ഇന്ദുലേഖ/രണ്ടാം അച്ചടിപ്പിന്റെ അവതാരിക

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
രണ്ടാം അച്ചടിപ്പിന്റെ അവതാരിക

അവതാരിക[തിരുത്തുക]

രണ്ടാം അച്ചടിപ്പിന്റെ അവതാരിക[തിരുത്തുക]

1889 ഡിസംബർ 9–ാം നു ഈ പുസ്തകത്തിന്റെ ഒന്നാമത്തെ അവതാരിക എഴുതിക്കഴിഞ്ഞപ്പോൾ ഈ പുസ്തകത്തെപ്പറ്റി രണ്ടാമതു് ഒരു അവതാരിക എഴുതേണ്ടിവരുമെന്നു് വിചാരിപ്പാൻ ഞാൻ അധികം സംഗതികളെ കണ്ടിരുന്നില്ല . അഥവാ എഴുതേണ്ടി വന്നാൽതന്നെ ഇത്രവേഗം വേണ്ടിവരുമെന്നു് സ്വപ്നേപി ഞാൻ ഓർത്തിട്ടില്ല . 1890 ജനുവരി ആദ്യത്തിൽ വിൽപാൻ തുടങ്ങിയ ഈ പുസ്തകത്തിന്റെ ഒന്നാം അച്ചടിപ്പു് മുഴുവൻ പ്രതികളും മാർച്ചു് 30–ാം നു-യ്ക്കു മുമ്പു ചിലവായിപ്പോയതിനാലും , പുസ്തകത്തിന്നു പിന്നെയും അധികമായി ആവശ്യം ഉണ്ടെന്നു കാണുകയാലും ഇത്രവേഗം ബുക്കു് രണ്ടാമതു് അച്ചടിപ്പാനും ഈ അവതാരിക എഴുതുവാനും എടയായിത്തീർന്നിരിക്കുന്നു . ഇതുവരെ മലയാളഭാഷയിൽ തീരെ ഇംക്ലീഷുനോവൽമാതിരിയുള്ള യാതൊരു പുസ്തകവും വായിച്ചിട്ടില്ലാത്ത മലയാളികൾ ഇത്ര ക്ഷണേന എന്റെ ഈ പുസ്തകത്തെ വായിച്ചു രസിച്ചു് അതിനെക്കുറിച്ചു ശ്ലാഘിച്ചു എന്നു് അറിയുന്നതിൽ ഞാൻ ചെയ്തപ്രയത്നത്തിന്റെ പ്രതിഫലം ആഗ്രഹിച്ചതിലധികം എനിക്കു സിദ്ധിച്ചു എന്നു നന്ദിപൂർഎം ഞാൻ ഇവിടെ പ്രസ്താവിക്കുന്നു. ‘മദ്രാസ്‍മെയിൽ ’ , ‘ഹിന്തു ’, ‘സ്റ്റാൻഡാർഡു് ’ , ‘കേരളപത്രിക , ’ ‘കേരളസഞ്ചാരി ’ മുതലായ അനേക വർത്തമാന കടലാസ്സുകളിൽ എന്റെ പുസ്തകത്തെക്കുറിച്ചു വളരെ ശ്ലാഘിച്ചു് എഴുതിയതും മലയാളഭാഷ ഭംഗിയായി എഴുതുവാനും ഭംഗിയായി എഴുതിയാൽ അറിഞ്ഞു് സഹൃദയഹൃദയാഹ്ലാദത്തോടെ രസിപ്പാനും കഴിയുന്ന പലേ മഹാജനങ്ങളും സ്നേഹപൂർഎം പുസ്തകത്തെപ്പറ്റി അഭിനന്ദിച്ചു് എനിക്കു് എഴുതിയ പലേ കത്തുകളും നോക്കുമ്പോഴും വിശേഷിച്ചു്, എന്നെക്കുറിച്ചു യാതൊരു അറിവും പരിചയവും ഇല്ലാത്ത ‘ദേശാഭിമാനി ’ മുതലായ രസികന്മാരായ ചില ലേഖകന്മാർ ഓരോ വർത്തമാന കടലാസ്സുകളിൽ എന്റെ പുസ്തകത്തെ പ്രശംസിച്ചതിനേയും പുസ്തകത്തെപ്പറ്റി ചില ജനങ്ങൾ സംഗതികൂടാതെ ദുരാക്ഷേപം ചെയ്തതിനെ ബലമായി എതിർത്തു പുസ്തകത്തിന്റെ കീർത്തിയെ പരിപാലിപ്പാൻ ചെയ്ത ശ്രമങ്ങളേയും കാണുമ്പോഴും ഈ രാജ്യക്കാർ എന്റെ ശ്രമത്തെപ്പറ്റി അഭിനന്ദിച്ചു സന്തോഷിപ്പാൻ പ്രയാസമായിവരുമോ എന്നു് ആദ്യത്തിൽ ഞാൻ അൽപം ശങ്കിച്ചു് അതിനെ സൂചിപ്പിക്കുന്ന ഒരു പ്രസ്താവന ഒന്നാമത്തെ അവതാരികയിൽ ചെയ്തതു കേവലം അബദ്ധമായിപ്പോയി എന്നു ലജ്ജാസമ്മിശ്രമായു് അത്യന്തസന്തോഷത്തോടെ ഞാൻ ഇവിടെ സമ്മതിക്കുന്നു . ചില ജനങ്ങൾ എന്റെ പുസ്തകത്തെക്കുറിച്ചു ചെയ്ത ആക്ഷേപങ്ങളേയും ഞാൻ ശ്രദ്ധയോടെ കേട്ടു്, അതുകളുടെ ഗുണദോഷങ്ങളെക്കുറിച്ചു് എന്റെ ബുദ്ധി എത്തൂന്നേടത്തോളം ആലോചിച്ചു സ്വീകാര്യയോഗ്യമെന്നു് എനിക്കു ബോദ്ധ്യമായ സംഗതികളെ നന്ദിയോടെ സ്വീകരിച്ചു്, ആവശ്യമുള്ള ചില