എന്റെ സമ്പത്തെന്നു ചൊല്ലുവാൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

എന്റെ സമ്പത്തെന്നു ചൊല്ലുവാൻ – വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെ വെന്നുയിർത്തവൻ വാന ലോകമതിൽ ചെന്നു
സാധുവെന്നെയോർത്തു നിത്യം താതനോട് യാചിക്കുന്നു

ക്രൂശിൽ മരിച്ചീശനെൻ പേർക്കായ് വീണ്ടെടുത്തെന്നെ
സ്വർഗ്ഗ കനാൻ നാട്ടിൽ ആക്കുവാൻ
പാപം നീങ്ങി ശാപം മാറി മൃത്യുവിന്മേൽ ജയമേകി
വേഗം വരാമെന്നുരച്ചിട്ടാമയം തീർത്താശ നല്കി

നല്ല ദാസൻ എന്ന് ചൊല്ലും നാൾ തന്റെ മുമ്പാകെ
ലജ്ജിതനായ്‌ തീർന്നു പോകാതെ
നന്ദിയോടെൻ പ്രിയൻ മുൻപിൽ പ്രേമ കണ്ണീർ ചൊരിഞ്ഞിടാൻ
ഭാഗ്യമേറും മഹോത്സവ വാഴ്ച്ചകാലം വരുന്നല്ലോ

എന്റെ രാജാവെഴുന്നള്ളുമ്പോൾ തന്റെ മുൻപാകെ
ശോഭയേറും രാജ്ഞിയായി തൻ -
മാർവിലെന്നെ ചേർത്തിടും തൻ പൊന്നു മാർവ്വിൽ മുത്തിടും ഞാൻ
ഹാ! എനിക്കീ മഹാ ഭാഗ്യം ദൈവമേ നീ ഒരുക്കിയേ

കുഞ്ഞാടാകും എന്റെ പ്രിയന്റെ സിയോൻ പുരിയിൽ
ചെന്നു ചേരാൻ ഭാഗ്യമുണ്ടെങ്കിൽ
ലോകമെന്നെ പകച്ചാലും ദേഹമെല്ലാം ക്ഷയിച്ചാലും
ക്ലേശമെന്നിൽ ലേശമില്ലാതീശനെ ഞാൻ പിൻ തുടരും

പുറംകണ്ണികൾ[തിരുത്തുക]