കലാകേളി/ആശ്വാസഗാനം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

പോയെങ്കിൽ പോകട്ടേ പൊയ്പ്പോയ നാളുകൾ
പോതും കരഞ്ഞതെൻ ചിത്തമേ നീ!
ഭാവി ഭയങ്കരമാണെങ്കി ലാവട്ടെ
ഭാവിച്ചിടായ്കതിൽ ഭീരുത നീ!
സദ്രസം കോരിക്കുടിച്ചു മദിക്കുകീ
വർത്തമാനത്തിൻ മധുരമദ്യം!
എത്രശപിച്ചാലു, മെത്ര കരഞ്ഞാലു,-
മെത്ര പരിഭവം കാട്ടിയാലും,
എന്തിനു, നീയിനിയെന്തൊക്കെച്ചെയ്താലും
പിന്തിരിഞ്ഞെത്തില്ലാപ്പോയകാലം.
ഇത്ര നടുങ്ങുവാനെന്തുണ്ടു?-'നാളെ'യ-
തെത്തു 'മിന്നാ'യ്ത്തന്നെ നിന്റെ മുമ്പിൽ.
ഇന്നാണു നിൻ ജയ, മിന്നാണു നിൻ സുഖ-
മിന്നിനെത്തന്നെ നീയാശ്രയിക്കൂ!
എല്ലാമുറങ്ങും മറവിതൻ തൊട്ടിലി-
ലെല്ലാമൊരിക്കലധ:പതിക്കും.
ഒന്നുകിലോർക്കുകിൽ ശാശ്വതം-സർവ്വവു-
മൊന്നുപോൽ മായികം സ്വപ്നമാത്രം!
കേവലമജ്ഞാതശക്തിയൊന്നാളുമി-
ജ്ജീവിതം തന്നെയൊരിന്ദ്രജാലം.
കണ്ണുനീരായാലും പുഞ്ചിരിയായാലും
മണ്ണടിഞ്ഞീടണം രണ്ടുമൊപ്പം.
പിന്നെ, യവയിലൊരൽപം സുഖദമാം
മന്ദസ്മിതോത്സവമല്ലീ കാമ്യം?
ദീനവിലാപത്തേക്കാളും പ്രിയതരം
ഗാനതരംഗവിലാസമല്ലീ?
മന്ദഹസിക്കുക, പാടുക, നാമെന്നും
മണ്ണടിഞ്ഞാലും, കൃതാർത്ഥർ നമ്മൾ!

                               -1-3-1940

"https://ml.wikisource.org/w/index.php?title=കലാകേളി/ആശ്വാസഗാനം&oldid=36153" എന്ന താളിൽനിന്ന് ശേഖരിച്ചത്