ഇന്ദുലേഖ/മദിരാശിയിൽനിന്നു് ഒരു ആഗമനം
←കണ്ണഴി മൂർക്കില്ലാത്തമനയ്ക്കൽ സൂരിനമ്പൂതിരിപ്പാടു് | ഇന്ദുലേഖ രചന: അദ്ധ്യായം എട്ടു്: മദിരാശിയിൽനിന്നു് ഒരു ആഗമനം |
നമ്പൂതിരിപ്പാട്ടിലെ ആഗമനവും മറ്റും→ |
എട്ടു്
[തിരുത്തുക]മദിരാശിയിൽനിന്നു് ഒരു ആഗമനം
[തിരുത്തുക]ആറാം അദ്ധ്യായത്തിൽ പറഞ്ഞ കഥ നടന്നതിന്റെ പിറ്റേ ദിവസം രാവിലെ മൂർക്കില്ലാത്തമനയ്ക്കൽ നമ്പൂതിരിപ്പാട്ടിലെ എഴുന്നെള്ളത്തും കാത്തുകൊണ്ടു പഞ്ചുമേനവൻ, കേശവൻനമ്പൂതിരി, വീട്ടിലുള്ള കാര്യസ്ഥന്മാർ, ഇവരു് എല്ലാം പൂമുഖത്തു നിന്നിരുന്നു. മഠത്തിൽ പാലടപ്രഥമൻ, വലിയപപ്പടം, പഞ്ചസാര വട്ടമായി സദ്യയ്ക്കു് ഒരുക്കിയിരുന്നു. ഒരു കാര്യവശാൽ പിറ്റേദിവസം പുറപ്പെടാൻ തരമാകയില്ലെന്നും അതുകൊണ്ടു് അതിന്റെ പിറ്റേദിവസം ഭക്ഷണത്തിന്നുതക്കവണ്ണം എത്തുമെന്നും അറിയിപ്പാൻ അന്നുതന്നെ രണ്ടാമതു് അയച്ച എഴുത്തുംകൊണ്ടു മനയ്ക്കൽനിന്നു പോന്ന ആളുകൾ രാത്രിയായതിനാൽ വഴിയിൽ താമസിച്ചു രാവിലെ മേൽപറഞ്ഞപ്രകാരം പഞ്ചുമേനവൻ കാത്തിരിക്കുമ്പോഴാണു് എത്തിയതു് . എഴുത്തു വായിച്ച ഉടനെ കാരണവരു തറവാട്ടുഭവനത്തിലേക്കും, നമ്പൂതിരി കുളിപ്പാനും, ശേഷം കൂടിയിരുന്നവർ അവരവരുടെ പ്രവൃത്തിക്കും പോയി. കുറെ കഴിഞ്ഞപ്പോൾ ഇന്ദുലേഖാ കുളിക്കാൻ പുറപ്പെട്ടു പൂമുഖത്തുവന്നു. ഇന്ദുലേഖയുടെ അമ്മയും പൂമുഖത്തേക്കു വന്നു.
ലക്ഷ്മിക്കുട്ടിഅമ്മ: അല്ല കുട്ടീ, നീ എന്തിനാണു മണ്ണെണ്ണ വിളക്കു കത്തിച്ചു രാത്രി ഉറക്ക് ഒഴിക്കുന്നത്? ഇന്നലെ എത്ര നേരം വായിച്ചു, അച്ഛൻ പോന്നശേഷം?
ഇന്ദുലേഖാ: ഇല്ലാ, ഞാൻ വേഗം കിടന്ന് ഉറങ്ങിയിരിക്കുന്നു. അമ്മേ, കൊച്ചമ്മാമൻ ഇനിയും വന്നില്ലല്ലോ ഇന്നലെ വരുമെന്നല്ലേ എഴുതിയത്?
ലക്ഷ്മിക്കുട്ടിഅമ്മ: ശരിതന്നെ, ഇന്നു വരുമായിരിക്കും. അതോ എനി മാധവൻ അവിടെ പിടിച്ചുനിർത്തിയിരിക്കുമോ എന്നും അറിഞ്ഞില്ലാ.
