കളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കളി (കവിത)

രചന:പന്തളം കേരളവർമ്മ

നേരാണയ്യാ രസമിപ്പോൾ -
നേരം നാലരയായല്ലോ;
നേരേ ചേർന്നു കളിപ്പാനി -
ന്നോരോ കുട്ടികൾ കൂടുന്നു.

ഓടുന്നൂ, ചില കുട്ടികൾ നി -
ന്നാടുന്നൂ, ചിലർ തുള്ളുന്നൂ,
ചാടിച്ചിലരുടെ കാലിടറി -
ക്കൂടിത്തറമേൽ വീഴുന്നു.

പന്തി നിരന്നിഹ രണ്ടായി -
പ്പന്തടി തട്ടും ബാലന്മാർ.
ചിന്ത വെടിഞ്ഞു കളിപ്പതു നൽ -
ചന്തമതെന്നേ പറയാവൂ.

അടിയിൽ ബാലകരൂക്കോടു
ള്ളടിയാൽ താഴ്‍ത്തിടുമപ്പന്തും
ഉടനടി പൊങ്ങി വരുന്നതു താൻ
ചൊടിയുള്ളവരുടെ സാമർത്ഥ്യം.

കുട്ടികൾ കാലുകൾ കൊണ്ടൂക്കിൽ -
ത്തട്ടിയ പന്തു തടഞ്ഞു ചിലർ
മുട്ടിത്തടപട വീഴുമ്പോൾ
പൊട്ടിച്ചിലരു ചിരിക്കുന്നു.

കളികൊണ്ടിങ്ങനെ ദേഹത്തിൽ
തെളിവും ബലവും കൂടുന്നു;
കുളിയൂണെന്നിവ പോലെന്നും
കളിയും ബാലനു വേണ്ടതുതാൻ.

"https://ml.wikisource.org/w/index.php?title=കളി&oldid=83191" എന്ന താളിൽനിന്ന് ശേഖരിച്ചത്