീർത്തി

വരുമെന്നു ബോധിക്കണം അത്ര ബലമുള്ളവനിങ്ങാരുള്ളൂ പറക നീ (സചിവ)


ചരണം 3. ശ്രീരാഗം. ചെമ്പ 10 മാത്ര

(മന്ത്രി വിരാടരാജാവിനോട്)


ശക്രസമവിഭവ ! ജയ സാമ്പ്രതം ധരണീന്ദ്ര !

ത്വൽകൃപയുണ്ടെങ്കിലിഹ ദുഷ്ക്കരമെന്തധുനാ?

ഇക്കാലമിതിനൊരുവനില്ലെന്നു വരുമോ? (ശക്രസമ)


(പല്ലവി,അനുപല്ലവി - സകലഗുണവസതേ = എല്ലാ ഗുണങ്ങളുടേയും ഇരിപ്പിടമായ, സചിവവര = മന്ത്രിപ്രവര, വചനം ശൃണു = വാക്കു കേൾക്കുക, മമ പ്രജകൾ = എൻ്റെ നാട്ടുകാർ, പ്രചുരസുഖമോടു = സുഖം വർദ്ധിച്ചവരായി, വാഴുന്നോ = കഴിഞ്ഞുകൂടുന്നുണ്ടല്ലോ)

(ചരണം 1 - മല്ലവരൻ ഒരുവൻ = ഒരു പ്രബലനായ മല്ലൻ, ഇഹ വന്നു പോൽ = ഇവിടെ വന്നിട്ടുണ്ടത്രെ, അവനെ യുധി = അവനെ യുദ്ധത്തിൽ, വെല്ലുന്നതിന്നു = ജയിക്കുവാൻ, മേദിനിയിൽ ഒരുവൻ = ഭൂമിയിൽ ഒരാളും, ഇന്ന് ഇല്ലെന്നു ചൊല്ലുന്നത് = ഇന്ന് ഇല്ലെന്നു പറയുന്നത്, കേട്ടില്ലേ? ബത! = കേട്ടില്ലേ? കഷ്ടം!)

(ചരണം 2 - അത്ര വാഴുന്ന ഒരുവൻ = ഇവിടെ ഉള്ള ഒരാൾ, ഉടൻ അവനെ വെല്ലായ്കിൽ = ഉടനെ ആ മല്ലനെ തോല്പിക്കാഞ്ഞാൽ, എത്രയും അകീർത്തിവരും = ഏറ്റവും ദുഷ്കീർത്തി ഉണ്ടാകും, എന്നു ബോധിക്കണം = എന്ന് അങ്ങ് മനസ്സിലാക്കണം, അത്ര ബലമുള്ളവൻ = അത്രയ്ക്ക് ശക്തിയുള്ള ആൾ, ഇങ്ങ് ആർ ഉള്ളൂ = ഇവിടെ ആര് ഉണ്ട്, നീ പറക = നീ പറയുക)

(ചരണം 3 - ശക്രസമവിഭവ = ഇന്ദ്രനെപ്പോലെ സമ്പത്സമൃദ്ധിയുള്ള, ധരണീന്ദ്ര = രാജാവേ, സാമ്പ്രതം ജയ = ഇപ്പോൾ അവിടുന്നു സർവോൽക്കർഷേണ വർത്തിച്ചാലും, ത്വൽകൃപയുണ്ടെങ്കിൽ = അവിടുത്തെ ദയ ഉണ്ടെങ്കിൽ, ഇഹ അധുനാ = ഇവിടെ ഇപ്പോൾ, ദുഷ്ക്കരം എന്ത് = ചെയ്യാൻ പ്രയാസമായി എന്തുണ്ട്, ഇക്കാലം ഇതിന്ന് = ഇപ്പോൾ ഇക്കാര്യം നിർവഹിപ്പാൻ, ഒരുവൻ ഇല്ലെന്നു വരുമോ? = ഒരാൾ ഇല്ലെന്ന് വരുകയോ, അതുണ്ടാവില്ല.)



(കങ്കൻ വിരാടരാജാവിനോട്)

പല്ലവി.രാഗം:കല്യാണി.താളം:ചെമ്പ 5 മാത്ര


നൃപതിവര ! ശൃണു വചനം

നീതി ഗുണ വസതേ !


ചരണം 4

അലമലമിതിന്നു പുനരാധി കൊണ്ടയി വീര !

വലലനിതിനെത്രയും മതിയെന്നതറിക;

ബലശാലികളിൽവെച്ചു ബഹുമാന്യനല്ലോ. (നൃപതി)


ചരണം 5

പണ്ടു ധർമ്മസുതസവിധേ പാർക്കുന്ന കാലമിവൻ

കുണ്ഠതയെന്നിയേ മല്ലകുലമനേകം ജയിച്ചോൻ

കണ്ടിരിക്കുന്നിവനുടയ കരബലമഹോ ഞാൻ (നൃപതി)


(പല്ലവി - നീതിഗുണവസതേ = നയഗുണങ്ങൾക്കിരിപ്പിടമായ, നൃപതിവര = രാജശ്രേഷ്ഠ, വചനം ശൃണു = വാക്കു കേട്ടാലും)

(ചരണം 4 - അയിവീര = അല്ലയോ വീര്യശാലിയായ തിരുമേനീ, ഇതിന്നു പുനഃ = ഇക്കാര്യത്തിന്ന് ഇനിമേൽ, ആധികൊണ്ട് അലം അലം = ലേശവും ആധി വേണ്ട, വലലൻ ഇതിന്ന് എത്രയും = വലലൻ ഇതിന്ന് തികച്ചും, മതി എന്നത് അറിക = മതിയായവനാണെന്ന് ധരിച്ചാലും, ബലശാലികളിൽ വെച്ച് = (ആ വലലൻ) ബലവാന്മാരിൽ വച്ച്, ബഹുമാന്യനല്ലോ = ഏറ്റവും മാനിക്കത്തക്കവനാണ്.)

(ചരണം 5 - പണ്ടു ധർമ്മസുതസവിധേ = പണ്ടു ധർമ്മപുത്രരുടെ അടുക്കൽ, പാർക്കുന്ന കാലം = പാർത്തിരുന്ന കാലത്ത്, ഇവൻ കുണ്ഠതയെന്നിയേ =ഈ വലലൻ പ്രയാസം കൂടാതെ, അനേകം മല്ലകുലം = പല മല്ലന്മാരേയും, ജയിച്ചോൻ = തോല്പിച്ചിട്ടുണ്ട്, ഇവനുടയ കരബലം = ഇവൻ്റെ കയ്യൂക്ക്, അഹോ = അത്ഭുതമാണ്, ഞാൻ കണ്ടിരിക്കുന്നു = (അത്) ഞാൻ കണ്ടിട്ടുള്ളതാണ്)


                                                           അഞ്ചാം രംഗം


(മല്ലയുദ്ധരംഗം)

ശ്ലോകം 8

രാഗം:മദ്ധ്യമാവതി.താളം:ചെമ്പട


ആദിഷ്ടേഥ യുധിഷ്ഠിരേണ വലലേ ഭൂയിഷ്ഠദോർവിക്രമേ

നേദിഷ്ഠേപി ച മുഷ്ടിയുദ്ധമഖിലേ ദ്രഷ്ടും ജനേ ചാഗതേ

ഉൽഘുഷ്ടേ വിയദന്തരേ ഝടഝടേത്യത്യുച്ചതൂര്യസ്വനൈ-

ർമ്മല്ലേന്ദ്രഃ കൃതരംഗവന്ദനവിധിഃ സാടോപമൂചേ ഭൃശം


(ശ്ലോകം 8 - അഥ = അനന്തരം, ഭൂയിഷ്ഠദോർവിക്രമേ വലലേ = ഏറ്റവും ബാഹുപരാക്രമമുള്ള വലലൻ, യുധിഷ്ഠിരേണ ആദിഷ്ടേ = ധർമ്മപുത്രരാൽ ആജ്ഞാപിക്കപ്പെടുകയും, അപി ച = അതു മാത്രമല്ല, നേദിഷ്ഠേ അഖിലേ ജനേ ച = അടുത്തുള്ള എല്ലാ ജനങ്ങളും, മുഷ്ടിയുദ്ധം ദ്രഷ്ടും ആഗതേ = മുഷ്ടിയുദ്ധം കാണാൻ വരികയും, വിയദന്തരേ = ആകാശത്തിൻ്റെ അന്തർഭാഗം, ഝടഝടേത്യത്യുച്ചതൂര്യസ്വനൈഃ ഉൽഘുഷ്ടേ = ഝടഝട എന്ന ഏറ്റവും ഉറക്കെയുള്ള പെരുമ്പറയുടെ ശബ്ദങ്ങളാൽ മുഴക്കപ്പെടുകയും ചെയ്തപ്പോൾ, മല്ലേന്ദ്രഃ = മല്ലശ്രേഷ്ഠൻ, കൃതരംഗവന്ദനവിധിഃ = രംഗവന്ദനകർമ്മം ചെയ്തിട്ട്, ഭൃശം സാടോപം ഊചേ = ഏറ്റവും ഗർവ്വോടെ പറഞ്ഞു)

(സാരം - ധർമ്മപുത്രർ ആജ്ഞാപിച്ചു. വലലൻ അരയും തലയും മുറുക്കി ഒരുക്കമായി. കാണുവാൻ ആളുകൾ വന്നുകൂടി. ഝടഝട എന്നു പെരുമ്പറ മുഴങ്ങി. മുഷ്ടിയുദ്ധപടുവായ വലിയ മല്ലൻ രംഗത്തു പ്രവേശിച്ചു. വന്ദന രീതി ആചരിച്ചു. എന്നിട്ട് ഉച്ചത്തിൽ പറഞ്ഞു)


പദം 10.

രാഗം:മദ്ധ്യമാവതി.താളം:ചെമ്പട

(മല്ലൻ്റെ പോരിനുവിളി)


പല്ലവി


ആരൊരു പുരുഷനഹോ എന്നോടു നേർപ്പാൻ

ആരൊരു പുരുഷനഹോ?


അനുപല്ലവി:


പാരിലൊരുവനതിശൂരനുണ്ടെങ്കിലിപ്പോൾ

നേരിടേണമിഹ പോരിൽ വന്നു മമ

നിയുദ്ധമതിൽ വിദഗ്ദ്ധതകളറിവതിനു. (ആരൊരു)


ചരണം 1

പടയ്ക്കു നമുക്കൊരു മിടുക്കുണ്ടെന്നു ബത

നടിയ്ക്കുന്നുണ്ടു ചിലർ വൃഥാവലേ.

അടുക്കിലുടനുടൽ നടുക്കമനവധി

പിടിക്കുമവർക്കിഹ യഥാവലേ.

മിടുക്കില്ലാത്തവനെ തടുക്കുന്നതിനിന്നു

മടിക്കുന്നിതു മനം നമുക്കഹോ.

മല്ലയുദ്ധം തന്നിലെന്നോടിന്നു

തുല്യനായൊരുവൻ വന്നീടുകിൽ

തെല്ലുമിങ്ങു തടവില്ലവൻ്റെ മദ-

മടക്കി ലഘു മടക്കുമഹമധിരണം. (ആരൊരു)


(പല്ലവി,അനുപല്ലവി - അഹോ = അത്ഭുതം, എന്നോടു നേർപ്പാൻ = എന്നോടു നേരെ നിന്ന് എതിർക്കാൻ, ആർ ഒരു പുരുഷൻ = ആരാണ് ഒരു പുരുഷൻ ഉള്ളത്, പാരിൽ ഒരുവൻ അതിശൂരനുണ്ടെങ്കിൽ = ഭൂമിയിൽ അതിശൂരനായി ആരെങ്കിലും ഒരുവൻ ഉണ്ടെങ്കിൽ, ഇപ്പോൾ ഇഹ വന്നു = ഇപ്പോൾ ഇവിടെ വന്നു, പോരിൽ നേരിടണം = യുദ്ധത്തിൽ എതിർക്കണം, നിയുദ്ധമതിൽ = ബാഹുയുദ്ധത്തിൽ, മമ വിദഗ്ദ്ധതകൾ = എൻ്റെ പാടവക്രമങ്ങൾ, അറിവതിന്നു = അറിയുവാൻ)

(ചരണം 1 - പടയ്ക്കു നമുക്കൊരു മിടുക്കുണ്ടെന്നു = യുദ്ധത്തിന് തനിക്ക് നല്ല സാമർത്ഥ്യമുണ്ടെന്ന്, വൃഥാവലേ ചിലർ നടിയ്ക്കുന്നുണ്ടു ബത = വെറുതെ ചിലർ അഭിനയിക്കുന്നുണ്ട് കഷ്ടം, അടുക്കിൽ ഉടൻ = അടുത്തെത്തിയാൽ ഉടനെ, അവർക്ക് ഇഹ = അവർക്ക് ഇവിടെ, യഥാവലേ = വേണ്ടും വണ്ണം, അനവധി ഉടൽ നടുക്കം പിടിക്കും = വല്ലാത്ത ശരീരം വിറയ്ക്കൽ സംഭവിക്കും, മിടുക്കില്ലാത്തവനെ = യുദ്ധസാമർത്ഥ്യമില്ലാത്തവനെ, തടുക്കുന്നതിന് ഇന്ന് = തടുക്കുവാൻ ഇപ്പോൾ, നമുക്ക് മനം മടിക്കുന്നിതു = എനിക്ക് മനസ്സിന് മടി തോന്നുന്നു, അഹോ = കഷ്ടം, മല്ലയുദ്ധം തന്നിൽ = മല്ലയുദ്ധത്തിൽ, ഇന്ന് എന്നോട് തുല്യനായി ഒരുവൻ = ഇപ്പോൾ എനിക്ക് സമനായി ഒരുത്തൻ, വന്നീടുകിൽ = വരുന്നതായാൽ, അഹം അധിരണം = ഞാൻ യുദ്ധത്തിൽ, അവൻ്റെ മദം അടക്കി = അവൻ്റെ ഗർവ്വ് ശമിപ്പിച്ച്, ലഘു മടക്കും = വേഗത്തിൽ തിരിച്ചയയ്ക്കും, ഇങ്ങു തെല്ലും = ഇക്കാര്യത്തിൽ ഒട്ടും, തടവില്ല = തടസ്സം ഇല്ല )


ചരണം 2.

രാഗം:മദ്ധ്യമാവതി.താളം:ചെമ്പട

(വലലൻ മല്ലനോട്)


സമർത്ഥനെന്നൊരു വികത്ഥനം തവ

കിമർത്ഥ മിങ്ങിനെ ജളപ്രഭോ!

തിമർത്ത മദഭരമെതിർത്തിടുകിലഹ-

മമർത്തിടുവനരക്ഷണത്തിനാൽ

ത്വമത്ര വിരവൊടു വികർത്തനാത്മജ-

പുരത്തിലതിഥിയായ് ഭവിച്ചുടൻ

യുദ്ധകൌശലമിതെല്ലാം മമ

ബദ്ധമോദമങ്ങു ചൊല്ലീടെട!

ക്രുദ്ധനാകൊല്ല നീ യുദ്ധമാശുചെയ്തു

കരത്തിനുടെ കരുത്തറിക പരിചിനൊടു (ആരൊരു)


(ചരണം 2 - ജളപ്രഭോ = മഹാ മൂഢ, ഇങ്ങനെ സമർത്ഥൻ എന്നൊരു തവ വികത്ഥനം = ഇപ്രകാരം ഞാൻ സമർത്ഥനാണ് എന്നുള്ള നിൻ്റെ ആത്മപ്രശംസ, കിമർത്ഥം = എന്തിനാണ്, ഇഹ എതിർത്തിടുകിൽ = ഇവിടെ എതിർക്കുന്നതായാൽ, തിമർത്ത മദഭരം = വർദ്ധിച്ച മഹാഗർവ്വം, അഹം അരക്ഷണത്തിനാൽ അമർത്തിടുവൻ = ഞാൻ അരനിമിഷം കൊണ്ട് അടക്കുന്നതാണ്, ത്വം അത്ര വിരവൊടു = നീ ഇവിടെ വേഗത്തിൽ, വികർത്തനാത്മജപുരത്തിൽ = യമൻ്റെ ഗൃഹത്തിൽ, അതിഥിയായ് ഭവിച്ചുടൻ = വിരുന്നുകാരനായിത്തീർന്നിട്ട്, മമ യുദ്ധകൌശലമിതെല്ലാം = എൻ്റെ ഈ യുദ്ധസാമർത്ഥ്യം മുഴുവൻ, എട = എടാ മല്ലാ, അങ്ങു ബദ്ധമോദം = അവിടെ സന്തോഷത്തോടുകൂടി, ചൊല്ലീടു = പറയുക, നീ ക്രുദ്ധനാകൊല്ല = നീ കോപിക്കേണ്ട, ആശു യുദ്ധം ചെയ്ത് = വേഗം യുദ്ധം ചെയ്ത്, പരിചിനൊടു കരത്തിനുടെ കരുത്ത് = വേണ്ടതുപോലെ എൻ്റെ കൈയ്യിൻ്റെ ബലം, അറിക = മനസ്സിലാക്കുക)


ചരണം 3

(മല്ലൻ വലലനോട്)


ചൊടിച്ചുനിന്നു പാരം കുരച്ചിടും കുക്കുരം

കടിച്ചീടുകയില്ലെന്നസംശയം

മടിച്ചീടേണ്ട നമ്മെജ്ജയിച്ചുകൊള്ളാമെന്നു

കൊതിച്ചിടുന്നെങ്കിൽ വന്നടുക്ക നീ

അടിച്ചു വിരവൊടു തടിച്ച നിൻ്റെയുടൽ

പൊടിച്ചിടുവനെന്നു ധരിക്കണം

വാടാ! വാടാ! രംഗമദ്ധ്യേ എൻ്റെ

പാടവങ്ങൾ കാൺക യുദ്ധേ ഉള്ളിൽ

പേടിയെങ്കിൽ നീയുമോടിടാതെ കാലിൽ

പിടിച്ചു വിദ്യ പഠിച്ചുകൊൾക രണമതിൽ (ആരൊരു)


