ഉത്തരരാമായണം കിളിപ്പാട്ട്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഒന്നാം അദ്ധ്യായം

ശ്രീരാമ!രാമ!രാമ!ശ്രീരാമ!രാമ!രാമ!

ശ്രീരാമ!രാമ!രാമ!ശ്രീരാമ!രാമ!രാമ!

നാരായണായ നമോ നാരായണായ നമോ

നാരായണായ നമോ നാരായണായ നമോ

ശ്രീരാമ പാദഭക്തികൊണ്ടു ശുദ്ധാത്മാവായ

ശാരികപ്പൈതലേ നീചൊല്ലെടോ രാമായണം

ചൊല്ലുവനെങ്കിൽ കേട്ടുകൊള്ളുവിനെല്ലാവരും

നല്ലസൽക്കഥയിതു കല്യാണപ്രദമല്ലോ

ഉത്തരരാമായണം വാല്മീകിമുനിപ്രോക്തം

ഉത്തമോത്തമമിദം മുക്തിസാധനം പരം.

'അഗസ്ത്യാദികളുടെ വരവ്

രാവണാദ്യഖിലരക്ഷോഗണവധം ചെയ്തു

ദേവകളാലുമഭിപൂജിതനായ രാമൻ

ദേവിയുമനുജനും വാനരപ്പടയുമായ്

സേവകജനവുമായ് പുഷ്പകം കരയേറി

വേഗമോടയോദ്ധ്യപുക്കഭിഷേകവും ചെയ്തു

ലോകങ്ങൾ പതിന്നാലും പാലിച്ചു വാഴുങ്കാലം

നാനാദേശങ്ങൾ തോറും വാണിടും മുനിജനം

മാനവവീരൻ തന്നെ കാണ്മാനായ് വന്നാരല്ലോ.

വാസവദിക്കിൽ നിന്നു വന്നിതു കണ്വാദികൾ

 കൗശികാഗസ്ത്യാദികൾ ദക്ഷിണദിക്കിൽ നിന്നും

പശ്ചിമ ദിക്കിൽനിന്നു വന്നിതു ധൗമ്യാദികൾ

വിശ്വാമിത്രനും ജമദഗ്നിയും ഗൗതമനും

അത്രി കാശ്യപൻ ഭരദ്വാജനും വസിഷ്ഠനു-

മുത്തരദിക്കിൽ നിന്നും വന്നിതൊന്നിച്ചു തന്നെ

ദ്വാജരപാലകനോടു കുംഭവൻ ചൊന്നാ-

നാരാണരായ ഞങ്ങൾ വന്നതങ്ങറിയിച്ചു

നേരത്തു വന്നീടു നീയെന്നതുകേട്ടനേരം

ദ്വാരപാലനും നരവീരനോടുണർത്തിച്ചാൻ.

ഗോപുരദ്വാരത്തിങ്കൽ പാർത്തുനിന്നരുളീടുന്നു

താപസപ്രവരന്മാരായഗസ്ത്യാദിജനം

പൗരന്മാരോടുമതു കേട്ടു രാഘവൻ ചെന്നു

പാരാതെകൂട്ടിക്കൊണ്ടുപോന്നു തൽ സഭാതലേ

ആസനപാദ്യാർഘ്യാദികൊണ്ടു പൂജിച്ചു വന്ദി-

ച്ചാദരപൂർവ്വം മുനീന്ദ്രാജ്ഞയാ യഥാസുഖം

പാർത്ഥിവോത്തമൻ പരമാസനം പുക്കശേഷ-

മാസ്ഥയാ മുനിവർഗ്ഗത്തോടരുൾ ചെയ്തീടിനാൻ

സൗഖ്യമോ നിങ്ങൾക്കെല്ലാമെന്നതു കേട്ടു ലോക-

ശ്ലാഘ്യന്മാരായ മുനിശ്രേഷ്ഠന്മാരരുൾ ചെയ്തു

രക്ഷോജാതികളെയും വധിച്ചു ലോകത്ത്രയം

രക്ഷിച്ചു സീതാദേവിതന്നോടും കൂടെബ്ഭവാൻ

സൗഖ്യമായ് വാഴുന്നതു കാൺകയിൽ ഞങ്ങൾക്കുണ്ടോ

സൗഖ്യം മറ്റതിൽപരം മാനവശിഖാമണേ!

