ഇന്ദുലേഖ/ഇന്ദുലേഖ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഇന്ദുലേഖ
രചന:ഒ. ചന്തുമേനോൻ
അദ്ധ്യായം രണ്ടു്: ഇന്ദുലേഖ

രണ്ടു്[തിരുത്തുക]

ഇന്ദുലേഖ[തിരുത്തുക]

സുന്ദരികളായിട്ടുള്ള നായികമാരെ വർണ്ണിക്കുന്നതിലുള്ള സാമർത്ഥ്യം ഒട്ടും എനിക്കില്ലെന്നു് ഈ അദ്ധ്യായം എഴുതേണ്ടി വരുമെന്നു് ഓർത്തപ്പോൾ എനിക്കുണ്ടായ ഭയം എന്നെ നല്ലവണ്ണം മനസ്സിലാക്കിയിരിക്കുന്നു . എന്നാലും നിവൃത്തിയില്ലല്ലോ . കഴിയുമ്പോലെ പറയുക എന്നേ വരൂ. ഇന്ദുലേഖക്ക് ഈ കഥ ആരംഭിക്കുന്ന കാലം ഏകദേശം പതിനെട്ടു വയസ്സു പ്രായമാണു്. ഇവളുടെ സൌന്ദര്യത്തെക്കുറിച്ചു് അവയവംപ്രതി വർണ്ണിക്കുന്നതിനോൾ അധികം എളുപ്പം ആകപ്പാടെ ഇവളുടെ ആകൃതിയുടെ ഒരു ശോഭയെക്കുറിച്ചുമാത്രം അൽപം പറയുന്നതാണു്. സൌന്ദര്യം എന്നതു് ഇന്നതാണെന്നും ഇന്നപ്രകാരമായാലാണെന്നും മുൻകൂട്ടി മനസ്സുകൊണ്ടു ഗ്രഹിച്ചു ഗണിക്കപ്പെടുവാൻ സാദ്ധ്യമായ ഒരു ഗുണപദാർത്ഥമല്ലാ . പലേ സ്ഥിതികളിലും പലേ പ്രകാരമുള്ള യോജ്യതകളിലും ഒരു രൂപത്തിന്നു സൌന്ദര്യമുണ്ടായി എന്നുവരാം. കറുപ്പുനിറം സാധാരണ ശരീരവർണ്ണത്തിന്നു സൌന്ദര്യമില്ലാത്തതാണെന്നു പറയുന്നു. എന്നാൽ ചിലപ്പോൾ കറുപ്പുനിറം വേറെ സാധനങ്ങളുമായുള്ള ചേർച്ചയാലോ മറ്റു പ്രകാരത്തിലോ ബഹുശോഭയോടെ കാണപ്പെടുന്നുണ്ടു് . (ഇന്ദുലേഖാ കറുത്തിട്ടാണെന്നു് എന്റെ വായനക്കാരു് ഇവിടെ ശങ്കിച്ചു പോകരുതെ . ) അതുപ്രകാരംതന്നെ ധാവള്യം , അല്ലെങ്കിൽ സ്വർണ്ണവർണ്ണം ഇതുകൾ ശരീരവർണ്ണത്തിന്നു ഭംഗിയുള്ളതാണെന്നു സാധാരണ ധരിച്ചുവരുന്നുണ്ടു്. എന്നാൽ ചിലപ്പോൾ ഈ വർണ്ണമായാലും ചില ശരീരത്തിന്നു ഭംഗിയില്ലെന്നു തോന്നുന്നു. എന്റെ അഭിപ്രായത്തിൽ സൌന്ദര്യം എന്നതു ശോഭാനിഷ്ഠമായ ഒരു സാധനമാണെന്നാകുന്നു. ശോഭ എവിടെ തോന്നുന്നുവോ അവിടെ സൌന്ദര്യമുണ്ടു് എന്നു പറയാം . ഈ ഇൻഡ്യാരാജ്യത്തുള്ള സംസ്കൃതഗ്രന്ഥങ്ങളിൽ ഒരു സ്ത്രീയുടെ സൌന്ദര്യവർണ്ണനയിൽ കചങ്ങൾക്കു് അതികൃഷ്ണവർണ്ണത്വവും നേത്രങ്ങൾക്കു നീലാബ്ജസദൃശ്യതയും അതിവിശിംമായ സന്ദര്യലക്ഷണങ്ങളിൽ മുഖ്യങ്ങളായി പറഞ്ഞുകാണുന്നു . ഇംഗ്ലീഷു് കവികൾ ഒരു യുവതിയുടെ സൌന്ദര്യലക്ഷണങ്ങളിൽ അവളുടെ തലമുടിയുടെ സ്വർണ്ണവർണ്ണത്വവും കണ്ണമിഴികൾക്കു മങ്ങിയമാതിരി വെളുപ്പോടു കൂടിയ ലഘുവായ നീലവർണ്ണവും (അല്ലെങ്കിൽ പടുഭാഷയിൽ നമ്മൾ പറയുന്നതുപോലെ ശുദ്ധ പൂച്ചക്കണ്ണ് ) മുഖ്യങ്ങളായി വർണ്ണിച്ചുവരുന്നു. ഇവിടെ സംസ്കൃതകവികളുടേയും ഇംഗ്ലീഷ്കവികളുടേയും സിദ്ധാന്തങ്ങൾ രണ്ടും ശരിയാണെന്നു പലപ്പോഴും എനിക്കു തന്നെ തോന്നീട്ടുണ്ടു് . കറുത്തനിറത്തിലുള്ള തലമുടി എങ്ങിനെ നമ്മുടെ സ്ത്രീകൾക്കു ഭംഗി തോന്നിക്കുന്നുവോ അതുപ്രകാരം തന്നെ സ്വർണ്ണവർണ്ണമായ തലമുടി ചില യൂറോപ്യൻസ്ത്രീകൾക്കു ബഹുചേർച്ചയായും യോജ്യതയായും എന്റെ കണ്ണിൽ കാണപ്പെട്ടിട്ടുണ്ടു് , കണ്ണമിഴികളും മേൽപറഞ്ഞ വർണ്ണത്തിൽ ഉള്ളതു് ചില യൂറോപ്യൻ സ്ത്രീപുരുഷന്മാരിൽ എനിക്കു ബഹുഭംഗിയും ജീവനും ഉള്ളതുകളായി തോന്നപ്പെട്ടിട്ടുണ്ടു്. മേൽപറഞ്ഞവിധം തലമുടിയും കണ്ണമിഴികളും ഉള്ള ചില യൂറോപ്യൻസ്ത്രീകളെ എന്റെ മനസ്സിന്നു് അതിസുന്ദരികളാണെന്നു ബോദ്ധ്യപ്പെട്ടിട്ടുണ്ടു് . പലേ അവയവങ്ങളുടെ യോജ്യതകളിൽനിന്നും വർണ്ണങ്ങളിൽനിന്നും ആകാരങ്ങളിൽനിന്നും മനസ്സിനു് ഓരോ പ്രത്യേക ദേഹങ്ങൾ കാണുമ്പോൾ സൌന്ദര്യം ഉണ്ടെന്നും ഇല്ലെന്നും തോന്നാം. അതുകൊണ്ടു് സാധാരണയായി ഒരു സ്ത്രീക്കു സൌന്ദര്യം , ഇന്നിന്ന പ്രകാരത്തിൽ അവയവങ്ങളും വർണ്ണവും ആയാൽ ഉണ്ടാവുമെന്നു മനസ്സുകൊണ്ടു മുൻകൂട്ടി ഗണിച്ചുവെപ്പാൻ പാടില്ലാത്ത ഒരു സാധനമാണെന്നു ഞാൻ വിചാരിക്കുന്നു . ചില സ്ത്രീകളെ ആപാദചൂഢം നോക്കിയാൽ ഒരവയവത്തിന്നും പ്രതേ്യക ദോഷാരോപണം ചെയ്വാൻ പാടുണ്ടാകയില്ലെങ്കിലും ആകപ്പാടെ നോക്കിയാൽ മനസ്സിന്നു് അശേഷം കൌതുകം തോന്നാതെ വരാം. ചില സ്ത്രീകൾക്കു് അവയവങ്ങൾ പ്രത്യേകമായി സൂക്ഷിച്ചുനോക്കിയാൽ ധാരാളം ദോഷം പറവാനുണ്ടായിരുന്നാലും ആകപ്പാടെ അവരെ കണ്ടാൽ കൌതുകം തോന്നും.

എന്നാൽ ഒരു സ്ത്രീക്കു് സൌന്ദര്യം ഉണ്ടു് , ഒരു സ്ത്രീ സുന്ദരി എന്നു ഞാൻ പറയണമെങ്കിൽ അവളുടെ അവയവങ്ങൾ പ്രഥമദൃഷ്ടത്തിലും പിന്നെ സാവധാനത്തിൽ സൂക്ഷിച്ചു് ആലോചിച്ചു നോക്കിയാലും ഒരുപോലെ അതികോമളമായി മനോഹരങ്ങളായിരിക്കണം . പിന്നെ ആകപ്പാടെ സർവ്വാവയവങ്ങളും ഒന്നായി ചേർത്തുനോക്കിയാൽ അതിയായുള്ള ഒരു ശോഭ തോന്നണം. കാണുന്ന ക്ഷണത്തിൽ മനസ്സിനെ എങ്ങിനെ മോഹിപ്പിക്കുന്നുവോ അതുപോലെതന്നെ എല്ലായ്പ്പോഴും എത്രനേരമെങ്കിലും നോക്കിയാലും മനസ്സിന്നു കണ്ടതു പോരെന്നുള്ള മോഹം ഉണ്ടാക്കിച്ചുകൊണ്ടേയിരിക്കണം . അങ്ങിനെയുള്ള സ്ത്രീയെ ഞാൻ സുന്ദരി എന്നു പറയും. ഇന്ദുലേഖാ അങ്ങിനെയുള്ള സ്ത്രീകളിൽ അഗ്രഗണ്യയായിരുന്നു . ഇന്ദുലേഖയുടെ ദേഹത്തിന്റെ വർണ്ണത്തെക്കുറിച്ചു ഞാൻ ഒന്നു മാത്രം പറയാം. അരയിൽ നേമം ഉടുക്കുന്ന കസവുതുണിയുടെ വക്കിനുള്ള പൊൻകസവുകര മദ്ധ്യപ്രദേശത്തു പട്ടയുടെമാതിരി ആവരണമായി നിൽക്കുന്നതു കസവാണെന്നു തിരിച്ചറിയണമെങ്കിൽ കൈകൊണ്ടു തൊട്ടുനോക്കണം; ശരീരത്തിന്റെ വർണ്ണം പൊൻകസവിന്റെ സവർണ്ണമാകയാൽ കസവു് എവിടെ അവസാനിച്ചു, ശരീരം എവിടെ തുടങ്ങി , എന്നു കാഴ്ചയിൽ പറവാൻ ഒരുവനും കേവലം സാധിക്കയില്ല. കചങ്ങളുടെ നീലിമയും ദെർഘ്യവും നിബിഡതയും മാർദ്ദവവും അതിമനോഹരമെന്നേ പറവാനുള്ളു . അധരങ്ങൾ , ആ വർണ്ണത്തിൽ പക്ഷേ , യൂറോപ്യൻസ്ത്രീകളിൽ അല്ലാതെ കാണ്ണമാൻ കഴിയുമോ എന്നു സംശയം . നേത്രങ്ങളുടെ ദെർഘ്യവും ത്രിവർണ്ണത്വവും അതുകളുടെ ഒരു ജീവനും അതുകളെക്കൊണ്ടു ചിലപ്പോൾ ചെയ്യുന്ന ഓരോ കടാക്ഷങ്ങളിൽനിന്നു യുവാക്കളുടെ നെഞ്ചിൽ വീഴുന്ന വഹ്നിയുടെ തൈക്ഷ്ണ്യവും കണ്ടു് അനുഭവിച്ചവർക്കുതന്നേ അറിവാൻ പാടുള്ളു . ഈ കാലം സ്തനങ്ങൾ കഠിനഭാരങ്ങളാവാൻ സമീപിച്ചിരിക്കുന്നു എന്നുതന്നെ പറയാം . വൃത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന ആ തങ്കക്കുടങ്ങളെ ഏതു യുവാവു കണ്ടു സഹിക്കും ? ഈ അതിമനോഹരിയായ ഇന്ദുലേഖയുടെ സൌന്ദര്യത്തെ വർണ്ണിപ്പാൻ ആരാൽ സാധിക്കും ! ഇന്ദുലേഖയുടെ സുവർണ്ണസദൃശമായ വർണ്ണവും കുരുവിന്ദസമങ്ങളായ രദനങ്ങളും വിദ്രുമംപോലെ ചുമന്ന അധരങ്ങളും കരിങ്കുവലയങ്ങൾക്കു ദാസ്യം കൊടുത്ത നേത്രങ്ങളും ചെന്താമരപ്പൂവുപോലെ ശോഭയുള്ള ആ മുഖവും നീല കുന്തളങ്ങളും സ്തനഭാരവും അതികൃശമായ മദ്ധ്യവും മറ്റും ആകപ്പാടെ കാണുമ്പോൾ പുരുഷന്മാരുടെ മനസ്സിന്നു് ഉണ്ടായ ആനന്ദവും സന്തോഷവും പരിതാപവും ഭ്രാന്തിയും ആസക്തിയും വ്യഥയും ഇന്നപ്രകാരമാണെന്നു പറഞ്ഞറിയിപ്പാൻ എന്നാൽ അസാദ്ധ്യമാണെന്നു് ഞാൻ തീർച്ചയായി ഇവിടെ സമ്മതിക്കുന്നു . ഈ രൂപഗുണത്തിന്നു യോഗ്യമായ പഠിപ്പും സൌശീല്യാദി ഗുണങ്ങളും ഇവൾക്കുണ്ടായിരുന്നു. ഇന്ദുലേഖാ കിളിമാനൂർ ഒരു രാജാവവർകളുടെ മകളായിരുന്നു . ഇന്ദുലേഖയ്ക്കു് രണ്ടരവയസ്സു പ്രായമായപ്പോൾ രാജാവു സ്വർഗ്ഗാരോഹണമായി . ഏകദേശം മൂന്നുവയസ്സു പ്രായമായപ്പോൾ തന്റെ വലിയച്ഛൻ പഞ്ചുമേനവന്റെ ജ്യേഷ്ഠപുത്രനും തന്റെ അമ്മാമനും ഇംഗ്ലീഷു്, സംസ്കൃതം, സംഗീതം മുതലായ വിദ്യകളിൽ അതിനിപുണനും ഒരു ദിവാൻ പേഷ്കാരുദ്യോഗത്തിൽ എണ്ണൂറുറുപ്പിക ശമ്പളമായിരുന്ന ആളും ആയ കൊച്ചുകൃഷ്ണമേനോൻ, തന്റെകൂടെ താൻ ഉദ്യോഗം ചെയ്തിരുന്ന ദിക്കിൽ കൊണ്ടുപോയി പതിനാറു വയസ്സുവരെ വിദ്യാഭ്യാസങ്ങൾ ചെയ്യിപ്പിച്ചു . ഇംഗ്ലീഷു നല്ലവണ്ണം പഠിപ്പിച്ചു . സംസ്കൃതത്തിൽ നാടകാലങ്കാരങ്ങൾവരെ പഠിപ്പിച്ചു . സംഗീതത്തിൽ പല്ലവി രാഗവിസ്താരംവരെ പാടാനും പിയാനോ, ഫിഡിൽ, വീണ ഇതുകൾ വിശേഷമായി വായിപ്പാനും ആക്കിവെച്ചു . പിന്നെ ചില്ലറയായി സ്ത്രീകളെ യൂറോപ്പിൽ അഭ്യസിപ്പിക്കുന്ന തുന്നൽ , ചിത്രം മുതലായതുകളിലും തന്റെ അതിമനോഹരിയായ മരുകകൾക്കു പരിചയം വരുത്തി . ബിലാത്തിയിൽ ഒരു ഇംഗ്ലീഷുസ്ത്രീയെ അഭ്യസിപ്പിക്കുന്നവിധമുള്ള പഠിപ്പും അറിവുകളും സമ്പ്രാദയങ്ങളും ഇന്ദുലേഖയ്ക്കു് ഉണ്ടാക്കി വെയ്ക്കേണമെന്നുള്ള ആഗ്രഹം മഹാനും അതിബുദ്ധിശാലിയും ആയിരുന്ന കൊച്ചുകൃഷ്ണമേനോനു് ഇന്ദുലേഖയുടെ പതിനാറാം വയസ്സിനകത്തു സാധിപ്പാൻ കഴിയുന്നേടത്തോളം സാധിച്ചു എന്നുതന്നെ പറയാം . എന്നാൽ ഭാഗ്യം കേവലം ഒരെടത്തും സമ്പൂർത്തിയായി എന്നു പറവാൻ മനുഷ്യനു സാധിക്കയില്ലല്ലോ .