(ചരണം 3 - ചൊടിച്ചുനിന്നു പാരം കുരച്ചിടും കുക്കുരം = കോപിച്ചു നിന്ന് വല്ലാതെ കുരയ്ക്കുന്ന നായ, കടിച്ചീടുക ഇല്ലെന്ന് = കടിയ്ക്കുക ഇല്ല എന്നത് അസംശയം = തീർച്ചയാണ്, മടിച്ചീടേണ്ട = മടി വിചാരിക്കേണ്ട, നമ്മെ ജയിച്ചുകൊള്ളാം എന്നു കൊതിച്ചിടുന്നെങ്കിൽ = എന്നെ ജയിക്കാൻ കഴിയുമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നീ വന്നടുക്ക = നീ എന്നെ നേരിടുക, വിരവൊടു അടിച്ചു നിൻ്റെ തടിച്ച ഉടൽ പൊടിച്ചിടുവൻ = വേഗത്തിൽ അടിച്ചു നിൻ്റെ തടിച്ച ശരീരം ഞാൻ പൊടിച്ചുകളയും, എന്നു ധരിക്കണം = എന്നു നീ മനസ്സിലാക്കുക, രംഗമദ്ധ്യേ വാടാ വാടാ = യുദ്ധരംഗത്തിൻ്റെ നടുവിലേക്ക് വരിക വരിക, യുദ്ധേ എൻ്റെ പാടവങ്ങൾ കാൺക = യുദ്ധത്തിൽ എനിക്കുള്ള സാമർത്ഥ്യങ്ങൾ കാണുക, ഉള്ളിൽ പേടിയെങ്കിൽ = മനസ്സിൽ പേടി തോന്നുന്നുണ്ടെങ്കിൽ, നീയും ഓടിടാതെ = നീ ഓടിപ്പോകാതെ, കാലിൽ പിടിച്ച് = എൻ്റെ കാൽ പിടിച്ച്, രണമതിൽ വിദ്യ പഠിച്ചുകൊൾക =യുദ്ധത്തെ സംബന്ധിച്ച വിദ്യ അഭ്യസിച്ചുകൊള്ളുക)


ചരണം 4


രാഗം:മദ്ധ്യമാവതി.താളം:ചെമ്പട

(വലലൻ മല്ലനോട്)


കരിപ്രകരമദഭരപ്രശമപടു-

കരപ്രഹരമറിഞ്ഞിടാതെ പോയ്

ഹരിപ്രവരൻതന്നെ വനപ്രദേശം തന്നിൽ

ഖരഃപ്രഥനത്തിനു വിളിക്കുംപോൽ

കരപ്രതാപം മമ ജഗൽ‌പ്രസിദ്ധം മറ-

ന്നുരുപ്രതിഘമൊടുമെതിർക്കിലോ

മുഷ്ടികൊണ്ടു നിൻ്റെ ഗാത്രം പരി-

പിഷ്ടമാക്കി ക്ഷണമാത്രം കൊണ്ടു

വിഷ്ടപേഷു കീർത്തിപുഷ്ടി ചേർത്തു നൃപ

ഹൃദി പ്രമദമതി പ്രചുരം വരുത്തുവൻ (ആരൊരു)


(കരിപ്രകരമദഭരപ്രശമപടുകരപ്രഹരം = ആനക്കൂട്ടങ്ങളുടെ വലിയ ഗർവ്വ് തകർക്കുവാൻ തക്ക കൈകൊണ്ടുള്ള അടി(കൊള്ളുമെന്ന്), അറിഞ്ഞിടാതെ പോയ് = അറിയാതെ ചെന്ന്, ഖരഃ = കഴുത, വനപ്രദേശം തന്നിൽ = കാട്ടുപ്രദേശത്ത്, ഹരിപ്രവരൻതന്നെ = സിംഹശ്രേഷ്ഠനെ, പ്രഥനത്തിനു = യുദ്ധത്തിനു, വിളിക്കുംപോൽ = വിളിക്കുന്നതുപോലെ, ജഗൽ‌പ്രസിദ്ധം =ലോകപ്രസിദ്ധമായ, മമ കരപ്രതാപം മറന്ന് = എൻ്റെ കൈയ്യൂക്ക് ഓർക്കാതെ, ഉരുപ്രതിഘമൊടു = വലിയകോപത്തോടുകൂടി, എതിർക്കിലോ = എതിർക്കുന്നതായാൽ, ക്ഷണമാത്രം കൊണ്ടു = ഒരു ഞൊടിയിടകൊണ്ട്, നിൻ്റെ ഗാത്രം = നിൻ്റെ ശരീരം, മുഷ്ടികൊണ്ടു പരിപിഷ്ടമാക്കി = കൈ മടക്കി ഇടിച്ച് തകർത്ത്പൊടിച്ച്, വിഷ്ടപേഷു = ലോകങ്ങളിൽ, കീർത്തിപുഷ്ടി ചേർത്ത് = കീർത്തി വർദ്ധിപ്പിച്ച്, നൃപഹൃദി = വിരാടരാജാവിൻ്റെ മനസ്സിൽ, അതിപ്രചുരം പ്രമദം വരുത്തുവൻ = ഏറ്റവുമധികം സന്തോഷം ഞാൻ ജനിപ്പിക്കുന്നതാണ്.)


                                                                  ഇടശ്ലോകം


ശ്ലോകം 9

രാഗം:കേദാരഗൌഡം


മിത്രപുത്രസഹിതഃ പുനരേകഃ

ശത്രുരസ്തി ഭുവി മാസ്തു തഥാന്യഃ

ഇത്ഥമേവ കിമമുത്ര ച മല്ലം

മിത്രപുത്രസഹിതം വിദധേ സഃ


(ശ്ലോകം 9 - മിത്രപുത്രസഹിതഃ = മിത്രൻ്റെ(സൂര്യൻ്റെ) പുത്രനായ കർണ്ണനോടുകൂടിയ, ഏകഃ ശത്രുഃ പുനഃ = ഒരു ശത്രു(ദുര്യോധനൻ)ആകട്ടെ, ഭുവി അസ്തി = ഭൂമിയിൽ ഉണ്ട്, തഥാ = അപ്രകാരം(മിത്രപുത്രസഹിതനായ-മിത്രങ്ങളോടും പുത്രന്മാരോടും കൂടിയ), അന്യഃ(ശത്രുഃ) = വേറൊരു ശത്രു, മാ അസ്തു = ഉണ്ടാവരുത്, ഇത്ഥം ഏവ = എന്നുതന്നെ വിചാരിച്ചിരുന്ന, സഃ = ആ ഭീമൻ, കിം = എന്ത് കാരണത്താലാണ്, മല്ലം = (ശത്രുവായ) മല്ലനെ, അമുത്ര ച = പരലോകത്തിലും, മിത്രപുത്രസഹിതം = മിത്രൻ്റെ(സൂര്യൻ്റെ) പുത്രനായ യമനോടുകൂടിയവനാക്കി, വിദധേ = ചെയ്തത്?)


(സാരം -എനിക്ക് ഭൂമിയിൽ ഒരു ശത്രു ഉണ്ട്,ദുര്യോധനൻ. അയാൾ മിത്രൻ്റെ(സൂര്യൻ്റെ) പുത്രനായ കർണ്ണനോടുകൂടിയവനാണ്. ജ്യേഷ്ഠനായ ധർമ്മപുത്രരുടെ ധർമ്മനിഷ്ഠയ്ക്കു വഴങ്ങേണ്ടിയിരിക്കുന്നതിനാൽ അയാൾ കൂറച്ചു കാലത്തേക്കുകൂടി ഭൂമിയിൽ ജീവിച്ചുകൊള്ളട്ടെ എന്നു വെക്കാനേ നിവൃത്തിയുള്ളൂ.ഇപ്പോൾ വേറൊരു ശത്രുവുണ്ടായിരിക്കുന്നു, മല്ലൻ.അയാളും മിത്രപുത്രസഹിതനാണ്. മിത്രങ്ങളോടും (ബന്ധുക്കളോടും) പുത്രന്മാരോടും(മക്കളോടും) കൂടിയവനാണ്. അയാളെ അങ്ങനെ പൊറുപ്പിച്ചുകൂടാ എന്നു കരുതിയ ഭീമസേനൻ മല്ലനെ പരലോകത്തിലും, മിത്രപുത്രസഹിതനാക്കുകയാണ് ചെയ്തത്. മിത്രപുത്രസഹിതനായ ശത്രു ഉണ്ടാവരുത് എന്ന കരുതുന്ന ആൾ ശത്രുവിനെ മിത്രപുത്രസഹിതനാക്കിത്തീർക്കുന്നതായാൽ അത് ഉദ്ദേശ്യവിപരീതമായ പ്രവൃത്തിയാണല്ലോ. എന്തേ അങ്ങനെ ചെയ്യാൻ? എന്നിങ്ങനെ ആദ്യം വൈരുദ്ധ്യം തോന്നുന്നു. മിത്രപുത്രസഹിതനാക്കിത്തീർത്തു എന്നതിന്നു മിത്രൻ്റെ(സൂര്യൻ്റെ) പുത്രനായ യമനോടുകൂടിയവനാക്കിത്തീർത്തു-വധിച്ചു- എന്നാണർത്ഥം.ബന്ധുപുത്രസഹിതനായ ഒരു ശത്രു ഭൂമിയിൽ വാഴരുതെന്നു വിചാരിച്ച് ആ മല്ലനെ വധിച്ചു എന്നു പറഞ്ഞാൽ വൈരുദ്ധ്യമൊന്നുമില്ലല്ലോ. കവി ഇവിടെ മിത്രപുത്രശബ്ദത്തിൻ്റെ രണ്ടർത്ഥത്തെ ആസ്പദമാക്കി ഒരു വിരോധാഭാസാലങ്കാരം പ്രയോഗിച്ചിരിക്കയാണ്. ഭീമസേനൻ മല്ലനെ വധിച്ചു എന്നു മാത്രമാണ് ആശയം)


                                                         ആറാം രംഗം


(വിരാടരാജധാനി)

ശ്ലോകം 10. രാഗം: പാടി. താളം: ചെമ്പട 32 മാത്ര


വിലോചനാസേചനകാംഗസൌഷ്ഠവാം

വിലോക്യ പാഞ്ചാലനരേന്ദ്രനന്ദിനീം

വിരാടപത്നീസഹജോ മഹാബലഃ

സ്മരാതുരോ വാചമുവാച കീചകഃ


(ശ്ലോകം 10 - വിരാടപത്നീസഹജഃ = വിരാടപത്നിയുടെ സഹോദരനും, മഹാബലഃ =മഹത്തായ ബലത്തോടുകൂടിയവനും ആയ, കീചകഃ = കീചകൻ, വിലോചനാസേചനകാംഗസൌഷ്ഠവാം = കണ്ണുകൾക്ക്‌ കണ്ടാലും കണ്ടാലും തൃപ്തി വരാത്ത അവയവസൌന്ദര്യത്തോടുകൂടിയ, പാഞ്ചാലനരേന്ദ്രനന്ദിനീം =പാഞ്ചാലിയെ, വിലോക്യ = കണ്ടിട്ട്, സ്മരാതുരഃ = കാമപീഡിതനായിത്തീർന്നിട്ട്, വാചം ഉവാച = വാക്കു പറഞ്ഞു)

(സാരം - കീചകൻ പാഞ്ചാലിയെ കാണുവാൻ ഇടയായി. തൻ്റെ സഹോദരിയായ രാജ്ഞി സുദേഷ്ണയുടെ ആജ്ഞാകാരിണിയാണ് ആ സൈരന്ധ്രി. അവളുടെ ഓരോ അംഗത്തിലും വഴിഞ്ഞൊഴുകുന്ന സൌന്ദര്യം. അതോ കണ്ണുകൾക്ക് ആസേചനകവും. കീചകനോ രാജ്ഞിയുടെ സഹോദരൻ, മഹാബലൻ.പാഞ്ചാലരാജപുത്രിയുടെ സൌന്ദര്യം ആ രാജസ്യാലനെ കാമാർത്തനാക്കിത്തീർത്തു. സൈരന്ധ്രിയായ ആ മാലിനിയെ നല്ല വാക്കു പറഞ്ഞ് വശീകരിക്കാം എന്നു സങ്കൽപ്പിച്ച് കാമാർത്തനായ ആ കീചകൻ പറയാൻ തുടങ്ങി എന്നു ഭാവം.)


പദം 11. പാടി.ചെമ്പട

(കീചകൻ പാഞ്ചാലിയോട് )


പല്ലവി


മാലിനി! രുചിരഗുണ-

ശാലിനി! കേൾക്ക നീ

മാലിനിമേൽ വരാ തവ

മാനിനിമാർ മൌലേ!


ചരണം 1


തണ്ടാർശരശരനിര

കൊണ്ടുകൊണ്ടു മമ

കൊണ്ടൽവേണി! മനതാരിൽ

ഇണ്ടൽ വളരുന്നു.


ചരണം 2


മല്ലീശര വില്ലിനോടു

മല്ലിടുന്ന നിൻ്റെ

ചില്ലീയുഗം കൊണ്ടിന്നെന്നെ

തല്ലിടായ്ക ധന്യേ!


ചരണം 3


കുംഭി കുംഭം തൊഴും കുച-

കുംഭയുഗം തന്നിൽ

അമ്പോടു ചേർത്തുകൊൾക മാം

രംഭോരു! വൈകാതെ


ചരണം 4


പല്ലവാംഗി! നീയിങ്ങനെ

അല്ലൽ തേടിടാതെ

മല്ലികാക്ഷഗതേ! മമ

വല്ലഭയായ് വാഴ്ക


(പല്ലവി - രുചിരഗുണശാലിനി = മനോഹരങ്ങളായ ഗുണങ്ങൾകൊണ്ടു ശോഭിക്കുന്നവളും, മാനിനിമാർ മൌലേ = സുന്ദരിമാർക്ക് ശിരോഭൂഷണമായി വിളങ്ങുന്നവളും ആയ, മാലിനി നീ കേൾക്ക = മാലിനി (ഞാൻ പറയുന്നത്) നീ കേൾക്കുക, ഇനിമേൽ തവ = ഇന്നു മുതൽ നിനക്ക്, മാൽ വരാ = ദഃഖം വരുകയില്ല)

(ചരണം 1- കൊണ്ടൽവേണി = കാർമേഘംപോലെയുള്ള തലമുടിയോടു കൂടിയവളേ, തണ്ടാർശരശരനിര = കാമദേവൻ്റെ അമ്പുകളുടെ സമൂഹം, കൊണ്ടുകൊണ്ടു = പലതവണ ഏറ്റിട്ട്, മമ മനതാരിൽ = എൻ്റെ മനസ്സിൽ, ഇണ്ടൽ വളരുന്നു = സന്താപം വർദ്ധിക്കുന്നു)

(ചരണം 2 - ധന്യേ = അല്ലയോ ഭാഗ്യവതി, മല്ലീശര വില്ലിനോടു = കാമൻ്റെ വില്ലിനോടു, മല്ലിടുന്ന = മത്സരിക്കുന്ന, നിൻ്റെ ചില്ലീയുഗം കൊണ്ട് = നിൻ്റെ രണ്ടു പുരികങ്ങൾ കൊണ്ട്, എന്നെ തല്ലിടായ്ക = എന്നെ തല്ലരുതേ)

(ചരണം 3 - രംഭോരു = വാഴപോലുള്ള തുടകളോടു കൂടിയവളേ, കുംഭി കുംഭം തൊഴും = ഗജമസ്തകം വന്ദിക്കുന്ന, കുചകുംഭയുഗം തന്നിൽ = കുടം പോലുള്ള സ്തനങ്ങളിൽ, വൈകാതെ = വേഗത്തിൽ, അമ്പോടു മാം = സ്നേഹത്തോടുകൂടി എന്നെ, ചേർത്തുകൊൾക = ചേർത്തു പുണരുക)

(ചരണം 4 - പല്ലവാംഗി = തളിർപോലുള്ള അവയവങ്ങളോടുകൂടിയവളേ, നീ ഇങ്ങനെ = നീ ഇപ്രകാരം, അല്ലൽ തേടിടാതെ = ദുഃഖിക്കേണ്ട, മല്ലികാക്ഷഗതേ = അരയന്നത്തിൻ്റേതുപോലുള്ള ഗമനത്തോടു കൂടിയവളേ, മമ വല്ലഭയായ് = നീ എൻ്റെ പ്രിയതമയായി, വാഴ്ക = ജീവിക്കുക)


പദം 12.രാഗം: വേകട (ബേകട). താളം: ചെമ്പട 8 മാത്ര


(പാഞ്ചാലി കീചകനോട്)


പല്ലവി


സാദരം നീ ചൊന്നോരുമൊഴിയിതു

സാധുവല്ല കുമതേ!


അനുപല്ലവി:


ഖേദമതിനുടയ വിവരമിതറിക നീ

കേവലം പരനാരിയിൽ മോഹം.


ചരണം 1


പണ്ടു ജനകജ തന്നെ-

കണ്ടു കാമിച്ചൊരു ദശ-

കണ്ഠനവളെയും കൊണ്ടുഗമിച്ചു - രാമൻ

ചതികൾ ഗ്രഹിച്ചു - ചാപം ധരിച്ചു

ജലധി തരിച്ചു - ജവമൊടവനെ ഹനിച്ചു. (സാദരം)


ചരണം 2


വഞ്ചനയല്ലിന്നു മമ

പഞ്ചബാണ സമന്മാരായ്

അഞ്ചുഗന്ധർവ്വന്മാരുണ്ടു പതികൾ - പാരം-

കുശലമതികൾ - ഗൂഢഗതികൾ

കളക കൊതികൾ - കരുതിടേണ്ട ചതികൾ (സാദരം)


ചരണം3


ദുർന്നയനായീടുന്ന നീ

എന്നോടിന്നു ചൊന്നതവർ –

തന്നിലൊരുവനെന്നാലും ധരിച്ചെ - ന്നാകിൽ

കലുഷമുറയ്ക്കും - കരുണ കുറയ്ക്കും

കലശൽ ഭവിക്കും - കാൺക നിന്നെ വധിക്കും (സാദരം)


(പല്ലവി,അനുപല്ലവി- കുമതേ = അല്ലയോ ദുർബ്ബുദ്ധേ, നീ സാദരം = നീ ആദരവോടുകൂടി, ചൊന്നോരുമൊഴി ഇത് = പറഞ്ഞ ഈ വാക്ക്, സാധുവല്ല = യോഗ്യമായതല്ല, പരനാരിയിൽ = അന്യൻ്റെ ഭാര്യയിൽ, മോഹം ഇത് = ഈ ആഗ്രഹം, ഖേദമതിനുടയ = ദുഃഖത്തിൻ്റെ, വിവരം കേവലം = പ്രവേശന ദ്വാരം തന്നെ,(എന്ന്)നീ അറിക = നീ ധരിക്കുക.)

