ഓണപ്പൂക്കൾ/മനുഷ്യൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ന്മജന്മാന്തരപുണ്യപ്പൂവല്ലിതൻ-
പൊൻമലരാണത്രേ മർത്ത്യജന്മ.
തുഷ്ടിയാർന്നീശ്വരൻ തൻപ്രതിരൂപമായ്
സൃഷ്ടിച്ചതാണുപോൽ മാനുഷനെ.
നേരാണതെങ്കിലോ, നൂന, മാദൈവത്തിൻ-
പേരുകേട്ടാൽ മതി പേടിയാവാൻ.
നിസ്സാരനീ നരനുപോലുമിമ്മട്ടൊരു
നിസ്സീമസംഹാരമൂർത്തിയായാൽ,
ശപ്തമാം തൽസർഗ്ഗസിദ്ധിയ്ക്കു താങ്ങായ
ശക്തിതൻശക്തിയെന്തായിരിയ്ക്കും!

പാഷാണമാത്രാത്മസത്ത്വനാം ഭികര-
പാതകമൂർത്തിയാമിമ്മനുഷ്യൻ,
ദൈവപ്രതിരൂപമാണെങ്കി, ലത്തരം
ദൈവത്തിനെപ്പിന്നെയാർക്കുവേണം?
മർത്ത്യനോ മൂഢനാ, ണായിട, ട്ടൊന്നോർക്കിൽ
മർത്ത്യനേക്കാൾ മൂഢനീശ്വരന്താൻ;
ആ മർക്കടത്തിന്റെ കൈയി, ലീലോകമാം
പൂമാല, യല്ലെങ്കി, ലെന്തിനേകി?
ആ വെട്ടുപോത്തിൻചെവിയിലോ, ശാന്തിതൻ
പാവനവേദമേ, നിൻപതനം?

മണ്ണട്ടതൊട്ടു പലേപലേ ജന്മങ്ങൾ
മന്നിലെടുത്തെടുത്തങ്ങൊടുവിൽ,
മർത്ത്യരൂപത്തെയാത്മാവു കൈക്കൊൾവതീ
രക്തപാനത്തിനാണെന്നിരിയ്ക്കിൽ,
ജന്മങ്ങൾതൻചങ്ങലയിലൊടുവിലെ-
ക്കണ്ണിയായെണ്ണുമീ മർത്ത്യജന്മം,
മറ്റൊരു ജീവിയും ചെയ്യാത്തധർമ്മങ്ങൾ
മുറ്റിത്തഴയ്ക്കുവാൻ മാത്രമെങ്കിൽ,
ദിഗ്ജയംചെയ്തു മദിച്ചിടും മർത്ത്യതേ,
ലജ്ജതോന്നുന്നു നിൻനേരെ നോക്കാൻ!

ജീവജാലങ്ങളിലൊക്കെയൽപാൽപമായ്
താവിയിട്ടുള്ളത്തമോമയാംശം
ഒന്നിച്ചുകൂട്ടിക്കലർത്തിക്കരുപ്പിടി-
ച്ചൊന്നദ്യമീശ്വരൻ വാർത്തുനോക്കി
ഒത്തി,ല്ലതാണു ചെകുത്താ, നവനില-
ന്നൊട്ടിപ്പിടിച്ചില്ലസൂയമാത്രം!
എന്ന, 'ല്ലിളമ്പത' മാകയാ, ലുള്ളിനു
വന്നീല വേണ്ടത്ര കാഠിന്യവും!
അക്കുറവൊക്കെപ്പരിഹരി, ച്ചന്ത്യത്തി-
ലിക്കാണും മർത്ത്യനെത്തീർത്തു ദൈവം.
ചെന്നായ, ചീങ്കണ്ണി, പോത്തു, ചീറ്റപ്പുലി,
പന്നി, പാ, മ്പോന്തൊ, ക്കെയുണ്ടവനിൽ!
സ്രഷ്ടാവുപോലും ഭയം മൂലമായിടാം
വിട്ടുകൊടുത്തവനു വിശ്വം!