പിന്നെ നീ ദശാസ്യനെക്കൊന്നതുകൊണ്ടു ലോകം

നന്നുനന്നെന്നു പുകഴ്ത്തുന്നതജ്ഞാനമത്രേ

സർവ്വലോകവും ജയിക്കാമല്ലോ ഭവാനിഹ

കേവലം ദശാസ്യനെക്കൊന്നതെന്തൊരു ചിത്രം

രക്ഷോനായക സുതനാകിയ രാവണിയെ

ലക്ഷ്മണൻ കൊലചെയ്തതോർക്കിലെത്രയും ചിത്രം

കുംഭസംഭവനിത്ഥമരുളിച്ചെയ്തനേര-

മംഭോജാക്ഷനും ചിരിച്ചപ്പഴേ ചോദ്യം ചെയ്താൻ.

രാവണൻ ജഗത്ത്രയകണ്ടനവനിലും

രാവണി തന്നെ പ്രശംസിപ്പതിനെന്തുമൂലം?

ഊക്കേറും ദശാനനപുത്രവിക്രമമെല്ലാം

കേൾക്കേണമരുളിച്ചെയ്തീടാമെന്നാകിലിപ്പോൾ

രാക്ഷസ കുലോല്പത്തി

എന്നതുകേട്ടനേരമഗസ്ത്യനരുൾ ചെയ്തു

മന്ന!കേട്ടുകൊൾക രാവണി വൃത്താന്തങ്ങൾ

രാവണനുടെ തപോബലവും ശൗര്യങ്ങളും

പൂർവരാക്ഷസകുലോല്പത്തിയുമറിയിക്കാം

ബ്രഹ്മനന്ദനനായ പുലസ്ത്യതപോധനൻ

നിർമ്മലൻ മഹാമേരുതന്നുടെ പാർശ്വത്തിങ്കൽ

ചെന്നുടൻ തൃണബിന്ദു തന്നുടെയാശ്രമത്തി-

ലന്യൂനമായ തപോനിഷ്ഠയാ വാഴുങ്കാലം

തത്ര ചെന്നീടും ചില കന്യകാജനങ്ങളും

ചിത്തകൗതുകത്തോടും കളിപ്പാൻ പലരുമായ്

നിത്യവും കണ്ടു കണ്ടു പുലസ്ത്യതപോധന-

നുൾത്താരിലോർത്താനിദമെത്രയുമുപദ്രവം

കന്യകാജനമിനിയിവിടെ വരുന്നാകി-

ലന്നേയുണ്ടാക ഗർഭമെന്നൊരു ശാപം ചെയ്താൻ.

പിറ്റേന്നാൾ കന്യക ചെന്നീല കളിപ്പാനായ്

മുറ്റുമത്തപോധനൻ തന്നുടെ ശാപഭയാൽ.

അക്കഥയേതുമറിയാതെ പോയ് ചെന്നീടിനാൾ

മുഖ്യനാം തൃണബിന്ദുഭൂപതിയുടെ മകൾ

തന്നുടെ സഖികളെയന്വേഷിച്ചങ്ങോടിങ്ങോ-

ടന്യനാരികളെക്കാണാഞ്ഞവൾ പോയാളല്ലോ

ഗർഭമുണ്ടായ് വന്നിതപ്പൊഴുതതുമൂല-

മുൾപ്പേടിയോടും കൂടെ താതസന്നിധൗ ചെന്നാൾ

പുത്രിതൻ വൃത്താന്തങ്ങളറിഞ്ഞു തൃണബിന്ദു

സത്വരംചെന്നു പുലസ്ത്യാശ്രമേ മകളുമായ്

ലോകേശാത്മജപദം വന്ദിച്ചു നരേന്ദ്രനു-

മാകാംക്ഷയോടു ചോദിച്ചീടിനാൻ മനോഗതം

നിന്തിരുവടിയുടെ ശാപം കൊണ്ടുണ്ടായൊരു

സന്താപം തീർപ്പാനിനി മറ്റാരുമില്ലയല്ലോ

ചിന്തിച്ചാലിനി മമ പുത്രിയെ യഥാവിധി

നിന്തിരുവടി തന്നെ കൈക്കൊൾകെന്നതേ വരൂ.

അങ്ങനെതന്നെയെന്നു പുലസ്ത്യമുനീന്ദ്രനു-

മംഗനാരത്നത്തേയും കൈക്കൊണ്ടാൻ വഴിപോലെ.

വേദവിശ്രവേണ ഗർഭമുണ്ടായമൂലം

ജാതനാം കുമാരനു വിശ്രവസ്സെന്നു നാമം