Jump to content

ഓമനത്തിങ്കൾക്കിടാവോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഓമനത്തിങ്കൾക്കിടാവോ (ഇരയിമ്മൻ തമ്പി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓമനത്തിങ്കൾക്കിടാവോ

രചന:ഇരയിമ്മൻ_തമ്പി
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ഓമനത്തിങ്കൾ കിടാവോ എന്ന ലേഖനം കാണുക.

രാഗം : നീലാംബരി

മനത്തിങ്കൾക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ?

പൂവിൽ നിറഞ്ഞ മധുവോ - പരി
പൂർണ്ണേന്ദു തന്റെ നിലാവോ?

പുത്തൻ പവിഴക്കൊടിയോ - ചെറു
തത്തകൾ കൊഞ്ചും മൊഴിയോ?

ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?

തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ?

ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ?

പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ?

വാത്സല്യരത്നത്തെ വയ്പാൻ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ?

ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ?

കീർത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ?

ആർത്തിതിമിരം കളവാൻ - ഉള്ള
മാർത്താണ്ഡദേവപ്രഭയോ?

സൂക്തിയിൽ കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ?

വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതിൽ പൂത്ത പൂവല്ലി?

പിച്ചകത്തിൻ മലർച്ചെണ്ടോ - നാവി-
ന്നിച്ഛ നൽകും നൽക്കൽക്കണ്ടോ?

കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കൾക്കുള്ള ഗുണമോ?

പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നിൽക്കലർന്നോരു മാറ്റോ?

കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ?

നന്മ വിളയും നിലമോ - ബഹു
ധർമ്മങ്ങൾ വാഴും ഗൃഹമോ?

ദാഹം കളയും ജലമോ - മാർഗ്ഗ
ഖേദം കളയും തണലോ?

വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ?

കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ?

ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാർവർണ്ണൻ തന്റെ കണിയോ?

ലക്ഷ്മീഭഗവതി തന്റെ - തിരു
നെറ്റിമേലിട്ട കുറിയോ?

എന്നൂണ്ണിക്കൃഷ്ണൻ ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ?

പദ്മനാഭൻ തൻ കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ?

"https://ml.wikisource.org/w/index.php?title=ഓമനത്തിങ്കൾക്കിടാവോ&oldid=147042" എന്ന താളിൽനിന്ന് ശേഖരിച്ചത്