കഠോരകുഠാരം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

പീഠിക[തിരുത്തുക]

യേശുക്രിസ്തുവിന്റെ സുവേശഷമെന്ന പുതുനിയമം സുപ്രബോധനങ്ങളാൽ നിറയപ്പെട്ട ഒരുസുഭാഷിതംതന്നെ. അതിൽ ത്രിയേകദൈവമെന്നും മറ്റും ഉള്ള ചില ഭാഗങ്ങളിൽ മാത്രം ഇസ്‌ലാം മതസ്ഥർ വിയോജിക്കുന്നു.

ആ സുഭാഷിതത്തെ ഉപദേശിക്കുന്ന ഉപദേഷ്ടാക്കൾ വീഥികളിലും മറ്റു ഉത്സവസ്ഥലങ്ങളിലും ചെന്നു പ്രസംഗിക്കുന്നു. അങ്ങിനെ താൻ ഒരു വാക്കുസാമർഥ്യമുള്ളവനും സുവിശേഷസുപ്രസന്നനുമാണെന്ന് ധരിപ്പിക്കാൻവേണ്ടി, തന്റെ ഉപദേശമായ സുവിശേഷസുഭാഷിതത്തിന്നു മുൻകടന്നും അതിന്നു തീരെ വിരോധമായും അനേകകാതം വഴിദൂരെ നിന്നു അവരവരുടെ പുണ്യസ്ഥലങ്ങളിലേക്കു പുണ്യ സാധ്യത്തിനായി നാനാ നഷ്ടകഷ്ടങ്ങൾ അനുഭവിച്ചു വരുന്നവൻ, മുസ്‌ലിമാണെങ്കിൽ അവന്റെ വേദത്തേയും വേദകർത്താവ് മുതലായവരേയും ഹിന്ദുവാണെങ്കിൽ അവന്റെ ശാസ്ത്രങ്ങളേയും ശാസ്ത്രകർത്താക്കളേയും മറ്റും അവർ കേൾക്കെ ദുഷിച്ചും, പുച്ഛിച്ചും പരിഹസിച്ചും വരുന്നു. ഇതു അവരുടെ വിശ്വാസസ്ഥാപിതമായ ഹൃദയത്തിൽ നിർഭരമായ ദുഃഖത്തെ ഉണ്ടാക്കിത്തീർക്കുമെന്നു തീർച്ചയാണല്ലോ. അപ്പോൾ ന്യായാധിപതിയായ നമ്മുടെ ഗവൺമെന്റ്, പ്രജകളുടെ അന്തരംഗത്തിൽ വിതറിവന്ന അനുരാഗബീജം, മുളക്കുന്നതിനുമുമ്പായി ദ്രവിച്ചുപോകുവാൻ കാരണമായി വരുന്നു. എങ്ങിനെയെന്നാൽ മിഷ്യൻ പാതിരികൾക്കു ഗവൺമെന്റിന്റെ പ്രത്യേക സഹായമുണ്ടെന്ന് ബുദ്ധിഹീനരായ ചിലർ ധരിച്ചുപോകുന്നു. ആ ധാരണ തീരെ പിഴച്ചതാണെന്ന് കാണിക്കേണ്ടത് ആവശ്യമായിരിക്കയാൽ അതിലേക്കുവേണ്ടി ചില ന്യായങ്ങളെ കാണിക്കുന്നു.

നമ്മുടെ ഗവൺമെന്റിന്റെ മാർഗ്ഗവും ക്രിസ്തുമതം തന്നെ. എങ്കിലും നാനാമാർഗ്ഗികളായ തന്റെ പ്രജകളെ, മാർഗ്ഗഭേദം കൂടാതെ നീതിമാർഗ്ഗപ്രകാരം സമദൃഷ്ടിയോടെ യഥാസ്ഥിതിയിൽ പരിപാലിക്കുന്നതും, അവരവരുടെ അഭീഷ്ടപ്രകാരം സുഖിച്ചുകൊള്ളേണ്ടതിലേക്കു പ്രത്യേക നിബന്ധനകൾ നിയമിച്ചിരിക്കുന്നതും സ്പഷ്ടമാണല്ലൊ.

അല്ലയോ സ്‌നേഹിതരേ! മുൻകഴിഞ്ഞ രാജാക്കന്മാരുടെ നീതികളും നിബന്ധനകളും പ്രജകൾക്കുണ്ടായിരുന്ന സുഖവും ഇപ്പോൾ നിങ്ങൾക്കുള്ള സുഖവും, സന്തുഷ്ടിയും നിങ്ങൾ ഓർത്തുനോക്കുവിൻ. ഈ ഗവൺമെന്റിന്റെ വാഴ്ചയിൽ നാനാ ജാതികളും നാനാതരങ്ങളും സമന്മാരായി ഹിതപ്രകാരം സുഖിക്കുംപോലെ സുഖം അനുഭവിച്ച പ്രജകൾ ആരുണ്ട്? ആയവസ്ഥകൾ കണ്ടോ കേട്ടോ അറിയുവാൻ സംഗതി വന്നിട്ടില്ലെങ്കിൽ, ഇപ്പോൾ നമ്മുടെ അയൽപുരങ്ങളിൽ ഉള്ള രാജാക്കന്മാരുടെ അവസ്ഥയും പ്രജകളുടെ സ്ഥിതിയും നമുക്കു പ്രത്യക്ഷമാണല്ലോ.

പരമാർത്ഥത്തിൽ മിഷ്യൻ പാതിരി സായ്പന്മാർ തങ്ങളുടെ വേദമാർഗ്ഗത്തിൽ ചെയ്തുവരുന്ന പ്രവൃത്തികൾ അഭിനന്ദനീയമാകുന്നു. എങ്ങിനെയെന്നാൽ, ആ വേദത്തെ അനുസരിക്കുന്നവരെ അവർ എത്ര വാത്സല്യത്തോടു കൂടെ കൈകൊണ്ടു സംരക്ഷണം ചെയ്കയും നാനാ വിദ്യകൾ അഭ്യസിപ്പിക്കയും ചെയ്യുന്നു. അവരിൽ വല്ലവനും നിപുണനായിത്തീർന്നാൽ അവന് ഉപദേശസ്ഥാനം കൊടുത്തു മിഷ്യൻ വക ഒരു മാസപ്പടിയും നിശ്ചയിച്ചു പലേടങ്ങളിൽ അവനെക്കൊണ്ടു ഉപദേശിപ്പിക്കുന്നു. മറ്റുള്ള വേദ അനുസാരികളേയോ, അവരവരുടെ അവസ്ഥപോലെ, പല വിധമായ പണികൾ അവരെക്കൊണ്ട് എടുപ്പിച്ച് അവർക്കുവേണ്ടി ചിലവഴിച്ച പണം അവരാൽ തന്നെ സമ്പാദിക്കുന്നു.

ഇങ്ങിനെ ഈ പ്രവൃത്തിയെ ഒരു തൊഴിലാക്കി നിശ്ചയിച്ചു അതിനുവേണ്ടി അനേക പണം ചിലവഴിച്ചും, നാനാ അദ്ധ്വാനങ്ങളും കഷ്ടങ്ങളും സഹിച്ചും, പലേടങ്ങളിലും പോയി ഉപദശിക്കുന്നു. എന്നുതന്നെയല്ല ശാസ്ത്രങ്ങളും വേദങ്ങളും വായിച്ചു അതിന്റെ താരതമ്യങ്ങൾ അതിന്റെ ശക്തിപോലെ അറിഞ്ഞു പല പുസ്തകങ്ങൾ ചമച്ചു വിറ്റും, പാഠശാലകൾവെച്ചു പഠിപ്പിച്ചും വരുന്നു. ഇങ്ങിനെ തങ്ങളുടെ വേദപ്രചരണത്തിനായി പണംകൊണ്ടും ദേഹംകൊണ്ടും ഒരുക്കമായിരിക്കുന്നതു അവർക്കുള്ള അവകാശമാണെന്നും ഉത്തമക്രിയയെന്നും വിചാരിക്കേണ്ടതാകുന്നു.

അവനവൻ വിശ്വസിച്ചുവരുന്ന വേദമോ ശാസ്ത്രമോ എന്തുതന്നെ ആയാലും അതിനെ തന്റെ അമ്മയച്ഛനെക്കാൾ അധികം സ്‌നേഹിക്കേണ്ടതു ആവശ്യംതന്നെ. വിശ്വാസത്തിന്റെ അസ്ഥിവാരം പ്രേമമാണെന്നും, പ്രിയമല്ലാത്ത വിശ്വാസം പ്രമാണമല്ലെന്നും സ്പഷ്ടമാണല്ലൊ ദൃഷ്ടാന്തം. തന്റെ പ്രിയബാല ഒരു വെപ്പാട്ടി തന്നെ ആകുന്നുവെങ്കിലും അവളെ ഒരുവൻ ദുഷിക്കുന്നതു തനിക്കു എത്രയും വ്യസനവും കോപവും കൊടുക്കുന്നു. അവളെ അലങ്കരിപ്പിക്കാനായി എത്ര വാഞ്ഛയുണ്ടാകുന്നു? അതൊ! തൽക്കാലത്തെ ഒരു അപമാനവും സന്തോഷവും. ഇതോ ഇരുലോകത്തിലേയും സുഖസന്തോഷങ്ങൾക്കുള്ള ഒരു ആധാരവും ആകുന്നു. അതിന്നു അത്രയുണ്ടെങ്കിൽ ഇതിന്നു എത്രവേണം? ഇതിൻവണ്ണം ക്രിസ്ത്യാനികൾ അവരുടെ വേദത്തിന്മേൽ അവർക്കുള്ള ഇഷ്ടത്തിന്റെ പുഷ്ടിയെ കാണിക്കുന്നു. നിങ്ങൾക്കു നിങ്ങളുടെ വേദ ശാസ്ത്രങ്ങളോടു വാത്സല്യമുണ്ടെങ്കിൽ നിങ്ങളും അതുപ്രകാരം നടക്കേണ്ടതിനെ ആർ വിരോധിക്കുന്നു? നിങ്ങൾ ലോകമായയിൽ മോഹിച്ചു കിടക്കുന്നതിനാൽ ശരീരംകൊണ്ട് ഉപദേശികളെപ്പോലെ യത്‌നിപ്പാൻ നിങ്ങൾക്കു കഴിവില്ലങ്കിൽ പണംകൊണ്ട് ആവാമല്ലൊ; പണം ഉണ്ടെന്നു വരികിൽ ശരീരംകൊണ്ട് യത്‌നിക്കുന്നവർ അപൂർവ്വമോ? ആവശ്യത്തിൽപരം ലോക കീർത്തിക്കു വേണ്ടി വലിയ വലിയ മതപാഠങ്ങൾ ഉണ്ടാക്കുവാനും, ഭാര്യമാർക്ക് ക്രമത്തിലധികം ആഭരണങ്ങൾ ഉണ്ടാക്കി അലങ്കരിപ്പിച്ച് കാൺമാനും, ദുർവ്യയം ചെയ്തു മാനം സമ്പാദിക്കാനുള്ള ആഗ്രഹവും, ധനം, മാനം, സന്തതി ഇവ മൂന്നിന്റെയും വർദ്ധനവിലുള്ള താല്പര്യവും മാത്രമാണല്ലൊ നിങ്ങളിൽ കാണുന്നത്.

മോശ, ദാവീദ്, യേശു, മുഹമ്മദ് നബി- ഇവരും, ഇവർക്കു ശേഷവും ഇവരുടെ ശിഷ്യരും അനേക ദുഃഖകഷ്ടങ്ങൾ അനുഭവിച്ചു ഏതെല്ലാം രാജ്യങ്ങളിൽ ചെന്ന് സുവിശേഷവാക്യങ്ങളെ വ്യാപിപ്പിച്ചു എന്നും കഴിവുള്ളവർ ധാരാളം ധനം ചിലവഴിച്ചു എന്നും അറിവുണ്ടല്ലോ.

ഏതായാലും തൗറാത്ത്, എന്ന പഴയ നിയമം നാലാംപുസ്തകം 18ാം അധ്യായം 21ഉം 24ഉം വചനങ്ങൾകൊണ്ടും, ഇഞ്ചിൽ എന്ന പുതിയ നിയമം 'എബ്രായർ' 7ാം അധ്യായം 5ാം വചനം കൊണ്ടും ഹിന്ദുശാസ്ത്രം കൊണ്ടും പ്രത്യേകിച്ചു, (ഖുർആൻ) എന്ന ദൈവവാക്യം കൊണ്ടും നിങ്ങളുടെ സമ്പാദ്യത്തിൽനിന്നു (സക്കാത്ത്) എന്ന ദശാംശത്തിന് ദൈവം അവകാശിയാണല്ലൊ. ദൈവത്തിന്റെ ഈ അവകാശമെങ്കിലും ദൈവനാമത്തിൽ ചിലവഴിച്ച് ക്രിസ്ത്യാനികളെപ്പോലെ ഒരു നിശ്ചയം നിങ്ങളും ചെയ്താൽ നിങ്ങളുടെ വേദശാസ്ത്രങ്ങൾക്കും അലങ്കാരമായിത്തീരുന്നതാകുന്നു. അതു ചെയ്യാതെ മനോഹരികളെ അലങ്കരിപ്പിച്ചു താൻ കണ്ടാമോദം പ്രാപിപ്പാനും താൻ അലങ്കരിച്ചു അവരെ സന്തോഷിപ്പിക്കുവാനും ഉള്ള ആഗ്രഹമല്ലാതെ; തന്റെ വേദശാസ്ത്രങ്ങളെ അലങ്കരിപ്പിച്ചു താൻ സന്തോഷിക്കാനും തന്റെ കർത്താവിനെ സന്തോഷിപ്പിച്ചു ഇരുലോകത്തിലേക്കുമുള്ള മാനം സമ്പാദിക്കാനും ഉള്ള വാഞ്ഛ ഇല്ലാത്ത നിങ്ങൾ ക്രിസ്തു വേദ അലങ്കാരത്തെ കണ്ടു വ്യസനിക്കുന്നതിൽ ഫലമെന്തിരിക്കുന്നു!

ഇപ്പോൾ ലോകത്തിലെല്ലാം വ്യാപിച്ചിരിക്കുന്ന സുവിശേഷങ്ങൾ എത്ര വില പിടിച്ച സുഭാഷിതങ്ങളെ ഉപദേശിക്കുന്നു എന്നു നോക്കുക.

മത്തായി 7ാം അധ്യായം 2ാം വചനം നിങ്ങൾ വിധിക്കുന്ന വിധിതന്നെ നിങ്ങൾക്കും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളക്കപ്പെടും. മത്തായി 7, 4 നിന്റെ കണ്ണിൽ ഇതാ കോൽ ഇരിക്കവെ നീ സഹോദരനോടു നിൽക്കൂ, നിന്റെ കണ്ണിൽനിന്നു കരടിനെ എടുത്തുകളയട്ടെ, എന്നു പറവതു എങ്ങിനെ? മത്തായി 712ൽ എന്നത് കൊണ്ട് മനുഷ്യൻ നിങ്ങൾക്ക് ഏതെല്ലാം ചെയ്യേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നുവോ അപ്രകാരം തന്നെ നിങ്ങളും അവർക്കു ചെയ്‌വിൻ, ധർമ്മവും പ്രവാചകന്മാരും ഒക്കെ ഇതത്രെ. ഇത്തരം പ്രബോധനങ്ങൾ സുവിശേഷങ്ങളിൽ തന്നെ ഇരിക്കവെ അതിനെ നോക്കാതെയോ ഓർക്കാതെയോ ഉപദേഷ്ടാക്കൾ ലേഖനംകൊണ്ടും വചനംകൊണ്ടും അന്യമാർഗ്ഗങ്ങളെയും മാർഗ്ഗകർത്താക്കളെയും മനഃപൂർവ്വം ദുഷിച്ചുവരുന്നു.

കഷ്ടമെ കഷ്ടം! യേശുക്രിസ്തു ഇത്ര വ്യക്തമായി ഉപദേശിച്ചിരിക്കെ വെളുത്തതും കറുത്തതുമായ നമ്മുടെ സഹോദരന്മാർ ചിലപ്പോൾ ദാവീദ് ഉറിയ എന്നവന്റെ ഭാര്യയെ പരിഗ്രഹിച്ചു എന്നും, ശലമോൻ ബിംബാരാധന ചെയ്തിരുന്നു എന്നും കേൾപ്പിക്കുന്നു. ചിലപ്പോൾ ആദം ദൈവ കല്പനയെ ലംഘിച്ചതിനേയു അബ്രഹാം തന്റെ ഭാര്യയെ സഹോദരി എന്ന് പറഞ്ഞതിനേയും ധരിപ്പിക്കുന്നു. ചിലപ്പോൾ ലോത്ത് തന്റെ മക്കളെ മദനോത്സവിച്ചു എന്നും മുഹമ്മദുനബി ദത്തുപുത്രന്റെ ഭാര്യയെ തന്റെ ഭാര്യയാക്കി എന്നും പറയുന്നു. ഇങ്ങിനെ പ്രവാചകരിൽ ആരേയും തന്റെ നിന്ദാശാസ്ത്രങ്ങൾക്കു കുറിയാക്കാതെ ഒഴിയുന്നില്ല. കുത്സിത ഭാവങ്ങളെ കേവലം നിരസിപ്പിച്ചു സുവിശേഷ സുഭാഷിതങ്ങളെ മാത്രം തന്റെ ശിഷ്യരെ ഗ്രഹിപ്പിക്കേണ്ടതിന്നും, തന്റെ കണ്ണിൽ ഇരിക്കുന്ന കോലിനെ ഓർക്കാതെ സ്‌നേഹിതന്റെ കണ്ണിൽ കരട് ഉണ്ടോ എന്നു തിരയാതിരിക്കേണ്ടതിലേക്കു ഉപദേശിക്കേണ്ടതിന്നും നമ്മുടെ പാതിരി സായ്പന്മാരോട് അപേക്ഷിക്കുന്നു.

ഉപദേഷ്ടാക്കളുടെ വചനങ്ങൾ കേട്ടും ലേഖനങ്ങൾ വായിച്ചും സുവിശേഷങ്ങളോട് യോജിപ്പിച്ചു നോക്കുമ്പോൾ കേവലം അസംബന്ധമായി കാണുകകൊണ്ടും കുത്സിത വചനങ്ങൾ കൂടെ കൂടെ ചെവിട്ടിൽ തറക്കുന്നത് കൊണ്ടും ഇതുവരെ മലയാള ഭാഷയിൽ സുവിശേഷ പരിശോധന കാണായ്കയാൽ സ്ത്രീകളുടെ ലാവണ്യ അലങ്കാരങ്ങളും തുംഗസ്തനങ്ങളും മനോഹര ലീലകളും അമൃതോപമ വചനങ്ങളും, പുഞ്ചിരികൊഞ്ചലും കൺമയക്കങ്ങളും കണ്ടു മോഹിച്ചു അന്തർഭൂത ദോഷങ്ങളെ ഓർക്കാതെ പെട്ടെന്ന് പെട്ടുപോകുന്നത് പോലെ ക്രിസ്തുമതത്തിന്റെ ഉപദേശപ്രസാധനങ്ങളും പരിപാലന വൈചിത്ര്യങ്ങളും കണ്ട് അല്പജ്ഞാനികൾ ആന്തരാർഥം ഗ്രഹിക്കാതെ പൊടുന്നനെ ചേർന്നുപോകുന്നതുകൊണ്ടും അന്യവേദമോ ശാസ്ത്രമോ ചേർക്കാതെ സുവിശേഷങ്ങളിൽനിന്നുതന്നെ ചില വാക്യങ്ങളെ എടുത്തു നിയമാനുസരണയായി ക്രിസ്ത്യാനികൾ അളന്നുവരുന്ന അളവിനാൽ തന്നെ അവർക്കും അളക്കുന്നു. ദൈവം തുണക്കട്ടെ. ആമീൻ എന്ന്, സയ്യിതു സുനാവുല്ല മക്തി തങ്ങൾ

ഒന്നാം ഖണ്ഡം[തിരുത്തുക]

അജ്ഞാന വധം[തിരുത്തുക]

സർവ്വഗുണ പരിപൂർണ്ണനായ ഏകദൈവം, ജീവി, നിർജ്ജീവി എന്നിങ്ങനെ നിരവധി ലക്ഷം സൃഷ്ടികളെ സൃഷ്ടിച്ചു. അവയിൽ ദിവ്യാത്മാവുകൊണ്ടും, ഗുണദോഷപരിജ്ഞാനിയായ ബുദ്ധിയെക്കൊണ്ടും മനുഷ്യനെ അലങ്കരിപ്പിച്ചു സർവ്വസൃഷ്ടികൾക്കും ശ്രേഷ്ഠനെന്ന സ്ഥാനാധിപതിയാക്കിത്തീർത്തു.

ആ ഗുണദോഷ പരിജ്ഞാനം ദൈവീകം, മാനുഷികം, ലൗകികം എന്നീ മൂന്നു പ്രകാരത്തിലത്രെ ഇരിക്കുന്നത്. അതിൽ മുഖ്യവും, സർവ്വാലോചനകളുടെ സാരാംശവും ആയ ദൈവികത്തെ ഒന്നാമതു പരിശോധിക്കേണ്ടതു ആവശ്യംതന്നെ.

ചോദ്യോത്തരം[തിരുത്തുക]

മുൻഷി: മുസൽമാന്മാരായ ഞങ്ങൾ ദൈവം ഒരുവനെന്നു വിശ്വസിച്ചുവരുന്നത് സമ്മതമാണല്ലോ. നിങ്ങൾ ദൈവത്തെ എങ്ങിനെ വിശ്വസിക്കുന്നു? ഉപദേശി: ക്രിസ്ത്യാനികളായ ഞങ്ങൾ അത്യുന്നതവും തികവും ഉള്ള ദൈവം ഒരുവൻ മാത്രമേ ആയിരിപ്പാൻ പാടുള്ളു എന്നു സ്ഥിരപ്പെടുത്തുന്നു. എന്നാൽ എല്ലാ സൂക്ഷ്മധ്യാനംകൊണ്ടും സ്വഭാവ പ്രകാരമുള്ള ഏകദൈവത്തിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂർത്തികൾ മൂന്നുണ്ടെന്നു വിശ്വസിക്കുന്നു.

മുൻഷി: ഈ ത്രിയേകത്വം കേവലം അങ്ങില്ലാപൊങ്ങുപോലെ നിലയില്ലാതെയാണല്ലൊ നില്ക്കുന്നത്. നിങ്ങൾ പറഞ്ഞും വിശ്വസിച്ചും വരുന്നതല്ലാതെ ക്രൈസ്ത വേദപുസ്തകങ്ങളിൽ ലേശംപോലും ഇവ തെളിഞ്ഞുകാണുന്നില്ല.

യേശുവിന്റെ പൂർവ്വികന്മാരായ ആദാം മുതൽ മോശ വരേയും മോശ മുതൽ യോഹന്നാൻ വരേയും ഏകദൈവപ്രമാണം മാത്രം പ്രബലമായിരുന്നു എന്നു പൂർവ്വപുസ്തകങ്ങളെക്കൊണ്ടു തെളിയുന്നു. മാത്രമല്ലാ പഴയ നിയമത്തിന്റെ ഉൽഭവം മുതൽ യേശുവിന്റെ ഗുരുവായ യോഹന്നാന്റെ കാലം വരെ എന്നല്ല ഇന്നുവരെയും ആ വേദക്കാരായ യഹൂദന്മാരുടെ വിശ്വാസം ഏകദൈവമെന്നിരിക്കയും ചെയ്യുന്നു. പ്രമാണമായ ദൈവവിശ്വാസം പരമാർഥത്തിൽ ത്രിയേകതയിൽ ആയിരുന്നു എങ്കിൽ പല പല പ്രവാചകന്മാർ അനേകകാലം സത്യപുരോഹിതന്മാരായി ഉപദേശിച്ചുവന്നിരുന്നതിൽ ഈ വചനം സ്പഷ്ടമായി ഒരു സ്ഥലത്തും പ്രയോഗിക്കാതെയും ഒരുത്തർക്കും ഉപദേശിക്കാതെയും ഇരിപ്പാനും യേശുവിന്നു 1491 കൊല്ലങ്ങൾക്കുമുമ്പ് മോശക്കു നിയോഗം ഉണ്ടായി. ബിംബാരാധന വിരോധിച്ചു. മോക്ഷാ ർത്ഥമായും പാപാർത്ഥമായും ഉള്ള ശതോപിശതം ദൈവകല്പനകളെ പ്രത്യക്ഷമായി പ്രസ്താവിച്ചു. ആ പ്രസ്താവനകളുൾക്കൊള്ളുന്ന നിങ്ങളുടെ പഴയ നിയമത്തിൽ ഈ ത്രിയേകവിശ്വാസ പ്രസ്താവം തീരെ കാണാതിരിപ്പാനും കാരണമില്ല.

മനുഷ്യപിതാവായ ആദാമിന്റെ കാലത്തുണ്ടായിരുന്ന രക്ഷാർഥവാക്യങ്ങൾതന്നെ നോഹ, അബ്രഹാം, ഇസ്ഹാക്ക്, യാക്കോബ, യോസഫ് ഇവരുടെ കാലത്തും, ആ സത്യമാർഗ്ഗംതന്നെ; യശായാ, യറമിയ ഇവരുടെ കാലത്തും, അതുതന്നെ യോഹന്നാന്റെ കാലംവരേയും; നടന്നുവന്നതല്ലാതെ ഭേദിച്ചുകാണുന്നില്ല. യേശുവെ ജ്ഞാനസ്‌നാനപ്പെടുത്തിയതു ആ യോഹന്നാൻതന്നെ. ആകയാൽ യേശുവിന്റെ കാലത്തും ആ സത്യവചനങ്ങൾ മാത്രമേ പ്രബലപ്പെട്ടിരിക്കാൻ കാരണമുള്ളു. പിന്നെ ഈ അബദ്ധ വിശ്വാസത്തെ നിങ്ങൾ എവിടുന്നു കണ്ടുപിടിച്ചു?

ഉ: അതെ. ത്രിയേക ദൈവത്തിന്റെ അവസ്ഥയെ പഠിപ്പിക്കുന്ന വചനങ്ങൾ പഴയ നിയമത്തിൽ കാണ്മാൻ പ്രയാസംതന്നെ. എന്നാൽ പുതുനിയമത്തിൽ ചില കല്പനകൾ ഭേദിച്ചിരിക്കുന്നതിനാൽ, ത്രിയേക ദൈവത്തിന്റെ സ്വഭാവവും, സ്രഷ്ടാവിനും, സൃഷ്ടിക്കും തമ്മിലുള്ള സംബന്ധവും, ദൈവപുത്രൻ മനുഷ്യനായി ഈ ലോകത്തിൽവന്നതും, വിശുദ്ധാത്മാവ് മനുഷ്യരിൽ ഇറങ്ങിയതും ആ പുതുനിയമത്താൽ തെളിയുന്നു.

മു: നിങ്ങളുടെ വാക്കു കേൾക്കുമ്പോൾ വളരെ കൗതുകം തോന്നുന്നു. പഴയ നിയമത്തിൽ ത്രിയേകത്വത്തെ പഠിപ്പിക്കുന്ന വചനങ്ങൾ കാണ്മാൻ പ്രയാസമെന്നു നിങ്ങൾതന്നെ സമ്മതിക്കുന്നു. എന്നാൽ പുതുനിയമത്താൽ ചില നിയമങ്ങൾ ഭേദിച്ചിരിക്കകൊണ്ട് ത്രിയേകത്വം ആ പുതുനിയമത്താലാകുന്നു തെളിവായതു എന്നാണല്ലോ നിങ്ങൾ പറയുന്നത്. ഈ വാക്കു തീരെ ബലപ്പെടുന്നതല്ല. എന്തുകൊണ്ടെന്നാൽ മത്തായി 5: 17 ൽ വേദപ്രമാണത്തെ എങ്കിലും ദീർഘദർശികളെയെങ്കിലും ഇല്ലായ്മ ചെയ്യാൻ ഞാൻ വന്നിരിക്കുന്നു എന്നു നിങ്ങൾ നിരൂപിക്കേണ്ടാ; ഇല്ലായ്മ ചെയ്യാനല്ല നിവൃത്തി ആക്കുവാനത്രെ, ഞാൻ വന്നിരിക്കുന്നത് എന്ന് ഇത്ര സ്പഷ്ടമായി യേശു പറഞ്ഞിരിക്കുമ്പോൾ, യാതൊരു നിയമവും ഭേദിച്ചുകാണ്മാൻ സംഗതി ഇല്ല. പുതിയ നിയമത്തിന്റെ മുരടായിരിക്കുന്ന പഴയ നിയമം 5ാം പുസ്തകം 32: 39ൽ ഞാൻ ഞാൻ തന്നെ, എന്നോടു കൂടെ മറ്റൊരു ദൈവമില്ല, ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു, ഞാൻ മുറിവേല്പ്പിക്കുന്നു, ഞാൻ സൗഖ്യമാക്കുന്നു എന്റെ കൈയിൽനിന്നു വിടുവിക്കുന്ന ഒരുത്തനുമില്ല മേപ്പടി പുസ്തകം 137ൻ നീയും നിന്റെ പിതാക്കന്മാരും അറിയാതെയുള്ള അന്യദൈവങ്ങളെ നാം ചെന്നു സേവിക്കാ എന്നു നിന്റെ സഹോദരനെങ്കിലും, പുത്രനെങ്കിലും, പുത്രിയെങ്കിലും, മടിയിൽ ഇരിക്കുന്ന ഭാര്യയെങ്കിലും, ആത്മാവിനെപ്പോലെയുള്ള സ്‌നേഹിതനെങ്കിലും, രഹസ്യമായി പറഞ്ഞു നിന്നെ വശീകരിച്ചാൽ നീ സമ്മതിക്കാതെയും, അവനെ ചെവികൊള്ളാതെയും, നിന്റെ കണ്ണു അവനോടു കരുണചെയ്യാതെയും, ദയചെയ്യാതെയും അവനെ ഒളിപ്പിക്കാതെയും ഇരുന്നു നീ അവനെ കൊല്ലണം, നിശ്ചയം അവനെ കൊലചെയ്യുന്നതിനു മുമ്പെ നിന്റെ കയ്യും, പിന്നത്തെതിൽ എല്ലാ ജനത്തിന്റെ കയ്യും അവന്റെ മേൽ ഇരിക്കണം.

എന്നീ ദൈവ പ്രമാണങ്ങൾ ഇത്ര കാഠിന്യത്തോടും ബലത്തോടും കൂടി, പഴയ നിയമത്തിൽ വ്യക്തമാക്കപ്പെട്ടിരിക്കുമ്പോൾ, അതിനെ തീരെ ഇല്ലായ്മ ചെയ്യുന്ന ത്രിയേകത്വം പുതുനിയമത്തിൽ കാണപ്പെടുവാൻ പ്രയാസംതന്നെ. അഥവാ, പുതുനിയമത്തിൽ ത്രിയേകത്വം ഉണ്ടായാൽതന്നെയും വിശ്വാസയോഗ്യമല്ല. എന്തുകൊണ്ടെന്നാൽ പുതുനിയമം പല സംഗതികളാൽ ത്യജിക്കപ്പെടുന്നു. ഒന്നാമത് പുസ്തകത്തിന്റെ പ്രാബല്യത ആ പുസ്തക കർത്താവിന്റെ അവസ്ഥപോലെ ഇരിക്കുന്നതാകയാൽ, നിങ്ങളുടെ പുസ്തക കർത്താക്കളായ 1. മത്തായി 2. മാർക്കോസ് 3. ലൂക്കോസ് 4. യോഹന്നാൻ 5. പൗലോസ്സ് ഇവരുടെ ചരിതത്തെപ്പറ്റി വേദസംബന്ധമായി കുറച്ചു വിവരിക്കാം. മേൽപറഞ്ഞ അഞ്ചുപേരിൽ മത്തായി യോഹന്നാൻ ഇവർ രണ്ടും യേശുവിന്റെ ശിഷ്യർതന്നെ ആവാമെങ്കിലും യേശുവിനുശേഷം വേദത്തെ ചീത്തപ്പെടുത്തുവാൻ ഉത്സാഹിച്ചവരാകുന്നു. എന്നുമാത്രമല്ല; അവരുടെ അവിശ്വാസത്തെയും, ഹൃദയകാഠിന്യത്തേയും ബുദ്ധിഹീനതയേയും കുറിച്ചു യേശു പറഞ്ഞത് മാർക്കോസ് 16:14, മത്തായി 17:20 എന്നീ വചനങ്ങളാൽ തെളിഞ്ഞുകാണുന്നുമുണ്ട്. മാർക്കോസ്, ലൂക്കോസ് ഇവർ രണ്ടും യേശുവിന്റെ ശിഷ്യരിൽ ചേർന്നവരല്ല. അതിൽ മാർക്കോസ്, പത്രോസ് എന്നവന്റെ ശിഷ്യനാകുന്നു. ആ പത്രോസ് സാത്താൻ (പിശാച്) ആണെന്നും ദൈവത്തിന്റെ കാര്യങ്ങളെ അല്ലാ മനുഷ്യകാര്യങ്ങളെ വിചാരിക്കുന്നതുകൊണ്ട് നീ എനിക്കു വിരുദ്ധമാണെന്നും പറഞ്ഞ് യേശുവാൽ ആട്ടപ്പെട്ടവനുമാകുന്നു.

മത്തായി 1623 നോക്കുക.

ലൂക്കോസ്, പൗലോസ് എന്നവന്റെ ശിഷ്യനാകുന്നു. ആ പൗലോസ് യഹൂദരിൽ ബെന്യാമിന്റെ ഗോത്രക്കാരനും, ഫ്‌റീസ്യാ സംഘക്കാരനും, യേശുവിന്റെ പരമവിരോധിയും കഠിന ഉപദ്രവിയും ആയിരുന്നു. അപ്പോസ്തല നടപ്പുകൾ 94 നോക്കുക. അവൻ ക്രിസ്ത്വാബ്ദം 35ൽ പ്രായശ്ചിത്തം ചെയ്തു. 8ാം ദിവസം വേല ഏറ്റവനും, ജീവിതകാലത്തൊരിക്കലും യേശുവിന്റെ സഭയിൽക്കൂടി ഇരിക്കാത്തവനും, അദ്ദേഹത്തിന്റെ കരേറ്റത്തിനുശേഷം ദമാസ്‌കസിൽവെച്ചു അപ്പോസ്തലസ്ഥാനം ലഭിച്ചു എന്നും മറ്റും വാദിച്ചവനുമാകുന്നു.

രണ്ടാമത് ഈ പറയപ്പെടുന്ന പുസ്തകങ്ങൾ ഒന്നും യേശുവിന്റെ കാലത്ത് എഴുതപ്പെട്ടതോ യേശു വായിച്ചുകണ്ടതോ അല്ല. മത്തായി തന്റെ സുവിശേഷം ക്രിസ്ത്വാബ്ദം 38ലൊ, 41ലൊ, 43ലൊ, 48ലൊ, 61ലൊ, 63ലൊ, 64ലൊ യഹൂദിയാ നഗരത്തിലെ ക്രിസ്ത്യാനികൾക്കുവേണ്ടി എഴുതി എന്നും മാർക്കോസ് തന്റെ സുവിശേഷം 60ലൊ 63ലൊ റോമാക്കാർക്കുവേണ്ടി ചമച്ചു എന്നും ലൂക്കോസ് തന്റെ സുവിശേഷം 53ലൊ 63ലൊ തിയോഫി ലോസ്സെ എന്നവനുവേണ്ടി ഉണ്ടാക്കി എന്നും യോഹന്നാൻ 95ൽ തടവിൽപെട്ടപ്പോൾ ആ തടവിൽ ഇരുന്നു വെളിപ്പാടും 97ൽ തടവിൽനിന്നു വിട്ടപ്പോൾ തന്റെ സുവിശേഷവും എഴുതിയതാകുന്നു എന്നും ലൂക്കോസും, മാർക്കോസും കേട്ടെഴുതിയതാകുന്നുവെന്നും 1827 ൽ അച്ചടിക്കപ്പെട്ട ഹാറൻ എന്നാളുടെ കാസ്പൾ (പുതിയ നിയമം) വ്യാഖ്യാനത്തിൽ കാണുന്നു.

3ാമതു പുതിയ നിയമം വായിച്ചു നോക്കുമ്പോൾ അതിൽ നാലുതരം വചനങ്ങൾ കാണുന്നതുകൊണ്ട് ആ പുസ്തകം ദൈവവാക്യങ്ങളാൽ മാത്രം നിറയപ്പെട്ട ഒരു വേദപുസ്തകമാകുന്നു എന്നു വിചാരിപ്പാൻ കഴിയാതെവരുന്നു. അവയിൽ ഒന്നാമത്തേതു ദൈവത്തിൽനിന്നും യേശുവിനുണ്ടാകുന്ന നിയോഗത്തെ യേശു ഉപദേശിച്ചതും, കല്പിച്ചതും ആകുന്നു. അവ മത്തായി 5ാം അധ്യായം മുതൽ 8ാം അധ്യായംവരെ ഉള്ള വചനങ്ങൾക്കു ഒത്തുകാണുന്നതുതന്നെ. രണ്ടാമത്തേതു, അപ്പോസ്തലന്മാർ അപ്പപ്പോൾ കാണുന്ന വൃത്താന്തങ്ങൾ ചരിത്രംപോലെ നിർമ്മിച്ചു എഴുതിയതാകുന്നു. അവ മത്തായി 8ാം അധ്യായം 18ാം വചനത്തിനു ഒത്തുകാണുന്നവ 3ാമത്തേതു വചനകർത്താവ് ആരാകുന്നു എന്നു തെളിവില്ലാത്ത വചനങ്ങൾ. അവ യോഹ 2124 പ്രകാരമുള്ളവ 4 ാമത്തേതു ചില സംശയനിവൃത്തിക്കായി മാർജ്ജനിൽ നോട്ട്‌സുപോലെ കുറിച്ചുവെച്ചിരുന്നതിനെ പകർപ്പുകാർ അസ്സലിൽ ചേർത്തു എഴുതിപോയതാകുന്നു.