ഇങ്ങനെ ഇവർ പറഞ്ഞുംകൊണ്ടിരിക്കുമ്പോൾ ഗോവിന്ദൻകുട്ടിമേനവനും ഭൃത്യന്മാരും കെട്ടും പെട്ടിയുമായി കയറിവരുന്നത് ഇവർ കണ്ടു. ഗോവിന്ദൻകുട്ടിമേനവൻ തലേദിവസത്തെ വണ്ടിയെറങ്ങി വഴിയിൽ പൂവള്ളിവക സത്രത്തിൽ താമസിച്ചു് അന്നുരാവിലെ സത്രത്തിൽ നിന്നു പുറപ്പെട്ടു വീട്ടിൽ എത്തിയതാണ്.
ഇന്ദുലേഖാ: അതാ കൊച്ചമ്മാമൻ വരുന്നു. എന്നു പറഞ്ഞു മന്ദഹാസത്തോടെ അമ്മാമനു് അഭിമുഖമായി മിറ്റത്തേക്കു് എറങ്ങി. ലക്ഷ്മിക്കുട്ടി അമ്മയും കൂടെയിറങ്ങി.
ഗോവിന്ദൻകുട്ടിമേനവൻ: ഇന്ദുലേഖയ്ക്കു് സുഖക്കേടൊന്നുമില്ലല്ലോ?
ഇന്ദുലേഖാ: ഒന്നും ഇല്ലാ. ഇപ്പോൾ എനിക്കു സകലസുഖവും ആയി. കൊച്ചമ്മാമൻ ഇന്നലെ വരുമെന്നല്ലേ എഴുതിയതു്. ഞങ്ങൾ കുറെ വിഷാദിച്ചു. ഉടനെ ലക്ഷ്മിക്കുട്ടിഅമ്മയും ഗോവിന്ദൻകുട്ടിമേനവനും ഇന്ദുലേഖയുംകൂടി അകത്തേക്കുപോയി. ഗോവിന്ദൻകുട്ടിമേനവൻ കുളി ഭക്ഷണം മുതലായതു കഴിഞ്ഞ് അച്ഛനെ കാണ്മാൻ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയി കണ്ടു മടങ്ങി, അമ്മയുടെ അറയിൽ പോയി അമ്മയേയും കണ്ട്, ജ്യേഷ്ഠത്തിയേയും കണ്ട് ഇന്ദുലേഖയുടെ മാളികമുകളിലേക്കു കയറിച്ചെന്നു. ഗോവിന്ദൻകുട്ടിമേനവനെക്കുറിച്ചു് അൽപം എന്റെ വായനക്കാരോടു പറയണ്ടേ. അൽപമേ പറയേണ്ടതുള്ളു. ഈയാളുടെ ബുദ്ധി അതികൂർമ്മതയുള്ളതായിരുന്നു. എന്നാൽ സ്വഭാവത്തിനു് അൽപം ഒരു വിനയം പോരായ്ക ഉണ്ടോ എന്നു സംശയം. സ്വഭാവത്തിനു് ഒരു പ്രകാരത്തിലും ചാപല്യം ഉണ്ടെന്നല്ല ഇതിന്റെ അർത്ഥം. ഇദ്ദേഹത്തെ അറിയുന്ന എല്ലാവർക്കും ഇദ്ദേഹത്തെക്കുറിച്ചു നല്ല ബഹുമാനം ഉണ്ടായിരുന്നു. ശരീരാകൃതി കോമളമായിരുന്നു. തന്റെ മരിച്ചുപോയ മഹാനായ ജ്യേഷ്ഠനെപ്പോലെ ഭൂമിയിലുള്ള സകല ജീവികളിലുംവെച്ചു് ഇദ്ദേഹത്തിന്ന് അതിവാത്സല്യം ഉണ്ടായിരുന്നത് ഇന്ദുലേഖയിൽ ആയിരുന്നു.
അമ്മാമൻ വരുന്നതു കണ്ട ഉടനെ ഇന്ദുലേഖാ എഴുനീറ്റു കോച്ചിന്മേലെ കെടക്ക തട്ടിനന്നാക്കി അവിടെ ഇരിക്കേണമെന്നുള്ള ഭാവത്തോടെ നിന്നു. ഗോവിന്ദൻകുട്ടിമേനവൻ ഉടനെ ഇരുന്നു ഉടനെ വെള്ളിപ്പാത്രത്തിൽ തന്റെ കൈകൊണ്ടുതന്നെ പ്രേമത്തോടെ ഉണ്ടാക്കിയ ചായയും ഒരു വെള്ളിത്താമ്പാളത്തിൽ കുറെ പലഹാരങ്ങളും ഒരു ചെറിയ മേശമേൽവെച്ചു് അമ്മാമന്റെ അടുക്കെകൊണ്ടുപോയിവെച്ചു. പിന്നെ അമ്മാമന്റെ കൽപനപ്രകാരം അടുക്കെ ഒരു കസാലയിൽ ഇരുന്നു.
