കലാകേളി/വിടവാങ്ങൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

രു ദിനമയേ്യാ, പിരിഞ്ഞുപോണ-
മൊരു ജീവനായ്ത്തീർന്ന നമ്മൾപോലും!
കരയുന്നതെന്തിനു തോഴീ, നമ്മൾ?
കരുണയില്ലീ നിയതിക്കു ചെറ്റും!
വിധിപോൽ വരട്ടെ, നീയാശ്വസിക്കൂ,
വിഫലപ്രതീക്ഷകൾ വിസ്മരിക്കൂ!

ഉലകല്ലേ, നാമെല്ലാം മർത്ത്യരല്ലേ?
ചലനത്തിനെന്തുമധീനമല്ലേ?
വ്യതിയാനമോരോന്നു ജീവിതത്തിൻ
പതിവാണ, തെമ്മട്ടും വന്നുകൂടും.
അതിൽ നമ്മൾ കുറ്റപ്പെടുത്തുവാനി-
ല്ലണുപോലുമാരെയുമോമലാളേ!
കരളിൽ തരിതരിപ്പേറ്റിടായ്വാ-
നൊരു പാറക്കല്ലല്ല നമ്മളാരും!
മൃദുവായിത്തൊട്ടാലും പാട്ടു ചോരും
ഹൃദയമെന്നൊന്നു വഹിച്ചു നമ്മൾ!

വെയിലിലാ വല്ലി വരണ്ടു വാടാം;
മഴയിൽ തഴച്ചു തളിരു ചൂടാം!
അനിലഗതികൾക്കനുസൃതമാ-
യതു പലമട്ടിലും ചാഞ്ഞുപോകാം!
നിയമവും നീതിയും ചെന്നതിന്റെ
നില കാത്തുനിൽപതു നിഷ്ഫലം താൻ!

ഇരുളിലടിഞ്ഞു കിടക്കുകയി-
ല്ലൊരുവൻതൻ ജീവിതകാലമെല്ലാം.
അറിയാതൊരിക്കൽ വിളിച്ചുണർത്താ-
മവനെയുൽക്കർഷത്തിൻ സുപ്രഭാതം!
അതിലവൻ കണ്ണു തുറന്നു, പക്ഷേ,-
യമലാംബരത്തോളം ചെന്നു പറ്റാം,
എരിയുന്ന യത്നത്തിൽനിന്നുയരു-
ന്നൊരു കൊടുങ്കാറ്റിൻ ചിറകിലേറി!

അയി സഖി, ഞാനപരാധിയെങ്കി-
ലലിവിനോടെന്നെ മറക്കണം നീ!
പരമസൌഭാഗ്യം പറന്നണയു-
മൊരു ദിനം നിൻ പടിവാതിലിലും!
അതിനെത്തലോടുന്ന നാളി, ലെന്നെ-
യറിയാത്ത ഭാവം നടിക്കരുതേ!
കരുതിയിട്ടില്ല കിനാവിലും നിൻ
കരളിൽ പരിക്കുകളേറ്റുവാൻ ഞാൻ!
-മമ ഭാഗ്യരശ്മിയെപ്പിന്തുടർന്നു,
മതിമോഹനേ, ഞാൻ പിരിഞ്ഞീടട്ടേ!

"https://ml.wikisource.org/w/index.php?title=കലാകേളി/വിടവാങ്ങൽ&oldid=36150" എന്ന താളിൽനിന്ന് ശേഖരിച്ചത്