പുസ്തകകർത്താക്കളുടെ മേൽപറഞ്ഞ നിലകളും, പുസ്തകങ്ങൾ എഴുതപ്പെട്ട കാലങ്ങളും, അതുകളിലെ വചനാവസ്ഥകളും നോക്കുമ്പോൾതന്നെ ആ പുസ്തകങ്ങൾ പ്രമാണിക്കാമൊ എന്നു കുറച്ചു സന്ദേഹം ഉണ്ടാകുന്നതിനോടുകൂടെ, ഇപ്പോഴത്തെ പുസ്തകങ്ങൾ ഒന്നും, വിശ്വസിക്കത്തക്കതല്ലെന്നു, മഹാവിദ്വാന്മാരായ ഡാക്ടർ അലക്‌സാണ്ടർ ഗിറ്റസൺ ലിക്കൾട്രിക്ക് ഡാക്ടർ മിഡിടൻ, അരന്യൂത്തൻ മുതലായവർ അവരുടെ പുസ്തകങ്ങളിൽ എഴുതി കാണുകയാൽ തീരെ നിഷേധിക്കത്തക്കതായി കാണുന്നു. എങ്കിലും ത്രിയേകതെളിവിനെ കൊടുക്കുന്ന സ്പഷ്ടരേഖകൾ പുതുനിയമത്തിൽ കാണുമോ എന്നു സംശയം തന്നെ. ഉണ്ടെങ്കിൽ കാണിക്കുക.

ഉ: കൊള്ളാം. പുതുനിയമത്തിലെ രേഖകൾ ഇഷ്ടംപോലെ കാണിക്കാം. ഒന്ന്, മത്തായി 28. 19, രണ്ട് റോമ: 11:36, മൂന്ന് ലൂക്കോസ് 3:22, നാല് കൊരിന്ത്യർ 8:6 അഞ്ച് യോഹ 1:1 ആറ് യോഹ ഒന്നാം ലേഖനം 57. ഇങ്ങിനെ അനേകരേഖകൾ ഉണ്ട്, എത്രത്തോളമെന്നാൽ കുബുദ്ധിയെ ഒഴിച്ചു സുബുദ്ധിയോടുകൂടെ സത്യത്തെ അറിയണമെന്നു വിചാരിച്ചു, സുവിശേഷത്തെ വായിച്ചാൽ ത്രിയേകത്വം താനെ പ്രത്യക്ഷപ്പെട്ടുകാണാം. മു: മതി, മതി. എനി എന്റെ തവണയാകുന്നു, ഞാൻ ഇതാ അരങ്ങത്തുവരുന്നു. നിങ്ങൾ കാണിച്ച രേഖകൾ പണ്ടുപണ്ടെ വായിച്ചു അതിന്റെ സാരാംശങ്ങളെ തിരഞ്ഞു പിടിച്ചിരിക്കുന്നു. ഇതുകൾ നിങ്ങളുടെ വാദത്തെ വാതംപിടിപ്പിച്ചു ക്ഷയിപ്പിക്കുന്നവയല്ലാതെ, ബലപ്പെടുത്തുന്നവയല്ല. കുറച്ചു നല്ല ബുദ്ധിയോടെ പഞ്ചപുച്ഛമടക്കി, ശ്രദ്ധവെച്ച് കർണ്ണഗോചരത്തെ സ്ഥിരപ്പെടുത്തി കേൾക്കുക. ശാഠ്യത്തെ ഉപേക്ഷിച്ച് സത്യത്തേയും ന്യായത്തേയും ഓർക്കുക.

ഒന്നാം രേഖ[തിരുത്തുക]

മത്തായി 28. 19, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ ജ്ഞാനസ്‌നാനപ്പെടുത്തി. ഇതിൽ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിങ്ങനെ മൂന്നു നാമങ്ങളായി, യേശു തന്റെ ശിഷ്യരോടു പറഞ്ഞു എന്നല്ലാതെ, മൂന്നും ഒന്നുതന്നെ എന്നു ഈ വചനത്തിൽ കാണുന്നില്ല. മൂന്നും ഒന്നുതന്നെ ആയിരുന്നു എങ്കിൽ ത്രിയേകദൈവനാമത്തിൽ എന്നൊ, എന്റെ നാമത്തിൽ എന്നൊ, പറവാൻ എളുപ്പമായിരുന്നു. അങ്ങിനെ പറയാതെ മൂന്നിനേയും ഉം-ഉം-എന്ന പ്രത്യയം ചേർത്തു വേർപെടുത്തിപറഞ്ഞതിനാൽ മൂന്നും, മൂന്നുതന്നെ എന്നു ക്ലിപ്തപ്പെടുന്നു. ഉ: അല്ലാ; കുറച്ചു ഓർക്കണം, വാചകത്തിന്മേലും ദൃഷ്ടിവെയ്ക്കണം. മൂന്നും മൂന്നായിരുന്നു എങ്കിൽ നാമങ്ങളിൽ എന്നു ബഹുവചനമായി പറയാതെ നാമത്തിൽ, എന്നു ഏകവചനമായി പറവാൻ സംഗതി ഇല്ലാ, മൂന്നും ഒന്നുതന്നെ എന്നു സ്ഥാപിപ്പാനായി ഏകവചനത്തിൽ പ്രയോഗിച്ചതാകുന്നു. മു: അതേ വ്യാകരണമുറ, ഞാൻ ഓർത്തില്ല. ക്ഷമിപ്പിൻ. മേൽപറഞ്ഞ വചനത്തിൽ മൂന്നു നാമങ്ങളെ ചേർത്തു, ഏകവചനമായി പ്രയോഗിച്ചതിനാൽ മൂന്നും ഒന്നെന്നുള്ള നിങ്ങളുടെ മനോയുക്തം സാധിക്കുമെന്നു വിചാരിക്കേണ്ട. എന്തുകൊണ്ടെന്നാൽ ഇതു പ്രകാരമുള്ള ഏകവചനപ്രയോഗങ്ങൾ വേദപുസ്തകത്തിൽ വേറിട്ടും കാണ്മാനുണ്ട്. പഴയ നിയമം ആദ്യപുസ്തകം 2:19ൽ യഹോവയായ ദൈവം ഭൂമിയിലുള്ള സകല മൃഗത്തേയും, ആകാശത്തുള്ള സകലപക്ഷികളെയും, ഉണ്ടാക്കി ആദം അവക്കു എന്തു പേർ ഇടുമെന്നു കാണ്മാനായി അവന്റെ മുമ്പിൽ വരുത്തി ഈ വചനത്തിലും, പേരുകൾ എന്നു ബഹുവചനപ്രയോഗം വേണ്ടത്, പേർ എന്നു ഏകവചനമായേ പ്രയോഗിച്ചു കാണുന്നുള്ളൂ. ഇതിനാൽ സകല മൃഗങ്ങളും, പക്ഷികളും, ഒന്നെന്നു വിചാരിക്കാമെങ്കിലേ ഈ മൂന്നും, ഒന്നെന്നു വിചാരിപ്പാൻ തരമുള്ളൂ. സ്‌നേഹിതരേ! മൂന്നും ഒന്നെന്നു സങ്കല്പിച്ചു പറഞ്ഞതല്ല. ഭാഷാരീതിക്കു യോജിപ്പിച്ചു ഇപ്രകാരം ഏകവചനമായി പ്രയോഗിച്ചതാകുന്നു. എന്റെയും നിന്റെയും പേർക്കു എന്നു പറയുന്നത് ഇപ്പോഴും നടപ്പുള്ളതാകുന്നു. ഈ സംഗതി നിങ്ങൾ സമ്മതിക്കാത്തപക്ഷം ഈ വചനം പറഞ്ഞവനും, എഴുതിയവനും, വ്യാകരണമുറ നിശ്ചയമില്ലാതെ പിഴച്ചതാകുന്നു എന്നു വിചാരിച്ചുകൊൾക.

രണ്ടാം രേഖ[തിരുത്തുക]

റോമ 11, 36 സകലവും അവനിൽനിന്നും, അവനാലും, അവങ്കലേക്കും ആകുന്നു. ഇതിൽ അവനിൽനിന്നും, അവനാലും, അവങ്കലേക്കും, എന്നിങ്ങനെ മൂന്നു വിഭക്തികളായി, യേശു പറഞ്ഞതുകൊണ്ടു ത്രിയേകമെന്നു സ്ഥാപിക്കുന്നുവോ? അതു എങ്ങിനെയാകുന്നു? ഒന്നാമത് നിങ്ങളുടെ വിശ്വാസപ്രകാരം മൂന്നിൽ ഒന്നു ഈ പറഞ്ഞ യേശുതന്നെ ആയിരിക്കെ അവൻ, അവൻ എന്നു ചൂണ്ടി പറഞ്ഞതുകൊണ്ടു, യേശു, ആ മൂന്നിൽ ഒന്നല്ലാ എന്നു തീർച്ചതന്നെ. രണ്ടാമതു, യേശുവേയും ആ വചനത്തിൽ ചേർക്കുന്നു എങ്കിൽ ആ മൂന്നും പറഞ്ഞ യേശവും കൂടി, നാലാവേണ്ടിവരുന്നു. സ്‌നേഹിതരേ! ഈ വചനത്താൽ ത്രിയേകമാകുന്നു എന്നു യാതൊരു വിദ്വാനും അഭിപ്രായപ്പെടുന്നതല്ല. മേൽപറഞ്ഞ യേശു വചനം സത്യവും, ഏകസ്വരൂപിയായ പരമാർഥ ദൈവത്തെമാത്രം മൂന്നവസ്ഥകൾക്കൊത്ത മൂന്നു വിഭക്തികൾ ചേർത്തു ചൂണ്ടിപറഞ്ഞതുമാകുന്നു. അത് എങ്ങിനെ എന്നാൽ അവനിൽനിന്നു എന്നതുകൊണ്ടു സ്വയംഭൂവായ ദൈവത്തിന്റെ സ്വന്ത ഉദ്ദേശത്തിൽനിന്നു ഉണ്ടായതു എന്നും, അവനാൽ എന്ന വചനം കൊണ്ടു ആ ഉദ്ദേശപ്രകാരം, നിരാകാരനായ ദൈവത്തിന്റെ കല്പനയാൽ സകലവും സൃഷ്ടിക്കപ്പെട്ടു എന്നും വിവക്ഷിതം. അവങ്കലേക്കു ദൈവത്തിങ്കലേക്കുതന്നെ ആകുന്നു എന്നതിനെ ഉദ്ദേശിച്ചു ഇസ്രായേൽ ഭവനക്കാരോടു യേശു പറഞ്ഞിരിക്കുന്നതല്ലാതെ, അബദ്ധധാരണകൊണ്ടു മൂന്നെന്നു വിചാരിപ്പാൻ പറഞ്ഞതല്ല.

മൂന്നാംരേഖ[തിരുത്തുക]

ലൂക്കോസ് 3:22 പരിശുദ്ധാത്മാവു ദേഹരൂപമായി ഒരു പ്രാവുപോലെ അവന്റെ (യേശുവിന്റെ) മേൽ ഇറങ്ങി; നീ എന്റെ പ്രിയപുത്രനാകുന്നു എന്നു സ്വർഗ്ഗത്തിൽനിന്നു ഒരു ശബ്ദം ഉണ്ടായി. ഈ വചനം. യേശു വചനമല്ലാത്തതുകൊണ്ടു പ്രമാണയോഗ്യമല്ല. എങ്കിലും ഇരിക്കട്ടെ ഇതിനാൽ മൂന്നും മൂന്നു എന്നല്ലാത മൂന്നും ഒന്നെന്നുവരുന്നില്ല. പരിശുദ്ധാത്മാവു പ്രാവുരൂപത്തിലും, യേശു മനുഷ്യകോലത്തിലും, പരോക്ഷമായ ഏകദൈവം പരോക്ഷാവസ്ഥയിലും. ഇങ്ങിനെ മൂന്നും മൂന്നു തരത്തിൽ മൂന്നിടത്തു ഇരിക്കുമ്പോൾ മൂന്നും ഒന്നെന്നു എങ്ങിനെ വിചാരിക്കും?

നീ എന്റെ പ്രിയ പുത്രനാകുന്നു. എന്ന ശബ്ദത്തെപ്പറ്റി ആലോചിക്കേണ്ടതു ആവശ്യമാകുന്നുവെങ്കിൽ അതും ആലോചിക്കാം. ഒന്നാമതു പുത്രൻ എന്നു ശബ്ദിച്ചതു ആരാകുന്നു എന്നു, ആ വചനംകൊണ്ട് കാണുന്നില്ല. ആ ശബ്ദകർത്താവു ദൈവം തന്നെയാകുന്നു എന്നു വിചാരിച്ചാലും, ത്രിയേകത്വത്തിനു പിടിപ്പെട്ടിരിക്കുന്ന രോഗം വർദ്ധിക്കയല്ലാതെ ശമിക്കുന്നില്ല. കാരണം: ആ ശബ്ദത്തിന്റെ സ്വഭാവം നോക്കുമ്പോൾ അറിവില്ലാത്തവനുള്ള ഒരറിയിപ്പുപോലെ ഇരിക്കുന്നു. യേശു മൂന്നിൽ ഒന്നൊ, സമത്വമുള്ള ദൈവം താനോ, ആയിരുന്നുവെങ്കിൽ അദ്ദേഹം സ്വയം ഇക്കാര്യം അറിയേണ്ടതായിരുന്നു എന്നല്ലാതെ ഈ അറിയിപ്പിനു കാരണമില്ലായിരുന്നു. ഈ അറിയിപ്പിന്റെ രൂപം നോക്കുമ്പോൾ താൻ ദൈവമാണെന്നോ ദൈവപുത്രനാണെന്നോ ഉള്ള അറിവു ആ ശബ്ദമുണ്ടായ നാഴികവരെ യേശുവിനു ഇല്ലായിരുന്നു എന്നു ക്ലിപ്തപ്പെന്നു. അപ്പോൾ ലോക സൃഷ്ടിമുതൽ യേശു ജനിച്ചു 30 വയസ്സുള്ളവനാകുന്നതു വരെ ലോക കാര്യാദികൾ നടന്നതിൽ യേശു പങ്കു ചേർന്നിട്ടില്ലെന്നും, ദൈവം സ്വയംതന്നെ നടത്തി എന്നും, വരുന്നതിനാൽ, ത്രിയേകത്വവും യേശുവിന്റെ ദൈവത്വവും താനെ പാഞ്ഞൊളിക്കുന്നു.

രണ്ടാമതു- പുത്രനെന്ന നാമത്തപ്പറ്റി ചിന്തിക്കുമ്പോൾ, പുത്രനെന്ന നാമം യേശുവിനു മാത്രമേ ദൈവത്താൽ ബാധകമാക്കപ്പെട്ടിട്ടുള്ളൂ എന്നു കാണുന്നില്ല. സങ്കീർത്തനം 8927ൽ ദാവീദ് ദൈവപുത്രൻ 1. ദിനവൃത്താന്തം 22.10ൽ സോളമൻ ദൈവപുത്രൻ. പഴയ നിയമം. പുറപ്പാട് പുസ്തകം 4:22ൽ ഇസ്രായേൽ ദൈവപുത്രൻ, മേപ്പടി നിയമം 5ാം പുസ്തകം 14.1ൽ ഇസ്രായിൽ ഭവനക്കാർ ദൈവപുത്രൻ യോഹാ: 112ൽ അവന്റെ നാമത്തിൽ വിശ്വസിച്ചവരെല്ലാം ദൈവപുത്രർ റോമ: 814ൽ ദൈവാത്മാവിനാൽ നടത്തപ്പെടുന്നവരെല്ലാം ദൈവപുത്രർ മത്തായി 711ൽ പാപികൾപോലും ദൈവപുത്രർ ഇതുകൾ നോക്കുമ്പോൾ പുത്രൻ എന്നൊരു ശബ്ദംകൊണ്ട് എന്തൊരു പ്രത്യേകത ഇരിക്കുന്നു.

ഉ: നിങ്ങൾ കാണിക്കുന്ന രേഖകൾ പ്രകാരം പുത്രൻ എന്ന നാമം അനേക പേരിലും വിധിക്കപ്പെട്ടിരിക്കുന്നു എങ്കിലും അവർക്കെല്ലാം പിതാക്കളുള്ളതുകൊണ്ടും ഈ പുത്രൻ എന്ന നാമധേയത്തിന്നൊരു പ്രത്യേകതയുണ്ടെന്നു ഞാൻ പറയണമോ, നിങ്ങൾ തന്നെ എന്തുകൊണ്ടോർക്കുന്നില്ല. മു: അതേ ഇതാ വിചാരിക്കുന്നു. നിങ്ങളുടെ യേശുവിന് അച്ഛൻ ഇല്ലെന്നുള്ള പ്രസ്താവനയുടെ വഴി എന്ത്? തച്ചുപണിക്കാരനായ യാക്കോബിന്റെ മകൻ യോസേഫ് ആരാകുന്നു? മത്തായി 116 നോക്കുക. ആ വിദ്വാൻ യേശുവിന്റെ അച്ഛൻ. മത്തായി 1:1 ലൂക്കോസ് 3:33 ഈ വാക്യങ്ങൾ പ്രകാരം യേശു ദാവീദിന്റെ രാജകുലത്തിൽ ജനിച്ചു എന്നു കാണുന്നു. വംശപാരമ്പര്യപുസ്തകം കീറികളയേണ്ടതല്ലയോ? അച്ഛൻ ഇല്ലാത്തവനു വംശപാരമ്പര്യം എങ്ങിനെ വന്നു?

മത്തായി 118 അവന്റെ മാതാവായ മറിയം യോസേപ്പിനെ വിവാഹം നിശ്ചയിക്കപ്പെട്ടതിന്റെ ശേഷം അവർ കൂടിവരുന്നതിനുമുമ്പ് അവൾ പരിശുദ്ധാത്മാവിൽനിന്നു ഗർഭിണിയാക്കപ്പെട്ടു എന്നീ വചനം നിങ്ങൾ കാണിക്കുന്നു എങ്കിൽ ഈ വചനംതന്നെ മേൽപറഞ്ഞ വംശപാരമ്പര്യത്തെ കേവലം ദ്രവിപ്പിക്കുന്നു. എങ്ങിനെ എന്നാൽ കൂടിവരുന്നതിനുമുമ്പ് ഗർഭിണിയായി എന്നു സ്ഥാപിക്കുന്നു എങ്കിൽ വംശപാരമ്പര്യ പുസ്തകം നിർമ്മിതമാണെന്നും വംശപാരമ്പര്യം ഉറപ്പിക്കുന്നു എങ്കിൽ കൂടിവരുന്നതിനു മുമ്പെ എന്നു പറഞ്ഞതു കളവാണെന്നും ഒന്നാം പാഠപുസ്തകം പഠിക്കുന്ന ബാലൻപോലും പറയും.

റോമ 1:5ൽ ജഢപ്രകാരം ദാവീദിൻ ബീജത്തിൽനിന്നുണ്ടായി എന്ന വചനത്തിലെ ബീജം എന്ന പദത്തെ നീക്കി സന്തതി എന്നു ചേർത്തതായി ചില പുസ്തകങ്ങളിൽ കാണുന്നുണ്ട്. അതിരിക്കട്ടെ; ബീജം എന്ന പദത്തിന്റെ അർഥം വിത്ത്, ശുക്ലം എന്നത്രെ. ദാവീദിൻ ബീജമെന്നു കാണുകയാൽ പുരുഷബീജമെന്നു സ്പഷ്ടംതന്നെ. എന്നാൽ മേൽപറഞ്ഞ വംശപാരമ്പര്യ പ്രകാരം ദാവീദിന്റെ കുലത്തിൽ നിന്നുള്ളവനും അതേ ബീജധാരിയും ആയ യോസേഫിന്റെ ബീജ സംബന്ധം വഴിക്കല്ലാതെ മറിയയുടെ ഉല്പത്തിസ്ഥാനത്തു എത്തിയതു എങ്ങിനെയായിരിക്കും? ഉപരിചരരാജാവു ഇന്ദ്രിയപതനം ചെയ്തപ്രകാരം യോസേപ്പും പതിപ്പിച്ചു, മയിൽപേട പോലെ മറിയ വിഴുങ്ങി എന്നാണോ വിചാരിക്കേണ്ടൂ? ബുദ്ധിയിൽ അടങ്ങുന്നില്ലല്ലൊ! വിശേഷിച്ച് സിർ, സ്‌നായു, അസ്ഥി, രോമാദികൾ പിതൃശുക്ലത്താലാകുന്നു എന്നു ശാസ്ത്രങ്ങൾ പറയുകയും യേശുവിൽ ഇവ ഉണ്ടായിരിക്കുകയും ചെയ്യുമ്പോൾ പിതൃസംബന്ധം യേശുവിനു ഇല്ലാ എന്നു പറവാൻ പ്രയാസംതന്നെ.

എന്നുതന്നെ അല്ലാ, കൂടിവരുന്നതിനുമുമ്പെ ഗർഭിണിയായിരുന്നു എങ്കിൽ മനുഷ്യാവസ്ഥപ്രകാരം അന്നു ഒരു പ്രസ്താവത്തിനു കാരണം ഇരിക്കുന്നു അതിനെ മത്തായി 119ൽ ഭർത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവൾക്കു ലോകാപവാദം വരുത്തുവാൻ മനസ്സില്ലായ്ക കൊണ്ടും രഹസ്യമായി ഉപേക്ഷിക്കാൻ വിചാരിച്ചു. 20ൽ അപ്പോൾ കർത്താവിന്റെ ദൂതൻ അവനു സ്വപ്നത്തിൽ കാണപ്പെട്ടു അവളെ കൈക്കൊള്ളുവാൻ പറഞ്ഞു എന്നീ സംഗതികളാൽ പ്രസ്താവത്തിന്നിടവരാത്തതാകുന്നു എന്നാണല്ലോ നിങ്ങൾ പറയുന്നത്.

ഇതുകൾ അത്ര ബലപ്പെട്ടവയല്ല. കൂടിവരുന്നതിനുമുമ്പെ എന്നു പറഞ്ഞതിന്റെ നിവൃത്തിക്കായി യോസെഫ് ഒരു നീതിമാനാകുന്നു എന്നും മറ്റും മത്തായി നിർമ്മിച്ചു പറഞ്ഞതാകുന്നു. മേൽപറഞ്ഞ വചനങ്ങൾ പ്രകാരം യോസേഫ് നീതിമാൻ ആയിരുന്നുവെന്നും കർത്താവിന്റെ ദൂതനാൽ അവനു സ്വപ്നം ഉണ്ടായതു പരമാർഥം ആകുന്നു എന്നും വിചാരിച്ചുകൊണ്ടാലും അപഖ്യാതിക്കു പകരം പരിശുദ്ധാത്മാവിനാൽ ഗർഭിണി ആയിരിക്കുന്നു എന്നു ഒരു കീർത്തി പ്രസ്താവമെങ്കിലും അന്നുണ്ടാവാൻ മുഖ്യസംഗതിയുണ്ട്.

അങ്ങിനെ രണ്ടിൽ ഏതുവിധമെങ്കിലും ഒരു പ്രസ്താവം അന്നുണ്ടായിരുന്നു എങ്കിൽ ലൂക്കോസ് 323 പ്രകാരം യേശു 30 വയസ്സുള്ളവനാകുന്നവരെ മേപ്പടി യോസെഫിന്റെ മകനെന്നു നിരൂപിക്കപ്പെടുവാനും മത്തായി 1354 മുതൽ 56 വരെയുള്ള വചനങ്ങൾ പ്രകാരം യേശു തന്റെ സ്വദേശത്തേക്കു വന്നപ്പോൾ അവന്റെ സംബന്ധികളും സ്വദേശികളും കണ്ടു ഇവർ തച്ചുപണിക്കാരന്റെ മകനല്ലയോ? ഇവന്റെ അമ്മ മറിയ അല്ലയോ? ഇവന്റെ സഹോദരന്മാർ യാക്കോബും, യോസേപ്പും, ശിമോനും, യഹൂദയും അല്ലയോ? ഇവന്റെ സഹോദരിമാർ നമ്മോടുകൂടി ഇരിക്കുന്നില്ലയോ? എന്നുപറവാനും സംഗതി വരുന്നതല്ല. യേശുവിന്റെ സഹോദരികളുടെ ഭർത്താക്കന്മാർപോലും തച്ചുപണിക്കാരനവായ യോസെഫിന്റെ മകനെന്നുതന്നെ തീർച്ചപ്പെടുത്തി പറഞ്ഞതു നോക്കുമ്പോൾ, യേശുവിന്റെ സഹോദരികൾക്ക് പോലും അവരുടെ അമ്മ പരിശുദ്ധാത്മാവിനാൽ ആകുന്നു ഗർഭിണിയായതു എന്നും, തങ്ങളുടെ സഹോദരൻ ദൈവപുത്രൻ ആകുന്നു എന്നും ആ സഹോദരനു 30 വയസ്സ് ആകുന്നതുവരെ അറിവില്ലായിരുന്നു എന്നുംവരുന്നു. അപ്പോൾ അമ്മക്കുപോലും അറിവില്ലായിരുന്നു എന്നു തീർച്ചപ്പെടുന്നു.

യേശുവിനു അച്ഛൻ ഇല്ല എന്നുതന്നെ സ്ഥാപിക്കുന്നുവെങ്കിലും ദൈവപുത്രൻ എന്ന് വരുത്തുവാൻ അത്യന്തം പണിതന്നെ. എങ്ങിനെ എന്നാൽ ആദ്യജാതനായ ആദാമിന്നും ജഗത്മാവായ ഹവ്വ എന്ന സ്ത്രീക്കും അച്ഛനും അമ്മയും ഇല്ല. എന്നുതന്നെ അല്ല ടർക്കി രാജ്യത്തിലെ സൂര്യമാർഗ്ഗിയായ ആലാൻകുവ എന്ന രാജപുത്രി ഭർത്താവില്ലാതെ മൂന്നു പുത്രരെ പ്രസവിച്ചു. അവർ സൂര്യപുത്രർ എന്നു വിളിക്കപ്പെട്ടിരുന്നു.

ശങ്കരാചാര്യർക്കും അച്ഛൻ ഇല്ല. ഇങ്ങിനെ അച്ഛനില്ലാത്ത അനേക പേരുകൾ ഉണ്ട്. അച്ഛൻ ഇല്ലാത്തതിനാൽ ദൈവപുത്രൻ ആകുവാൻ അവകാശപ്പെടുന്നു എങ്കിൽ ഇവർക്കും ആയവകാശം വിധിക്കയില്ലയോ? ഓ! ഹോ! സ്‌നേഹിതരെ! ഇതാ മുഖ്യമായ ഒരു രേഖ കാണുന്നു. എബ്രായക്കാർ 7:3ൽ മേൽകിസേദേക്ക-പിതാവില്ലാതേയും മാതാവില്ലാതേയും വംശപാരമ്പര്യമില്ലാതെയും ഉള്ളവനായി, ദിവസാരംഭവും, ജീവാവസാനവും ഇല്ലാത്തവനായി നിലനിൽക്കുന്നു എന്നു കാണുന്നു. ഇതുപ്രകാരം ദൈവത്തിനു പുത്രൻ ഉണ്ടെന്ന് സ്ഥാപിതമാകുന്നുവെങ്കിൽ, മേൽപറഞ്ഞ സംഗതികൾകൊണ്ട് ദൈവപുത്രൻ ആവാനുള്ള അവകാശം യേശുവേക്കാൾ അധികം ഈ മേൽകീസോക്കിൽ ഇരിക്കുന്നു എന്നാണല്ലൊ തെളിയുന്നത്.

എങ്ങിനെ എന്നാൽ യേശുവിനു അച്ഛൻ മാത്രമില്ല മാതാവും വംശപാരമ്പര്യവുമുണ്ട്. ജനനംകൊണ്ട് ദിവസാരംഭവും മരണംകൊണ്ട് ജീവാവസാനവും തെളിയുന്നു. അപ്പോൾ നിങ്ങളുടെ പുസ്തകങ്ങൾ പ്രകാരം പിതാവിന്റെ മുഖ്യഗുണങ്ങളിൽ, മിക്ക ഗുണങ്ങൾ ഉള്ളവനോ പുത്രൻ? ഇല്ലാത്തവനോ? ജനനമരണമില്ലാത്തവന്റെ പുത്രൻ ജനനമരണമില്ലാത്തവനൊ? ഉള്ളവനൊ? ആരായിരിക്കുമെന്നു സുബോധത്തോടുകൂടി സ്വല്പമൊന്നാലോചിച്ചുനോക്കുക.

ആദാം ദൈവപുത്രൻ ആകുന്നു എന്നു നിങ്ങളുടെ നിയമങ്ങളാൽ വിധിച്ചും കാണുന്നു. ലൂക്കോസ്സിന്റെ 3:38 നോക്കുക. അപ്പോൾ ആ ആദാമിന്റെ മക്കളായ മനുഷ്യവംശമെല്ലാം ദൈവപുത്രർ എന്നു വരുന്നു. ഇതിനു സാക്ഷി 23:9. പിന്നെ യേശുവിനെന്തൊരു പ്രത്യേകത ഇരിക്കുന്നു.

നിങ്ങളുടെ യേശു, താൻ ഒരു മനുഷ്യപുത്രനാകുന്നു എന്നു പറഞ്ഞതു നിങ്ങളുടെ പുസ്തകങ്ങളിൽ പലയിടത്തും കാണുന്നു. ദൈർഘ്യം വിചാരിച്ചു തെളിവിന്നായി ഒന്നു രണ്ടു രേഖകൾ മാത്രം കാണിക്കാം. മത്തായി 13:41, മാർക്കോസ് 1045 നോക്കുക.

എന്നാൽ യേശു, ദൈവത്തെ പിതാവെന്നും പറഞ്ഞതായി കാണുന്നുണ്ട്. അതു മനുഷ്യപിതാക്കളെപ്പോലെ ഒരു പിതാവെന്നു സങ്കല്പിച്ചും, പ്രത്യേകിച്ചും പറഞ്ഞതല്ലാ എന്നു വിചാരിക്കേണ്ടതിലേക്കു മുഖ്യസംഗതികൾ ഇരിക്കുന്നു. ഒന്നാമതു ദൈവം തന്റെ പിതാവെന്നു യേശു പറഞ്ഞതുപോലെതന്നെ, ദൈവം നിങ്ങളുടെ പിതാവെന്നു അന്യരോടു പറഞ്ഞിരിക്കുന്നു. മത്തായി 7:11 സ്വർഗ്ഗത്തിലിരിക്കുന്ന നിങ്ങളുടെ പിതാവ് യോഹ 20:17 ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും അടുക്കൽ കരേറിപ്പോകുന്നു മത്തായി 23:9 ഭൂമിയിൽ ഒരുത്തനെയും പിതാവെന്നു വിളിക്കരുത്, എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ ഒരുത്തൻ നിങ്ങളുടെ പിതാവാകുന്നു. ഇതുകൾ നോക്കുമ്പോൾ ഒരു പിതാവിനു തന്റെ പുത്രന്റെ മേൽ ഉള്ളതിനേക്കാൾ സ്‌നേഹവും വാത്സല്യവും അധികമായ ബന്ധവും മറ്റൊന്നിനുമില്ലാത്തതുകൊണ്ട്, ദൈവം പിതാവിനെപ്പോലെ സ്‌നേഹിക്കുന്നവനാണെന്ന നിലയിൽ, പിതാവെന്നും പുത്രനെന്നും പ്രയോഗിച്ചതാകുന്നു എന്നു ഊഹിപ്പാൻ മാത്രമേ പഴുതുള്ളൂ.

ഇപ്പോഴും ഈ മലയാളത്തിൽ സ്ഥാനമാനമുള്ളവരെ അച്ഛൻ, മങ്ങാട്ടച്ഛൻ. ഓ! മറന്നു, നിങ്ങളുടെ റോമൻ കത്തോലിക്ക് സഘക്കാർ പാതിരിമാരെ (ഫാദർ) അച്ഛൻ എന്നാണല്ലൊ വിളിച്ചുവരുന്നത്. അതുപ്രകാരം യേശുവും ദൈവത്തെ ഫാദർ എന്നു പറഞ്ഞതു പിഴവാണോ?

ഉ:-ആദാം ദൈവപുത്രൻതന്നെ എങ്കിലും നന്മതിന്മകളെ അറിയിക്കുന്ന വൃക്ഷഫലം തിന്നരുതുഎന്നുണ്ടായിരുന്ന ദൈവകല്പനയെ ലംഘിച്ചു ഏദൻതോട്ടത്തിൽ നിന്നു ആ ഫലം തിന്നതിനാൽ, ആദാം പാപിയായി പുത്രസ്ഥാനത്തു നിന്നു നീക്കപ്പെട്ടു. സർവ്വമനുഷ്യരുടേയും ഉത്ഭവം ആ ആദാമിൽ നിന്നു ആകകൊണ്ടു മേപ്പടിപാപത്തിൽ അവരും അകപ്പെട്ടവരായിതീർന്നു. എന്നാൽ ആ പാപബന്ധം യേശുവിനുഇല്ലാതെ, ശുദ്ധപൂത്രനായിരിപ്പാൻ വേണ്ടി, ദൈവം യേശുവെ അച്ഛൻ ഇല്ലാതെ ജനിപ്പിച്ചു. അതുകൊണ്ടു യേശു ശുദ്ധപുത്രൻ എന്നു തന്നെ വിചാരിക്കണം.

മു:- യേശുവിന്നു അച്ഛൻ ഇല്ല എന്ന വിഷയകമായി, നിങ്ങളുടെ പുസ്തകങ്ങളെത്തന്നെ അടിസ്ഥാനമാക്കി പലപല രേഖകളും, സംഗതികളും ഇതിനുമേൽ പ്രതിപാദിച്ചിട്ടുള്ളതിനാൽ വീണ്ടും പറയേണ്ട ആവശ്യമില്ലാത്തതുകൊണ്ടു ആ ഭാഗം നിർത്തി വേറെ ചില സംഗതികൾ പറയുന്നു. ആദാം ചെയ്തപാപം അവന്റെ സന്തതികളായ സകലമനുഷ്യരേയും സംബന്ധിക്കുന്നു, എന്ന നിങ്ങളുടെ വാക്കു സർവ്വ അവസ്ഥകൾകൊണ്ടും തീരെ അയുക്തികം തന്നെ. എങ്ങിനെ എന്നാൽ ദൈവം വിസ്താരം കഴിച്ചു. ആദാം കുറ്റമെല്ലാം ദൈവം തനിക്കുതന്നെ ഭാര്യയിലും, സർപ്പത്തിലും ചുമത്തി. പരീക്ഷയുടെ ആയുധമായ സർപ്പത്തിനും അതിലുള്ള പരീക്ഷകന്നുംപറ്റി യശാപം: നീ ജീവനാളൊക്കെയും ഉരസ്സുകൊണ്ടു നടന്നു പൊടിതിന്നും; നിനക്കും, സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും ശത്രുതയെ ഉണ്ടാക്കും; അവൻ നിന്റെ തലയെചതക്കും; നീ അവന്റെ കുതികാലിനെകടിക്കും എന്നു സർപ്പത്തിന്നും, നിനക്കു ദുഃഖത്തേയും ഗർഭധാരണത്തേയും ഏറ്റവും വർദ്ധിപ്പിക്കും, നീ വ്യസനത്തോടെപ്രസവിക്കും എന്നുസ്ത്രീക്കും; മുഖത്തിലെ വിയർപ്പോടുകൂടി നീ അപ്പം ഭക്ഷിക്കും എന്നു ആദാമിന്നും ദൈവവിധിയുണ്ടായി എന്നു പഴയനിയമം ആദ്യപുസ്തകത്തിലും യശായയുടെ പുസ്തകത്തിലും കാണുന്നു. ഈ വിധിയിൽ ആദമിന്റെ സന്തതിയെപ്പറ്റി യാതൊന്നും കല്പിച്ചുകാണായ്കയാൽ, ആദാമിന്റെ സകലസന്തതിയും ആ പാപത്തിൽപെട്ടുപോയി എന്ന നിങ്ങളുടെ വചനം തീരെ അസ്ഥിരമെന്നു വരുന്നു.

