ഉണരുക നീയെന്നാത്മാവേ!

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഉണരുക നീയെന്നാത്മാവേ!
ചേരുകെന്നേശുവിന്നരികിൽ നീ
തുണയവനല്ലാതാരുള്ളീ
ഏഴകൾ നമ്മെ പാലിപ്പാൻ

പുതിയൊരു ദിവസം വന്നതിനാൽ-
എങ്ങനെ നമ്മുടെ ജീവിതത്തെ
ഭൂതലമതിലെ നയിച്ചീടേണം
ആയതറിയിക്ക താതനോടു

പോയൊരു ദിവസമതുപോലെ
ഭൂവിലെവാസവും നീങ്ങിപ്പോം
നീയതു ധ്യാനിച്ചീശങ്കൽ
ആശ്രയം പുതുക്കണണമീക്ഷണത്തിൽ

വീടുമില്ലാരുമില്ലൊന്നുമില്ലീ
ലോകത്തിലെനിക്കെന്നോർക്കുക നീ
വിട്ടകലും നീ ഒരുനാളിൽ
ഉണ്ടെന്നുതോന്നുന്നു സകലത്തെയും

ആപത്തനർത്ഥങ്ങൾ ഉണ്ടിഹത്തിൽ
ഖേദത്തിൻ സമുദ്രമാണീയുലകം
പാപത്തെ വരുത്തിയോരാദാമിൻ
ശാപത്തിൻ തിരകൾ അങ്ങലച്ചിടുന്നു

ക്ലേശം നമുക്കിങ്ങു വന്നിടെണ്ട
മേലിൽ നമുക്കൊരു ദേശമുണ്ട്
ഭക്തന്മാർ അതിലതിമോദമോടെ
നാൾകൾ കഴിപ്പതിനോർത്തു കൊള്ളാം


സ്നേഹിതർ നമുക്കുണ്ടു സ്വർഗ്ഗത്തിൽ
ദൈവത്തിൻ ദൂതരും പരിശുദ്ധരും
സ്നേഹംകൊണ്ടേശുവെ വാഴ്ത്തിപ്പാടു-
ന്നവിടെ നമുക്കും പാടരുതോ?

നിത്യ സൗഭാഗ്യങ്ങളനുഭവിപ്പാൻ
സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതി
നിത്യജീവാമൃതംഓദമണി-
ഞ്ഞപ്പന്റെ മടിയിൽ വസിക്കരുതോ

ക്രിസ്തന്റെ കാഹളമൂതും ധ്വനി
കേൾക്കുമോ ഈ ദിനമാരറിഞ്ഞു
വിശ്രമവാസത്തിലാകുമോ നാം
ഏതിനുമൊരുങ്ങുകെന്നാത്മാവേ!

മൂത്താം‌പാക്കൽ സാധു കൊച്ചു കുഞ്ഞുപദേശി

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

hummaa.com-ൽ ഈ കീർത്ത്നത്തിന്റെ ഓഡിയോ വേർഷൻ

"https://ml.wikisource.org/w/index.php?title=ഉണരുക_നീയെന്നാത്മാവേ!&oldid=29081" എന്ന താളിൽനിന്ന് ശേഖരിച്ചത്