ഒന്നേയുള്ളെനിക്കാനന്ദം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഒന്നേയുള്ളെനിക്കാനന്ദമുലകിൽ

രചന:എം.ഇ. ചെറിയാൻ

പല്ലവി

ഒന്നേയുള്ളെനിക്കാനന്ദമുലകിൽ യേശുവിൻ സന്നിധി അണയുവതെ
അനുപല്ലവി
അന്നേരം മമ മാനസ ഖേദം ഒന്നായകലും വെയിലിൽ ഹിമം പോൽ

ചരണങ്ങൾ

 
മാനം ധനമീ മന്നിൻ മഹിമകളൊന്നും ശാന്തിയെ നൽകാതെ
ദാഹം പെരുകും തണ്ണീരൊഴികെ ലോകം വേറെ തരികില്ലറിക

നീർത്തോടുകളിൽ മാനെപ്പോലെൻ മാനസമീശനിൽ സുഖം തേടി
വറ്റാ ജീവജലത്തിൻ നദിയെൻ വറുമൈയകറ്റി നിർവൃതിയരുളി

തൻ ബലിവേദിയിൽ കുരികിലും മീവലും വീടും കൂടും കണ്ടതുപോൽ
എൻ ബലമാം സർവ്വേശ്വരനിൽ ഞാൻ സാനന്ദമഭയംതേടും സതതം

കണ്ണുനീർ താഴ്-വര ഉണ്ടെനിക്കനവധി മന്നിൽ ജീവിത പാതയതിൽ
എന്നാലും ഭയമെന്തിനെന്നരികിൽ നന്നായവൻ കൃപ മഴപോലെ ചൊരികിൽ.