ഈസോപ്പ് കഥകൾ/ചെന്നായും ആട്ടിൻ കുട്ടിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ചെന്നായും ആട്ടിൻ കുട്ടിയും

കൂട്ടം തെറ്റി അലയുകയായിരുന്ന ആട്ടിൻ കുട്ടിയെ കണ്ട ചെന്നായ അതിനെ കൊന്നു തിന്നുവാൻ തീരുമാനിച്ചു.

എന്നാലതിനെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയിട്ട് മതി ശാപ്പിടാൻ എന്നു ചെന്നായ് ഉറപ്പിച്ചു.

അവൻ ആട്ടിൻ കുട്ടിയെ സമീപിച്ചു ഇപ്രകാരം പറഞ്ഞു "എടാ കുഞ്ഞേ ! കഴിഞ്ഞ വർഷം നീ എന്നെ അപമാനിച്ചില്ലേ?"

ആട്ടിൻ കുട്ടിയാകട്ടെ വ്യസനപ്പെട്ടുകൊണ്ട് മൊഴിഞ്ഞു "ഞാൻ ജനിച്ചിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ഞാൻ ഉണ്ടായിരുന്നില്ല"

ചെന്നായ് ആരോപണം മാറ്റി "ഞാൻ ഇരപിടിക്കുന്ന മേച്ചിൽ പുറങ്ങളിലാണ് നീ മേയുന്നത് "എന്നായി ചെന്നായ്

"ഇല്ല അങ്ങുന്നേ. ഞാനിതേവരെ പുല്ലു കഴിക്കാറായിട്ടില്ല " ആട്ടിൻ കുട്ടി പറഞ്ഞു

ഞാൻ കുടിക്കുന്ന ഉറവയിൽ നിന്നാണ് നീ കുടിക്കുന്നത് എന്നായി ചെന്നായയുടെ അടുത്ത ആരോപണം"

ഞാനിന്നേവരെ അമ്മയുടെ പാലല്ലാതെ ഒന്നും കുടിച്ചിട്ടില്ല . പാലു മാത്രമാണ് എനിക്കു ഭക്ഷണവും പാനീയവും "ആട്ടിൻ കുട്ടി ഉണർത്തിച്ചു.

ഇതോടെ ആരോപണങ്ങൾ മതിയാക്കിയ ചെന്നായ് ആട്ടിൻ കുട്ടിയെ കൊന്നു ശാപ്പിട്ടു കൊണ്ട് പറഞ്ഞു "എന്റെ ആരോപണങ്ങൾക്കെല്ലാം നിനക്ക് മറുപടിയുണ്ടായിരിക്കാം. എന്നാലിന്നു അത്താഴപ്പട്ടിണി കിടക്കാൻ എനിക്കുദ്ദേശമില്ല"

ഗുണപാഠം: ദ്രോഹികൾക്ക് ഉപദ്രവിക്കാൻ എപ്പോഴും ന്യായങ്ങളുണ്ടാവും