കീചകവധം
മദനവൈരിദേവന്റെ മകനായ മദേഭശ്രീ-
വദന!വാരിസംജാതഭവനാരധിതപാദ!
സദനന്താഭയരമ്യസദന!വിഘ്നഭൂമീഭൃത്!
ഛദനാന്തപവേദേവ!കദനം തീർത്തരുളേണം.
കമനീസഞ്ചയമാലാകമനീയതരമദ്ധ്യ-
രമണീയമണിയായ രമണീ ഭാരതീദേവീ!
സുമനസിദ്ധഗന്ധർവ്വശ്രമണമുഖ്യസംസ്തോത്ര-
ശ്രവണസാരസംപൂജ്യശ്രവണാ സത്യകപുത്രി
രസനായാം മദീയായാം രസനാഭേദ്യലോലോദ്യൽ-
ഭ്രമണീഭൂതലോകേശ പ്രമനസ്കാരയത്രീ സാ
നടനം ചെയ്യണം വാക്യഘടനം സാധുവാകേണം
ഉടനെ സാധുസാരസ്യം കവനേ സംസ്ഫുരിക്കേണം
കരുത്തൻ കാമനെച്ചുട്ടു കരിച്ച തീമിഴിയുള്ള
പുരദ്വിട്ടായ ദേവൻ മാലസത്ത്വിട്ടാർന്നഹോ കിള്ളി-
ക്കുറിശ്ശിമംഗലം തന്നിൽ വസിക്കുന്ന പരദൈവം
പുരസ്താലുൾപയോജത്തിൽ വസിക്കാറാകണം നിത്യം.
കരുണാസാരപീയൂഷശീതരമാന്ത്യ-
ക്കരണൻ നിർജ്ജരലോകതരുണാസന്നിഭോദാരൻ
ധരണീനിർജ്ജരനാമെൻ ഗുരുനാഥനുടെ ചാരു-
ചരണത്താരിണയെന്നും ശരണമായ് ഗ്രഹിക്കുന്നേൻ
വിജയസാരഥിയമ്പലപ്പുഴെ വിലസുമംബുജലോചനൻ
വ്രജകുലാമലബാലികാകുചകലശകുങ്കുമപാവനൻ
നിജപതാശ്രിതബദ്ധകർമ്മനിഗളഹാരി സനാതനൻ
സജലജലദസമാഭാനാശ്രയമടിയനിന്ദുസമാനൻ
പാക്കനാരു പിറന്നജാതിയിലുത്ഭവിച്ചവനേഷ ഞാൻ
വാക്കിനങ്ങനെ തോൽക്കയില്ലൊരു നീക്കമില്ലതു നിർണ്ണയം
പാൽക്കടൽത്തിരതള്ളിയേറിവരുന്നപോലെ പദങ്ങളെൻ
നാക്കിലങ്ങനെ നൃത്തമാണൊരു ഭോഷ്ക്കുചൊല്ലുകയല്ല ഞാൻ
പേക്കൃതിക്കു തുടങ്ങിയിശ്ശി വളച്ചുകെട്ടി മഹാശയ-
ന്മാർക്കു കയ്പുമകക്കുരുന്നിൽ വെറുപ്പുമുൽക്കടമേകിടും
പോക്കടഞ്ഞ കനത്ത ദുഷ്കവികീടങ്ങളെ വല്ലെടം
നോക്കിയാൽ ഗതികേടുതന്നെ കുളിച്ചു ശുദ്ധിവരുത്തണം.