കലാകേളി/സഖികളോട്
ചെല്ലസഖികളേ,ശങ്കിപ്പതെന്തിനാ-
ണില്ല, മറക്കില്ല നിങ്ങളെ ഞാൻ.
നിസ്തുലസൌഹൃദംകൊണ്ടൊരു നിർമ്മല-
സ്വർഗ്ഗം ചമച്ചവരല്ലി നിങ്ങൾ?
മാമകജീവിതപ്പാഴ്മരുഭൂമിയിൽ
മാരി ചൊരിഞ്ഞവരല്ലി നിങ്ങൾ?
മൊട്ടിട്ടുനിൽക്കുമാറെന്നാശാവല്ലികൾ
നട്ടുനനച്ചവരല്ലി നിങ്ങൾ?
എങ്ങെങ്ങു വേർപെട്ടുപോകിലും, ഞാനിനി-
യെങ്ങനെ നിങ്ങളെ വിസ്മരിക്കും?
തെറ്റിദ്ധരിക്കാതിരിക്കുവാൻ മേലാത്ത
നിഷ്ഠൂരലോകത്തിൻ ജൽപനങ്ങൾ
മിത്ഥ്യാപവാദത്താൽ നമ്മുടെ സൌഹൃദം
മറ്റൊന്നായ് മാറ്റുവാൻ നോക്കിയിട്ടും,
പൊട്ടിത്തകർന്നില്ല നമ്മുടെ മോഹങ്ങൾ
കെട്ടിപ്പടുത്ത സുരമ്യഹർമ്മം!
നാനാവികാരതരളിതർ നാമതിൽ
നാകാനുഭൂതികൾ സംഭരിച്ചു.
കുറ്റപ്പെടുത്തിടുംതോറും നാം മേൽക്കുമേ-
ലൊട്ടിപ്പിടിക്കുവാനാഗഹിച്ചു.
ജൽപകലോകത്തെപ്പുല്ലാക്കി നാമൊരു
കൽപകപ്പൂന്തോപ്പിലുല്ലസിച്ചു.
പ്രാണനും പ്രാണനും തങ്ങളിൽ കൈകോർത്തൊ-
ആനന്ദനൃത്തത്തിൽ പങ്കെടുത്തു.
അത്രയ്ക്കുമാത്രമടുത്തവരാണു നാ-മത്രമേലന്യോന്യബന്ധിതർ നാം,
അങ്ങനെയുള്ളതാം നിങ്ങളെ, ലോകത്തി-
ലെങ്ങനെ ഞാനിനി വിസ്മരിക്കും?
ഓമൽസഖികളേ, നിങ്ങളീ വേർപാടിൽ
ധീമങ്ങിയിങ്ങനെ കേഴരുതേ!
ഉൾക്കരുത്തില്ലെനിക്കൽപവും, തപ്തമാ-
മിക്കണ്ണുനീരിദം കണ്ടുനിൽക്കാൻ!
ശങ്കവേ,ണ്ടെങ്ങു ഞാൻ പോകിലും, നിങ്ങളെ-
സ്സങ്കൽപംകൊണ്ടു കണ്ടാശ്വസിക്കും.
എങ്ങിരുന്നാലും ഞാ, നെന്മനമെപ്പൊഴും
നിങ്ങൾതൻ പാർശ്വത്തിലായിരിക്കും.
ഓമൽസ്മരണകളോരോന്നുമെന്നടു-
ത്തോടിവന്നിക്കിളിയാക്കുമെന്നെ.
മന്നിലെൻ ജീവിതമമ്മട്ടു ചെന്നൊരു
മഞ്ജുളസ്വപ്നമായ് മാഞ്ഞുപോകും!
ഉണ്ടാവുകില്ലതിലെങ്ങുമതൃപ്തിതൻ
കൊണ്ടലിയറ്റുന്ന മൂടലൊന്നും.
എല്ലാം ചിരിയും കളിയുമുല്ലാസവും
ഫുല്ലപ്രകാശവുമായിരിക്കും.
ചെല്ലസഖികളേ, ശങ്കവേണ്ടൽപവു-
മില്ല, മറക്കില്ല നിങ്ങളെ ഞാൻ!