എന്നുതന്നെ അല്ല, അങ്ങിനെ വിധിക്കപ്പെടുവാൻ സംഗതിയും ഇല്ല. എന്തുകൊണ്ടെന്നാൽ അവനവൻ ചെയ്ത കർമ്മത്തിന്നൊത്ത ഫലം അവനവന്നു തന്നെ കൊടുക്കുമെന്നല്ലാതെ, വംശ്യർക്കുംകൂടി കൊടുത്തു എന്നോ കൊടുക്കുമെന്നോ ഉള്ള ദൈവവിധി, ഒരിടത്തും കാണുന്നില്ല. സങ്കീർത്തനം 6212, ഹെസക്കേൽ 1820, മത്തായി 1627, റോമ 26 നോക്കുക. ഇതിന്നു വിരോധമായി വല്ലവിധിയും ഉണ്ടെങ്കിൽ കാണിക്കുക. വിശേഷിച്ചു പുണ്യവും പാപവും, മനുഷ്യരുടെ പ്രകൃതിക്കും ചൈതന്യത്തിന്നും, സംബന്ധിക്കുന്നതല്ലാതെ സൃഷ്ടിക്കും, ജാതിക്കും സംബന്ധിക്കുന്നതല്ല. ദൃഷ്ടാന്തം-വ്യഭിചാരിയും, ദുരാചാരിയും ആയവന്റെ മകൻ മഹാഭക്തനും തത്വജ്ഞാനിയും ആയിതീരുന്നു. അച്ഛൻ സുകർമ്മി ആകുന്നു എങ്കിൽ മകൻ ദുഷ്‌കർമ്മി ആയിതീരുന്നു. ഇതു നമുക്കുതന്നെ പരിചിതമാണല്ലോ.

ആദാമിന്റെ സന്തതികളെല്ലാം പാപികളാകുന്നു എന്നുള്ള നിങ്ങളുടെ സ്ഥാപനംകൊണ്ടു, സുകൃതവും സുകൃതഫലമായ സ്വർഗ്ഗവും അനാവശ്യമെന്നു വരുന്നു. കാരണം, ആദാമിനെ പാപത്താൽ സ്വർഗ്ഗത്തിൽ നിന്നു നീക്കിയിരിക്കുമ്പോൾ, ജനനത്താൽ തന്നെ ആ പാപവാഹിയായി വരുന്ന മനുഷ്യവംശം, പിന്നെ എങ്ങിനെ സ്വർഗ്ഗം പ്രാപിക്കും? ഗുണകർമ്മങ്ങളെക്കൊണ്ടു എന്തുഗുണമിരിക്കുന്നു? സല്ക്കർമ്മങ്ങൾക്കൊണ്ടു, സ്വർഗ്ഗാരോഹണമുണ്ടാകുമെങ്കിൽ, വംശസ്ഥാപിതമായിരിക്കുന്ന ആ പാപവും, അതിന്നുണ്ടായ ശിക്ഷയും എന്താകുന്നു? ആ ശിക്ഷജഢത്തോടുമാത്രം സംബന്ധിക്കുന്നു എന്നോ, സൽകർമ്മാദികൾകൊണ്ടു ആ പാപമോചനം വന്നിടുമെന്നോ, പറവാൻ നിങ്ങൾ ഒരുങ്ങുന്നുഎങ്കിൽ, യേശുവിന്റെ ഉല്പാദനവും നമ്മെപ്പോലെ ജഢത്തിൽ നിന്നും യേശുജഢധാരിയും ആയിരുന്നു. നമ്മേപ്പോലെ യേശുവും സുകൃതം ചെയ്തിരുന്നു എങ്കിൽ പാപമോചനവും വന്നിരുന്നു. പിന്നെ അച്ഛൻ ഇല്ലാതെ ജനിപ്പാൻ എന്തുകാരണം.

മേൽപറഞ്ഞ പാപത്തെ പ്രബലപ്പെടുത്തിയിരുന്നാൽ, യേശുവിന്നുകൂടി രക്ഷകിട്ടുവാൻ പ്രയാസമായിരുന്നു. എന്തുകൊണ്ടെന്നാൽ യേശുവിന്നു അച്ഛൻ ഇല്ല എന്നല്ലാതെ അമ്മയുണ്ട് എന്നതിന്നും, ആ അമ്മ മനുഷ്യവംശത്തിൽ പെട്ടതാണെന്നതിന്നും യാതൊരു സന്ദേഹവും തർക്കവും ഇല്ലല്ലോ. അപ്പോൾ ആദാമിന്റെ ഭാര്യ ഹവ്വ എന്ന സ്ത്രീ ഏദൻതോട്ടത്തിൽ നിന്നു വിരോധിക്കപ്പെട്ട പഴം ആദ്യം സ്വയംതിന്നുകയും, പിന്നെ ഭർത്താവിനെ ഉപദേശിച്ചുതീറ്റിക്കുകയും ചെയ്തതിനാൽ, തിന്നുകയും തീറ്റിക്കുകയും ചെയ്ത രണ്ടുകുറ്റങ്ങൾ ഹവ്വായുടെ മേൽ ഇരിക്കുന്നതും, പിന്നെ ദൈവവിസ്താരത്തിൽ ആദാം കുറ്റമെല്ലാം ഭാര്യയായ ഹവ്വായിൽ ചുമത്തുകയും, ആ ചുമത്തൽ സ്ഥിരപ്പെടുത്തി, ദൈവം ആദാമിനേക്കാൾ അധികശിക്ഷ ഹവ്വാക്ക് വിധിക്കുകയും ചെയ്തിരിക്കുന്നതും നോക്കുമ്പോൾ പുരുഷനേക്കാൾ അധികപാപി സ്ത്രീയാകുന്നു എന്നു എളുപ്പത്തിൽ തെളിയുന്നു. അങ്ങിനെയുള്ള സ്ത്രീയിൽ ജനിച്ച യേശുവിന്നു ശുദ്ധത ലഭിക്കുവാൻ തീരെ മാർഗ്ഗമില്ലല്ലോ.

ഉ:- ദൈവം ആദ്യം പുരുഷനെ സൃഷ്ടിച്ചു. അവനിൽ ഉണ്ടായിരുന്ന മാനുഷോൽപാദന ബീജം ചുമപ്പാനായി മാത്രം ഭൂമിയെപ്പോലെ സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നതല്ലാതെ, പുത്രസംബന്ധം അവർക്കുതീരെ ഇരിക്കുന്നില്ല. ബീജവാഹി പുരുഷനാകകൊണ്ടു. അവൻ മാത്രം സന്തതികർത്താവാകുന്നു. മേൽപറഞ്ഞ പാപം പുരുഷ സംബന്ധമായി ബീജമാർഗ്ഗത്തിൽ ഇരിക്കുന്നതിനാൽ, അച്ഛൻ ഇല്ലാത്ത സ്ഥിതിക്കു യേശു ശുദ്ധൻ തന്നെ. മു:- നിങ്ങൾ എന്നെ ബുദ്ധിമുട്ടിക്കുന്നുവല്ലോ. ഇതിനുള്ള സമാധാനം അധിക വിവരണങ്ങളെ ആവശ്യപ്പെടുന്നതാകയാൽ, അതുകളെല്ലാം വിവരിക്കുവാൻ എന്നാൽ സാധിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. എങ്കിലും എന്റെ ശക്തിപോലെ കുറഞ്ഞൊന്നു പറയാം വ്യസനം കൂടാതെകേൾക്കുക. സന്തതിസംബന്ധം സ്ത്രീകൾക്കുണ്ടോ, ഇല്ലയൊ എന്നുള്ള പരിചിന്ത, ഇവിടെ ആവശ്യമായി വന്നിരിക്കുന്നു. അതിൽ അവളുടെ സന്തതിക്കു എന്ന ദൈവവാക്യം മേൽപറഞ്ഞ ശിക്ഷാവിധിയിലും, സ്ത്രീയുടെ സൃഷ്ടി മനുഷ്യവർഗ്ഗത്തിനുകാരണമായി എന്നു പവിത്ര ചരിത്രത്തിലും കാണുന്നതിനാൽ, സന്തതി സംബന്ധം സ്ത്രീകൾക്കുണ്ടെന്നു തീർച്ചപ്പെടുന്നതു കൂടാതെ, ശാസ്ത്രപ്രകാരം ശുക്ലം, ഋതുരക്തം, രേതസ്സ് ഇവ മൂന്നും കൂടിയാൽ മാത്രം മനുഷ്യോല്പാദനം ഉണ്ടാകുന്നു എന്നും അറിയുന്നു. അതിൽ ശുക്ലം മാത്രം പുരുഷനിലും മറ്റു ഋതുരക്തം, രേതസ്സു ഇവ രണ്ടും സ്ത്രീയിലും ആകുന്നു എന്നുതന്നെ അല്ല അവയവങ്ങളിൽ മൃദുസ്വഭാവത്തിലിരിക്കുന്ന രക്തം, മാംസം, മജ്ജ, ഗുദം ആദിയായ ശബ്ദം കൊണ്ടു നാഭി, ഹൃദയം, യകൃത്തു, പ്ലീഹ, ആമാശയം ഇവകളെല്ലാം മാതൃസംബന്ധവും ആകയാൽ, സന്തതിസംബന്ധം പുരുഷരെക്കാൾ സ്ത്രീകൾക്കു ഏറുമെന്നവസ്തുത സൂര്യപ്രകാശം പോലെ പ്രസ്പഷ്ടമാണ്. വിശേഷിച്ച് ദൈവം മനുഷ്യജാതിയെ, ദൂതഗണങ്ങളെപ്പോലെ, സമൂഹമായി സൃഷ്ടിച്ചില്ല. കാരണം, സകലമനുഷ്യരും ഒരു രക്തത്തിൽ നിന്നുണ്ടായ ഒരു കുടുംബമായിരിക്കേണമെന്നു നിശ്ചയിച്ചു. എന്നു പവിത്ര ചരിത്രത്തിലും മറ്റും കാണുന്നു. ഈ വചനത്താൽ മനുഷ്യജനനം രക്തത്തിലാകുന്നു എന്നു തെളിയുകയും ആ രക്തം മാതൃസംബന്ധമായിരിക്കുകയും ചെയ്യുന്നതു കൂടാതെ, ശിശുക്കളിൽ ജീവപ്രവേശനം ഉണ്ടായതിൽ പിന്നെ പ്രസവം സ്ത്രീ ധർമ്മരക്തവും, പ്രസവത്തിനു ശേഷം ഏറെക്കുറെ രണ്ടുകൊല്ലത്തോളം രക്താത്മകമായ പാലും, ആ കിടാവിന്റെ ആഹാരമായിവരികയും അതുകൾ സപ്തധാതുക്കളിലും പ്രവേശിച്ചു ആ പൈതലിന്നു ശിശുത്വത്തിൽ നിന്ന് പൂർണ്ണവളർച്ചയെ കൊടുക്കുകയും ചെയ്യുന്നു.

മേൽപറഞ്ഞപ്രകാരം രക്തം പ്രമാണമാണെന്നും ആ രക്തം മാതൃസംബന്ധമാണെന്നും ശാസ്ത്രങ്ങളാൽ സ്ഥാപിതമായി വന്നിരിക്കുന്നതിന്റെ സംഭവം, ബീജ സ്ഥാപനയിങ്കൽ ഋതുരക്തം സഹായകമായിചേരുന്നതും പിന്നെ പ്രസവംവരെ ആ രക്തം വൃദ്ധികരമായും പിന്നെ പാലായും കുട്ടിയുടെ സർവ്വ രക്ഷാർത്ഥ ആഹാരമായി തീരുന്നതും തന്നെ.

മേൽപറഞ്ഞ സകല സംഗതികൾകൊണ്ടു സന്തതികൾക്കു പിതൃ സംബന്ധത്തെക്കാൾ മാതൃസംബന്ധം അധികരിച്ചുകാണുകയും, യേശുവിന്നു അമ്മ ഉണ്ടെന്നും സാധാരണപോലെ യേശുവും അമ്മയുടെ ഉദരത്തിൽ ഇരുന്നു പ്രസവിക്കപ്പെട്ടവനും ഋതു രക്തവും പാലും കുടിച്ചുവളർന്നവനും ആകുന്നു എന്നു നിർവ്വിവാദമായിരിക്കുമ്പോൾ തന്നെ യേശുവിന്റെ പരിശുദ്ധതക്കു തീരെ വിഘാതം സംഭവിക്കുന്നു. അതുതന്നെ അല്ല യേശുവിന്റെ അമ്മക്കു അച്ഛൻ ഉണ്ടെന്നു നിങ്ങൾ സമ്മതിക്കുമല്ലോ. അപ്പോൾ പഴയനിയമം പുറപ്പാടുപുസ്തകം 20:5ൽ എന്നോടു പകക്കുന്നവരിൽ മൂന്നാമത്തവരും നാലാമത്തവരും വരെഉള്ള മക്കളുടേമേൽ പിതാക്കന്മാരുടെ അന്യായത്തെക്കുറിച്ചു ചോദിക്കുംഎന്ന ദൈവവാക്യം കൊണ്ടു അച്ഛന്റെ പാപം നാലാമത്തെ മക്കൾ വരെ പിടിപെട്ടിരിക്കുമെന്നു തെളിയുമ്പോൾ യേശുവിന്റെ അമ്മ മറിയ എന്നവളുടെ അച്ഛന്റെ രണ്ടാമത്തവനായ യേശു മനുഷ്യവംശ സ്ഥാപിതമെന്നു നിങ്ങൾ വിശ്വസിക്കുന്ന പാപത്തിൽ നിന്നു എങ്ങിനെ വേർപെടുന്നു? പരിശുദ്ധൻ എങ്ങിനെ ആകുന്നു? ബുദ്ധിയെ അടുപ്പിച്ചു ആലോചിക്കുക.