ഇന്ദുലേഖയുടെ പതിനാറാമത്തെ വയസ്സു് അവസാനിച്ചതോടുകൂടി കൊച്ചുകൃഷ്ണമേനോന്റെ കാലവും അവസാനിച്ചു . പിന്നെ വലിയച്ചന്റെകൂടെ അമ്മയുടെയൊന്നിച്ചു വലിയച്ചന്റെ പൂവരങ്ങിൽ എന്ന ഭവനത്തിൽ ആണു് താമസം ആയതു്. ഇന്ദുലേഖയുടെ സ്വാഭാവികമായ ഗുണങ്ങളാലും തന്റെ പത്രിയായതിനാലും തന്റെ പ്രാണപ്രിയനായ മകനു് ഇന്ദുലേഖയിൽ ഉണ്ടായ സ്നേഹശക്തി ഓർത്തും ഇന്ദുലേഖയുടെവലിയച്ഛന് ഇന്ദുലേഖയിൽ ഉള്ള സ്നേഹം ഇന്നപ്രകാരമായിരുന്നു എന്നും ഇത്ര ഉണ്ടായിരുന്നു എന്നും എനിക്കു് എന്റെ വായനക്കാരെ പറഞ്ഞു മനസ്സിലാക്കുവാൻ പ്രയാസമാണു് . ഇന്ദുലേഖയ്ക്കു് താമസിപ്പാൻ പ്രത്യേകമായ ഒരു മാളികബങ്കളാവാണു് ശട്ടം ചെയ്തിരുന്നതു്. ആ ബങ്കളാവിലെ എല്ലാ മുറികളിലും ഇംഗ്ലീഷുമാതിരി സാമാനങ്ങളും മറ്റും ഭംഗിയായി ശേഖരിച്ചു വച്ചു് ഇന്ദുലേഖയുടെ അഭീഷ്ടപ്രകാരം എല്ലാം ശട്ടംചെയ്തുവന്നു . കൊച്ചുകൃഷ്ണമേനോന്റെ അകാലമരണത്താൽ ഇന്ദുലേഖയ്ക്കു് ഒരു വിധത്തിലും ഒന്നിനും ഒരു ബുദ്ധിമുട്ടും വന്നുകൂടാ എന്നു് ഇന്ദുലേഖയുടെ വലിയച്ഛൻ ഉറപ്പായി നിശ്ചയിച്ചിരുന്നു . ഇന്ദുലേഖയുടെ ദിനചര്യകളും സമ്പ്രദായങ്ങളും സ്വാഭാവും അവളുടെ പഠിപ്പുനിമിത്തവും തന്റെ അമ്മാമൻ മഹാനായ കൊച്ചുകൃഷ്ണമേനോന്റെ ബുദ്ധിശക്തിക്കനുസരിച്ചു തനിക്ക് കിട്ടിയ അറിവുകൾ നിമിത്തവും അതിരമണീയമായിരുന്നു എന്നേ പറവാനുള്ളു . ഇംഗ്ലീഷു പഠിച്ചതിനാൽ താൻ ഒരു മലയാള സ്ത്രീയാണെന്നുള്ള നില ലേശം വിട്ടിട്ടില്ല . ഹിന്തുമത ദ്വേഷമാകട്ടെ, നിരീശ്വരമതമാകട്ടെ , നിർഭാഗ്യവശാൽ ചിലപ്പോൾ ചില പഠിപ്പുള്ള ചെറുപ്പാർക്കു് ഉണ്ടാകുന്നപോലെ സർവ്വരിലും ഉള്ള ഒരു പുച്ഛരസമാവട്ടെ ഇന്ദുലേഖയെ കേവലം ബാധിച്ചിട്ടേ ഇല്ല. കുളികുറി, ഉടുവൊട , സംസാരം—തന്റെ അമ്മ , മുത്തശ്ശി, വലിയച്ഛൻ , അമ്മാമൻ ഇവരിലുള്ള ഭക്തി, വിശ്വാസം —നാട്ടുകാർ സമീപവാസികളായി ഇംഗ്ലീഷു് പഠിക്കാതുള്ള തന്റെ സഖികളിൽ ഉള്ള ചേർച്ച , രാസക്യം—വിശേഷിച്ചു പറയുന്ന വാക്കുകളിലും ചെയ്യുന്ന പ്രവൃത്തികളിലും പ്രത്യക്ഷമായി കാണപ്പെടാവുന്ന താഴ്മയും ഗർവ്വില്ലായ്മയും ഇതുകളെ എല്ലാം കണ്ടു് ഇന്ദുലേഖയെ പരിചയമുള്ളവർ എല്ലായ്പോഴും അത്ഭുതപ്പെട്ടിരുന്നു. ഇങ്ങനെയാണു കുട്ടികളെ അഭ്യസിപ്പിച്ചു വളർത്തേണ്ടതു് എന്നു ബുദ്ധിയുള്ള ഏവനും പറയും. ഇന്ദുലേഖാ ആ മഹാനായ കൊച്ചുകൃഷ്ണമേനോന്റെ കീർത്തിലതയായിട്ടുതന്നെ തീർന്നു. ഇന്ദുലേഖയുടെ നേമത്തെ ആഭരണങ്ങൾ വളരെ ചുരുങ്ങിയ മാതിരിയാണു് . ആഭരണങ്ങൾ അമ്മാമൻ കൊച്ചുകൃഷ്ണമേനോൻ കൊടുത്തതും , അമ്മയുടെ വകയായി തന്റെ അച്ഛൻ കൊടുത്തതു തനിക്കു കിട്ടിയതും , വലിയച്ഛൻ കൊടുത്തതുംകൂടി അനവധി ഉണ്ടു് . എന്നാൽ ഇന്ദുലേഖാ ഈ ആഭരണങ്ങളിൽ അത്ര പ്രിയം ഉള്ള ഒരു കുട്ടി അല്ലായിരുന്നു . വിശേഷദിവസങ്ങളിൽ വല്ല ആഭരണങ്ങളും വിശേഷവിധിയായി കെട്ടേണമെങ്കിൽ അമ്മയുടെയോ മുത്തയിയുടെയോ വലിയർന്റെയോ കഠിനനിർബ്ബന്ധം വേണം . കാതിൽ കൊത്തുള്ള തോടകളും കഴുത്തിന്റെ മദ്ധ്യത്തിൽ ഉരുണ്ട ഒരു സ്വർണ്ണനൂലിന്മേൽ ചെറിയ ഒരു പതക്കവും , അതിന്നു ചുവടെ ഒരു പരന്ന സ്വർണ്ണനൂലിന്മേൽ നല്ല വിലയുള്ള വെരവും , പച്ചരഡവും ചുകപ്പുരഡവുംകൊണ്ടു വേലചെയ്ത ഒരു പതക്കവും ,കൈകളിൽ തഞ്ചാവൂരിൽ കിഴക്കൻസമ്പ്രദായത്തിൽ വേലചെയ്ത ഓരോപൂട്ടു വളയും ,കൈവിരലുകളിൽ സ്വൽപം മോതിരങ്ങളും മാത്രമാണു് നേമം പെരുമാറുന്ന ആഭരണങ്ങൾ . എന്നാൽ ആഭരണങ്ങളിൽ അത്രയധികം പ്രീതി ഇല്ലെങ്കിലും ഇന്ദുലേഖയ്ക്കു വസ്ത്രങ്ങളെ വളരെ താൽപര്യമാണു് . വിശേഷമായ എഴയും കസവും ഉള്ള ഒന്നരയും മേൽമുണ്ടും ദിവസം നിത്യവെള്ളയായി കുളിക്കുമ്പോഴും വെകുന്നേരം മേൽകഴുകുമ്പോഴും തെയ്യാർവേണം . കുചപ്രദേശങ്ങൾ എല്ലായ്പോഴും ധവളമായ ഒരു കസവുമേൽമുണ്ടുകൊണ്ടു മറച്ചിട്ടേ കാണാറുള്ളു . ഇങ്ങിനെയാണു് നിയമമായുള്ള ഉടുപ്പു്.

‘ഇന്ദുലേഖാ ’ എന്ന പേരു് ഈ കഥയിലുള്ള മറ്റു സ്ത്രീകളുടെ പേരുമായി നോക്കുമ്പോൾ പക്ഷേ, കുറെ അയോഗ്യമായിരിക്കുന്നു എന്നു് എന്റെ വായനക്കാർ വിചാരിക്കുമായിരിക്കാം . പേരു് ഇങ്ങനെ വിളിച്ചുവന്നതു കൊച്ചുകൃഷ്ണമേനോനാണു് . കുട്ടിക്കു ജാതകത്തിൽ വെച്ച പേരു മാധവി എന്നായിരുന്നു. എന്നാൽ കുട്ടിയുടെ അതിലളിതമായ സ്വരൂപത്തിന്റെ അവസ്ഥയ്ക്കു് ഇന്ദുലേഖാ എന്ന പേർ വിളി േണമെന്നു കൊച്ചുകൃഷ്ണമേനോൻ നിശ്ചയിച്ചു് അങ്ങിനെ വിളിച്ചുവന്നതാണു്. എന്നാൽ ഇവളെ നമ്മുടെ ഈ കഥ തുടങ്ങുന്നകാലം മാധവി എന്നു് ഒരാൾ മാത്രം വിളിച്ചുവന്നു , അതു മാധവനായിരുന്നു . ഇത്ര സുന്ദരനും രസികനും വിദ്വാനും സമർത്ഥനും തന്റെ വലിയർന്റെ മരുമകനും ആയ മാധവനും ഇന്ദുലേഖയുമായി അന്യോന്യം സ്നേഹിക്കാതിരിപ്പാൻ നിവൃത്തിയില്ലെന്നു ഞാൻ പറയേണ്ടതില്ലല്ലോ . ഈ കഥ തുടങ്ങുന്ന കാലത്തു് ഇവർ അന്യോന്യം അന്തഃകരണവിവാഹം കഴിച്ചുവെച്ചിരിക്കുന്നു എന്നു തന്നെ പറയാം. പ്രകൃതം നിസർനമധുരമാണെങ്കിലും ഇന്ദുലേഖയുടെ ഹിതത്തിന്നോ ഇഷ്ടത്തിന്നോ വിരോധമായി പറവാൻ ആ വീട്ടിൽ ആർക്കും ശക്തി ഉണ്ടായില്ല . ഇവളുടെ തന്റേടവും നിലയും ആവിധമായിരുന്നു. എന്നാൽ ഇന്ദുലേഖയുടെ പ്രവൃത്തിയിലോ ഇരുപ്പിലോ ഒരാൾക്കും ഒരു ദോഷം പറയാൻ ഉണ്ടായിരുന്നില്ല . ഈ കഥ തുടങ്ങുന്ന കാലത്തു് ഇന്ദുലേഖയും മാധവനും അന്യോന്യം അന്തഃകരണവിവാഹം ചെയ്തു വെച്ചിരിക്കുന്നു എന്നു സമഷ്ടിയായി പറഞ്ഞാൽ മതിയാകുമോ എന്നു ഞാൻ സംശയിക്കുന്നു. ഇവർക്കു് അന്യോന്യം അനുരാഗം ഉണ്ടാവാതിരിപ്പാൻ പാടില്ലെന്നു് എന്റെ വായനക്കാർ ഊഹിക്കും. എന്നാൽ ഈ സംഗതിയെ ഊഹിച്ചു നിശ്ചയിപ്പാൻ വിടുന്നതിനെക്കാൾ ചുരുക്കത്തിൽ സ്പഷ്ടമായി ഇവിടെ പറയുന്നതാണു നല്ലതു് എന്നു ഞാൻ വിചാരിക്കുന്നു. അതുകൊണ്ടു് അൽപം പൂർവ്വകഥാപ്രസംഗം ചെയ്യുന്നു . മഹാനായ കൊച്ചുകൃഷ്ണമേനോൻ ഇന്ദുലേഖയ്ക്കു വിദ്യാഭ്യാസം മുഴുവനും കഴിച്ചശേഷം ഇന്ദുലേഖയ്ക്കു് അനുരൂപനായ പുരുഷനെ യോഗ്യരിൽനിന്നു് അവൾതന്നെ തിരഞ്ഞെടുക്കേണ്ടതാണു് എന്നുള്ള അഭിപ്രായക്കാരനായിരുന്നു . എന്നാൽ ഈ ഘനപുരുഷൻ ഇതിനെക്കുറിച്ചു് അധികമായി ആരോടും ഒന്നും സംസാരിച്ചിട്ടില്ലാ . പെണ്ണിനു പത്തുപതിനൊന്നു വയസ്സായ മുതൽ പലേ യോഗ്യരായ ആളുകൾ എല്ലാം ഈ കാര്യത്തിൽ കൊച്ചുകൃഷ്ണമേനോൻ പേഷ്കാരുടെ മനസ്സറിവാൻ ഉത്സാഹിച്ചിട്ടും സാധിച്ചിട്ടില്ല . താൻ മരിക്കുന്നതിനു് അൽപദിവസങ്ങൾക്കുമുമ്പു് കൽപനയിന്മേൽ ഇന്ദുലേഖയോടുകൂടി അച്ഛനെ കാണാൻ വന്നിരുന്ന സമയം ഒരുദിവസം അച്ഛൻ പഞ്ചുമേനോൻ തന്നോടു് “ഇന്ദുലേഖയ്ക്കു് വയസ്സു് 15–ൽ അധികമായല്ലോ ; നല്ല ഒരു സംബന്ധം തുടങ്ങിപ്പിക്കേണ്ടേ ? ” എന്നു ചോദിച്ചതിനു് ഉത്തരമായി “ഇന്ദുലേഖയുടെ വിദ്യാഭ്യാസങ്ങൾ മുഴുവനും ആയിട്ടില്ലെന്നും അതു കഴിഞ്ഞശേഷമേ ആ ആലോചനതന്നെ ചെയ്വാൻ ആവശ്യമുള്ളു എന്നും വിദ്യാഭ്യാസംചെയ്തു് ഇന്ദുലേഖയെ യോഗ്യതയുള്ളവളാക്കിത്തീർക്കേണ്ടുന്ന ഭാരമാണു തനിക്കുള്ളതു് എന്നും ആ യോഗ്യത അവൾക്കെത്തിയാൽ ഇന്ദുലേഖ തന്നെ പിന്നെ അവൾക്കു വേണ്ടതെല്ലാം യഥോചിതം പ്രവർത്തിച്ചുകൊള്ളു ”മെന്നും കൊച്ചുകൃഷ്ണമേനോൻ പറഞ്ഞിട്ടുണ്ടായിരുന്നു. വൃദ്ധനായ പഞ്ചുമേനോനു് ഈ ഉത്തരം നല്ലവണ്ണം മനസ്സിലായിട്ടും അത്ര രസിച്ചിട്ടും ഉണ്ടായിരുന്നില്ലെങ്കിലും മകനോടു താൻ പിന്നെ ഇതിനെക്കുറിചു് ഒന്നും ചോദിച്ചിട്ടേ ഇല്ല . ഇന്ദുലേഖാ കൊച്ചുകൃഷ്ണമേനോന്റെകൂടെ താമസിക്കുന്ന കാലവും മാധവനെ കൂടെക്കൂടെ കാണാറുണ്ടു്. കൊച്ചുകൃഷ്ണമേനോന്നു മാധവനെ വളരെ ഇഷ്ടമായിരുന്നു . മാധവൻ അതിബുദ്ധിമാനായ കുട്ടിയാണെന്നു പലപ്പോഴും പലരോടും അദ്ദേഹം സംഗതിവശാൽ പറയുന്നതു് ഇന്ദുലേഖതന്നെ കേട്ടിട്ടുണ്ടു് . എന്നാൽ അതിൽ അധികമൊന്നും മാധവനെക്കുറിച്ചു് അദ്ദേഹം പറയുന്നതു കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ മനസ്സിൽ മാധവൻ ഇന്ദുലേഖയ്ക്കു യോഗ്യനാണെന്നു തീർച്ചപ്പെടുത്തീട്ടുണ്ടായിരുന്നുവോ ഇല്ലയോ എന്നു് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. കൊച്ചുകൃഷ്ണമേനോന്റെ മരണശേഷം പൂവരങ്ങിൽ താമസം തുടങ്ങിയമുതൽ ഇന്ദുലേഖയും മാധവനും തമ്മിൽ വളരെ സ്നേഹമായിത്തീർന്നു . മദിരാശിയിൽനിന്നു വീട്ടിലേക്കു വരുന്ന സമയങ്ങളിൽ എല്ലായ്പോഴും രണ്ടുപേരും തമ്മിൽ സംസാരിച്ചും കളിച്ചും ചിരിച്ചും സമയം കഴിച്ചു. ഇങ്ങിനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പൊഴേക്കു് ഇന്ദുലേഖയ്ക്കും മാധവനും പരസ്പരം കുറേശ്ശെ അനുരാഗം തുടങ്ങി . എന്നാൽ ഇതു് അന്യോന്യം ലേശംപോലും അറിയിച്ചില്ലാ. ഇന്ദുലേഖാ അക്കാലം കേവലം അറിയിക്കാഞ്ഞതു മാധവന്റെ പഠിപ്പിന്നു വല്ല വിഘ്നവും അതിനാൽ വരരുതു് എന്നു വിചാരിച്ചിട്ടാണു് . മാധവൻ അറിയിക്കാഞ്ഞതു കുറെ ലജ്ജിച്ചിട്ടും പിന്നെ തനിക്കു് ഈ കാര്യം സാദ്ധ്യമാവാൻ പ്രയാസമുള്ളതായിരിക്കാമെന്നു ശങ്കിച്ചിട്ടും ആകുന്നു. അങ്ങിനെ തോന്നാൻ മാധവനു നല്ല കാരണമുണ്ടായിരുന്നു . ഇന്ദുലേഖാ മലയാളത്തിൽ എങ്ങും പ്രസിദ്ധപ്പെട്ട ഒരു സ്ത്രീരത്നമായിരുന്നു . മഹാരാജാക്കന്മാർ മുതലായി പലരും ഈ കുട്ടിയെ കിട്ടേണമെന്നു് ആഗ്രഹിക്കുന്നുണ്ടെന്നു കൂടെക്കൂടെ പഞ്ചുമേനോനു വരുന്ന കത്തുകളാലും പൂവരങ്ങിലും മറ്റും വെച്ചു് ഇതിനെപ്പറ്റി ആളുകൾ തമ്മിൽ ഉണ്ടാവുന്ന പ്രസംഗങ്ങളാലും മാധവനു നല്ലവണ്ണം അറിവുണ്ടു് . ഇങ്ങിനെ ഇരിക്കേ, അന്നു് ഒരു സ്കൂൾകുട്ടിയായ താൻ ഇതിന്നു മോഹിക്കുന്നതു വെറുതെ എന്നു മാധവനു ചിലപ്പോൾ തോന്നീട്ടുണ്ടായിരുന്നു. ആദ്യം ഉണ്ടായ വിചാരം ഇങ്ങിനെ ആണെങ്കിലും ക്രമേണ ഇന്ദുലേഖയിൽ മാധവനു് അനുരാഗം വർദ്ധിച്ചുതന്നെ വന്നു . മദിരാശിയിൽ നിന്നു വീട്ടിൽ വന്നു പാർക്കുന്ന കാലത്തു പകൽ മുഴുവനും ഇന്ദുലേഖയുടെ കൂടെത്തന്നെയാണു മാധവൻ എന്നു പറയാം. വല്ല പുസ്തകങ്ങൾ വായിച്ചിട്ടും പാട്ടു് , പിയാനോ , ചതുരംഗം മുതലായതുകൊണ്ടു വിനോദിച്ചും വെകുന്നേരം പിരിയാറാവുമ്പോൾ രണ്ടുപേർക്കും ഒരുദിവസവും പകൽസമയം മതിയായില്ലെന്നു തോന്നാതിരുന്നിട്ടില്ല . ഇങ്ങിനെ കുറെ കാലം മദിരാശിയിൽനിന്നു മാധവൻ വീട്ടിൽ വന്ന സമയങ്ങൾ മുഴുവനും അന്യോന്യം രസിച്ചും അഹങ്കരിച്ചും വിനോദിച്ചും കഴിഞ്ഞു.

ഇന്ദുലേഖയും മാധവനും തമ്മിൽ ഉള്ള സംബന്ധസ്ഥിതികൊണ്ടും രൂപംകൊണ്ടും പഠിപ്പുകൊണ്ടും ഇവരുതമ്മിൽ ഇങ്ങിനെ സ്നേഹിച്ചുവന്നതിൽ അൽപം ആളുകൾ ഒഴികെ ശേഷം എല്ലാവർക്കും സന്തോഷമായിരുന്നു . എന്നാൽ ഇന്ദുലേഖയെ മാധവനു ഭാര്യയായി കിട്ടുമോ എന്നു പിന്നെയും ഒരു ശങ്ക എല്ലാവർക്കും ഉണ്ടായി . മലയാളത്തിലെ സ്ഥിതി അറിയുന്ന ആൾക്കു്, ഈ ശങ്ക ഉണ്ടാവാതിരിപ്പാൻ പാടില്ലല്ലൊ . തിരുവനന്തപുരത്തു പൊന്നുതമ്പുരാൻകൂടി ഇന്ദുലേഖയെ അമ്മച്ചിയാക്കി കൊണ്ടുപോകുവാൻ ആലോചനയുണ്ടെന്നാണു് ആ കാലത്തു പഞ്ചുമേനോന്റെ മുഖത്തിൽനിന്നുതന്നെ ചിലർ കേട്ടിട്ടുള്ളതു് . അപ്പോൾ മേൽപറഞ്ഞ ശങ്ക ഉണ്ടായതിൽ അത്ഭുതമില്ലല്ലൊ . അങ്ങിനെയിരിക്കുമ്പോൾ നമ്മുടെ കഥ തുടങ്ങുന്നതിനു കുറെ മുമ്പു മാധവൻ ബി . എൽ . പരീക്ഷയ്ക്കു പോയി. പരീക്ഷ കഴിഞ്ഞ ഉടനെ വീട്ടിലേക്കു വന്നു . മുമ്പത്തേ പ്രകാരം ഇന്ദുലേഖയുമായി കളിച്ചും വിനോദിച്ചും ഇരുന്നുവെങ്കിലും ക്രമേണ മാധവൻ ഇന്ദുലേഖയിൽ അനുരാഗം വർദ്ധിച്ചു വർദ്ധിച്ചു കലശലായിത്തീർന്നു . “എന്തു പൊന്നുതമ്പുരാൻ ? ” “ഏതു രാജാവു്? ” “എന്റെ ഇന്ദുലേഖാ എന്റെ ഭാര്യതന്നെ . ” “അങ്ങിനെയല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുകയില്ലാ. ” എന്നു മനസ്സിൽ ഉറച്ചുതുടങ്ങി . ഈ കാലത്തു് ഇന്ദുലേഖയുടെ മനസ്സു് എന്താണെന്നു് അറിവാൻ മാധവനു് അത്യാഗ്രഹം ഉണ്ടായിരുന്നു . ഇന്ദുലേഖയ്ക്കു് മാധവനോടു് അങ്ങോട്ടു്, ഇങ്ങട്ടുള്ളതിനെക്കാൾ പക്ഷേ , അധികം അനുരാഗം ഉണ്ടായിരുന്നുവെങ്കിലും ഇന്ദുലേഖാ മാധവനോടു് ഇതിനെക്കുറിച്ചു യാതൊരു പ്രകാരവും നടിച്ചില്ലാ . കളി , ചിറി, പാട്ടു മുതലായതു കൂടാതെ എല്ലായ്പോഴും അതിൽ അധികം ഒന്നും ഇന്ദുലേഖയുടെ പ്രകൃതങ്ങളിൽ നിന്നു മാധവനു് അറിവാൻ കഴിഞ്ഞില്ല . മാധവൻ അൽപം പ്രസരിപ്പുള്ള കുട്ടിയാകയാൽ മാധവന്റെ മനസ്സിന്റെ ചേഷ്ടകൾ ഇയ്യിടെ കുറേശ്ശ പുറത്തു കാണാറായിത്തുടങ്ങി. അതിനൊന്നും ഇന്ദുലേഖ അശേഷം വിരോധവും വിമുഖതയും ഭാവിക്കയില്ല . എങ്കിലും തന്റെ അനുരാഗ ചേഷ്ടകൾ എല്ലാം മാധവനിൽനിന്നു കേവലം മറച്ചുവച്ചിരുന്നു . അങ്ങിനെയിരിക്കുമ്പോൾ ഒരുദിവസം മാധവനും ഇന്ദുലേഖയുംകൂടി ചതുരംഗം കളിച്ചുകൊണ്ടിരി െമാധവൻ താൻ വയ്ക്കേണ്ട കരു കൈയിൽ എടുത്തു് ഇന്ദുലേഖയുടെ മുഖത്തേക്കു് അസംഗതിയായി നോക്കിക്കൊണ്ടു കളിക്കാതെ നിന്നു .

ഇന്ദുലേഖാ: എന്താണു കളിക്കാത്തതു് ; കളിക്കരുതേ ?

മാധവൻ: കളിക്കാൻ എനിക്കു ഇന്നു് അത്ര രസം തോന്നുന്നില്ല .

ഇന്ദുലേഖാ: ഇയ്യെടെ കളി കുറെ അമാന്തമായിരിക്കുന്നു . പക്ഷേ , പരീക്ഷയുടെ കാര്യം അറിയാത്ത സുഖക്കേടു കൊണ്ടു് ആയിരിക്കാം . അതിനെക്കുറിച്ചു് ഇപ്പോൾ വിചാരിച്ചിട്ടു് ഒരു സാദ്ധ്യവും ഇല്ലല്ലോ. മനസ്സിന്നു വെറുതെ സുഖക്കേടു ഉണ്ടാക്കരുതേ .

മാധവൻ: പരീക്ഷയുടെ കാര്യം ഞാൻ വിചാരിച്ചിട്ടേ ഇല്ല . മനസ്സിന്നു സുഖക്കേടു വർത്തമാനം വരുത്താതിരിപ്പാനും കാരണങ്ങൾ ഉണ്ടായിരിക്കുമ്പൊഴും ആ കാരണങ്ങളെ പരിഹരിപ്പാൻ കഴിയാതിരിക്കുമ്പോഴും ഒരുവനു് എങ്ങിനെ മനസ്സിനെ സ്വാധീനമാക്കിവെപ്പാൻ കഴിയും?

ഇന്ദുലേഖാ: മനസ്സിനെ സ്വാധീനമാക്കി വെയ്ക്കണം. അതാണു് ഒരു പുരുഷന്റെ യോഗ്യത.

മാധവൻ: സ്ത്രീയിന്റെ യോഗ്യതയോ ?

ഇന്ദുലേഖാ: ഒരു സ്ത്രീ ഇപ്പോൾ മനസ്സിന്നു സുഖക്കേടു തോന്നി കളിപ്പാൻ രസമില്ലെന്നു പറഞ്ഞില്ല. മാധവനല്ലേ കളിപ്പാൻ ഇന്നു് അത്ര രസം തോന്നുന്നില്ലെന്നു പറഞ്ഞതു് ?

മാധവൻ: പക്ഷേ, ഇന്ദുലേഖാ മനസ്സിനെ സ്വാധീനമാക്കി വെച്ചിട്ടുണ്ടായിരിക്കാം .

ഇന്ദുലേഖാ: ഞാൻ അതു പരീക്ഷിച്ചിട്ടില്ലാ . സ്വാധീനമല്ലാതെ തോന്നുമ്പോൾ അല്ലേ ഈ പരീക്ഷ ചെയ്യേണ്ടതു്? സ്വാധീനമില്ലെന്നു് ഇതുവരെ എനിക്കു തോന്നീട്ടില്ല , അങ്ങിനെ തോന്നാൻ സംഗതി ഉണ്ടായിട്ടില്ല .

മാധവൻ: മനസ്സിന്നു് ഇച്ചിക്കുന്നതു സകലവും സാധിച്ചു കൊണ്ടിരിക്കുമ്പോൾ മനസ്സു നിമിത്തം ഉപദ്രവം ഉണ്ടാവാൻ എടയില്ലാ . ഇന്ദുലേഖയ്ക്കു് അങ്ങിനെ സകലവും സാധിച്ചുകൊണ്ടിരിക്കുന്നതിനാലായിരിക്കും മനസ്സിനെ പരീക്ഷിപ്പാൻ എടയാവാഞ്ഞതു് .

ഇന്ദുലേഖാ: എന്റെ മനസ്സു സാദ്ധ്യമല്ലാത്തതിൽ ആഗ്രഹിക്കാറില്ലാ . ഇതു് എന്റെ മനസ്സിന്നു സ്വതസ്സിദ്ധമായ ഒരു ഗുണമാണെന്നു് അറിഞ്ഞു ഞാൻ സന്തോഷിക്കുന്നു . അതുകൊണ്ടു മാധവൻ പറഞ്ഞതു ശരിതന്നെ. എന്റെ മനസ്സു വ്യാപരിക്കുന്നതിൽ ഒന്നിലും എനിക്കു വ്യസനിപ്പാൻ എട ഉണ്ടായിട്ടില്ല.

മാധവൻ: അങ്ങിനെ എല്ലായ്പോഴും വരുമോ ? അങ്ങിനെ വന്നാൽത്തന്നെ അതു മനസ്സിനെ സ്വാധീനമാക്കീട്ടല്ലെ?

ഇന്ദുലേഖാ: അല്ലാ; മനസ്സിനെ സ്വാധീനമാക്കേണമെങ്കിൽ അതിനു വേറെ ചില സാധനങ്ങളെ ഉപയോഗിച്ചിട്ടുവേണം.ധൈര്യം, ക്ഷമ മുതലായ സാധനങ്ങളെ ഉപയോഗിച്ചിട്ടു വേണം മനസ്സിനെ സ്വാധീനമാക്കാൻ . അങ്ങിനെയുള്ള സാധനങ്ങളെ ഒന്നും ഉപയോഗിക്കാതെതന്നെ എന്റെ മനസ്സു സ്വസ്ഥതയിൽ നിൽക്കുന്നുണ്ടല്ലോ . അതുകൊണ്ടു് എന്റെ മനസ്സിന്റെ സ്വസ്ഥത അതിനു സഹജമായ ഒരു ഗുണമാണെന്നു ഞാൻ വിചാരിക്കുന്നു .

മാധവൻ: ഇന്ദുലേഖയ്ക്കു ക്ഷണസാദ്ധ്യമല്ലാത്ത യാതൊരു കാര്യത്തിലും ഇന്ദുലേഖയുടെ മനസ്സു് ഇതുവരെ വ്യാപരിച്ചിട്ടില്ലേ ?

ഇന്ദുലേഖാ: ഇല്ലെന്നാണു് എനിക്കു തോന്നുന്നതു് . എന്നാൽ ക്ഷണസാദ്ധ്യമെന്നു മാധവൻ പറഞ്ഞതിന്റെ അർത്ഥം എനിക്കു മനസ്സിലായില്ല . സാദ്ധ്യാസാദ്ധ്യങ്ങളെക്കുറിച്ചു മാത്രമാണു ഞാൻ ഉദ്ദേശിച്ചതു്.

മാധവൻ: ഞാൻ ദൃഷ്ടാന്തം പറയാം . ഇപ്പോൾ ഇന്ദുലേഖാ അതിമനോഹരമായും അതിപരിമളത്തോടുകൂടിയും ഇരിക്കുന്ന ഒരു പുഷ്പത്തെ കാണുന്നു . അതിനെ കാണുമ്പോൾ ആ പുഷ്പത്തെ നിഷ്പ്രയാസേന കിട്ടാൻ തരമില്ലെന്നു് അറിവുണ്ടെങ്കിലും ഉടനെ അതിനെ തന്റെ കൈയിൽ എടുത്തു് അതിന്റെ പരിമളത്തെ അനുഭവിക്കേണമെന്നു് ഒരു മനസ്സു് അല്ലെങ്കിൽ ആഗ്രഹം ഇന്ദുലേഖയ്ക്കു് ഉണ്ടാവുന്നില്ലേ ? അതു് അപ്പോൾത്തന്നെ സാദ്ധ്യമാണെങ്കിലേ ഉണ്ടാവുന്നുള്ളു? അതല്ലാ സാദ്ധ്യമോ , അസാദ്ധ്യമോ , ക്ഷണസാദ്ധ്യമോ , വിളംബസാദ്ധ്യമോ എന്നുള്ള ആലോചന കഴിഞ്ഞിട്ടു മാത്രമോ പുഷ്പത്തെപ്പറ്റി ആഗ്രഹം ഉണ്ടാവുന്നതു് ?

ഇന്ദുലേഖാ: പുഷ്പം ഭംഗിയും പരിമളവും ഉള്ളതാണെന്നു് അതിന്റെ കാഴ്ചയിൽ ബോദ്ധ്യംവന്നാൽ എന്റെ മനസ്സു് ആ പുഷ്പത്തെ ഉദ്ദേശിച്ചു് ആഹ്ലാദപ്പെടുമായിരിക്കാം . അതു് എടുപ്പാൻ യോഗ്യവും സാദ്ധ്യവും ആണെന്നുകൂടി ബോദ്ധ്യമാവുന്നതിന്നു മുമ്പു് അതു് എടുത്തു കൈയിൽ വെയു്ക്കണമെന്നുള്ള ആഗ്രഹം എനിക്കു് ഉണ്ടാവുകയില്ല . അതാണു് എന്റെ മനസ്സിനു് ഒരു ഗുണം ഞാൻ കാണുന്നതു് .

മാധവൻ: ഇപ്പോൾ ഇന്ദുലേഖാ പറഞ്ഞതും , ഞാൻ മുമ്പുപറഞ്ഞതും ഒന്നുതന്നെ . “മനസ്സു് ആഹ്ലാദപ്പെടും ” എന്നു പറഞ്ഞതിന്റെ അർത്ഥം സൂക്ഷ്മത്തിൽ മനസ്സിൽ അതിനെപ്പറ്റി കൌതുകം ഉണ്ടാവുമെന്നു മാത്രമല്ല , അങ്ങിനെയുള്ള ആഹ്ലാദത്തിൽ അതിനെ അനുഭവിക്കേണമെന്നുള്ള ആഗ്രഹവും അന്തർഭവിച്ചിരിക്കുന്നു . എന്നാൽ പിന്നെ ആ ആഗ്രഹം സാദ്ധ്യമോ , ദുസ്സാദ്ധ്യമോ എന്നു് ആലോചിച്ചിട്ടേ അതിന്റെ നിവൃത്തിക്കു് ഇന്ദുലേഖാ ശ്രമിക്കുകയുള്ളു , അത്രമാത്രമാണു് ഇന്ദുലേഖാ ഇപ്പോൾ പറഞ്ഞതിന്റെ താൽപര്യം എന്നു് എനിക്കു തോന്നുന്നു. ഇതു ശരിയാണെങ്കിൽ ഇന്ദുലേഖാ ആഗ്രഹത്തെ ജയിക്കുന്നതു ധൈര്യം കൊണ്ടും ക്ഷമകൊണ്ടുമാണെന്നു സ്പഷ്ടമാണു് .