(ചരണം 1 - പണ്ടു ജനകജ തന്നെ = പണ്ടു സീതാദേവിയെ, കണ്ടു കാമിച്ചൊരു = കണ്ടു കാമാർത്തനായിത്തീർന്ന, ദശകണ്ഠൻ = രാവണൻ, അവളെയും കൊണ്ടു = ആ ദേവിയെ അപഹരിച്ചു, ഗമിച്ചു = കൊണ്ടുപോയി, രാമൻ ചതികൾ = ശ്രീരാമൻ രാവണൻ്റെ ചതികൾ, ഗ്രഹിച്ചു = മനസ്സിലാക്കി, ചാപം ധരിച്ചു = വില്ലെടുത്തു, ജലധി തരിച്ചു = കടൽ കടന്ന്, ജവമൊട് അവനെ = വേഗത്തിൽ ആ രാവണനെ, ഹനിച്ചു = വധിച്ചു)

(ചരണം 2 - വഞ്ചനയല്ല = വ്യാജമല്ല ഞാൻ പറയുന്നത് ഇന്നു മമ = ഇന്നു എനിക്ക്, പഞ്ചബാണ സമന്മാരായ് = കാമതുല്യരായി, അഞ്ചു ഗന്ധർവ്വന്മാർ പതികൾ ഉണ്ട് = അഞ്ചു ഗന്ധർവ്വന്മാർ ഭർത്താക്കന്മാരായിട്ട് ഉണ്ട്, പാരം കുശലമതികൾ = അവർ ഏറ്റവും ബുദ്ധിസാമർത്ഥ്യം ഉള്ളവരാണ് ഗൂഢഗതികൾ = മറഞ്ഞ് സഞ്ചരിക്കുന്നവരുമാണ്, കൊതികൾ കളക = ദുർമ്മോഹങ്ങൾ ഉപേക്ഷിക്കുക, ചതികൾ = ചതിപ്രവർത്തികൾ ചെയ്യുവാൻ കരുതിടേണ്ട = നീ ചിന്തിക്കേണ്ട)

(ചരണം 3 - ദുർന്നയനായീടുന്ന നീ = ദുർബുദ്ധിയായ നീ, എന്നോട് ഇന്നു ചൊന്നത് = എന്നോട് ഇന്നു പറഞ്ഞത്, അവർ തന്നിൽ = അവരിൽ, ഒരുവനെന്നാലും = ഒരാളെങ്കിലും, ധരിച്ചെന്നാകിൽ = അറിഞ്ഞുപോയാൽ, കലുഷമുറയ്ക്കും = തീർച്ചയായും ക്രോധിക്കും, കരുണ കുറയ്ക്കും = ദയ ഉപേക്ഷിക്കും, കലശൽ ഭവിക്കും = കലഹം ഉണ്ടാകും, നിന്നെ വധിക്കും = നിന്നെ കൊല്ലും. കാൺക = നീ മനസ്സിലാക്കുക)


                                                       ഏഴാം രംഗം


(സുദേഷ്ണയുടെ ഭവനം)

ശ്ലോകം 11. രാഗം: മാരധനാശി. താളം: അടന്ത 14 മാത്ര


കൃശോദരീം താമിതി ഭാഷമാണാം

സ്വസോദരീ ശാസനതോ വിധേയാം

വിധാതുകാമോ വിഗതത്രപോസൌ

ജഗാദ താം സൂതസുതഃ സുദേഷ്ണാം


(ശ്ലോകം 11 - ഇതി ഭാഷമാണാം = ഇപ്രകാരം പറയുന്ന, താം കൃശോദരീം = ആ സുന്ദരിയെ, സ്വസോദരീശാസനതഃ = തൻ്റെ സഹോദരിയായ സുദേഷ്ണയുടെ പ്രോരണയാൽ, വിധേയാം = സ്വാധീനയാക്കി, വിധാതുകാമഃ = ചെയ്യുവാൻ ആഗ്രഹിക്കുന്നവനായിട്ട്, വിഗതത്രപഃ = ലജ്ജയില്ലാത്ത, അസൌ സൂതസുതഃ = ആ കീചകൻ, താം സുദേഷ്ണാം = ആ സുദേഷ്ണയോട്, ജഗാദ = പറഞ്ഞു)

(സാരം - തൻ്റെ അഭിലാഷത്തിനു വഴങ്ങാത്ത മാലിനിയെ വശപ്പെടുത്തുവാൻ കീചകൻ ഒരു യുക്തി പ്രയോഗിക്കുവാൻ തീർച്ചപ്പെടുത്തി. തൻ്റെ സഹോദരിയാണല്ലോ അവിടത്തെ രാജ്ഞിയായ സുദേഷ്ണ. സുദേഷ്ണയോട് പ്രാർത്ഥിക്കാം. ആ രാജ്ഞിയെക്കൊണ്ട് മാലിനിയോട് പറയിക്കാം. രാജ്ഞിയുടെ ആജ്ഞ കേൾക്കേണ്ടവളാണല്ലോ സൈരന്ധ്രിയായ മാലിനി. അപ്രകാരം ചെയ്യുവാൻ ആഗ്രഹിച്ച കീചകൻ ലജ്ജയില്ലാതെ ആ സുദേഷ്ണയോട് പറഞ്ഞു)

(ബ്രാഹ്മണസ്ത്രീയിൽ ക്ഷത്രിയനു ജനിച്ച പുത്രൻ്റെ പേരാണ് സൂതനെന്നത്. കേകയരാജവംശം അങ്ങനെ ഉണ്ടായതത്രെ. അതുകൊണ്ട് ആ വംശത്തിൽ ജനിച്ചവരെല്ലാം സൂതന്മാരാണ്. സൂതനായ കേകയരാജാവിന് മാളവിയെന്ന ജ്യേഷ്ഠപത്നിയിൽ നൂറ്റി ആറു പുത്രന്മാരുണ്ടായി. മൂത്തപുത്രൻ കീചകൻ. ബാക്കി നൂറ്റി അഞ്ചു പേർ ഉപകീചകന്മാർ. കേകയന്ന് രണ്ടാമത്തെ പത്നിയിൽ ജനിച്ച മകളാണ് വിരാടപത്നിയായ സുദേഷ്ണ. കീചകൻ വിരാടൻ്റെ സേനാപതിയാണ്. ഉപകീചകന്മാർ സഹായഭൂതന്മാരും. സൂതവംശത്തിൽ ജനിച്ച കേകയൻ്റെ പുത്രനായതുകൊണ്ടാണ് കീചകനെ സൂതസുതനെന്നു പറയുന്നത്.)


പദം 13. രാഗം: മാരധനാശി. താളം: അടന്ത 14 മാത്ര

(കീചകൻ സുദേഷ്ണയോട്)


പല്ലവി


സോദരി! രാജ്ഞീമൌലിമാലികേ! താവകം

പാദപങ്കജമിതാ വണങ്ങുന്നേൻ (സോദരി)


ചരണം 1


സുന്ദരീമണിയാകും മാലിനീമൂലമായി

കന്ദർപ്പനാലേ ഞാനോ ജിതനായി (സോദരി)


ചരണം 2


പലനാളുമഭിലാഷം പറഞ്ഞിട്ടുമവൾ മനം

ശിലപോലെ മഹാരൂക്ഷം ശിവ! ശിവ‍! (സോദരി)


(പല്ലവി - രാജ്ഞീമൌലിമാലികേ = രാജ്ഞിമാരുടെ ശിരോഭൂഷണമായി വിളങ്ങുന്ന, സോദരി = സഹോദരി, താവകം പാദപങ്കജം = ഭവതിയുടെ പാദാരവിന്ദം, ഇതാ വണങ്ങുന്നേൻ = ഇതാ ഞാൻ വന്ദിക്കുന്നു.)

(ചരണം 1 - സുന്ദരീമണിയാകും = സുന്ദരീരത്നമായ, മാലിനി മൂലമായി = മാലിനി നിമിത്തം, കന്ദർപ്പനാലേ = കാമദേവനാൽ, ഞാനോ ജിതനായി = ഞാൻ തോല്പിക്കപ്പെട്ടിരിക്കുന്നു)

(ചരണം 2 - പലനാളും = പല ദിവസവും, അഭിലാഷം പറഞ്ഞിട്ടും = ആഗ്രഹം പറഞ്ഞു നോക്കിയിട്ടും, അവൾ മനം = ആ മാലിനിയുടെ മനസ്സ്, ശിലപോലെ = കല്ലുപോലെ, മഹാരൂക്ഷം = വളരെ കഠിനമായിത്തന്നെയിരിക്കുന്നു, ശിവ ശിവ‍ = ദുസ്സഹം ദുസ്സഹം)


പദം 14.രാഗം: എരിക്കലകാമോദരി. താളം: അടന്ത 14 മാത്ര

(സുദേഷ്ണ കീചകനോട്)


പല്ലവി


സോദര! ശൃണു മമ വചനം

മേദുരഗുണ! നയവേദികളുടെ മൌലേ (സോദര)


ചരണം 1


നല്ലതിനല്ല നീതാൻ തുടങ്ങുന്നു ധരിച്ചാലും

നിർല്ലജ്ജനായിട്ടേവം ചൊല്ലായ്ക മഹാമതേ! (സോദര)


ചരണം 2


ഗന്ധർവ്വന്മാരഞ്ചുപേർ അവളുടെ രമണന്മാർ

അന്ധത്വംകൊണ്ടു നീയുമനർത്ഥങ്ങൾ വരുത്തൊല്ല (സോദര)


ചരണം 3


ദന്ദശൂകങ്ങളുടെ വൃന്ദവേഷ്ടിതയാകും

ചന്ദനവല്ലിപോലസ്സുന്ദരിയറിഞ്ഞാലും (സോദര)


(പല്ലവി - മേദുരഗുണ = വർദ്ധിച്ച ഗുണങ്ങളോടുകൂടിയവനും, നയവേദികളുടെ മൌലേ = നീതിജ്ഞന്മാരിൽ ശ്രേഷ്ഠനും ആയ, സോദര = സഹോദര, മമ വചനം ശൃണു = എൻ്റെ വാക്കു കേൾക്കുക)

(ചരണം 1 - നീ തുടങ്ങുന്നു = നീ തുടങ്ങുന്നത്, നല്ലതിനല്ല താൻ =നല്ലതിനല്ലതന്നെ, ധരിച്ചാലും = മനസ്സിലാക്കുക, മഹാമതേ = മഹാബുദ്ധിമാനായ സോദര, നിർല്ലജ്ജനായിട്ട് = ലജ്ജയില്ലാതെ, ഏവം ചൊല്ലായ്ക = ഇപ്രകാരം പറയരുത്)

(ചരണം 2 - അവളുടെ രമണന്മാർ = അവളുടെ ഭർത്താക്കന്മാർ, അഞ്ചുപേർ ഗന്ധർവ്വന്മാർ = അഞ്ചു ഗന്ധർവ്വന്മാരാണ്, അന്ധത്വംകൊണ്ട് = അറിവില്ലായ്മ കൊണ്ട്, നീയും അനർത്ഥങ്ങൾ = നീ ആപത്തുകൾ, വരുത്തൊല്ല = വലിച്ചുവയ്ക്കരുത്)

(ചരണം 3 - ദന്ദശൂകങ്ങളുടെ = പാമ്പുകളുടെ, വൃന്ദവേഷ്ടിതയാകും = സമൂഹത്താൽ ചുറ്റപ്പെട്ട, ചന്ദനവല്ലിപോൽ = ചന്ദനവള്ളിപോലെയാണ്, ആ സുന്ദരിയറിഞ്ഞാലും = ആ സുന്ദരി എന്നു ധരിച്ചുകൊള്ളുക)


രാഗം: മാരധനാശി. താളം: അടന്ത 14 മാത്ര (കീചകൻ സുദേഷ്ണയോട്)


ചരണം 4


അഞ്ചുഗന്ധർവ്വന്മാരെജ്ജയിപ്പാൻ പോരുമേകൻ ഞാൻ

പഞ്ചബാണനെ വെൽ‌വാനെളുതല്ലേ (സോദരി)


(ചരണം 4 - അഞ്ചുഗന്ധർവ്വന്മാരെ = അഞ്ചു ഗന്ധർവ്വന്മാരെയും, ജയിപ്പാൻ = തോല്പിക്കുവാൻ, ഞാൻ ഏകൻ പോരും = ഞാൻ ഒരാൾ മതി, പഞ്ചബാണനെ വെൽ‌വാൻ = കാമദേവനെ ജയിക്കുവാൻ, എളുതല്ലേ = എനിക്കു ശക്തിയില്ല തന്നെ)



രാഗം: എരിക്കലകാമോദരി. താളം: മുറിയടന്ത 14 മാത്ര (സുദേഷ്ണ കീചകനോട്)


ചരണം 5


എന്നാൽ ഞാനൊരുദിനമവളെ വല്ലവിധവും

നിന്നുടെ പുരം തന്നിലയച്ചീടാം ഗമിച്ചാലും (സോദര)


(ചരണം 5 - എന്നാൽ = അങ്ങനെയാണെങ്കിൽ, ഞാൻ ഒരു ദിനം =ഞാൻ ഒരു ദിവസം, വല്ലവിധവും = വല്ല വിധത്തിലും, അവളെ നിന്നുടെ പുരം തന്നിൽ =അവളെ നിൻ്റെ ഗൃഹത്തിലേക്ക്, അയച്ചീടാം = അയക്കാം, ഗമിച്ചാലും = നീ പൊയ്ക്കൊള്ളുക)


                                                          എട്ടാം രംഗം


ശ്ലോകം 12

രാഗം: ഉശാനി. താളം: ചെമ്പട 16 മാത്ര


(സുദേഷ്ണയുടെ ഭവനം)

അഭ്യർത്ഥിതാ തേന മുഹുഃ സുദേഷ്ണാ

കൃഷ്ണാം കദാചിന്മധുയാചനാർത്ഥം

സമീപമാത്മീയസഹോദരസ്യ

നിനീഷുരേഷാ മധുരം ബഭാഷേ


(ശ്ലോകം 12 - തേന = ആ കീചകനാൽ, മുഹുഃ അഭ്യർത്ഥിതാ = പിന്നെയും പിന്നെയും അഭ്യർത്ഥിക്കപ്പെട്ട, ഏഷാ സുദേഷ്ണാ = ഈ സുദേഷ്ണ, കദാചിൽ =ഒരിക്കൽ, മധുയാചനാർത്ഥം = മദ്യം ചോദിക്കുവാനായി, കൃഷ്ണാം = പാഞ്ചാലിയെ, ആത്മീയസഹോദരസ്യ = തൻ്റെ സഹോദരനായ കീചകൻ്റെ, സമീപം നിനീഷുഃ = അടുക്കലേക്ക് അയക്കുവാൻ വേണ്ടി, മധുരം = മധുരമായി, ബഭാഷേ = പറഞ്ഞു)


പദം 15

രാഗം: ഉശാനി. താളം: ചെമ്പട 16 മാത്ര

(സുദേഷ്ണ പാഞ്ചാലിയോട്)


പല്ലവി


മാനിനിമാർ മൌലിമണേ!

മാലിനി! നീ വരികരികിൽ


അനുപല്ലവി


ആനനനിന്ദിതചന്ദ്രേ!

