ഈസോപ്പ് കഥകൾ/ആമയും പക്ഷികളും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈസോപ്പ് കഥകൾ
രചന:ഈസോപ്പ്
ആമയും പക്ഷികളും

ആമയ്കൊരു പൂതി തോന്നി. ഒന്നു മാറി താമസിക്കണം എന്ന്. പുതിയ ഒരു സ്ഥലത്തേക്ക് മാറാൻ ആമ പരുന്തിനോട് സഹായം തേടി. പുതിയ സ്ഥലത്ത് കൊണ്ടെത്തിക്കാൻ നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തു. പരുന്ത് സമ്മതിച്ചു. പരുന്തിന്റെ നഖത്തിലേറി ആമ ആകാശാരോഹിതനായി. വഴിയ്ക്കുവെച്ച് അവർ ഒരു കാക്കയെ കണ്ടു.

കാക്ക പരുന്തിനോടായി പറഞ്ഞു, "ആമയിറച്ചി നല്ല സ്വാദുള്ളതാണ്"

പരുന്ത് പ്രതിവചിച്ചതിങ്ങനെയാണ് "ശരിയായിരിക്കാം എന്നാൽ ആമത്തോടിനു ഭയങ്കര കട്ടിയാണല്ലോ. പൊളിയ്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല"

"പാറപ്പുറത്തിട്ടാൽ മതി" കാക്ക ഉപദേശിച്ചു. കാക്കയുടെ ബുദ്ധി പരുന്തിനു ബോധിച്ചു. ആമയെ ഉയരത്തിൽ നിന്നും ഒരു പാറപ്പുറത്തേയ്ക്കിട്ടു. കാക്കയും പരുന്തും ആമയിറച്ചി ആസ്വദിച്ചു കഴിച്ചു.

ഗുണപാഠം: ശത്രു സഹായം തേടുന്നവനു ഖേദം ഭവിയ്ക്കും