ഭേദങ്ങളെ ഞാൻ രണ്ടാമത്തെ അച്ചടിപ്പിൽ ചെയ്തിട്ടും ഉണ്ടു് . എന്നാൽ ഒരു പുസ്തകത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചു പറവാൻ യോഗ്യതയുള്ളവരും ഇല്ലാത്തവരും ഈ പുസ്തകത്തെപ്പറ്റി സ്തുത്യവും ആക്ഷേപങ്ങളും ചെയ്തുവരുന്നതു ലോകത്തിൽ സാധാരണയാകുന്നു. ആക്ഷേപമോ സ്തുത്യമോ ചെയ്യുന്നവനു് പുസ്തകത്തിന്റെ ഗുണദോഷങ്ങൾ ഗ്രഹിപ്പാൻ ശക്തി ഉണ്ടോ എന്നു് ആയാളും ആയാളുടെ ആക്ഷേപത്തേയോ സ്തുത്യത്തേയോ കേൾക്കുന്നവരും അത്ര സൂക്ഷ്മമായി ആലോചിക്കാറില്ല . ഇതു ഗ്രണ്മകർത്താ ന്മാർക്കു വ്യസനകരമായ ഒരു അവസ്ഥയാണെന്നുള്ളതിലേക്കു സംശയമില്ല . എന്റെ പുസ്തകത്തെപ്പറ്റി ഈ വിധം അസംബഗ്നമായ ആക്ഷേപങ്ങളും ഉണ്ടായിട്ടുണ്ടു് . ഈ കഥയിലെ നായികാനായകന്മാരായ മാധവീമാധവന്മാർക്കു് അന്യോന്യം ഉണ്ടായ അനുരാഗവ്യാപാരങ്ങളെ കാണിക്കുന്നതായ രണ്ടാമദ്ധ്യായത്തിലെ ശൃംഗാരരസപ്രധാനഘട്ടങ്ങളിൽ മന്മഥോന്മഥിതമനസ്സായ മാധവന്റെ ചില വിധുരപ്രലാപങ്ങളിൽ മാധവന്റെ വാക്കുകൾക്കു ഗാംഭീര്യം പോരാതെ വന്നുപോയി എന്നും മാധവന്റെ വാക്കുകൾ കേട്ടാൽ മാധവൻ ഘനബുദ്ധിയില്ലാത്ത ഒരു വിഡ്ഢിയാണെന്നു തോന്നിപ്പോവും എന്നും ചിലർ ആക്ഷേപിച്ചതിനേയും, പിന്നെ വാചകങ്ങളിൽ ചിലതിനു സമാസസംബന്ധം ഇല്ലാതെ വന്നു പോയിരിക്കുന്നതിനാൽ മനസ്സിലാവാൻ പ്രയാസമെന്നു് ഒരു വിദ്വാൻ ചെയ്ത ആക്ഷേപത്തേയും അതിനു ദൃഷ്ടാന്തമായി അദ്ദേഹം ഇന്ദുലേഖാ 1–ാം അച്ചടിപ്പു് 2–ാം അദ്ധ്യായം 9–ാം ഭാഗത്തു കാണുന്ന:– “സുന്ദരിമാരായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിനുള്ള സാമർത്ഥ്യം ഒട്ടും എനിക്കു് ഇല്ലെന്നു് ഈ അദ്ധ്യായം എഴുതേണ്ടിവരുമെന്നു് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു . ” എന്നുള്ള വാചകം എടുത്തുകാണിച്ച അവസ്ഥയേയും , ഇന്ദുലേഖയുടെ പ്രാണവല്ലഭനായ മാധവൻ അനുരാഗപാരവശ്യത്താൽ വലഞ്ഞിരിക്കുന്ന സമയം അസംബഗ്നമായി ഒരു വാക്കു പറഞ്ഞുപോയതിന്നു ഉത്തരമായി ഇന്ദുലേഖാ ആ പ്രമകലഹത്തിൽ മാധവനെപ്പറ്റി ‘ശപ്പൻ ’ എന്നു ശകാരിച്ചതു വളരെ അപമര്യാദയായിപ്പോയി എന്നു രണ്ടുമൂന്നു രസികന്മാർ ചെയ്ത ആക്ഷേപത്തേയും , ഇതു കൂടാടെ ‘ബാന്ധവിക്കുക ’ എന്ന ക്രിയാപദം , ലക്ഷ്മിക്കുട്ടിഅമ്മ നമ്പൂതിരിപ്പാടു വന്ന വിവരത്തെക്കുറിച്ചു് ഇന്ദുലേഖയോടു് അതിപരിഹാസത്തോടും പുർരസത്തോടും പറഞ്ഞേടത്തും (ഇന്ദുലേഖാ 1–ാം അച്ചടിപ്പു് 175–ാം ഭാഗം ) ചെറുശ്ശേരിനമ്പൂതിരി , നമ്പൂതിരിപ്പാടു് അതിചാപല്യത്തോടെ ലക്ഷ്മിക്കുട്ടിഅമ്മയെക്കുറിച്ചു പറഞ്ഞതിനു മറുവടിയായിട്ടു പുച്ഛരസത്തിൽ മറുവടി പറഞ്ഞേടത്തും (ഇന്ദുലേഖാ 1–ാം അച്ചടിപ്പു് 239–ാം ഭാഗം ) ഞാൻ ഉപയോഗിച്ചതു വെടിപ്പായിട്ടില്ലെന്നു് ആക്ഷേപിച്ചതിനേയും മറ്റും കേട്ടപ്പോൾ അലക്സാണ്ടർ പോപ്പു് എന്ന ഇംഗ്ലീഷു് മഹാകവിയാൽ ഉണ്ടാക്കപ്പെട്ട ഒരു ശ്ലോകത്തെ എനിക്കു് ഓർമ്മ തോന്നിയതു താഴെ ചേർക്കുന്നു:


