ഈസോപ്പ് കഥകൾ/കുറുക്കനും ആടും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കുറുക്കനും ആടും

ഒരു കുറുക്കൻ എങ്ങനെയോ ആഴമുള്ള ഒരു പൊട്ടക്കിണറ്റിൽ വീണു പോയി. അത് വഴി പോകാനിടയായ ഒരാട് കിണറ്റിൽ കിടക്കുന്ന കുറുക്കനോട് തിരക്കി

"ആ പൊട്ടക്കിണറ്റിൽ നീ എന്തെടുക്കുന്നു?"

ഉടൻ തന്നെ കുറുക്കൻ പ്രതിവചിച്ചു.

"നീ അറിഞ്ഞില്ലേ? ഭയങ്കര വരൾച്ച വരാൻ പോകുകയാണ്. ഇവിടെയാണെങ്കിൽ കുറച്ചു വെള്ളമെങ്കിലും ഉണ്ട്. അത് കൊണ്ടാണ് ഞാൻ ഇവിടെകൂടാൻ തീരുമാനിച്ചത്. നീയും ഇങ്ങോട്ടു പോര്."

ക്ഷണം കിട്ടേണ്ട താമസം ആട് പൊട്ടക്കിണറ്റിലേക്ക് ചാടി. ആട് എത്തിയ ഉടൻ തന്നെ കുറുക്കൻ ആടിന്റെ മുതുകേറി മുകളിലേക്ക് ഒറ്റ ചാട്ടം. കിണറ്റിനു പുറത്തെത്തിയ കുറുക്കൻ ആടിനോട് ഇപ്രകാരം യാത്ര പറഞ്ഞു

"ഞാൻ പോകുന്നു. കാലക്കേടു സംഭവിച്ചവരിൽ നിന്നും ഉപദേശം സ്വീകരിക്കരുത് എന്ന് നീ ഇനിയെങ്കിലും പഠിക്കൂ."

ഗുണപാഠം: കാലക്കേടു സംഭവിച്ചവരിൽ നിന്നും ഉപദേശം സ്വീകരിക്കരുത്.