കലാകേളി/എന്തിന്
ദൃശ്യരൂപം
< കലാകേളി
കനകമയി, കവിതയുടെ കൊച്ചനുജത്തിപോൽ
കരൾകവരുമാ, റെന്തിനെന്നോടടുത്തു നീ?
സതതമയി മമ ഹൃദയമലിനചഷകത്തി, ലി-
സ്സായൂജ്യപീയൂഷമെന്തിന്നൊഴുക്കി നീ?
മറവിയുടെ മലർവനിയിലെന്തുകൊണ്ടേകയായ്
മായികപോലെ മറഞ്ഞൊഴിഞ്ഞില്ല നീ?
സ്മരണയുടെ പരിമൃദുലയവനികകൾ നീക്കിയെൻ
ഭാരിതപ്രാണനെത്താങ്ങിസ്സകൌതുകം,
അനവരതമൊരു പുതിയ പുളകശയനീയത്തി-
ലാലിംഗനം ചെയ്തിടുന്നതെന്തിനു നീ?
യുഗശതകമീവിധം തീരാവിരഹമാം
വികലവിപിനാനലൻ നീറിനീറി സ്വയം,
അതിനുടെയഗാധമാം ജഠരകുഹരത്തിലെ-
ന്നതിചപലമോഹങ്ങളൊക്കെയും ചാമ്പലായ്;
ഒരുഫലവുമില്ലാതടിയുവാൻ മാത്രമോ
ചിരസുദൃഢബന്ധത്തിലൊന്നിച്ചു ചേർന്നു നാം?
നിരവധികതേജ:സ്ഫുലിംഗങ്ങൾ ശൂന്യമാം
സുരപഥഹൃദത്തിങ്കലേതോ ചരടിനാൽ,
സ്വയമിടറിവീണിടാതൊന്നിച്ചിണക്കിവെ-
ച്ചൂയലാടിക്കുന്നതേതിൻ വിനോദമോ;
അതിനിതുമൊരാനന്ദലീലയാണെങ്കിലാ-
ട്ടയി, സുദതി, യാശ്വസിക്കാതിരിക്കില്ല ഞാൻ!