50%

ഈസോപ്പ് കഥകൾ/ആൺഡ്രോക്ലെസ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ആൺഡ്രോക്ലെസ്

ആൺഡ്രോക്ലെസ് എന്നു പേരായ അടിമ തന്റെ യജമാനനിൽ നിന്നു രക്ഷപ്പെട്ട് കാട്ടിലേക്കു്‌ ഒളിച്ചോടി. അവിടെ അലഞ്ഞുനടക്കവേ അവൻ ഒരു സിംഹം കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്യുന്നതു കണ്ടു. അവൻ ആദ്യം ഭയപ്പെട്ടോടിയെങ്കിലും സിംഹം തന്നെ പിന്തുടരുന്നില്ല എന്നുകണ്ട്‌ തിരികെ അങ്ങോട്ട് ചെന്നു. അടുത്തു ചെന്നപ്പോൾ സിംഹത്തിന്റെ കാലിൽ ഒരു വലിയ മുള്ളുകൊണ്ട് ചോരയും നീരും ഒലിക്കുന്നത് അവൻ കണ്ടു. സിംഹത്തിന്റെ അടുത്തുചെന്നു അവൻ മുള്ള് വലിച്ചൂരി മുറിവു്‌ വച്ചുകെട്ടി. താമസിയാതെ സിംഹത്തിനു്‌ എഴുന്നേറ്റ് നടക്കാമെന്നായി. സിംഹം ഒരു നായെന്നപോലെ ആൺഡ്രോക്ലെസിനെ സ്നേഹിക്കുവാൻ തുടങ്ങി. അതു്‌ ആൺഡ്രോക്ലെസിനെ തന്റെ ഗുഹയിൽ കൊണ്ടുപോയി താമസിപ്പിച്ചു. അയാൾക്ക് തിന്നാനുള്ള ഭക്ഷണം എന്നും അതു്‌ വേട്ടയാടി കൊണ്ടുവന്നു കൊടുത്തുകൊണ്ടിരുന്നു.

താമസിയാതെ സിംഹവും ആൺഡ്രോക്ലെസും പിടിക്കപ്പെട്ടു. വിശന്നുവലയുന്ന സിംഹത്തിന്റെ മുന്നിലെറിയപ്പെടാൻ ആൺഡ്രോക്ലെസ്‌ വിധിക്കപ്പെട്ടു. വിധി നടപ്പാക്കുന്നതു കാണാൻ ചക്രവർത്തി പരിവാരസമേതം എത്തിയിരുന്നു. കളത്തിന്റെ നടുക്കു നിർത്തിയ ആൺഡ്രോക്ലെസിന്റെ നേർക്കു്‌ കൂടു തുറന്നുവിട്ട സിംഹം അലറിപ്പാഞ്ഞടുത്തു. എന്നാൽ ആൺഡ്രോക്ലെസിന്റെ അടുത്തെത്തിയതും ആളെ മനസ്സിലായ സിംഹം അയാളുടെ നേർക്കു്‌ സ്നേഹചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ട് നിന്നതേയുള്ളു. ആശ്ചര്യചകിതനായ ചക്രവർത്തി ആൺഡ്രോക്ലെസിനെ വിളിപ്പിച്ചു്‌ കാര്യം തിരക്കി. ആൺഡ്രോക്ലെസ്‌ പറഞ്ഞതുകേട്ട് സന്തുഷ്ടനായ അദ്ദേഹം അടിമയെയും സിംഹത്തെയും മോചിപ്പിച്ചു.

ഗുണപാഠം: നന്ദി മഹാത്മാക്കളുടെ അലങ്കാരമാണ്