“In Poets as true genius is but rare
True taste as seldom is the Critics’ share,
Both must alike from Heaven derive their light
These born to judge as well as those to write.”

ഇതിന്റെ തർജ്ജമ: “കവികളിൽ യഥാർത്ഥമായ കവിതാവാസന എത്ര ദുർല്ലഭമായി കാണുന്നുവോ അതുപ്രകാരംതന്നെ ഒരു കവിതയെക്കുറിച്ചു ഗുണദോഷം പറയുന്നതിൽ അങ്ങനെ പറവാനുള്ള ബുദ്ധിശക്തിയും വിദഗ്ദ്ധതയും അത്യന്തദുർല്ലഭമായിട്ടുതന്നെ കാണപ്പെടുന്നു . കവനം ചെയ്വാനുള്ള വാസന കവിക്കും, ആ കവനത്തെ അറിഞ്ഞു രസിപ്പാനോ അപഹസിപ്പാനോ ഉള്ള ബുദ്ധിവിദഗ്ദ്ധതയും സാമർത്ഥ്യവും ഗുണദോഷം പറയുന്നവനും ഒരുപോലെ ദെവീകമായി ജനനാൽതന്നെ ഉണ്ടായിരിയ്ക്കേണ്ടതാണു് . ” ഈ അവതാരിക അവസാനിക്കുന്നതിനുമുമ്പു് എനിക്കു് ഒരു സംഗതികൂടി പ്രസ്താവിപ്പാനുണ്ട്.