അയി സഖി! നീ ശൃണുവചനം


ചരണം 1


പരിചൊടു നീ മമ സവിധേ

പകലിരവും വാഴുകയാൽ

ഒരു ദിവസം ക്ഷണമതുപോ-

ലുരുസുഖമേ തീർന്നിതു മേ (മാനിനി)


ചരണം 2


ഇന്നിഹ ഞാനൊരു കാര്യം

ഹിതമൊടു ചൊല്ലീടുന്നേൻ

ഖിന്നതയിങ്ങതിനേതും

കിളിമൊഴി! നീ കരുതരുതേ (മാനിനി)


ചരണം 3


സോദരമന്ദിരമതിൽ നീ

സുഭഗതരേ! ചെന്നധുനാ

ഓദനവും മധുവും കൊ-

ണ്ടുദിതമുദാ വരിക ജവാൽ (മാനിനി)


(പല്ലവി, അനുപല്ലവി - മാനിനിമാർ മൌലിമണേ = സുന്ദരിമാരുടെ ശിരോരത്നമായി വിളങ്ങുന്ന, മാലിനി നീ അരികിൽ വരിക = മാലിനി നീ സമീപത്തു വന്നാലും, അയി ആനനനിന്ദിതചന്ദ്രേ സഖി = അല്ലയോ മുഖം കൊണ്ട് ചന്ദ്രനെ നിന്ദിച്ച സഖി, നീ വചനം ശൃണു = നീ വാക്കു കേൾക്കുക)

(പരിചൊടു നീ = യഥായോഗ്യമായി നീ, മമ സവിധേ = എൻ്റെ സമീപത്തിൽ, പകലിരവും = പകലും രാത്രിയും, വാഴുകയാൽ = പാർക്കുന്നതു നിമിത്തം, ഒരു ദിവസം ക്ഷണമതുപോൽ = ഒരു ദിവസം ഒരു ക്ഷണമെന്നപോലെ, മേ ഉരു സുഖമേ = എനിക്ക് ഏറ്റവും സുഖപ്രദമായിത്തന്നെ, തീർന്നിതു = കഴിഞ്ഞു വരുന്നു)

(കിളിമൊഴി = കിളിയെപ്പോലെ സംസാരിക്കുന്നവളേ, ഇന്ന് ഇഹ ഞാൻ = ഇന്ന് ഇവിടെ ഞാൻ, ഒരു കാര്യം ഹിതമൊടു ചൊല്ലീടുന്നേൻ = ഒരു കാര്യം സ്നേഹത്തോടുകൂടി പറയുന്നു, ഇങ്ങ് അതിന് ഏതും =ഇവിടെ അതിന് ഒട്ടും, നീ ഖിന്നത = നീ ഖേദം, കരുതരുതേ = വിചാരിക്കരുതേ)

(സുഭഗതരേ = അതിസുന്ദരീ, നീ അധുനാ = നീ ഇപ്പോൾ, സോദരമന്ദിരമതിൽ = സോദരൻ്റെ ഗൃഹത്തിൽ, ചെന്ന് ഉദിതമുദാ = പോയി വർദ്ധിച്ച സന്തോഷത്തോടെ, ഓദനവും മധുവും = ചോറും മദ്യവും, കൊണ്ടു ജവാൽ = വാങ്ങി വേഗത്തിൽ, വരിക = വന്നാലും. ഇവിടെ സുദേഷ്ണ ചോറും മദ്യവും എന്നു പറഞ്ഞത് അർത്ഥഗർഭമാണ്. നീ ചെന്ന് എൻ്റെ സഹോദരനായ കീചകൻ്റെ പ്രീതി സമ്പാദിക്കുന്ന പക്ഷം നിനക്ക് ഈ ജീവിതത്തിൽ എന്നെന്നും സുഖമായി ഊണുകഴിച്ച് ജീവിക്കുവാനും യൌവനമദം ആസ്വദിച്ച് ആനന്ദിക്കുവാനും ഇടവരുമെന്നാണ് സുദേഷ്ണയുടെ ആന്തരമായ അഭിപ്രായം)


                                                              ദണ്ഡകം


പാദം 1


ക്ഷോണീന്ദ്രപത്നിയുടെ

വാണീം നിശമ്യ പുന-

രേണീവിലോചന നടുങ്ങീ

മിഴിയിണകലങ്ങീ

വിവശതയിൽ മുങ്ങീ

പലതടവുമതിനു പുന-

രവളൊടു പറഞ്ഞളവു

പരുഷമൊഴി കേട്ടുടനടങ്ങീ


പാദം 2


ദാസ്യം സമസ്തജന-

ഹാസ്യം നിനച്ചു നിജ-

മാസ്യം നമിച്ചു പുനരേഷാ

വിജിതസുരയോഷാ-

വിഗതപരിതോഷാ

ശ്രമസലില ബഹുലതര-

നയനജലമതിലുടനെ

മുഴുകിബത മലിനതരവേഷാ


പാദം 3


ഗാത്രം വിറച്ചതതി-

മാത്രം കരത്തിലഥ

പാത്രം ധരിച്ചവിടെ നിന്നൂ

പരിചൊടു നടന്നൂ-

പഥി കിമപി നിന്നൂ

ഹരിണരിപുവരസഹിത-

ദരിയിലിഹ പോകുമൊരു

ഹരിണിയുടെ വിവശത കലർന്നൂ


പാദം 4


നിശ്വസ്യ ദീർഘമഥ

വിശ്വസ്യനാഥമപി

വിശ്വസ്യ ചേതസി സുജാതാ

ധൃതിരഹിതചേതാ

ധൃതപുളകജാതാ

സൂതസുതനുടെ മണിനി-

കേതമതിലവൾ ചെന്നു

ഭീതിപരിതാപപരിഭൂതാ


(ദണ്ഡകം. പാദം 1 - ക്ഷോണീന്ദ്രപത്നിയുടെ = വിരാടപത്നിയായ സുദേഷ്ണയുടെ, വാണീം നിശമ്യ പുനഃ = വാക്കു കേട്ടിട്ടാകട്ടെ, ഏണീവിലോചന = പേടമാൻമിഴിയായ പാഞ്ചാലി, നടുങ്ങി = പേടിച്ചു വിറച്ചു, മിഴിയിണകലങ്ങി = രണ്ടു കണ്ണും കലങ്ങി, വിവശതയിൽ മുങ്ങി = തളർച്ചയിൽ മുഴുകി, പുനഃ അതിനു = പിന്നെ അതിന്, പല തടവും = പല തടസ്സവും, പറഞ്ഞളവ് =പറഞ്ഞപ്പോൾ, പരുഷമൊഴി = സുദേഷ്ണയുടെ കടുത്ത വാക്ക്, കേട്ടുടൻ അടങ്ങി = കേട്ട് മിണ്ടാതെ നിന്നു)


(ദണ്ഡകം. പാദം 2 - ദാസ്യം = ദാസിയായിരിക്കുകയെന്നത്, സമസ്തജനഹാസ്യം = സർവ്വജനങ്ങളാലും പരിഹസിക്കത്തക്കതാണെന്നു, നിനച്ചു = വിചാരിച്ച്, നിജം ആസ്യം നമിച്ചു = തൻ്റെ മുഖം കുനിച്ചു, വിജിതസുരയോഷാ = ദേവസ്ത്രീകളെ തോല്പിക്കത്തക്ക സൌന്ദര്യമുള്ള, ഏഷാ പുനഃ = ഈ പാഞ്ചാലി പിന്നെ, വിഗതപരിതോഷാ = സന്തോഷം ഇല്ലാത്തവളായി, ശ്രമസലിലബഹുലതരനയനജലമതിൽ = വിയർപ്പുവെള്ളത്തിലും അധികമായ കണ്ണുനീരിലും, ഉടനെ മുഴുകി = ഉടൻതന്നെ മുങ്ങി, ബത = കഷ്ടം, മലിനതരവേഷാ = ഏറ്റവും മുഷിഞ്ഞ വേഷത്തോടുകൂടിയവളായി)


(ദണ്ഡകം. പാദം 3 - ഗാത്രം അതിമാത്രം = ശരീരം ഏറ്റവും, വിറച്ചിത് = വിറച്ചു, അഥ കരത്തിൽ = അനന്തരം കൈയ്യിൽ, പാത്രം ധരിച്ച് = പാത്രമെടുത്ത്, അവിടെ നിന്നു പരിചൊടു നടന്നു = അവിടെ നിന്നു പതുക്കെ പുറപ്പെട്ടു, പഥി കിമപി നിന്നു = വഴിയിൽ കുറച്ചു നിന്നു, ഇഹ = ഇവിടെ (വഴിയിൽ), ഹരിണരിപുവരസഹിതദരിയിൽ = സിംഹത്താനുള്ള ഗുഹയിൽ, പോകുമൊരു ഹരിണിയുടെ = പോകുന്ന മാൻപേടയുടെ, വിവശത കലർന്നു = ഭയം പൂണ്ടു)


(ദണ്ഡകം. പാദം 4 - അഥ ദീർഘം നിശ്വസ്യ = അനന്തരം നെടുവീർപ്പിട്ട്, വിശ്വസ്യ നാഥം അപി = ലോകനാഥനേയും, ചേതസി വിശ്വസ്യ = മനസ്സിൽ വിശ്വസിച്ചിട്ട്, സുജാതാ അവൾ = കുലീനയായ ആ പാഞ്ചാലി, ധൃതിരഹിതചേതാഃ = ധൈര്യമില്ലാത്ത മനസ്സോടുകൂടിയവളായി. ധൃതപുളകജാതാ = കോരിത്തരിച്ചുകൊണ്ട്, ഭീതിപരിതാപപരിഭൂതാ = ഭയദുഃഖപരവശയായിട്ട്, സൂതസുതനുടെ = കീചകൻ്റെ, മണിനികേതമതിൽ = മണിഗൃഹത്തിൽ ചെന്നു = ചെന്നുചേർന്നു)


                                                           ഒമ്പതാം രംഗം


ശ്ലോകം 13. രാഗം: കാംബോജി.താളം: ചെമ്പട 16 മാത്ര

(കീചകൻ്റെ മണിഗൃഹം)


സഭാജനവിലോചനൈഃ സമനിപീതരൂപാമൃതാം

സഭാജനകരാംബുജാം സവിധമാഗതാം പാർഷതീം

സഭാജനപുരസ്സരം‍ സമുപസൃത്യ സൂതാത്മജഃ

സഭാജനമഥോ മുദാം സരസമേവമൂചേ വചഃ


(ശ്ലോകം 13 - അഥോ = അനന്തരം, മുദാം ഭാജനം = സന്തോഷങ്ങൾക്കു പാത്രമായ, സഃ സൂതാത്മജഃ = ആ കീചകൻ, സഭാജനവിലോചനൈഃ = സഭയിലുള്ള ജനങ്ങളുടെ കണ്ണുകളാൽ, സമനിപീതരൂപാമൃതാം = ഒപ്പം നുകരപ്പെട്ട സൌന്ദര്യത്തോടുകൂടിയവളും, സഭാജനകരാംബുജാം = താമരപ്പൂപോലുള്ള കയ്യിൽ ഭാജനം(പാത്രം) ഉള്ളവളും, സവിധം ആഗതാം = അരികിൽ വന്നവളും ആയ, പാർഷതീം = പാഞ്ചാലിയെ, സഭാജനപുരസ്സരം‍ =സൽക്കാരപൂർവ്വം, സമുപസൃത്യ = സമീപിച്ചിട്ട്, ഏവം സരസം വചഃ = ഇപ്രകാരം സരസമായ വാക്ക്, ഊചേ = പറഞ്ഞു)


പദം 10. രാഗം: കാംബോജി.താളം: ചെമ്പട 16 മാത്ര

(കീചകൻ പാഞ്ചാലിയോട്)


പല്ലവി:


ഹരിണാക്ഷീജനമൌലിമണേ! നീ

അരികിൽ വരിക മാലിനീ!


അനുപല്ലവി


തരുണീ നിന്നുടയ സഞ്ചാരദൂനതര-

ചരണനളിനപരിചരണപരൻ ഞാൻ (ഹരിണാക്ഷീ)


ചരണം 1


ധന്യേ! മാലിനീ! നീ മമ സദനേ

താനേ വന്നതിനാൽ ശശിവദനേ!

മന്യേ മാമതി ധന്യം ഭുവനേ

മദകളകളഹംസാഞ്ചിതഗമനേ! (ഹരിണാക്ഷീ)


ചരണം 2


മന്ദിരമിതു മമ മഹിതമായ് വന്നു

മാമക ജന്മവും സഫലമായിന്നു

സുന്ദരി! മഞ്ചമതിങ്കലിരുന്നു

സുഖമൊടു രമിച്ചീടുവതിന്നു (ഹരിണാക്ഷീ)


(പല്ലവി,അനുപല്ലവി - ഹരിണാക്ഷീജനമൌലിമണേ = പേടമാൻമിഴികളുടെ ശിരോരത്നമായ, മാലിനി നീ അരികിൽ വരിക = മാലിനി നീ സമീപത്തിൽ വന്നാലും, തരുണി നിന്നുടയ = അല്ലയോ യുവതി നിൻ്റെ, സഞ്ചാരദൂനതരചരണനളിനപരിചരണപരൻ ഞാൻ = നടന്ന് ഏറ്റവും വേദനപൂണ്ട കാൽത്താമരപ്പൂക്കളെ ശുശ്രൂഷിക്കുന്നതിൽ തൽപരനാണ് ഞാൻ)

(ചരണം 1 - ധന്യേ = ഭാഗ്യവതിയും, ശശിവദനേ = ചന്ദ്രമുഖിയും, മദകളകളഹംസാഞ്ചിതഗമനേ = മദിച്ച ഗജത്തിൻ്റെയും അരയന്നത്തിൻ്റെയും എന്നപോലെ മനോഹരമായ നടത്തത്തോടുകൂടിയവളുമായ മാലിനി, നീ മമ സദനേ = നീ എൻ്റെ ഗൃഹത്തിൽ, താനേ വന്നതിനാൽ = സ്വയം വന്നതുകൊണ്ട്, ഭുവനേ മാം = ലോകത്തിൽ എന്നെ, അതി ധന്യം = അതിഭാഗ്യവാനെന്നു, മന്യേ = ഞാൻ വിചാരിക്കുന്നു)

(ചരണം 2 - ഇന്നു മമ മന്ദിരം ഇതു = ഇന്ന് എൻ്റെ ഈ ഗൃഹം, മഹിതമായ് വന്നു = ശ്രേഷ്ഠമായിത്തീർന്നു, മാമക ജന്മവും = എൻ്റെ ജന്മവും, സഫലമായി = ഫലവത്തായി ഭവിച്ചു, സുന്ദരി = അല്ലയോ സുന്ദരി, ഇന്നു മഞ്ചമതിങ്കൽ = ഇപ്പോൾ കട്ടിലിന്മേൽ, ഇരുന്നു സുഖമൊടു = ഇരുന്നു സുഖമായി, രമിച്ചീടുവത് = രമിക്കാം)


രാഗം: ശങ്കരാഭരണം.താളം: ചെമ്പട

(പാഞ്ചാലി കീചകനോട്)


ചരണം 3


സൂതകുലാധമ! നിന്നൊടിദാനീം

ചോദിക്കുന്നു സുദേഷ്ണാ ഭഗിനീ

കാദംബരി തരികെന്നു, മുദാ നീ

കനിവിനൊടതു തന്നീടണമധുനാ


പല്ലവി

അരുതരുതനുചിതവചനം കുമതേ!

ഹന്ത ഹന്ത വെറുതേ


(ചരണം 3 - സൂതകുലാധമ = സൂതവംശത്തിൽവെച്ചു അധമനായ, കുമതേ = ദുർബ്ബുദ്ധേ, ഭഗിനീ സുദേഷ്ണ = സഹോദരിയായ സുദേഷ്ണ, കാദംബരി തരിക എന്നു = മദ്യം തരണം എന്ന്, നിന്നൊട് ഇദാനീം = നിന്നോടിപ്പോൾ, ചോദിക്കുന്നു = ആവശ്യപ്പെടുന്നു, നീ അധുനാ മുദാ = നീ ഇപ്പോൾ സന്തോഷത്തോടുകൂടി, അതു കനിവിനൊടു = അതു ദയവായി, തന്നിടേണം = തരണം)

(പല്ലവി - വെറുതെ അനുചിതവചനം = വെറുതെ ന്യായമല്ലാത്ത വാക്ക്, അരുതരുത് = തീരെ പറയരുത്, ഹന്ത ഹന്ത = കഷ്ടം കഷ്ടം)


പദം 17. രാഗം: കേദാരഗൌഡം. താളം: ചെമ്പട

(കീചകൻ പാഞ്ചാലിയോട്)


കണ്ടുകൊൾക എങ്കിലിന്നു

കുണ്ഠശീലേ നിന്നെ

രണ്ടുപക്ഷമില്ല ഞാനും

പൂണ്ടിടുവനിപ്പോൾ


(പദം 17 - കുണ്ഠശീലേ = ദുഷ്ടേ, എങ്കിൽ ഇന്ന് = എന്നാൽ ഇപ്പോൾ, കണ്ടുകൊൾക = നോക്കിക്കോ, ഞാനും നിന്നെ ഇപ്പോൾ = ഞാൻ നിന്നെ ഇപ്പോൾ, പൂണ്ടിടുവൻ = ബലാൽക്കാരമായി പുണരുന്നുണ്ട്, രണ്ടുപക്ഷമില്ല = സംശയമില്ല)



ശ്ലോകം 14. സാരംഗം

(രാക്ഷസൻ (മദോത്ക്കടൻ) കീചകനോട്)


ധരാധരാധിപാകൃതിർഘനാഘനൌഘഗർജ്ജിത-

സ്തദാ നിദാഘദീധീതിപ്രചോദിതോ മദോത്ക്കടഃ

പൃഥാവധൂപരോധിനം രണോത്ഭടസ്സ കീചകം

ക്രുധാ സമേത്യ സത്വരം രുരോധ കോപിരാക്ഷസഃ


(ശ്ലോകം 14 - ധരാധരാധിപാകൃതിഃ = പർവ്വതം പോലുള്ള ശരീരത്തോടുകൂടിയവനും, ഘനാഘനൌഘഗർജ്ജിതഃ = കാർമേഘസമൂഹംപോലെ ഗർജ്ജിക്കുന്നവനും, നിദാഘദീധീതിപ്രചോദിതഃ = സൂര്യദേവനാൽ പറഞ്ഞയക്കപ്പെട്ടവനും, രണോത്ഭഃ = യുദ്ധവീരനുമായ, മദോത്ക്കടഃ = മദോത്ക്കടൻ എന്ന, സഃ കോപി രാക്ഷസഃ = ആ ഒരു രാക്ഷസൻ, തദാ സത്വരം സമേത്യ = അപ്പോൾ വേഗത്തിൽ വന്നിട്ട്, പൃഥാവധൂപരോധിനം = പാഞ്ചാലിയെ ആക്രമിക്കുവാൻ ഭാവിക്കുന്ന, കീചകം = കീചകനെ, ക്രുധാ രുരോധ = ക്രോധത്തോടുകൂടി തടുത്തു)


പാദം 18.രാഗം: സാരംഗം.താളം: മുറിയടന്ത – ദ്രുതകാലം

(രാക്ഷസൻ (മദോത്ക്കടൻ) കീചകനോട്)


പല്ലവി


നീച! കീചക! രേ നരാധമ! നീച!


അനുപല്ലവി:


ആചാരമല്ലാത്ത കൃത്യങ്ങൾ കണ്ടാൽ

വിരോചനൻ്റെ നിദേശകാരി

നിശാചരേന്ദ്രനടങ്ങുമോ ബത (നീച)


ചരണം 1


കഷ്ടമിത്തരുണിയെ വിടുന്നതി-

നൊട്ടുമേ മടിക്കൊല്ലാ‍

പുഷ്ടഗർവ്വമിതു ചെയ്തിടായ്കിലോ നീ

‍ദുഷ്ട! നിഷ്ഠുര മുഷ്ടിഘട്ടന-

നഷ്ടചേഷ്ടനതായ്‌വരും ശഠ!


