Jump to content

ഐതിഹ്യമാല/പാഴൂർ പെരുംതൃക്കോവിൽ 2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ഐതിഹ്യമാല/പാഴൂർ പെരുംതൃക്കോവിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐതിഹ്യമാല
രചന:കൊട്ടാരത്തിൽ_ശങ്കുണ്ണി
പാഴൂർ പെരുംതൃക്കോവിൽ 2


ബ്രിട്ടീ‌ഷ് മലബാറുകാരനായ ഒരു നമ്പൂരിക്ക് ഒരു ജ്യോത്സ്യൻ എഴുതിക്കൊടുത്ത ജാതകത്തിൽ അദ്ദേഹത്തിനു മുപ്പത്തിരണ്ടാമത്തെ വയസ്സിൽ വലിയ ഗ്രഹപ്പിഴയും ഒരു ദശാവസാനമാകയാൽ അതിലധികകാലം അദ്ദേഹം ജീവിച്ചിരിക്കുകയില്ലെന്ന് എഴുതിയിരുന്നു. അതിനാൽ മുപ്പത്തിരണ്ടു വയസ്സായപ്പോൾ നമ്പൂരിക്കു വലിയ വിചാരമായി. എങ്കിലും ജ്യോത്സ്യന്മാർ എഴുതിക്കൊടുക്കുന്ന ജാതകങ്ങളെല്ലാം ശരിയായിരിക്കാറില്ലല്ലോ. ചിലതു തെറ്റിപ്പോകാറുമുണ്ട്. അതിനാൽ "ഈ ജാതകം പ്രസിദ്ധ ജ്യോത്സ്യനും ദൈവജ്ഞനുമായ പാഴൂർ കണിയാരെക്കൊണ്ട് ഒന്നു പരിശോധിപ്പിക്കണം" എന്നു വിചാരിച്ചു നമ്പൂരി ജാതകവും കൊണ്ടു പാഴൂർക്കു പോയി. നമ്പൂരി കണിയാരുടെ പടിപ്പുരയിലെത്തിയത് ഒരു ദിവസം പകലേ നാലു മണി കഴിഞ്ഞതിന്റെ ശേ‌ഷമായിരുന്നു. ഉടനെ കണിയാരെക്കണ്ടു വിവരമെല്ലാം പറഞ്ഞു. കണിയാർ നമ്പൂരിയെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് മരണലക്ഷണം പരിപൂർണ്ണമായി തെളിഞ്ഞിരുന്നതിനാൽ അദ്ദേഹം അന്നുതന്നെ മരിക്കുമെന്നും അധികം താമസിച്ചാൽ അവിടെക്കിടന്നുതന്നെ മരിച്ചേക്കുമെന്നും തോന്നുകയാൽ കണിയാർ "ഇന്നു നേരം വൈകിയല്ലോ. ജാതകം നാളെ പരിശോധിക്കാം. ഇന്നു എവിടെയെങ്കിലും എഴുന്നള്ളി താമസിച്ചിട്ടു നാളെ ഇങ്ങോട്ടെഴുന്നള്ളിയാൽ മതി" എന്നു പറഞ്ഞു. "എന്നാൽ നാളെ വരാം" എന്നു പറഞ്ഞു നമ്പൂരി അപ്പോൾ തന്നെ അവിടെ നിന്നും പോയി.