ഇന്ദുലേഖാ: അങ്ങിനെയല്ലാ ഞാൻ പറഞ്ഞതു് മാധവനു മനസ്സിലായില്ലാ ഒന്നാമതു മാധവന്റെ പുഷ്പത്തിന്റെ ഉപമ നന്നായില്ല . ഇതിലും നന്നായിട്ടു ഞാൻ ഒരു ഉപമ പറഞ്ഞു മാധവനെ ബോധ്യപ്പെടുത്താം. ഞാൻ യൌവനയുക്തയായ ഒരു സ്ത്രീയാണു് ; ഞാൻ സുന്ദരനായ ഒരു യുവാവെ കാണുന്നു. ആ യുവാവു് എന്റെ ഭർത്താവായിരിപ്പാൻ യോഗ്യനോ എന്നു് എന്റെ മനസ്സിന്നു ബോദ്ധ്യപ്പെടുന്നതിന്നുമുമ്പു് ആ പുരുഷനിൽ എന്റെ മനസ്സു പ്രവേശിക്കയില്ലാ. ഇവിടെ മനസ്സു് ഒന്നാമതു പ്രവേശിച്ചിട്ടു് പിന്നെ ഞാൻ ധൈര്യം കൊണ്ടു മനസ്സിനെ നിവൃത്തിക്കുന്നതല്ലാ. എന്റെ മനസ്സു് ഒന്നാമതു് പ്രവേശിക്കുന്നതേ ഇല്ലാ . അതുപ്രകാരംതന്നെ ധനത്തിൽ; ന്യായമായവിധം ആർപ്പിക്കപ്പെടുന്ന ധനത്തിൽ അല്ലാതെ എനിക്കു് ആഗ്രഹമേ ഉണ്ടാവുന്നില്ലാ. ഇതെല്ലാം മനസ്സിന്നു ചിലർക്കു് സഹജമായ ഗുണമായി ഉണ്ടാവും . ചിലർക്കു് അങ്ങിനെ അല്ലാ മനസ്സിന്റെ ധർമ്മം—കിട്ടുന്നതിലും കിട്ടാത്തതിലും , വേണ്ടുന്നതിലും വേണ്ടാത്തതിലും ഒരുപോലെ മനസ്സു പ്രവേശിക്കും . പിന്നെ സാമർഝ്യവും ധൈര്യവും ബുദ്ധിയും ഉള്ളവരായാൽ ആ മനസ്സിനെ നിവൃത്തിപ്പിച്ചു പാട്ടിൽ വെയ്ക്കും. അതുകൊണ്ടു മാധവൻ ഞാൻ ഒടുവിൽ പറഞ്ഞ മാതിരിക്കാരുടെ കൂട്ടത്തിലാണെങ്കിൽ ബുദ്ധിസാമർഝ്യമുള്ള ആളാകയാൽ ദുസ്സാദ്ധ്യമായതോ അസാദ്ധ്യമായതോ ആയ വല്ല കാര്യത്തിലും മനസ്സു ചാടീട്ടുണ്ടെങ്കിൽ ആ മനസ്സിനെ മടക്കിയെടുക്കാൻ കഴിയുമല്ലോ . അങ്ങിനെ മടക്കിയെടുക്കുന്നതിനു ശക്തി ഉണ്ടായാൽ മനസ്സു് സ്വാധീനമായി .

മാധവൻ: ഞാൻ ഇന്ദുലേഖാ പറഞ്ഞതിൽ യോജിക്കുന്നില്ല . എങ്കിലും ഈ സംഗതിയെപ്പറ്റി ഞാൻ എനി തർക്കിക്കുന്നില്ല . എനിക്കു മുമ്പത്തെപ്പോലെ ഇന്ദുലേഖയുമായി തർക്കിച്ചുകൊണ്ടിരിക്കാൻ മനസ്സിന്നു സുഖമില്ല !

ഇന്ദുലേഖാ: ഞാൻ വിചാരിച്ചു ചതുരംഗം കളിക്കാനേ രസമില്ലാതായിട്ടുള്ളു എന്നു് . ഇപ്പോൾ എന്നോടു സംസാരിക്കാനും രസമില്ലെന്നു കേട്ടതു് ആശ്ചര്യം!

മാധവൻ: എന്തിനാണു് ഇങ്ങിനെ എല്ലാം പറയുന്നതു് ? ഞാൻ മഹാ ഒരു നിർഭാഗ്യവാനാണെന്നു തോന്നുന്നു—വൃഥാ മനഃഖേദം ഉണ്ടാവുന്നതു നിർഭാഗ്യമല്ലേ ?

ഇന്ദുലേഖാ: ആ ഖേദത്തെ പരിഹരിപ്പാൻ ശക്തിയില്ലാതെ പോകുന്നതു നിർഭാഗ്യം .

മാധവൻ: ആ ഖേദം എങ്ങിനെയാണു പരിഹരിക്കേണ്ടതു് എന്നു് ഇന്ദുലേഖാ പറഞ്ഞുതന്നാൽ വലിയ ഉപകാരമായിരുന്നു .

ഇന്ദുലേഖാ: “ഖേദം എന്താണെന്നറിഞ്ഞാൽ ഞാൻ പരിഹരിക്കാൻ നോക്കാം ” എന്നു പറഞ്ഞു് ഒന്നു ചിറിച്ചു.

ഇന്ദുലേഖാ: കളിക്കൂ. മാധവന്റെ കുതിരയെ ഞാൻ വെട്ടാൻപോകുന്നു . കരു കൈയിൽ പിടിച്ചു ഖേദം എന്നു പറഞ്ഞു മേൽപോട്ടു നോക്കിയതു മതി ; കളിക്കൂ , കുതിരയെ രക്ഷിക്കാൻ കഴിയുമോ, കാണട്ടെ മിടുക്കു് .

മാധവൻ: വരട്ടെ, ഞാൻ ഇപ്പോൾ കളിക്കുന്നില്ല, കളിച്ചാൽ ശരിയാവുകയില്ല . ഞാൻ ഈ കോച്ചിന്മേൽ കുറെ കിടക്കട്ടെ.

എന്നു പറഞ്ഞു് കരു മേശമേൽത്തന്നെ വെച്ചു് , മാധവൻ കോച്ചിന്മേൽ പോയി കിടന്നു . ഇന്ദുലേഖാ അവിടുന്നു് ചിറിച്ചുംകൊണ്ടു് എഴുനീറ്റു ശാകുന്തളം നാടകം ബുക്കു് എടുത്തു് ഒരു കസാലമേൽ ഇരുന്നു വായിച്ചു തുടങ്ങി .

മാധവൻ: എന്താണു് ആ പുസ്തകം ?

ഇന്ദുലേഖാ: ശാകുന്തളം.

മാധവൻ: എവിടെയാണു വായിക്കുന്നത്?

ഇന്ദുലേഖാ: എന്താണു്, ഉറക്കെ വായിക്കണോ?

മാധവൻ: വായിക്കൂ.

ഇന്ദുലേഖാ: (ഒരു ശ്ലോകംവായിക്കുന്നു )

 
“ക്ഷാമക്ഷാമകപോലമാനനമുരഃ–
കാഠിന്യമുക്തസ്തനം
മദ്ധ്യഃ ക്ലാന്തതരഃ പ്രകാമവിനതാ–
വംസൌ ഛവിഃ പാണ്ഡുരാ
ശോച്യാ ച പ്രിയദർശനാ ച മദന–

ക്ലിഷ്ട്ടേയമാലക്ഷ്യതേ
പത്രാണാമിവ ശോഷണേന മരുതാ
സ്പൃഷ്ടാ ലതാ മാധവീ . ”

മാധവൻ: ശിവ, ശിവ, ഇങ്ങിനെ ഒന്നു കണ്ടിരുന്നാൽ എന്റെ വ്യസനം തീർന്നിരുന്നു .

ഇന്ദുലേഖാ: ശകുന്തളയെ എങ്ങിനെ എനി കാണാൻ കഴിയും ? ശകുന്തളയെ മനസ്സിൽ നന്നായിട്ടു വിചാരിച്ചു കണ്ണ് മുറുക്കെ അടച്ചു കിടന്നോളു ; എന്നാൽ ഒരുസമയം സ്വപ്നം എങ്കിലും കാണാമായിരിക്കാം.

മാധവൻ: ഇന്ദുലേഖാ വളരെ സുന്ദരിയാണെങ്കിലും വിദൂഷിയാണെങ്കിലും ഇന്ദുലേഖയുടെ മനസ്സു വളരെ കഠിനമുള്ള മാതിരിയാണെന്നു ഞാൻ വിചാരിക്കുന്നു .

ഇന്ദുലേഖാ: അതെ, എന്റെ മനസ്സു വളരെ കഠിനമാണു് —ആട്ടെ , ശാകുന്തളത്തിൽ എനി ഒരു ശ്ലോകം ചൊല്ലട്ടെ.

മാധവൻ: ഏതാണു്?

ഇന്ദുലേഖാ: (മറ്റൊരു ശ്ലോകംവായിക്കുന്നു . )

അനാഘ്രാതം പുഷ്പം കിസലയമലൂനം കരരുഹെ-
രനാവിദ്ധം രഡം മധുനവമനാസ്വാദിതരസം
അഖണ്ഡം പുണ്യാനാം ഫലമിവ ച തദ്രൂപമനഘം
ന ജാനേ ഭോക്താരം കമിഹ സമുപസ്ഥാസ്യതി വിധിഃ ”

മാധവൻ: അതു ഞാൻ ചൊല്ലേണ്ട ശ്ലോകമല്ലേ ?

ഇന്ദുലേഖാ: ശാകുന്തളത്തിലുള്ളതാണു് : ആർക്കു വേണമെങ്കിലും ചൊല്ലാം.

മാധവൻ: മനുഷ്യന്റെ ബുദ്ധിയുടെ ഒരു അഹങ്കാരം വിചാരിക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നുന്നു.

ഇന്ദുലേഖാ: അതു് എന്താണു്?

മാധവൻ: തന്റെ സമസൃഷ്ടികളിൽ കരുണ വേണ്ട ദിക്കിൽ അതിന്നു പകരം പരിഹസിച്ചാൽ അതു് അഹങ്കാരമല്ലെ? ദുഷ്ടതയായുള്ള അഹങ്കാരമല്ലെ ?

ഇന്ദുലേഖാ: പരിഹസിച്ചാൽ അങ്ങിനെതന്നെ .

മാധവൻ: ഇന്ദുലേഖ പരിഹസിക്കുന്നില്ലേ?

ഇന്ദുലേഖാ: ഇംഗ്ലീഷുപുസ്തകങ്ങൾ വല്ലതും വായിക്കണോ ?— ഞാൻ ബുക്കു് എടുത്തു തരാം.

മാധവൻ: എനിക്കു് ഒന്നും വായിക്കെണ്ട.

ഇന്ദുലേഖാ: എന്നാൽ ഭർത്തൃഹരി വായിച്ചോളു .

മാധവൻ: എനിക്ക് ഒന്നും വായിക്കേണ്ട, ദയവുചെയ്തു് എന്നെ പരിഹസിക്കാതിരുന്നാൽ മതി.

ഇന്ദുലേഖാ: എന്നാൽ ഞാൻ കുറെ വീണ വായിക്കട്ടെ : മനസ്സിന്നു കുണ്ഠിതം ഉണ്ടെങ്കിൽ അതു പോകും.

മാധവൻ: എനിക്കു വീണവായന കേൾക്കെണ്ട.

ഇന്ദുലേഖാ: എന്നാൽ ഉറങ്ങിക്കോളൂ ; ശകുന്തളയേയും വിചാരിച്ചോളൂ ; വേണമെങ്കിൽ ഈ നാടകബുക്കു് അടുക്കെ വെച്ചോളു . എന്നു പറഞ്ഞു് ഇന്ദുലേഖാ ബുക്കും എടുത്തു് മാധവന്റെ അടുക്കൽ പോയി , “പുസ്തകം വേണ്ടെ? ” എന്നു ചോദിച്ചു.

മാധവൻ: എന്തിനാണു് ഇങ്ങിനെ പരിഹസിക്കുന്നതു് ? ഇതിൽ എന്താണു് അങ്ങൊരു സുഖം?

ഇന്ദുലേഖാ: ഇതു പരിഹാസമോ ?—ഞാൻ അറിയില്ല . എന്നാൽ എന്തായാലും എനിക്കു് ഇങ്ങിനെയെല്ലാം കാണിക്കുന്നതും പറയുന്നതും ബഹു സന്തോഷമാണു് . ഞാൻ ഇങ്ങിനെ എല്ലാം പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ മാധവൻ കളിക്കാൻ വരൂ ; കുതിരയെ തടുക്കൂ ; എണീക്കൂ.

മാധവൻ: എനിക്കു കുതിരയും ആനയും ഒന്നും വേണ്ട .

ഇന്ദുലേഖാ: ശകുന്തളയെ വിചാരിച്ചു കിടന്നാൽ മതി . അല്ലെ ?

മാധവൻ: അതെ, ശരി—അതു മതി .

ഇന്ദുലേഖാ: എന്നാൽ അങ്ങിനെയാവട്ടെ . ഇയ്യടെ നായാട്ടിന്നു പോവാറില്ലെ? തോക്കുകളും വെടിയും ഘോഷവും എല്ലാം ഒന്നു നിലച്ചുകാണുന്നുവല്ലൊ , ഇതിനു് എന്തു സംഗതി ?

മാധവൻ: എനിക്കു് ഒന്നിനും മനസ്സില്ലാ

ഇന്ദുലേഖാ: എന്താണു ബുദ്ധിക്കു വല്ല സ്ഥിരക്കേടും തുടങ്ങാൻ ഭാവമുണ്ടോ ?

മാധവൻ: ഒരുസമയം ഉണ്ടെന്നു ഞാൻ വിചാരിക്കുന്നു .

ഇന്ദുലേഖാ: എന്നാൽ അതിന്നു വല്ല ഉപശാന്തിയും വരുത്തുവാൻ നോക്കണ്ടെ ?

മാധവൻ: നോക്കണം.

ഇന്ദുലേഖാ: എന്നാൽ മാധവന്റെ അച്ഛനോട് ഉടനെ പറയണം ; ഞാൻ പറഞ്ഞുകളയാം . എനിക്കു ചായ കുടിപ്പാൻ സമയമായി . മാധവനും ചായകൊണ്ടുവരട്ടെ ?

മാധവൻ: എനിക്കു ചായ വേണ്ടാ .

ഇന്ദുലേഖാ: പലഹാരം വേണമോ ?

മാധവൻ: വേണ്ടാ.

ഇന്ദുലേഖാ: എന്താണു വയറ്റിന്നും സുഖക്കേടുണ്ടോ ?

മാധവൻ: സകലദിക്കിലും സുഖക്കേടുതന്നെ.

ഇന്ദുലേഖാ: എന്നാൽ ഇതു വല്ലാത്ത സുഖക്കേടുതന്നെ.

മാധവൻ: വല്ലാത്ത രോഗംതന്നെയാണെന്നു തോന്നുന്നു . ഒരു സമയം ഇതിൽ നിന്നു സുഖപ്പെട്ടുവരാൻ പ്രയാസം. എന്റെ മനസ്സിന്നു് ഒരിക്കലും സമാധാനം വരുമെന്നു തോന്നുന്നില്ല . ഇന്ദുലേഖാ ഈ കോച്ചിന്മേൽ കുറെ ഇരിക്കൂ—വിരോധം ഉണ്ടോ ?

ഇന്ദുലേഖാ: വളരെ വിരോധമുണ്ടു് . മാധവൻ യൌവനയുക്തനായ ഒരു പുരുഷനായി , ഞാനും യൌവനയുക്തയായ ഒരു സ്ത്രീയാണു് . പണ്ടു കുട്ടിയിൽ കളിച്ചപോലെ എനി കളിക്കാമോ?

മാധവൻ: കോച്ചിന്മേൽ ഒന്നായി ഇരിക്കുന്നതിന്നു് എന്താണു വിരോധം ?

ഇന്ദുലേഖാ: ബഹുവിരോധം ഉണ്ടു് . ഒരിക്കലും ഒന്നായി ഇരിപ്പാൻ നുമ്മൾക്കു് ഇപ്പോൾ പാടില്ല.

മാധവൻ: എപ്പോഴെങ്കിലും പാടുള്ള ഒരു കാലം എനി ഉണ്ടാകുമോ എന്നു് അറിവാനും നിവൃത്തിയില്ല; അല്ലെ? എന്തു ചെയ്യാം !

ഇന്ദുലേഖാ: അതെ; ഭാവിയായ കാര്യത്തെക്കുറിച്ചു് തീർച്ച പറവാൻ ആർക്കും സാധിക്കുന്നതല്ലല്ലൊ.

മാധവൻ: (ദീർഘത്തിൽ ഒന്നു നിശ്വസിച്ചിട്ടു് ) ആർക്കും പറവാൻ കഴിയില്ലാ — ശരിതന്നെ.

ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേക്കു് കുട്ടിപ്പട്ടരു് ചായയും പലഹാരങ്ങളും കൊണ്ടുവന്നു. മാധവൻ എഴുനീറ്റു പോയി . ഒന്നും വിചാരിച്ചപോലെ അന്നു സംസാരിപ്പാൻ കഴിഞ്ഞില്ല. മാധവൻ പിന്നെ ദിവസം കഴിച്ചുകൂട്ടിയതു പറവാൻകൂടി എനിക്കു സങ്കടം . ഇന്ദുലേഖാ എന്തുതന്നെ പറഞ്ഞാലും ചിറിച്ചാലും കളിച്ചാലും മാധവൻ ഒരു മൌനവ്രതത്തിലായി . ചിലപ്പോൾ ഇന്ദുലേഖാ, “എന്താണു് മനസ്സിൻ ഒരു മൌഢൄം ? ” എന്നു ചോദിക്കും . അതിനു മാധവൻ ഉത്തരം പറയാൻ പുറപ്പെടുന്നതിനുമുമ്പു് മറ്റൊന്നു ചോദിക്കും . ഒരുദിവസം വെകുന്നേരം ഇന്ദുലേഖാ മേൽകഴുകാൻ പോകുമ്പോൾ മാധവൻ ഇന്ദുലേഖയുടെ മാളികമേൽ ഉണ്ടായിരുന്നു. അവിടെ ഇരുന്നു് അരപ്പായ കടലാസ്സു നിറച്ചു് തന്റെ മനോവ്യഥകളെ എല്ലാം എഴുതി ഇന്ദുലേഖയുടെ എഴുത്തുമേശമേൽ വെച്ചു പോയി . മാധവൻ പിറ്റേ ദിവസം രാവിലെ ഇന്ദുലേഖയുടെ മാളികമേൽ വന്നു് , “ഞാൻ ഇവിടെ ഒരു കടലാസ്സു് എഴുതിവച്ചിരുന്നുവല്ലൊ ; അതു വായിച്ചുവോ? ” എന്നു ചോദിച്ചു . അപ്പോൾ ഇന്ദുലേഖാ , “എനിക്കു് ഒന്നും നിശ്ചയമില്ല. ” എന്നു പറഞ്ഞു മാധവനോടു വേറെ ഒരു കാര്യം ചോദിച്ചു . മാധവൻ എന്തുതന്നെ സങ്കടം കാണിച്ചാലും അതുനിമിത്തം ഇന്ദുലേഖയ്ക്കു് യാതൊരു ഭാവഭേദവും ഉണ്ടായതായി കണ്ടില്ല. ഇന്ദുലേഖയ്ക്കുണ്ടായിരുന്ന അനുരാഗം കേവലം മറച്ചുവെച്ചിരുനു .

