കലാകേളി/സൗന്ദര്യപൂജ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നിയതിക്കധീനൻ ഞാൻ നിസ്സാരനാകാം, പക്ഷേ,
നിയതം സൌന്ദര്യമേ, നിന്നെ ഞാനാരാധിപ്പൂ!
അത്രമേൽ പരിചിതമാണു നിൻ പാദന്യാസ-
മത്തലാൽ മുറിപ്പെട്ടൊരെന്നാത്മാവിനുപോലും!
അതുകേൾക്കുമ്പോൾ ശിരസ്സുയർത്താതിരുന്നിട്ടി-
ല്ലിതുനാൾ വരെ, നിന്റെ പാദസേവകൻ, ദേവീ!
ഹൃദയം രക്തം വാർത്തു പിടയ്ക്കുമ്പോഴും നിന്റെ
മൃദുശിഞ്ജിതം കേൾക്കെക്കോൾമയിർക്കൊള്ളുന്നൂ ഞാൻ!
നീരസകൊണ്ടാവില്ല, ലജ്ജകൊണ്ടാകാം, പക്ഷേ,
നീ മൂടുപടമിട്ടേ വന്നിടാറുള്ളൂ മുന്നിൽ.
എങ്കിലു, മത്തേജസ്സിലലിയാൻ തുടങ്ങുമ്പോ-
ളെൻകര, ളെന്നെത്തന്നെ വിസ്മരിക്കുന്നല്ലോ, ഞാൻ!
കണ്ണിണവിടർന്നതൊട്ടിന്നോളം പ്രപഞ്ചത്തിൽ
നിൻ മഹത്സാന്നിദ്ധ്യം, ഞാൻ കാണാതില്ലൊരിക്കലും!
എവിടെത്തിരിഞ്ഞാലും കൺകുളിർക്കുമാറുട-
നവിടെക്കാണാം നിന്റെ പാദമുദ്രകൾ നീളെ.
അവയിൽ തുളുമ്പുന്ന രശ്മികൾ തട്ടും നേരം
കവിതാകൌതൂഹലം ചിറകുവിരിക്കുന്നു!
പനിനീർപ്പൂമൊട്ടിനെപ്പുൽകി നീയുണർത്തുമ്പോൾ
പകലിൻ കവിൾക്കൂമ്പിൽ കാശ്മീരം പരക്കുന്നു!
കുയിലിൻ ഗളത്താൽ നീ പാട്ടു പാടുമ്പോൾത്തന്നെ
കുളിർവല്ലരികളിൽ ചെയ്വതായ് കാണാം നൃത്തം!
പുൽക്കൊടി കിളുർക്കാത്ത മൊട്ടക്കുന്നായിപ്പൊങ്ങി-
നിൽക്കുന്ന നിന്നെത്തന്നെ പുഷ്പവാടിയായ് കാണാം.
കല്ലോളങ്ങളെച്ചന്ദ്രലേഖയായുണർത്തും നീ
കല്ലോളങ്ങളായ് ചന്ദ്രലേഖയെപ്പുണരും നീ!
പ്രേമയാതനയാൽ നീയുഴറിപ്പായും നേരം
പ്രേമരുദ്ധമായ്ത്തന്നെ നിശ്ചലം നിൽക്കുന്നു നീ!
ആദിമദ്ധ്യാന്തം തിട്ടപ്പെടുത്താൻ നീ നിൽക്കുമ്പോ-
ളാദിമദ്ധ്യാന്തമറ്റു നിൽപ്പൂ നീ ചിത്തേജസ്സേ!
എങ്ങിനിത്തിരയുവാൻ?-വിൺവെളിച്ചമേ, നിത്യ-
മെന്നിൽ ഞാനെന്നെത്തന്നെ നീയായിട്ടുപാസിപ്പൂ!

"https://ml.wikisource.org/w/index.php?title=കലാകേളി/സൗന്ദര്യപൂജ&oldid=36145" എന്ന താളിൽനിന്ന് ശേഖരിച്ചത്