കൊരീന്ത്യാ: ഒന്നാംലേഖനം 8:6 പിതാവായി ഒരു ദൈവമേ നമുക്കുള്ളു. അവനിൽ നിന്നു സകലവും അവനായിട്ടു നാമും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവേഉള്ളു. അവനാൽ സകലവും അവനാൽ നാമും അകന്നു. ഈ വചനം ത്രിയേകതയേ ത്രികോണമായി ഖണ്ഡിക്കുന്നതല്ലാതെ ത്രാണനം ചെയ്യുന്നതായി കാണുന്നില്ല. കാരണം പിതാവായ ഒരു ദൈവമേ നമുക്കുള്ളൂ എന്നു ആ സത്യസ്വരൂപന്റെ ഏകത്വത്തെ സ്ഥാപിച്ചും യേശുക്രിസ്തുവിന്നു ഒരു കർത്താവായി സങ്കല്പിച്ചും പറഞ്ഞിരിക്കുന്നു. ഇതു സത്യവചനംതന്നെ. ഉ.- ഈ വചനത്തിൽ അപ്പോസ്തലനായ പൗലോസ് എന്നവൻ ദൈവമെന്നും കർത്താവെന്നും ഇങ്ങിനെ രണ്ടു നാമങ്ങളായി പ്രയോഗിച്ചിരിക്കുന്നു എന്നല്ലാതെ, അവന്റെ സങ്കല്പങ്ങളും പദങ്ങളുടെ അർത്ഥവും ഒന്നുതന്നെ ആകുന്നു. കർത്താവെന്ന പദത്തിനു ഉണ്ടാക്കുന്നവനെന്നും അർത്ഥമുണ്ട്. യേശുക്രിസ്തുവിനെ കർത്താവു എന്നുതന്നെ അല്ല ദൈവമെന്നുതന്നെ പ്രത്യക്ഷമായി പലരും പറഞ്ഞിരിക്കുന്നതു പുതിയനിയമത്തിൽ വായിച്ചിട്ടില്ലയോ യോഹ 9:2 നോക്കുക. മു:- അതെ വായിക്കുകയും കാണുകയും ചെയ്തിരിക്കുന്നു. കർത്താവു എന്ന പദത്തിനു ഉണ്ടാകുന്നവൻ, അവകാശി, എടപ്രഭു, നാഥൻ എന്നിങ്ങനെ നാലർത്ഥങ്ങൾ കാണുന്നുണ്ട്. അതിൽ കാര്യത്തിന്റെ സ്വഭാവവും, വാചകത്തിന്റെ അവസ്ഥയും പോലെ അവിടവിടെ യോജിക്കുന്ന അർത്ഥം എടുക്കുന്നതാകുന്നു വിദ്വാന്മാർക്കുള്ള അവകാശം. സൃഷ്ടികർത്താവ് ആ പരമാർത്ഥ ദൈവം തന്നെ ആകുന്നു എന്നു നിങ്ങളും നിങ്ങളുടെ പുസ്തകങ്ങളും മറ്റുനാനാജാതികളും സ്ഥിരപ്പെടുത്തിയിരിക്കുമ്പോഴും ഈ വചനത്തിൽ തന്നെ ആ ദൈവത്തെ പിതാവെന്നു പ്രത്യേകിച്ചു വേർപ്പെടുത്തി പറഞ്ഞിരിക്കുമ്പോഴും ഉണ്ടാക്കുന്നവൻ എന്ന അർത്ഥം ഇവിടെ അസംബന്ധമായിവരുന്നു. ഇനിബലമായി നിങ്ങൾ സംബന്ധിപ്പിക്കുന്നു എങ്കിൽ പല ദുർഘടങ്ങൾ ഇരിക്കുന്നുണ്ട്. പരിശുദ്ധാത്മാവിൽ നിന്നു ഗർഭിണിയായി, എന്നു മത്തായി പറഞ്ഞിരിക്കുന്നത് നോക്കുമ്പോൾ യേശുവിന്റെ കർത്താവു പരിശുദ്ധാത്മാവെന്നു അറിവാകുന്നതുകൊണ്ടും, യേശു നമ്മെപ്പോലെ ഗർഭപാത്രത്തിൽ തീരെ അശക്തനായി ഇരുന്നു, സാധാരണപോലെ പത്താം മാസത്തിൽ ഗർഭാകാരത്തിൽ നിന്നു എഴുന്നള്ളി, മലമൂത്രാദികളിൽ ഉരുണ്ടു പെരണ്ടു വളർന്നവനാകകൊണ്ടും യഹൂദരെ ഭയപ്പെട്ടു ഒളിച്ചുനടന്നു അവസാനം അവരാൽ കൊല്ലപ്പെട്ടവനാകകൊണ്ടും; ഉണ്ടാക്കുന്നവനെന്ന അർത്ഥത്തിനും ദൈവമെന്ന സങ്കല്പത്തിനും തീരെ അയോഗ്യനാണെന്നു തീർച്ചപ്പെടുന്നു. അവകാശി എന്ന അർത്ഥം കൊണ്ടു പുത്രൻ എന്നു സങ്കല്പിക്കുന്നതായാൽ ആ പുത്രന്റെ ചോറൂൺ ഇതിന്നുമുമ്പു അതിഘോഷമായി കഴിഞ്ഞിരിക്കുന്നുവല്ലോ. എടപ്രഭു എന്നും നാഥൻ എന്നും ഉള്ള അർത്ഥങ്ങൾ മാത്രം യേശുവിന്റെ അവസ്ഥക്കു യോജിക്കുന്നു. വിശേഷിച്ചും ദൈവമെന്നും, കർത്താവെന്നും പറഞ്ഞിരിക്കുന്ന പൗലോസ്സിന്റെ സൂചകം, യേശുതന്നെ എന്നായിരുന്നു എങ്കിൽ പിതാവായി ഒരു ദൈവമേ നമുക്കുള്ളു. യേശുക്രിസ്തു എന്ന ഏകകർത്താവുമെ ഉള്ളു എന്നിങ്ങിനെ അന്യോന്യം നാമങ്ങളെകൊണ്ടും നാമവിശേഷണങ്ങളെക്കൊണ്ടും ഭേദിപ്പിച്ചും ഓരോന്നുമാത്രമേ നമുക്കുള്ളു എന്നു കേവലാർത്ഥമായ (എ) എന്ന പ്രത്യയം രണ്ടിന്നും പ്രത്യേകം ചേർത്തു പറവാൻ കാരണമെന്ത്? ഈ സംഗതികളാൽ രണ്ടും ഒന്നെന്നു ബുദ്ധിഹീനർപോലും സമ്മതിക്കുന്നതല്ലാ നിശ്ചയം. നിങ്ങൾ കാണിച്ച രേഖ യോഹ 9:2 നോക്കിയതിൽ 1868ൽ അച്ചടിക്കപ്പെട്ട, പുതുനിയമത്തിൽ ദൈവമെന്നർത്ഥമായ (റബ്ബീ) എന്നു യേശുവെ ശിഷ്യന്മാർ വിളിച്ചതായികാണുന്നു. എന്നാൽ അതിനു മുമ്പു 65 ൽ അച്ചടിക്കപ്പെട്ട പുസ്തകത്തിൽ ആചാര്യൻ എന്നർത്ഥമായ (ഗുരൊ) എന്നു വിളിച്ചതായികാണുന്നു. നിങ്ങൾ അപ്പോഴപ്പോൾ അവരവരുടെ ഹിതപ്രകാരം പദങ്ങൾകൊണ്ടും വാചകങ്ങൾകൊണ്ടും പലപല ഭേദങ്ങൾ ചെയ്തുവരുന്നതാക കൊണ്ടു പുസ്തകങ്ങൾ പഴമപ്പെട്ടടത്തോളം യേശുക്രിസ്തുവിന്റെ ജീവിതകാലത്തിനു സമീപിക്കുന്നതാകയാൽ 68 ലെ പുസ്തകത്തെക്കാൾ, 65 ലെ പുസ്തകം പ്രമാണയോഗ്യമായി വരുന്നതുകൊണ്ടും, യേശുക്രിസ്തുവിന്റെ സർവ്വഭവ്യാവസ്ഥകൾ കൊണ്ടും 65 ലെ പുസ്തകത്തിൽ കാണുന്ന ഗുരുഎന്ന പദത്തെതന്നെ സ്ഥിരപ്പെടുത്തേണ്ടി വരുന്നു. എന്നുതന്നെ അല്ല, 68ലെ പുസ്തകത്തിൽ കാണുന്ന റബ്ബീ എന്ന പദത്തെതന്നെ, സ്ഥാപിക്കുന്നു എങ്കിലും യേശുവിന്നൊരു ആരോഹണം കിട്ടുവാൻ പ്രയാസമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഒന്നാമതു റബ്ബീ എന്ന പദത്തിനു യജമാനൻ എന്നും അർത്ഥമുണ്ട്, അപ്പോൾ കർത്താവെന്ന പദത്തിന്നു നാഥൻ എന്നുള്ള അർത്ഥവും, റബ്ബീ എന്ന പദത്തിനു യജമാനൻ എന്നുള്ള അർത്ഥവും ഒന്നുതന്നെ ആകയാൽ നാഥൻ എന്ന അർത്ഥ സ്ഥാപനം തന്നെ ന്യായമായിവരുന്നു. രണ്ടാമതു ദൈവമെന്ന അർത്ഥത്തെ തന്നെ സ്ഥാപിച്ചു കൊണ്ടാലും റബ്ബീ എന്നു പറഞ്ഞിരിക്കുന്നത് യേശുവിന്റെ ശിഷ്യർതന്നെ ആകയാൽ അതു പ്രമാണമല്ലാ. പഴയനിയമം പുറപ്പാടു പുസ്തകം 71ൽ നിന്നെ ഞാൻ ഫറവോനിനു ദൈവമാക്കിയിരിക്കുന്നു എന്നു ദൈവം മോശെയോടു പറഞ്ഞതുപോലെ, ദൈവം യേശുവിനോടുപറഞ്ഞ ഒരുവചനമെങ്കിലും കാണിച്ചാൽ തെളിവാകുമായിരുന്നു. അതാകട്ടെ, ക്രൈസ്തവർ മുഴുവൻ ഉത്സാഹിച്ചാലും അസാധ്യം തന്നെ. അപ്പോൾ ദൈവത്താൽ തന്നെ ദൈവമമെന്നു വിധിക്കപ്പെട്ടവനും യേശുവിന്റെ കാരണവനും ക്രിസ്തുമതത്തിന്റെ അടിസ്ഥാനാധിപതിയും ആയ മോശയെ ദൈവമെന്നുവിചാരിക്കാതേയും, പറയാതേയും, ദൈവവാക്യങ്ങളാൽ തെളിവില്ലാത്തതും മോശയുടെ അനന്തിരവനും യഹൂദരാൽ ദൈന്യ സ്ഥിതിയിൽ കൊല്ലപ്പെട്ടവനും ആയ യേശുവെ, ദൈവമെന്നു വിചാരിക്കുന്നതു തീരെ അന്യായവും അപഹരണ ദോഷത്തെ സമാശ്രയിച്ചതും ആകുന്നു. യോഹ 10:35. ദൈവത്തിന്റെ വചനം ആർക്കു ഉണ്ടായോ അവരെ ദൈവങ്ങൾ എന്നു അവൻ (ദൈവം) ചൊല്ലുന്നു. ഈ യേശുവചനംകൊണ്ടു എല്ലാ ദീർഘദർശിമാരും ദൈവങ്ങളാണെന്നും യോഹ 10:34 ൽ നിങ്ങൾ ദൈവങ്ങളാകുന്നു എന്നു ഞാൻ പറഞ്ഞു എന്നു യേശു യഹൂദന്മാരോടു പറഞ്ഞതിനെ ആലോചിക്കുമ്പോൾ യഹൂദന്മാരെല്ലാം ദൈവങ്ങളാണെന്നും വിചാരിക്കേണ്ടിവരുന്നു. അപ്പോൾ ദൈവം ഒന്നും മൂന്നും ആയിരവും ലക്ഷവും അല്ലെന്നും നിങ്ങളുടെ ദൈവങ്ങൾക്ക് സംഖ്യയും തീർച്ചയും ഇല്ലെന്നും കാണുന്നു. സ്‌നേഹിതരെ! ബഹുമാനത്തിന്നായി യജമാനൻ നാഥൻ എന്നീ സങ്കല്പത്തിന്മേൽ ദൈവമെന്നു പ്രയോഗിക്കുന്നതു അന്നും ഇന്നും നടപ്പാകുന്നു. വക്കീലന്മാർ ജഡ്ജിമാരെ മൈലോഡ് എന്നും (മൈഗോഡ്) എന്നും പറഞ്ഞുവരുന്നതു കേട്ടിട്ടില്ലയോ? ഉ:-കർത്താവായ യേശുക്രിസ്തു പാപികളുടെ രക്ഷക്കുവേണ്ടി തന്റെ ജീവനെ മനഃപൂർവ്വം ബലിയായി കൊടുത്തതിനെ പുഛാസൂചകമായി പറഞ്ഞതു നിങ്ങൾക്കുള്ള അസൂയയെ കാണിച്ചതാകുന്നു. കൊല്ലപ്പെട്ടശേഷം മൂന്നാംദിവസം ജീവിച്ചുയർന്നുപോയി എന്നും പിതാവായ ദൈവത്തിന്റെ വലത്തിരുന്നു പാപികൾക്കു സഹായം പറയുന്നു എന്നും കാലാവസാനം വിസ്തരിപ്പാൻ വരുമെന്നും വായിച്ചിട്ടില്ലയോ? ക്രിസ്തുവിന്റെ ദൈവത്വ സ്ഥാപനത്തിന്നായി ഈ തെളിവു പോരയോ? മു:- മതി, മതി, നിങ്ങളുടെ ഈ ജല്പനങ്ങൾക്കു മതിയായ ഉത്തരം നല്കാൻ കൊതിക്കുന്നു. മേൽപറഞ്ഞ നിങ്ങളുടെ വാക്കിൽ പാപികളുടെ രക്ഷക്കുവേണ്ടി എന്നും മനഃപൂർവ്വം ബലിയായി എന്നും ജീവിച്ചുയർന്നു എന്നും ദൈവത്തിന്റെ വലത്തിരുന്നു സഹായം പറയുന്നു എന്നും ഇങ്ങിനെ അഞ്ചു സംഗതികൾ കാണുന്നു. ഈ അഞ്ചു സംഗതികൾക്കും വെവ്വേറെ സമാധാനങ്ങൾ ചുരുക്കത്തിൽ പറയാം. യേശുവിന്റെ കാലത്തുണ്ടായിരുന്നതും അതിൽപിന്നെ കാലാവസാനം വരെ ജനിക്കുന്നതും ആയ അസംഖ്യം പാപികളുടെ പാപമോചനത്തിനു വേണ്ടി ദൈവം സാധുവായ യേശുവെ ബലിയായി, ദുഷ്ടരാൽ കൊല്ലിച്ചു എന്നു പറയുന്നതു എല്ലാ വേദശാസ്ത്രങ്ങൾക്കും തീരെ വിരോധമായതിനാൽ കേവലം അയുക്തം തന്നെ. രണ്ടാം രാജാക്കന്മാർ 146 ൽ പിതാക്കന്മാർ പുത്രന്മാർ നിമിത്തം കൊല്ലപ്പെടാതേയും അവനവൻ താന്താന്റെ പാപം നിമിത്തമേ കൊല്ലപ്പെടാവൂ എന്നും യഹോവ കല്പിച്ചു. മോശയുടെ ന്യായപ്രമാണ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്ന പ്രകാരം കൊലചെയ്തവരുടെ പുത്രന്മാരെ അവൻ കൊല്ലാതെ ഇരുന്നു. സങ്കീർത്തനം 6212 കർത്താവെ! നീ ഓരോരുത്തനു അവനവന്റെ പ്രവൃത്തിപ്രകാരം പകരം ചെയ്യുന്നു. ശലോമോന്റെ സുഭാഷിതം 2412 അവൻ ഓരോ മനുഷ്യനെ, അവനവന്റെ പ്രവർത്തിക്കു തക്കവണ്ണം പകരം ചെയ്ക ഇല്ലയോ?ഹേസക്കേൽ 1820 പുത്രൻ പിതാവിന്റെ അതിക്രമത്തെ വഹിക്കയില്ല. പിതാവു പുത്രന്റെ അതിക്രമത്തേയും വഹിക്കയില്ല. നീതിമാന്റെ നീതി അവന്റെ മേൽ ഇരിക്കും. ദുഷ്ടന്റെ ദുഷ്ടത അവന്റെ മേലും ഇരിക്കും ഹേസക്കേൽ 1830 ഇസ്രായീൽ ഭവനക്കാരേ! ഞാൻ നിങ്ങളിൽ ഓരോരുത്തനോടു, അവനവന്റെ വഴികൾക്കു തക്കതായിട്ടു ന്യായം വിധിക്കുമെന്നു ദൈവമായ കർത്താവു പറയുന്നു. ഈ പ്രമാണങ്ങളെ തന്നെ നിങ്ങളുടെ പുതുനിയമവും അനുസരിക്കുന്നു. മത്തായി 1627 അപ്പോൾ അവൻ ഓരോരുത്തനെ അവനവന്റെ പ്രവർത്തിയിൽ പ്രകാരം പകരം നല്കും. റോമ 206 അവൻ ഓരോരുത്തനു അവനവന്റെ പ്രവർത്തികൾക്കു തക്കവണ്ണം പ്രതിഫലം കൊടുക്കും. പ്രത്യേകിച്ചു ന്യായവും, ക്രിസ്തുമതക്കാരായ പലപല രാജാക്കന്മാരുടെ നിയമങ്ങളും, മേൽപറഞ്ഞ പ്രമാണങ്ങളെ തന്നെ അനുസരിച്ചതായി കാണുന്നതല്ലാതെ അതിന്നുവിരോധമായി യാതൊരു നിയമവും ഇതുവരെ കാണ്മാനും കേൾപ്പാനും ഇല്ല. മേൽപ്പറഞ്ഞ പഴയ നിയമ പ്രമാണങ്ങൾക്കൊണ്ടു യേശുവിനു മുമ്പും, പുതുനിയമ വിധികൾ കൊണ്ടു യേശുവിന്റെ കാലത്തും, ക്രിസ്തുരാജാക്കന്മാരുടെ നിബന്ധനകൾകൊണ്ടു ഇന്നുവരെയും യേശു അനഭവിച്ചതുപോലെ ഒരു വിധി മനുഷ്യ വംശത്തിൽ ആരും അനുഭവിച്ചിട്ടില്ലെന്നു തീർച്ചതന്നെ. ഈ സ്ഥിതിയിൽ സർവ്വശക്തനും, നയശൗര്യോപായാധി പതിയുമായ ജഗദീശ്വരൻ തന്റെ വേദ വിധികൾക്കും സൃഷ്ടികളായ മനുഷ്യരുടെ ബുദ്ധിക്കും തീരെ വിരോധമായി, അനേകജനം ചെയ്തതും ചെയ്യുന്നതുമായ പാപങ്ങൾക്കുപകരം നിർദ്ദോഷിയും ഏക ജാതകനുമായ തന്റെ പ്രിയപുത്രനെ അനേക ദുഃഖ കഷ്ടങ്ങളോടുകൂടി കൊല്ലിച്ചു, പാതകികളെ രക്ഷിച്ചു എന്നു പറയുന്നത് മഹാകഷ്ടം തന്നെ. ഇതിനാൽ ദൈവം ന്യായസൂക്ഷ്മം ഇല്ലാത്തവനെന്നും ക്രൂരനെന്നും വരികയോ അല്ലെങ്കിൽ യേശുപാപിയായിരുന്നു! എന്നു വരികയോചെയ്യുന്നു. ദൈവം ന്യായ സൂക്ഷ്മം ഇല്ലാത്ത ക്രൂരനാകുന്നു വെന്നു യാതൊരു വേദംകൊണ്ടും ശാസ്ത്രംകൊണ്ടും സ്പഷ്ടമായോ അസ്പസ്ഷ്ടമായോ തെളിഞ്ഞുകാണായ്ക കൊണ്ടു ദൈവത്തെ ക്രൂരനെന്നു പറവാൻ തീരെ മാർഗ്ഗമില്ല. അപ്പോൾ യേശു പാപിയായിരുന്നു എന്നൂഹിക്കേണ്ടി വരുന്നതിനാൽ രക്ഷ എന്നതു ഭിക്ഷയായി തീരുന്നു. കടപ്പെട്ടു നിർദ്ധനപത്രം വാങ്ങിയിരിക്കുന്നവനെ അന്യന്റെ കടത്തിനു ജാമ്യമെടുക്കുമോ? യേശുവിന്റെ ബലി പീഠാരോഹണം കൊണ്ടു, രക്ഷയായിരുന്നുവെങ്കിൽ എന്റെ പുത്രൻ ലോകത്തിൽ വന്നു ദൈന്യതയോടെ കൊല്ലപ്പെടും, അതിനാൽ പാപികൾക്കു രക്ഷയുണ്ടാകുമെന്നു ദൈവ വിധിയും അതിന്നനുസരിച്ചു ഞാൻ ബലിയാകുവാനത്രെ വന്നിരിക്കുന്നു എന്റെ ബലിയാൽ പാപികൾ രക്ഷിക്കപ്പെട്ടും എന്നു യേശുവചനവും നിങ്ങളുടെ നിയമങ്ങളിൽ കാണേണ്ടതാകുന്നു. അതുകാണാതെ യശയാ 1:17 ഗുണം ചെയ്യുവാൻ പഠിപ്പിൻ, ന്യായത്തെ അന്വേഷിപ്പിൻ, 18, നിങ്ങളുടെ പാപങ്ങൾ കടുംചുവപ്പായിരുന്നാലും അവ ഉറച്ച മഞ്ഞുപോലെ വെണ്മയായിരിക്കും. യാക്കോബു 2:14 എന്റെ സഹോദരന്മാരെ! ഒരുത്തൻ തനിക്കു വിശ്വാസം ഉണ്ടെന്നു പറകയും പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ ഉപകാരം എന്തു? ആ വിശ്വാസത്തിനു അവനെ രക്ഷിപ്പാൻ കഴിയുമോ എന്നിങ്ങനെയുള്ള ഗുണകർമ്മ നിർബന്ധം കാണ്മാനും. മത്തായി 19:16 ഒരുത്തൻ വന്നു അവനോടുപറഞ്ഞതു, നല്ലഗുരോ! നിത്യജീവൻ ലഭിപ്പാനായിട്ടു ഞാൻ എന്തൊരു ഗുണം ചെയ്യണം 17 എന്നാരെ അവൻ അവനോടു പറഞ്ഞതു. ജീവങ്കലേക്കു പ്രവേശിപ്പാൻ നിനക്ക് മനസ്സുണ്ടെങ്കിൽ കൽപനകളെ പ്രമാണിക്ക് 18 അവൻ അവനോടു ഏവ എന്നു പറഞ്ഞു. അപ്പോൾ യേശു പറഞ്ഞു നീ കലയും, വ്യഭിചാരവും, മോഷണവും ചെയ്യരുത്, കള്ളസാക്ഷി പറയരുത്' 19. 'നീ അമ്മയഛന്മാരേ ബഹുമാനിക്ക' 20 'നിന്റെ അയൽക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്ക' 21 'പൂർണ്ണനാകുവാൻ നിനക്കു മനസ്സുണ്ടെങ്കിൽ നീ ചെന്നു നിനക്കുള്ള വസ്തുക്കളെ വിറ്റു ദരിദ്രർക്കു കൊടുക്ക എന്നാൽ നിനക്കു സ്വർഗ്ഗത്തിൽ നിക്ഷേപമുണ്ടാകും' എന്നിങ്ങനെ യേശുപറയുവാനും. യോഹ 20, 23. നിങ്ങൾ ആരുടെ പാപങ്ങളെ മോചിപ്പിക്കുന്നുവോ അവ അവരിൽനിന്നു മോചിക്കപ്പെടുന്നു. നിങ്ങൾ ആരുടെ പാപങ്ങളെ പിടിക്കുന്നുവോ അവ പിടിക്കപ്പെടുന്നു എന്നു യേശു കുരിശിക്കപ്പെട്ടതിൽ പിന്നെ പ്രത്യക്ഷനായി തന്റെ ശിഷ്യന്മാർക്കു അധികാരം കൊടുപ്പാനും, അതുപ്രകാരം ഇന്നുവരെ റോമൻ കത്തോലിക്കകാരുടെ ഫാദർമാർ ഏകാന്തമുറികളിൽ സ്ത്രീ പുരുഷന്മാരുടെ ദോഷം പൊറുപ്പിച്ചുവരുവാനും കാരണമെന്താകുന്നു? ഈ സംഗതികൾ നോക്കുമ്പോൾ യേശുവിന്റെ ഈ നവീന മരണം വ്യർത്ഥമാണെന്നു തീർച്ചപ്പെടുന്നു. എന്നു തന്നെ അല്ലാ, മത്തായി 27: 44ൽ യേശുവിനെ പോലെ തന്നെ കഷ്ടാനുഭവങ്ങളോടു കൂടി രണ്ടുകള്ളന്മാരും യേശുവിന്റെ കൂടെ കുരിശിക്കപ്പെട്ടു എന്നും, അവർ യേശുവെ നിന്ദിച്ചു എന്നും കാണുന്നു. യേശു തറക്കപ്പെട്ടതിനാൽ ക്രിസ്ത്യാനികൾ രക്ഷപ്പെട്ടു എങ്കിൽ ആ കള്ളന്മാർ തറക്കപ്പെട്ടതിനാൽ രക്ഷിക്കപ്പെട്ടതു ആരാകുന്നു എന്നു അറിയുന്നില്ല. അവരും ക്രിസ്ത്യാനികൾ തന്നെ ആകകൊണ്ടു യേശുവിന്റെ ഈ ബലിയിൽ ഉൾപ്പെട്ടു രക്ഷിക്കപ്പെട്ടവരാകുന്നു എന്നു പറയുന്നപക്ഷം, അവർ ഈ ബലികൊണ്ടു സന്തോഷം പ്രാപിച്ചു വിനയാന്വിതന്മാരായിരിക്കാതെ യേശുവെ നിന്ദിക്കുവാൻ സംഗതി ഇല്ലാ. അവർ അന്യരും അവർ ചെയ്ത കുറ്റത്തിനു അവർ ശിക്ഷിക്കപ്പെട്ടവരും ആകുന്നു എന്നു പറയുന്നു എങ്കിൽ അവരെപ്പോലെ തന്നെ ശിക്ഷ അനുഭവിക്കുന്ന ഈ സാധുവായ യേശുവെ അവർ എന്തിനു നിന്ദിക്കുന്നു? നിന്ദിച്ച അവസ്ഥ വിചാരിക്കുമ്പോൾ, അവർ യേശുവിന്റെ കൂടെ ഉള്ളവരായിരുന്നു എന്നും അവരുടെ മരണത്തിനുകാരണം യേശുതന്നെ ആയിരുന്നു എന്നും, യേശുവാൽ രക്ഷഉണ്ടാകുമെന്നു വിശ്വസിച്ചു. അനുഭവംകൊണ്ടു യാതൊരു രക്ഷയും ഉണ്ടായിട്ടില്ല, ഉണ്ടാകുന്നതും അല്ല എന്നു തീർച്ചപ്പെടുത്തിയവരാകുന്നു എന്നും പ്രകാശിച്ചു കാണുന്നു. സ്‌നേഹിതരെ! മേൽ പറയപ്പെട്ട വീഴ്ചകൾക്കു പുറമെ, പാപികളുടെ രക്ഷക്കുവേണ്ടി, യേശു ബലിയായി എന്നു പറയുന്നതിനാൽ, യേശുവിന്റെ ത്രിയേകത്വത്തിന്നും, ദൈവദ്വത്തിന്നും, സമത്വത്തിന്നും, മഹത്വത്തിന്നും തീരെ പതിത്വം ഭവിക്കുന്നു. കാരണം ചോദിക്കുന്നു എങ്കിൽ, 'രക്ഷക്കുവേണ്ടി ബലിയായി' എന്ന വചനം നോക്കുമ്പോൾ ബലിയെ അംഗീകരിച്ചു, രക്ഷിക്കുന്ന രക്ഷിതാവു അന്യഒരുവനാകുന്നു എന്നും, യേശുവിനു അവനിൽ യാതൊരു സ്വാധീനവുമില്ലെന്നും, യേശുവിന്റെ യാചനപോലും കൈകൊള്ളാത്ത സ്വയാധികാരി ആകുന്നുവെന്നും, ഏവനും അഭിപ്രായപ്പെടുന്നതാകുന്നു. വിശേഷിച്ചു ദൈവപുത്രനും, സമത്വമുള്ള ദൈവംതാനുമായ യേശു പാപികളുടെ രക്ഷക്കു അന്യമാർഗ്ഗമൊന്നും കാണാതെ മനോഹതനായി താൻതന്നെ നാനാദുഃഖ കഷ്ടങ്ങൾ അനുഭവിച്ചു, യഹൂദരാൽ കൊല്ലപ്പെട്ടു, താൻ ചത്തു മീൻപിടിച്ചതു പോലെ, താൻ ചത്തു പാപികളെ രക്ഷിച്ചു എന്നു പറയുന്നതു യേശുവിന്നൊരു അപമാനവും; കേൾക്കുന്നവർക്കൊരു അനുമാനവും ആകുന്നു. 2. യേശു തന്റെ ജീവനെ മനഃപൂർവ്വം ബലിയായികൊടുത്തു എന്ന പ്രസ്താവനയെ നിങ്ങളുടെ സുവിശേഷങ്ങൾ തീരെ ഖണ്ഡിച്ചു വിപരീതം കാണിക്കുന്നു. അവ വെവ്വേറെ വിവരിച്ചുകാണിക്കാം. നോക്കുക:- യോഹ 11:54 അതുകൊണ്ടു യേശു പിന്നെ യഹൂദന്മാരുടെ ഇടയിൽ പരസ്യമായി സഞ്ചരിക്കാതെ അവിടെ നിന്നു വനത്തിനുസമീപമുള്ള എപ്രായിം എന്നു പേരുള്ള നഗരത്തിലേക്കു പോയി. അവിടെ തന്റെ ശിഷ്യന്മാരുടെ കൂടെ പാർത്തു. മത്തായി 26:38 അപ്പോൾ അവൻ (യേശു) അവരോടു (ശിഷ്യന്മാരോട്) എന്റെ ആത്മാവു മരണംവരെ മഹാദുഃഖപ്പെട്ടിരിക്കുന്നു. നിങ്ങൾ ഇവിടെ പാർത്തു എന്നോടുകൂടെ ഉണർന്നുകൊണ്ടിരിപ്പിൻ എന്നു പറഞ്ഞു. മത്തായി 26:39, മാർക്കോസ്സ് 14.35 പിന്നെ അവൻ (യേശു) കുറെ ദൂരെപോയിട്ടു നിലത്തു കമിഴ്ന്നു വീണു, കഴിയുന്നതായാൽ ആ സമയം തന്നെ നീങ്ങിപോകേണമെന്നു പ്രാർത്ഥിച്ചു. 36 പിതാവേ! നിന്നാൽ എല്ലാ കാര്യങ്ങളും കഴിയുന്നതാകുന്നു. ഈ പാനപാത്രം എന്നിൽനിന്നു നീക്കിക്കൊള്ളേണമേ! എന്നു പറഞ്ഞു. ഈ വചനങ്ങൾക്കൊണ്ടു യേശുവിനുണ്ടായിരുന്ന മനഃസ്ഥിതി, സാധാരണ മനുഷ്യരെപ്പോലെ തന്റെ ജീവനെരക്ഷിപ്പാൻ എന്നല്ലാതെ ബലിയായി കൊടുപ്പാൻ ആയിരുന്നു എന്നു കാണുന്നില്ല. ബലിയായിക്കൊടുക്കേണ്ടതിലേക്കായിരുന്നു എങ്കിൽ, ഒളിച്ചുചാടി എപ്രയിം എന്ന നഗരത്തിലേക്കു പോകുവാനും, മഹാദുഃഖത്തോടും ഭയത്തോടുംകൂടി തന്റെ ശിഷ്യരെ കാവൽ നിറുത്തുവാനും, തന്റെ രക്ഷക്കുവേണ്ടി താൻ കമിഴ്ന്നുവീണു പ്രാർത്ഥിക്കാനും കാരണമില്ല. ഉ:- നിങ്ങൾ വാക്യങ്ങൾ മുഴുവനും കാണിക്കാതെ, നിങ്ങളുടെ ന്യായത്തിനു സഹായിക്കുന്നഭാഗം മാത്രം എടുത്തു മറുഭാഗം ഒഴിക്കുന്നതു ന്യായമോ? അതും ഒരു കളവല്ലയോ? അങ്ങിനെ ചെയ്യുന്നതിനാൽ വാക്യങ്ങളുടെ ജീവാർത്ഥത്തിനു ഭംഗം വരുന്നില്ലയോ? മാർക്കോസ്സ് 1436 ൽ എങ്കിലും ഞാൻ ഇഛിക്കുന്നതല്ല നീ ഇഛിക്കുന്നതുതന്നെ ആവട്ടെ എന്നു പറഞ്ഞതും മാർക്കോസ്സ് 1438 ആത്മാവു മനസ്സുള്ളതുതന്നെ, എങ്കിലും ജഢം ക്ഷീണമുള്ളതാകുന്നു എന്നു പറഞ്ഞതും ചേർത്തു സാരാർത്ഥത്തെ ഓർത്തു ന്യായം പറയുക. മു:- നിങ്ങൾ കാണിച്ച വാചകങ്ങൾ ഞാൻ ഒഴിച്ചതു ഒരു കളവാണെന്നു വിചാരിപ്പാൻ ഇല്ല- അർത്ഥം കൊണ്ടോ, സാരംകൊണ്ടോ ഭേദിക്കാത്തപക്ഷം അവനവന്റെ ന്യായത്തിനൊത്ത ഭാഗംമാത്രം എടുത്തുപറയുന്നതു സാധാരണയാകുന്നു. ആ വാചകങ്ങളെ ചേർക്കാത്തതുകൊണ്ടു എന്റെ സംഭാഷണത്തിന്നു പുഷ്ടിയും, ചേർക്കുന്നതുകൊണ്ടു ഒരു കാര്യലാഭവും ഉണ്ടാകുന്നതല്ലെന്നും, എന്റെ സംഭാഷണ സാധ്യം കൊണ്ടു തന്നെ എളുപ്പത്തിൽ മനസ്സിലാകുന്നതാകുന്നു. യേശു തന്റെ ആത്മരക്ഷക്കു വേണ്ടി ദൈവത്തോടുപ്രാർത്ഥിച്ചു എന്നുള്ള ആക്ഷേപത്തിന്നു ഈ വാചകങ്ങൾ തടസ്സമായിതീരുമെന്നുള്ള നിങ്ങളുടെ ധാരണതീരെ തെറ്റാകുന്നു. സൂക്ഷ്മത്തിൽ ഈ വാചകങ്ങൾ എന്റെ വാദത്തിനു പിൻബലം കൊടുക്കുന്നവയും, യേശുവിനെക്കുറിച്ചുള്ള ക്രൈസ്തവ വാദങ്ങളെ വീണ്ടും അധോഗതിയിൽ തള്ളുന്നവയുമാണ്. എന്തുകൊണ്ടെന്നാൽ, നീ ഇഛിക്കുന്നതുതന്നെ ആകട്ടെ എന്നു പറഞ്ഞതിനാൽ യേശു സാധാരണ മനുഷ്യരെപ്പോലെ ദൈവഗതി അറിയാതെ ഭ്രമിച്ചവനെന്നു കാണുന്നു. ദൈവഗതി അറിയുന്നവനായിരുന്നു എങ്കിൽ പാനപാത്രം എന്നിൽനിന്നു നീക്കികൊള്ളേണമേ! എന്നും പിന്നെ നീ ഇഛിക്കുന്നതു തന്നെ ആവട്ടെ എന്നും പറവാൻ സംഗതിയില്ല. നീ ഇഛിക്കുന്നതുതന്നെ ആവട്ടെ എന്ന വചനംകൊണ്ടു യേശുവിന്നു യാതൊരു അധികാരവും ശക്തിയും ഇല്ലെന്നു വരുന്നു. യേശു ഓടിച്ചാടി ഒളിച്ചതും, ശിഷ്യരെ പാറാവായി വെച്ചതും, കമിഴ്ന്നുവീണു പ്രാർത്ഥിച്ചതും നോക്കുമ്പോൾ നിങ്ങൾ പറയുംപ്രകാരം, ദൈവഗതിയിൽ ഉറച്ച ഒരാളാകുന്നു എന്നു വിചാരിപ്പാനും കുറച്ചുപ്രയാസം തന്നെ. നീ ഇഛിച്ചതുപോലെ ആവട്ടെ എന്നു പറഞ്ഞതു ഒരു വെറുംവാക്കെന്നു വിചാരിപ്പാൻ മാത്രമെ സംഗതിയുള്ളൂ. ആത്മാവു മനസ്സുള്ളതുതന്നെ, എങ്കിലും ജഢം ക്ഷീണമുള്ളതാകുന്നു എന്ന വാക്യം, യഹൂദരുടെ ശിക്ഷ (കുരിശിക്കൽ) അനുഭവിക്കേണ്ടതിലേക്കു, ആത്മാവിന്നു സമ്മതംതന്നെ എന്നും, ദേഹംമാത്രം ഭയപ്പെട്ടു ക്ഷീണിക്കുന്നു എന്നും, യേശു തന്റെ ശിഷ്യരോടു പറഞ്ഞതാകുന്നു. ശരീരം ജീവനെ വഹിച്ചിരിക്കുന്ന ഒരു കൂടാരം മാത്രമാകുന്നു എന്നും, ജീവനില്ലാഞ്ഞാൽകൂടം സ്ഥാണു പ്രായമാകുന്നു എന്നും, സർവ്വ ദുഃഖാദികളുടെ കാരണോപാധിയും അനുഭോഗിയും പ്രാണൻ മാത്രമാകുന്നു എന്നും സർവ്വത്ര ബോധ്യമാണല്ലോ. കുരിശുകാരണാദികളുടെ അനുഭോക്താവായ ആത്മാവിന്നു സമ്മതമുണ്ടെങ്കിൽ കൂടാരമായ ശരീരത്തിനു ഭയവും ക്ഷീണവും ഉണ്ടാകാൻ കാരണമെന്ത്? ഇത്ര വ്യക്തമായിരിക്കുന്നതിന്നു വിരോധം പറവാൻ ഭടൻപോലും ശങ്കിക്കുന്നതിനെ ദീർഘ ദർശിയായ യേശുപറഞ്ഞു എന്നുകാണുന്നതിനെ ആലോചിക്കുമ്പോൾ, തന്റെ പരിഭ്രമം കണ്ടു ശിഷ്യർക്കു തന്റെ മേലുള്ള വിശ്വാസത്തിനും അഭിപ്രായത്തിനും വിഘാതം വരാതിരിക്കേണ്ടതിലേക്കു ഉപായമായി പറഞ്ഞതാകുന്നു എന്നുമാത്രം വിചാരിപ്പാനുള്ളു. മാർക്കോസ് 1438 നിങ്ങൾ പരീക്ഷയിലേക്ക് അകപ്പെടാതിരിപ്പാനായിട്ടു ഉണർന്നുകൊണ്ടു പ്രാർത്ഥിപ്പിൻഎന്നീ വചനം ആലോചിക്കുമ്പോൾ യേശു താൻ പരീക്ഷയിൽ അകപ്പെട്ടതുപോലെ (കൊല്ലപ്പെടുന്നതുപോലെ) തന്റെ ശിഷ്യരും അകപ്പെട്ടുപോകുമെന്നുള്ള സംശയം കൊണ്ട് അങ്ങിനെ നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാനായിട്ടു കൊണ്ടു പ്രാർത്ഥിപ്പിൻ എന്ന് ശിഷ്യരോടു പറഞ്ഞുണർത്തുന്നതായി കാണുന്നു. ഇതിനാൽ യേശുവിന്നു പല വീഴ്ചകൾ പറ്റുന്നുണ്ട്. ഒന്നാമതു യേശു, താൻ ഒരു രക്ഷിതാവായിരുന്നുവെങ്കിൽ, നിങ്ങളുടെ രക്ഷക്കായി നിങ്ങൾ തന്നെ പ്രാർത്ഥിപ്പിൻ എന്ന് ശിഷ്യരോട് പറയാൻ സംഗതി ഇല്ല. തന്നത്താൻ രക്ഷിപ്പാൻ യേശുവിനു അസാധ്യമായതു നോക്കുമ്പോൾ തന്നെ ശിഷ്യരെ രക്ഷിക്കുക അസാധ്യമെന്നു വരുന്നു. ജീവിച്ചിരിക്കുമ്പോൾ കഴിയാത്തതു മരിച്ചാൽ കഴിയുമോ എന്ന് ആലോചിക്കുക 2ാമതു യേശു സംശയിച്ചതുപോലെ ശിഷ്യർ, ആ പരീക്ഷയിൽ അകപ്പെടാത്തത് കൊണ്ടു യേശു ഭൂതാവസ്ഥകളെ ആലോചിച്ചു നമ്മെപോലെ സംഭവം ചിന്തിച്ചു പറഞ്ഞു എന്നല്ലാതെ ഭാവി അറിഞ്ഞു പറഞ്ഞതല്ലെന്നു തീർച്ചതന്നെ. 3 ാമതു ശിഷ്യരും ആ പരീക്ഷയിൽ അകപ്പെട്ടുപോകുമെന്നറിഞ്ഞു യേശുപറഞ്ഞതാകുന്നു എന്നു നിങ്ങൾ പറയുന്നുവെങ്കിൽ, അതുപ്രകാരം അകപ്പെടാതിരിപ്പാനുള്ള കാരണമെന്തെന്നു ആലോചിക്കേണ്ടിവരുന്നു. അപ്പോൾ ആ ശിഷ്യരുടെ ഭക്തിക്കും പ്രാർത്ഥനക്കുമാണ് കൂടുതൽ ശക്തിയെന്നു തെളിയുന്നു. ഗുരുവായ യേശു തന്റെ രക്ഷക്കുവേണ്ടി മുട്ടുകുത്തിയും കമിഴ്ന്നു വീണും പ്രാർത്ഥിച്ചിട്ടും വിലപിച്ചിട്ടും ഫലിച്ചില്ലെന്നും ശിഷ്യരുടെ പ്രാർത്ഥന ഫലിച്ചു എന്നും യേശുവിന്നു തന്റെ ശിഷ്യർക്കുണ്ടായിരുന്നത്രപോലും ഭക്തിയും പ്രാർത്ഥനാശക്തിയും ഇല്ലായിരുന്നു എന്നും വരുന്നു. 4ാമത് 'പ്രാർത്ഥിപ്പിൻ' എന്ന് പറഞ്ഞ വചനവും അതുപറഞ്ഞ സമയവും നോക്കുമ്പോൾ പ്രാർത്ഥന സ്വീകരിക്കുന്നവനും നിരസിക്കുന്നവനും മറ്റൊരുവൻ ആകുന്നു എന്നാണല്ലോ തെളിയുന്നത്. ഈ സംഗതികൊണ്ടും മേൽ പറഞ്ഞ സംഗതികൾ കൊണ്ടും ബുദ്ധിമാൻ ആലോചിച്ചാൽ, ദൈവാധികാരത്തിന്റെയും സമത്വാവകാശത്തിന്റെയും പ്രതിച്ഛായപോലും യേശുവിൽ ഇല്ലായിരുന്നു എന്നു അഭിപ്രായപ്പെടും. എന്നുതന്നെ അല്ലാ യേശു ബലിയായതു ആത്മാവുകൊണ്ടോ ശരീരംകൊണ്ടോ എന്നു പരിശോധിക്കുമ്പോൾ അരൂപിയായ ആത്മാവു ക്രൂശിക്കപ്പെടുവാൻ പാടില്ലാത്തതിനാൽ ബലിപീഠത്തിന്നു കൊള്ളാവുന്നതു ശരീരമെന്നുമാത്രം കാണുന്നു. അപ്പോൾ ബലിയാവാൻ ഉറച്ച യേശുദൈവാംശവും മനുഷ്യനിൽ പ്രധാനവും പരിശുദ്ധവും ആയ തന്റെ ആത്മാവിന്റെ ഇഷ്ടത്തിനനുസരിച്ചു ബലിക്കു ഒരുക്കമായിനില്ക്കാതെ തന്റെ ലോകാവതാരത്തിന്നുകാരണമായ ബലിക്കു പാത്രമായിരിക്കുന്ന ശരീരത്തിന്റെ ക്ഷീണത്തെ ചിന്തിച്ചു വ്യസനം പറവാനും ഒളിച്ചു ചാടുവാനും മറ്റും സംഗതി ഇല്ലായിരുന്നു. ദൈവാനുരാഗത്തെക്കാൾ ഇവിടെ അധികരിച്ചു കാണുന്നത് ജഡപ്രീതി ആയിരിക്കെ, പാപികളെ കുറിച്ചു പിന്നെ എങ്ങിനെ ചിന്തിക്കും? മത്തായി 26:24ൽ 'മനുഷ്യ പുത്രൻ ആരാൽ ഒറ്റുക്കൊടുക്കപ്പെടുമോ, ആ മനുഷ്യന്നു ഹാ! കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു നന്നായിരുന്നു'എന്നു യേശു പറയുന്നു. പാപികളുടെ രക്ഷക്കുവേണ്ടി ബലി ആക്കേണ്ടതിനു, പിതാവായ ദൈവം തന്റെ ഏകപുത്രനെ ലോകത്തിലേക്ക് അയക്കുകയും, പുത്രനും ആ ബലിയെ സമ്മതിച്ചു അവതരിപ്പിക്കുകയും ചെയ്തിരിക്കുമ്പോൾ പിതാവിന്റെയും പുത്രന്റെയും മൂലചൂഡത്തെ നിവൃത്തി ആക്കുവാൻവേണ്ടി, ഒറ്റുകൊടുക്കുക വഴിപാപികളുടെ പാപനാശന ഹേതുവായിതീർന്ന യഹൂദ എന്നവനെ, രണ്ടാംയേശു എന്നു വിചാരിച്ചു അവനെ നമിക്കയും സ്‌തോത്രം ചെയ്കയും ചെയ്യാതെ അതിന് വിരോധമായി അവനെ യേശു ശപിപ്പാനും, യേശുവിനുശേഷം ശിഷ്യർ അവനെ ശിഷ്യ സമൂഹത്തിൽ നിന്നു നീക്കുവാനും, ഇന്നുവരെ ക്രിസ്ത്യാനികൾ അവനെ ദുഷിപ്പാനും ശപിപ്പാനും കാരണമെന്ത്? ആ സാധു കാശുമോഹിച്ചിട്ടെങ്കിലും, പിതാവിന്റെയും പുത്രന്റെയും ഹിതത്തെ പൂർത്തിയാക്കിയതും, മനുഷ്യവംശത്തെ സാദരം രക്ഷിച്ചതും ദോഷമായോ? യോഹ 7:19 മോശന്യായപ്രമാണം നിങ്ങൾക്കുതന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ഒരുത്തനും ആ ന്യായ പ്രമാണത്തെ കാക്കുന്നില്ലാ. നിങ്ങൾ എന്തിനു, എന്നെക്കൊല്ലുവാൻ അന്വേഷിക്കുന്നു. മത്തായി 27:46 പിന്നെ ഏകദേശം ഒമ്പതാം മണിനേരത്തു, യേശു ഏലി, ഏലി ലാമാ ശബക്താനി എന്നു മഹാശബ്ദത്തോടെ വിളിച്ചു പറഞ്ഞു അതിന്നു എന്റെ ദൈവമേ! എന്റെ ദൈവമെ എന്തുകൊണ്ടു നീ എന്നെ കൈവിട്ടു എന്നു അർത്ഥമാക്കുന്നു. മത്തായി 275 യേശു പിന്നെയും മഹാ ശബ്ദത്തോടെ നിലവിളിച്ചു. പ്രാണനെവിട്ടു. മനഃപൂർവ്വം ബലിയാകുന്ന യേശു സന്തോഷപൂർവ്വം, മന്ദഹാസം കൊണ്ടിരിക്കാതെ, മേൽ പറഞ്ഞപ്രകാരം നിങ്ങൾ എന്തിന്നു എന്നെ കൊല്ലുന്നു എന്നു വേവാലാതിപ്പെട്ടു പറഞ്ഞതും ഒന്നിലധികം പ്രാവശ്യം മഹാശബ്ദത്തോടെ നിലവിളിച്ചതും അതിശയം തന്നെ. ഇതിൽ നിന്നും യഹൂദ എന്നവൻ ഒറ്റിക്കൊടുത്തിരുന്നില്ല എങ്കിൽ യേശു ഒളിവിൽ കഴിയുമായിരുന്നു എന്നും, യഹൂദന്മാരുടെ പിടിയിൽ അകപ്പെട്ടതിനാൽ മരണവ്യസനം സഹിക്കാതെ ആക്രോശിച്ചതാകുന്നു എന്നും തെളിയുന്നതല്ലാതെ മറ്റുയാതൊരു സംഗതിയും കാണുന്നില്ല. 'എന്റെ ദൈവമേ! എന്റെ ദൈവമേ! എന്തുകൊണ്ടു നീ എന്നെ കൈവിട്ടു' എന്ന, യേശുവിന്റെ ആക്രോശവചനം നോക്കുമ്പോൾ, ദൈവനിയോഗങ്ങളെ മാത്രം അനുസരിച്ചുനടന്നതുകൊണ്ടും, അപ്രകാരം നടക്കുവാൻ നിർബ്ബന്ധിതനായി നടന്നതുകൊണ്ടും, ഈ അന്യായമായ ശിക്ഷ അനുഭവിക്കാൻ കാരണമായി വന്നിരിക്കെ; ആ ശിക്ഷയിൽ നിന്നും തന്നെ രക്ഷിക്കാത്തതിലുള്ള ആക്ഷേപം യേശുദൈവത്തോടുപറഞ്ഞതാകുന്നു എന്നു കാണിക്കുന്നു. ഇതു ബലിക്കുള്ള മനഃപൂർവ്വതയെ തീരെ നിരസിക്കുന്നതു കൂടാതെ, യേശു ഒരു സത്യപ്രവാചകനാകുന്നു എന്നു വിചാരിക്കേണ്ടതിലേക്കു കൂടി തടസ്സമായി നില്ക്കുന്നു. സത്യപ്രവാചകൻ ആയിരുന്നു എങ്കിൽ, നോഹയെ ജലപ്രളയത്താലും അബ്രഹാമിനെ അഗ്നിയാലും നിങ്ങളുടെ പുസ്തകങ്ങൾ പ്രകാരം മഹാ പാതകനായ ലോത്തിനെ തിയ്യാലും ഗന്ധത്താലും, മോശയെ രുദു എന്ന ആറ്റിനാലും, യോനയെമത്സ്യ ഉദരത്താലും രക്ഷിച്ചതുപോലെ, യേശുവെയും ദുഷ്ടരിൽ നിന്നു രക്ഷിപ്പാൻ സംഗതി ഉണ്ടായിരുന്നു. അങ്ങിനെ രക്ഷിക്കാതെ കൈവിട്ട് കളഞ്ഞതിനാൽ സത്യപ്രവാചകൻ അല്ലെന്നോ, അല്ലെങ്കിൽ അധികാരത്തെ അധികരിച്ചവൻ എന്നോ, വിചാരിക്കണം. രക്ഷിക്കാതിരിക്കാനുള്ള കാരണം ബലിയാകുന്നു എന്നു നിങ്ങൾ പറയുന്നു എങ്കിൽ ആയറിവു യേശുവിന്നുംകൂടി ഉണ്ടായിരിക്കേതല്ലയോ? അങ്ങിനെ ഉണ്ടായിരുന്നു എങ്കിൽ മേൽവിവരിച്ച പ്രകാരം യേശു ചാടിഓടി പോകുവാനും, മുട്ടുകുത്തി പ്രാർത്ഥിക്കുവാനും നിലവിളിച്ചു ആക്ഷേപം പറയുവാനുള്ള ഹേതുഎന്തെന്നുള്ള വസ്തുത ഈ മിഥ്യാസങ്കല്പത്തെ പുറംതള്ളുന്നു. വിശേഷിച്ചു മേൽപറഞ്ഞ ആക്രോശവചനം നിങ്ങളുടെ ത്രിയേകതയെ പ്രത്യക്ഷത്തിൽ നിർമ്മൂലമാക്കിത്തീർക്കുന്നു. എങ്ങിനെ എന്നാൽ, മൂന്നും ഒന്നാകുന്നു എന്നും, പിതാവായ ദൈവവും പരിശുദ്ധാത്മാവും, സദാപിയേശുവിൽ ഉണ്ടായിരുന്നു എന്നും ഉള്ള നിങ്ങളുടെ വിശ്വാസം പ്രമാണിക്കുമ്പോൾ, യേശു കുരിശിക്കപ്പെട്ടപ്പോഴും ദൈവവും പരിശുദ്ധാത്മാവും യേശുവിന്റെ കൂടെ കുരിശിക്കപ്പെട്ടു എന്നു വിചാരിക്കേണ്ടിവരുന്നു. അപ്പോൾ എന്റെ ദൈവമേ! എന്റെ ദൈവമേ! എന്നു മഹാശബ്ദത്തോടെ യേശു വിളിച്ചതു ദൈവത്തെ ആകുന്നു എന്നു അറിയുന്നില്ല. ഈ വിളിയും എന്തുകൊണ്ടു എന്നെ കൈവിട്ടു എന്ന ചോദ്യവചനവും നോക്കുമ്പോൾ, അന്യഒരു ദൈവം ഉണ്ടായിരുന്നു എന്നൊ സാക്ഷാൽ ദൈവം യേശുവിൽ ഇല്ലായിരുന്നു എന്നോ ഉള്ള ധാരണ ബലപ്പെടുന്നു. അന്യ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ത്രിയേകമല്ല, ചതുരേകം ആവേണ്ടിവരുന്നു. അതല്ലാതെ ഈ ദൈവത്തെ തന്നെ യേശു വിളിച്ചതാണ് എന്നാണെങ്കിൽ ഈ പരമാർഥദൈവം യേശുവിൽ ഇല്ലായിരുന്നു എന്നു വരുന്നു. അതോടെ യേശുവിന്റെ ത്രൈകത്വ സവിശേഷതയും അപ്രത്യക്ഷമാകുന്നു. മാത്രമല്ല, നിങ്ങൾ പറയുംപ്രകാരം ദൈവവും പരിശുദ്ധാത്മാവും കാലാകാലം യേശുവിൽ ഉണ്ടായിരുന്നു എങ്കിൽ യേശു കുരിശിക്കപ്പെട്ടു മരിച്ചപ്പോൾ ഇവരും മരിച്ചു എന്നും, യേശുവിന്റെ കൂടെ ഇവരും മൂന്നു ദിവസം കല്ലറയിൽ കിടന്നു എന്നും യേശു ജീവിച്ചുയർന്നപ്പോൾ ഇവരും ജീവിച്ചുയർന്നു എന്നും വിശ്വസിക്കേണ്ടതാവശ്യമത്രെ. അപ്പോൾ ആ മൂന്നു ദിവസം ലോകകാര്യാദികൾ നടത്തേണ്ട ചാർജ്ജു വഹിച്ച അന്യൊരു ദൈവം ഉണ്ടാകേണ്ടതു ആവശ്യമോ? അല്ലയോ? ഉണ്ടായിരുന്നു എങ്കിൽ ആ ദൈവം ആരായിരുന്നു? ഇല്ലായിരുന്നു എങ്കിൽ ആ മൂന്നുദിവസവും ലോകകാര്യം എങ്ങിനെ നടന്നു? ഉ:- നിങ്ങൾ മഹാഭോഷൻ എന്നാണല്ലൊ കാണുന്നത്. സർവ്വശക്തനും അപ്രത്യക്ഷനും ആയ ദൈവം കുരിശിക്കപ്പെടുമോ? അവൻ ചാർജ്ജു ഏല്പിക്കത്തക്ക സർവ്വപ്രാപ്തനായ അന്യൊരുവൻ ഉണ്ടൊ? എന്തുഓർക്കാതെ വല്ലതും പറയുന്നു? മു:- ഈ വചനം നിങ്ങളുടെ സമസ്തവാദങ്ങളെയും മൂടോടെ ഖണ്ഡിക്കുന്നു. യേശുക്രിസ്തു പ്രത്യക്ഷനായിരുന്നതുകൊണ്ടും ബന്ധിതനായി കുരിശിക്കപ്പെട്ടതുകൊണ്ടും അദ്ദേഹം ദൈവമല്ലെന്നും ഏകാനായി കുരിശിക്കപ്പെട്ടതുകൊണ്ടും മരിച്ച മൂന്നു ദിവസം കല്ലറയിൽ കിടന്നപ്പോൾ ലോകപാലനത്തിൽ ദൈവത്തിന് തടസ്സം നേരിടാതിരുന്നതുകൊണ്ടും ത്രിയേകമില്ലെന്നും നിങ്ങളുടെ വാക്കിനാൽ തന്നെ ജനിക്കുന്നു. തന്റെ സംഭാഷണത്തിനു വിരോധം താൻതന്നെ പറയുന്നവനൊ വിഡ്ഢി? അതോ ഞാനോ? നിങ്ങൾക്കുള്ള വിശ്വാസപ്രകാരം ബലിക്കു ശുദ്ധരക്തം ഒഴിവാക്കേണമെന്നു കാണുന്നു. അപ്പോൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവുള്ളവ മൂന്നും കൂടിയാൽ മാത്രം ശുദ്ധരക്തയോഗം ഒക്കുന്നതാകയാൽ, ദൈവവും പരിശുദ്ധാത്മാവും കൂടാതെ യേശുക്രിസ്തു താനെ കുരിശിക്കപ്പെട്ടു ഒഴുകിയ രക്തം സാധാരണ മനുഷ്യരക്തംപോലെ ജഢരക്തം എന്നല്ലാതെ ശുദ്ധരക്തം ആകുന്നില്ല. അപ്പോൾ സാധു യേശുക്രിസ്തുവിന്റെ ഈ ദുർമ്മരണത്തെ ബലി ആക്കി എടുപ്പാനും പാടില്ലാതെ വരുന്നു. ഉദാഹരണത്തിന് കുമ്പിൾ, പാതിരി, പലകപയ്യാന, കൂവളം, മുഞ്ഞ, ഓരില, മൂവില, കറുത്തചുണ്ട, വെളുത്ത ചുണ്ട, ഞെരിഞ്ഞിൽ ഇവ പത്തുംകൂടിയാൽ ദശമൂലയോഗം ഒക്കുന്നതും കഫവാതൊത്തര സന്നിപാതഞ്ജുർത്തത്തിന് ശമനമുണ്ടാക്കുന്നതും അല്ലാതെ, പാതിരിയെ മാത്രം കുറച്ചു കഷായമാക്കിയാൽ ദശമൂലയോഗം ഒക്കുമോ? ജ്വരം ശമിക്കുമോ? ഇല്ല. ഇതുപ്രകാരം ത്രിയേകത്വത്തിൽ പുത്രനായ യേശു കുരിശിക്കപ്പെട്ടതുകൊണ്ടു ശുദ്ധരക്തയോഗം ഒക്കുന്നതും ക്രിസ്ത്യാനികളുടെ പാപരോഗം ശമിക്കുന്നതും അല്ല. 2. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളിൽ പിത്തശമനംകൊണ്ടു മാത്രം ക്ഷേമസിദ്ധി ഉണ്ടാകുമെങ്കിൽ യേശു മാത്രം കുരിശിക്കപ്പെട്ടതുകൊണ്ട് മോക്ഷപ്രാപ്തിയും ഉണ്ടാകും നിശ്ചയം. 3. ജീവൻ, ആത്മാവ്, ശരീരം ഈ ത്രിയേകത്വത്തിൽ ജീവനും ആത്മാവും ഇല്ലാതെ ശരീരത്തെ മാത്രം മനുഷ്യനെന്നു പറയാമെങ്കിൽ, പുത്രനായ യേശുവിന്റെ ശരീരംമാത്രം കുരിശിക്കപ്പെട്ടതുകൊണ്ട് ഒരു ബലിയായി എന്നു പറയാം. 4. അതുതന്നെ അല്ല, ശലോമോന്റെ സുഭാഷിതങ്ങൾ 2118ൽ നീതിമാൻ വീണ്ടെടുപ്പാനായിട്ടു ദുഷ്ടനും നേരുള്ളവനായിട്ടു അതിക്രമക്കാരനും ആകും ബലി എന്നു കാണുന്നു. അപ്പോൾ യേശുവെ നീതിമാനെന്നു വിചാരിക്കുമ്പോൾ ദുഷ്ടർക്കുവേണ്ടി യേശു ബലിയായി എന്നു പറയുന്നത് ത്യജിക്കപ്പെടുന്നു. എന്തുകൊണ്ടെന്നാൽ ദുഷ്ടനു വീണ്ടെടുപ്പിനുവേണ്ടി നീതിമാൻ ബലിയാകുമെന്നു സുവിശേഷങ്ങളിൽ എങ്ങും കാണുന്നില്ല. കാൺമാൻ ന്യായവും ഇല്ല. പാപികളുടെ വീണ്ടെടുപ്പിനായിട്ടു യേശു ബലിയായി എന്ന വചനത്തെ തന്നെ നിങ്ങൾ സ്ഥിരപ്പെടുത്തുന്നു എങ്കിൽ യേശുവെ ദുഷ്ടൻ എന്നു വിധിക്കേണ്ടിവരുന്നു. അത്ര ധൈര്യം എനിക്കില്ല. മൂന്നാമതായി, യേശുവിന്റെ ജീവിച്ചുയർപ്പിനെപ്പറ്റി ഊഹിക്കുമ്പോൾ ആ എഴുന്നേൽപ്പു മഹാദുർഘടത്തിൽ കിടക്കുന്നു. മിസ്റ്റർ ഹെൻട്രി സ്‌കോട്ട്, മിസ്റ്റർ ഹെൻട്രി മാർട്ടൂൺ, മിസ്റ്ററ് ഹാറൻ, ഡാക്ടർക്ലാക്ക് ഇവരുടെ വ്യാഖ്യാനപുസ്തകങ്ങൾ വായിച്ചാൽ ഈ സംഗതിയെപ്പറ്റിയുള്ള വിവരണത്തിൽ കാണാവുന്നതാകുന്നു. അഥവാ യേശുവിന്റെ ജീവിച്ചുയർപ്പു തെളിവായാൽ തന്നേയും ആ ഉയർപ്പിനാൽ ഒരു ഊർദ്ധഗമനം യേശുവിനു ലഭിക്കാനുള്ള മാർഗ്ഗം നാസ്തി. എന്തുകൊണ്ടെന്നാൽ, ഏറിയ പരിശുദ്ധന്മാർ ശവക്കല്ലറകളിൽനിന്നു എഴുന്നേറ്റു അന്യ പട്ടണങ്ങളിലേക്കു പോയ പ്രകാരം മത്തായി 2732ൽ കാണുന്നു. അപ്പോൾ യേശുവിന്റെ ഉയർപ്പൊരത്ഭുതമല്ലല്ലോ. ഉ:- നിങ്ങൾ ഒരു സിദ്ധാന്തി തന്നെ. യേശുക്രിസ്തുവിന്റെ ബലിയും പാപികളുടെ പാപമോചനവും, ജീവിപ്പുയർപ്പും അദ്ദേഹത്തിന്റെ മുമ്പുതന്നെ ദീർഘദർശികളാൽ പഴയ നിയമത്തിലും പിന്നെ പുതുനിയമത്തിലും പ്രത്യക്ഷമായി പറഞ്ഞിരിക്കുന്നത് വായിച്ചിട്ടില്ലയോ? യശായ 534. സങ്കീർത്തനം. 16:10, റോമ 4:24, കോരന്ത്യർ 15:3 പത്രോസ് ഒന്നാം ലേഖനം 3:18 ഈ വചനങ്ങളും യോഹ 3:14 മുതൽ 16 വരെയുള്ള യേശുവചനങ്ങളും നോക്കുക. ഇങ്ങിനെ മറ്റാരെപ്പറ്റി പറഞ്ഞിരിക്കുന്നു? മു:- ഇവ ഞാൻ നോക്കി ഒഴിഞ്ഞതുതന്നെ. യശായ 53ാം അദ്ധ്യായം മുഴുവനും വായിച്ചാൽ യശായ എന്ന ദീർഘദർശി തന്റെ മുമ്പുണ്ടായിരുന്ന യറമിയാ എന്ന ദീർഘദർശിയുടെ കഷ്ടാനുഭവത്തെ വിവരിക്കുന്നു എന്നല്ലാതെ, യേശുവിന്റെ വൃത്താന്തത്തെ പറയുന്നു എന്നു വിചാരിപ്പാൻ യാതൊരു മാർഗ്ഗവുമില്ല. ആ അധ്യായത്തിലെ വാക്യങ്ങൾകൊണ്ടുതന്നെ അതു ഭൂതകാല വിവരണമാണെന്നു വ്യാകരണത്തിന്റെ പ്രാരംഭപാഠമറിയുന്ന കുട്ടിപോലും എളുപ്പത്തിൽ ധരിക്കും. അപ്പോൾ യശായ ദീർഘദർശിക്കും എത്രയോ കാലശേഷമുണ്ടായ, യേശുവെക്കുറിച്ചു പറഞ്ഞതാണെന്നു വിചാരിക്കുന്നത് വിഡ്ഢിത്തമാണ്. മാത്രമല്ല, അവൻ കുലയ്ക്കു ഒരു കുഞ്ഞാടുപോലെ, കൊണ്ടുപോകപ്പെട്ടിരിക്കുന്നു. ആട് തന്റെ രോമം കത്രിക്കുന്നവന്റെ മുമ്പാകെ ശബ്ദിക്കാതിരിക്കുന്ന പ്രകാരംതന്നെ, അവൻ തന്റെ വായ തുറക്കുന്നില്ല എന്നു മേൽപറഞ്ഞ അധ്യായം 7ാം വാക്യത്തിൽ കാണുന്നു. യോഹ 7:19 പ്രകാരം തന്നെ കൊല്ലാൻ ശ്രമിക്കുന്നതിനെ കുറിച്ചു യേശു ചോദ്യം ചെയ്തതും മത്തായി 27:46 പ്രകാരം പല പ്രാവശ്യം നിലവിളിച്ചു പ്രാണനെ വിട്ടതും നോക്കുമ്പോൾ യശായ ദീർഘദർശി പറഞ്ഞതു യേശുവെകുറിച്ചല്ലെന്ന് വ്യക്തമാകുന്നു. നിങ്ങൾ കാണിച്ച പഴയ നിയമത്തിലെ രണ്ടാംരേഖ സങ്കീർത്തനം 16:10 എന്തുകൊണ്ടെന്നാൽ നീ എന്റെ ആത്മാവിനെ പാതാളത്തിൽ വിടുകയും ഇല്ല, നിന്റെ പരിശുദ്ധനെ നാശം കാണ്മാൻ സമ്മതിക്കുകയുമില്ല എന്നാകുന്നു. ഈ വചനത്തിൽ പരിശുദ്ധൻ എന്നു ദാവീദു പറഞ്ഞിരിക്കുന്നത് യേശുവിനെ കുറിച്ചാകുന്നു എന്നാണല്ലോ നിങ്ങൾ വാദിക്കുന്നത്. സ്‌നേഹിതരെ! നിങ്ങളുടെ അബദ്ധധാരണകളെ കൊണ്ടു ഞാൻ ബുദ്ധിമുട്ടുന്നു. നിങ്ങൾ കാണിച്ച വചനത്തിനു മുമ്പും പിമ്പുമുള്ള വാക്യങ്ങൾ ഇതാ കാണിക്കുന്നു. നോക്കുക. 8ാം വാക്യം ഞാൻ യഹോവയെ എല്ലായ്‌പോഴും എന്റെ മുമ്പിൽ വെച്ചിരിക്കുന്നു. അവൻ എന്റെ വലതുഭാഗത്ത് ഇരിക്കകൊണ്ട്, ഞാൻ ചഞ്ചലപ്പെടുകയില്ല 9 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിക്കുന്നു. എന്റെ മഹത്വവും ആനന്ദിക്കുന്നു, എന്റെ ജഢവും ആശ്രയത്തോടെ വസിക്കുന്നു. 10 എന്തുകൊണ്ടെന്നാൽ നീ എന്റെ ആത്മാവിനെ പാതാളത്തിൽ വിടുകയില്ല, നിന്റെ പരിശുദ്ധനെ നാശം കാണ്മാൻ സമ്മതിക്കയും ഇല്ല. 11. നീ ജീവന്റെ വഴിയെ എന്നോടു അറിയിക്കും, നിന്റെ സന്നിധാനത്തിൽ സന്തോഷത്തിന്റെ പരിപൂർണ്ണത ഉണ്ട്. ഈ എട്ടുമുതൽ പതിനൊന്നുവരെയുള്ള വചനങ്ങൾ വായിക്കുമ്പോൾ വചനകർത്താവായ ദാവീദ് തന്റെ അവസ്ഥയെപറ്റി ദൈവത്തോടു പറയുന്നു എന്നല്ലാതെ, ഈ വചനങ്ങളിൽ മറ്റൊരുവനെ കുറിച്ചുള്ള പ്രസ്താവം കൂടിയുണ്ടെന്നു കുട്ടികൾപോലും സമ്മതിക്കുകയില്ല. എന്നിരിക്കെ, 10ാം വചനത്തിൽ ദാവീദ് തന്നെ പറ്റി പരിശുദ്ധനെന്നു പറഞ്ഞത് യേശുവെക്കുറിച്ചു പറഞ്ഞതാണെന്നു ധരിപ്പാനുള്ള നിങ്ങളുടെ പരിശ്രമം കഷ്ടംതന്നെ. ഇങ്ങിനെ ദാവീദു തന്നത്താൻ ശുദ്ധനെന്നു പറഞ്ഞിരിക്കുന്നത് ഈ സങ്കീർത്തനത്തിൽ തന്നെ വേറിട്ടുകാണാം. 8919 നോക്കുക. വിശേഷിച്ചു നിന്റെ പരിശുദ്ധനെ നാശംകാണ്മാൻ സമ്മതിക്കുകയില്ല എന്ന വചനത്തിനു വിരുദ്ധമായി യേശുവിന്റെ മൂലനാശം യഹൂദർ വരുത്തിയിരിക്കുമ്പോൾ, ആ വചനം യേശുവെ സംബന്ധിക്കുന്നതല്ലെന്നു തീർച്ചതന്നെ. പഴയ നിയമരേഖകളുടെ സ്ഥിതിയാണിത്. പിന്നെ പുതുനിയമ രേഖകളെ പറ്റി ചിന്തിക്കുമ്പോൾ, പുതുനിയമം വിശ്വാസയോഗ്യമല്ലാ എന്നുള്ളതിലേക്കു പല സംഗതികൾ ഇതിനുമീതെ വിവരിച്ചിരിക്കുന്നതുകൂടാതെ, ഇവിടേക്കു ആവശ്യമായി കാണുന്ന ചില സംഗതികൾ എനിയും പറയാം. പുതുനിയമത്തിലെ രേഖകളിൽ റോമ 4:24ഉം കൊരിന്ത്യർ 15:3ഉം പത്രോസ്സ് 3:18ഉം യേശു വചനങ്ങളല്ല. പൗലോസ് എന്നവനും പത്രോസ് എന്നവനും പറഞ്ഞതാകുന്നു. പൗലോസ് യേശുവിന്റെ കണ്ണടപ്പുവരെ അദ്ദേഹത്തിന്റെ ബദ്ധവൈരിയായിരുന്നു എന്നും, ഇതിനുമീതെ വിവരിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു അവരുടെ വചനങ്ങൾ പ്രമാണയോഗ്യമല്ലെന്നു തന്നെയല്ല, യേശുക്രിസ്തുവിന്റെ ബലിക്കും ജീവിച്ചുയർപ്പിനും തെളിവായി കാണിക്കുന്ന ഇവരുടെ രേഖകളെ അവരുടെതന്നെ വചനങ്ങളും അവസ്ഥകളും ദുർബ്ബലപ്പെടുത്തുന്നുമുണ്ട്. കൊരിന്ത്യ 2:8ൽ ഈ ലോകത്തിലെ പ്രഭുക്കന്മാർ ഒരുത്തരും അറിഞ്ഞില്ലാ, അറിഞ്ഞിരുന്നു എങ്കിൽ അവർ മഹത്വത്തിന്റെ കർത്താവിനെ കുരിശിക്കുന്നതല്ലായിരുന്നു എന്നുള്ള പൗലോസിന്റെ ഈ വ്യസനവചനംകൊണ്ട് യേശു കുരിശിക്കപ്പെട്ടിട്ടും ബലിവിവരം ആ പൗലോസിന്നു അറിവില്ലായിരുന്നു എന്നും ലൂക്കോസ് 24ാം അധ്യായം 11ഉം 12 ഉം വചനങ്ങൾ പ്രകാരം യേശുവിന്റെ ജീവിച്ചുയർപ്പവസ്ഥ കേട്ടു. പത്രോസിനും മറ്റും അവിശ്വസനീയമായി തോന്നിയതും, പിന്നെ പത്രോസ് ശവക്കല്ലറയിൽപോയി നോക്കി, ശിലകൾ വേറിട്ടു കിടക്കുന്നതു കണ്ടു ആശ്ചര്യപ്പെട്ടതും നോക്കുമ്പോൾ, ജീവിച്ചുയർപ്പുവിവരം പത്രോസിനും ഇല്ലായിരുന്നു എന്നു തെളിയുന്നു. അപ്പോൾ അറിവില്ലാത്തവരുടെ വചനങ്ങൾ ലക്ഷ്യമായി അംഗീകരിക്കത്തക്കതല്ലെന്നു ശാസ്ത്രങ്ങൾ തന്നെ വിധിച്ചിരിക്കയാൽ ഇവരുടെ വചനങ്ങളെ എങ്ങിനെ കൈക്കൊള്ളും? പിന്നെ; യോഹ 314ൽ ഏതുപ്രകാരം മോശ വനത്തിൽ സർപ്പത്തെ ഉയർത്തിയൊ, അപ്രകാരം തന്നെ മനുഷ്യപുത്രനും അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും നശിച്ചുപോകാതെ നിത്യജീവൻ ഉണ്ടാകേണ്ടതിന്നു ഉയർത്തപ്പെടേണ്ടതാകുന്നു എന്ന വാക്യം യേശുവചനമായി കാണുന്നു. ഇതു പ്രമാണയോഗ്യമല്ല എന്നുള്ളതിലേക്ക് പല സംഗതികൾ ഉണ്ട്. എന്തെന്നാൽ ഈ വചനത്താൽ യേശുക്രിസ്തുവിന്റെ ബലിയാൽ നിങ്ങൾക്കുള്ള രക്ഷ തീരെ അലക്ഷ്യപ്പെടുന്നു. എങ്ങിനെയെന്നാൽ, ഈ വചനംകൊണ്ട് യേശു ഉയർത്തപ്പെടാതിരുന്നാൽ യേശുവിൽ വിശ്വസിച്ചവർ നശിച്ചുപോകുമെന്നു കാണുന്നു. അപ്പോൾ ബലികൊണ്ടു പാപികൾക്കുള്ള രക്ഷ നാസ്തിയെന്നു വരുന്നു. ബലിയാൽ പാപികൾക്കു രക്ഷയുണ്ടെന്നുവരുമ്പോൾ ഈ വചനം തീരെ നിർമ്മിതമാണെന്നും മനസ്സിലാകുന്നു. എന്നുമാത്രമല്ല, മത്തായി 19:16ൽ നിത്യജീവൻ ലഭിപ്പാൻ എന്തുചെയ്യേണമെന്നു ഒരു യൗവനക്കാരൻ യേശുവോടു ചോദിച്ചപ്പോൾ കല്പനകളെ പ്രമാണിക്ക, എന്നും മത്തായി 22:37ൽ ദൈവമായ കർത്താവിനെ നിന്റെ പൂർണ്ണ ഹൃദയത്തോടെ സ്‌നേഹിക്കണം. ഇതുതന്നെ വലിയതും ഒന്നാമതുമായ കല്പന എന്നും യേശു പറഞ്ഞതായി കാണുകയും അതു സകല വേദശാസ്ത്രങ്ങൾക്കും യോജിക്കയും ചെയ്യുമ്പോൾ അതിനു വിരോധം കാണുന്ന മേൽപറഞ്ഞ വചനത്തെ എങ്ങിനെ വിശ്വസിക്കേണ്ടു? വിശേഷിച്ചു യേശുക്രിസ്തു തന്റെ മരണത്തെ ഭയപ്പെട്ടു പാഞ്ഞൊളിച്ചു ശിഷ്യരെ കാവലാക്കിയതുകൊണ്ടും, തന്റെ രക്ഷക്കായി താൻ പ്രാർത്ഥിച്ചതുകൊണ്ടും, തന്നെ എന്തിനു കൊല്ലുന്നു എന്നു യഹൂദന്മാരോടും, എന്നെ എന്തിനു കൈവിട്ടു എന്നു ദൈവത്തോടും ചോദിച്ചതുകൊണ്ടും, മഹാശബ്ദത്തോടെ അട്ടഹസിച്ചും കൊണ്ടു പ്രാണനെ വിട്ടതുകൊണ്ടും, ഒറ്റുകൊടുത്തവനായ യഹൂദാ എന്നവനെ ശപിച്ചതുകൊണ്ടും, യേശുവിന്റെ മരണംവരെ ഈ ബലിവിവരം യേശുവിന്നറിവില്ലായിരുന്നു എന്നു ഏവനും ഗ്രഹിക്കുന്നതാകുന്നു. ബലിവിവരം യേശുവിന്നു ഗ്രാഹ്യമായിരുന്നു എങ്കിൽ, പാപികളുടെ രക്ഷ എന്നു സ്ഥാപിച്ചിരിക്കുന്ന തന്റെ ബലിയവസ്ഥയും പുനരുത്ഥാന വിവരവും തന്റെ പ്രസംഗങ്ങളിൽ പ്രത്യേകിച്ചും വിവരിക്കേണ്ടതും, തന്റെ ശിഷ്യരും മറ്റു ജനങ്ങളും അറിഞ്ഞിരിക്കേണ്ടതും ആയിരുന്നു. അങ്ങിനെ അറിഞ്ഞിരുന്നുവെങ്കിൽ കൊരിന്ത്യർ 2:8ൽ കാണുന്ന പൗലോസിന്റെ വ്യസന വചനത്തിനും, ലൂക്കോസ്സ് 244 പ്രകാരം യേശുക്രിസ്തുവിന്റെ ശവംകാണാത്തതിനാൽ സുഗന്ധസാധനങ്ങൾ കൊണ്ടുവന്ന സ്ത്രീകളും യോഹന്നാനും വ്യാകുലപ്പെടുവാനും, ലൂക്കോസ് 24:7 പ്രകാരം ദൈവദൂതൻ യേശുവചനങ്ങളെ ശിഷ്യർക്ക് ഓർമ്മപ്പെടുത്തുവാനും, ലൂക്കോസ് 24:11 പ്രകാരം ശവം കാണുന്നില്ല എന്നു ആ സ്ത്രീകൾ പറഞ്ഞ വാക്കു ശിഷ്യർക്ക് അവിശ്വസനീയമായി തോന്നുവാനും ലൂക്കോസ് 24:12 പ്രകാരം ശിഷ്യരിൽ ഒരുവനായ പത്രോസ് നോക്കി ആശ്ചര്യപ്പെടുവാനും ലൂക്കോസ് 24:15 പ്രകാരം യേശുവിന്റെ ഉയർപ്പിനെപ്പറ്റി ശിഷ്യർതമ്മിൽ വ്യവഹരിപ്പാനും ലൂക്കോസ് 24:23 പ്രകാരം യേശു ജീവനോടെ ഇരിക്കുന്നു എന്നും, ദൈവദൂതരാൽ ദർശനം ഉണ്ടായിരിക്കുന്നു എന്നും മേൽപറഞ്ഞ സ്ത്രീകൾ പറഞ്ഞ വാക്കുകേട്ടു ശിഷ്യർ ഭ്രമിക്കാനും ലൂക്കോസ് 24:27 പ്രകാരം യേശുവെ കണ്ടു ശിഷ്യർ വിശ്വസിക്കാതിരിപ്പാനും പിന്നെ മോശയാലും മറ്റു ദീർഘദർശികളാലും ഉള്ള സകല വേദവാക്യങ്ങളിലും, തന്നെക്കുറിച്ചുള്ള കാര്യങ്ങളെ വിവരിച്ചു ശിഷ്യരിൽ ഒരുത്തനായ ശിമോൻ എന്നവനെ, യേശു ധരിപ്പാനും, ഈ വിവരം ശിമോനും മറ്റും മറ്റു പതിനൊന്നു പേരെ അറിയിച്ചതിൽ പിന്നെ അവരിൽ യേശു പ്രത്യക്ഷനാവാനും ലൂക്കോസ് 24:37 പ്രകാരം അവർ ഭയപ്പെടുവാനും ലൂക്കോസ് 24:40 പ്രകാരം യേശു തന്റെ കൈകാലുകളെ കാണിച്ചുകൊടുപ്പാനും, ലൂക്കോസ് 24:41 പ്രകാരം കൈകാലുകളെ കണ്ടിട്ടും അവർ ഭ്രമിപ്പാനും ലൂക്കോസ് 24:43 പ്രകാരം യേശു മീൻതിന്നു കാണിക്കുവാനും, പിന്നെയും വിശ്വസിക്കാഞ്ഞതിനാൽ ലൂക്കോസ് 24:44 പ്രകാരം ആ പതിനൊന്നു ശിഷ്യരോടും മോശയുടെ വേദപ്രമാണത്തിലും ദീർഘദർശികളിലും സങ്കീർത്തനങ്ങളിലും തന്നെക്കുറിച്ചു പറഞ്ഞിരിക്കുന്ന വിവരണങ്ങളേയും താൻ പറഞ്ഞ വചനങ്ങളേയും ഓർമ്മപ്പടുത്തുവാനും കാരണമില്ല. ഈ സംഗിതകളാൽ യേശു മരിക്കുന്നതുവരെ താൻ ബലിയാകുന്നതിനെ കുറിച്ചു യാതൊന്നും പ്രസ്താവിച്ചിരുന്നില്ലെന്നു തീർച്ചപ്പെടുന്നു. പ്രസ്താവിച്ചിരുന്നു എങ്കിൽ ജീവിച്ചുയർപ്പിനെ അന്വേഷിച്ചു സന്തോഷപൂർവ്വം കൈ കൊള്ളേണ്ടതല്ലാതെ മേൽ വിവരിച്ച പ്രകാരം ശിഷ്യർക്ക് ഇത്ര സന്ദേഹങ്ങൾ ഉണ്ടാകുവാനും, യേശു വേദവാക്യങ്ങളെ ഒന്നിൽ അധികം പ്രാവശ്യം പറഞ്ഞുധരിപ്പിക്കാനും, കൈകാലുകളെ നീട്ടികാട്ടിയും മീൻചവച്ചുതിന്നുകാണിച്ചും ഇങ്ങിനെ പ്രയോസപ്പെട്ടു അവരെ വിശ്വസിപ്പിക്കാനും, കാരണമെന്ത്? ഉ:-യേശു ജീവിതകാലത്തു തന്നെ, തന്റെ ജീവിച്ചുയർപ്പിനെ പറ്റി ശിഷ്യരോടു പറയാഞ്ഞിട്ടല്ല പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ അവർ മറന്നുപോയതിനാൽ വീണ്ടും പറഞ്ഞു ഓർമ്മപ്പെടുത്തുവാൻ സംഗതിവന്നതാകുന്നു, യോഹ 222 ൽ അവൻ മരിച്ചവരിൽ നിന്നു ഉയർത്തെഴുന്നേറ്റതിന്റെ ശേഷം അവൻ ഇതു അവരോടു പറഞ്ഞിരുന്നു എന്നു അവന്റെ ശിഷ്യന്മാർ ഓർത്തു വേദവാക്യത്തേയും യേശുപറഞ്ഞ വചനത്തേയും വിശ്വസിക്കയും ചെയ്തു. മു:- നിങ്ങളുടെ ഈ വചനവും രേഖയും എന്നെ അധികമായ വിസ്മയത്തിൽ ആക്കുന്നു. എന്തുകൊണ്ടെന്നാൽ യേശുമരിക്കുന്നതിനുമുമ്പു ഒരു പ്രാവശ്യമെങ്കിലും തന്റെ ബലി അവസ്ഥയും ജീയിച്ചുയർപ്പു വിവരവും വിവരിച്ചിരുന്നു എങ്കിൽ, രക്ഷക്കുള്ള ഹേതുക്കൾ ഇതുകളാകകൊണ്ടു ക്രിസ്തുവേദാനുസാരികളായ സകലരും ഇവകളെ പ്രത്യേകിച്ചു വിശ്വസിച്ചുറപ്പിച്ചിരിക്കാനാണല്ലോ സംഗതി ഉള്ളത്? എന്നുതന്നെയല്ല ഈ മുഖ്യസംഗതികളിൽ ഒന്നായകുരിശുസംഭവും കണ്ടിരിക്കെ, ആ ബലിയെത്തുടർന്നുള്ള ഉയർപ്പിനെ എത്രയോ ചുരുങ്ങിയ കാലമായ മൂന്നു ദിവസം കൊണ്ടു, ശിഷ്യരായവർ മറന്നുപോയതു ബഹു ആശ്ചര്യം തന്നെ. യേശു വചനങ്ങളെ എഴുതിവെക്കുന്നതു നടപ്പിലായിരുന്നു എന്നും കാണുന്നു. മുൻപറഞ്ഞപ്രകാരം യേശു പാഞ്ഞു ഒളിക്കുകയും, നിലവിളിക്കുകയും മറ്റും ചെയ്യാതെ ഉല്ലാസ സഹിതം കുരിശിക്കപ്പെട്ടിരുന്നു എങ്കിൽ, ശിഷ്യർ ഇങ്ങിനെ മറക്കുന്നതല്ല എന്നും ഊഹിക്കണം. ഈ മുഖ്യമായ സംഗതികളെ അല്പകാലം കൊണ്ടു മറന്നുപോയ ഈ ശിഷ്യർ, എഴുതി കരുതാത്തതായ അനേകം സംഗതികളെ 98 കൊല്ലംവരെ ഓർമ്മവെച്ചു എഴുതി പുസ്തകമാക്കി ചമച്ചതു എങ്ങിനെ എന്നു ആലോചിക്കേണ്ടിവന്നിരിക്കുന്നു. അവരുടെ ധാരണക്കുറവിനെ കുറിച്ചു ചിന്തിക്കുമ്പോൾ അവരാൽ എഴുതപ്പെട്ട പുസ്തകങ്ങൾ വിശ്വാസയോഗ്യമല്ലെന്നും, അവരുടെ ഓർമ്മക്കുറവു നോക്കുമ്പോൾ യേശു പറഞ്ഞറിയിച്ചതല്ലാ അവയെന്നും വരുന്നു.വിശേഷിച്ചു നിങ്ങൾ കാണിച്ചരേഖ യോഹ: 22:2 ലെ അവസാന വാചകം വേദ വാക്യത്തേയും യേശുപറഞ്ഞ വചനത്തേയും വിശ്വസിക്കുകയും ചെയ്തു എന്നതിനെ വീക്ഷിക്കുമ്പോൾ ഈ മുഖ്യ സംഗതിയെ വിശ്വസിക്കാത്തവരായ ഈ ശിഷ്യർ, യേശു പറഞ്ഞ സർവ്വസംഗതികളേയും യേശുവെ തന്നെയും ജീവിച്ചുയർപ്പുവരെ വിശ്വസിച്ചിട്ടില്ലായിരുന്നു എന്നും, അതിൽ പിന്നെ മാത്രം വിശ്വസിച്ചെന്നും കാണപ്പെടുന്നു. അപ്പോൾ വിശ്വാസമില്ലാത്തകാര്യം മനസ്സിൽ ഉറപ്പിക്കാൻ എത്രയോ പ്രയാസമാകകൊണ്ടു, 98 കൊല്ലത്തിനു ശേഷം യേശുവാൽ പറയപ്പെട്ട സംഗതികളെ ഓർത്തും, അന്വേഷിച്ചും എഴുതിയതിൽ മിക്കതും തെറ്റായിരിപ്പാൻ സംഗതി ഉണ്ടു. അതുകൊണ്ടു പുതുനിയമം സത്യവചനങ്ങളാൽ നിറയപ്പെട്ടതാണെന്നും, ശിഷ്യർ സത്യവിശ്വാസികളാണെന്നും വിശ്വസിപ്പാൻ പ്രയാസം നേരിടുന്നു. ഉ:- പുതുനിയമം ഓർത്തും അന്വേഷിച്ചും എഴുതിയതല്ല. പരിശുദ്ധാത്മാവിന്റ ദർശനംകൊണ്ടു എഴുതിയതാകയാൽ അതിൽ സത്യവചനങ്ങൾ മാത്രമേയുള്ളു എന്നു വിശ്വസിക്കേണ്ടതാകുന്നു. മു:- യേശുവക്രിസ്തു ജീവിച്.ചിരിക്കുമ്പോൾ നേരിട്ടുപറഞ്ഞ വചനങ്ങളെ അപ്പോൾ തന്നെ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടത് ആവശ്യമായിരിക്കെ, ആ വിശ്വാസംകൊണ്ടു അങ്ങിനെ ചെയ്യാതെ അദ്ദേഹം മരിച്ചതിൽ പിന്നെ പരിശുദ്ധാത്മാവിന്റെ സഹായം കൊണ്ടു എഴുതിയതാണെന്നു പറയുന്നതു അയുക്തം തന്നെ. എന്നുമാത്രമല്ലാ, നിങ്ങളുടെ പുതുനിയമം നോക്കുമ്പോൾ പരിശുദ്ധാത്മാവിന്റെ നിയോഗംകൊണ്ട്, എഴുതിയതാകുന്നു എന്നു ഉറപ്പിക്കാനുള്ള മാർഗ്ഗവും അടഞ്ഞുകാണുന്നു. എന്തുകൊണ്ടെന്നാൽ പരിശുദ്ധാത്മാവിന്റെ ദർശനംകൊണ്ടു എഴുതിയതാകുന്നു എങ്കിൽ, നിയമങ്ങളിലെ വചനങ്ങൾ, പരസ്പരം വിരോധമായി കാണാൻ വഴിയില്ലായിരുന്നു. അങ്ങിനെയുള്ള പരസ്പരം വിരുദ്ധങ്ങളായ വചനങ്ങളിൽ ചിലതു ഇതിനുമീതെ വിവരിച്ചിരുന്നു. എങ്കിലും ഇപ്പോഴത്തെ സൂക്ഷ്മപരിശോധനക്കായി അല്പംകൂടി മുമ്പിൽവെക്കുന്നു. 1. അപോസ്തല നടപ്പു 7:14 യോസേഫ് ആളയച്ചു. തന്റെ പിതാവായ യാക്കോബിനെയും തന്റെ വംശമെല്ലാം കൂടി എഴുപത്തഞ്ച് ജീവാത്മാക്കളേയും വരുത്തി പഴയനിയമം പുറപ്പാട് പുസ്തകം 15ൽ യോസേഫ് വരുത്തിയതു 70 പേർ മാത്രമായിരുന്നു എന്നു കാണുന്നു. അഞ്ചുപേരെ ക്രിസ്ത്യാനികൾ വർദ്ധിപ്പിച്ചു. 2. അപോസ്തല നടപ്പു 7:16ൽ അവിടെനിന്നു യാക്കോബ് ശിഖേമിലേക്കു കൊണ്ടുവരപ്പെട്ടു. അബ്രഹാം ശിഖെമിന്റെ പിതാവായ എമ്മോറിന്റെ പുത്രന്മാരോടു വിലക്ക് വാങ്ങിയ ശവകല്ലറയിൽ അടക്കപ്പെട്ടു. എന്നു കാണുന്നതിന്നുനേരെ എതിരായി പഴയനിയമം ആദ്യപുസ്തകം 33:19 ൽ ആ ശവക്കല്ലറ അബ്രഹാം അല്ലാ, യാക്കോബുതന്നെ, നൂറു വെള്ളിക്കാശിനുവാങ്ങിയെന്നും, മേപ്പടി പുസ്തകം 49:29 ൽ ആ ശവക്കല്ലറയിൽ അല്ല, ഹിത്തിയക്കാരനായ എഫ്രോന്റെ നിലത്തുള്ള ഗുഹയിൽ ആകുന്നു അടക്കപ്പെട്ടതു എന്നും കാണുന്നു. 3. യോഹ 3:13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിയവനായി, സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ഒരുത്തനും സ്വർഗ്ഗത്തിലേക്കു കരകേറിയിട്ടില്ല ഇതിന് വിരോധമായി പഴയനിയമം ആദ്യപുസ്തരം 5:24 ൽ ഹാനോക്കു സ്വർഗ്ഗാരോഹണം ചെയ്തു എന്നും രണ്ടാം രാജാക്കന്മാർ 2:11ൽ ഏലിയാകരേറി എന്നും കാണുന്നു. 4. യോഹ 1:21 ൽ അപ്പോൾ അവർ അവനോടു (യോഹന്നാനോടു) പിന്നെ എന്തു നീ ഏലിയായോ? എന്നു ചോദിച്ചു. ഞാൻ അല്ലാ എന്നു അവൻ പറഞ്ഞു. നീ ആ ദാർഘദർശിയൊ? അല്ലാ എന്നു അവൻ ഉത്തരംപറഞ്ഞു ഈ വചനംകൊണ്ടു, താൻ ഏലിയാഅല്ലാ എന്നു യോഹന്നാൻ താൻതന്നെ നിഷേധിക്കുന്നതിന്നു എതിരായി, ഈ യോഹന്നാൻ ഏലിയാ ആകുന്നു എന്നു മത്തായി 11:14ലും 1712 ലും യേശുപറഞ്ഞതായി കാണുന്നു. അപ്പോൾ യോഹന്നാൻ പറഞ്ഞതോ, യേശു പറഞ്ഞതോ ഏതാകുന്നു ശരിയെന്നു നിങ്ങൾ തന്നെ പറയുക. 5. മത്തായി 27:44ലും മാർക്കോസ് 1.32ലും 'യേശുവിന്റെ ഇടത്തും വലത്തും തറക്കപ്പെട്ട കള്ളന്മാർ രണ്ടും യേശുവെ നിന്ദിച്ചു' എന്നു കാണുന്നതിനുവിപരീതമായി ഒരുത്തൻ മാത്രം നിന്ദിച്ചു എന്നു ലൂക്കോസ്സ് 23:39ൽ കാണുന്നു. 6. അപ്പോസ്തല നടപ്പു 97ൽ യേശു പൗലോസ്സിനോടു സംസാരിക്കുന്ന ശബ്ദം അവന്റെ കൂടെ പ്രയാണം ചെയ്ത മനുഷ്യനും കേട്ടു' എന്നതിനുപകരം മേപ്പടി പുസ്തകം 229ൽ സംസാരിക്കുന്ന ശബ്ദം കേട്ടിട്ടില്ല, ഒരു വെളിച്ചം മാത്രം കണ്ടു എന്നു കാണുന്നു. 7. മത്തായി 57ൽ 'വേദപ്രമാണത്തെ എങ്കിലും ദീർഘദർശികളെ എങ്കിലും ഇല്ലായ്മ ചെയ്യാൻ അല്ല ഞാൻ വന്നിരിക്കുന്നത്, നിവർത്തിയാക്കുവാനാകുന്നു'എന്നു യേശുപറഞ്ഞതായി കാണുന്നതിനു വിരോധമായി എബ്രായക്കർ 7.18ൽ 'മുമ്പിലത്തെ കൽപന, അതിന്റെ ബലഹീനതയുടേയും അപ്രയോജനത്തിന്റേയും നിമിത്തമായിട്ടു തള്ളപ്പെടുന്നു സത്യം' എന്ന് പൗലോസ് വിധിച്ചുകാണുന്നു. ഇതിൽ യേശുവിന്റെ വചനത്തിനോ, പൗലോസിന്റെ വചനത്തിനോ ഏതിനാണു പ്രാബല്യം എന്നു നിങ്ങൾ തന്നെ പറയുക. 8. പഴയനിയമം ലേവിയാ പുസ്തകം 11:7 പന്നി അയവിറക്കുന്നില്ലാത്തതിനാൽ നിങ്ങൾക്കു അശുദ്ധമുള്ളതു എന്നു കാണുന്ന ദൈവകൽപനക്കു എതിരായി റോമ 14.14ൽ 'സ്വഭാവേന ഒന്നും അശുദ്ധമുള്ളതല്ല എന്നു ഞാൻ കർത്താവായ യേശുവിനാൽ അറിഞ്ഞും സമ്മതപ്പെട്ടും ഇരിക്കുന്നു.' എന്നു പൗലോസ് സ്ഥിരപ്പെടുത്തുന്നു. ഇവിടെ കുറഞ്ഞൊരു ന്യായത്തിനു മാർഗ്ഗമുണ്ട് കേൾക്കുക! നിങ്ങളുടെ വേദ കർത്താവായ യേശുക്രിസ്തു ജീവനോടുകൂടിയും, ത്രിദോഷകോപവും, പഞ്ചേന്ദ്രിയ വിഷയഭംഗവും ഇല്ലാതേയും ഇരിക്കുമ്പോൾ നേരിട്ടു കല്പിച്ചിട്ടുള്ള, മത്തായി 5ാംമദ്ധ്യായം 7 ാംവചനത്തിനു വിപരീതമായി യേശുവിന്റെ വിരോധിയും ഉപദ്രവിയും ആയിരുന്നവനും, യേശുവിന്റെ ജീവകാലംവരെ ജ്ഞാനസ്‌നാനം ഏല്ക്കാത്തവനും, ഒരു നാഴികപോലും യേശുവോടു കൂടിയിരിക്കാത്തവനും ആയ പൗലോസ്സ് യേശുവിന്റെ കരേറ്റത്തിന്നുശേഷം, യേശുവിനാൽ താൻ അറിഞ്ഞു എന്നു പറയുന്ന, സാക്ഷിയും തെളിവും ഇല്ലാത്ത വചനത്തെ വിശ്വസിച്ചു. തന്റെ കർത്താവിന്റെ വചനത്തെ ത്യജിച്ചു പന്നിമാംസം തിന്നുന്നത് അതിന്റെ രസംകൊണ്ടുതന്നെ ആയിരിക്കാം? 