അദ്ദേഹം നേരെ പെരുംതൃക്കോവിലേക്കാണു പോയത്. അദ്ദേഹം പുഴയിലിറങ്ങി കുളിയും സന്ധ്യാവന്ദനവും കഴിച്ച് അമ്പലത്തിലേക്കു ചെന്നു. നടയിൽ ചെന്നു ശിവദർശനം കഴിച്ചു. അപ്പോഴേക്കും മഴ ആരംഭിച്ചു. അക്കാലത്തു പെരുംതൃക്കോവിൽ ക്ഷേത്രം ഇടിഞ്ഞുപൊളിഞ്ഞും കെട്ടിമേച്ചിൽ കഴിക്കാതെ നനഞ്ഞൊലിച്ചുമാണു കിടന്നിരുന്നത്. നനയാതെ നിൽക്കാൻ അവിടെയെങ്ങും അല്പം പോലും സ്ഥലമുണ്ടായിരുന്നില്ല. അതു കണ്ടപ്പോൾ നമ്പൂരിക്കു വളരെ മനസ്താപമുണ്ടായി. "നല്ലൊരു ശിവക്ഷേത്രം. ഇതിങ്ങനെ അനാഥസ്ഥിതിയിലായിപ്പോയതു കഷ്ടം തന്നെ." എന്നു വിചാരിച്ചുകൊണ്ട് അദ്ദേഹം അവിടെ അടുക്കലുണ്ടായിരുന്ന ഒരു നമ്പൂരിയുടെ ഇല്ലത്തു ചെന്ന് അത്താഴം കഴിച്ച് അവിടെ കിടന്നു. എങ്കിലും ഈ ക്ഷേത്രത്തിന്റെ സ്ഥിതി വിചാരിച്ചിട്ട് അദ്ദേഹത്തിന് ഉറക്കം വന്നില്ല. നമ്പൂരി വലിയ ധനികനായിരുന്നു. അതിനാൽ അദ്ദേഹം ഈ ക്ഷേത്രം താമസിയാതെ ജീർണ്ണോദ്ധാരണം കഴിച്ചു നനയാതെയാക്കണം എന്നു മനസ്സു കൊണ്ട് തീർച്ചയാക്കി. അപ്പോഴേക്കും നേരവും വെളുത്തു. ഉടനെ നമ്പൂരി എഴുന്നേറ്റു പോയി അമ്പലക്കടവിൽ ചെന്നു കുളിയും നിത്യകർമ്മാനുഠാനങ്ങളും കഴിച്ച് അമ്പലത്തിൽ ചെന്ന് അന്നും ശിവനെ വന്ദിച്ചിട്ടു കണിയാരുടെ അടുക്കലെത്തി. നമ്പൂരിയെ കണ്ടപ്പോൾ കണിയാർ ഏറ്റവും വിസ്മയിച്ചു. അദ്ദേഹം തലേ ദിവസം രാത്രിയിൽത്തന്നെ മരിക്കുമെന്നും പിന്നെയും അങ്ങോട്ടു ചെല്ലുക ഉണ്ടാവുകയില്ലെന്നുമായിരുന്നു കണിയാർ വിചാരിച്ചിരുന്നത്. അതിനാൽ കണിയാർ നമ്പൂരിയോട് "ഇന്നലെ ഇവിടെ നിന്നു എഴുന്നള്ളിയതിന്റെ ശേ‌ഷം തിരുമനസ്സുകൊണ്ട് എന്തോ വലിയതായ ഒരു പുണ്യകർമ്മം ചെയ്യുകയുണ്ടായല്ലോ; അതെന്താണ്?" എന്നു ചോദിച്ചു.

നമ്പൂരി: ഞാൻ വിശേ‌ഷിച്ചൊന്നും ചെയ്യുകയുണ്ടായില്ല. ഇവിടെനിന്നു പോയിട്ട് പുഴയിലറങ്ങി കുളിച്ചു സന്ധ്യാവന്ദനവും ക്ഷേത്രത്തിൽ കയറി ശിവദർശനവും കഴിച്ചതിന്റെ ശേ‌ഷം ഒരു നമ്പൂരിയുടെ ഇല്ലത്തു ചെന്നു അത്താഴവും കഴിച്ച് അവിടെ കിടന്നു. ഇന്നു നേരത്തെ എണീറ്റു കുളിയും നിത്യകർമ്മവും ശിവദർശനവും കഴിച്ച് ഇങ്ങോട്ട് പോരികയും ചെയ്തു. അല്ലാതെയൊന്നുമുണ്ടായില്ല.

കണിയാർ: ഇതുകൊണ്ടു മതിയായില്ല. ദേഹം കൊണ്ടല്ലെങ്കിൽ മനസ്സു കൊണ്ടെങ്കിലും ഇന്നലെ വലിയതായ ഒരു പുണ്യകർമ്മം ചെയ്തിരിക്കണം.