അങ്ങിനെ ഇരിക്കുമ്പോൾ ഒരുനാൾ നല്ല ചന്ദ്രികയുള്ള ഒരു രാത്രിയിൽ മാധവൻ താനെ പൂവരങ്ങുമാളികയുടെ തെക്കേമിറ്റത്തു ചന്ദ്രനേയും നോക്കിക്കൊണ്ടു നടന്നുകൊണ്ടിരുന്നു . ഇന്ദുലേഖാ മാളികയുടെ മുകളിൽനിന്നു് ജാലകത്തിൽകൂടി നോക്കിയപ്പോൾ മാധവനെ കണ്ടു്, “മാധവാ! മാധവാ! ” എന്നു വിളിച്ചു .

മാധവൻ: എന്താണു്?

ഇന്ദുലേഖാ: ചന്ദ്രാപാലംഭമോ ? ചന്ദ്രിക മുകളിൽ ഈ അറയിലും ധാരാളം ഉണ്ടു് . ഇങ്ങട്ടുകയറിവരുന്നതിനു വിരോധം ഉണ്ടോ ?

മാധവൻ: ഞാൻ കയറിവരുന്നില്ല . ഒരു കോച്ചിന്മേൽ ഒന്നായിരിക്കുന്നതു വിരോധമുള്ള കാര്യമാണെങ്കിൽ രാത്രി ഒരറയിൽ നോം രണ്ടാളുംകൂടി ഇരിക്കുന്നതിന്നു വിരോധമില്ലേ ?

ഇന്ദുലേഖാ: അതെ–ശരിയാണു് ; വിരോധമുള്ള കാര്യം തന്നെയാണു് . ഓർക്കാതെ പറഞ്ഞുപോയി. ഞാൻ എറങ്ങി മിറ്റത്തു വരാം .

മാധവൻ: എനിക്കുവേണ്ടി വരണമെന്നില്ലാ.

ഇന്ദുലേഖാ: എനിക്കുവേണ്ടിത്തന്നെ വരാം.

മാധവൻ: അതിന്നു് എനിക്കു വിരോധമില്ല.

ഇന്ദുലേഖാ മുകളിൽനിന്നു് എറങ്ങി മിറ്റത്തു ബഹുമനോഹരമായ ചന്ദ്രികയിൽ മാധവന്റെ അടുക്കപ്പോയി നിന്നു.കൈയിൽ താൻതന്നെ അന്നു വെകുന്നേരം കെട്ടി ഉണ്ടാക്കിയ ഒരു മുല്ലമാലയും ഉണ്ടായിരുന്നു. അതിധവളമായിരിക്കുന്ന ചന്ദ്രികയിൽ ഇന്ദുലേഖയുടെ മുഖവും കുന്തളഭാരവും ശരീരവും ആകപ്പാടെ കണ്ടപ്പോൾ മാധവനു് വല്ലാതെ മനസ്സിനു് ഒരു ഭ്രാന്തി ഉണ്ടായി. “ഈശ്വരാ! ഈ സുന്ദരിക്കു് എന്നിൽ അനുരാഗമുണ്ടായാൽ എന്നെപ്പോലെ ഉള്ള ഭാഗ്യവാൻ ആരു്? ഇല്ലാതെപോയെങ്കിൽ ഞാൻ ജീവിച്ചിരിക്കുന്നതു് എന്തിനു് ? ക്ഷണത്തിൽ ജീവത്യാഗം ഉത്തമം ’ എന്നിങ്ങനെ മാധവൻ വിചാരിച്ചു . ഇന്ദുലേഖയ്ക്കോ, അങ്ങുണ്ടായ വിചാരത്തിനും അശേഷം പ്രകൃതഭേദവും കുറവും ഉണ്ടായിരുന്നില്ലാ—ശക്തി അൽപം കൂടിയിരുന്നു . എന്തുകൊണ്ടെന്നാൽ , ഇന്ദുലേഖാ തന്റെ വിചാരങ്ങൾ മനസ്സിൽ അടക്കിയിരുന്നതിനാൽതന്നെ , മനസ്സിന്നുണ്ടാവുന്ന സ്തോഭങ്ങൾ ബാഹ്യചേഷ്ടകളെക്കൊണ്ടു് വളരെ ചുരുക്കുവാനും ലഘുവാക്കുവാനും കഴിയുന്നവകളാണു് . കഠിനവ്യസനത്തിൽ ഉറക്കെ കരയുന്നതു് ഒരുവിധം വ്യസനോൽക്കർഷതയെ ശമിപ്പിക്കും . അങ്ങനെതന്നെ ആഹ്ലാദത്തിലോ ഹാസ്യരസത്തിലോ ചിറിക്കുന്നതും . പിന്നെ തന്റെ വ്യസനങ്ങളെക്കുറിച്ചു് ഒരുവൻ തന്റെ സ്നേഹിതനോടു തുറന്നു വെളിവായി പറയുന്നതിനാൽതന്നെ അൽപം വ്യസനശാന്തി ഉണ്ടാവാം . കഠിനവ്യസനം ഉള്ളിൽ ഉള്ളതു കേവലം മറച്ചു് വേറെ ഒരു രസം നടിക്കുമ്പോഴാണു് ഒഴുകിപ്പോവുന്ന വെള്ളത്തെ എടയിൽകെട്ടി നിർത്തിയാൽ ഉണ്ടാവുന്നതുപോലെ ഉള്ളിൽ നിർത്തുവാൻ നിവൃത്തിയില്ലാത്തവിധം അധികരിക്കുന്നതും ചിലപ്പോൾ വിചാരിയാതെ പുറത്തേക്കു ചാടിപ്പോവുന്നതും . മിറ്റത്തു വന്നു ചന്ദ്രികയിൽ മാധവന്റെ അതികോമളമായ മുഖത്തിൽനിന്നു് സ്പഷ്ടമായി കാണാവുന്ന വ്യഥയെ കണ്ടപ്പോൾ ഇന്ദുലേഖയ്ക്കും മനസ്സു സഹിച്ചില്ലെന്നുതന്നെ പറയാം . ഒന്നാമതു ചന്ദ്രികാ എന്നതുതന്നെ മനസ്സിന്നു വളരെ ഉദ്ദീപനകരമായ ഒരു സാധനമാണു്. അങ്ങിനെയുള്ള ചന്ദ്രികയിങ്കൽ മാധവനെപ്പോലെ തന്നോടും തനിക്കും കഠിനമായ അനുരാഗം അന്യോന്യമുള്ള അതിസുന്ദരനയ ഒരു യുവാവെ താനെ അടുത്തു കാണുമ്പോൾ ഇന്ദുലേഖയ്ക്കു കഠിനമായ വ്യഥ ഉണ്ടായി എന്നും പറയേണ്ടതില്ലല്ലോ , ഇങ്ങിനെയെല്ലാം ഉണ്ടായി എങ്കിലും തന്റെ ബുദ്ധിസാമർത്ഥ്യം കൊണ്ടും ക്ഷമയാലും ധൈര്യത്താലും ഇന്ദുലേഖ തന്റെ മനോവ്യഥയെ ലേശം പുറത്തുകാട്ടാതെതന്നെ നിന്നു . കുറെ നേരം രണ്ടാളും അന്യോന്യം ഒന്നും പറയാതെ ചന്ദ്രനെ നോക്കിക്കൊണ്ടു നിന്നു .

പിന്നെ ഇന്ദുലേഖാ താഴെ കാണിക്കുന്ന ഒരു ശ്ലോകം ചൊല്ലി.

   
സ്വൈരംകെരവകോരകാൻ വിദലയ–
ന്ന്യൂനാം മനഃ ഖേദയ-
ന്നംഭോജാനി നിമീലയൻ മൃഗദൃശാമ്മാനം സമുന്മൂലയൻ
ജ്യോല്സ്നാം കന്ദളയൻ ദിശോ ധവളയ–
ന്നംഭോധിമുദ്വേലയൻ
കോകാനാകുലയൻ തമഃ കബളയ–
ന്നിന്ദുസ്സമുജ്ജ്യംഭതേ .

മാധവൻ: ഈ ശ്ലോകംഉണ്ടാക്കിയ ആൾ ചന്ദ്രന്റെ ഗുണങ്ങളെ അറിയുന്നു എന്നു ഞാൻ വിചാരിക്കുന്നില്ല.

ഇന്ദുലേഖാ: അതെന്താണു്?

മാധവൻ: “മൃഗദൃശാം മാനം സമൂന്മൂലയൻ ” എന്നു പറഞ്ഞ ഗുണം ശരിയായി ഉള്ളതാണെങ്കിൽ അതു് ഇപ്പോൾ കാണണ്ടെ ?

ഇന്ദുലേഖാ: (ചിറിച്ചുംകൊണ്ടു് ) എന്നാൽ വേറെ ഒരു ശ്ലോകം ചൊല്ലാം : “യാമിനീകാമിനീ കർണകുണ്ഡലം ചന്ദ്രമണ്ഡലം മാരനാരാചനിർമ്മാണശാണചക്രമിവോദിതം. ”

മാധവൻ: മാരനാരാചങ്ങൾ സ്ത്രീകളിൽ കുറേ തോന്നുന്നു.

ഇന്ദുലേഖാ: സ്ത്രീകൾ സാധുക്കളല്ലെ - ഭീരുക്കളല്ലെ ? കാമദേവനു ദയതോന്നി വേണ്ടെന്നുവെച്ചതായിരിക്കാം.

മാധവൻ: എന്നാൽ ആ കാമദേവൻ മഹാദുഷ്ടൻ എന്നു മാത്രമല്ലാ ഒരു വിഡ്ഢികൂടിയാണെന്നു ഞാൻ പറയും. സ്ത്രീകളിൽ ദയകൊണ്ടു പ്രയോഗിക്കുന്നില്ലെങ്കിൽ പിന്നെ പുരുഷന്മാരിൽ പ്രയോഗിച്ചിട്ടു് എന്താണു് ഒരു സാദ്ധ്യം ? പുരുഷന്മാരെ പ്രയോജനമില്ലാതെ ഉപദ്രവിക്കുന്നതു് എന്തിനു്?

ഇന്ദുലേഖാ: അതു ശരി; എന്നാൽ പുരുഷന്മാരെ ഉപദ്രവിച്ചാൽ അവർ ശക്തന്മാരാകയാൽ നിവൃത്തിയില്ലാതെ വരുമ്പോൾ സാധുക്കളായ സ്ത്രീകളെ പുരുഷന്മാർ നേരിട്ടു് ഉപദ്രവിച്ചോളും എന്നു വിചാരിച്ചിട്ടായിരിക്കാം കാമദേവൻ ഇങ്ങനെ ചെയ്യുന്നതു് . . . ഇതാ , ഞാൻ ഒരു മുല്ലമാല കൊണ്ടുവന്നിരിക്കുന്നു . ഇതു് ഇന്നു ഞാൻ തന്നെ കെട്ടിയുണ്ടാക്കിയതാണു് . ഇതിന്റെ നായകമണിയാക്കി കെട്ടിയിരിക്കുന്ന ഈ ചെറിയ താമരപ്പൂവു് ഞാൻതന്നെ ഇന്നു രാവിലെ പൂവള്ളി പടിഞ്ഞാറെ കുളത്തിൽനിന്നു പറിച്ചതാണു് . ഈ മാല മാധവന്റെ കുടുമയിൽ വെച്ചാൽ നല്ല ഭംഗി ഉണ്ടാവും . ഇതാ എടുത്തോളു . മാധവൻ മുല്ലമാല കൈകൊണ്ടു വാങ്ങി . വാങ്ങുമ്പോൾ മാധവന്റെ കൈ വിറയ്ക്കുന്നു എന്നു് ഇന്ദുലേഖയ്ക്കു തോന്നി.

ഇന്ദുലേഖാ: എന്താണു കൈ വിറയ്ക്കുന്നതു് ?

മാധവൻ: കാമദേവന്റെ ബാണമല്ലെ ?–ഭയപ്പെട്ടിട്ടുള്ള വിറതന്നെ .

ഇന്ദുലേഖാ ഒന്നു ചിറിച്ചു.

മാധവൻ: (താമരപ്പൂവ് കൈയിൽവെച്ചു നോക്കിക്കൊണ്ടു് )

“ശോഭാസർവ്വസ്വമേഷാം പ്രഥമമപഹൃതം
യത്ത്വയാ ലോചനാഭ്യാം
മാദ്ധ്വീമാധുര്യസാരഃ തവ കളവചസാ
മാർദ്ദവം ത്വൽ പ്രതീകൈഃ
സ്ഥാനഭ്രംശോ മഹീയാനപി ച വിരചിതഃ
ത്വന്മുഖസ്പർദ്ധിനാം വൈ
പത്മാനാം ബന്ധനാത്ത്വം വിരമ വരതനോ
പിഷ്ടപേണേഷ കിം സ്യാൽ . ”

ഇന്ദുലേഖാ: ഒന്നാന്തരം ശ്ലോകം —എനിക്കു് ഇതു പഠിക്കണം .

മാധവൻ: ഈ മാലയിൽ ഒരു ചെറിയ കഷണം ഞാൻ മുറിച്ചെടുത്തു് കുടുമയിൽ ചൂടാം . ശേഷം മുഴുവനും ഇന്ദുലേഖയുടെ തലമുടിയിൽതന്നെ വെയ്ക്കുന്നതാണു യോഗ്യത .

ഇന്ദുലേഖാ: യോഗ്യത എങ്ങിനെയെങ്കിലുമാവട്ടെ —മാധവന്റെ ഇംഗിതം പോലെ ചെയ്തോളൂ.

മാധവൻ: ഇംഗിതം പോലെ ചെയ്‌വാൻ സമ്മതമോ ?

ഇന്ദുലേഖാ: മാലയെ സംബന്ധിച്ചിടത്തോളം ഇഷ്ടം പോലെ ചെയ്തോളു . മാധവൻ മാല കഷണിച്ച ഒരു ചെറിയ കഷണം തന്റെ കുടുമയിൽ വെച്ചു . ശേഷം മുഴുവനും കൈയിൽത്തന്നെ പിടിച്ചു് ഇന്ദുലേഖയുടെ മുഖത്തേക്കു് ഒന്നു നോക്കി .

മാധവൻ: ഇതു ഞാൻതന്നെ ഇന്ദുലേഖയുടെ തലമുടിയിൽ തിരുകട്ടെയോ ?

ഇന്ദുലേഖാ: എന്റെ തലമുടിയിലോ ?

മാധവൻ: അതെ.

ഇന്ദുലേഖാ: മാധവന്റെ കൈകൊണ്ടോ ?

മാധവൻ: അതെ. ഇന്ദുലേഖാ ഒന്നും മിണ്ടാതെ മന്ദഹസിച്ചുകൊണ്ടു നിന്നു . മാധവൻ പുഷ്പമാല ഇന്ദുലേഖയുടെ കുന്തളത്തിൽ ഭംഗിയായി വെച്ചു . (വെച്ചു കഴിഞ്ഞ ഉടനെ . )

ഇന്ദുലേഖാ: ഇതെല്ലാം അക്രമമാണു് . മാധവൻ എന്റെ വലിയച്ഛന്റെ മരുമകനാണെങ്കിലും നോം ബാല്യംമുതൽ അന്യോന്യം കളിച്ചു വളർന്നവരാണെങ്കിലും എല്ലായ്പോഴും നോം കുട്ടികളല്ലെന്നു് ഓർക്കേണ്ടതാണു് .

മാധവൻ: ഈ മാല ഇന്ദുലേഖയുടെ തലമുടിയിൽ വെച്ചപ്പോൾ ഞാൻ കുട്ടിയാണെന്നു് അശേഷം ഓർത്തില്ല—നല്ല യുവാവാണെന്നുതന്നെ വിചാരിച്ചു .

ഇന്ദുലേഖാ: ആ സ്ഥിതിയിൽ മാധവൻ എന്നെ എങ്ങനെ തൊടും ?

മാധവൻ:തൊട്ടതു കണ്ടില്ലെ ?

ഇന്ദുലേഖാ: അതാണു് അക്രമമെന്നു പറഞ്ഞതു് .

മാധവൻ: (കണ്ണിൽ വെള്ളം നിറച്ചുംകൊണ്ടു് ) എന്നെ എന്തിനു് ഇങ്ങനെ വലപ്പിക്കുന്നു ? ഇന്ദുലേഖയെ കൂടാതെ അരനിമിഷം ഈ ഭൂമിയിൽ ഇരിപ്പാൻ എനിക്കു് ആഗ്രഹമില്ലാ .

ഇന്ദുലേഖാ: (മനസ്സിൽ വന്ന വ്യസനത്തെ സ്ഥിരമായി അടക്കിക്കൊണ്ടു് ) എന്നോടു കൂടാതെ ഇരിക്കണമെന്നു് ആരു പറഞ്ഞു ?

മാധവൻ: ‘കൂടാതെ ’ എന്നു പറഞ്ഞ വാക്കിനു ഞാൻ ഉദ്ദേശിച്ച അർത്ഥത്തിൽതന്നെയോ ഇന്ദുലേഖാ എന്നോടു് ഇപ്പോൾ പറയുന്നതു് ?

ഇന്ദുലേഖാ: എന്താണു മാധവൻ ഉദ്ദേശിച്ച അർത്ഥം ?

മാധവൻ: ‘കൂടാതെ ’ എന്നു പറഞ്ഞതു് , ഇന്ദുലേഖയുമായി രാവും പകലും ഒരുപോലെ വിനോദിപ്പാനുള്ള സ്വാതന്ത്ര്യവും ഭാഗ്യവും കൂടാതെ—എന്നാണു് .