9. പ്രധാനവും പ്രമാണവുമായ യേശുവിന്റെ വംശ പാരമ്പര്യ പുസ്തകം തന്നെ, മത്തായി 1ാം അദ്ധ്യായത്തിൽ ഒരുവിധവും, ലൂക്കോസ്സ് 3ാം അദ്ധ്യായത്തിൽ മറ്റൊരു വിധവുമാണെന്നതു പരിശോധിച്ചാൽ കാണാവുന്നതാണ്. നിങ്ങളുടെ കർത്താവായ യേശുവിന്റെ പാരമ്പര്യത്തിൽ കൂടി വ്യത്യാസം സംഭവിച്ചിരിക്കുമ്പോൾ, മറ്റു കാര്യങ്ങളിൽ എത്രവ്യത്യാസങ്ങൾ നേരിട്ടിരിക്കുമെന്നു ആലോചിക്കാവതാണ്. നാലാമത്തെ സംഗതി, യേശു ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു പാപികൾക്കുവേണ്ടി സഹായം പറയുന്നു എന്നാകുന്നു. ഈ സംഗതിയും ഒരുവിതാന സ്വഭാവത്തിൽ തന്നെ ഇരിക്കുന്നു. കാരണം പാപികളുടെ രക്ഷക്കുവേണ്ടി പിതാവായ ദൈവം തന്റെ പുത്രനെ ബലിആക്കുവാനും പുത്രനായ യേശു ബലിയാകുവാനും നിശ്ചയിച്ചുറച്ചു ഭൂമിയിൽ അവതരിച്ചിരിക്കുമ്പോൾ, ബലിയായ ആ പുണ്യനിമിഷത്തിൽ തന്നെ, സർവ്വ പാപികളും രക്ഷപ്രാപിച്ചു എന്നാണല്ലോ തീർച്ചപ്പെടുത്തേണ്ടത്? അപ്പോൾ ഈ സഹായം പറയുന്നത് എന്തിനെപ്പറ്റി? ആർക്കുവേണ്ടി? ഈ പാപികൾക്കുവേണ്ടി തന്നെ ആയിരുന്നു എങ്കിൽ ബലിയാൽ ശപിക്കപ്പെട്ട പാപങ്ങൾ ഏതെന്നും, ആ പാപികൾ വേറെയും ഈ പാപികൾ വേറെയും ആകുന്നു എന്നും പറയുന്നപക്ഷം അവർ തമ്മിൽ ഉള്ള വ്യത്യാസം എന്തെന്നും, വിവരിച്ചു ധരിപ്പിക്കേണ്ടതാകുന്നു. അല്ലെങ്കിൽ ആ ബലിയൊ ഈ സഹായം പറയലൊ രണ്ടിൽ ഒന്നു നിരാകരിക്കപ്പെടും. വിശേഷിച്ചു യേശു ദൈവത്തിന്റെ വലത്തുഭാഗത്തിരുന്നു എന്ന വചനംകൊണ്ടു അരൂപനും, നിരാകാരനുമായ, ദൈവത്തിന്റെ ഇടവല പക്ഷങ്ങൾ കണ്ടുപിടിച്ചതു എങ്ങിനെ എന്നു വിസ്മയിക്കേണ്ടി വരുന്നു. രണ്ടാമതു ഈ വചനംകൊണ്ടു യേശുവും ദൈവവും തമ്മിൽ ഭേദിച്ചുകാണുന്നതിനാൽ, യേശുവും ദൈവവും ഒന്നുതന്നെ എന്നുള്ള നിങ്ങളുടെ വാദവും നിരർത്ഥമാണെന്നു വരുന്നു. അഞ്ചാം സംഗതി കാലാവസാനത്തു വിസ്തരിപ്പാൻവരും എന്നാകുന്നു. ഇതും മേൽപറഞ്ഞ കാര്യങ്ങളെപ്പോലെ തിരസ്‌കൃതമാകുന്നു. പാപികളുടെ പാതകത്തിനൊത്ത ശിക്ഷ പാപികൾക്കു പകരം യേശുതന്നെ കുരിശിന്മേൽ അനുഭവിച്ചിരിക്കെ, ഈ സഹായംപറയലും വിസ്തരിക്കലും അനാവശ്യമല്ലയോ? വെളിപാട് 20:12 ൽ മരിച്ചവർ ചെറിയവരും, വലിയവും, ദൈവത്തിന്റെ മുമ്പാകെ നില്ക്കുന്നവനേയും ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു. ജീവന്റെ പുസ്തകമാകുന്ന മറ്റൊരു പുസ്തകവും തുറക്കപ്പെട്ടു. മരിച്ചവർക്കു പുസ്തകങ്ങളിൽ എഴുതപ്പെട്ടവയിൽ നിന്നു അവരുടെ ക്രിയകളിൽ പ്രകാരം ന്യായം വിധിക്കപ്പെട്ടു എന്നു യോഹന്നാൻ പറയുന്ന ഈ വചനപ്രകാരം വിസ്താര അധികാരി ദൈവമെന്നോ? അതോ യേശുവെന്നോ ഏതാണുവിശ്വസിക്കുക? ഈ വചനത്തെക്കാൾ അധിക പ്രാബല്യത നിങ്ങളുടെ വാക്കിനുണ്ടെന്നു നിങ്ങൾക്കുതന്നെ വിചാരിപ്പാൻ പാടില്ലാത്തതിനാൽ, ആ വിസ്താര അധികാരം യേശുവാണെന്ന നിങ്ങളുടെ വാക്കിനു അടിസ്ഥാനമില്ലാതെ വരുന്നു. രണ്ടാമതു മരിച്ചവർക്കു പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്നവയിൽ നിന്നു, അവരുടെ ക്രിയകളിൽ പ്രകാരം ന്യായം വിധിക്കപ്പെട്ടുഎന്ന വാക്യം യേശുവിന്റെ ബലിയാൽ ഉള്ള രക്ഷയെ കുറിച്ച സങ്കല്പം പോലെ, വിസ്താരം, സഹായം ഇവയും അർത്ഥശൂന്യമാണെന്നു കാണിക്കുന്നു. അഞ്ചാംരേഖ യോഹ 11ൽ ആദിയിൽ വചനം ഉണ്ടായിരുന്നു. ആ വചനം ദൈവത്തോടുകൂടെയായിരുന്നു, ആ വചനം ദൈവവും ആയിരുന്നു ഈ വചനം ത്രിയേകത്വം സ്ഥാപിക്കുവാനുള്ള ഒന്നാംരേഖയായി ക്രിസ്തുമതക്കാർവിശ്വസിക്കുന്നുവെങ്കിലും ഈ വചനം മറ്റെല്ലാ രേഖകളെക്കാളും ബലഹീനമാണ്. ഒന്നാമതു ഈവചനത്തെപ്പറ്റി ക്രിസ്തുമത വിദ്വാന്മാർ 400 കൊല്ലമായി തീരുമാനിക്കാതെ തർക്കിക്കുന്നു. മാത്രമല്ലാ, ഈ വചനം നൂതനമാകുന്നു എന്നു മഹാ വിദ്വാനായ മിസ്റ്റർ ഹാറൻ എന്നയാൾ തന്റെ ഗോസ്പൽ വ്യാഖ്യാന പുസ്തകത്തിൽ 4ാം ഖണ്ഡം 457ാം ഭാഗത്തിൽ പറയുന്നു. രണ്ടാമതായി എത്രയോ പുരാതനമായ സുരിയാനി ഭാഷയിൽ ഉള്ള പുസ്തകങ്ങളും, ലത്തീൻ ഭാഷയിൽ ഉള്ള 40 പുസ്തകങ്ങളും പരിശോധിച്ചുനോക്കിയതിൽ ഈ വചനം കാണുന്നില്ല എന്നു ഡോക്ടർ ബി.കൻത്തിസു എന്ന ആൾ പറയുന്നു. ക്ലിമൻസു അന്ത്രിയാനൂസു എന്ന യുനാനി പുസ്തകത്തിൽ വചനം ദൈവത്തിലായിരുന്നു എന്നുള്ളതിനെ ഇപ്പോഴത്തെ പുസ്തകങ്ങളിൽ ദൈവവും ആയിരുന്നു എന്നും; പേർഷ്യൻ പുസ്തകത്തിൽ ദൈവത്തിന്നരികെയായിരുന്നുഎന്നുള്ളതിനെ ദൈവത്തോടുകൂടെയായിരുന്നു എന്നും, മറ്റും കാണുന്നു. ഇങ്ങിനെ 1882 ലൊ 1883 ലൊ പുതുതായി ഒരു മാറ്റവും കൂടി നേരിട്ടിരിക്കുന്നു എന്നും കേൾക്കുന്നു. അതൊ! ഇരിക്കട്ടെ, വചനം എന്ന പദത്തെ തന്നെ, ആഖ്യയാക്കി, മൂന്നുപ്രകാരത്തിൽ പറഞ്ഞിരിക്കുന്നു എന്നല്ലാതെ ത്രിയേകത്വത്തെയോ, യേശു ക്രിസ്തുവിനെയോ കുറിച്ചുള്ള സൂചനപോലും ഈ വചനത്തിൽ കാണുന്നില്ല. വചനം എന്ന പദം യേശു ആകുന്നു എന്നു സൂചിപ്പിക്കുമ്പോൾ വചനം എന്ന പദം അശരീരിയായിനിന്നുകൊണ്ടും ഞാനല്ല! ഞാനല്ലാ! എന്നു നിലവിളിക്കുന്നു എന്നുതന്നെ അല്ലാ, നിങ്ങളുടെ നിയമങ്ങൾ കൊണ്ടുതന്നെ വചനം എന്നതിന്റെ പദാർത്ഥം നോക്കുമ്പോൾ കല്പന എന്നും വാക്കു എന്നും ഇങ്ങിനെ രണ്ടു പ്രകാരത്തിൽ കാണുന്നു. സങ്കീർത്തനം 33:6ൽ യഹോവയുടെ വചനത്താൽ ആകാശങ്ങൾ ഉണ്ടാക്കപ്പെട്ടു. ഇവിടെ കൽപന എന്നും ഹെസക്കേൽ 36ാം അധ്യായത്തിൽ കർത്താവിന്റെ വചനത്തെ കേൾപ്പിൻ എന്നിടത്തു വാക്കു എന്നും അർഥം വരുന്നു. ഇതിൽ ഏതൊന്നു നോക്കിയാലും യേശുവെ സംബന്ധിക്കുന്നതല്ല. ഇതുകളാലൊന്നും യേശുവെ സംബന്ധിക്കുന്നതല്ല. ഇതുകളാലൊന്നും യേശുവിന്റെ ത്രിയേകത്വവും ദൈവത്വവും തെളിയുന്നതല്ല. വേറെ വല്ലസംഗതികളോ, രേഖകളോ ഉണ്ടെങ്കിൽ പറയുക. ഉ:- കർത്താവായ യേശുക്രിസ്തു മരിച്ചവരെ ജീവിപ്പിക്കുന്നു എന്നും, കുഷ്ഠരോഗികളെ സൗഖ്യപ്പെടുത്തിയിരിക്കുന്നു എന്നും, പുതിയ നിയമത്തിൽ വായിച്ചിട്ടില്ലയോ? ദൈവം ആകുന്നു എന്നതിലേക്ക് ഈ സംഗതി പോരെയോ? മു:- മതി, മതി, ഇതുതന്നെ നിങ്ങളുടെ അവസ്ഥക്കു അധികമായിരിക്കുന്നു. യേശുവെ, ദൈവമെന്നാക്കി തീർക്കേണ്ടിതിന്നു, ഈ സംഗതികളും പോരാ എന്നു കാണിക്കുന്ന ചില സമാധാനങ്ങൾ നിങ്ങളുടെ പുസ്തകത്തിൽ തന്നെ കാണുന്നു. അതുകളെ ഞാൻ ഓർമ്മപ്പെടുത്താം. ഏലീശാ എന്ന ദീർഘദർശി ശൂനേം എന്ന പട്ടണത്തിലെ നിവാസിയായ ഒരു സ്ത്രീയുടെ മകനെ ജീവിപ്പിച്ചു എന്നു രണ്ടാം രാജാക്കന്മാർ 4 ാംഅധ്യായത്തിലും, മേൽപറഞ്ഞ ദീർഘദർശി തന്നെ സറഫാത്ത് പട്ടണത്തിലെ ഒരു വിധവയുടെ പുത്രനെ ജീവിപ്പിച്ചു എന്നു ഒന്നാം രാജാക്കന്മാർ 17ാം അധ്യായത്തിലും, ആ ദീർഘ ദർശിതന്നെ കുഷ്ടരോഗിയായ നായമാൻ എന്ന സേനാപതിയെ സൗഖ്യപ്പെടുത്തി എന്നു രണ്ടാം രാജാക്കന്മാർ 5ാം അധ്യായത്തിലും കാണുന്നു. ഈ ക്രിയകൾ യേശുക്രിസ്തുവിന്റെ പ്രവൃത്തികൾക്കു സമമമാകയാൽ അതിലും ശ്രേഷ്ടമായ കൃത്യങ്ങളേയും കുറിച്ചു പറയാം. മേൽപറഞ്ഞ ഏലിശായുടെ ശവക്കുഴിയിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അസ്ഥികൾ തൊട്ടതിനാൽ മറ്റു ശവം ജീവിച്ചുയർന്നു എന്നും, രണ്ടാം രാജാക്കന്മാർ 21 ാം അധ്യായത്തിലും ഹെസക്കേൽ എന്ന ദീർഘ ദർശി താഴ്‌വരയിൽ ഉണ്ടായിരുന്ന ഉണങ്ങിയ അസ്ഥികളെ ജീവിപ്പിച്ചുയർത്തി വലിയ സൈന്യമാക്കിതീർത്തു എന്നും, ഹേസക്കേൽ 37ാംഅധ്യായത്തിലും പറയുന്നു. ഇപ്രകാരമുള്ള അതിശയ പ്രവൃത്തികളെകൊണ്ടു ഒരുവനെ ദൈവമെന്നു വിചാരിക്കുന്നു എങ്കിൽ അതിലും അതിശയകരമായ പ്രവൃത്തികൾ ജീവിച്ചിരിക്കുമ്പോഴും പരലോകം പ്രാപിച്ചിരിക്കുമ്പോഴും കാണിച്ചവരായ, ഈ ദീർഘദർശിമാരെ ദൈവമെന്നു വിചാരിക്കാതെ, ജീവിച്ചിരിക്കുമ്പോൾ മാത്രം ഏതാനും അതിശയങ്ങൾ കാണിച്ച യേശുവെ ദൈവമെന്നു കരുതുന്നതു നിങ്ങളുടെ ജളത്വംതന്നെ. യോഹ- ഒന്നാം ലേഖനം 57ൽ എന്തുകൊണ്ടെന്നാൽ സ്വർഗ്ഗത്തിൽ സാക്ഷിപ്പെടുത്തുന്നവർ മൂന്നുപേർ പിതാവു, വചനം, പരിശുദ്ധാത്മാവു ഈ മൂവരും ഒന്നാകുന്നു എന്നുകാണുന്നു. ഒന്നാമതു ഈ വചനകർത്താവു യേശുവല്ല-യോഹന്നാനാകയാൽ വിശ്വാസ യോഗ്യവുമല്ല, ആ യോഹന്നാന്റെ പ്രത്യേക വിവരണവും യേശു അവനെപറ്റി പറഞ്ഞ ദോഷങ്ങളും ഇതിന്നുമീതെ വിവരിച്ചിരുന്നതു വായിച്ചറിഞ്ഞിരിക്കുമല്ലോ. രണ്ടാമത്, ഈ വചനം തീരെ സ്വയംകൃതമാണെന്നു സ്‌കോട്ട് എന്നയാൾ ഓക്‌സ് ഫോർഡിൽ അച്ചടിക്കപ്പെട്ട തന്റെ വ്യാഖ്യാന പുസ്തകം 3ാം ഖണ്ഡം 433ാം ഭാഗത്തിലും, ഇംഗ്ലണ്ടിലെ മഹാ വിദ്വാന്മാരായ ന്യൂട്ടൺ, ഗിബ്ബൺ മുതലായവർ സസൂക്ഷ്മം പരിശോധിച്ചതിലും ഈ വചനങ്ങൾ സ്വയംകൃതികളാണെന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു എന്നു ജോൺഡെവൺപോർട്ട് എന്ന ആൾ തന്റെ പുസ്തകം 388ാം ഭാഗത്തിലും, വ്യക്തമായി പറഞ്ഞിരിക്കുന്നതു നോക്കികൊൾക. ഇത്തരം നിർമ്മിത വചനങ്ങൾ നിങ്ങളുടെ പുസ്തകങ്ങളിൽ അനവധി കിടക്കുന്നു. ദീർഘതയെ ഭയപ്പെട്ടു ചിലതുമാത്രം എടുത്തുപറയാം. നോക്കുക. 1.മത്തായി 2.23ൽ അവൻ നസറായക്കാരനെന്നു വിളിക്കപ്പെടും എന്നു ദീർഘദർശിമാരാൽ പറയപ്പെട്ടതു നിവൃത്തി ആകേണ്ടതിന്നു നസറേത്ത് എന്നു പേരുള്ള ഒരു നഗരത്തിൽ വന്നു പാർക്കുകയും ചെയ്തു എന്നു കാണുന്ന പ്രകാരം നസറേത്ത് എന്ന നഗരവാസി ആകുന്നതിനാൽ നസറായക്കാരൻ എന്നു വിളിക്കപ്പെടും എന്നു പഴയനിയമത്തിൽ എങ്ങും, ദീർഘദർശിമാരാൽ പറയപ്പെട്ടതായി കാണുകയില്ലെന്നു പരിശോധിച്ചു നോക്കുമ്പോളറിയാം. 2. എബ്രായക്കാർ 16 ൽ പിന്നെയും അവൻ ആദ്യജാതനെ ലോകത്തിലേക്കു വരുത്തുമ്പോൾ, ദൈവദൂതന്മാരല്ലാവരും അവനെ വന്ദിക്കയും വേണ മെന്നു പറയുന്നു. ഈ വചനത്തിലെ ആദ്യജാതൻ ആദാം ആകുന്നു എന്നു സ്ഥാപിക്കുന്നു എങ്കിൽ ദൈവദൂതന്മാർ ആദാമിനെ വന്ദിച്ചു എന്നു പഴയ നിയമത്തിൽ എവിടെ? ആ ആദ്യജാതൻ യേശുക്രിസ്തു ആകുന്നു എങ്കിൽ ദൈവദൂതന്മാർ ക്രിസ്തുവിനെ വന്ദിച്ചു എന്നു പുതുനിയമത്തിൽ എവിടെ? കാണിക്കുക. ഇതു മത്തായിയുടേയും പൗലോസിന്റേയും സ്വയം കൃതികളാകുന്നു. 3. മത്തായി 23:9 ൽ അപ്പോൾ ഇസ്രായിലിന്റെ പുത്രന്മാരിൽ നിന്നു, അവൻ വിലമതിച്ചവനായി, വിലമതിക്കപ്പെട്ടവന്റെ വിലയാകുന്ന മുപ്പതു വെള്ളിക്കാശു അവർ എടുത്ത് എന്നും 23:10 ൽ 'കർത്താവു എന്നോടു കൽപിച്ച പ്രകാരം അവകുശവന്റെ നിലത്തിനായിട്ടു കൊടുത്തു, എന്നു യറമിയ ദാർഘ ദർശിയാൽ പറയപ്പെട്ടതു നിവൃത്തിയായി' എന്നും കാണുന്നു. ഈ വചനങ്ങൾ, യേശുവിന്റെ കഷ്ടാനുഭവത്തെപ്പറ്റി മുമ്പുതന്നെ യറമിയാ ദീർഘദർശി പറഞ്ഞിരിക്കുന്നു എന്നു സ്ഥാപിച്ചു കൊണ്ടു, ആ കഷ്ടാനുഭവം രക്ഷാർഥമായിരുന്നു എന്നു വരുത്താനുള്ള മത്തായിയുടെ വിഫല ശ്രമം വ്യക്തമാക്കുന്നു എന്നല്ലാതെ, യേശുവിന്റെ കഷ്ടാനുഭവത്തേയും അതിനാലുള്ള രക്ഷയേയും കാണിക്കുന്നില്ല. കാരണം ആ കഷ്ടനുഭവത്തിന്നുള്ള സാക്ഷിയായി കാണിക്കുന്ന യറമിയാ ദീർഘദർശിയുടെ ബഹുമാന വചനം യറമിയാ പുസ്തകത്തിൽ ഒരിടത്തും എഴുതികാണുന്നില്ല. ഇതു മത്തായിയുടെ സ്വന്തം വകയാകുന്നു. 4. മത്തായി 27: 35 ൽ 'അവർ അവനെ കുരിശിൽ തറച്ചതിന്റെ ശേഷം അവന്റെ വസ്ത്രങ്ങളെ ചീട്ടിട്ടു പകുതി ചെയ്തു. ഇത് അവർ എന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ പകുതി ചെയ്തു, എന്റെ ഉടുപ്പിന്മേൽ ചീട്ടിട്ടു എന്നു ദീർഘദർശിയാൽ ചൊല്ലപ്പെട്ടതു നിവൃത്തിയാകേണ്ടതിന്നായിരുന്നു.' യോഹ: 19:24 ൽ 'അതുകൊണ്ടു അവർ തമ്മിൽ നാം അതു കീറരുത് ആർക്കുവരുമെന്നു ചീട്ടിടുക എന്നു പറഞ്ഞു. അവർ എന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ പങ്കിട്ടു. കുപ്പായത്തിനായിട്ടു ചീട്ടിട്ടു എന്നു പറയുന്ന ദൈവവാക്യം നിവൃത്തി ആകേണ്ടതിനായിരുന്നു. ആകയാൽ ആയുധക്കാർ ഈ കാര്യങ്ങളെ ചെയ്തു'. മേൽ പറഞ്ഞ രണ്ടു വചനങ്ങളിൽ ദീർഘദർശി പറഞ്ഞു എന്നു മത്തായിയും, ദൈവ വാക്യമെന്നു യോഹന്നാനും പറഞ്ഞിരിക്കുന്നതു ദാവീദിനേയും സങ്കീർത്തനത്തേയും ചൂണ്ടിയതാകുന്നു. അതായതു സങ്കീർത്തനം 22:18ൽ 'അവർ എന്റെ വസ്ത്രങ്ങളെ തങ്ങളുടെ ഇടയിൽ പങ്കിട്ടു, എന്റെ ഉടുപ്പിന്മേൽ ചീട്ടുഇടുന്നു' എന്നാകുന്നു. ഈ വചനത്തിൽ, എന്റെ 'എന്ന' പ്രതിസംജ്ഞ ഉത്തമ പുരുഷസ്ഥാനത്തു നില്ക്കയും 'പങ്കിട്ടു ചീട്ടു ഇടുന്നു' എന്ന ക്രിയകളുടെ കാലം, ഭൂതമായും, വർത്തമാന കാലമായും ഇരിക്കയും ചെയ്യുമ്പോൾ ആ ഉത്തമസ്ഥാനത്തു നിൽക്കുന്ന ദാവീദു, താൻ അനുഭവിച്ച കഷ്ടങ്ങളെ, തറക്കപ്പെട്ടവനെന്ന പോലെ, സങ്കൽപിച്ചു പറഞ്ഞിരിക്കുന്നു എന്നല്ലാതെ, അതിന്നുശേഷം 1091ാം കൊല്ലത്തിൽ സംഭവിക്കാനിരിക്കുന്ന അന്യ ഒരുവന്റെ വൃത്താന്തത്തെക്കുറിച്ചു പറഞ്ഞതാകുന്നു എന്നു വിചാരിപ്പാൻ മാർഗ്ഗമില്ല എന്നുതന്നെ അല്ല, നിങ്ങൾ യേശുവെ സംയുക്തമാക്കി പറയുന്ന സങ്കീർത്തനം 2018ാം വചനത്തിനു മീതെയുള്ള 14ാം വചനത്തിൽ 'എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു' എന്നു ദാവീദു പറഞ്ഞതായി കാണുന്നതും യേശുവെതന്നെ സംബന്ധിപ്പിക്കേണ്ടി വരുന്നു. എന്തുകൊണ്ടെന്നാൽ 18ാം വചനത്തിലേയും 14ാം വചനത്തിലേയും ആഖ്യയും ആഖ്യാതവും ഒന്നായി തന്നെ കാണുന്നതു വാസ്തവമാണല്ലോ. അപ്പോൾ യേശുവിന്റെ ഒരസ്ഥിയും ഒടിക്കപ്പെട്ടിട്ടില്ല എന്നു യോഹ: 19:36ൽ കാണുന്നതു കൊണ്ട് മേൽ പറഞ്ഞ 14ാം വചനം തീരെ അസംബന്ധമായി വരുന്നതാകയാൽ ആ വചനത്തെ സംബന്ധിക്കുന്നതായ 18ാം വചനവും യേശുവെ സംബന്ധിക്കുന്നതല്ലെന്നു സൂര്യപ്രകാശം പോലെ സ്പഷ്ടമാകുന്ന ഇതിന്റെ നിർമ്മിതി യോഹന്നന്റേയും മത്തായിയുടേയും വകയാണ്. 5. അപ്പോസ്തല നടപ്പു 2035 ൽ നിങ്ങൾ 'ഇപ്രകാരം വേലചെയ്തു ബലഹീനന്മാർക്കു സഹായിക്കുകയും വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു പറഞ്ഞിട്ടുള്ള കർത്താവായ യേശുവിന്റെ വചനങ്ങളെ ഓർത്തുകൊൾകയും ചെയ്യേണ്ടതാകുന്നു'. എന്നു കാണുന്നു. ഇതു പ്രകാരം വാങ്ങുന്നതിനേക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു യേശു പറഞ്ഞതായ വചനം ഒരേടത്തും കാണുന്നില്ല. ഈ വചനം പത്രോസിന്റെ വകയാകുന്നു. 6. തിമോഥേയൂസ് 3:8 ൽ 'യെന്നേസും യംബ്രേസും മോശയോടു മറുത്തുനിന്ന പ്രകാരം ഇവരും സത്യത്തോടു മറുത്തുനിൽക്കുന്നു'. ഈ വചനപ്രകാരം യെന്നേസും യംബ്രേസും മോശയോടു മറുത്തുനിന്നതായി മോശയുടെ അഞ്ചു പുസ്തകങ്ങളിലും കാണുന്നില്ല' ഇതു പൗലോസിന്റെ സ്വന്തം വകയാകുന്നു. 7. യഹൂദ ലേഖനം 9ാം വചനത്തിൽ പ്രധാന ദൈവദൂതനായ മീഖായേൽ മോശയുടെ ശരീരത്തെ കുറിച്ചു പിശാചിനോടു തർക്കിച്ചു ചോദിച്ചപ്പോൾ 'ദൂഷണവിധിയെ (അവന്റെ നേരെ) വരുത്തുവാൻ തുനിയാതെ കർത്താവു നിന്നെ ശാസിക്കട്ടെ'എന്നു പറഞ്ഞതേയുള്ളു. ഈ വചന പ്രകാരം മോശയുടെ ശരീരത്തെ കുറിച്ചു മീഖായേൽ പിശാചിനോടു ചോദിച്ചു എന്നു മോശയുടെ നിയമത്തിലെങ്ങും കാണുന്നില്ല. ഇതു യഹൂദായുടെ സ്വയം കൃതിയാകുന്നു. ഇത്തരം നിർമ്മാണങ്ങൾ പലതും, അപ്പോസ്തലവന്മാർ ചേർത്തുപോയതു കൂടാതെ, ഇന്നുവരെ ആ പുസ്തകങ്ങൾ അച്ചടിക്കുമ്പോഴെല്ലാം ക്രിസ്ത്യാനികൾ അവരവരുടെ ഹിതോക്തികളെ ചേർത്തുഭേദപ്പെടുത്തിവരുന്നു; അപ്രകാരമുള്ള ചിലതിവിടെ ഉദ്ധരിക്കാം. (1) 1865ൽ അച്ചടിക്കപ്പെട്ട യോഹ 9.2 ൽ 'ഗുരോ' എന്നും, 68ൽ അച്ചടിക്കപ്പെട്ടതിൽ 'റബ്ബീ'എന്നും, ചില പുസ്തകങ്ങളിൽ റോമ 15ൽ 'ജഢപ്രകാരം ദാവീദിൽ ബീജത്തിൽ നിന്നുണ്ടായി.' എന്നും ചിലതിൽ 'ദാവീദിൽ സന്തതിയിൽ നിന്നുണ്ടായി'എന്നു കാണുന്നു. (2) സംവത്സരം എഴുതികാണാത്ത ഹിന്ദുസ്ഥാനി ഹോളി ബൈബിൾ 564 ാം ഭാഗത്തുള്ള ഹേസക്കേൽ 23ാം അധ്യായത്തിൽ വേശ്യകളായ അഹോല, അഹോലിബാ എന്ന രണ്ടു സഹോദരികൾ തന്റെ ഭാര്യമാരാകുന്നു എന്നു യഹോവ പറഞ്ഞതായി കാണുന്നതിനെ, മലയാളഭാഷയിൽ ഉള്ള മേപ്പടി പുസ്തകത്തിൽ ഭാര്യമാർ എന്ന് പറഞ്ഞിരിക്കുന്നത് കുറവാണെന്നു കരുതി ആ പദത്തിനുപകരം 'എനിക്കുള്ളവരാകുന്നു' എന്നു ചേർത്തിരിക്കുന്നു. ഇതുകളൊ ഇരിക്കട്ടെ, ഇനി നിങ്ങളുടെ തോന്നിയവാസങ്ങളേയും അൽപം കാണിക്കാം. ശ്രദ്ധയോടെ വീക്ഷിക്കുക. (1) മോശ ആദ്യപുസ്തകം 17.10ൽ 'എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മധ്യേ, നിങ്ങൾ പ്രമാണിക്കേണ്ടുന്ന എന്റെ നിയമം ഇതുതന്നെ, നിങ്ങളിൽ പുരുഷപ്രജയൊക്കെയും ചേല ചെയ്യപ്പെടണം. നിങ്ങളുടെ അഗ്രചർമ്മത്തിന്റെ മാംസത്തെ ചേലചെയ്യണം. ആയതു എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളമാകുന്നു, എന്ന് ദൈവമായ യഹോവ പറയുന്നു'. യോഹ 7.12ൽ 'ഇതുകൊണ്ടു- മോശ നിങ്ങൾക്കു ചേലാകർമ്മം തന്നു, അതു മോശയിൽ നിന്നുണ്ടായതല്ല, പിതാക്കന്മാരിൽ നിന്നത്രെ' ഇങ്ങിനെ പഴയ നിയമംകൊണ്ടും പുതുനിയമം കൊണ്ടും ദൈവത്തിന്നും, നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ ഒരു അടയാളമെന്നു സ്ഥിരപ്പെട്ടതും യേശു ഏറ്റതും ക്രിസ്താബ്ദം 134 വരെ നടപ്പായിരുന്നതും ആയ ചേലാകർമ്മത്തെ 134 ൽ ഉണ്ടായിരുന്ന ഓർബ്ബാൻ എന്ന രാജാവിനാൽ വിരോധിക്കപ്പെട്ട പ്രകാരം ഇന്നുവരെയും ക്രിസ്ത്യാനികൾ ആ അടയാളം (മുദ്ര) വെക്കാത്തതു ന്യായമാണോ? നിങ്ങൾക്കുവേണ്ടി യേശു കുരിശുദണ്ഡം മുഴുവനും സഹിച്ചു, നിലവിളിച്ചുംകൊണ്ടും പ്രാണനെപ്പോലും ഉപേക്ഷിച്ചിരിക്കുമ്പോൾ, ആ യേശുവിന്റെ പിതാക്കന്മാരാലും യേശുവാൽ തന്നെയും ശാസിക്കപ്പെട്ടതും, നിയമത്തിന്റെ അടയാളമെന്നു സ്ഥാപിക്കപ്പെട്ടതും, യേശു താൻ മുറിച്ചുകളഞ്ഞതും, ആയ ലിംഗത്തിന്റെ അഗ്രചർമ്മത്തിൽ നിന്നു ഉപയോഗമില്ലാത്ത ഒരു കഷണം ഛേദിക്കുന്ന വേദന സഹിച്ചുകൂടാത്ത നിങ്ങൾക്കെങ്ങിനെ യേശുവിന്റെ സത്യവിശ്വാസികളാകാനൊക്കും? (2) പഴയനിയമം ലേവിയാ പുസ്തകം 117ൽ 'ദൈവത്താൽ വിരോധിക്കപ്പെട്ടിരിക്കുന്ന പന്നിയെ, അതിന്റെ മാംസരസവും ഗുണാനുഭവങ്ങളും കണ്ടു മത്തായി 57ൽ കാണുന്ന യേശുവചനത്തെ ത്യജിച്ചു, പന്നിയിറച്ചിയും, വേദ ശാസ്ത്രങ്ങളാൽ തീരെ വിരോധിക്കപ്പെട്ടിരിക്കുന്ന മദ്യവും ഭുജിക്കുകയും കുടിക്കുകയും ചെയ്യുന്നത് വേദവിധികൾക്കു വിരുദ്ധവും ക്രിസ്തുവിന്റെ ശിക്ഷണങ്ങളുടെ വ്യക്തമായ ലംഘനവുമാണെന്ന് കാണാൻ കഴിയും. 3) പെൺകിടാങ്ങളെ രാഗം അഭ്യസിപ്പിച്ചു അവരോടുകൂടെ ഫിഡിൽ മുതലായ വാദ്യങ്ങളും മീട്ടി, കാതുകൾക്ക് ആനന്ദം കൊടുക്കത്തക്കവിധത്തിൽ കനീസ മുതലായ സ്ഥലങ്ങളിൽവെച്ചു പാടിക്കളിക്കുമ്പോൾ, അതു കേൾക്കുന്ന പുരുഷന്മാരിൽ ഭക്തിയോ വികാരമോ മുറ്റി നില്ക്കുക? തൊള്ളിൽ ആഹാരദ്രവ്യം വെച്ചുകാട്ടി ജന്തുക്കളെ പിടിക്കുന്നതുപോലെ ഇഹലോക രക്ഷയും തീനും കാണിച്ചു, മൂഢജനത്ത വശീകരിച്ചുവരുന്നതുകൊണ്ടു തൃപ്തി ആവാഞ്ഞിട്ടോ, ഇപ്പോൾ മഹാ ഇന്ദ്രജാല പ്രയോഗം ആരംഭിച്ചിരിക്കുന്നത്? ഇങ്ങിനെ പെൺകിടാങ്ങളെ കൊണ്ടു പാടിപ്പിക്കുവാനും പ്രാർത്ഥനാ മണ്ഡപങ്ങളിൽ വാദ്യാഘോഷങ്ങൾ മുഴക്കുവാനുള്ള വിധി നിങ്ങളുടെ നിയമങ്ങളിൽ എവിടെ? കാണട്ടെ? ദൈവ വന്ദനക്കു ഭക്തി വേണമെന്നും, ഭക്തി സിദ്ധിക്കേണമെങ്കിൽ ചിത്തൈകാഗ്ര്യം വേണമെന്നും, ചിത്തൈകാഗ്ര്യം ലഭിക്കേണമെങ്കിൽ, നവദ്വാരനിഷേധ വൃത്തിയോടുകൂടി ഹൃദയത്തെ ഈശ്വരധ്യാനത്തിൽ ലയിപ്പിക്കണമെന്നും വ്യക്തമായി എല്ലാ വേദശാസ്ത്രങ്ങളിലും വിധിച്ചു കാണുകയും, അനുഭവത്തിലും ഈ വിധി പ്രത്യക്ഷപ്പെട്ടിരിക്കയും ചെയ്യുമ്പോൾ, നാനാതരത്തിൽപെട്ട പുരുഷന്മാർ മേളിക്കുന്ന പ്രാർത്ഥനാസഭയിലും മറ്റും തരുണീമണികൾ സർവ്വാംഗ ഭൂഷിതകളായി വന്നിരുന്നു പാടുന്നതുകൊണ്ട്, യുവതികളുടെ യൗവ്വനത്തിളപ്പും ശൃംഗാരങ്ങളും കാണുമ്പോൾ പുരുഷന്മാരുടെ കണ്ണിനും, മനോഹരമായ സംഗീതം കേൾക്കുമ്പോൾ കർണ്ണങ്ങൾക്കും ആനന്ദമുണ്ടാകുന്നത് സാധാരണയാണല്ലോ. അപ്പോൾ യുവതികളുടെ സൗന്ദര്യമാകുന്ന അഗ്നി അവരുടെ മധുരാലാപനമാകുന്ന കാറ്റിനാൽ ആളിക്കത്തുമ്പോൾ മെഴുകിനു തുല്യമായ പുരുഷഹൃദയം ഉരുകിപ്പോകുന്നു. അങ്ങിനെ സ്ത്രീസൗന്ദര്യത്തിനു അടിമപ്പെട്ടുപോയ പുരുഷഹൃദയത്തിൽനിന്നും ദൈവസ്‌തോത്രത്തെ ജനിപ്പിക്കുന്ന ഭക്തി, താനെ വിട്ടൊഴിയത്തക്ക വിധത്തിൽ പ്രാർത്ഥനാലയങ്ങളിൽ ഈ നിലയ്ക്കുള്ള സ്ത്രീസാന്നിധ്യം എങ്ങിനെ ന്യായീകരിക്കും? ഭക്തിക്കുള്ള മാർഗ്ഗം നിങ്ങൾക്കു തീരെ സിദ്ധിക്കുന്നില്ല എന്നല്ലേ ഇതു കാണിക്കുന്നത്? ഉ: നിങ്ങൾ പറയുംപ്രകാരം കാമോദ്രവംകൊണ്ടു ഭക്തി വിട്ടോടുന്നത് കാമമോഹാദികളിൽ ലയിച്ചിരിക്കുന്ന വിടന്മാരിൽ നിന്നല്ലാതെ, ഭക്തികൊണ്ടും മര്യാദകൊണ്ടും കാമാധീനരാകാത്ത ഉത്തമപുരുഷന്മാരിൽ കാമോദ്രവം ഉണ്ടാകുവാനും ഭക്തി കുറയുവാനും മാർഗ്ഗമില്ല. ക്രിസ്ത്യാനികളുടെ ഭക്തി ശക്തിയോടുകൂടി നിലനിൽക്കുന്നതുകൊണ്ടും ഞങ്ങൾ മര്യാദയെ പൂർണ്ണമായി ആചരിച്ചുവരുന്നതുകൊണ്ടും സ്ത്രീസാന്നിധ്യത്തിന്റെ യാതൊരു ദോഷവും ഞങ്ങൾക്കു ഭവിക്കുന്നതല്ല നിശ്ചയംതന്നെ. മു: വിചിത്രംതന്നെ! നിങ്ങൾക്കു ശക്തിയായ ഭക്തിയും പൂർണ്ണമായ മര്യാദയും ഉള്ളതുപോലെ മറ്റാർക്കും ഇല്ലെന്നാണല്ലൊ നിങ്ങളുടെ മനോവിശ്വാസം. അതു ശരിയായിരിക്കാം. എങ്കിലും നിങ്ങളുടെ മനോവിശ്വാസത്തെപ്പറ്റി പറവാനായി ഞാൻ കാണുന്ന സംഗതികൾ മുഴുവനും എഴുതുന്നതായാൽ അതുതന്നെ ഒരു പുസ്തകമായിത്തീരും. അതുകൊണ്ട് അത്യാവശ്യമായി കാണുന്ന ചില സംഗതികളെ മാത്രം ചുരുക്കി പറയാം. കേൾക്കുക. 1. മേൽപറഞ്ഞ നിങ്ങളുടെ സംഭാഷണംകൊണ്ടു ഭക്തനും, മര്യാദക്കാരനും ആയവൻ സ്ത്രീ സാന്നിധ്യത്തെ നിരസിക്കേണ്ട ആവശ്യം ഇല്ലെന്നാണല്ലോ മനസ്സിലാക്കേണ്ടത്. അപ്പോൾ സ്ത്രീ സാന്നിധ്യത്തെ തീരെ ത്യജിച്ച് കാലയാപനം ചെയ്ത നിങ്ങളുടെ കർത്താവായ ക്രിസ്തുവിനെപ്പോലെ, മേൽപറഞ്ഞ ദോഷത്തിൽ നിന്നു മുക്തമാവാനുള്ള മാർഗ്ഗം നിങ്ങൾ ആലോചിച്ചുറപ്പിക്കുമല്ലോ. നിങ്ങൾ പറയുംപ്രകാരം തന്റെ ശുദ്ധിയും ഭക്തിയും പൂർത്തീകരിക്കാനാണ് ക്രിസ്തുവിന് സ്ത്രീ ബന്ധമില്ലാതിരുന്നതെങ്കിൽ ക്രിസ്തുവിനു ഭക്തിയും മര്യാദയും ഇല്ലായിരുന്നെന്നു വരുന്നു. തന്റെ പുത്രസന്താനം ലോകത്തു ഉണ്ടാവാതിരിപ്പാനായിരുന്നു ഇതെങ്കിൽ വേദശാസ്ത്രപ്രകാരം അതു മഹാപാപമായും കാണുന്നു. തീരെ വാഞ്ച ഇല്ലാത്തതുമൂലമാണ് ക്രിസ്തു സ്ത്രീബന്ധം ഉപേക്ഷിച്ചതെങ്കിൽ നപുംസകപ്രകൃതിയായിരുന്നോ അദ്ദേഹത്തിനെന്നും സംശയം ജനിക്കുന്നു. ഇതല്ലാതെ മറ്റുവല്ല കാരണങ്ങലുമുണ്ടെങ്കിൽ പറയുക. 2. മേൽപറഞ്ഞ കാര്യങ്ങൾ എല്ലാ പ്രമാണങ്ങൾക്കും യുക്ത്യാനുഭവങ്ങൾക്കും വിരുദ്ധമായി കാണുന്നു. 'ശാല്യന്നംഘൃതവും പയസ്സുദധിയും നിത്യം ഭുജിക്കുന്ന ജനം ചെയ്യുന്നിന്ദ്രിയശാന്തിയെങ്കിലധുനാവിന്ധ്യൻ പറക്കുംദിവി' ഈ വചനം എല്ലാ അവസ്ഥകൾകൊണ്ടും ബുദ്ധിയാലോചനകൾക്കു യോജിച്ചു കാണുന്നു. 1ാമത് ലോകത്തിൽ കാണുന്ന എല്ലാ സൃഷ്ടികളും മനുഷ്യർക്കുവേണ്ടി കരുണാനിധിയായ ദൈവത്താൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നും മനുഷ്യന്റെ വളർച്ചയും രക്ഷയും ശക്തിയും സ്ഥൈര്യവും ആഹാരരസത്തിൽനിന്നു ഭവിക്കുന്നു എന്നും, അവയുടെ സാരാംശം ശുക്ലവും ആ ശുക്ലം കാമന്റെ തേരാളിയും ആകുന്നു എന്നും സർവ്വത്ര ബോധ്യമാണല്ലൊ. ആ ആഹാരസാധനങ്ങളിൽ പ്രാധാന്യത്തെ അർഹിക്കുന്ന അന്നം, പാല്, തൈര്, മാംസം ഇത്യാദികളെ നിത്യം ഭുജിക്കുന്നവർക്കു ഇന്ദ്രിയശാന്തി സാദ്ധ്യമാണെന്നു പറയുന്നതു പർവ്വതം പറക്കുന്നതിനു സമമാകുന്നു. 2ാമത് ഒരു പുരുഷൻ സർവ്വ സൗന്ദര്യ സമ്പന്നയായ ഒരു യുവതിയെ കാണുന്ന തൽക്ഷണം മര്യാദയെ കരുതി ദുർവ്വിചാരത്തിൽനിന്നു തന്റെ മനസ്സിനെ രക്ഷിക്കുമെങ്കിലും അവളുടെ ആകാരസൗഷ്ഠവ ഹേതുവായി ഒരു സന്തോഷമെങ്കിലും അവന്റെ അന്തരംഗത്തിൽ പ്രവേശിക്കാതിരിക്കുന്നതല്ലെന്ന് അനുഭവബോധ്യമാണല്ലോ. അതോടൊന്നിച്ചു മേൽപറഞ്ഞ പോഷകമേറുന്ന ഭക്ഷ്യസാധനങ്ങളും കൂടി ആഹരിക്കുന്നതായാൽ പിന്നെ പറയാനുമില്ലല്ലോ? 3) പുരുഷ ഹൃദയത്തെ മലിനമാക്കുവാനുള്ള ആയുധങ്ങളിൽ, പിശാചിന്റെ ഒന്നാമത്തെ ആയുധം സ്ത്രീയാകുന്നു എന്നും, പിശാച് സദാപി സ്ത്രീയോടുകൂടിയാണെന്നും പുരുഷഹൃദയത്തെ വശീകരിപ്പാനുള്ള ശക്തി സ്ത്രീയിൽ ഇരിക്കുന്നു എന്നും ഉള്ള തെളിവിലേക്കു ആദ്യജാതനായ ആദം പാപിയായ സംഗതി സാക്ഷ്യമാണ്. 4) വികാരത്തെ അതിജയിക്കാൻ കഴിയുന്നവർതന്നെയും ഭക്തരെന്നും മര്യാദക്കാരെന്നും ഉള്ള വിശേഷണങ്ങൾക്കു യോഗ്യരാകുന്നതല്ല. എന്തുകൊണ്ടെന്നാൽ, മര്യാദയും ഭക്തിയും ലൗകീകം, ദൈവീകം എന്നിങ്ങനെ കാര്യഭേദമെന്നല്ലാതെ, സുക്ഷ്മാർത്ഥത്തിൽ അവ രണ്ടിന്റെയും കാരണങ്ങൾ ഒന്നുതന്നെ. കാരണം അഷ്ടരാഗ നിഷേധംകൊണ്ടു ഭക്തി സിദ്ധിക്കുന്നതുപോലെ, മര്യാദയുണ്ടാകുവാനും ഇവയെ ത്യജിക്കേണ്ടതാകുന്നു. ആ എട്ടു ഭാവഭേദങ്ങളിൽ ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ ഏഴും കാണപ്പെടുന്നവരെ ഭക്തരെന്നും മര്യാദക്കാരെന്നും അഭിസംബോധന ചെയ്യുന്നതുതന്നെ മര്യാദകേടായിത്തീരും. 5) ഭക്തിക്കുള്ള മുഖ്യമാർഗ്ഗം ഏകാഗ്രചിത്തതയും, മര്യാദക്കുള്ള മാർഗ്ഗം ന്യായവും ആകുന്നു. ചിത്തൈകാഗ്ര്യമെന്നതിന്റെ സാരാർത്ഥം 'സർവ്വഭാവഭേദങ്ങളെയും അകറ്റി ഹൃദയം ശുദ്ധീകരിച്ചു ന്യായമായ ഏകബ്രഹ്മത്തിൽ തന്റെ ആത്മാവിനെ ലയിപ്പിക്കുന്നതും, ന്യായമെന്നതിന്റെ അർത്ഥം, അതാതിന്റെ ചൈതന്യത്തെ അറിഞ്ഞു, അതാതിന്റെ അവസ്ഥപോലെ ധരിക്കുന്നതും സ്മരിക്കുന്നതും ആകുന്നു. അപ്പോൾ ഏക സ്ഥാപിതമായിരിക്കുന്ന ദൈവചൈതന്യത്തെ ഏകത്വത്തിൽതന്നെ സ്ഥാപിക്കുന്നതു ന്യായമായും, അതുതന്നെ ചിത്തൈകാഗ്ര്യമായും പരിണമിക്കുന്നതാകയാൽ ആ ചൈതന്യത്തെ മൂന്നാക്കിമുറിക്കുന്ന നിങ്ങളിൽ ന്യായവും ഏകാഗ്രചിത്തതയും എവിടെ? ഭക്തിയും മര്യാദയും ഉണ്ടെന്നുവരികിൽ നിങ്ങളിൽ ഒരുവന്റെ പിന്നാലെ എങ്കിലും നടന്നു, മാർക്കേസ്സ് 1617ൽ ഉള്ള യേശുവചനങ്ങൾ പ്രകാരം അതിശയങ്ങൾ കാണ്മാനോ കേൾപ്പാനോ സംഗതി ഉണ്ടാകുമായിരുന്നു. പക്ഷേ, അതൊന്നും കാണ്മാനും കേൾപ്പാനും ഇല്ലതാനും. ഉ: സ്ത്രീപുരുഷന്മാർ ഇടകലർന്നു നിന്നു പ്രാർത്ഥിക്കുന്നതു വിരോധമാകയാൽ അതുപേക്ഷിക്കേണമെന്നു കർത്താവായ യേശുക്രിസ്തു ഒരിടത്തും കല്പിച്ചിട്ടില്ലായ്കകൊണ്ടും മുസൽമാൻമാർ സ്ത്രീകളെ അദൃശ്യകളാക്കിവെക്കുന്നതുപോലെ, വെക്കുന്നത് അന്യായമാകകൊണ്ടും ക്രിസ്ത്യാനികൾ സ്ത്രീകളെ ദൈവവന്ദനയിലും മറ്റും ചേർത്തുവരുന്നതുമാകുന്നു. മു. ശരി, യേശു സ്ത്രീകളെപ്പറ്റി വിരോധം പറവാൻ സംഗതി ഇല്ല. നിങ്ങളുടെ വാക്കിനെ തന്നെ ഞാനും സ്വീകരിക്കുന്നു. എന്തുകൊണ്ടെന്നാൽ നാരീഗുണദോഷപരിജ്ഞാനം അനുഭവംകൊണ്ടു യേശുവിനു തീരെ ഇല്ല. അല്പമെങ്കിലും സ്ത്രീകളെ അറിയുവാൻ അവസരം ലഭിച്ചിരുന്നെങ്കിൽ, അവരെ ഗുണദോഷിക്കാനും അവരെപറ്റി അതികഠിനമായ വിധികൾ തന്നെ നിർമ്മിക്കുവാനും സംഗതി ഉണ്ടാകുമായിരുന്നു. പക്ഷെ താല്ക്കാലിക രസത്തേയും സുഖത്തേയും ഓർത്തു ക്രിസ്തു വിരോധിച്ചിട്ടുള്ള പന്നിമാംസവും മദ്യവും സേവിച്ചും, വേദന സഹിക്കുവാൻ ത്രാണിയില്ലാതെ ചേലാകർമ്മത്തെ ഉപേക്ഷിച്ചും വരുന്ന നിങ്ങളെ സംബന്ധിച്ചേടത്തോളം, ക്രിസ്തുവിന്റെ ശാസനകളുണ്ടെങ്കിൽ തന്നെ എന്തു ഫലം! ഈഴവർപോലും തങ്ങളുടെ സ്ത്രീകളെ അന്യപുരുഷന്മാരെ കാണിക്കുന്നത് കുറവാണെന്ന് കരുതി അപ്രകാരം സ്വീകരിച്ചുപചരിച്ചുവരുന്നു. അതിനാൽ ഇതു യുക്തിയുക്തവും ന്യായവും ആദരണീയവുമാണെന്നുതന്നെ തെളിയുന്നു. അതാ, നിങ്ങളുടെ ത്രിയേകത്വം കുളത്തിലേക്കു പിന്നേയും കുതിക്കുന്നു. നിങ്ങളുടെ ത്രിയേക വിശ്വാസം യേശുവിന്റെ കാലത്തൊ അതിനുമുമ്പൊ പ്രബലപ്പെട്ടിരുന്നതും സുരക്ഷിതവും ആയിരുന്നു എങ്കിൽ, ആ വിശ്വാസത്തെ സുദൃഢമാക്കുന്നവരും അതിനെ സർവ്വ മനുഷ്യരിലും പ്രചരിപ്പിക്കുവാൻ അവിശ്രമ പരിശ്രമം ചെയ്തു വരുന്നവരുമായ നിങ്ങൾ; ക്രിസ്തുവിന്റെ സത്യവിശ്വാസികളാകുന്നു എന്നും, സുവിശേഷ സുപ്രസന്നന്മാരാകുന്നു എന്നും അഭിപ്രായപ്പെടേണ്ടിവരുന്നു. അപ്പോൾ, മാർക്കോസ്സ് 1617ൽ പിന്നെ വിശ്വസിക്കുന്നവരുടെ പിന്നാലെ ഈ അതിശയങ്ങൾ നടക്കും. അവർ എന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കിക്കളയും, അവർ പുതിയ ഭാഷകളെപറയും 18ൽ അവർ സർപ്പങ്ങളെ പിടിച്ചെടുക്കും, അവർ മരണമുള്ള യാതൊന്നു കടിച്ചാലും അതു അവരെ ഉപദ്രവിക്കുകയും ഇല്ല. അവർ രോഗികളുടെ മേൽ കൈകളെ വെക്കും. ആയവർക്കു സൗഖ്യമുണ്ടാവുകയും ചെയ്യും. യോഹ 1412ൽ ഞാൻ സത്യമായിട്ടു, സത്യമായിട്ടു നിങ്ങളോടു പറയുന്നു. എന്നിൽ വിശ്വസിക്കുന്നവർ ഞാൻ ചെയ്യുന്ന പ്രവൃത്തികളെ അവനും ചെയ്യും. ഇവയേക്കാൾ വലുതായുള്ള പ്രവൃത്തികളേയും അവൻ ചെയ്യും. എന്തുകൊണ്ടെന്നാൽ ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നു. 13ൽ പിന്നെയും നിങ്ങൾ എന്റെ നാമത്തിൽ എന്തെങ്കിലും ചോദിച്ചാൽ അതു പിതാവു പുത്രനിൽ മഹത്വപ്പെടേണ്ടതിന്നായിട്ടു ഞാൻ അതിനെ ചെയ്യും. ഈ വചനങ്ങൾ പ്രകാരം ക്രിസ്ത്യാനികൾ ദുർഭൂതബാധകളെ അകറ്റുകയും പുതിയ ഭാഷകളെ പറയുകയും സർപ്പങ്ങലെ പിടിച്ചെടുക്കുകയും, വിഷം കുടിച്ചു മരിക്കാതിരിക്കുകയും, രോഗികളുടെ മേൽ കൈകളെവെച്ചു സൗഖ്യപ്പെടുത്തുകയും യേശു ചെയ്തതുപോലെ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമായി കാണുന്നു. അതാകട്ടെ ഇന്നുവരെ യാതൊരു ക്രിസ്ത്യാനിയും സാധിച്ചതായി കാണുകയോ കേൾക്കുകയോ ഉണ്ടായിട്ടില്ല. ക്രിസ്തുമത വിദ്വാന്മാരും, കാമമോഹവിരക്തന്മാരും, ആയ പല പല ബിഷപ്പുമാരും, പാതിരിമാരും ഉണ്ടായി എന്നും ഉണ്ടെന്നും കേട്ടും വായിച്ചും അറിയുന്നു. എന്നാൽ യേശു വചനങ്ങൾപ്രകാരം അതിശയങ്ങൾ അവരുടെ മുന്നാലെയോ പിന്നാലെയോ നടന്നു എന്നോ നടക്കുന്നു എന്നോ കേൾവിയിലും വായനയിലും പെട്ടു കാണുന്നില്ല. ഉണ്ടെന്നോ ഉണ്ടായിരുന്നു എന്നോ തെളിയിക്കാൻ ക്രിസ്ത്യാനികൾ തീരെ അശക്തരായും കാണുന്നു. ഉണ്ടെങ്കിൽ തെളിഞ്ഞു പറയുക! ഒരു ചേരയെ എങ്കിലും പിടിച്ചെടുത്തോ, ഒരു പണത്തൂക്കം പാഷാണം തിന്നോ, പിശാചുക്കളെ പുറത്താക്കിയോ, കൈകളെവെച്ചു രോഗം മാറ്റിയോ കാണിക്കുക!! യേശുക്രിസ്തു പറഞ്ഞപ്രകാരമുള്ള അതിശയങ്ങളിൽ യാതൊന്നും ക്രിസ്തുമത വിശ്വാസികളിൽ യാതൊരുവന്റെയും പിന്നിലൊ മുന്നിലൊ നടന്നതായി കാണ്മാനോ കേൾപ്പാനോ ഇല്ലാത്തതിനാൽ യേശു പറഞ്ഞതു വ്യാജമെന്നോ, ക്രിസ്തുമത വിശ്വാസികളിൽ ഇന്നുവരെ സത്യവിശ്വാസ വിഭൂഷണനായി ഒരുവനും ഉണ്ടായിട്ടില്ല എന്നോ ഉള്ള ശങ്ക പ്രത്യക്ഷത്തിൽ നേരിടുന്നു. യേശുക്രിസ്തു ദീർഘദർശിയും സത്യപുരോഹിതനും ആയിരിക്കെ അദ്ദേഹം സത്യമായിട്ടു, സത്യമായിട്ടു എന്നു ഒന്നിലധികം പ്രാവശ്യം ആണയിട്ട പറഞ്ഞ വാക്കു വ്യാജമാവാനും പിഴക്കുവാനും സംഗതി ഇല്ല. എന്നാൽ വിശ്വാസത്തിന്റെ അസ്തിവാരത്തെ ത്രിയേകത്വ കൈക്കോട്ടുകൊണ്ടു ക്രിസ്ത്യാനികൾ കിളച്ചുവരുന്നതിനാൽ, യേശുക്രിസ്തു നിങ്ങളിൽ നിന്നു അകന്നുപോകുക നിമിത്തം അതിശയങ്ങൾ നിങ്ങളുടെ പിന്നാലെ നടക്കാത്തതും 13ാം വചനത്തിൽ യേശു ചെയ്തിരിക്കുന്ന വാഗ്ദത്തപ്രകാരം നിങ്ങൾ ചോദിക്കുന്നതിനെ നിവൃത്തിക്കാത്തതും ആകുന്നു എന്നു വിചാരിപ്പാൻമാത്രം പഴുതുകാണുന്നു. ഉ: നിങ്ങൾ കാണിച്ച യേശുവചനങ്ങൾ പൊതുവിലുള്ള എല്ലാ ക്രിസ്ത്യാനികളേയും സംബന്ധിക്കുന്നതല്ല. അതു അപ്പോസ്തലന്മാരെക്കുറിച്ചു മാത്രം പറഞ്ഞതാകുന്നു. ആ അപ്പോസ്തലന്മാർ, പ്രത്യേകിച്ചു പൗലോസ്സ് എന്നവൻ യേശുവചനപ്രകാരം പല പല അതിശയങ്ങളെ കാണിച്ചതു വായിച്ചിട്ടില്ലയോ? മു: നിങ്ങൾ, പേറ്റിക്കുനേരെ ഗർഭം മറക്കുന്നുവോ? യേശു പറഞ്ഞതു അപ്പോസ്തലന്മാരെപറ്റി മാത്രമാകുന്നു എന്നു വിചാരിക്കാനുള്ള തെളിവു എന്തിരിക്കുന്നു. 1ാമത് മേൽ പറഞ്ഞ വചനത്തിൽ 'വിശ്വസിക്കുന്നവരുടെ പിന്നാലെ ഈ അതിശയങ്ങൾ നടക്കും' എന്ന വാക്യത്തിൽ 'വിശ്വസിക്കുന്ന' 'നടക്കും' എന്നീ പദങ്ങളുടെ കാലംഭാവിയായി കാണുന്നതുകൊണ്ട് ഈ വചനം പറഞ്ഞ കാലത്തു വിശ്വസിച്ചിരിക്കുന്ന അപ്പോസ്തലന്മാരെ സൂചിപ്പിച്ചു പറഞ്ഞതാണെന്നു നിങ്ങൾ ധരിച്ചിരിക്കുന്നതുപോലെ കുറച്ചു അറിവുള്ള മനുഷ്യർ ആരും ധരിക്കുന്നതല്ല. 2ാമത് മേൽപറഞ്ഞ വചനങ്ങൾക്കു മുൻവചനമായ 15ാം വചനം 'വിശേഷിച്ചു അവൻ (യേശു) അവരോടു (ശിഷ്യരോടു) പറഞ്ഞു, നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും പോയിട്ടു, സകല സൃഷ്ടിക്കും, ഏവൻഗേലിയോനെ പ്രസംഗിപ്പിൻ, 16ാം വചനം 'വിശ്വസിച്ചു ജ്ഞാനസ്‌നാനം കൈകൊള്ളുന്നവൻ രക്ഷിക്കപ്പെടും, എന്നാൽ വിശ്വസിക്കാതെ ഇരിക്കുന്നവൻ ശിക്ഷക്കു വിധിക്കപ്പെടും' 17ാം വചനം 'പിന്നെ വിശ്വസിക്കുന്നവരുടെ പിന്നാലെ ഈ അതിശയങ്ങൾ നടക്കും, അവർ എന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കികളയും, അവർ പുതിയ ഭാഷകളെ പറയും' 16ാം വചനം 'അവർ സർപ്പങ്ങളെ പിടിച്ചെടുക്കും, അവർ മരണമുള്ള യാതൊന്നു കടിച്ചാലും അതു അവരെ ഉപദ്രവിക്കുകയും ഇല്ല. അവർ രോഗികളുടെ മേൽ കൈകളെ വെക്കും ആയവർക്കു സൗഖ്യമുണ്ടാകുകയും ചെയ്യും'. ഈ നാലു വചനങ്ങൾ കൂട്ടിനോക്കുമ്പോൾ, യേശു ജീവിച്ചുയർപ്പിനുശേഷം തന്റെ അപ്പോസ്തലന്മാരോടു, ഭൂലോകത്തിലെല്ലാം ചെന്നു ഉപദേശിപ്പാനും അവരുടെ ഉപദേശം നിമിത്തം വിശ്വസിക്കുന്നവരാൽ 17ഉം 18ഉം വചനങ്ങളിൽ പറഞ്ഞ അതിശയങ്ങൾ കാണിക്കുവാൻ കഴിയുമെന്നും പറഞ്ഞതാകുന്നു എന്നല്ലാതെ അപ്പോസ്തലന്മാർ മേൽപറഞ്ഞ അതിശയങ്ങളെ കാണിക്കുമെന്നു, പറഞ്ഞതാകുന്നു എന്നു യാതൊരു മണ്ടനും പറയുന്നതല്ലാ. അതൊ ഇരിക്കട്ടെ. അപ്പോസ്തലന്മാർ വിശ്വാസമില്ലാത്തവരും, ദൈവപ്രാർത്ഥന ഇല്ലാത്തവരും കള്ളന്മാരും ആകുന്നു എന്നു യേശു പറഞ്ഞ ചില രേഖകൾ ഇതിന്നുമീതെ, വിവരിക്കുന്നതുകൂടാതെ, ഇപ്പോഴത്തെ തെളിവിനായി, മേൽപറഞ്ഞ തെളിവുകൊടുക്കുന്നതും അപ്പോസ്തലർ അതിശയങ്ങളെ കാണിക്കുന്നതിൽ അപ്രാപ്തന്മാരായിരുന്നു എന്നു തെളിയിക്കുന്നതും ആയ ചില പ്രത്യേക രേഖകൾ സുവിശേഷത്തിൽ നിന്നുതന്നെ എടുത്തുപറയുന്നു. പരിശോധിച്ചുകൊൾക. മാർക്കോസ്സ് 1617ൽ 'അപ്പോൾ പുരുഷാരത്തിൽ ഒരുത്തൻ ഉത്തരമായിട്ടു (ഗുരോ) ഊമയായുള്ളൊരു ആത്മാവുണ്ടായിരിക്കുന്ന എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.' മാർക്കോസ്സ് 918ൽ ആ ആത്മാവ് അവനെ എവിടെവെച്ചെങ്കിലും പിടിച്ചാൽ അതു അള്ളിയിടുന്നു പിന്നെ അവൻ നുരപുറപ്പെടുവിച്ചു, തന്റെ പല്ലുകൾ കടിച്ചു ആലസ്യപ്പെട്ടു പോകുന്നു! അതിനെ പുറത്താക്കിക്കളയേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞു, എങ്കിലും അവർക്കു കഴിഞ്ഞില്ല.' മാർക്കോസ്സ് 9 19ൽ 'എന്നാരെ അവൻ അവനോടു ഉത്തരമായിട്ടു അവിശ്വാസമുള്ള സന്തതിയായുള്ളോനെ! ഞാൻ എത്രത്തോളം നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു പറഞ്ഞു.' ഈ വചനങ്ങളാൽ പിശാചിനെ പുറത്താക്കി കളവാൻ ശിഷ്യരാൽ കഴിഞ്ഞിട്ടില്ലെന്നും അവർ അവിശ്വാസികളായിരുന്നു എന്നും തെളിയുന്നു. മാർക്കോസ്സ് 928ൽ 'പിന്നെ അവൻ (യേശു) വീട്ടിലേക്കുവന്നപ്പോൾ അവന്റെ ശിഷ്യന്മാർ രഹസ്യമായി അവനോടു (യേശുക്രിസ്തുവിനോടു) അവനെ പുറത്താക്കിക്കളവാൻ ഞങ്ങൾക്കു എന്തുകൊണ്ടു കഴിയാഞ്ഞു എന്നു ചോദിച്ചു' 29ൽ എന്നാരെ അവൻ അവരോടു, പ്രാർത്ഥനയാലും ഉപവാസത്താലും അല്ലാതെ മറ്റൊന്നിനാലും ഈ ജാതി പുറപ്പെട്ടുവരുവാൻ കഴിയുന്നതല്ലാ' എന്നു പറഞ്ഞു. ഈ വചനങ്ങളാൽ യേശുവിന്റെ അപ്പോസ്തലർക്കു പ്രാർത്ഥനയും ഉപവാസവും ഇല്ലായിരുന്നു എന്നു പ്രത്യക്ഷപ്പെടുന്നു. ലൂക്കോസ്സ് 175ൽ പിന്നെ 'അപ്പോസ്തലന്മാർ കർത്താവിനോടു ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.' ലൂക്കോസ്സ 176ൽ 'എന്നാരെ കർത്താവു പറഞ്ഞു നിങ്ങൾക്കു ഒരു കടുകുമണിയോളം വിശ്വാസം ഉണ്ടായിരുന്നാൽ, ഈ കാട്ടത്തിവൃക്ഷത്തോടു, നീ വേരോടുകൂടെ പറിഞ്ഞുസമുദ്രത്തിൽ നടപ്പെടുക, എന്നു നിങ്ങൾക്കു പറയാം, അതും നിങ്ങളെ അനുസരിക്കും.' ഈ വചനത്താൽ അപ്പോസ്തലന്മാർക്കു കടുകുമണിയോളവും വിശ്വാസമില്ലായിരുന്നു എന്നു തെളിഞ്ഞു. യോഹ 126ൽ ശിമോന്റെ പുത്രനായ യഹൂദാ ഇസ്‌കാരിയോത്തയെപറ്റി പറയുന്നു 'അവൻ ദരിദ്രക്കാരെ കുറിച്ചു വിചാരപ്പെട്ടതുകൊണ്ടല്ല. അവൻ കള്ളനാകകൊണ്ടും തന്റെ പക്കൽ മടിശ്ശീല ഉണ്ടാകകൊണ്ടും, അതിൽ ഇടപെട്ടതു ചുമന്നതുകൊണ്ടും, അത്രെ ഇതു പറഞ്ഞത്' അതിനാൽ കള്ളനെന്നും തെളിഞ്ഞു. അപ്പോസ്തലന്മാരെപറ്റിയുള്ള ഇത്തരം രേഖകൾ അനവധി കാണുന്നു. ലൂക്കോസ്സ് 825, മത്തായി 826, മത്തായി 1431, മത്തായി 1715 മുതൽ 20 വരെ മാർക്കോസ്സ് 169 മത്തായി 2816, മത്തായി 2120 എന്നീ വചനങ്ങളും നോക്കികൊൾക. മേൽപറഞ്ഞ ഭൂഷണങ്ങളാൽ അലംകൃതരായ അപ്പോസ്തലന്മാർ മേൽ പറയപ്പെട്ട അതിശയങ്ങളെ ചെയ്തിരിക്കുന്നു, എന്നു പറയുന്നതു തന്നെ അതിശയം ആകുന്നു. പൗലോസ്സ് എന്നവന്റെ ചരിത്രത്തെ മുഴുവനും അറ്റകുറ്റം തീർത്തു ഇതിന്നുമീതെ വിവരിച്ചിരിക്കയാൽ വീണ്ടും വിവരിക്കുന്നതു അനാവശ്യമെന്നുകണ്ടു ആ വിവരത്തെതന്നെ ചൂണ്ടുന്നു. വീണ്ടും നോക്കികൊൾക. സ്‌നേഹിതരെ! ഇപ്പോൾ നമ്മുടെ കയ്‌വശമിരിക്കുന്ന പഴയതും പുതിയതും ആയ, നിയമങ്ങളിലെ അസ്പഷ്ടരേഖകളെ കൊണ്ടും; മുടന്തൻന്യായങ്ങളെ കൊണ്ടും, ത്രിയേകത്വത്തേയും യേശുവിന്റെ ദൈവത്വത്തേയും സ്ഥാപിപ്പാനുള്ള നിങ്ങളുടെ അതിയത്‌നം ഫലിക്കുവാൻ പ്രയാസം തന്നെ. എന്തുകൊണ്ടെന്നാൽ ഒന്നാമതു പുതുനിയമത്തിൽ സ്പഷ്ടരേഖകൾ ഇല്ലാ. രണ്ടാമതു സംഗതികൾകൊണ്ടു സമത്വമെങ്കിലും തെളിയുന്നു എങ്കിൽ കാണപ്പെടുന്ന അസ്പഷ്ടരേഖകളെകൊണ്ടു ഊഹാർത്ഥമായോ, ഭാവർത്ഥമായോ, ത്രിയേകത്വത്തേയും ദൈവത്വത്തേയും സ്ഥാപിപ്പാൻ ശ്രമിക്കേണ്ടതിലേക്കു കുറഞ്ഞൊരു മാർഗ്ഗം ഉണ്ടായിരുന്നു അതും കാണുന്നില്ല. പുതുനിയമ പരിശോധനകൊണ്ടു ദൈവവും മനുഷ്യനും തമ്മിൽ ഭേദിച്ചിരിക്കുന്നതുപോലെ തന്നെ ദൈവവും യേശുവും തമ്മിൽ ഭേദിച്ചും, യേശുതീരെ അധോഗമിച്ചും കാണുന്നു. ഉദാഹരണമായി യോഹ 657ൽ 'ജീവനുള്ള പിതാവു, എന്നെ അയച്ചതുപോലെയും, ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെയും എന്നെ ഭക്ഷിക്കുന്നവനായവനും, എന്നാൽ ജീവിക്കും', ഈ വചനത്താൽ യേശുവിന്റെ ജീവാപനം ദൈവാധികാരത്തിൽ തന്നെ ആകുന്നു എന്നും മാർക്കോസ് 1332 ൽ 'ആ നാളിനേയും നാഴികയേയും പിതാവല്ലാതെ സ്വർഗ്ഗത്തിലെ ദൂതന്മാരാകട്ടെ പുത്രനാകട്ടെ അറിയുന്നില്ല.' എന്ന വചനംകൊണ്ടും ദൈവത്തെപോലെ സർവ്വ ജ്ഞാനശക്തി യേശുവിന്നില്ലായിരുന്നു എന്നും, മത്തായി 2023 ൽ 'എന്റെ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ഇരിക്കുന്നതിനു, അതു എന്റെ പിതാവിനാൽ ആർക്കു ഒരുക്കപ്പെടുന്നുവോ അവർക്കെല്ലാതെ തരുവാൻ എനിക്കുള്ളതല്ലാ' എന്നീ വചനത്താൽ യാതൊന്നും യാതൊരു വന്നും കൊടുപ്പാനുള്ള അധികാരം യേശുവിന്നില്ലാ എന്നും, യോഹ 519ൽ 'ഞാൻ സത്യമായിട്ടും, സത്യമായിട്ടു നിങ്ങളോടുപറയുന്നു പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന്നു താനായിട്ടു ഒന്നും ചെയ്യാൻ കഴികയില്ലാ' എന്നുള്ള വചനംകൊണ്ടു, യേശുവിന്നു സ്വയാധികാരം ഇല്ലായിരുന്നു എന്നും, മത്തായി 12 32 ൽ 'ആരെങ്കിലും മനുഷ്യപുത്രനു വിരോധമായി വല്ലതും പറഞ്ഞാൽ, അതു അവനോടു ക്ഷമിക്കപ്പെടും. എന്നാൽ ആരെങ്കിലും പരിശുദ്ധാത്മാവിനു വിരോധമായി വല്ലതുംപറഞ്ഞാൽ അതു അവനോടു ഇഹലോഹത്തിലെങ്കിലും പരലോകത്തിലെങ്കിലും ക്ഷമിക്കപ്പെടുകയും ഇല്ലാ' എന്ന വചനത്താൽ പരിശുദ്ധാത്മാവു യേശുവേക്കാൾ ശ്രേഷ്ഠനും, ക്രൂരനും ആകുന്നു എന്നും സ്വഭാവംകൊണ്ടും, ഇവർ രണ്ടും ഭേദിക്കുന്നു എന്നും പ്രത്യക്ഷപ്പെടുന്നു'. മത്തായി 1917ൽ 'നീ എന്നെ നല്ലവൻ എന്നു എന്തുകൊണ്ടു ചൊല്ലുന്നു. ദൈവം ഒരുവനല്ലാതെ നല്ലവൻ ഒരുത്തനും ഇല്ല' എന്ന വചനത്താൽ ക്രിസ്തുവിന്റെ സമത്വം നിരാകാരസ്ഥിതിയിൽ നിന്നും കൊണ്ടു, ലൂക്കോസ് 3ാം അധ്യായം 21ാം വചനത്തെ ചൂണ്ടിക്കാട്ടുന്നു. അതു എന്തെന്നാൽ, 'ജനങ്ങൾ എല്ലാം ജ്ഞാനസ്‌നാനം ഏറ്റപ്പോൾ ഉണ്ടായതു. എന്തെന്നാൽ യേശുവും ജ്ഞാനസ്‌നാനം ഏറ്റു ആരാൽ ഏറ്റു യോഹന്നാനാൽ- ആ യോഹന്നാൻ ആരാകുന്നു? അവൻ സഖറിയായുടെ പുത്രനായ ഒരു ദീർഘദർശി ആകുന്നു.' ഈ വചനത്തെ ചൂണ്ടിക്കാണിക്കുവാനുള്ള സംഗതി എന്താകുന്നു? മറ്റുള്ള ജനങ്ങളെപ്പോലെ യേശുവും മനുഷ്യനായ യോഹന്നാനിൽ നിന്നും ജ്ഞാനസ്‌നാനം ഏറ്റതുകൊണ്ടു യേശുവും ആ ജനങ്ങളെപ്പോലെ ഒരു മനുഷ്യൻ തന്നെ ആകുന്നു എന്നു തെളിയിക്കുകയാകുന്നു. നിങ്ങളുടെ ഈ ത്രിയേക വിശ്വാസം യേശുകരേറിയതിൽ പിന്നെ 200 സംവത്സരത്തിനു ശേഷം നിർമ്മിച്ചു യോഹന്നാന്റെ ലേഖനത്തിൽ ചേർക്കപ്പെട്ടതും പല പല വിദ്വാന്മാർ സഭകൾകൂടി ഈ വിശ്വാസത്തെപ്പറ്റി തർക്കിച്ചും പ്രസംഗിച്ചും നോക്കിയതിൽ നിർമൂലമായി കാണപ്പെട്ടതിനാൽ നിഷേധിക്കപ്പെട്ടതും ആകുന്നു. കുസ്തുൻതീൻ (ഇീിേെമി ശേില) എന്ന രാജാവിന്റെ കാലത്തു പ്രസിദ്ധപ്പെട്ട ഒരു സഭകൂടി എന്നും ആ സഭയിൽ ഈ ത്രിയേക വിശ്വാസത്തെപ്പറ്റി വാദപ്രതിവാദം നടത്തി ആലോചിച്ചു നോക്കിയതിൽ, മിക്കജനവും ഈ വിശ്വാസത്തെ തീരെ നിഷേധിച്ചതിനാൽ രാജാവു കോപിച്ചു ബലത്താൽ സമ്മതിപ്പിച്ചതാകുന്നു എന്നും ജോൺ ഡിവൺ എന്നാളുടെ പുസ്തകത്തിൽ 160ാം ഭാഗത്തു എഴുതികാണുന്നു. അതിൽ പിന്നെ ക്രിസ്താബ്ദം 325 ൽ നിസിയാ (ചശരലമല) എന്ന രാജ്യത്തും, പിന്നെ 354 ൽ മേയിൻ, ആർട്ടസ് എന്നീ രാജ്യങ്ങളിലും, പല പല വിദ്വാന്മാർ സഭകൾകൂടി പരിശോധിച്ചും പ്രസംഗിച്ചും നോക്കിയതിൽ മേൽപറഞ്ഞ വിശ്വസത്തെ കേവലം നിരസിക്കുന്ന യൂണിറ്റേറിയൻ സംഘക്കാരിൽ ഒരുവനായ ആരിയൂസ് എന്നവന്റെ പ്രസംഗം ബലപ്പെട്ടതിനാൽ 13 ബിഷപ്പുമാരും അനേകപാതിരികളും മറ്റും ഈ വിശ്വാസത്തെ വിട്ടു, ദൈവം ഏകനും സ്വതന്ത്രനും ആകുന്നു എന്നും, യേശുക്രിസ്തു ഒരു ദീർഘദർശി മാത്രമാകുന്നു എന്നും അംഗീകരിക്കുകയുണ്ടായി. എന്നുതന്നെയല്ല, ഇന്നുവരെയും ഇംഗ്ലണ്ടിൽ ക്രിസ്തുമതക്കാരായ യൂണിറ്റേറിയൻ സംഘക്കാരും പ്രൊട്ടെസ്റ്റന്റു സംഘക്കാരും അതിഘോഷമായി തന്നെ ഇതു സംബന്ധമായ വിവാദങ്ങളിലേർപ്പെട്ടുവരുന്നു. ഇപ്പോൾ കൂടെക്കൂടെ വർദ്ധിച്ചുവരുന്ന, ക്രിസ്തുമതക്കാരും നിങ്ങളിൽ പഴമപ്പെട്ടവരും ആയ യൂണിട്ടേറിയൻ സംഘക്കാരുടെ മിഷ്യനറി മി: സി.എച്ച്. ഐ. ഡാൾ. എം. എ. കൽക്കത്തയിൽ ഉണ്ട്. ക്രിസ്തുമത വിശ്വാസങ്ങളെ വിലയിരുത്തുന്നതായ (ക്രൈസ്റ്റ്‌ലായഫ്) എന്നൊരുപത്രം ഇംഗ്ലണ്ടിലും ഇത്തരം പല പല ആക്ഷേപ പത്രങ്ങൾ അമേരിക്കയിലും മേൽപറഞ്ഞ ഗോത്രക്കാർ പ്രസിദ്ധപ്പെടുത്തി വരുന്നതുകൂടാതെ 'യൂണിറ്റി' എന്നൊരു മാസികയും പുറപ്പെടുവിച്ചിരിക്കുന്നു. യതീസ്റ്റുസംഘക്കാരിൽ മഹാ വിദ്വാനും ശ്രേഷ്ഠനും ആയ മി: പാർക്കർട്യൂഡർ എന്നാൾ ക്രിസ്തുമതത്തിലെ സമസ്ത വിശ്വാസങ്ങളെയും തീരെ ദുർബലപ്പെടുത്തി എഴുതിയതായ പുസ്തകങ്ങൾ ലണ്ടൻ, അമേരിക്കാ എന്നിവിടങ്ങളിൽ സുലഭമാണ് അത്രമാത്രമല്ല ഈ സംഘക്കാരും ക്രിസ്തുമതത്തെ വിമർശിക്കുന്നതായ പല പല പത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയും വരുന്നു. കുറച്ചു കാലമായിട്ടു അമേരിക്കയിൽ നിന്നു ഉത്ഭവിച്ചതും ഇപ്പോൾ മൂന്നുലക്ഷത്തിൽ മീതെ യൂറോപ്പുഖണ്ഡത്തിൽ വർദ്ധിച്ചിരിക്കുന്നതും ആയ 'സ്പ്രട്ടസം' എന്ന വിഭാഗം, അവരുടെ ആത്മാജ്ഞാനം കൊണ്ടു ക്രിസ്തുമത വിശ്വാസങ്ങളെ തീരെ ധിക്കരിച്ചുവരുന്നു. ഈ പറയപ്പെട്ട സംഘക്കാരാലും മറ്റും ക്രിസ്തുമതത്തെ ആക്ഷേപിച്ചുകൊണ്ടു എഴുതപ്പെട്ടിട്ടുള്ള പല പല ലേഖനങ്ങൾ ലണ്ടൻ നഗരത്തിൽ 'ടിറിബ്‌നി' കമ്പനിവക ഷാപ്പിലും 'റിലിജ്യൻ' എന്നും 'നേച്വരൽ തിയോളജി' എന്നും ഇങ്ങിനെ പല പല പുസ്തകങ്ങൾ കൽക്കത്തയിലും ദുർലഭമല്ല. ഇതുകൾക്ക് മതിയായ സമാധാനങ്ങൾ പറവാൻ ക്രിസ്ത്യാനികളാൽ ഇന്നുവരെ സാധിക്കാതെ ഓരോ ദൂഷണങ്ങൾ മാത്രം പറഞ്ഞു ഇന്നു പിൻവലിഞ്ഞുവരുന്നതുകൊണ്ടും, ഇക്കാലത്തു വിദ്യാസമ്പന്നന്മാർ ധാരാളമുള്ളതുകൊണ്ടും ക്രിസ്ത്യാനികളുടെ ത്രിയേകത്വത്തേയും മറ്റും യുക്തിപൂർവ്വം നിഷേധിക്കുന്നതിനു മുസൽമാന്മാർക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്. വിശേഷിച്ചു ലോകത്തുനടപ്പായികാണുന്ന എല്ലാ മതങ്ങളിലും നാനാ സന്ദേഹങ്ങൾ കാണുന്നു എങ്കിലും, ക്രിസ്തുമത വിശ്വാസങ്ങൾ ബുദ്ധിമാന്മാരായ മനുഷ്യരെ തീരെ തൃപ്തിപ്പെടുത്താത്തതിനാൽ കേവലം നിഷേധരൂപത്തിൽ തന്നെ കാണുന്നു എന്നും, ദൈവത്തിന്റെ ഏകത്വത്തെ മഹാ മഹത്വത്തോടു കൂടി സ്ഥാപിച്ചും, പ്രവർത്തികളെല്ലാം ദൈവത്തിൽ തന്നെ സങ്കൽപിച്ചും കാണുന്ന മതം ഇസ്‌ലാം മതം മാത്രമാകുന്നു എന്നു യത്തീസ്റ്റും സംഘക്കാർക്കൂടി അഭിപ്രായപ്പെട്ടുകാണുന്നു. ഈ മലയാള രാജ്യത്തിൽമാത്രം ക്രിസ്ത്യാനികൾ അതി ഊറ്റന്മാരായും കൂറ്റന്മാരായും കാണുന്നതല്ലാതെ മറ്റുയാതൊരു പട്ടണത്തിലും സഭയിലും നിങ്ങളുടെ പ്രസംഗവും ഉപദേശവും ബലപ്പെട്ടതായും വിലപിടിച്ചതായും വായിച്ചുകാൺമാനോ പറഞ്ഞുകേൾപ്പാനോ ഇല്ല. ഉ:- മലയാള രാജ്യത്തുമാത്രം ഞങ്ങൾ ഊറ്റന്മാരായികാണുന്നു എന്നും മറ്റുരാജ്യങ്ങളിൽ ഞങ്ങളുടെ പ്രസംഗവും ഉപദേശവും വിലപിടിക്കുന്നില്ലാ എന്നും പറവാനുള്ള കാരണം എന്ത്? മു:- കാരണമുണ്ടു - കേരളത്തെ ഹിന്ദുക്കൾ ഭരിച്ചിരുന്നകാലം ഹിന്ദുക്കളിൽ ബ്രാഹ്മണന്മാർ, ക്ഷത്രിയർ, വൈശ്യർ എന്നിവരൊഴിച്ചു ശൂദ്രരും മറ്റും മതസ്ഥന്മാരും ശാസ്ത്രപ്രകാരം മ്ലേഛന്മാരായതിനാൽ, ആ മൂന്നുകൂട്ടർ സ്ഥാനമാനികളും മറ്റുള്ളവർ നികൃഷ്ടസ്ഥിതിയിൽപെട്ടു ഭൃത്യവൃത്തിക്കൊണ്ടും കൂലിപ്പണിക്കൊണ്ടും കാലംകഴിക്കേണ്ടതായും വന്നിരുന്നു. അതുകൊണ്ടു അവരിൽ അക്ഷര വിദ്യ ഉണ്ടാവാൻ തീരെപ്രയാസമായും ദുർല്ലഭമായി വല്ലവനും കുറച്ചു അഭ്യസിച്ചിരുന്നാൽ തന്നേയും, വേദശാസ്ത്രങ്ങളെല്ലാം ബ്രാഹ്മരുടെ അധികാരത്തിലും അധീനത്തിലും ആയിരുന്നതിനാൽ അതിലെ തത്വങ്ങളൊന്നും വായിച്ചറിയുവാൻ മാർഗ്ഗമില്ലാതേയും വന്നിരുന്നു. അതിന്നുശേഷം ക്രിസ്ത്യൻ രാജാവിന്റെ വാഴ്ചയായതുകൊണ്ട് നാനാജാതികൾക്കും സ്വാതന്ത്ര്യം ലഭിച്ചു. അപ്പോൾ അവർ വിദ്യാഭ്യാസ വിഭൂഷണന്മാരാവാൻ ഉത്സാഹിച്ചു തുടങ്ങി. നോക്കുമ്പോൾ ഇംഗ്ലീഷ്പാഠശാലകൾ പലേടങ്ങളിലും കാണുകകൊണ്ടും, തത്സമയ ഗുണത്തെ നല്കുന്നതു ആ ഭാഷയാകകൊണ്ടും നാനാവർഗ്ഗങ്ങളും അതിൽ ചേർന്നുപഠിച്ചുതുടങ്ങി. പഠിച്ചു ബിരുദങ്ങൾ സമ്പാദിച്ചു കഴിയുമ്പോഴേക്കും യൗവ്വനം അവസാനിക്കാറായാൽ ദാരിദ്ര്യത്തിന്റെ ശക്തികൊണ്ടു വല്ല ഉദ്യോഗത്തിലും പ്രവേശിക്കേണ്ടിവരുന്നു. അങ്ങിനെയുള്ളവർക്കു മത തത്വങ്ങൾ പഠിച്ചു അവയെപ്പറ്റി സൂക്ഷ്മാന്വേഷണങ്ങൾ നടത്തുവാനും, മറ്റു മതങ്ങളുമായി താരതമ്യ പഠനം ചെയ്തുനോക്കുവാനും, മതങ്ങളുടെ ഗുണദോഷങ്ങളെപറ്റി പരിചിന്തനം ചെയ്യാനും തരപ്പെടുന്നതെങ്ങിനെയാണ്. മേൽപറഞ്ഞ പ്രകാരം വേദശാസ്ത്രതത്വങ്ങൾ ഗ്രഹിക്കാത്തതുകൊണ്ടും ഇംഗ്ലീഷ് അഭ്യാസസഹിതം ബൈബിൾ അഭ്യസിച്ചുപോയതുകൊണ്ടും താരതമ്യം ചെയ്തുനോക്കുവാൻ കഴിയാതെ ചിലർ നിങ്ങളിൽ ചേർന്നുപോയി, ചേരാത്ത മറ്റുചിലരുടെ മനഃപ്രീതി നിങ്ങളിൽ തന്നെ പിടിപെട്ടിരിക്കുന്നതുകൊണ്ടും, വേദശാസ്ത്ര ഭൂഷണങ്ങളാൽ ശോഭിതനായിരിക്കുന്നവൻ ഇംഗ്ലീഷ് പരിജ്ഞാനി ആവായ്ക നിമിത്തം ദാരിദ്ര്യം കൊണ്ടു പരിഭ്രമിച്ചവനാകകൊണ്ടും, നിങ്ങൾക്കു എതിരുഇല്ലാതെ വന്നു. ഇതുകൊണ്ടു നിങ്ങളുടെ പ്രസംഗം ഈ കേരളത്തിൽ ഒരുവിധം ഫലപ്പെടുന്നു. ഉ:- ഇംഗ്ലീഷ് പഠിച്ച ഹിന്ദുക്കളിൽ ചിലർക്കുള്ള മനഃപ്രീതി ഞങ്ങളിൽ തന്നെ ആകുന്നു എന്നുള്ളതിലേക്കു എന്തുതെളിവു? മു: അതൊ! ബാഹ്യാവസ്ഥകളെകൊണ്ടു ആന്തരാർത്ഥങ്ങളെ ഏകദേശം ഗ്രഹിക്കാമെന്നു പല പ്രമാണങ്ങളുമുണ്ടു. ഹിന്ദുക്കളിൽ സ്ത്രീ പുരുഷന്മാർക്ക് നിന്ദ്യമായി ഗണിച്ചിരുന്ന തൊപ്പി, കുപ്പായം ഇതുകളും, അസാധാരണങ്ങളായ കോട്ട്, ചെരിപ്പ്, കാലൊറ, ബൂട്ട്‌സ് ഇതുകളും സാധാരണയായി കാണുന്നതു കൊണ്ട്, ഇതുകളെപ്പോലെ തന്നെ അവരുടെ ഹൃദയങ്ങളും വ്യത്യസ്തപ്പെട്ടിരിക്കുമെന്നു ഊഹിക്കാവതാണ്. ഉ:- മിക്കജനവും ക്രിസ്തുമതം സ്വീകരിപ്പാനുള്ള ഹേതു ഇംഗ്ലീഷ് വിദ്യാഭ്യാസ വർദ്ധനവാകുന്നു എന്ന നിങ്ങളുടെ പ്രസ്താവന തീരെ തെറ്റാകുന്നു. എന്തുകൊണ്ടെന്നാൽ ഇംഗ്ലീഷ് വിദ്യാഭ്യാസം വർദ്ധിക്കുന്നതിനുമുമ്പ് ക്രിസ്തുവേദത്തെ അനുസരിച്ചുവരുന്നതും, വർദ്ധിച്ചതിൽ പിന്നെ കൂടിവരുന്നതും ആയ ജനങ്ങളെ ഒട്ടാകെ നോക്കിയാൽ പത്തിനൊന്ന് കാണ്മാൻ പ്രയാസമായി വന്നിരിക്കുന്നു. ഇന്നും ഞങ്ങളിൽ ചേർന്നുവരുന്നവർ ഇംഗ്ലീഷ് അറിയാത്തവരാകുന്നു. മു:- ജ്ഞാനസ്‌നാനം ഏൽക്കുന്നവർ ഇപ്പോൾ കുറഞ്ഞിരിക്കുന്നുവെങ്കിലും, പ്രഥമദൃഷ്ടിയിൽ ക്രിസ്തു സമൂഹക്കാരാകുന്നു എന്നു കാഴ്ചക്കാരൻ ധരിക്കത്തക്കവർ എത്രയോ അധികരിച്ചിരിക്കുന്നു. അതുതന്നെ ക്രിസ്തുവേദത്തിന്നൊരു അലങ്കാരമല്ലയോ? ആ അലങ്കാരത്തിനുള്ള കാരണം വിദ്യാഭ്യാസമല്ലയോ? എന്നാൽ ആ വിദ്യാഭ്യാസ വർദ്ധന ജ്ഞാനസ്‌നാനത്തിനു മുടക്കമായിതീരുവാനുള്ള കാരണം എന്തെന്നാൽ തങ്ങളുടെ സ്വേച്ഛപ്രകാരം ഉപഭോഗിക്കേണ്ടതിന്നു, ഉയർന്ന ജാതിക്കാരാൽ നികൃഷ്ട സ്ഥിതിയിലാക്കപ്പെട്ടതു കൊണ്ടും ദാരിദ്ര്യം കൊണ്ടും മേൽപറഞ്ഞ തരക്കാർ മനോഹിതരായി ആ ഉപഭോഗത്തിന്നും, ദാരിദ്ര്യനിവാരണത്തിനും ആയിമാത്രം ക്രിസ്തുമതത്തിൽ ചേർന്നതാണ്; അല്ലാതെ സുകൃതസാദ്ധ്യത്തിന്നല്ലാ അവർ ക്രിസ്തു മതം സ്വീകരിച്ചത്. ഇപ്പോൾ ആ വിദ്യാഭ്യാസ വർദ്ധന അവരെ ആ നികൃഷ്ടസ്ഥിതിയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും കരകയറ്റി സ്വാതന്ത്ര്യ പ്രാപ്തരാക്കി തീർത്തതുകൊണ്ടും, ജ്ഞാനസ്‌നാനത്താലുണ്ടാകുന്ന ഊർദ്ധഗമനത്തെ ഇച്ഛിക്കുന്നവർ കുറഞ്ഞതുകൊണ്ടുമാകുന്നു ജ്ഞാനസ്‌നാനത്തിന്നു കുറവുവന്നത്. ഉ:- ഹീനജാതികൾ മാത്രം ക്രിസ്ത്യാനികളാകുന്നു എന്നു നിങ്ങൾ പറയുന്നതു നിങ്ങളുടെ അറിവില്ലായ്മകൊണ്ടല്ല. മനഃപൂർവ്വം നിന്ദിക്കേണമെന്നുള്ള വിചാരംകൊണ്ടാകുന്നു. എന്തുകൊണ്ടെന്നാൽ എത്രയോ ബ്രാഹ്മണർ ക്രിസ്തുമതം സ്വീകരിച്ചിരിക്കുന്നു. മു:- ഓഹോ, അതുംശരിതന്നെ. ഉപദേശിയാരേ മനുഷ്യർക്കു തെറ്റുപറ്റുക സാധാരണയാണ്' ബ്രാഹ്മണർക്കുവല്ല അപരാധംകൊണ്ടോമറ്റോ ഭ്രഷ്ട്ഭവിച്ചു ജാതിമാറ്റത്തിനുള്ള ആലോചനയിൽ ഇഹലോക സുഖസന്തോഷാദി നിയമം നിങ്ങളിൽ കാണുകയാൽ, ചേതം വന്നാലും ചിതംവരേണമെന്നു വിചാരിച്ചു നിങ്ങളിൽ ചേർന്നു എന്നല്ലാതെ, നിങ്ങളുടെ നിയമങ്ങളെ വായിച്ചും ഉപദേശങ്ങളെ കേട്ടും പരലോകഗുണം സിദ്ധിപ്പാനായി ക്രിസ്ത്യനികളായതാകുന്നു എന്നു ഊഹിപ്പാൻ തരമില്ലാതെ ഇരിക്കുന്നു. എന്തുകൊണ്ടെന്നാൽ നിങ്ങളുടെ നിയമങ്ങളെ സ്പർശിക്കുന്നതും, ശ്രവിക്കുന്നതും അശുദ്ധ ഹേതുവാകുന്നു എന്നു പറഞ്ഞു ബ്രാഹ്മണർ അകലെ മാറിപ്പോകുന്നതു സർവ്വസാധാരണയാണല്ലോ. അപ്പോൾ അങ്ങിനെ ഭ്രഷ്ട് ചെയ്തവനെ ബ്രാഹ്മണനെന്നു വിധിക്കാൻ പാടില്ലാത്തതിനാൽ, ബ്രാഹ്മണർ ക്രിസ്ത്യാനിയായതാകുന്നു എന്നു ഞാൻ പറയാഞ്ഞതാകുന്നു. മേൽ പറഞ്ഞ വീഴ്ചകളാൽ മണ്ടന്മാരായ മലയാളികളെ നിങ്ങൾ ജയിച്ചുവരുന്നതല്ലാതെ, മറ്റുള്ള രാജ്യങ്ങളിൽ നിന്നു അന്യമതക്കാരാൽ പ്രത്യേകിച്ചു മുസൽമാന്മാരാൽ അപ്പപ്പോൾ നിങ്ങൾക്കു കിട്ടിവരുന്ന തിരിച്ചടി എപ്രകാരമുള്ളതാണെന്നും അന്വേഷിച്ചു ഒന്നറിയേണ്ടതാണ്. ഈ മലയാള രാജ്യത്തിൽ ദുർല്ലഭമായുള്ള മുസൽമാൻമാരിൽ നിസ്സാരനായ ഞാൻ 1874ൽ ഈ കോഴിക്കോട്ടുനടപ്പായിരുന്ന 'കേരളോപകാരി'എന്ന പത്രികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന പരസ്യപ്രകാരം, ക്രിസ്തുമത വിദ്വാന്മാരിൽ ചിലർ എന്നോടു നേരിട്ടതും പിന്നെ, എന്റെ പ്രത്യുത്തരങ്ങളെ കണ്ടു വിഷഹാരിയെകണ്ട പാമ്പുപോലെ അകം പുക്കികളഞ്ഞതും കേട്ടിട്ടില്ലയോ? വിശേഷിച്ചു മത്തായി 74 പ്രകാരം നിങ്ങളുടെ കണ്ണുകളിൽ കോൽഇരിക്കവെ, ഹിന്ദുക്കളുടെ കണ്ണിലെ കരടിനെതെരഞ്ഞു, ശാസ്ത്രങ്ങളേയും ശാസ്ത്രകർത്താക്കളേയും വചനംകൊണ്ടും ലേഖനംകൊണ്ടും ആക്ഷേപിച്ചും നിന്ദിച്ചും വരുന്നതു, അന്യായവും അതിപ്രസംഗവും ആകുന്നു. യഥാർത്ഥത്തിൽ പ്രമാണ സാമ്യതകൊണ്ടു നിങ്ങൾ തമ്മിലധികം വ്യത്യാസം കാണുന്നില്ല. എങ്ങിനെ എന്നാൽ:-