ആദർശഗംഗയ്ക്കുറവായിവർത്തിച്ചൊ-
രാദികവിതൻ വിശുദ്ധ ചിത്തം,
ബന്ധുരരാഘവസീതാദി ചിത്രങ്ങ-
ലേന്തിനീ മണ്ണിൽ വരച്ചുകാട്ടി?
എല്ലാരു കണ്ടിട്ടു, ണ്ടെല്ലാരും കാണുന്നു
ണ്ടുല്ലാസപൂർവ്വമാ രാഘവനെ;
എന്നാൽ, ശ്ശതാബ്ദങ്ങളെത്ര ശ്രീരാമനെ
മന്നിലിതുവരെക്കണ്ടുമുട്ടി?
ഒന്നല്ല, പത്തല്ലൊ, രായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ!
ലാലസിച്ചീടുന്നിതായിരം വേശ്യകൾ
ശീലാവതീകഥ പാടിപ്പാടി!
ജീവൻ മദിപ്പൂ സുഖമദിരാപ്തിയിൽ
നാവിലോ, ഗീത തപസ്സുചെയ്വൂ!
മഗളാദർശമയൂഖശതങ്ങളേ,
നിങ്ങളലയുന്നു കൂരിരുളിൽ!
ആളില്ല നിങ്ങളെ പ്രാണനിൽച്ചേർത്തണ-
ച്ചാലിംഗനംചെയ്യാനിന്നുലകിൽ!

ചെന്നായകൂടിയും മറ്റു ചെന്നായിനെ-
ക്കൊന്നുതിന്നട്ടഹസിപ്പതില്ല.
മർത്ത്യനൊ, മർത്ത്യനു രക്തം കുടിയ്ക്കണം
മർത്ത്യന്റെ-ബുദ്ധിമാനല്ലി മർത്ത്യൻ?
എല്ലാമവന്റെയാ, ണീശ്വരൻകൂടിയും
പുല്ലാണവ, നെന്തു കേമൻ!
ആകാശദേശത്തു, മാഴിയ്ക്കടിയിലു-
മാകുമവന്നു പോയ് വേട്ടയാടാൻ!
രക്തം കടയ്ക്കലൊഴിച്ചൊഴിച്ചങ്ങനെ
ശക്തിദ്രുമത്തിനു വേരുറച്ചാൽ,
ചന്തത്തിൽ ശാഖോപശാഖകൾ ചേർന്നതു

പന്തലിച്ചങ്ങനെ ലാലസിച്ചാൽ,
വിശ്രമിയ്ക്കാമല്ലോ ലോകത്തി, നായതിൻ-
വിദ്രുമശീതളച്ഛായയിങ്കൽ!
എന്തിത്ര വെമ്പൽ, നിനക്കായി ലോകമേ,
സുന്ദരസ്വപ്നങ്ങൾ കാത്തുനിൽപൂ!
അൽപവും കൂടി ക്ഷമിയ്ക്കു, കുൽക്കർഷത്തിൻ-
തൽപമവനിപ്പോൾ സജ്ജമാക്കും
ശാന്തിതൻപട്ടു വിരിയ്ക്കുവാനാണവ-
നേന്തി നിൽക്കുന്നതാ രക്തഖഡ്ഗം.
സുന്ദരസ്വപ്നങ്ങൾ കാൺകെ, യവനോടു
നന്ദിയോതാൻ, നീ മറക്കരുതേ! ....
                        3-10-1119
       2

ടിയന്റെ വീട്ടിലെപ്പട്ടിണി തീർക്കുവാ-
നവിടുത്തേയ്ക്കാവില്ല തമ്പുരാനേ!
അതുപോക്കാൻ കഴിവുള്ളോൻ മുകളിലാ, ണദ്ദേഹ-
മറിയില്ലതെങ്കിലോ, വേണ്ട പോട്ടെ!
അഗതികളടിയങ്ങളടിയട്ടേ ചുടുകാട്ടി-
ലതുകൊണ്ടീ ലോകത്തിനെന്തു ചേതം?
അവിടുത്തേയ്ക്കിതുവിധം തിരുവുള്ളക്കേടിനൊ-
രപരാധമടിയനെന്താചരിച്ചു?
പരമാർത്ഥമറിയാതെ പലരോതും മൊഴിക്കേട്ടി-
പ്പഴിയെല്ലാമടിയന്റെ തലയിൽ വെച്ചാൽ,
സകലതും കാണുവാൻ മിഴിയുള്ളോരുടയോനു
സഹിയില്ലതൊരുനാളും തമ്പുരാനേ!
                        7-4-1113

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/മനുഷ്യൻ&oldid=36115" എന്ന താളിൽനിന്ന് ശേഖരിച്ചത്