ഗോവിന്ദൻകുട്ടിമേനവൻ: മാധവൻ സുഖക്കേടുകൂടാതെ അവിടെ എത്തി. ഉടനെ സിക്രട്ടരിയട്ടിൽ നൂറ്റമ്പതു് ഉറുപ്പിക ശമ്പളമാവുമെന്നു തോന്നുന്നു. ഇന്ദുലേഖയ്ക്കു ഞാൻ പോവുമ്പോൾ തന്ന നോവൽ വായിച്ചുതീർന്നുവോ ? നല്ലവണ്ണം മനസ്സിലാവുന്നുണ്ടോ? ‘മാധവൻ’ എന്ന ശബ്ദം തന്റെ മുഖത്തിൽനിന്നു പുറപ്പെട്ട ഉടനെയും പിന്നെ അദ്ദേഹത്തിന്നു് ഉദ്യോഗമാകാൻപോകുന്നു എന്നു പറഞ്ഞപ്പോഴും ഇന്ദുലേഖയുടെ ചെന്താമരപ്പൂപോലെയുള്ള മുഖത്തിൽനിന്നു ലജ്ജ ഹേതുവായി പ്രത്യക്ഷമായ വളരെ സ്തോഭങ്ങൾ ഉണ്ടായി. ബുദ്ധിമാനായ ഗോവിന്ദൻകുട്ടിമേനവൻ ഇങ്ങിനെ ഉണ്ടാവുമെന്നു മുമ്പുതന്നെ കരുതിയിരുന്നു. എന്നാൽ ഇന്ദുലേഖയ്ക്കു കേൾപ്പാൻ ഇത്ര ഇഷ്ടമുള്ള വാക്കുകൾ വേറെ ഒന്നും ഇല്ലെങ്കിലും താനുമായി മാധവനെക്കുറിച്ചു സംസാരിച്ചാൽ ലജ്ജയുണ്ടാവുമെന്ന് അറിഞ്ഞ് ആവശ്യമുള്ള വിവരം ക്ഷണത്തിൽ അറിയിച്ചു. തുടർച്ചയായി ക്ഷണേന വേറെ സംഭാഷണം തുടങ്ങി ഇന്ദുലേഖയുടെ മനസ്സു സമാധാനമാക്കി.
ഇന്ദുലേഖാ: ആ നോവൽ ബഹുവിശേഷംതന്നെ. അതു ഞാൻ മുഴുവനും വായിച്ചു.
ഗോവിന്ദൻകുട്ടിമേനവൻ: നീ രാത്രി കുറെ അധികം വായിക്കുന്നു എന്നു നിന്റെ അമ്മ പറഞ്ഞു. അധികം മുഷിഞ്ഞു വായിക്കരുത്.
ഇന്ദുലേഖാ: ഞാൻ അധികം മുഷിയാറില്ലാ. രാത്രി ഞാൻ നേമം വായിക്കാറേ ഇല്ലാ. ഇന്നാൾ ഒരു രാത്രി യദൃച്ഛയായി ഞാൻ ശാകുന്തളം വായിച്ചിരുന്നു. അന്നു് ഒരു സംഗതിവശാൽ വലിയച്ഛനും കേശവൻനമ്പൂതിരിയുംകൂടി ഇതിന്റെ മുകളിൽ വന്നു. അവരു പറഞ്ഞിട്ടാണു് അമ്മ പറയുന്നത്. ഞാൻ രാത്രി നേമം വായിക്കാറേ ഇല്ല.
