ഈസോപ്പ് കഥകൾ/കഴുതയുടെ തലച്ചോറ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
കഴുതയുടെ തലച്ചോറ്

വനരാജാവായ സിംഹവും ഒരു കുറുക്കനും കൂടി നായാട്ടിനിറങ്ങി. അവർ ഒരു കഴുതയെക്കാണാനിടയായി. കുറുക്കന്റെ ഉപദേശപ്രകാരം സിംഹം കഴുതയ്ക്ക് ഒരു സന്ദേശം കൊടുത്തയച്ചു. കഴുതയുടെ കൂട്ടരുമായി ഒരു സഖ്യം ഉണ്ടാക്കാൻ സിംഹം ആഗ്രഹിക്കുന്നു എന്നതായിരുന്നു സന്ദേശം. രാജകീയ സഖ്യം എന്നുകേട്ട് സന്തോഷംകൊണ്ട് മതിമറന്നു കഴുത അഭിമുഖത്തിനെത്തി. സിംഹമാകട്ടെ കഴുതയുടെമേൽ ചാടിവീണു അതിന്റെ കഥ കഴിച്ചു. എന്നിട്ട് കുറുക്കനോടായി കൽപ്പിച്ചു.

"ഞാൻ ഒന്നു പോയി മയങ്ങിയിട്ടു വരാം. നീ ഈ ഭക്ഷണം കാത്തുകൊള്ളണം. ഒരു ക്ഷണപോലും തൊട്ടേയ്ക്കരുത്. നിന്റെ കഥയും ഞാൻ കഴിയ്ക്കും."

സിംഹം വിശ്രമിക്കാൻ പോയി. സിംഹത്തിന്റെ വരവും കാത്തിരുന്ന കുറുക്കൻ കുറെ കഴിഞ്ഞ് ക്ഷമ നശിച്ച് കഴുതയുടെ തലച്ചോറ് അപ്പാടെ ശാപ്പിട്ടു. സിംഹം തിരിച്ചെത്തിയപ്പോൾ അലറി "എവിടെ ഇവന്റെ തലച്ചോറ്?"

കുറുക്കൻ ഉടൻ തന്നെ മറുപടി നൽകി. "മഹാരാജൻ, കഴുതയ്ക്ക് തലച്ചോറ് ഉണ്ടായിരുന്നെങ്കിൽ അങ്ങ് ഒരുക്കിയ കെണിയിൽ അവൻ വീഴുമായിരുന്നോ?"

ഗുണപാഠം: ബുദ്ധിപരമായ വാക്കുകൾ എതിർക്കുന്നതിനേക്കാൾ നല്ലതാണ്.