ഓണപ്പൂക്കൾ/പ്രസ്താവന
പ്രസ്താവന
"മാതൃഭൂമി ആഴ്ചപ്പതിപ്പി" ലെ ഏതോ ഒരു പുസ്തകാഭിപ്രയോദ്യോഗസ്ഥൻ 'ഓണപ്പൂക്കൾ' ജന്മമെടുത്ത കാലത്തു ഒരു "തലക്കുറി" യെഴുതി വിടുകയുണ്ടായി... ഓണവും തിരുവാതിരയും കഴിഞ്ഞ് വിഷുവരെയെങ്കിലും വാടാതിരിക്കുവാൻ ഓണപ്പൂക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ നിരാശപ്പെടേണ്ടതായിട്ടില്ലെന്ന്. അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ദീർഘദർശനത്തിൽ ഞാൻ അശേഷം സംശയാലുവായിരുന്നില്ല. പക്ഷേ അടുത്ത ഓണത്തിനുമുൻപുതന്നെ അവയെ വീണ്ടും പുതുക്കിക്കാണുവാൻ വെമ്പൽകൊള്ളുന്ന കേരളീയ സഹൃദയത്വത്തെ ചോദ്യം ചെയ്യുവാൻ കൃതജ്ഞതാകുലമായ എന്റെ ഹൃദയത്തിന് അൽപം മടിയുണ്ട്. ഈ ഇടനിലയിൽ, എങ്ങനെയായാലും കാലത്തേയും ലോകത്തേയും വിശ്വസിക്കുന്ന ഒരു കലാകാരൻ ഒട്ടുംതന്നെ അന്ധാളിക്കേണ്ടതായിട്ടില്ല. എന്തുകൊണ്ടെന്നാൽ അവന്റെ ആത്മസത്തയുടെ അംശങ്ങളാണ് അവന്റെ കലാസൃഷ്ടികളെങ്കിൽ എത്രയെത്ര കൊടുങ്കാറ്റുകളേയും അവ അതിജീവിച്ചുകൊള്ളും.
മംഗളോദയം
തൃശൂർ
6-11-1120 ചങ്ങമ്പുഴ കൃഷ്ണപിള്ള.