ഇന്ദുലേഖാ: നേരം വെകി. മഞ്ഞു വീഴുന്നുണ്ടു് .പോയി കിടന്നോളു . നാളെ രാവിലെ ചായ കുടിക്കാൻ മുകളിൽ വരണെ .

മാധവൻ: ശരീരവും മനസ്സും വ്രണപ്പെട്ടപോലെ വേദനയുള്ള എനിക്ക് — കിടന്നുറങ്ങാൻ എങ്ങനെ സാധിക്കും?

ഇന്ദുലേഖാ: അതിനു വ്രണവിരോപണമായ വല്ല മരുന്നും സേവിച്ചു സുഖം വരുത്തണം .

മാധവൻ: ഞാൻ അതിന്നു് ഒരു മരുന്നു കണ്ടിട്ടുണ്ട്—ഒരു പ്രമാണപ്രകാരം , ആ പ്രമാണം പറയാം, മരുന്നു തരുമോ?

ഇന്ദുലേഖാ: എന്താണു പ്രമാണം ? –കേൾക്കട്ടെ.

മാധവൻ:

“ഇന്ദീവരാക്ഷി തവ തീക്ഷ്ണകടാക്ഷബാണ–
                   പാതവ്രണേ ദ്വിവിധമഷൌധമേവമന്യേ
                 ഏകം തദ്വീയമധരാമൃതപാനമന്യ
                  ദുത്തുംഗപീനകുചകുങ്കുമപങ്കലേപഃ

ഇന്ദുലേഖാ: ശരി; നല്ല പ്രമാണം . ഈ മരുന്നു് എവിടെ കിട്ടും ?

മാധവൻ: ഇന്ദുലേഖയുടെ കൈവശമുണ്ടല്ലോ ?

ഇന്ദുലേഖാ: അതു് ഇപ്പോൾ എടുപ്പാൻ പാടില്ല . മഞ്ഞുവളരെ . ഞാൻ പോണു . മാധവൻ പോയി കിടന്നുറങ്ങൂ —ഭ്രാന്തന്മാരെപ്പോലെ ആവരുതു് .

മാധവൻ: ആട്ടെ, എനിക്കു് ആ മരുന്നു എപ്പോഴെങ്കിലും കിട്ടുമോ ? ഇന്ദുലേഖാ കിട്ടും എന്നു് ഒരു വാക്കു പറഞ്ഞാ മതി . എന്നാൽ ഞാൻ പരമഭാഗ്യവാനായി . എന്നെ ഇങ്ങനെ തപിപ്പിക്കരുതേ —ആ വാക്കു മാത്രം ഒന്നു പറഞ്ഞു കേൾക്കണം . അതിനു് എനിക്കു ഭാഗ്യമുണ്ടോ?

ഇന്ദുലേഖാ: എനിക്കു് ഉറക്കു വല്ലാതെ വരുന്നു . ഞാൻ ഇതാ പോവുന്നു ...

എന്നു പറഞ്ഞു് ഇന്ദുലേഖാ ക്ഷണേന മാളികയിലേക്ക് കയറിപ്പോയി

ഇന്ദുലേഖാ പോയ വഴിയും നോക്കി മാധവൻ വിഷണ്ണനായി അതിപരിതാപത്തോടെ നിന്നു

ഇന്ദുലേഖാ മുകളിലേക്കു പോയി എന്നെ ഉള്ളു —മുകളിൽ അറയിൽ എത്തിയതുമുതൽ ജാലകത്തിൽകൂടി മാധവൻ മിറ്റത്തു നിന്നു പോവുന്നതുവരെ മാധവനെത്തന്നെ നോക്കിക്കൊണ്ടു നിന്നു. ഇങ്ങിനെ മാധവനും ഇന്ദുലേഖയുമായി അന്യോന്യം നടന്ന സല്ലാപങ്ങളെ കുറിച്ചു പറയുന്നതായാൽ വളരെ പറയേണ്ടിവരും . പിന്നെ വിശേഷിച്ചു് ഇതു് ഒരു പൂർവ്വകഥാപ്രസംഗം മാത്രമാണല്ലോ. എങ്കിലും ഒരു ദിവസം ഇവർ തമ്മിൽ ഉണ്ടായ ഒരു സല്ലാപംകൂടി എന്റെ വായനക്കാരെ മനസ്സിലാക്കണമെന്നു് എനിക്കു് ഒരു ആഗ്രഹം ഉണ്ടാവുന്നതിനാൽ പറയുന്നു : ഇന്ദുലേഖയെത്തന്നെ രാവും പകലും വിചാരിച്ചു വിചാരിച്ചു മാധവന്റെ മനസ്സിന്നു് ഒരു പുകച്ചൽ ആയിത്തീർന്നു. ഒരു രാത്രിയിൽ മാധവൻ ഉറങ്ങാൻ ഭാവിച്ചു കിടക്കുന്നു ;- ഉറക്കം എന്തുചെയ്തിട്ടും വരുന്നില്ല. അങ്ങിനെ കിടക്കുമ്പോൾ മാധവനു തോന്നി ; ‘എന്തിനാണു് ഇങ്ങിനെ സങ്കടപ്പെടുന്നതു്? ഇന്ദുലേഖയ്ക്കു് എന്നോടു് അനുരാഗമുണ്ടെങ്കിൽ ഇതിനു് എത്രയോ മുമ്പു് എന്റെ ഭാര്യയായി ഇരിക്കുമായിരുന്നു . എന്റെമേൽ സ്നേഹം ഉണ്ടായിരിക്കാം ; അനുരാഗമുണ്ടോ എന്നു് എനിയും എനിക്കു സംശയം . പിന്നെ എന്നെക്കാൾ എത്രയോ യോഗ്യന്മാരും ധനവാന്മാരും ആയ ആളുകൾ ഇന്ദുലേഖയെ ആഗ്രഹിക്കുന്നുണ്ടെന്നു് ഇന്ദുലേഖയ്ക്കുതന്നെ അറിവുള്ളതിനാൽ അങ്ങിനെ യോഗ്യന്മാരായവരിൽ ഒരുവനുമായി ചേർച്ചയായി മനസ്സിനെ അന്യോന്യം രണ്ജിപ്പിച്ചു ഭാര്യാഭർത്താക്കന്മാരായി ഇരിക്കണമെന്നായിരിക്കാം ഇന്ദുലേഖയുടെ താൽപര്യം. സ്ത്രീകളുടെ മനസ്സിനെ എങ്ങനെ അറിവാൻ കഴിയും ? എത്രതന്നെ പഠിപ്പുണ്ടായാലും സ്ത്രീസ്വഭാവമല്ലെ ? പിന്നെ ഞാൻ എന്തിനു വൃഥാ ഖേദിക്കുന്നു ? എനി ഇന്ദുലേഖയെക്കുറിച്ചു് ഇങ്ങിനെ എന്റെ മനസ്സിനെ ഞാൻ തപിപ്പിക്കുകയില്ല–നിശ്ചയം . രാവിലെ തോക്കുകൾ എടുത്തു ശിക്കാറിന്നു പോണം . അച്ഛനും വരുമായിരിക്കും . വളരെ ദിവസമായി ശിക്കാർ ചെയ്തിട്ടു്. ഈ ഒരു മനോവ്യഥകൊണ്ടു് എന്റെ പൌരുഷങ്ങൾ എല്ലാം നശിക്കാറായി. അങ്ങിനെ വരുത്തരുതു് . ഞാൻ ബുദ്ധിഹീനനായിട്ടാണു് ഇങ്ങിനെ കിടന്നു വലയുന്നതു്. എനിക്കു ചെറുപ്പമാണു് . ഇന്ദുലേഖയ്ക്കു ഭർത്താവു് ഉണ്ടാകേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. ഞാൻ എനി ഒരു വലിയ ഉദ്യോഗസ്ഥനോ മറ്റോ ആവുന്നതുവരെ ഒരിക്കലും ഇന്ദുലേഖാ ഭർത്താവു വേണ്ടെന്നുവെച്ചു് ഇരിക്കുകയില്ലാ . പിന്നെ ആ മോഹം വൃഥാ. എനി ഞാൻ ഇങ്ങിനെ എന്റെ മനസ്സിനെ വ്യസനിപ്പിക്കയില്ലാ . ’ എന്നു മനസ്സുകൊണ്ടു നിശ്ചയിച്ചു; ബഹുധൈര്യത്തോടെ കണ്ണ് അടച്ചു് ഉറങ്ങണം എന്നു് ഉറച്ചു കിടന്നു . കണ്ണ് അടച്ച നിമിഷത്തിൽ ഇന്ദുലേഖയുടെ നീണ്ട കണ്ണുകളും ചെന്താമരപ്പുവു പോലെ ശോഭയുള്ള മുഖവും കുന്തളഭാരവും അധരങ്ങളും മുമ്പിൽ വെളിവായി കാണുന്നതുപോലെ തോന്നി . കണ്ണുമിഴിച്ചു; ഒന്നും കണ്ടതുമില്ല . മാധവൻ എണീറ്റു് ഇരുന്നു ബഹുധൈര്യം നടിച്ചു് , ‘എനി ഞാൻ ഇന്ദുലേഖയെ വിചാരിക്കുകയില്ല , ’ എന്നു തീർച്ചയാക്കി ഉറച്ചു . അപ്പോൾ തന്റെ അറയുടെ വാതുക്കൽ ഒരു സ്ത്രീ നിൽക്കുന്നതു കണ്ടു .

മാധവൻ: ആരാണു് അതു്? “ഞാൻതന്നെ. പൂവരങ്ങിൽനിന്നു് ഒരു മാല തന്നയച്ചിരിക്കുന്നു , ” എന്നു പറഞ്ഞു് ഇന്ദുലേഖയുടെ ദാസി അമ്മു എന്ന സ്ത്രീ മാധവന്റെ അറയിൽ കടന്നു തന്റെ കൈയിൽ ഉള്ള ഒരു പനീർചെമ്പകമാല മാധവൻവശം കൊടുത്തു . മാധവൻ മാല വാങ്ങി നോക്കി ദീർഘമായി ഒന്നു നിശ്വസിച്ചു .

അമ്മു: നാളെ രാവിലെ ചായകുടിക്കാൻ മുകളിൽ ചെല്ലേണമെന്നു പറഞ്ഞിരിക്കുന്നു. ചെല്ലാതിരിക്കരുതെന്നു തീർച്ചയായി പറഞ്ഞിരിക്കുന്നു .

മാധവൻ: ഞാൻ പുലരാൻ നാലുനാഴികയുള്ളപ്പോൾ നായാട്ടിന്നു പോകുന്നു . അച്ഛനും വരുമായിരിക്കും. നാളെ അസ്തമിച്ചിട്ടേ മടങ്ങിവരികയുള്ളു എന്നു പറയൂ . അമ്മു: അങ്ങിനെതന്നെ പറയാം . എന്നാൽ പുലർച്ചയ്ക്കു കാണണമെങ്കിൽ കാണാൻ ശരിയാവും. തിരുവാതിരക്കുളി ഉണ്ടല്ലോ—അമ്മ ഏഴെട്ടുനാഴിക വെളിച്ചാവാനുള്ളപ്പോൾ ഉണർന്നു കുളപ്പുരയിൽ കുളിപ്പാൻ പോവാറു പതിവാണു് .

മാധവൻ: രാത്രിക്ക് എനിക്കു പെണ്ണുങ്ങളെ വന്നു കാണുവാൻ പാടില്ല . മറ്റന്നാൾ കാണാമെന്നു പറയൂ.

അമ്മു മന്ദഹസിച്ചുകൊണ്ടു്, “പറയാം , ” എന്നു പറഞ്ഞു് ഇന്ദുലേഖയുടെ മാളികയിലേ പോയി വിവരം പറഞ്ഞു. ഇന്ദുലേഖാ വീണ്ടും ദാസിയെ വേറൊരു വിവരം പറഞ്ഞു് മാധവന്റെ അടുക്കലേക്ക് അയച്ചു.

അമ്മു രണ്ടാമതു ചെല്ലുമ്പോൾ , മാധവൻ മാലയെക്കകെയിൽ വെച്ചു നോക്കി രസിച്ചുംകൊണ്ടിരിക്കുന്നു. അമ്മുവെ രണ്ടാമതും കണ്ടപ്പോൾ എന്താണു പിന്നേയും വന്നതു് എന്നു ചോദിച്ചു. അമ്മു: അമ്മ വിശേഷമായി ഒരുക്കതൊപ്പി തുന്നുന്നുണ്ടത്ര . അതു നായാട്ടിനു പോകുമ്പോൾ തലയിൽ ഇട്ടുകൊണ്ടു പോകാം . പുലർച്ചയ്ക്കു മാളികയിൽ കയറി ചെല്ലാൻ യജമാനനു വിരോധമുണ്ടെങ്കിൽ മിറ്റത്തു കിളിവാതിലിന്നു നേരെ നിന്നാൽ തൊപ്പി എടുത്തുതരാം എന്നു് അമ്മ പറഞ്ഞിരിക്കുന്നു .

മാധവൻ: എന്നാൽ ഇപ്പോൾ ഇങ്ങട്ടു കൊടുത്തയയക്കരുതേ ?

അമ്മു:ക്തൊപ്പി മുഴുവനും തീർന്നിട്ടില്ലായിരിക്കും .

മാധവൻ: എന്താണു് രാത്രിയിൽ തുന്നൽപ്പണി ചെയ്യാറുണ്ടോ ?

അമ്മു: രാത്രി ഈയിടെ തുന്നലും പുസ്തകംവായനയും മറ്റും തന്നെയാണു് . ഉറക്കം വളരെ കുറഞ്ഞിരിക്കുന്നു.

മാധവൻ: അതിനു് എന്താണു സംഗതി ?

“സംഗതി എന്തോ! ” എന്നു പറഞ്ഞു് അമ്മു മന്ദഹസിച്ചുംകൊണ്ടു് തലതാഴ്ത്തി ലജ്ജാഭാവത്തോടെ നിന്നു.

മാധവൻ: അങ്ങിനെയാട്ടെ. നീ പൊയ്ക്കോ . ഞാൻ പുലർച്ചെ പോകുമ്പോൾ ജാലകം തുറന്നുകണ്ടാൽ വിളിക്കും എന്നു പറയൂ. ജാലകം തുറന്നു കണ്ടില്ലെങ്കിൽ നേരെ പോവും . അമ്മു പോയ ഉടനെ മാധവനു പിന്നെയും വിചാരം തുടങ്ങി : ‘ഇന്ദുലേഖയ്ക്കും ഉറക്കമില്ലാ. എന്നോടു് ഇന്ദുലേഖയ്ക്കു് അനുരാഗം ഉണ്ടെന്നുള്ളതിനു സംശയമില്ലാ . എനിക്കു ലേശം സംശയമില്ലാ. എന്നാൽ പിന്നെ എന്താണു് അതു ഭാവിക്കാത്തതു് ? കുട്ടിക്കളികൾ അല്ലാതെ വേറെ ഒന്നും പുറത്തു കാണുന്നില്ലല്ലോ . ഇതിനു് എന്തു സംഗതി ? ’ എന്നിങ്ങനെ ആലോചിച്ചും കൊണ്ടു് മാധവൻ കട്ടിലിന്മേൽനിന്നു് എണീറ്റു് രാവിലെ ശിക്കാറിന്നു പോവാൻ ഉള്ള വട്ടങ്ങൾ ഒരുക്കി. ഒന്നാന്തരം ഒരു തോക്കെടുത്തു തുടച്ചുവെച്ചു ; ആവശ്യമുള്ള തിരകൾ എടുത്തുവെച്ചു; പുലരാൻ നാലു നാഴികയ്ക്കു ചായ വേണമെന്നു വാലിയക്കാരനെ വിളിച്ചു പറഞ്ഞു കിടന്നു. നാലുമണിക്കു് എണീറ്റു കുപ്പായം , കാലുറ , ബൂട്ട്സു് ഇതുകൾ ഇട്ടു് തന്റെ ഒരു വാലിയക്കാരനേയും വിളിച്ചുകൂട്ടി നായാട്ടിനു പുറപ്പെട്ടു . മേലോട്ടു നോക്കിയപ്പോൾ ഒരു ചന്ദ്രൻ ഉദിച്ചുപൊങ്ങി നിൽക്കുന്നതുപോലെ ഇന്ദുലേഖയുടെ മുഖം ജാലകത്തിൽക്കൂടെ മുകളിൽ. ഇന്ദുലേഖയുടെ സമീപം കത്തുന്ന അതിപ്രകാശമുള്ള വെളിച്ചത്തിൽ കണ്ടു് മാധവൻ മയങ്ങിപ്പോയി.

ഇന്ദുലേഖാ: എന്താണു് ഇത്ര നേർത്തെ പുറപ്പെട്ടതു് ? ജന്തുഹിംസ ചെയ്യണമെങ്കിൽ ജന്തുക്കളെ കണ്ടിട്ടു വേണ്ടേ? ഇരുട്ടിൽ എങ്ങിനെ കാണും ?

മാധവൻ: കുറെ ദൂരം പോയിട്ടുവേണം നായാട്ടു തുടങ്ങുവാൻ .

ഇന്ദുലേഖാ: ഓഹോ! വലിയ വട്ടം കൂട്ടീട്ടുള്ള നായാട്ടിനോ ഭാവം ?

മാധവൻ: കുറെ വിസ്തരിച്ചുതന്നെയാണു ഭാവം . അങ്ങിനെയായാൽ മനസ്സിനു കുറെ സുഖമുണ്ടാവും എന്നു തോന്നുന്നു .

ഇന്ദുലേഖാ: ശരി; ഇക്കുറി മദിരാശിയിൽനിന്നു വരുമ്പോൾ എത്ര തോക്കുകൾ കൊണ്ടുവന്നിട്ടുണ്ടു്?

മാധവൻ: ഒന്നു മാത്രം—‘ബ്രീച്ചു് ലോഡർ . ’

ഇന്ദുലേഖാ: അതു് എനിക്കു് ഒന്നു കാണണം . ഇങ്ങട്ടു കൊടുത്തയയ്ക്കൂ.