(പല്ലവി,അനുപല്ലവി - രേ നരാധമ നീച കീചക = എടാ മനുഷ്യാധമനും നീചനുമായ കീചക, ആചാരമല്ലാത്ത കൃത്യങ്ങൾ കണ്ടാൽ = ധർമ്മമല്ലാത്ത പ്രവൃത്തികൾ കണ്ടാൽ, വിരോചനൻ്റെ നിദേശകാരി = സൂര്യൻ്റെ കിങ്കരനായ, നിശാചരേന്ദ്രൻ = രാക്ഷസശ്രേഷ്ഠൻ(ഞാൻ), അടങ്ങുമോ = വെറുതെ ഇരിക്കുമോ? ബത = കഷ്ടം)

(ചരണം 1 - കഷ്ടം = ഖേദകരമാണ്(നിൻ്റെ പ്രവൃത്തി), ഇത്തരുണിയെ വിടുന്നതിന് ഒട്ടുമേ മടിക്കൊല്ല = ഈ യുവതിയെ വിടാൻ തീരെ മടിക്കരുത്, ശഠ ദുഷ്ട = കപടം നിറഞ്ഞ ദുഷ്ട, നീ പുഷ്ടഗർവ്വം ഇതു ചെയ്തിടായ്കിലോ = നീ ഗർവ്വം വർദ്ധിച്ച് ഇത് ചെയ്യാതിരിക്കുകയാണെങ്കിൽ, നിഷ്ഠുര മുഷ്ടിഘട്ടന നഷ്ടചേഷ്ടനതായ്‌ വരും = കടുത്ത മുഷ്ടികൊണ്ടുള്ള ഇടിയാൽ ചേഷ്ടയറ്റവനായിത്തീരുന്നതാണ്)


ചരണം 2. രാഗം: സാരംഗം.താളം: മുറിയടന്ത

(കീചകൻ രാക്ഷസനോട്)


യാതുധാനകീടക! ഭയമെനി-

ക്കേതുമുള്ളിലില്ലെടാ

വീതശങ്കമിഹ പോരിലിന്നു നിന്നെ

പ്രേതനാഥനികേതനത്തിനു

ദൂതനാക്കുവനില്ല സംശയം


പല്ലവി

ഏഹി മൂഢമതേ! വീരനെങ്കിലേഹി മൂഢമതേ!


(ചരണം 2 - എടാ യാതുധാനകീടക = എടാ രാക്ഷസകീടമേ, എനിക്ക് ഉള്ളിൽ = എനിക്ക് മനസ്സിൽ, ഭയം ഏതും ഇല്ല = പേടി ഒട്ടും ഇല്ല, വീതശങ്കം = ശങ്കകൂടാതെ, ഇഹ പോരിൽ ഇന്നു നിന്നെ = ഇവിടെ യുദ്ധത്തിൽ ഇന്നു നിന്നെ, പ്രേതനാഥനികേതനത്തിനു = യമൻ്റെ ഗൃഹത്തിലേയ്ക്ക്, ദൂതൻ ആക്കുവൻ സംശയം ഇല്ല= ഞാൻ ദൂതനായി അയക്കുന്നുണ്ട് സംശയമില്ല)

(പല്ലവി - മൂഢമതേ = ബുദ്ധി കുറഞ്ഞവനേ, വീരനെങ്കിൽ = നീ വീരനാണെങ്കിൽ, ഏഹി = നേരിട്ടു വാ)


ചരണം 3.രാഗം: സാരംഗം. താളം: മുറിയടന്ത

(രാക്ഷസൻ (മദോത്ക്കടൻ) കീചകനോട്)


ഡംഭമാശു താവകം മമ ഭുജ-

സ്തംഭമേവ തീർത്തീടും.

വമ്പനെങ്കിൽ മമ മുമ്പിൽ നിൽക്ക നര-

ഡിംഭ! സമ്പ്രതി കിം ഫലം തവ

ദംഭവൃത്തികൾകൊണ്ടഹോ ജള! (നീച)


(ചരണം 3 - ജള നരഡിംഭ = ബുദ്ധിയില്ലാത്ത മനുഷ്യക്കുട്ടി, താവകം ഡംഭം = നിൻ്റെ അഹങ്കാരത്തെ, ആശു മമ ഭുജസ്തംഭം ഏവ തീർത്തീടും = വേഗത്തിൽ എൻ്റെ തൂണുപോലുള്ള കൈതന്നെ ശമിപ്പിക്കുന്നതാണ്, വമ്പനെങ്കിൽ സമ്പ്രതി മമ മുമ്പിൽ നിൽക്ക = ശക്തനാണെങ്കിൽ ഇപ്പോൾ എൻ്റെ മുമ്പിൽ നിൽക്കുക, തവ ദംഭവൃത്തികൾകൊണ്ട് = നിൻ്റെ ചതിപ്രവൃത്തികൾകൊണ്ട്, കിം ഫലം = എന്താണ് ഫലം, അഹോ = കഷ്ടം)


ചരണം 4.രാഗം: സാരംഗം. താളം: മുറിയടന്ത – ദ്രുതകാലം

(കീചകൻ രാക്ഷസനോട്)


ദക്ഷനെന്ന ദുർമ്മദം തീർത്തീടുവ-

നിക്ഷണേന താവകം.

പക്ഷമറ്റ മലപോലെ നിൻ്റെ ദേഹം

പക്ഷിസമുദയഭക്ഷണത്തിന-

രക്ഷണേന രണക്ഷിതിയിൽ വീഴും. (ഏഹി)


(ചരണം 4 - താവകം ദക്ഷനെന്ന ദുർമ്മദം = നിൻ്റെ സമർത്ഥനാണെന്നുള്ള ദുരഹങ്കാരം, ഇക്ഷണേന തീർത്തീടുവൻ = ഈ ക്ഷണത്തിൽ ഞാൻ തീർത്തേക്കാം, നിൻ്റെ ദേഹം = നിൻ്റെ ശരീരം, അരക്ഷണേന = അരനിമിഷം കൊണ്ട്, രണക്ഷിതിയിൽ = യുദ്ധഭൂമിയിൽ, പക്ഷിസമുദയഭക്ഷണത്തിനു = പക്ഷിസമൂഹത്തിനു ഭക്ഷിപ്പാൻ, പക്ഷമറ്റ മലപോലെ വീഴും = ചിറകറ്റ പർവ്വതം പോലെ വീഴുന്നതാണ്.)


ശ്ലോകം 15 (ഇടശ്ലോകം). രാഗം: സാരംഗം. താളം: മുറിയടന്ത


ദൃപ്തേന രക്ഷസേന്ദ്രേണ

ക്ഷിപ്തോ ദൂരേഽഥ കീചകഃ

നിതാന്തം വ്രീളിതോ ഭഗ്നോ

നിശാന്തം പ്രാപ ദുർമ്മനാഃ


(അഥ = അനന്തരം, ദൃപ്തേന രക്ഷസേന്ദ്രേണ = അഹങ്കാരിയായ രാക്ഷസശ്രേഷ്ഠനാൽ, ദൂരേ ക്ഷിപ്തഃ കീചകഃ = ദൂരത്തിൽ എറിയപ്പെട്ട് കീചകൻ, ഭഗ്നഃ = അംഗഭംഗം നേരിട്ടവനായിട്ട്, നിതാന്തം വ്രീളിതഃ = ഏറ്റവും ലജ്ജിതനായി, ദുർമ്മനാഃ = മനോവേദനയോടെ, നിശാന്തം പ്രാപ = ഗൃഹത്തെ പ്രാപിച്ചു)


                                                     പത്താം രംഗം

(വിരാടരാജാവിൻ്റെ സഭ)

ശ്ലോകം 16. രാഗം: ഘണ്ടാരം. താളം: അടന്ത


തൃഷ്ണാവൈഫല്യശല്യപ്രദലിതമനസസ്തസ്യ പാദപ്രഹാരൈഃ

കൃഷ്ണാ വക്ത്രാന്തവാന്തക്ഷതഭവപുനരുക്താധശ്രീരനന്താം

ചിന്താമന്തർവ്വഹന്തീ മുഹുരപി ച പതന്തീ രുദന്തീ നിതാന്തം

കുന്തീപുത്രാദിപൂർണ്ണേ സദസി നരപതിം പാർഷതീ സാ ബഭാഷേ


(ശ്ലോകം 16 - തൃഷ്ണാവൈഫല്യശല്യപ്രദലിതമനസഃ = ആഗ്രഹം ഫലിച്ചില്ലെന്ന ശല്യത്താൽ മനസ്സിനു മുറിവേറ്റ, തസ്യ പാദപ്രഹാരൈഃ = ആ കീചകൻ്റെ ചവിട്ടുകളാൽ, വക്ത്രാന്തവാന്തക്ഷതഭവപുനരുക്താധശ്രീഃ = വായിൽനിന്നൊഴുകുന്ന രക്തം കൊണ്ട് ചുണ്ടിൻ്റെ ചുവപ്പ് ഇരട്ടിച്ചിട്ടുള്ള, പാർഷതീ സാ കൃഷ്ണാ = പാഞ്ചാലരാജപുത്രിയായ ആ പാഞ്ചാലി, അന്തഃ അനന്താം ചിന്താം വഹന്തീ = മനസ്സിൽ അളവറ്റ ചിന്തയെ വഹിച്ചുകൊണ്ടും, മുഹുഃ അപി ച പതന്തീ = കൂടെക്കൂടെ വീണുകൊണ്ടും, നിതാന്തം രുദന്തീ = വല്ലാതെ കരഞ്ഞുകൊണ്ടും, കുന്തീപുത്രാദിപൂർണ്ണേ സദസി = പാണ്ഡവന്മാർ തുടങ്ങിയ പലരും നിറഞ്ഞ സഭയിൽ വച്ച്, നരപതിം ബഭാഷേ = വിരാടരാജാവിനോട് പറഞ്ഞു)


പദം 19. രാഗം: ഘണ്ടാരം. താളം: അടന്ത


പല്ലവി

ഹാ ഹാ! മഹാരാജ! കേൾക്ക ഹേ വീര!

ഹാ ഹാ! ഭവാനെൻ്റെ ഭാഷിതം.


അനുപല്ലവി

പാഹിം മാം പാഹി മാം കീചകനുടെ

സാഹസംകൊണ്ടു വലഞ്ഞൂ ഞാൻ (ഹാ ഹാ)



ചരണം 1


നിന്നുടെ വല്ലഭ ചൊൽകയാലവൻ-

തന്നുടെ മന്ദിരം തന്നിൽ ഞാൻ

ചെന്നു മധു കൊണ്ടുപോരുവാനപ്പോൾ

വന്നു പിടിപ്പതിനന്തികേ. (ഹാ ഹാ)


ചരണം 2


കണ്ഠീരവത്തിനെക്കണ്ടുടൻ ഭീതി

പൂണ്ടോരു മാൻപേട പോലെ ഞാൻ

മണ്ടീടിനേനതു കണ്ടവൻ കുതം-

കൊണ്ടു പിടിച്ചു താഡിച്ചു മാം- (ഹാ ഹാ)


ചരണം 3


പാർത്ഥിവന്മാർക്കു കുലധർമ്മം പര-

മാർത്തജനാവനമല്ലയോ?

ആർത്തികളാകവേ ഭൂപതേ! മമ

തീർത്തീടുക ഭവാൻ വൈകാതേ. (ഹാ ഹാ)


(പദം 19. പല്ലവി,അനുപല്ലവി - ഹാ ഹാ ഹേ വീര മഹാരാജ = അയ്യോ അയ്യോ വീരനായ മഹാരാജാവേ, ഹാ ഹാ! ഭവാൻ = അയ്യോ അയ്യോ ഭവാൻ, എൻ്റെ ഭാഷിതം കേൾക്ക = എൻ്റെ വാക്ക് കേൾക്കണേ, മാം പാഹി മാം പാഹി = എന്നെ രക്ഷിക്കണേ എന്നെ രക്ഷിക്കണേ, കീചകനുടെ സാഹസംകൊണ്ടു = കീചകൻ്റെ ദുഷ്പ്രവൃത്തികൊണ്ട്, ഞാൻ വലഞ്ഞു = ഞാൻ കഷ്ടത്തിലായി)

(ചരണം 1 - നിന്നുടെ വല്ലഭ ചൊൽകയാൽ = അങ്ങയുടെ ഭാര്യ പറഞ്ഞതനുസരിച്ച്, മധു കൊണ്ടുപോരുവാൻ = മദ്യം കൊണ്ടുപോരുന്നതിന്, അവൻ തന്നുടെ മന്ദിരം തന്നിൽ ഞാൻ ചെന്നു = അവൻ്റെ ഗൃഹത്തിൽ ഞാൻ ചെന്നു, അപ്പോൾ പിടിപ്പതിന് അന്തികേ വന്നു =അപ്പോൾ (അവൻ) പിടിക്കുവാൻ (എൻ്റെ) സമീപത്തിൽ വന്നു)

(ചരണം 2 - കണ്ഠീരവത്തിനെക്കണ്ടുടൻ ഭീതിപൂണ്ടോരു മാൻപേട പോലെ = സിംഹത്തെ കണ്ടു പേടിച്ച മാൻപേടയെപ്പോലെ, ഞാൻ മണ്ടീനേൻ = ഞാൻ ഓടി, അതു കണ്ട് അവൻ കുതംകൊണ്ടു = അതു കണ്ടിട്ട് അവൻ കുതിച്ചോടിവന്ന്, മാം പിടിച്ചു താഡിച്ചു = എന്നെ പിടിച്ച് അടിച്ചു)

(ചരണം 3 - പാർത്ഥിവന്മാർക്കു കുലധർമ്മം = രാജാക്കന്മാർക്ക് കുലത്തൊഴിൽ, പരം ആർത്തജനാവനം അല്ലയോ = കേവലം ദുഃഖിതജനങ്ങളെ രക്ഷിക്കൽ ആണല്ലോ, ഭൂപതേ ഭവാൻ = രാജാവേ അവിടുന്ന്, മമ ആർത്തികളാകവേ = എൻ്റെ ദുഃഖങ്ങൾ എല്ലാം, വൈകാതേ തീർത്തീടുക = ഉടനെ തീർത്തുതരണേ)


ശ്ലോകം 17. ഇന്ദിശ (ആട്ടത്തിനുള്ള ഇടശ്ലോകം)


ഗന്ധർവ്വാഃ സന്തി കാന്താസ്തവ ഖലു, ന ചിരാദേവ സന്താപമേതേ

ശാന്തിം നേഷ്യന്തി ഭദ്രേ! കതിപയസമയാൻ മീലിതാക്ഷീ സഹേഥാഃ

വത്സേ! സൈരന്ധ്രി! മാ ഭൈരവനിപതിരയം വത്സലഃ സ്യാലലോകേ

തസ്മാദാസ്തേ ഹി തൂഷ്ണീം നനു വിധിവിഹിതം സർവലോകൈരലംഘ്യം


(ശ്ലോകം 17 - കീചകൻ ചെയ്ത ആ അന്യായ കർമ്മത്തിന് പ്രതിവിധി ചെയ്യാൻ വിരാടരാജാവ് യത്നിച്ചില്ല. അപ്പോൾ സന്ന്യാസി വേഷത്തിൽ സഭയിൽ ഇരിക്കുന്ന ധർമ്മപുത്രർ പാഞ്ചാലിയെ ആശ്വസിപ്പിക്കുന്നു. - ഭദ്രേ = അല്ലയോ മംഗളശീലേ, തവ = നിനക്ക്, ഗന്ധർവ്വാഃ കാന്താഃ സന്തി ഖലു = ഗന്ധർവ്വന്മാരായ ഭർത്താക്കന്മാർ ഉണ്ടല്ലോ, ഏതേ ന ചിരാൽ ഏവ = ഇവർ താമസിയാതെ തന്നെ, സന്താപം = നിൻ്റെ ദുഃഖത്തെ, ശാന്തിം നേഷ്യന്തി = ശമിപ്പിക്കും, കതിപയസമയാൻ = കുറച്ചുകാലം, മീലിതാക്ഷീ സഹേഥാഃ = നീ കണ്ണടച്ച് സഹിച്ചിരിക്കുക, വത്സേ സൈരന്ധ്രി = അല്ലയോ ബാലേ സൈരന്ധ്രി, മാ ഭൈഃ = നീ ഭയപ്പെടേണ്ട, അയം അവനീപതി = ഈ രാജാവ്, സ്യാലലോകേ = ഭാര്യാസഹോദരന്മാരുടെ പേരിൽ, വത്സലഃ = ഏറ്റവും സ്നേഹമുള്ളവനാണ്, തസ്മാൽ ഹി = അതുകൊണ്ടുതന്നെയാണ്, തൂഷ്ണീം ആസ്തേ = മിണ്ടാതെ ഇരിക്കുന്നത്, വിധിവിഹിതം = ദൈവം വിധിച്ചത്, സർവലോകൈഃ = എല്ലാ ജനങ്ങൾക്കും, അലംഘ്യം നനു = ലംഘിക്കാൻ വയ്യാത്തതാണല്ലോ)


                                                   പതിനൊന്നാം രംഗം

(പാചകശാല)

ശ്ലോകം 18. രാഗം:ഗോപികാവസന്തം


ഇത്ഥം തേനാനുനീതാ മുഹുരപി കുഹനാമസ്കരീന്ദ്രേണ ഭർത്ത്രാ

ചിത്തേ പാദപ്രഹാരം കദനകലുഷിതേ സൂതസൂനോഃ സ്മരന്തീ

പാകസ്ഥാനേ ശയാനം പവനസുതമുപേത്യാഥ ദീനാ നിശായാം

ശോകോദ്യൽബാഷ്പപൂരസ്നപിതതനുലതാ പാർഷതീ സാ രുരോദ


(ശ്ലോകം 18 - കുഹനാമസ്കരീന്ദ്രേണ = കപടസന്ന്യാസിശ്രേഷ്ഠനായ, തേന ഭർത്ത്രാ = ആ ഭർത്താവിനാൽ, ഇത്ഥം മുഹു = ഇപ്രകാരം വീണ്ടും വീണ്ടും, അനുനീതാ അപി = സമാധാനിപ്പിക്കപ്പെട്ടവൾ ആയെങ്കിലും, സാ പാർഷതീ = ആ പാഞ്ചാലി, കദനകലുഷിതേ = ദുഃഖം കൊണ്ടു അസ്വസ്ഥമായ, ചിത്തേ = മനസ്സിൽ, സൂതസൂനോഃ = കീചകൻ്റെ, പാദപ്രഹാരം = ചവിട്ടിനെ, സ്മരന്തീ ദീനാ = ഓർമ്മിച്ചു സങ്കടം പൂണ്ട്, ശോകോദ്യൽബാഷ്പപൂരസ്നപിതതനുലതാ = ശോകത്താൽ പൊങ്ങുന്ന കണ്ണീർപ്രവാഹത്തിൽ കുളിപ്പിച്ച കോമളശരീരത്തോടുകൂടിയവളായിട്ട്, അഥ നിശായാം = പന്നെ രാത്രിയിൽ, പാകസ്ഥാനേ = അടുക്കളയിൽ, ശയാനം = കിടന്നുറങ്ങുന്ന, പവനസുതം ഉപേതു = ഭീമസേനൻ്റെ അടുത്തുചെന്ന്, രുരോദ = കരഞ്ഞു)


പദം 20. രാഗം:ഗോപികാവസന്തം. താളം: അടന്ത

(പാഞ്ചാലി ഭീമസേനനോട്)


പല്ലവി


കാന്ത! കൃപാലോ! കാത്തുകൊൾക

കാന്ത! കൃപാലോ!


