കലാകേളി/ആ രംഗം
ദൃശ്യരൂപം
< കലാകേളി
കനകതാരകൽ കതിർചൊരിഞ്ഞൊരക്കളിമലരണിക്കാവിൽ;
കവനലോലുപരിരുവർ ഞങ്ങളൊരതുലനാടകമാടി!
ഇണയിറങ്ങുമാറകലെ രാക്കുയിലൊരു കിളി മരക്കൊമ്പിൽ,
പ്രണയഗാനങ്ങൾ പലതുമങ്ങനെ കളലളിതമായ് പാടി!
ചേണിയലും നീലനിഴൽ നീളെ നീളെത്തിങ്ങി-
പ്പൂനിലാവലകളിലാപ്പൂവനിക മുങ്ങി!
തരളിതനവസുരഭിലവനപവനനിലുലഞ്ഞാടി-
ത്തരുനിരകളെത്തഴുകി വല്ലികൾ പുളകപ്പൂങ്കുല ചൂടി!
പറവതെന്തു ഞാൻ സഖികളേ, പാരം പരിധിയറ്റതാമേതോ
പരമനിർവൃതിപ്പുഴയിൽ ഞങ്ങളന്നൊഴുകിയങ്ങനെ പോയി!
ഭരിതമോദമെൻ മടിയിൽ ഞാനൊരു ചെറുവിപഞ്ചികയേന്തി-
ത്തെരുതെരെയതിൻ കനകതന്ത്രികൾ മധുമധുരമായ് മീട്ടി!
സുഖദമായൊരസ്വരലഹരിയിൽ മുഴുകിയെൻ മടിത്തട്ടിൽ
സുമശരോപമസുഭഗനങ്ങനെ കിടന്നു സുസ്മിതം തൂകി!
എത്തുകില്ലൊരിക്കലുമാ മുത്തണിഞ്ഞകാലം
വ്യർത്ഥമാണിക്കാണ്മതെല്ലാം പാഴ്ക്കിനാവിൻ ജാലം!