മാധവന്റെ വാലിയക്കാരൻ ഉടനെ തോക്കു മുകളിലേക്കു കൊണ്ടുചെന്നു . ഇന്ദുലേഖാ വാങ്ങി അകത്തുവെച്ചു വാതിൽ പൂട്ടി അമ്മുവോടു വെളിച്ചം എടുക്കാൻ പറഞ്ഞു കുളിപ്പാൻ ചുവട്ടിൽ ഇറങ്ങി, മാധവന്റെ അരികത്തു് എത്തിയപ്പോൾ പറഞ്ഞു :

ഇന്ദുലേഖാ: ശരി; ‘ബ്രീച്ചു് ലോഡർ ’ ഇപ്പോൾ മാളികയിൽ ഇരിക്കട്ടെ .ക്തൊപ്പിപ്പണി മുഴുവനും തീർന്നിട്ടില്ലാ. അതുകൊണ്ടു് നാളയോ മറ്റന്നാളോ നായാട്ടിന്നു പോവാം . സുഖമായി ഇപ്പോൾ പോയിക്കിടന്നു് ഉറങ്ങൂ.

മാധവൻ: ഇതു വലിയ സങ്കടംതന്നെ . എനിക്കു നായാട്ടിനു പോവാൻ പാടില്ലെന്നോ ?

ഇന്ദുലേഖാ: അതെ; ഇന്നു പോവാൻ പാടില്ലെന്നുതന്നെ .

മാധവൻ: അതെന്താണു്?

ഇന്ദുലേഖാ:തൊപ്പിപണി തീർന്നിട്ടില്ലാ , അതുതന്നെ .

മാധവൻ: ഞാൻ തൊപ്പി വേണമെന്നു പറഞ്ഞുവോ ?

ഇന്ദുലേഖാ:തൊപ്പി വേണ്ടാ എന്നു പറഞ്ഞുവോ ? ഇന്നലെ അമ്മു വന്നു ചോദിച്ചപ്പോൾ വേണ്ടാ എന്നു പറയായിരുന്നില്ലെ ?

മാധവൻ: വേണ്ടാ എന്നു ഞാൻ ഇപ്പോൾ പറയുന്നു .

ഇന്ദുലേഖാ: അതു സാരമില്ല . അതു ഞാൻ കേൾക്കയില്ല ; ഇന്നലെ വേണ്ടാ എന്നു പറഞ്ഞയച്ചിരുന്നുവെങ്കിൽ ഞാൻ രാത്രി ഉറക്കു് ഒഴിഞ്ഞു പണിചെയ്യുന്നതല്ലായിരുന്നു . പിന്നെ ഇത്രയൊക്കെ എന്നെക്കൊണ്ടു ബുദ്ധിമുട്ടിച്ചു് ഇപ്പോൾ വേണ്ടാ എന്നു പറഞ്ഞാൽ ആരു കേൾക്കും?

മാധവൻ: ഈ കുട്ടിക്കളിയിൽ ഒന്നും എനിക്കു് അശേഷം രസം തോന്നുന്നില്ല . മനുഷ്യരെ വെറുതെ ഉപദ്രവിച്ചിട്ടു് എന്തു പ്രയോജനം ?

ഇന്ദുലേഖാ: ഞാൻ കുട്ടിയാണു് . മാധവനും കുട്ടിതന്നെയാണെന്നു് ഇപ്പോഴും എനി തോന്നുന്നു. അതുകൊണ്ടു മുമ്പു നോം കളിച്ചതുപോലെ ഇപ്പോഴും കളിക്കാം .

മാധവൻ: ഇന്നാൾ അല്ലെ ഇന്ദുലേഖാ പറഞ്ഞതു് കുട്ടിക്കളി എനി പാടില്ലാ എന്നും മറ്റും .

ഇന്ദുലേഖാ: അപ്പോൾ മാധവനെ കുട്ടിയുടെ മാതിരിയിലല്ല കണ്ടതു് . എന്നുപറഞ്ഞു ചിരിച്ചുംകൊണ്ടു് കുളിപ്പാൻ പോയി . മാധവൻ വിഷണ്ണനായി തോട്ടത്തിൽ നടന്നുംകൊണ്ടിരുന്നു. കുളികഴിഞ്ഞു് ഇന്ദുലേഖാ വരുമ്പോഴേക്കു് നേരം നല്ല വെളിച്ചമായിരിക്കുന്നു . മാധവനെ കണ്ടു മുകളിലേക്കു് ഒന്നുച്ചു കൂട്ടിക്കൊണ്ടുപോയി . ചായകുടിക്കാൻ ക്ഷണിച്ചു . ചായ താൻ കുടിച്ചു, വേണ്ടെന്നു പറഞ്ഞു . പിന്നെയും ഇന്ദുലേഖയുടെ നിർബ്ബന്ധത്താൽ അൽപം കുടിച്ചു: രണ്ടുപേരും ഓരോ കസാലയിൽ ഇരുന്നു .

ഇന്ദുലേഖാ: എനി ഇന്നു നായാട്ടിനു പോവാൻ തരമില്ലല്ലോ .

മാധവൻ: ഇന്ദുലേഖയ്ക്കു കുട്ടിക്കളി മാറീട്ടില്ലെങ്കിൽ കളിപ്പാൻ വേറെ ആളെ അന്വേഷിഷിച്ചോളു. എനിക്കു് ഇതു സഹിപ്പാൻ പാടില്ലാതെ ആയിരിക്കുന്നു .

ഇന്ദുലേഖാ: എന്താണു സഹിപ്പാൻ പാടില്ലാത്തത്—നായാട്ടോ ?

മാധവൻ: ഞാൻ വെളിവായിട്ടു പറയാം .

ഇന്ദുലേഖാ: വരട്ടെ —അത്ര വെളിവായിട്ടുപറയേണമെന്നില്ല . മാധവൻ നല്ല ധീരനാണെന്നു ഞാൻ മുമ്പു വിചാരിച്ചു. മാധവന്റെ ഇപ്പോഴത്തെ ഗോഷ്ടികൾ കാണുമ്പോൾ എന്റെ അഭിപ്രായം തെറ്റാണെന്നു ഞാൻ ഇപ്പോൾ വിചാരിക്കുന്നു .

മാധവൻ: എനിക്കു് ഈ കാര്യത്തിൽ ധൈര്യമില്ലാ . ഇന്ദുലേഖാ സാധാരണ ദിക്കിൽ കാണാറുള്ളമാതിരി ഒരു കുട്ടിയാണു് ഞാൻ എന്നു ശങ്കിക്കേണ്ടാ . ഞാൻ ഇതുവരെ യാതൊരു ദുർമ്മര്യാദയിലും ലേശം പ്രവേശിക്കാത്തവനാണു് . എനിക്കു സ്ത്രീകളിൽ ചാപല്യം ഇന്ദുലേഖയെ കാണുന്നതിനുമുമ്പു് ഉണ്ടായിട്ടേ ഇല്ല . അതുകൊണ്ടായിരിക്കാം ഇപ്പോൾ ഉണ്ടാകുന്ന ചാപല്യത്തിന്നു് ഇത്ര അധികം ശക്തി . എനിയും ഇന്ദുലേഖാ എന്നെ ചലിപ്പിക്കാനാണു ഭാവമെങ്കിൽ ഞാൻ ഈ ദിക്കിൽ ഇരിപ്പാൻതന്നെ ഭാവമില്ല .

ഇന്ദുലേഖാ: അപ്പോൾ വേറെ ദിക്കിൽ പോയാൽ ഈ വിചാരം ഉണ്ടാവുകയില്ല , അല്ലേ? അതിന്റെ താൽപര്യം, കാണുമ്പൊഴേ ഈ അനുരാഗവും ഗോഷ്ടികളും ഉണ്ടാവുന്നുള്ളു എന്നാണു്.

മാധവൻ: അങ്ങിനെയല്ലാ അതിന്റെ താൽപര്യം . ഇന്ദുലേഖയുമായി എനിക്കു ഹിതപ്രകാരം ഇരിക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ എന്റെ രാജ്യവും വീടും എനിക്കു വേണ്ടാ എന്നാകുന്നു ഞാൻ പറഞ്ഞതിന്റെ അർത്ഥം .

ഇന്ദുലേഖാ: ആട്ടെ, ശരി, മാധവനു് എന്നോടു് ഇത്ര അനുരാഗമുണ്ടായിട്ടും എനിക്കു മാധവനോടു ലേശം അനുരാഗം ഇല്ലെങ്കിലോ? പിന്നെ മാധവനു് എന്നോടു പ്രിയം ഉണ്ടാകുമോ ?

മാധവൻ: എന്നോടു് ഇന്ദുലേഖയ്ക്കു് അനുരാഗമില്ലെന്നു ഞാൻ ഒരിക്കലും വിചാരിക്കയില്ല .

ഇന്ദുലേഖാ: പിന്നെ എന്താണു് ഈ തടസ്സം ?

മാധവൻ: തടസ്സമോ?

ഇന്ദുലേഖാ: അതെ, തടസ്സം എന്താണു പറയൂ .

മാധവൻ: പറയാം. ഈ തടസ്സത്തിനു കാരണം ഞാൻ വിചാരിക്കുന്നതു് , ഒന്നാമതു് , ഞാൻ വലിയ ഒരു സ്ഥിതിയിൽ എനിയും ആയിട്ടില്ലെന്നു് ഇന്ദുലേഖാ വിചാരിക്കുന്നതുകൊണ്ടു്. രണ്ടാമതു്, വേറെ വളരെ യോഗ്യരായ ധനികന്മാരും പ്രഭുക്കളും മഹാരാജാക്കന്മാരും ഇന്ദുലേഖയെ കാംക്ഷിച്ചു് ഇരിക്കുന്നു എന്നു് ഇന്ദുലേഖയ്ക്കു് അറിവുള്ളതുകൊണ്ടു് .

ഇന്ദുലേഖാ: മാധവൻ ഇത്ര ശപ്പനാണെന്നു ഞാൻ ഇതുവരെ വിചാരിച്ചില്ല . എന്നെ കാംക്ഷിക്കുന്ന യോഗ്യരിലും മഹാരാജാക്കന്മാരിലും എനിക്കു ഭ്രമമുണ്ടെങ്കിൽ എനിക്കു് അവരിൽ ഒരാളെ ഇതുവരെ ഭർത്താവാക്കിക്കുടായിരുന്നുവോ ? ഈ വിധം ഭോഷത്വം പറഞ്ഞതു് ആശ്ചര്യം. എനിക്കു് ഈ കാര്യത്തിൽ ധനവും പുല്ലും സമമാണു് . എന്റെ മനസ്സിന്നു് അഭിരുചി തോന്നുന്നവൻ എന്റെ ഭർത്താവെന്നു മാത്രമാണു് ഞാൻ നിശ്ചയിച്ചിട്ടുള്ളതു് .

മാധവൻ: അങ്ങനെ അഭിരുചി ഇതുവരെ ആരിലെങ്കിലും തോന്നീട്ടുണ്ടോ ?

ഇന്ദുലേഖാ: തോന്നീട്ടുണ്ടെങ്കിൽ അതു ശപ്പനായ മാധവനോടു ഞാൻ എനി എന്തിനു പറയണം?

മാധവൻ: എന്തിനാണു് എന്നെ ശകാരിക്കുന്നതു് ? ഇതുംകൂടി വേണമോ ?

ഇന്ദുലേഖാ: മതി, മതി, മഹാരസികൻതന്നെ മാധവൻ , എനിക്കു മാധവനിൽ അനുരാഗമുണ്ടെന്നു മാധവനു ബോദ്ധ്യമാണു് . എന്നാലും മഹാരാജാക്കന്മാരും പ്രഭുക്കളും എന്നെ ആവശ്യപ്പെടുന്നതുകൊണ്ടു് എന്റെ അനുരാഗത്തിന്നും മനസ്സിന്നും വിരോധമായി അവരിൽ ആരെയെങ്കിലും സ്വീകരിച്ചുകളയും എന്നു വിചാരിക്കുന്നു , അല്ലേ ? കഷ്ടം! ഇത്ര ബുദ്ധിഹീനനാണു മാധവൻ! കഷ്ടം! ഇത്ര നിസ്സാരയായ ഒരു സ്ത്രീയാണു ഞാൻ എന്നു വിചാരിച്ചുപോയല്ലോ. ഇങ്ങിനെയാണെങ്കിൽ എന്നിൽ മാധവനു് എങ്ങിനെ ഇത്ര പ്രിയം ഉണ്ടായതു്? ഈ വാക്കുകൾ കേട്ടപ്പോൾ മാധവനു കണ്ണിൽ ജലം നിറഞ്ഞു . സന്തോഷംകൊണ്ടോ ബഹുമാനംകൊണ്ടോ വ്യസനംകൊണ്ടോ ഈ അശ്രുക്കൾ ഉണ്ടായതു് എന്നു് എന്റെ വായനക്കാർ ആലോചിച്ചു നിശ്ചയിക്കേണ്ടതാണു് .

ഇന്ദുലേഖാ: എന്താണു് ഉത്തരംമുട്ടിയാൽ കരയുന്നതു് ?

മാധവൻ: ഉത്തരം ഇല്ലാഞ്ഞിട്ടല്ല . എനിക്കു് എല്ലായ്പോഴും ഓരോന്നു പറഞ്ഞു തർക്കിച്ചുംകൊണ്ടിരിപ്പാൻ സുഖമില്ലാ. ഇന്ദുലേഖാ ബുദ്ധിമുട്ടിച്ചിട്ടാണു് ഞാൻ ഇവിടെ ഇരുന്നതു് . ഇരുന്നതിന്റെ ശേഷം ഒരു വാക്കെങ്കിലും മധുരമായി എന്നോടു പറഞ്ഞിട്ടില്ലാ . എല്ലാം വക്രോക്തികൾതന്നെ. മലയാളത്തിൽപെണ്ണുങ്ങൾക്കു പുരുഷന്മാരെ ഇട്ടു വലിപ്പിക്കുന്നതിൽ വളരെ സ്വതന്ത്രതയും എടയും ഉള്ളതുകൊണ്ടു പുരുഷന്മാർ സങ്കടം അനുഭവിക്കുക എന്നേ വരൂ.

ഇന്ദുലേഖാ: എന്തുകൊണ്ടാണു ഞാൻ എന്റെ വാക്കുകളെ മധുരമാക്കേണ്ടതു് ? കുറെ തേൻ കുടിച്ചിട്ടു വാക്കു പറയട്ടെ ? അല്ലെങ്കിൽ ഞാൻ വാക്കു പറയുമ്പോൾ മാധവൻ കുറേ തേൻ കുടിച്ചുകൊണ്ടു് ഇരിക്കൂ. എന്നാൽ മധുരം തോന്നും . വല്ല ശപ്പത്തരവും പറഞ്ഞു് അതിനു നല്ല ഉത്തരം കിട്ടുമ്പോൾ ഉത്തരംപറയുന്ന ആളുടെ വാക്കിനു മധുരമില്ലാ , പുളിക്കുന്നു എന്നുംമറ്റും പറഞ്ഞാൽ ആരു സമ്മതിക്കും ?–എന്താണു മലയാളസ്ത്രീകൾക്കു ദോഷം പറഞ്ഞത്—പുരുഷന്മാരെ ഉപദ്രവിക്കാൻ വളരെ കഴിയുന്നവരാണന്നോ ?

മാധവൻ: അത്രമാത്രമല്ലാ, മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യധർമ്മം ആചരിക്കുന്നില്ലാ . ഭർത്താ ന്മാരെ യഥേംഷ്ടം എടുക്കയും ഉപേക്ഷിക്കയും ചെയ്യുന്നു. പിന്നെയും പല സ്വതന്ത്രതകൾ ഉണ്ടു് . അതുകൊണ്ടു മലയാളസ്ത്രീകൾക്കു ഗർവ് വളരെ അധികം ഉണ്ടു് . എന്നാണു പറഞ്ഞതു് .