ചരണം 1


കാന്താരാന്തരം തന്നിൽ വാണിടുമ്പോൾ

കാന്തരൂപ! നിൻ കാരുണ്യം കൊണ്ടല്ലോ

സ്വാന്തഖേദമുണ്ടായതശേഷവും

ശാന്തമായ് വന്നതോർത്താൽ (കാന്ത)


ചരണം 2


ദുഷ്ടനായോരു കീചകനീചൻ്റെ

ഇഷ്ടപൂർത്തി വരുത്തായ്കകൊണ്ടെന്നെ

മുഷ്ടിപാദങ്ങൾകൊണ്ടു താഡിച്ചവൻ

വിട്ടു വിധി ബലത്താൽ. (കാന്ത)


ചരണം 3


ദുർമ്മതിയായ ദുശ്ശാസനൻ ചെയ്ത

നിർമ്മരിയാദകർമ്മത്തെക്കാൾ മമ

ധർമ്മാനുജ! സൂതജൻ ചെയ്തൊരു

കർമ്മമസഹ്യമയ്യോ! (കാന്ത)


ചരണം 4

പ്രാണ നായക! വീരവര! ജഗൽ

പ്രാണ നന്ദന! നീയവനെയിനി

പ്രാണശാലിവര! ഹനിച്ചീടുവാൻ

കാണിയും വൈകീടൊല്ല. (കാന്ത)


(പദം 20. പല്ലവി - കൃപാലോ കാന്ത = ദയാലുവായ നാഥ, കാത്തുകൊൾക = എന്നെ രക്ഷിക്കണേ)


(ചരണം 1 - ഓർത്താൽ = ആലോചിച്ചു നോക്കുമ്പോൾ, കാന്താരാന്തരം തന്നിൽ വാണിടുമ്പോൾ = കാട്ടിനുള്ളിൽ പാർത്തിരുന്ന കാലത്ത്, കാന്തരൂപ = അല്ലയോ സുന്ദര ശരീര, നിൻ കാരുണ്യം കൊണ്ടല്ലോ = അങ്ങയുടെ ദയകൊണ്ടാണല്ലോ, സ്വാന്തഖേദം ഉണ്ടായത് അശേഷവും = മനോദുഃഖം ഉണ്ടായത് മുഴുവനും, ശാന്തമായ് വന്നത് = തീർന്നുപോയത്)


(ചരണം 2 - ദുഷ്ടനായോരു = ദുഃസ്വഭാവിയായ, കീചകനീചൻ്റെ = കീചകനെന്ന നീചൻ്റെ, ഇഷ്ടപൂർത്തി വരുത്തായ്കകൊണ്ടെു = ആഗ്രഹം നിറവേറ്റാത്തതുകൊണ്ട്, എന്നെ അവൻ മുഷ്ടിപാദങ്ങൾകൊണ്ടു താഡിച്ചു = എന്നെ അവൻ മുഷ്ടികൊണ്ടും കാൽകൊണ്ടും പ്രഹരിച്ച്, വിധി ബലത്താൽ വിട്ടു = ദൈവയോഗത്താൽ വിട്ടയച്ചു)


(ചരണം 3 - ധർമ്മാനുജ = അല്ലയോ ധർമ്മപുത്രാനുജ, ദുർമ്മതിയായ ദുശ്ശാസനൻ ചെയ്ത നിർമ്മരിയാദകർമ്മത്തെക്കാൾ =ദുർബുദ്ധിയായ ദുശ്ശാസനൻ ചെയ്ത മര്യാദകെട്ട പ്രവൃത്തിയേക്കാൾ, സൂതജൻ ചെയ്തൊരു കർമ്മം = കീചകൻ ചെയ്ത പ്രവൃത്തി, മമ അസഹ്യം = എനിക്ക് ദുസ്സഹമാണ്, അയ്യോ = കഷ്ടം)


(ചരണം 4 - പ്രാണ നായക = പ്രാണനാഥ, വീരവര = വീരശ്രേഷ്ഠ, ജഗൽ പ്രാണ നന്ദന = വായുപുത്ര, പ്രാണശാലിവര = ബലശാലികളിൽ അഗ്രേസര, നീ ഇനി അവനെ ഹനിച്ചീടുവാൻ = അങ്ങ് ഇനി ആ കീചകനെ വധിക്കുവാൻ, കാണിയും വൈകീടൊല്ല = ഒട്ടും താമസിക്കരുതേ)


പദം 21.രാഗം: ബിലഹരി.താളം: ചെമ്പട 8 മാത്ര

(ഭീമസേനൻ പാഞ്ചാലിയോട്)


പല്ലവി


മതി മതി മതിമുഖി! പരിതാപം. (മതി)


അനുപല്ലവി


മതിയതിലതിധൃതി ചേർക്ക നീ,യവനുടെ

ഹതി ബത വിരവൊടു ചെയ്തീടുന്നേൻ. (മതി)


ചരണം 1


ഘോരജടാസുരനാദിയെവെന്നൊരു

മാരുതസുതനിതിനെന്തൊരു വിഷമം. (മതി)


ചരണം 2


സാലനിപാതം ചെയ്യും പവനനു

തൂലനിരാകരണം ദുഷ്കരമോ? (മതി)


ചരണം 3


എങ്കിലുമിന്നിഹ ധർമ്മജവചനം

ലംഘനമതുചെയ്യരുതല്ലോ മേ. (മതി)


ചരണം 4


ഉണ്ടൊരുപായമതിന്നുരചെയ്യാം

വണ്ടാർകുഴലികളണിമൗക്തികമേ (മതി)


ചരണം 5


സങ്കേതം കില നൃത്തനികേതം

ശങ്കേതരമവനൊടു വദ ദയിതേ! (മതി)


(പദം 21 - പല്ലവി, അനുപല്ലവി - മതിമുഖി പരിതാപം മതി മതി = ചന്ദ്രമുഖി ദുഃഖിച്ചതു മതി മതി, നീ മതിയതിൽ അതിധൃതി ചേർക്ക = നീ ബുദ്ധിയിൽ അതിധൈര്യം വഹിച്ചുകൊള്ളുക, അവനുടെ ഹതി = അവൻ്റെ വധം, വിരവൊടു ചെയ്തീടുന്നേൻ = വേഗത്തിൽ ഞാൻ ചെയ്യുന്നതാണ്, ബത = കഷ്ടം)


(ചരണം 1 - ഘോരജടാസുരനാദിയെ = ഭയങ്കരനായ ജടാസുരൻ മുതലായവരെ, വെന്നൊരു മാരുതസുതന് = കൊന്ന ഭീമസേനന്, ഇതിന് എന്തൊരു വിഷമം = ഇതിന് എന്ത് പ്രയാസമാണുള്ളത്)


(ചരണം 2 - സാലനിപാതം ചെയ്യും പവനനു = മരങ്ങൾ പുഴക്കി വീഴ്ത്തുന്ന കാറ്റിന്, തൂലനിരാകരണം ദുഷ്കരമോ = പഞ്ഞിപറപ്പിക്കുക പ്രയാസമുള്ളതാണോ?)


(ചരണം 3 - എങ്കിലും ഇന്ന് ഇഹ = ഇപ്രകാരമാണെങ്കിലും ഇന്ന് ഇവിടെ, ധർമ്മജവചനം മേ ലംഘനമതു ചെയ്യരുതല്ലോ = ധർമ്മപുത്രരുടെ വാക്ക് എനിക്ക് ലംഘിക്കാവുന്നതല്ലല്ലോ)


(ചരണം 4 - വണ്ടാർകുഴലികളണിമൗക്തികമേ = വണ്ടുപോലെ തലമുടിയുള്ളവർക്കു ഭൂഷണമായിട്ടുള്ള നന്മുത്തേ, അതിന് ഒരു ഉപായം ഉണ്ട് = അതിന് ഒരു വഴി ഉണ്ട്, ഉരചെയ്യാം = ഞാൻ പറയാം)


(ചരണം 5 - ദയിതേ = അല്ലയോ പ്രിയതമേ, നൃത്തനികേതം = നാട്യശാല, കില = തീർച്ചയായും, സങ്കേതം = സമാഗമസ്ഥാനമെന്നു, ശങ്കേതരം അവനൊടു വദ = ശങ്കകൂടാതെ ആ കീചകനോടു നീ പറയുക)


                                                          പന്ത്രണ്ടാം രംഗം


(നൃത്തശാല)


ശ്ലോകം 19.രാഗം: ഭൈരവി. താളം: ചെമ്പട 16 മാത്ര


ഇത്ഥം വാതാത്മജാതഃ സദയമനുനയന്നാത്മകാന്താം നിശാം താം

നീത്വാ പശ്ചാദ്ദിനാന്തേ തമസി തമഹിതം പ്രത്യവേക്ഷ്യാദ്ധ്യവാത്സീൽ

നൃത്താഗാരം മൃഗാരിർദ്ദ്വിപമിവ നിഭൃതം സൂതസൂനുർന്നിദേശാൽ

കൃഷ്ണാകാമാന്തകാനാം തദനു തദുപഗമ്യാത്തമോദം ജഗാദ‍.


(ശ്ലോകം 19 - ഇത്ഥം വാതാത്മജാതഃ = ഇപ്രകാരം ഭീമസേനൻ, സദയം ആത്മകാന്താം = ദയയോടുകൂടി തൻ്റെ ഭാര്യയെ, അനുനയൻ = സമാധാനപ്പെടുത്തിക്കൊണ്ട്, താം നിശാം നീത്വാ = ആ രാത്രി കഴിച്ചുകൂട്ടിയിട്ട്, പശ്ചാൽ ദിനാന്തേ = പിന്നെ പകൽ കഴിഞ്ഞപ്പോൾ, തമസി = ഇരുട്ടത്ത്, തം അഹിതം = ആ ശത്രുവായ കീചകനെ, മൃഗാരിഃ ദ്വിപം ഇവ = സിംഹം ഗജത്തെയെന്നപോലെ, പ്രത്യവേക്ഷ്യാ = പ്രതീക്ഷിച്ചുകൊണ്ട്, നിഭൃതം = അനങ്ങാതെ, നൃത്താഗാരം അദ്ധ്യവാത്സീൽ = നൃത്തശാലയിൽ വസിച്ചു, തദനു സൂതസൂനുഃ = അതിനുശേഷം കീചകൻ, കൃഷ്ണാകാമാന്തകാനാം നിദേശാൽ = പാഞ്ചാലിയുടേയും കാമൻ്റേയും കാലൻ്റേയും പ്രേരണയാൽ, തൽ ഉപഗമ്യാ = ആ നൃത്തശാലയെ പ്രാപിച്ച്, ആത്തമോദം ജഗാദ‍ = സന്തോഷത്തോടെ പറഞ്ഞു)


പദം 22.രാഗം: ഭൈരവി. താളം: ചെമ്പട 16 മാത്ര

(കീചകൻ പാഞ്ചാലിയോട്)


പല്ലവി


കണ്ടിവാർകുഴലി, യെന്നെ

കണ്ടീലയോ ബാലേ!


അനുപല്ലവി


മിണ്ടിടാത്തതെന്തേ നിദ്ര

പൂണ്ടീടുകകൊണ്ടോ (കണ്ടിവാർ)


ചരണം 1


പ്രേമകോപം കൊണ്ടു മയി

കാമിനി വാഴുകയോ

കാമകേളി ചെയ്‌വതിന്നു

താമസിച്ചിടൊല്ല (കണ്ടിവാർ)


ചരണം 2


വല്ലാതെ ഞാൻ ചെയ്ത പിഴ-

യെല്ലാം സഹിക്ക നീ.

സല്ലാപം ചെയ്തീടുകെന്നോ-

ടുല്ലാസേന സുദതി! (കണ്ടിവാർ)


ചരണം 3


പല്ലവകോമളതനു-

തല്ലജമെന്തഹോ

കല്ലിനോടു തുല്യം നീതാ-

നല്ലല്ലീ മാലിനീ (കണ്ടിവാർ)


(പദം 22. പല്ലവി,അനുപല്ലവി - കണ്ടിവാർകുഴലി ബാലേ = കരിഞ്ചണ്ടി പോലെ തലമുടിയോടുകൂടിയ ബാലേ , എന്നെ കണ്ടീലയോ = എന്നെ നീ കണ്ടില്ലേ?, മിണ്ടിടാത്തത് എന്തേ = എന്നോട് മിണ്ടാത്തത് എന്തു കൊണ്ട്, നിദ്ര പൂണ്ടീടുകകൊണ്ടോ = ഉറങ്ങിപ്പോയതുകൊണ്ടാണോ?)

(ചരണം 1 - കാമിനി = അല്ലയോ അനുരാഗവതി, മയിപ്രേമകോപം കൊണ്ടു വാഴുകയോ = എന്നിൽ പ്രണയകലഹം വഹിച്ചുകൊണ്ട് ഇരിക്കുകയാണോ?, കാമകേളി ചെയ്‌വതിന്നു താമസിച്ചിടൊല്ല = കാമക്രീഡചെയ്യുവാൻ താമസിക്കരുതേ)

(ചരണം 2 - ഞാൻ വല്ലാതെ ചെയ്ത പിഴ എല്ലാം നീ സഹിക്ക = ഞാൻ ശക്തിയായി ചെയ്ത തെറ്റ് ഒക്കെ നീ ക്ഷമിക്കണം, സുദതി = നല്ല പല്ലുകളോടുകൂടിയവളേ, എന്നോടു ഉല്ലാസേന = എന്നോടു സന്തോഷത്തോടുകൂടി, സല്ലാപം ചെയ്തീടുക = സംഭാഷണം ചെയ്താലും)

(ചരണം 3 - മെല്ലെ തൊട്ടുനോക്കിയതിനുശേഷം - അഹോ = അത്ഭുതം, പല്ലവകോമളതനുതല്ലജം = തളിരുപോലെ മൃദുലമായ പ്രശസ്ത ശരീരം, എന്ത് കല്ലിനോടു തുല്യം = എന്താണ് കല്ലുപോലിരിക്കുന്നത്, നീ മാലിനിതാൻ അല്ലല്ലീ = നീ മാലിനിതന്നെ അല്ലയോ?)


പദം 23. രാഗം: പന്തുവരാളി - ഏകതാളം

(ഭീമൻ കീചകനോട്)


പല്ലവി


വരിക വരിക വിരവിലരികെ

നീയെട മൂഢ! മൂഢ! (വരിക)


ചരണം 1


തരുണിമാരൊടുരുസുഖേന

മരുവിടേണമെങ്കിൽ നിന്നെ

പരിചിനോടു സുരവധുക്ക-

ളരികിൽ ഞാനയച്ചിടാം (വരിക)


ചരണം 2


രുഷ്ടനാകുമെന്നൊടിന്നു

ധൃഷ്ടനെങ്കിലിങ്ങു സമര-

മൊട്ടുമേ മടിച്ചിടാതെ

പുഷ്ട കൗതുകേന ചെയ്ക (വരിക)


ചരണം 3


നിഷ്ഠുരങ്ങളാകുമെൻ്റെ

മുഷ്ടിതാഡനങ്ങൾ കൊണ്ടു

ദുഷ്ട! നിൻ്റെ ഗാത്രമാശു

പിഷ്ടമായ് വരും ദൃഢം. (വരിക)


(കീചകൻ ഭീമനോട്)


ചരണം 4


ആരെടാ ഭയം വെടിഞ്ഞു

വീരനാകുമെന്നൊടിന്നു

പോരിനായി നിശയിൽ വന്നു

നേരിടുന്നതോർത്തിടാതെ (വരിക)


ചരണം 5


ചോരനായ നിന്നെയിന്നു

ഘോരമാം മദീയബാഹു-

സാര പാവകൻ്റെ ജഠര-

പൂരണായ ചെയ്തിടും


(പല്ലവി - എട മൂഢാ = എട മൂർഖ, നീ വിരവിൽ അരികെ വരിക വരിക = നീ വേഗം അടുത്തു വരിക വരിക)

(ചരണം 1 -തരുണിമാരൊടു ഉരുസുഖേന മരുവിടേണമെങ്കിൽ = യുവതികളോടുകൂടി ഏറ്റവും സുഖമായി ജീവിക്കണമെന്നുണ്ടെങ്കിൽ, നിന്നെ പരിചിനോടു = നിന്നെ വേണ്ടപ്രകാരത്തിൽ, സുരവധുക്കളരികിൽ = ദേവസ്ത്രീകളുടെ അടുക്കലേക്ക്, ഞാൻ അയച്ചിടാം = ഞാൻ അയയ്കാം)

(ചരണം 2 - ധൃഷ്ടനെങ്കിൽ = ധൈര്യമുണ്ടെങ്കിൽ, ഇന്ന് ഇങ്ങ് = ഇന്നിവിടെ, രുഷ്ടനാകുമെന്നൊട് = കുപിതനായ എന്നോട്, ഒട്ടുമേ മടിച്ചിടാതെ = ഒട്ടും തന്നെ മടിക്കാതെ, പുഷ്ട കൗതുകേന = വർദ്ധിച്ച കൌതുകത്തോടുകൂടി, സമരം ചെയ്ക = യുദ്ധം ചെയ്യുക)

(ചരണം 3 - ദുഷ്ട = അല്ലയോ നീച. നിഷ്ഠുരങ്ങളാകും = കഠിനങ്ങളായ, എൻ്റെ മുഷ്ടിതാഡനങ്ങൾ കൊണ്ട് = എൻ്റെ മുഷ്ഠിപ്രഹരങ്ങൾ ഏറ്റ്, നിൻ്റെ ഗാത്രം ആശു പിഷ്ടമായ് വരും = നിൻ്റെ ദേഹം വേഗത്തിൽ പൊടിയായിത്തീരും, ദൃഢം = തീർച്ചയാണ്)

(ചരണം 4 -കീചകൻ ഭീമനോട് - ആരെടാ ഭയം വെടിഞ്ഞു = ആരാണെടാ പേടികൂടാതെ, വീരനാകും എന്നൊടു = പരാക്രമിയായ എന്നോട്, ഇന്നു നിശയിൽ = ഇന്ന് രാത്രിയിൽ, ഓർത്തിടാതെ പോരിനായി വന്നു നേരിടുന്നത് = ആലോചനകൂടാതെ യുദ്ധത്തിനു വന്ന് എതിർക്കുന്നത്)

(ചരണം 5 - ചോരനായ നിന്നെ ഇന്ന് = രാത്രിയിൽ കക്കാൻ വന്ന നിന്നെ ഇപ്പോൾ, ഘോരമാം മദീയബാഹുസാര പാവകൻ്റെ = ഭയങ്കരമായ എൻ്റെ ബാഹുബലമാകുന്ന അഗ്നിയുടെ, ജഠരപൂരണായ ചെയ്തിടും = വയറു നിറയ്ക്കുവാൻ ആക്കിത്തീർക്കുന്നുണ്ട്)

നിന്നെ ഞാൻ ഞെക്കിക്കൊല്ലുമെന്നർത്ഥം. ഒടുവിൽ ഭീമസേനൻ കീചകനെ ഞെക്കിക്കൊല്ലുകയും ചെയ്യുന്നു.