ഈ പുസ്തകത്തിന്റെ ഒന്നാമത്തെ പീഠികയിൽ ‘ജൂണ്ണ 11–ാം നു-മുതൽ ഈ ബുക്കു ഞാൻ എഴുതിത്തുടങ്ങി, ആഗസ്റ്റു് 17–ാം നു-അവസാനിപ്പിച്ചു ’ എന്നു ഞാൻ എഴുതിയതു ശരിയായി ഇരിക്കയില്ലെന്നു ചിലർ പറഞ്ഞതായി ഞാൻ അറിയുന്നു . ഇതിനെക്കുറിച്ചു ഞാൻ മുമ്പു സമാധാനം പറയാനായി വിചാരിച്ചിരുന്നില്ല . എന്നാൽ ഇയ്യിടെ എന്റെ ഒരു സ്നേഹിതനായ ബാരിസ്റ്റർ മിസ്റ്റർ ആൽഫ്രണ്ടു് ജി . ഗോവർസായ്‍വ് അവർകൾ സന്തോഷപൂർഎം എന്റെ പുസ്തകത്തെക്കുറിച്ചു് എനിയ്ക്കെഴുതിയിരുന്ന ഒരു കത്തിൽക്കൂടി പുസ്തകം ഇത്രവേഗം എഴുതിത്തീർന്നതു് ഏറ്റവും ആശ്ചര്യകരമായിരിക്കുന്നു എന്നു് എഴുതി ണ്ടതിനാൽ ഇതിനെപ്പറ്റി ഇപ്പോൾ ഞാൻ പ്രസ്തവിക്കുന്നതാണു് . ഈ പുസ്തകത്തിലെ കഥയെപ്പറ്റി ഞാൻ അലോചിച്ചു തുടങ്ങിയതു ജൂൺമാസത്തിനു് എത്രയോ മുമ്പുതന്നെ ആയിരുന്നു . അതാതു സമയം വേണ്ടുന്ന നോട്സുകളും കുറിച്ചെടുത്തുവെച്ചിട്ടുണ്ടായിരുന്നു . 11–ാം തീയതി മുതൽക്കാണു യഥാർത്ഥത്തിൽ പുസ്തകമായി എഴുതുവാൻ തുടങ്ങിയതു് . കുറെ കഴിഞ്ഞതിന്റെ ശേഷം അച്ചടിപ്പാനും തുടങ്ങി. പതിനെട്ടാമദ്ധ്യായം എഴുതുന്നതിൽ ചില പുസ്തകങ്ങൾ വരുത്തേണ്ടതിന്നു താമസം നേരിട്ടിട്ടുണ്ടായിരുന്നില്ലെങ്കിൽ ഈ പുസ്തകം ജൂലായി 10–നു-യ്ക്കു മുമ്പെ എഴുതിത്തീരുന്നതായിരുന്നു . എഴുതിത്തുടങ്ങിയതിന്റെയും അച്ചടിപ്പാൻ ഏൽപിച്ചതിന്റെയും, അതാതു സമയം അച്ചടിപ്പാൻ ഓരോ അദ്ധ്യായം എഴുതി അയച്ചുകൊടുത്തിട്ടുള്ളതിന്റെയും തീയതിയുടെ വിവരങ്ങൾ സ്പെക്ടെറ്റർ ആപ്പീസിൽ ഉണ്ടെങ്കിൽ അതും എന്റെ പക്കൽ ഉള്ളതും പരിശോധിച്ചാൽ ഈ സംഗതി അധികം സംശയിപ്പാൻ എടയുണ്ടാകുന്നതല്ല. ഇന്ദുലേഖാ ഈ രണ്ടാം അച്ചടിപ്പിന്റെ ഇംഗ്ലീഷു തർജ്ജമ മലയാജില്ല ആക്ടിംഗു് കലക്ടർ മഹാരാജശ്രീ ഡബ്ലിയു. ഡ്യൂമർഗ്ഗ് സായ്‍വ് അവർകൾ ചെയ്യുന്നുണ്ടെന്നു് എന്റെ വായനക്കാർ അറിഞ്ഞിരിക്കാം. തർജ്ജമ പകുതിയിൽ അധികവും കഴിഞ്ഞിരിക്കുന്നു . തർജ്ജമ കഴിഞ്ഞെടത്തോളം ഞാൻ വായിച്ചതിൽ മലയാള വാചകങ്ങളിലുള്ള ധ്വന്യർത്ഥങ്ങൾകൂടി സൂക്ഷ്മമായി ഗ്രഹിച്ചു സരസമായും നിഷ്പ്രയാസമായും ഇംഗ്ലീഷുഭാഷയിൽ അതിലളിതമായ വാചകങ്ങളിൽ സ്ഫുരിപ്പിച്ചു് എഴുതുവാൻ ശക്തനായ ഈ സായ്വവർകൾ എന്റെ പുസ്തകത്തെ തർജ്ജമചെയ്വാൻ എടയായതു പുസ്തകത്തിന്റെ ഒരു വിശേഷ ഭാഗ്യവും എനിക്കു പരമസന്തോഷത്തിനും തൃപ്തിക്കും ഒരു കാരണവും ആയിത്തീർന്നിരിക്കുന്നു എന്നു നന്ദിപൂർവം ഇവിടെ പ്രസ്താവിക്കുന്നതിൽ ഞാൻ ഒട്ടും സംശയിക്കുന്നില്ല . ഇന്ദുലേഖയുടെ രണ്ടാം അച്ചടിപ്പായ ഈ പുസ്തകം അച്ചടിപ്പാനുള്ള അവകാശത്തേയും കർത്തൃത്വത്തേയും ഞാൻ കോഴിക്കോടു് എഡ്യൂക്കേഷനൽ ആൻഡു് ജനറൽ ബുക്ഡിപ്പോവിലേക്കുക്കകെമാറ്റം ചെയ്തതിനാൽ ഡിപ്പോ ഉടമസ്ഥന്മാരുടെ ചിലവിന്മേൽ ഈ പുസ്തകം അച്ചടിപ്പിച്ചതാണെന്നു് എന്റെ വായനക്കാർ അറിഞ്ഞിരിക്കാം . എന്നാൽ ഞാൻ ഇങ്ങിനെക്കകെമാറ്റംചെയ്തതു് ഒരു വലിയ ദ്രവ്യപ്രതിഫലത്തെ ആഗ്രഹിച്ചിട്ടല്ലാ ഡിപ്പോവിന്റെ ഉടമസ്ഥന്മാരും ഞാനുമായുള്ള സ്നേഹം നിമിത്തവും ഈ പ്രവൃത്തി അവർക്കു കൊടുത്താൽ അവർ ശ്രദ്ധയോടെ വെടിപ്പായി നടത്തുമെന്നുള്ള വിശ്വാസത്തിന്മേലും ആഗ്രഹത്താലും ആകുന്നു . പുസ്തകം ഇത്ര ക്ഷണേന ഇത്ര വെടിപ്പായി അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്താൻ ഒരുങ്ങിയതു കാണുന്നതിൽ എന്റെ ആഗ്രഹം മുഴുവനും സഫലമായിരിക്കുന്നു . അന്യദേശക്കാരായ ഈ ഡിപ്പോ ഉടമസ്ഥന്മാർ മലയാളഭാഷയുടെ അഭിവൃദ്ധിക്കും മലയാളികളുടെ ആവശ്യത്തിന്നുംവേണ്ടി ചെയ്ത ഈപ്രയത്നത്തെ യോഗ്യരായ മലയാളികൾ അറിഞ്ഞു സന്തോഷിക്കുമെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു .


പരപ്പനങ്ങാടി
1890 മേയു് 31–ാം തീയതി

ഒ . ചന്തുമേനോൻ