Jump to content

കലാകേളി/നിർവൃതി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പ്രണയം തുളുമ്പുമീ മൌനഗാന-
മവിടുന്നറിയുകയില്ല നൂനം.
ഇവിടെയീ നാടകശാലയിങ്കൽ
വിവിധനടന്മാർ നിറഞ്ഞു നിൽക്കേ;
അഭിനയമോരോന്നവരഖില-
മഭിനന്ദനീയമായാചരിക്കെ;
അനുപമരംഗവിധാനമോരോ-
ന്നനുഭൂതിയേകുമാറുല്ലസിക്കെ;
വിവിധപരാക്രമവിക്രമങ്ങൾ
വിജയപതാക പരത്തിനിൽക്കെ;
തെരുതെരെതീപ്പൊരി വാരി വീശി
ത്വരിതവാചാലയുജ്ജ്വലിക്കെ;
ഒരു കോണിൽ മാറിയൊഴിഞ്ഞൊതുങ്ങി
മരുവുമെൻ നിശ്ശബ്ദശോകഗാനം
പ്രണയസ്വരൂപമേ, നിന്നരികി-
ലണയുന്നതെങ്ങിനെ നിൻ ചെവിയിൽ?

ഇതുമട്ടാണെങ്കിലും തപ്തമാമെൻ
ഹൃദയത്തിലുണ്ടൊരു ചാരിതാർത്ഥ്യം;
മമ മൌനഗാനങ്ങളാകമാനം
തവ ജയസ്തോത്രങ്ങൾ മാത്രമല്ലോ!
മഹനീയജ്യോതിസ്സേ, നിന്നെയോർത്തു
മതിമറന്നങ്ങനെ നിന്നിടുമ്പോൾ,
വികസിച്ചിടുന്നു ഞാൻ പൂക്കൾതോറും;
വിഹരിപ്പു കല്ലോലമാലതോറും!
മദകരനർത്തനംചെയ്വൂഞാനാ-
മലരണിമഞ്ജുളവല്ലികളിൽ!
കനകതാരത്തിങ്കൽനിന്നു ഞാനെൻ
കരളോടടുപ്പിച്ചു മൺതരിയെ!
വിരവിൽ ഞാൻ പുൽകുന്നു കൈകൾ നീട്ടി
വിപുലപ്രപഞ്ചത്തെയാകമാനം!
-മതി, മതി, ദേവ, കൃതാർത്ഥയാണീ
മദിരോത്സവത്തിൻ ലഹരിയിൽ ഞാൻ!

"https://ml.wikisource.org/w/index.php?title=കലാകേളി/നിർവൃതി&oldid=36136" എന്ന താളിൽനിന്ന് ശേഖരിച്ചത്