ഇന്നു പകൽ മുഴുവൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഇന്നു പകൽ മുഴുവൻ
കരുണയോടെന്നെ സൂക്ഷിച്ചവനെ
നന്ദിയോടെ തിരുനാമത്തിനു സദാ
വന്ദനം ചെയ്തീടുന്നേൻ

അന്നവസ്ത്രാദികളും
സുഖം ബലം എന്നിവകൾ സമഃസ്തം
തന്നടിയാനെ നിത്യം
പോറ്റീടുന്ന ഉന്നതൻ നീ പരനേ

മന്നിടം തന്നിലിന്നും
പലജനം ഖിന്നരായ് മേവിടുമ്പോൾ
നിന്നടിയാന്നു സുഖം
തന്ന കൃപ വന്ദനീയം പരനേ!

തെറ്റുകുറ്റങ്ങളെന്നിൽ
വന്നതളവറ്റ നിന്റെ കൃപയാൽ
മുറ്റും ക്ഷമിക്കണമേ
അടിയനേ ഉറ്റുസ്നേഹിപ്പവനേ

എൻ കരുണേശനുടെ
ബലമെഴും തങ്കനാമമെനിക്കു
സങ്കേത പട്ടണമാം
അതിലഹം ശങ്കയെന്യേ വസിക്കും

വല്ലഭൻ നീ ഉറങ്ങാതെ
നിന്നെന്നെ നല്ലപോൽ കാത്തീടുമ്പോൾ
ഇല്ല രിപുഗണങ്ങൾ-
ക്കധികാരംഅല്ലൽ പെടുത്തീടുവാൻ

ശാന്തതയോടു കർത്താ
തിരുമുമ്പിൽ ചന്തമായ് ഇന്നുറങ്ങി
സന്തോഷമോടുണരേണം ഞാൻ
തിരു കാന്തി കണ്ടുല്ലസിപ്പാൻ-

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikisource.org/w/index.php?title=ഇന്നു_പകൽ_മുഴുവൻ&oldid=28907" എന്ന താളിൽനിന്ന് ശേഖരിച്ചത്