യേശു ക്രിസ്തുവിനു സ്ത്രീ സേവ ഇല്ലായിരുന്നു എന്നും, ത്രിമൂർ ത്തികൾ സ്ത്രീ ചിത്തന്മാരായിരുന്നു എന്നും, ഉള്ള ഒരു വ്യത്യാസം മാത്രം കാണുന്നു. അതിനാൽ നിങ്ങളുടെ പ്രമാണങ്ങൾ പ്രകാരം യേശുക്രിസ്തുവിന്റെ ജനനം പുരുഷ ബീജം ചേരാതെ സ്ത്രീയിൽ നിന്നു മാത്രമാകകൊണ്ടു, പുരുഷത്വം ഉണ്ടാകുമോ എന്നുള്ള ശങ്ക പ്രത്യക്ഷത്തിൽ ഇരിക്കുന്നു. യഥാർത്ഥത്തിൽ ഈ പറയപ്പെട്ടവർ ആരും ദൈവമോ, ദൈവാംശമോ അല്ല. ദൈവമെന്നു വിചാരിപ്പാനുള്ള യോഗ്യത ഇവരിൽ തീരെ കാണുന്നില്ല. ദൈവാംശങ്ങളെന്നു വിചാരിപ്പാൻ വേദ ശാസ്ത്രങ്ങൾ അനുവദിക്കുന്നും ഇല്ല. സത്യസ്വരൂപനായ ആ പരമാർത്ഥദൈവം വേറെതന്നെ ഇരിക്കുന്നു. അവൻ ആദിമദ്ധ്യാന്ത വിഹീനനും, അഖണ്ഡനും, സംഭ്രയസ്ഥാനം ഇല്ലാത്തവനും, അപ്രത്യക്ഷനും, നിരാകാരനും, നിരൂപനും, നിഷ്‌ക്കളങ്കനും, നിഷ്‌ക്കാരണനും, നിരാധാരനും, സർവ്വാധാരനും, സർവ്വശക്തനും, സർവ്വവ്യാപിയും, വിശുദ്ധ ബ്രഹ്മവും, സ്വയം ഭൂവും ആകുന്നു. നിങ്ങളുടെ പഴയതും, പുതിയതും ആയ നിമിഷങ്ങളിലെ ഓരോ വചനങ്ങളെ ആ നിയമങ്ങളിലെ ഓരോ വചനങ്ങളെ കൊണ്ടു തന്നെ ന്യായം പറഞ്ഞു എണ്ണി എണ്ണി ദുർബ്ബലപ്പെടുത്തി കാണിക്കുന്നതിന്നു എനിക്കു നല്ല ധൈര്യമുണ്ട്. എന്തു ചെയ്യട്ടെ, ജീവിതത്തിനുള്ള പരിചിന്തനം കേവലം അനുവദിക്കുന്നതു കൊണ്ട് വ്യസനപൂർവ്വം ഇതാ വിരമിക്കുന്നു. ക്രിസ്തുമതത്തേയും ഹിന്ദുമതത്തേയും താരതമ്യപ്പെടുത്തുന്ന പട്ടിക ചീ. ക്രിസ്തുമതം ആരംഭത്തിൽ ഭൂമി ഇരുളും ജലവും കലർന്ന ഒരു വസ്തുവായിരുന്നു. ദൈവാത്മാവു വെള്ളങ്ങളുടെ മീതെ ആവസിച്ചിരുന്നു. മോശ ആദ്യ പുസ്തകം. 1ാം അധ്യായം. ആ പൊരുന്നിക്കൊണ്ടിരുന്ന ആത്മാവിൽ നിന്നു യേശു ക്രിസ്തുവിനെ മനുഷ്യ രൂപത്തിൽ പിതാവായ ദൈവം ജനിപ്പിച്ചു. ദൈവം തന്റെ പുത്രനായ യേശുക്രിസ്തുവിനെ സർവ്വത്തിനും അവകാശിയാക്കിവെച്ചു. റോമർ 1ാം അധ്യായം 2ാം വചനം. പരിശുദ്ധാത്മാവു പ്രാവുരൂപത്തിലാകുന്നു. എല്ലാ സൂക്ഷ്മ ധ്യാനത്താലും സ്വഭാവ പ്രകാരമുള്ള ഏക ദൈവത്തിൽ മൂർത്തികൾ മൂന്നുണ്ടെന്നു നിശ്ചയിപ്പാൻ നിർബന്ധിക്കുന്നു. പവിത്രചരിത്രം 1ാം ഖണ്ഡം. അപ്രത്യക്ഷനായ ദൈവത്തിൽ നിന്നും പുത്രനായ ദൈവം അനാദിയായി പുറപ്പെട്ടു. പരിശുദ്ധാത്മാവു പിതാവിൽ നിന്നും അനാദിയായി പുറപ്പെട്ടു. പവിത്ര ചരിത്രം. അവർ മൂവർക്കും പ്രത്യേക പ്രവൃത്തികൾ ഉണ്ടെന്നു ദൈവവചനം ഉണ്ട്. പവിത്രചരിത്രം. ഒന്നായ മൂന്നിനും പിതാക്കൾ ഇല്ല. യാക്കോബിനോടു പൊരുതുവാൻ ഒരു പ്രാവശ്യവും, ക്രിസ്തുരൂപത്തിൽ ഒരു പ്രാവശ്യവും, ഇങ്ങിനെ രണ്ടുപ്രാവശ്യം ദൈവം അവതരിച്ചു. മോശ ആദ്യ പുസ്തകം 32ാംമധ്യായം 24ഉം 25ഉം വചനങ്ങൾ. ദൈവമായ യേശുക്രിസ്തു യഹൂദരെ ഭയപ്പെട്ടു ഒളിച്ചുഓടി. യോഹ 11 ാം മധ്യായം 54ാം വചനം. ദൈവമായയേശുവെ യഹൂദർ പരിഹസിക്കുകയും അടിക്കുകയും തുപ്പുകയും ചെയ്തു. മത്തായി 27ാം അധ്യായം 30ാം വചനം. ത്രിയേക ദൈവത്തിൽ ഒന്നും, സമസ്വഭാവമുള്ളവനുമായ യേശു പാപികൾക്കുപകരം, ആ ത്രിയേകത്തിൽ ഒന്നായ ദൈവത്താൽ ശിക്ഷിക്കപ്പെട്ടു. യേശുക്രിസ്തു മരിച്ചു ജീവിച്ചുയർന്നിരിക്കുന്നു. ക്രിസ്തു ഇപ്പോഴും ജീവിച്ചിരിക്കുന്നു കാലാവസാനത്തിൽ വിസ്തരിപ്പാൻ വരും. യേശുക്രിസ്തു യഹൂദരാൽ കുരിശിക്കപ്പെട്ടു മരിച്ചു. ത്രിത്വത്തിൽ നിന്നും സമത്വമുള്ള ദൈവം താനുമായയേശു ക്രിസ്തു കിഴക്കുതിരിഞ്ഞു, അപ്രത്യക്ഷനായ ദൈവത്തെ പ്രാർത്ഥിച്ചിരുന്നു. ഇന്നും കിഴക്കുഭാഗത്തേക്കു തിരിഞ്ഞുതന്നെ നമസ്‌കരിക്കുന്നു. ദൈവവന്ദനയിൽ ഫിഡിൽ മുതലായ വാദ്ധ്യങ്ങളെ മീട്ടിവരുന്നു. സ്ത്രീ പുരുഷൻമാർ ഒന്നായികൂടുന്നു. ക്രിസ്തുമതക്കാരിൽ റോമൻ കത്തോലിക്ക സംഘക്കാർ സുവിശേഷങ്ങളെ തന്നെ ആധാരമാക്കി ക്രിസ്തുവിന്റെയും, മറിയയുടേയും ബിംബങ്ങളെ ആരാധിച്ചുവരുന്നു. ഗോതമ്പു പൊടിയിൽ ഉണ്ടാക്കപ്പെടുന്ന അപ്പത്തെ ക്രിസ്തുവിന്റെ മാംസമാണെന്നു സങ്കല്പിക്കുന്നു. ത്രിയേകത്വത്തെ ക്രിസ്തുമതക്കാരിൽ യൂനിട്ടെറിയൻ സംഘക്കാർ തീരം നിഷേധിക്കുന്നു.


