കണ്ണാ കാറൊളി വർണ്ണാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കണ്ണാ കാറൊളി വർണ്ണാ ഞാനൊരു കാമിതമോദാം ഉണ്ണീ
കണ്ണിനു കൗതുകമേകും രൂപം വര്ണ്ണിച്ചാൽ നീ വരുമോ ( കണ്ണാ ..)

കനകകിരീടം നിറുകയിൽ നിറയെ മയിൽ പീലികൾ തിരുകേണം
കനിയും കണ്ണുകളെഴുതി ലലാടെ തിലകം ചാർത്തീടേണം
ചാരുത തിരളും തിരുനാസികയും കുണ്ഡലമണ്ഡിത കർണ്ണദ്വയവും
പരിശോഭിതമാം ഗണ്ഡസ്ഥലവും കണ്ടാൽ കണ്ണു കുളിർക്കേണം ( കണ്ണാ ..)

പുഞ്ചിരി തഞ്ചിടുമധരപുടങ്ങളും അഞ്ചാതകർഷിച്ചീടും.
പിഞ്ചോമനതൻ തിരുമുഖ ഭംഗികൾ ഭംഗിയോടങ്ങിനെ കാണാകേണം
ഗളതലമതിൽ വനമാലകളും തരിവളയൊടു വിലസും പാണികളും
തെളിയും ശ്രീവൽസാഞ്ചിതലഞ്ചനമെഴുമൊരു മാർവ്വിടവും ( കണ്ണാ ..)

അരയിൽ കിങ്ങിണി തൂങ്ങിവിളങ്ങിടുമരഞ്ഞാണണിയേണം
അഴകിനോടഴിയാതതിനൊടു ചേരും ദുകൂല കൗപീനം
മണിശിഞ്ചിതയുത നൂപുര ശോഭിതമാകും മൃദുപദ താരിണയും
കായാമ്പൂനിറമാർന്നൊരു തനുവും കാണാൻ കഴിയേണം ( കണ്ണാ ..)

ഓടക്കുഴൽ നീയൂതിയിണങ്ങിയ നടനം ചെയ്തു നടക്കേണം
ഓടിയണഞ്ഞാലില്ലൊരു മോദം കാമിതരൂപം കാണാനും
കണ്ണിനു കൗതുകമേകാൻ വരണെ കനിവൊടു കമനീയാംഗാ
കണ്ണീർ ചൊരിയാൻ ഇടയാക്കരുതെ കണ്ണാ കരിമുകിൽ വർണ്ണാ ( കണ്ണാ ..)


                               - നീലംപേരൂർ കുട്ടപ്പപണിക്കർ

"https://ml.wikisource.org/w/index.php?title=കണ്ണാ_കാറൊളി_വർണ്ണാ&oldid=19082" എന്ന താളിൽനിന്ന് ശേഖരിച്ചത്