                                                        പതിമൂന്നാം രംഗം


(ഉപകീചകന്മാരുടെ വാസസ്ഥലം)


ശ്ലോകം 20. രാഗം. ആഹരി


വാതജാതമഥിതം നിരീക്ഷ്യ തം

സൂതജാതമഥ രംഗപാലകഃ

ജാതശോകഭയവിസ്മയാകുലോ

വ്യാജഹാര തരസോപകീചകാൻ


(അഥ = അനന്തരം, വാതജാതമഥിതം = ഭീമസേനനാൽ വധിക്കപ്പെട്ട, തം സൂതജാതം = ആ കീചകനെ, നിരീക്ഷ്യ = കണ്ടിട്ട്, രംഗപാലകഃ = നാട്യശാലയുടെ കാവൽക്കാരൻ, ജാതശോകഭയവിസ്മയാകുലഃ = ദുഃഖവും ഭയവും ആശ്ചര്യവും പൂണ്ടു പരിഭ്രാന്തനായിട്ട്, തരസാ ഉപകീചകാൻ = വേഗത്തിൽ ഓടിച്ചെന്ന് ഉപകീചകന്മാരോട്, വ്യാജഹാര = പറഞ്ഞു)


പദം 24. രാഗം. ആഹരി. താളം. മുറിയടന്ത


(നാട്യശാലയുടെ കാവൽക്കാരൻ ഉപകീചകന്മാരോട്)


പല്ലവി


കഷ്ടം! ചിത്രമയ്യോ! ഇതെത്രയും കഷ്ടം!


ചരണം 1


വിഷ്ടപവിശ്രുതനാകിയ വീരൻ്റെ

കഷ്ടദശകളെ ഏതുമറിയാതെ

പുഷ്ടഗർവ്വം വസിച്ചീടുന്ന നിങ്ങളും

മട്ടോലുംവാണികളും ഭേദമില്ല ഹാ! (കഷ്ടം)


ചരണം 2


മത്തേഭഗാമിനിമാരൊടുമൊന്നിച്ചു

മത്തന്മാരായ് നിങ്ങളെന്തിനിരിക്കുന്നു?

നൃത്തരംഗത്തിലീരാത്രിയിലുണ്ടായ

വൃത്താന്തമേതുമറിഞ്ഞീലയോ ഹാ! (കഷ്ടം)


ചരണം 3


ചണ്ഡപരാക്രമനാകിയ കീചകൻ

പിണ്ഡിതഗാത്രനായ്ത്തീർന്നു വീരന്മാരേ!

അർ‌ണ്ണോജലോചന മാലിനി നർത്തന-

മണ്ഡപംതന്നിലിരുന്നു കേഴുന്നു ഹാ! (കഷ്ടം)


ചരണം 4


ഭീതിവെടിഞ്ഞിതു ചെയ്തതു സമ്പ്രതി

ഭൂതമോ ഗന്ധർവ്വനോ മറ്റാരാനുമോ?

ഏതുമറിഞ്ഞീല ഞാനോ പരമാർത്ഥം

സാദരമിക്കഥ ചൊല്ലുവാൻ വന്നു ഹാ! (കഷ്ടം)


(പല്ലവി - കഷ്ടം കഷ്ടം = മഹാ കഷ്ടം തന്നെ, ഇത് എത്രയും ചിത്രം = ഇത് ഏറ്റവും അത്ഭുതമായിരിക്കുന്നു)

(ചരണം 1 -വിഷ്ടപവിശ്രുതനാകിയ വീരൻ്റെ = ലോകപ്രസിദ്ധനായ വീരൻ കീചകൻ്റെ, കഷ്ടദശകളെ ഏതും അറിയാതെ = കഷ്ടാവസ്ഥകളെ ഒട്ടും മനസ്സിലാക്കാതെ, പുഷ്ടഗർവ്വം വസിച്ചീടുന്ന നിങ്ങളും = വർദ്ധിച്ച ഗർവ്വോടെ വസിക്കുന്ന നിങ്ങളും, മട്ടോലുംവാണികളും = സ്ത്രീകളും, ഭേദമില്ല = തമ്മിൽ വ്യത്യാസമില്ല ഹാ = കഷ്ടം)

(ചരണം 2 -മത്തേഭഗാമിനിമാരൊടും ഒന്നിച്ചു = യുവതികളോടു കൂടിച്ചേർന്നു, മത്തന്മാരായ് = മദിച്ചുകൊണ്ട്, നിങ്ങളെന്തിന് ഇരിക്കുന്നു = നിങ്ങൾ എന്തിനാണ് ജീവിച്ച് ഇരിക്കുന്നത്, നൃത്തരംഗത്തിൽ ഈ രാത്രിയിൽ ഉണ്ടായ = നൃത്തശാലയിൽ ഈ രാത്രിയിൽ സംഭവിച്ച, വൃത്താന്തം ഏതും അറിഞ്ഞീലയോ = വർത്തമാനമൊന്നും നിങ്ങൾ അറിഞ്ഞില്ലേ?, ഹാ = കഷ്ടം)

(ചരണം 3 - വീരന്മാരേ = അല്ലയോ വീര്യശാലികളേ, ചണ്ഡപരാക്രമനാകിയ കീചകൻ = വർദ്ധിച്ച പരാക്രമത്തോടു കൂടിയ കീചകൻ, പിണ്ഡിതഗാത്രനായ്ത്തീർന്നു = ഉരുളയാക്കപ്പെട്ട ശരീരത്തോടു കൂടിയവനായി ഭവിച്ചിരിക്കുന്നു, അർ‌ണ്ണോജലോചന മാലിനി = താമരപ്പൂപോലെ കണ്ണുകളോടു കൂടിയ മാലിനി, നർത്തനമണ്ഡപം തന്നിൽ ഇരുന്നു കേഴുന്നു =നൃത്തമണ്ഡപത്തിൽ ഇരുന്നു കരയുന്നു, ഹാ = കഷ്ടം)

(ചരണം 4 - സമ്പ്രതി = ഇപ്പോൾ, ഭീതി വെടിഞ്ഞ് ഇതു ചെയ്തത് = പേടി കൂടാതെ ഇത് ചെയ്തത്, ഭൂതമോ ഗന്ധർവ്വനോ മറ്റാരാനുമോ = ഭൂതമാണോ ഗന്ധർവ്വനാണോ മറ്റാരാനും ആണോ?, പരമാർത്ഥം ഏതും ഞാനോ അറിഞ്ഞീല = യഥാർത്ഥ സ്ഥിതി ഒന്നും എനിക്കു മനസ്സിലായില്ല, ഇക്കഥ സാദരം ചൊല്ലുവാൻ വന്നു = ഈ വർത്തമാനം സവിനയം നിങ്ങളോട് പറയുവാൻ വന്നതാണ് ഞാൻ, ഹാ = കഷ്ടം)


പദം 25. രാഗം: പന്തുവരാളി. താളം: അടന്ത

(ഉപകീചകന്മാർ കാവൽക്കാരനോട്)


പല്ലവി


സങ്കടമരുതരുതേ ബത കിങ്കര!

സങ്കടമരുതരുതേ.


അനുപല്ലവി


ശങ്കവെടിഞ്ഞതിനുള്ളൊരു നിഷ്കൃതി

സമ്പ്രതി ചെയ്യുമഹോ. (സങ്കട)


ചരണം 1


പത്തുസഹസ്രമുരത്തഗജത്തിനൊ-

ടൊത്തവനെക്കൊല ചെയ്‌വാനിഹ

ശക്തനൊരുത്തനുദിച്ചതു പാർത്താ-

ലെത്ര വിചിത്രമഹോ! (സങ്കട)


ചരണം 2


ഞങ്ങളൊരഞ്ചുമൊരമ്പതുമമ്പതു-

മിങ്ങു വസിച്ചീടുന്നേരം

തിങ്ങിന ഗർവ്വമൊടിങ്ങിനെ ചെയ്തവ-

നെങ്ങു പറഞ്ഞീടുക‍. (സങ്കട)


ചരണം 3


ശക്രമുഖാമരചക്രമതെങ്കിലു-

മഗ്രജനുടെ ഹതി ചെയ്തിടുകിൽ

വിക്രമവഹ്നിയിലാഹുതനായ്‌ വരു-

മക്രമകാരി ദൃഢം. (സങ്കട)


(പദം 25 - പല്ലവി, അനുപല്ലവി - കിങ്കര = അല്ലയോ ഭൃത്യ, സങ്കടം അരുതരുതേ = സങ്കടം വേണ്ട വേണ്ട, ബത = കഷ്ടം, ശങ്ക വെടിഞ്ഞ് = സംശയം കൂടാതെ, സമ്പ്രതി അതിനുള്ളൊരു നിഷ്കൃതി ചെയ്യും = ഇപ്പോൾ ഞങ്ങൾ അതിന് പകരം വീട്ടുന്നുണ്ട്, അഹോ = ആശ്ചര്യം)

(ചരണം 1- പത്തു സഹസ്രം ഉരത്ത ഗജത്തിനൊട് ഒത്തവനെ = പതിനായിരം ബലമേറിയ ആനകളോടു തുല്യബലവാനായ കീചകനെ, കൊല ചെയ്‌വാൻ ഇഹ ശക്തൻ ഒരുത്തൻ = കൊല്ലുവാനായി ഇവിടെ ശക്തനായി ഒരുവൻ, ഉദിച്ചതു പാർത്താൽ = ഉണ്ടായത് ആലോചിച്ചാൽ, എത്ര വിചിത്രം = എന്തൊരു അത്ഭുതമാണ്, അഹോ = ആശ്ചര്യം)

(ചരണം 2 - ഞങ്ങൾ ഒരു അഞ്ചും ഒരു അമ്പതും അമ്പതും ഇങ്ങു വസിച്ചീടും നേരം = ഞങ്ങൾ ഒരു നൂറ്റഞ്ചു പേർ ഇവിടെ ഉള്ളപ്പോൾ, തിങ്ങിന ഗർവ്വമൊട് ഇങ്ങനെ ചെയ്തവൻ = ഗർവ്വ് വളർന്ന് ഇങ്ങനെ പ്രവർത്തിച്ചവൻ, എങ്ങു പറഞ്ഞീടുക‍ = എവിടെയാണ് നീ പറയുക)

(ചരണം 3 - ശക്രമുഖാമരചക്രമത് എങ്കിലും = ഇന്ദ്രൻ തുടങ്ങിയ ദേവന്മാരുടെ സമൂഹമാണ് അത് എന്നു വന്നാലും, അഗ്രജനുടെ ഹതി ചെയ്തിടുകിൽ = ജ്യേഷ്ഠൻ്റെ വധം ചെയ്താൽ, അക്രമകാരി = ആ അക്രമം ചെയ്തവൻ, വിക്രമവഹ്നിയിൽ ആഹുതമായ്‌വരും = പരാക്രമത്തീയിൽ ഹോമിക്കപ്പെടുക തന്നെ ചെയ്യും, ദൃഢം = തീർച്ചയാണ്)


                                                          പതിനാലാം രംഗം


(വിരാടനഗരി)


ശ്ലോകം 21. രാഗം: പന്തുവരാളി


ഉക്ത്വൈവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂർണ്ണദ്ദൃശഃ

സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതരഃ

ദൃഷ്ട്വാ പിണ്ഡിതമഗ്രജം നിരവധിക്രോധാതിബാധാകുലാഃ

കൃഷ്ണാ ഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ


(ശ്ലോകം 21 - ഏവം ഉക്ത്വാ = ഇപ്രകാരം പറഞ്ഞിട്ട്, ജഗൽ അട്ടഹാസമുഖരം കൃത്വാ = ലോകത്തെ അട്ടഹാസം കൊണ്ട് മുഴങ്ങുന്നതാക്കിച്ചെയ്തിട്ട്, പ്രഘൂർണ്ണദ്ദൃശഃ = കണ്ണുകൾ ചുഴറ്റുന്നവരും, സ്പഷ്ടാരാളകരാളദംഷ്ട്രവദനാഃ = വളഞ്ഞ ഭയങ്കര ദംഷ്ട്രകൾ വെളിപ്പെട്ട മുഖത്തോടു കൂടിയവരും ആയ, തേ കീചകഭ്രാതരഃ = ആ കീചക സഹോദരന്മാർ (ഉപകീചകന്മാർ), പിണ്ഡിതം = പിണ്ഡം പോലെ ആക്കപ്പെട്ട, അഗ്രജം ദൃഷ്ട്വാ = ജ്യേഷ്ഠനെ കണ്ടിട്ട്, നിരവധിക്രോധാതിബാധാകുലാഃ = അളവറ്റ ക്രോധാവേശം കൊണ്ടു ക്ഷോഭിച്ചവരായിട്ട്, ഇഹ ഹേതുഃ കൃഷ്ണാ ഇതി = ഇതിനു കാരണം പാഞ്ചാലിയാണ് എന്ന് നിശ്ചയിച്ച്, താം ബദ്ധ്വാ = അവളെ പിടിച്ചുകെട്ടി, വിശസിതും സമാരേഭിരേ = വധിക്കുവാൻ ആരംഭിച്ചു)


പദം 26. രാഗം: പന്തുവരാളി. താളം: ചെമ്പട

(ഉപകീചകന്മാർ പാഞ്ചാലിയോട്)


പല്ലവി


ഉഗ്രവീര്യനായിടുന്നൊ-

രഗ്രജൻതൻ്റെ നിശി

നിഗ്രഹകാരണം പാർത്താൽ

നീചേ! നീ തന്നെ


ചരണം 1


കഷ്ടമതികഷ്ടമിതു

ദുഷ്ടേ! നിന്മനം അതി-

നിഷ്ഠുരം, ഇല്ല സംശയ-

മൊട്ടുമേ മൂഢേ! (ഉഗ്രവീര്യ)


ചരണം 2


ദക്ഷരായീടുന്ന ഞങ്ങൾ

രൂക്ഷയാം നിന്നെയാശു-

ശുക്ഷണിയിലിട്ടീടുന്നു-

ണ്ടിക്ഷണം തന്നെ. (ഉഗ്രവീര്യ)


ചരണം 3


മന്നിൽ നിന്നിലാശ പൂണ്ടി

രുന്നോരഗ്രജൻ സുര-

മന്ദിരത്തിൽ നിന്നോടിന്നു

ചേർന്നു വാഴണം. (ഉഗ്രവീര്യ)


(പദം 26. പല്ലവി - നീചേ = ദുഷ്ടേ, നിശി = രാത്രിയിൽ, ഉഗ്രവീര്യനായിടുന്നൊരു അഗ്രജൻ തൻ്റെ = മഹാപരാക്രമിയായ ജ്യേഷ്ഠൻ കീചകൻ്റെ, നിഗ്രഹകാരണം = വധത്തിന്നു കാരണം, പാർത്താൽ നീ തന്നെ = ആലോചിക്കുമ്പോൾ നീതന്നെയാണ്)

(ചരണം 1 - ദുഷ്ടേ മൂഢേ = ദുഷ്ടയും മൂഢയുമായിട്ടുള്ളവളേ, ഇതു കഷ്ടം അതികഷ്ടം = ഇതു കഷ്ടമായി മഹാകഷ്ടമായി, നിൻ മനം അതിനിഷ്ഠുരം = നിൻ്റെ മനസ്സ് ഏറ്റവും കടുത്തത് തന്നെ, ഒട്ടുമേ സംശയം ഇല്ല = തീരെ സംശയം ഇല്ല)

(ചരണം 2 - ദക്ഷരായീടുന്ന ഞങ്ങൾ =സമർത്ഥന്മാരായ ഞങ്ങൾ, രൂക്ഷയാം നിന്നെ = കഠിനഹൃദയയായ നിന്നെ, ഇക്ഷണം തന്നെ = ഇപ്പോൾ തന്നെ, ആശുശുക്ഷണിയിൽ ഇട്ടിടുന്നുണ്ട് = തീയ്യിൽ ഇടും)

(ചരണം 3 - മന്നിൽ നിന്നിൽ ആശ പൂണ്ടിരുന്നോരു അഗ്രജൻ = ഭൂമിയിൽ നിന്നെ ആഗ്രഹിച്ചിരുന്ന ജ്യേഷ്ഠൻ, ഇന്നു സുരമന്ദിരത്തിൽ = ഇന്ന് സ്വർഗ്ഗത്തിൽ, നിന്നോടു ചേർന്നു വാഴണം = നിന്നോടു കൂടിച്ചേർന്ന് വസിക്കണം)

(കീചകൻ മരിച്ച് ഇപ്പോൾ സ്വർഗ്ഗത്തിലെത്തിയിരിക്കും. പാഞ്ചാലിയെ തീയിൽ പിടിച്ചിടുന്ന പക്ഷം പാഞ്ചാലിയും മരിച്ച് സ്വർഗ്ഗത്തിലെത്തും.അപ്പോൾ കീചകനു സ്വർഗ്ഗത്തിൽ വെച്ചു പാഞ്ചാലീസംഗമം സാധിക്കുമെന്നു താൽപര്യം.)