ഹിന്ദുമതം ആദിയിൽ എല്ലാഭാഗത്തും വെള്ളമായിരുന്നു. നാരായണനെന്ന വിഷ്ണു ആ വെള്ളത്തിൽ മീതെ ആലുവൃക്ഷത്തിന്നിലയിൽ കിടന്നുറങ്ങിയിരുന്നു. ബ്രഹ്മാണ്ഡപുരാണം. ആ ഉറങ്ങിയിരുന്ന വിഷ്ണുഭഗവാന്റെ നാഭിയിൽ നിന്നു, പരമേശ്വരൻ ബ്രഹ്മാവിനെ സൃഷ്ടിച്ചു. ജഗദീശ്വരൻ ബ്രഹ്മാവിനെ മടിയിൽ വെച്ചു സൃഷ്ടിക്കുള്ള സകലപ്രവർത്തികളും ഞാൻ നിന്നിൽ ഏല്പിച്ചു എന്നു പറഞ്ഞു. ഭാരതം. പരമാത്മാവു ഹംസരൂപത്തിലാകുന്നു. ബ്രഹ്മാവു, വിഷ്ണു, മഹേശ്വരൻ എന്നിങ്ങിനെ മൂർത്തികൾ മൂന്നുണ്ടു. അവ മൂന്നും ബ്രഹ്മമാകുന്നു. വേദാന്തശാസ്ത്രം.

