എൻ യേശു എൻ സംഗീതം എൻ ബലമാകുന്നു

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 
എൻ യേശു എൻ സംഗീതം എൻ ബലമാകുന്നു
താൻ ജീവന്റെ കിരീടം എനിക്ക് തരുന്നു
തൻ മുഖത്തിൻ പ്രകാശം ഹാ എത്ര മധുരം
ഹാ, നല്ലോരവകാശം എന്റേത് നിശ്ചയം

എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
എനിക്ക് വിപരീതം ആയ കൈയ്യെഴുത്തു
തൻ ക്രൂശിൻ തിരു രക്തം മായിച്ചു കളഞ്ഞു
ശത്രുത തീർത്തു സ്വഗ്ഗം എനിക്ക് തുറന്നു

എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
എൻ ഹൃദയത്തിൻ ഖേദം ഒക്കെ താൻ തീർക്കുന്നു
എൻ വഴിയിൽ പ്രയാസം ഞെരുക്കം സങ്കടം
വരുമ്പോൾ നല്ലാശ്വാസം യേശുവിൻ മാർവിടം

എൻ യേശു എൻ സംഗീതം എൻ ബലം ആകുന്നു
തൻ വരവ് സമീപം നേരം പുലരുന്നു
ദിവ്യ മഹത്വത്തോട് താൻ വെളിപ്പെട്ടീടും
ഈ ഞാനും അവനോടു കൂടെ പ്രകാശിക്കും

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]