ശ്ലോകം 22. രാഗം: കേദാരഗൌഡം


നിതാന്തം രുദന്തീം പ്രിയാം താം തദാനീം

രുഷാന്ധഃ സ ഭീമോ വിമോച്യാശു ബന്ധാൽ

സമുദ് വൃത്തസംവർത്തവൈകർത്തനാഭഃ

സമുൽക്ഷിപ്തവൃക്ഷോ വിപക്ഷാൻ ചചക്ഷേ


(ശ്ലോകം 22 - തദാനീം = അപ്പോൾ, നിതാന്തം രുദന്തീം = വല്ലാതെ കരയുന്ന, പ്രിയാം താം = വല്ലഭയായ ആ പാഞ്ചാലിയെ, രുഷാ അന്ധഃ = കോപാന്ധനായ, സഃ ഭീമഃ = ആ ഭീമസേനൻ, ആശു ബന്ധാൽ = വേഗം ബന്ധനത്തിൽ നിന്നു, വിമോച്യ = വേർപെടുത്തിയിട്ട്, സമുദ് വൃത്തസംവർത്തവൈകർത്തനാഭഃ = പ്രളയകാലസൂര്യനെപ്പോലെ വർദ്ധിച്ച തേജസ്സോടുകൂടിയവനായിട്ട്, സമുൽക്ഷിപ്തവൃക്ഷഃ = മരം പിഴുതെടുത്ത് ഓങ്ങിയിട്ട്, വിപക്ഷാൻ ചചക്ഷേ = ശത്രുക്കളായ ഉപകീചകന്മാരോട് പറഞ്ഞു)

(നൃത്തശാലയിൽവെച്ചു കീചകനെ വധിച്ച ഭീമസേനൻ പാഞ്ചാലിയെ വിളിച്ചുകൊണ്ടുവന്നു കാണിച്ചുകൊടുത്തു സ്വസ്ഥാനത്തേയ്ക്കു മടങ്ങി. പാഞ്ചാലി കാവൽക്കാരോടു ഒരു ഗന്ധർവ്വൻ കീചകനെ വധിച്ചുവെന്നു പറഞ്ഞു. ഉടനെ കാവൽക്കാർ കീചകൻ്റെ മരണവൃത്താന്തം ചെന്നറിയിച്ചപ്പോൾ ക്രോധമൂർച്ഛിതരായിത്തീർന്ന ഉപകീചകന്മാർ അവിടെ എത്തി. പിണ്ഡമായി കിടക്കുന്ന കീചകൻ്റെ ശരീരം കണ്ടു. അവിടെ കരഞ്ഞുകൊണ്ടിരുന്ന പാഞ്ചാലിയെ കണ്ട ആ കീചകഭ്രാതാക്കൾ കീചകനു നേരിട്ട ദാരുണമരണത്തിനു കാരണം പാഞ്ചാലിയാണെന്നു പറഞ്ഞ് ആ സാദ്ധ്വിയെ കീചകൻ്റെ ചിതാഗ്നിയിൽത്തന്നെ ദഹിപ്പിക്കണമെന്നു നിശ്ചയിച്ചു. കീചകൻ്റെ മൃതശരീരത്തോടൊപ്പം പാഞ്ചാലിയെയും ബലാൽക്കാരമായി കെട്ടിയെടുത്ത് അവർ ശ്മശാനത്തിലേക്ക് പുറപ്പെട്ടു. അപ്പോൾ പാഞ്ചാലി അത്യുച്ചസ്വരത്തിൽ "ജയൻ, ജയേശൻ, വിജയൻ, ജയത്സേനൻ, ജയദ്ബലൻ എന്നിവർ എൻ്റെ വാക്കു കേൾക്കട്ടെ. ഇതാ ഉപകീചകന്മാർ എന്നെ വധിക്കുവാൻ കൊണ്ടു പോകുന്നു" എന്നിങ്ങനെ വിളിച്ചു നിലവിളിച്ചു. അതു കേട്ടു ഭീമസേനൻ ഒരു വന്മരം പറിച്ചെടുത്ത് ഓങ്ങിപ്പിടിച്ചുകൊണ്ട് അവിടെ പാഞ്ഞെത്തി പാഞ്ചാലിയെ ബന്ധനത്തിൽ നിന്നു മോചിപ്പിച്ചു. എന്നിട്ട് അക്രമം ചെയ്യുവാൻ ഒരുങ്ങിയിരുന്ന ഉപകീചകന്മാരോട് പറഞ്ഞു.)

(ജയൻ, ജയേശൻ മുതലായ അഞ്ചുപേരും സൈരന്ധ്രിയുടെ ഭർത്താക്കന്മാരായ ഗന്ധർവ്വന്മാരുടെ പേരെന്നാണ് സങ്കല്പം)


പദം 27. രാഗം: കേദാരഗൌഡം. താളം. ചെമ്പട

(ഭീമൻ ഉപകീചകന്മാരോട്)


പല്ലവി


ആടലകന്നു വിരാടമഹീപതി-

നാടതിലാരധുനാ- ഹൃദി-

മുഴുത്ത മദത്തൊടകൃത്യകാരികൾ

കുമർത്ത്യരേ! വരുവിൻ


ചരണം 1


ഇക്കാമിനിയെ വധിക്കാമെന്നൊരു

ധിക്കാരം ഹൃദയേ- ഭുവി-

നിനയ്ക്കിലെവർക്കു ജനിക്കുമിതു ബത

സഹിക്കയില്ലൊരുവൻ


(ഉപകീചകന്മാർ ഭീമനോട്)


ചരണം 2


നാരിനിമിത്തം പോരിനുവന്നവ

നാരിഹ നീ സഹസാ- യുധി-

ധരിക്ക, പൃഷൾക്കനിരയ്ക്കു ലാക്കായ്

ഭവിക്കുമിന്നു ദൃഢം


(ഭീമൻ ഉപകീചകന്മാരോട്)


ചരണം 3


ഇത്ഥമനേകവികത്ഥനമിന്നു നി-

രർത്ഥകമെന്നറിവിൻ- യദി-

പടുത്വമടുത്തുതടുത്തുകൊള്ളുക

കടുത്ത മൽപ്രഹരം.


(പദം 27. പല്ലവി - വിരാടമഹീപതിനാടതിൽ = വിരാടരാജാവിൻ്റെ നാട്ടിൽ, അധുനാ ഹൃദി = ഇപ്പോൾ മനസ്സിൽ, മുഴുത്ത മദത്തൊടു = വർദ്ധിച്ച ഗർവ്വോടുകൂടി, ആടലകന്നു = മനസ്സിളക്കമില്ലാതെ, അകൃത്യകാരികൾ ആര് = അക്രമം ചെയ്യുന്നവർ ആരാണ്, കുമർത്ത്യരേ വരുവിൻ = ദുഷ്ടമനുഷ്യരേ വരുവിൻ)

(ചരണം 1 -ഇക്കാമിനിയെ വധിക്കാം എന്നൊരു ധിക്കാരം = ഈ സുന്ദരിയെ കൊല്ലാം എന്നൊരു ദുഷ്ടവിചാരം, ഹൃദയേ = മനസ്സിൽ, നിനയ്ക്കിൽ = ആലോചിക്കുന്നതായാൽ, ഭുവി ഏവർക്കു ജനിക്കും = ഭൂമിയിൽ ആർക്കുണ്ടാവും, ബത = കഷ്ടം, ഇത് ഒരുവൻ സഹിക്കയില്ല = ഇത് ഒരാളും പൊറുക്കുകയില്ല)

(ചരണം 2 - നാരിനിമിത്തം പോരിനു വന്നവൻ ആര് = സ്ത്രീകാരണമായി ഇവിടെ യുദ്ധത്തിനു വന്നവൻ ആരാണ്, നീ സഹസാ = നീ ഉടനെ, യുധി ഇന്ന് = യുദ്ധത്തിൽ ഇന്ന്, പൃഷൾക്കനിരയ്ക്കു = ശരസമൂഹത്തിന്ന്, ലാക്കായ് ഭവിക്കും = ലക്ഷ്യമായിത്തീരും, ദൃഢം = തീർച്ചയാണ്, ധരിക്ക = മനസ്സിലാക്കുക)

(ചരണം 3 - ഇന്ന് ഇത്ഥം അനേകവികത്ഥനം = ഇന്ന് ഇപ്രകാരം ഒട്ടേറെ ആത്മപ്രശംസാപചനം, നിരർത്ഥകം എന്ന് അറിവിൻ = നിഷ്ഫലമാണെന്ന് മനസ്സിലാക്കുവിൻ, യദി പടുത്വം = സാമർത്ഥ്യമുണ്ടെങ്കിൽ, കടുത്ത മൽപ്രഹരം തടുത്തുകൊള്ളുക = ശക്തിയേറിയ എൻ്റെ അടി തടുക്കുക)


ഘോരമായ യുദ്ധത്തിൽ നൂറ്റഞ്ച് ഉപകീചകന്മാരേയും ഭീമസേനൻ വധിക്കുന്നു



                                                         പതിനഞ്ചാം രംഗം


(പാഞ്ചാലിയുടെ വാസസ്ഥലം)


ശ്ലോകം 23. രാഗം: മലഹരി


സപദി സമിതി താൻ നിഹത്യ ശത്രൂൻ

ദ്വിരദസപത്നപരാക്രമോഥ ഭീമഃ

ദരദളദരവിന്ദസുന്ദരാക്ഷീം

ദ്രുപദനരാധിപനന്ദിനീം ജഗാദ


(ശ്ലോകം 23 - അഥ = അനന്തരം, ദ്വിരദസപത്നപരാക്രമഃ = സിംഹപരാക്രമനായ, ഭീമഃ = ഭീമസേനൻ, സപദി സമിതി = ഉടനെ യുദ്ധത്തിൽ, താൻ ശത്രൂൻ നിഹത്യ = ആ ശത്രുക്കളെ വധിച്ചിട്ട്, ദരദളദരവിന്ദസുന്ദരാക്ഷീം = മെല്ലെ വിടരുന്ന താമരപ്പൂപോലെ സുന്ദരങ്ങളായ കണ്ണുകളോടു കൂടിയ, ദ്രുപദനരാധിപനന്ദിനീം = പാഞ്ചാലിയോട്, ജഗാദ = പറഞ്ഞു)


(ദ്വിരദം = ആന, സപത്നം = ശത്രു, ദ്വിരദസപത്നം = സിംഹം )



പദം 28. രാഗം: മലഹരി. താളം: ചെമ്പട

(ഭീമൻ പാഞ്ചാലിയോട്)


പല്ലവി


വരികരികേ മമ വരതനുമൗലേ!

സുരുചിരകചഭരസുവിജിതജലദേ!


ചരണം 1


ആകർണ്ണായതചാരുവിലോചനേ!

ആകർണ്ണയ മമ വചനം ദയിതേ!

മാ കുരു ഭയമിനി വെറുതേ ഹൃദി തേ

പോകയി സുമുഖി! സുദേഷ്ണാ സവിധേ (വരിക)


ചരണം 2


താർത്തേന്മൊഴിയൊരു ഗന്ധർവ്വേന്ദ്രൻ

നേർത്തിഹ വിരവൊടു കീചക നിധനം

ചീർത്തമദത്തൊടു ചെയ്താനെന്നൊരു

വാർത്ത പരത്തീടുക പുലർകാലേ


(പാഞ്ചാലി ഭീമസേനനോട്)


ചരണം 3


പങ്കജലോചന! ജിഷ്ണു സഹോദര!

സങ്കടമെല്ലാം തീർപ്പതിനിനിയും

നിൻ കരുണാ മമ ശരണം തവ പദ-

പങ്കജമിത വന്ദേ ശുഭമൂർത്തേ!


പല്ലവി

നാഥാ! കൃപാലയ! പരിപാലയ മാം


(പദം 28 - പല്ലവി - സുരുചിരകചഭരസുവിജിതജലദേ = അത്യന്തം മനോഹരമായ കേശഭാരത്താൽ കാർമേഘത്തെ തോൽപ്പിച്ച, വരതനുമൗലേ = സുന്ദരീശിരോഭൂഷണമേ, മമ അരികേ വരിക = എൻ്റെ അരികിൽ വന്നാലും)

(ചരണം 1 -ആകർണ്ണായതചാരുവിലോചനേ = ചെവിവരെനീണ്ട മനോഹര നയനങ്ങളോടു കൂടിയ, ദയിതേ = പ്രിയേ, മമ വചനം ആകർണ്ണയ = എൻ്റെ വാക്കു കേട്ടാലും, അയി സുമുഖി = അല്ലയോ സുമുഖി, തേ ഹൃദി = നിൻ്റെ മനസ്സിൽ, ഇനി വെറുതേ ഭയം മാ കുരു = ഇനി വെറുതേ ഭയം വേണ്ട, സുദേഷ്ണാ സവിധേ പോക = സുദേഷ്ണയുടെ അടുക്കലേക്ക് പോയാലും)

(ചരണം 2 - താർത്തേന്മൊഴി = അല്ലയോ പൂന്തേൻവാണീ, ഒരു ഗന്ധർവ്വേന്ദ്രൻ = ഒരു ഗന്ധർവശ്രേഷ്ഠൻ, ഇഹ ചീർത്ത മദത്തൊടു = ഇവിടെ ഗർവ്വ് വർദ്ധിച്ച്, വിരവൊടു നേർത്ത് കീചക നിധനം ചെയ്താൻ = പെട്ടന്ന് കീചകനെ എതിർത്ത് വധിച്ചു, എന്നൊരു വാർത്ത പുലർകാലേ പരത്തീടുക = എന്ന വർത്തമാനം രാവിലെ പറഞ്ഞ് പരത്തുക)

(ചരണം 3 -പങ്കജലോചന = താമരപ്പൂപോലെ കണ്ണുകൾ ഉള്ള, ജിഷ്ണു സഹോദര = അർജ്ജുനജ്യേഷ്ഠ, ഇനിയും സങ്കടം എല്ലാം തീർപ്പതിന് = ഇനിമേലിലും ദുഃഖങ്ങൾ എല്ലാം തീർക്കുവാൻ, നിൻ കരുണാ മമ ശരണം = അങ്ങയുടെ ദയ തന്നെയാണ് എനിക്ക് ശരണമായിട്ടുള്ളത്, ശുഭമൂർത്തേ = അല്ലയോ മംഗലശരീര, തവ പദപങ്കജം ഇത വന്ദേ = അങ്ങയുടെ പാദാരവിന്ദം ഇതാ ഞാൻ വന്ദിക്കുന്നു)

(പല്ലവി - കൃപാലയ നാഥ = ദയയുടെ ഇരിപ്പിടമായ ഭർത്താവേ, മാം പരിപാലയ = എന്നെ രക്ഷിക്കണേ)



ശ്ലോകം 24.


ഭീമപ്രവേഷ്ടവിടപോത്ഥിതതേജസൈവ

ദഗ്ദ്ധേ തു കീചകമഹാവിപിനേ ജവേന

നിഷ്കണ്ടകേ കില വിരാടപുരേ വിതേനു-

രജ്ഞാതവാസമഥ പാണ്ഡുസുതാഃ സുഖേന


(ഭീമപ്രവേഷ്ടവിടപോത്ഥിതതേജസൈവ തു = ഭീമസേനൻ്റെ കൈകളാകുന്ന മരക്കൊമ്പുകൾ കൂട്ടിയുരഞ്ഞുണ്ടായ തീകൊണ്ടുതന്നെ, കീചകമഹാവിപിനേ ജവേന ദഗ്ദ്ധേ അഥ = കീചകക്കൊടുംകാടു വേഗത്തിൽ ദഹിച്ചതിനുശേഷം, നിഷ്കണ്ടകേ = ശത്രുരഹിതമായിത്തീർന്ന, വിരാടപുരേ = വിരാടപുരത്തിൽ, പാണ്ഡുസുതാഃ = പാണ്ഡവന്മാർ, സുഖേന അജ്ഞാതവാസം വിതേനു കില = സുഖമായി അജ്ഞാതവാസം ചെയ്തുപോൽ)



ശ്ലോകം 25. (സമാപ്തി മംഗളം)


ഗളസീമലസച്ചാരു-

തുളസീദാമഭൂഷണം

വ്രജസീമന്തിനീജാര-

മതസീമേചകം ഭജേ



(ശ്ലോകം 25 - കവി മംഗളാന്തമായി കീചകവധം കഥ അവസാനിപ്പിക്കുന്നു - ഗളസീമലസച്ചാരുതുളസീദാമഭൂഷണം = കണ്ഠസ്ഥലത്തു ശോഭിക്കുന്ന മനോഹരമായ തുളസീമാലയാകുന്ന അലങ്കാരത്തോടു കൂടിയവനും, അതസീമേചകം = കായാമ്പൂപോലെ നീലവർണ്ണനും ആയ, വ്രജസീമന്തിനീജാരം ഭജേ= ഗോപസ്ത്രീ കാമുകനെ ഞാൻ സേവിക്കുന്നു)


                                                           ശുഭം
"https://ml.wikisource.org/w/index.php?title=കീചകവധം_ആട്ടക്കഥ&oldid=218223" എന്ന താളിൽനിന്ന് ശേഖരിച്ചത്