ഈശ്വരൻ രാജോഗുണ സംബ ന്ധം കൊണ്ടു ബ്രഹ്മാവായി. സത്വഗുണ സംബന്ധം കൊണ്ടു വിഷ്ണു ആയി. തമോഗുണസംബന്ധം കൊണ്ടു ശിവനായി. വേദാന്തശാസ്ത്രം. സൃഷ്ടി, സ്ഥിതി, സംഹാരം ഇങ്ങി നെ മൂന്നുപ്രവൃത്തികൾ ഉണ്ട്. വേദാന്തശാസ്ത്രം. ത്രിമൂർത്തികൾ മൂന്നിന്നും പിതാക്കൾ ഇല്ല. വേദാന്തശാസ്ത്രം ബ്രഹ്മാണ്ഡ പുരാണം. ഹയഗ്രീവൻ, ഹിരണ്യക ശിപു, സഹസ്രബാഹു, രാവണൻ, ഗണേശൻ ഇവരെ വധിപ്പാനും മറ്റും സാക്ഷാൽ ബ്രഹ്മാവ് പല പ്രാവശ്യം അവതരിച്ചു. പരമേശ്വരൻ എന്ന ശിവൻ ഭസ്മാസുരനെ ഭയപ്പെട്ടു പാഞ്ഞു ഒളിച്ചു. അനന്തപുരാണം. സദാശിവന്റെ ഭാര്യ വീട്ടിലെ സ്ത്രീകൾ ഹിമാലയ പർവ്വതത്തിനു സമീപം വെച്ചു ശിവനെ നിലത്തിട്ടു വലിക്കുകയും തല്ലുകയും നുള്ളുകയും ചെയ്തു. ശിവപുരാണം. ത്രിമൂർത്തികളിൽ ഒന്നായ ബ്രഹ്മാ വു, കൂത്തുസഭയിൽ വെച്ചു ത്രിമൂർ ത്തികളിൽ ഒന്നായ മഹേശ്വരനാൽ ശിക്ഷിക്കപ്പെട്ടു. ബ്രഹ്മാണ്ഡപുരാണം. ശ്രീകൃഷ്ണൻ മരിച്ചുകൃതായുഗത്തിൽ നാലു പ്രാവശ്യവും, ത്രേതായുഗത്തിൽ മൂന്നുപ്രാവശ്യവും ദ്വാപരയുഗത്തിൽ 2 പ്രാവശ്യവും, ഇങ്ങിനെ ഒമ്പതുപ്രാവശ്യം അവതരിച്ചു കൃഷ്ണൻ ജീവിച്ചിരിക്കുന്നു. കലിയുഗാവസാനം സിംലാ എന്ന രാജ്യത്തു ഒരു വൈഷ്ണവ ബ്രാഹ്മണന്റെ വീട്ടിൽ കൽക്കിയായവതരിക്കും. കൃഷ്ണൻ സാഗരതീരത്തു വെച്ചു കാട്ടാളന്റെ അസ്ത്രം ഏറ്റുമരിച്ചു. കൃഷ്ണപാട്ട് സ്വർഗ്ഗാരോഹണം. വിഷ്ണു ഭഗവാനും മറ്റും കിഴക്കു ഭാഗം തിരിഞ്ഞു കാൺമാൻ കഴിയാത്ത ദൈവത്തെ പ്രാർത്ഥിച്ചിരുന്നു. ഭാരതം ഇന്നും കിഴക്കു ഭാഗത്തേക്കു തിരിഞ്ഞുതന്നെ നമസ്‌കരിക്കുന്നു. പൂജാ കർമ്മത്തിൽ ചെണ്ട മുതലായ വാദ്യങ്ങളെഘോഷിക്കുന്നു. സ്ത്രീ പുരുഷൻമാർ ഒന്നായിക്കൂടുന്നു. ഹിന്ദുക്കളിൽ അജ്ഞാനികൾ ശാസ്ത്രിവധികളെ തന്നെരേഖയാക്കി, ശിവലിംഗം മുതലായ ശിലാമയ ബിംബങ്ങളെ പൂജിച്ചുവരുന്നു. കല്ലുകൊണ്ടു ഉണ്ടാക്കിയ ലിംഗരൂപത്തെ ശിവന്റെ ലിംഗമാണെന്നു സങ്കല്പിക്കുന്നു. ത്രിമൂർത്തികളെ മീമാംസ ഗോത്രക്കാർ കേവലം നിരസിക്കുന്നു.

"https://ml.wikisource.org/w/index.php?title=കഠോരകുഠാരം&oldid=154859" എന്ന താളിൽനിന്ന് ശേഖരിച്ചത്