പഞ്ചുമേനോന്റെ ശപഥത്തെക്കുറിച്ചു മാധവൻമുഖേന ഗോവിന്ദൻകുട്ടിമേനവൻ അറിഞ്ഞിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ. പിന്നെ പഞ്ചുമേനോൻ നമ്പൂതിരിപ്പാട്ടിലേക്കൊണ്ടു സംബന്ധം നടത്താൻ ശ്രമം കലശലായി ചെയ്യുന്നുണ്ടെന്നു പഞ്ചുമേനോനും ഗോവിന്ദപ്പണിക്കരുമായി സംഭാഷണം കഴിഞ്ഞതിന്റെ മൂന്നാംദിവസം ഗോവിന്ദപ്പണിക്കർ മാധവനു മദിരാശിക്കു് എഴുതിയ എഴുത്തിൽ പ്രസ്താവിച്ചതും ഗോവിന്ദൻകുട്ടിമേനോൻ കണ്ടിട്ടുണ്ടു്. എന്നാൽ ഇന്ദുലേഖാ മേൽക്കാണിച്ചപ്രകാരം പറഞ്ഞപ്പോൾ ഒരു ഹാസ്യരസസൂചകമായ മന്ദഹാസത്തോടെ, “എന്തിനാണു് അവരു് അന്നു നിന്റെ മുറിയിൽ വന്നിരുന്നതു്?” എന്നു ചോദിച്ചു. ഇതു ചോദിച്ച ക്ഷണത്തിൽ ഇന്ദുലേഖയുടെ കുവലയങ്ങൾപോലെയുള്ള നീണ്ട കണ്ണുകളിൽ വെള്ളം നിറഞ്ഞുപോയി.
ഗോവിന്ദൻകുട്ടിമേനവൻ: എന്താണു്, ഇത്ര ബുദ്ധിയില്ലേ നിണക്കു് ? ഗോഷ്ഠി കാണിക്കുന്നതു കണ്ടാൽ ചിറിക്കുകയല്ലേ വേണ്ടതു്? നീ എന്തു ഗോഷ്ഠിയാണു കാണിക്കുന്നതു്? എനിയും കരയുവാൻ ഭാവമാണെങ്കിൽ ഞാൻ ഇതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.
ഇന്ദുലേഖാ: ഇല്ല, ഇനി ഞാൻ കരയുന്നില്ലാ. ഉടനെ അന്നു രാത്രി ഉണ്ടയ സംഭാഷണത്തെക്കുറിച്ചു മുഴുവൻ പറഞ്ഞു. ഗോവിന്ദൻകുട്ടിമേനവൻ വളരെ ചിറിച്ചു–മനസ്സുകൊണ്ടു തന്റെ മരുമകളുടെ ബുദ്ധിശക്തിയെ ഓർത്തു വളരെ ബഹുമാനിച്ചു.
ഇന്ദുലേഖാ: നാളെ ഈ നമ്പൂതിരിപ്പാടു വരുന്നുണ്ടത്രെ.
ഗോവിന്ദൻകുട്ടിമേനവൻ: (ഒന്നു് ഉറക്കെച്ചിറിച്ച്) നാളെ വരട്ടെ. അച്ഛൻ എന്നോടു് ഈ വിവരത്തെക്കുറിച്ചു പറഞ്ഞു.
ഇന്ദുലേഖാ: കൊച്ചമ്മാമൻ എന്തു പറഞ്ഞു മറുവടിയായി?
ഗോവിന്ദൻകുട്ടിമേനവൻ: ഞാൻ ഒന്നും പറഞ്ഞില്ലാ. എനിക്കു് ഈ കാര്യത്തിൽ യാതൊരു ശ്രദ്ധയും ഇല്ലാത്തപോലെ കേട്ടുനിന്നു. ഞാൻ മാധവന്റെ അച്ഛനെ കണ്ടിട്ടില്ല. അവിടെ ഒന്നുപോണം. എന്നു പറഞ്ഞു ഗോവിന്ദൻകുട്ടിമേനവൻ എണീട്ടു.
ഇന്ദുലേഖാ: എനി നാളത്തെ ഘോഷം എന്തെല്ലാമോ അറിഞ്ഞില്ലാ.
“ഒന്നും വരാനില്ല,” എന്നു പറഞ്ഞു ചിറിച്ചുംകൊണ്ടു ഗോവിന്ദൻകുട്ടിമേനവൻ ഗോവിന്ദപ്പണിക്കരുടെ വീട്ടിലേക്കായി പുറപ്പെട്ടുപോയി.