Jump to content

കലാകേളി/മനോരാജ്യത്തിൽ മുഴുകി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

സുഭഗതയാൽ ചുറ്റും നിലാവു വീശി-
സ്സുരസുഷമേ, നീയിങ്ങു നിൽപതെന്തേ?
പലവഴിയായോമത്സതീർത്ഥ്യകളാം
പ്രിയസഖിമാരെല്ലാം പിരിഞ്ഞുപോയി.
അരിയ കലാശാലാകവാടകങ്ങൾ
വിരവൊടടച്ചെല്ലാരും പിൻമടങ്ങി.
ഇതുവരെയും ജീവിതസ്പന്ദനങ്ങ-
ളിളകിയലയാർന്നൊരീയന്തരീക്ഷം
മരണമയതുല്യമസുഖദമാ-
മൊരു ശിശിരശാന്തതകൊണ്ടു മൂടി.
വിജനതയി, ലെന്നിട്ടു, മേകയായ നീ
വിരഹിണിയെപ്പോലേവം നിൽപതെന്തേ?
അയി, മധുരദർശനേ, നിൻ മനസ്സാ-
മലരിൽ നവസൌരഭം വീശി വീശി,
അനുനിമിഷം നിന്നെയധീരയാക്കു-
മനഘസുഖചിന്തയേതായിരിക്കാം?
കുതുകദമാമേതിന്റെ വശ്യതയ്ക്കോ
കുസുമസമകോമളേ, പാത്രമായ് നീ?
തവ ഹൃദയമിപ്പോൾ പറന്നു പാടും
കവനമയസാമ്രാജ്യമേതു നാകം?
സുരഭിലമാമേതോ കിനാവുപോലെ
തരുണത നിൻ ജീവിതം പുൽകി നിൽക്കെ,
ഒരു മുരളീഗാനമായ് നിൻ ഹൃദയ-
മൊഴുകിടുവതേതു വൃന്ദാവനമോ?