നമ്പൂരി: മനസ്സു കൊണ്ടു ഒരു കാര്യം ഇന്നലെ ചെയ്യുകയുണ്ടായി. അതെന്തെന്നു പറയാം. ഇവിടെയുള്ള പെരുംതൃക്കോവിൽ ക്ഷേത്രം ഇടിഞ്ഞു പൊളിഞ്ഞു നനഞ്ഞൊലിച്ചു കിടക്കുന്നതു കണ്ടിട്ട് എനിക്കു ദുസ്സഹമായ സങ്കടമുണ്ടായി. രാത്രിയിൽ കിടന്നിട്ട് എനിക്ക് ഈ വിചാരം കൊണ്ട് ഉറക്കംവന്നില്ല. അതിനാൽ താമസിയാതെ ഈ ക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്യിച്ചേക്കാമെന്നു ഞാൻ മനസ്സു കൊണ്ടു തീർച്ചപ്പെടുത്തി. അതിനു വേണ്ടുന്ന സ്വത്ത് എനിക്ക് ഈശ്വരൻ ഉണ്ടാക്കിത്തന്നിട്ടുണ്ട്. എനിക്കതൊരു അസാദ്ധ്യമായ കാര്യമായി തോന്നുന്നില്ല.

കണിയാർ: മതി. ധാരാളമായി. അവിടേക്കു ജാതകമെഴുതിത്തന്ന ജ്യോത്സ്യൻ ഒട്ടും നിസ്സാരനല്ല. അവിടുന്ന് ഇന്നലെ മരിക്കേണ്ടതായിരുന്നു. ശിവദർശനം കഴിക്കാൻ സംഗതിയാവുകയും ശിവക്ഷേത്രം പണിയിക്കാമെന്നു നിശ്ചയിക്കുകയും ചെയ്തതുകൊണ്ടാണ് ഇന്നലെ മരിക്കാഞ്ഞത്. നിശ്ചയിച്ചിട്ടുള്ളതു പോലെ ആ ക്ഷേത്രം പണി ഉടനെ നടത്തിച്ചാൽ നൂറുവയസ്സു വരെ അവിടേക്കു മരണം ഉണ്ടാകില്ലെന്നുള്ള കാര്യം നിശ്ചയമാണ്. ഇനി ജാതകം പരിശോധിക്കയും മറ്റും വേണമെന്നില്ല.

കണിയാരുടെ ഈ വാക്കു കേട്ടപ്പോൾ നമ്പൂരിക്കു വളരെ സന്തോ‌ഷമുണ്ടായി. പാഴൂർ കണിയാരെക്കുറിച്ച് അദ്ദേഹത്തിനു നല്ല വിശ്വാസമുണ്ടായിരുന്നതിനാൽ പിന്നെ ഒട്ടും സംശയിക്കാതെ കണിയാരോട് യാത്രയും പറഞ്ഞു സ്വദേശത്തേക്കു പോവുകയും അധികം താമസിയാതെ ക്ഷേത്രം പണിക്കു വേണ്ടുന്ന പണവും കൊണ്ടു വീണ്ടും പാഴൂരെത്തി ക്ഷേത്രം പണി ഭംഗിയായി നടത്തിക്കുകയും ചെയ്തു. കണക്കിനു സ്വല്പം വ്യത്യാസമുണ്ടെങ്കിലും അദ്ദേഹം പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം പണിയിച്ചത് വൈക്കത്തു പെരുംതൃക്കോവിൽക്ഷേത്രത്തിന്റെ മാതൃകയിലാണ്. ആ ക്ഷേത്രം പിന്നെയും കാലാന്തരത്തിൽ ഊരാളൻമാർ ജീർണ്ണോദ്ധാരണം ചെയ്യിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും മാതൃക മാറ്റിയിട്ടില്ല. ഇപ്പോഴും അത് വൈക്കത്തു പെരുംതൃക്കോവിൽ ക്ഷേത്രത്തിന്റെ മാതൃകയിൽത്തന്നെയാണ് ഇരിക്കുന്നത്. ആ മാതൃകയിൽ ആ അമ്പലം പണികഴിപ്പിച്ച നമ്പൂരി മരിച്ചത് നൂറു വയസ്സു തികഞ്ഞതിൽപ്പിന്നെയാണത്രെ.