കലാകേളി/മുരളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

യിരമായിരം കൊല്ലങ്ങൾക്കപ്പുറ-
ത്തായിരുന്നില്ലേ നിൻ സ്വപ്നനൃത്തം!
ഇന്നുമീ മന്നിൻ മനസ്സിൽ പുളകങ്ങൾ
ചിന്നി നീ മേന്മേൽ സമുല്ലസിപ്പൂ!
എന്തെല്ലാ, മെന്തെല്ലാം മാറ്റങ്ങൾക്കിന്നോളം
സിന്ധുവും ഗംഗയും സാക്ഷിനിന്നു?
എന്തെല്ലാം കാഴ്ചകൾ നേരിട്ടു കണ്ടില്ലീ
വിന്ധ്യനും തുംഗഹിമാലയവും?
അന്നന്നു കണ്ടവ കണ്ടതുപോലവ-
രന്നുതന്നെ മറന്നിരുന്നു.
വിസ്മയമാണോർത്താ, ലൊത്തിട്ടില്ലെന്നാലും
വിസ്മൃതിക്കിന്നോളം നിന്നെ മായ്ക്കാൻ!
നേർത്ത നിൻ മൂടുപടവുമിട്ടങ്ങനെ
പേർത്തും നീ ചെയ്വു നിൻ ദേവനൃത്തം.
ഇന്നും പ്രപഞ്ചം ചെവിക്കൊൾകയാണിതാ
നിന്നോമൽപ്പൊൻകാൽച്ചിലമ്പൊലികൾ!

കാണുന്നു മുന്നിൽ, നീ മേളിച്ചിരുന്നൊര-
ച്ചേണഞ്ചും വൃന്ദാവനത്തെ ഞങ്ങൾ!
അപ്രാപ്തരാണയേ വിസ്മരിക്കാൻ ഞ്ങ്ങ-
ളപ്പൂത്തുനിൽക്കും നികുഞ്ജകങ്ങൾ.
മഞ്ഞിൽ കുളിച്ചു കുളിരെഴും ഹേമന്ത-
മഞ്ജുളചന്ദ്രികയുല്ലസിക്കെ;
അത്തളിർവല്ലിക്കുടിലുകൾതോറുമ-
ന്നെത്ര മോഹങ്ങൾ പറന്നു പാടി!
അക്കൂജനങ്ങളിൽ തിങ്ങിത്തുളുമ്പി, യൊ-
രുൽക്കടപ്രേമത്തിൻ യാതനകൾ!
ആയവയ്ക്കന്നെല്ലാമാശ്വാസമേകിയ
മായികയല്ലയോ മാദകേ, നീ?

പ്രേമാലസാർദ്രയായ രാധ മരുവിയ
കോമളനീലശിലാതലവും;
ചുറ്റു, മടിമുടി മൊട്ടിട്ടു മൊട്ടിട്ടു
മുറ്റും കുറുമൊഴിമുല്ലകളും;
ചാരിയാൽക്കോള്മയിർക്കൊള്ളാമെന്നാശിച്ചു
ചാരത്തു നിൽക്കുമപ്പൊൻകടമ്പും;
ആ നല്ല രാത്രിയെ വർണ്ണിച്ചുവർണ്ണിച്ചു
ഗാനം പൊഴിക്കുന്ന രാക്കുയിലും;
ആനന്ദസ്വപ്നാങ്കുരങ്ങൾപോൽ മിന്നുന്നൊ-
രായിരമായിരം താരകളും;
ആലോലവീചികൾ പുൽകുമാ യാമുനാ-
കൂലവുമെങ്ങനെ വിസ്മരിക്കും?

അന്നത്തെ നാടകം വർണ്ണിച്ചു പാടിക്കൊ-
ണ്ടിന്നും ലസിപ്പൂ നീയപ്സരസ്സേ!
എത്രശതാബ്ദങ്ങൾ വന്നിനിപ്പോകിലും
മർത്ത്യസംസ്കാരത്തിൻ വിസ്തൃതിയിൽ
നിത്യതാരുണ്യമിയന്നന്നും നിൻ ദേവ-
നൃത്തം തുടർന്നീടും മോഹനേ, നീ!
കണ്ണന്റെ വേണുവിൻ കമ്രസന്താനമേ,
പുണ്യസംഗീതമേ, വെല്കയേ നീ!

"https://ml.wikisource.org/w/index.php?title=കലാകേളി/മുരളി&oldid=36132" എന്ന താളിൽനിന്ന് ശേഖരിച്ചത്