ഇന്ദുലേഖാ: ശിക്ഷ! അതിമനോഹരമായ വാക്കുതന്നെ . മാധവനു് ഇത്ര ഒ െപഠിപ്പും അറിവും ഉണ്ടായിട്ടു് ഇങ്ങിനെയാണു് മലയാളസ്ത്രീകളെക്കുറിച്ചു അഭിപ്രായമായതു് . ഇതു് ആശ്ചര്യം തന്നെ. ഈ സംഗതിയിൽ ബുദ്ധിയുള്ള ഒരു മലയാളസ്ത്രീ മാധവനോടു താഴെ പറയും പ്രകാരം ഉത്തരം പറയും: എന്താണു് പറഞ്ഞത്–മലയാളസ്ത്രീകൾ പാതിവ്രത്യധർമ്മം ആചരിക്കുന്നില്ലെന്നോ ? കഷ്ടം! ഇതരരാജ്യങ്ങളിൽ ഉള്ള സ്ത്രീകളെപ്പോലെ മലയാളസ്തീകളും ധാരാളമായി പതിവ്രതാധർമ്മം ആചരിക്കുന്നുണ്ട്– അസംഖ്യം സ്ത്രീകൾ ആചരിക്കുന്നുണ്ടു് . ഒരു സ്ത്രീ പതിവ്രതാധർമ്മം ആചരിക്കുന്നില്ലെന്നു പറഞ്ഞാൽ അവൾ വ്യഭിചാരിയാണെന്നാകുന്നു അർത്ഥം. കേരളത്തിലെ സ്ത്രീകൾ എല്ലാം , അല്ലെങ്കിൽ അധികപക്ഷവും വ്യഭിചാരികളാണെന്നു മാധവൻ പറയുന്നുവോ? അങ്ങിനെ പറയുന്നുവെങ്കിൽ അതു ഞാൻ വിശ്വസിക്കയില്ല –നിശ്ചയം. വ്യഭിചാരം എങ്ങും ഏതു ജാതിയിലും ഉണ്ടാവാം . എന്നാൽ ഞങ്ങൾ നായന്മാരുടെ സ്ത്രീകൾ അന്തർജ്ജനങ്ങളെപ്പോലെ അന്യജനങ്ങളോടു സംസാരിക്കാതെയും വിദ്യാഭ്യാസം ചെയ്യാതെയും ശുദ്ധമൃഗപ്രായമായി നടക്കുന്നില്ലാത്തതുകൊണ്ടു് വ്യഭിചാരകളാണെന്നോ പതിവ്രതാധർമ്മം ഇല്ലെന്നോ മാധവൻ വിചാരിക്കുന്നുണ്ടെങ്കിൽ ഇത്ര അബദ്ധമായ വിചാരം വേറെ യാതൊന്നും ഇല്ലാ. യൂറോപ്പു് , അമേരിക്ക മുതലായ രാജ്യങ്ങളിലെ സ്ത്രീകളുടെ സ്ഥിതി ആലോചിച്ചുനോക്കൂ. ഈ രാജ്യങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പഠിപ്പു് , അറിവു്, സ്വതന്ത്രത ഇതെല്ലാം ഒരുപോലെയല്ലെ ? ഈ സ്ത്രീകളെല്ലാം വ്യഭിചാരികളോ ? ഈ ദിക്കിൽ ഒരു സൌന്ദര്യമുള്ള സ്ത്രീക്കു് നല്ല വിദ്യാഭ്യാസവും ഉണ്ടായാൽ അവളുമായി സംസാരിച്ചു് വിനോദിപ്പാൻ പോകുന്ന എല്ലാ പുരുഷന്മാരും അവളുടെ രഹസ്യക്കാരാണെന്നു് ക്ഷണേന ഊഹിച്ചു കളയുന്നു. ഇതിൽ എത്രകണ്ടു സത്യം ഉണ്ടു് ? സംഗീതവിദ്യ പരിചയിച്ച ഒരു സ്ത്രീ പാടുന്നതുകേൾപ്പാൻ ഒരു പത്തുപുരുഷന്മാർ ഒന്നായിചെന്നു് ഇരുന്നുകേട്ടു പോന്നാൽ ആ പത്തു പുരുഷന്മാരും അവളുടെ ജാരന്മാരായി എന്നു പറയും വിഡ്ഢികളായ നിങ്ങൾ. പുരുഷന്മാർ അങ്ങിനെതന്നെ എന്നു നടിക്കുകയും ചെയ്യും . ഇങ്ങിനെ നിങ്ങൾതന്നെ ചെയ്യുന്നതിനു് ഞങ്ങൾ വിചാരിച്ചാൽ എന്തു നിവൃത്തിയാണുള്ളതു് . നിങ്ങൾ പുരുഷന്മാർ തന്റേടമുള്ളവരാണെങ്കിൽ സ്വജാതി സ്ത്രീകൾക്കു് ഈവിധം അപമാനം ഉണ്ടാുവാൻ എട വരുത്തുമോ? ഒരു സ്ത്രീക്കു് പതിവ്രതാധർമ്മത്തെ അശേഷം കളയാതെ അന്യപുരുഷന്മാരുമായി പലേവിധത്തിലും വിനോദിപ്പാനും രസിപ്പാനും സംഗതികളും സ്വതന്ത്രതകളും ഉണ്ടാവാം. അങ്ങിനെ വിനോദിക്കുന്നതും രസിക്കുന്നതും എല്ലാം വ്യഭിചാരത്തിന്നുള്ള ഏക വിചാരത്തിന്മേലാണെന്നു് ദുർബുദ്ധികൾ ധരിച്ചു വെറുതെ കേരളീയ സുന്ദരിമാരെ അപമാനിക്കുന്നതിൽ മാധവൻ കൂടി ചേർന്നതു് എനിക്കു് അത്യത്ഭുദതമായിരിക്കുന്നു . എന്റെ വിചാരത്തിൽ സ്ത്രീകൾക്കു സ്വാതന്ത്ര്യം കൊടുക്കാതെ മൃഗങ്ങളെപ്പോലെ വളർത്തിക്കൊണ്ടുവരുന്നതാണു വ്യഭിചാരത്തിനു് അധികവും ഹേതു എന്നാകുന്നു . ഒരു പശുവിനോ ശ്വാവിനോ വ്യഭിചാരത്തിൽ ലജ്ജയുണ്ടോ? എന്നാൽ പഠിപ്പും അറിവും ഉള്ളവർക്കു് ഒരുകാലവും വ്യഭിചാരത്തിൽ സക്തി വരാൻ പാടില്ലെന്നല്ല ഞാൻ പറയുന്നതു് . ദുർബുദ്ധിയും ദുർവ്യാപാരവും എത്ര പഠിപ്പുള്ളവർക്കും ചിലപ്പോഴുണ്ടാകാം . അതു് ഉണ്ടാകുന്നതു് പഠിപ്പുകൊണ്ടും അറിവുകൊണ്ടുമാണെന്നു് ചില ഭോഷന്മാരു പറയുന്നതു കേൾക്കുമ്പോൾ എനിക്കു് ആശ്ചര്യം തോന്നുന്നു. പഠിപ്പും അറിവും ഈ വക ദുർബുദ്ധിയെ നശിപ്പിക്കാനുള്ള മുഖ്യകാരണങ്ങളാണു്. ഭർത്താവിനെ ഇഷ്ടം പോലെ എടുക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവരാണു് ഞങ്ങൾ എന്നു മാധവൻ ഒരു ദോഷം പറയുന്നുണ്ടു് . മര്യാദയില്ലാത്ത ചില സ്ത്രീകൾ ഇങ്ങനെ ചെയ്യുന്നുണ്ടായിരിക്കാം. എന്നാൽ ഇങ്ങനെ ചെയ്വാനുള്ള ഒരു സ്വതന്ത്രത ഞങ്ങൾക്കുള്ളതു് എത്രയോ ശ്ലാഘനീയമായ ഒരു അവസ്ഥയാണു് . യൂറോപ്പിൽകൂടി ഈ സ്വതന്ത്രത ഇല്ല . യൂറോപ്പിലുള്ള ബുദ്ധിശാലികളായ ചില ആളുകളും അമേരിക്കാ രാജ്യത്തിലുള്ള വളരെ മഹാന്മാരും ഈ സ്വതന്ത്രത എല്ലായ്പ്പോഴും ഉണ്ടായിരിയ്ക്കേണ്ടതാണെന്നു് അഭിപ്രായപ്പെട്ടതായി ഞാൻ വായിച്ചിട്ടുണ്ടു്. ഈ സ്വതന്ത്രത ഇല്ലായ്കയാൽ എത്ര ഭാര്യാഭർത്താ ന്മാർ ദിവസംപ്രതി യൂറോപ്പിലും ഇൻഡ്യയിലും സങ്കടമനുഭവിക്കുന്നു . ഈ സ്വതന്ത്രതയെ ദുർവൃത്തിയായി ഉപയോഗിക്കാതെ ശരിയായി ആവശ്യമുള്ള ദിക്കിൽമാത്രം ഉപയോഗിച്ചു വന്നാൽ അതു സ്ത്രീപുരുഷന്മാർക്കു വളരെ ഉപകാരമായി വരുന്നതാണു് . ഈ സ്വതന്ത്രത ഉണ്ടെന്നുവെച്ചു മലയാളത്തിൽ എത്ര സ്ത്രീകൾ ഭർത്താക്കന്മാരെ ഉപേക്ഷിക്കുന്നുണ്ടു് ? എത്ര ഭർത്താക്കന്മാർ ഭാര്യമാരെ ഉപേക്ഷിക്കുന്നുണ്ടു്? ഈ മാതിരി എത്ര കാര്യങ്ങൾ കഴിഞ്ഞ പത്തുകൊല്ലങ്ങളിൽ ഈ മലയാളത്തിലെ ഭാര്യാഭർത്താക്കന്മാരുടെ ഇടയിൽ ഉണ്ടായിട്ടുണ്ടെന്നു് മാധവനു കൃത്യമായ ഒരു കണക്കെടുപ്പാൻ കഴിയുമെങ്കിൽ അപ്പോൾതോന്നും ആയിരത്തിൽ ഒന്നുകൂടി ഉണ്ടായി എന്നുപറവാൻ സംശയിക്കെണ്ടതാണെന്നു് . ചിലപ്പോൾ ചിലദിക്കിൽ ഉണ്ടാവും . അതിന്നു കാരണങ്ങളും ഉണ്ടായിരിക്കും . അകാരണമായും ഭാര്യാഭർത്താക്കന്മാരിൽ ഒരാളുടെ ദുർബുദ്ധിയാലും ദുർല്ലഭം ഉണ്ടായി എന്നു വന്നേക്കാം . എന്നാൽ അവ കേരളീയ സ്ത്രീകൾക്കു സർവ്വസാധാരണമാണെന്നു് പറഞ്ഞു ഞങ്ങളെ മാത്രം അപമാനിക്കുന്നതു് കഷ്ടമാണു് . ഈ സ്വതന്ത്രത ഉണ്ടാകുന്നതു് നല്ലതാണു് . എന്നാൽ അതു് വേണ്ട ദിക്കിലേ ഉപയോഗിക്കാവൂ. ചിലർ ചിലപ്പോൾ വേണ്ടാത്ത ദിക്കിലും ഉപയോഗിക്കുന്നുണ്ടായിരിക്കാം . അതുകൊണ്ടു് അപമാനവും സിദ്ധിക്കുന്നുണ്ടായിരിക്കാം . എന്നാൽ അതു് ആ സ്വതന്ത്രതയുടെ ദോഷമല്ല . അതിനെ തെറ്റായി ഉപയോഗിക്കുന്നതിനാലുള്ള ദോഷമാണു് . അതുകൊണ്ടു് മാധവനു് എന്നോടു ദേഷ്യമുണ്ടെങ്കിൽ എന്റെ മുഴുവൻ വർഗ്ഗക്കാരിൽ ഈ ദൂഷ്യാരോപണം ചെയ്‌വാൻ ഞാൻ സമ്മതിക്കുകയില്ല; നിശ്ചയം തന്നെ . ”

മാധവൻ: ഭാര്യാഭർത്താക്കന്മാർക്കു വേണ്ടപ്പോൾ എല്ലാം യഥേഷ്ടം അന്യോന്യമുള്ള സംബന്ധം വിടർത്താൻ അവരിരുവരിലാർക്കെങ്കിലും അധികാരമുണ്ടായിവരുന്നതു നല്ല സ്വതന്ത്രതയാണെന്നു ഞാൻ വിചാരിക്കുന്നില്ല . ഈ നിലയായാൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംബന്ധം ഒരു കരാറിനാൽ ഉണ്ടാവുന്ന സംബന്ധംപോലെ ആയി . അതിൽ ഒരു രുചിയും ശ്ലാഘ്യതയും എനിക്കു തോന്നുന്നില്ല .

ഇന്ദുലേഖാ: (ചിറിച്ചുംകൊണ്ടു് ) എന്നാൽ മലയാളമാതിരിയുള്ള സംബന്ധത്തിൽ മാധവനു രുചിയില്ലായിരിക്കും; അല്ലേ?

മാധവൻ: ഇല്ലാ.

ഇന്ദുലേഖാ: അങ്ങിനെയാണെങ്കിൽ മുമ്പു പറഞ്ഞില്ലേ അന്യരാജ്യത്തെങ്ങാനും പൊയ്ക്കളയാമെന്നു്? അങ്ങിനെ ചെയ്തോളു . അതാണു നല്ലതു് .

മാധവൻ: അതിനുതന്നെയാണു് ഭാവം . ഇന്ദുലേഖയ്ക്കു് അതിന്നു സമ്മതംതന്നെയോ ?

ഇന്ദുലേഖാ: എന്റെ സമ്മതം എന്തിനാണു് ?

മാധവൻ: ഇന്ദുലേഖാ എന്റെ ഭാര്യയായിരിക്കുമെങ്കിൽ എനിക്കു മലയാളം തന്നെയാണു സ്വർഗ്ഗം.

ഇന്ദുലേഖാ: അപ്പോൾ മലയാളമാതിരി സംബന്ധം സാരമില്ലാത്ത മാതിരിയാണെന്നല്ലേ പറഞ്ഞതു്? പിന്നെ അതിൽ എന്തിനു കാംക്ഷിക്കുന്നു ?

മാധവൻ: അതു് ഇന്ദുലേഖയ്

ഇന്ദുലേഖാ: ശരി; നല്ല വാക്കു്.ക്കും ഇനിക്കും സംബന്ധിക്കുകയില്ല .

ഇങ്ങിനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ദുലേഖയുടെ അമ്മ മുകളിലേക്കു വന്നു രണ്ടാളെയും പരിഹാസം തുടങ്ങി . അപ്പോഴത്തെ സ്വകാര്യസല്ലാപവും അന്നത്തെ നായാട്ടും മാധവനു മുടങ്ങുകയുംചെയ്തു. എനി ഈ പൂർവ്വകഥ ചുരുക്കി പറയുന്നു :

മാധവനു ക്രമേണ വ്യഥ സഹിപ്പാൻ പാടില്ലാതെ ആയിത്തുടങ്ങി . ഭക്ഷണം , നിദ്ര ഈവകയിൽ അശേഷം ശ്രദ്ധയില്ലാതെ ആയി എന്നുതന്നെ പറയാം . ഇന്ദുലേഖയുടെ മാളികയിൽ അത്ര അധികം പോയി ഇരിക്കാറും ഇല്ലാതായി . ഒരു ദിവസം ഇന്ദുലേഖയുമായി മാധവന്റെ അമ്മ (പാർവ്വതി അമ്മ) സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ സംഗതിവശാൽ മാധവന്റെ പ്രസ്താവം വന്നതിൽ, “മാധവനു് എന്തോ അകാരണമായി ഒരു കുണ്ഠിതം കാണുന്നു ” എന്നു പാർവ്വതി അമ്മ പറഞ്ഞു.

ഇന്ദുലേഖാ: അകാരണമായിരിക്കയില്ല .

പാർവ്വതിഅമ്മ: ഞാൻ ഒരു കാരണവും കാണുന്നില്ലാ . ചോറു് അവൻ ഉണ്ണുന്നില്ല  ; രണ്ടുനേരവുംകൂടി കഷ്ടിച്ച് ഉരി അരി ചെല്ലുന്നില്ലാ . പാലോ ചായയോ ഒന്നുംതന്നെ കഴിക്കുന്നില്ലാ . രാത്രി അവന്നു് ഉറക്കവും ഇല്ലെന്നു് കൂടെയുള്ളവർ പറയുന്നു . എന്തോ വല്ല ദീനവും ഉടനെ വന്നു പിടിക്കുമോ എന്നറിഞ്ഞില്ലാ .

ഇന്ദുലേഖാ: എന്നാൽ ഞാൻ ഒന്നു ചോദിക്കാം . ഇങ്ങട്ടു വരാൻ പറയൂ .

പാർവ്വതിഅമ്മ പോയി മാധവനോടു പറഞ്ഞു . മാധവൻ ഇന്ദുലേഖയുടെ മാളികയിന്മേൽ ചെന്നു.

ഇന്ദുലേഖാ: എന്താ ഇയ്യെടെ ഇങ്ങട്ടു വരവു് ഒന്നു ചുരുങ്ങിയിരിക്കുന്നതു് ?

മാധവൻ: വരാൻ എനിക്കു മനസ്സിന്നു് അശേഷം സുഖമില്ല .

ഇന്ദുലേഖാ: ഇവിടെ വരുമ്പോഴാണു സുഖക്കേടു?

മാധവൻ: അതെ, സുഖക്കേടു അധികമാവുന്നതു് ഇവിടെ വരുമ്പോഴാണു് . സുഖക്കേടു സാധാരണ എല്ലായ്പ്പൊഴും ഉണ്ടു് .

ഇന്ദുലേഖാ: ഞാൻ മേൽകഴുകാൻ പോകുന്നു . ആ കോച്ചിന്മേൽ ന്യൂസ്പേപ്പർ വായിച്ചു കിടക്കൂ. ഞാൻ ക്ഷണം വരാം. എന്നിട്ടു് വിവരങ്ങൾ പറയാം . മാധവൻ കോച്ചിന്മേൽ കിടന്നു . ന്യുസ്പേപ്പർക്കതൊട്ടില്ല . ഇന്ദുലേഖാ , “ന്യൂസ്പേപ്പർ എന്തു പിഴച്ചു? ” എന്നു ചോദിച്ചു ചിറിച്ചുംകൊണ്ടു് മേൽകഴുകാൻ താഴത്തിറങ്ങുമ്പോൾ മുകളിലേക്കു് ഒരു വാലിയക്കാരൻ മാധവനു് ഒരു കമ്പിവർത്തമാനലക്കോട്ടുംകൊണ്ടു കയറുന്നതു കണ്ടു. എന്തോ പരീക്ഷയുടെ സംഗതിയായിരിക്കുമെന്നു വിചാരിച്ചു ലക്കോട്ടു് ഇന്ദുലേഖാ സംശയംകൂടാതെ വാങ്ങി പൊളിച്ചു വായിച്ചപ്പോൾ ബഹുസന്തോഷമായി . ഉടനെ ഓടിക്കൊണ്ടു മുകളിൽ ചെന്നു് “ബി. എൽ . ജയിച്ചു . ” എന്നും പറഞ്ഞു് മാധവന്റെ അടുക്കെ കമ്പിവർത്തമാനക്കടലാസ്സുംകൊണ്ടു പോയിനിന്നു .

മാധവൻ: “ശരി; നന്നായി, ” എന്നുമാത്രം പറഞ്ഞു . കടലാസ്സു വാങ്ങിയതേ ഇല്ല . പിന്നെ ഒരക്ഷരവും ഉരിയാട്ടില്ല. കിടന്നേടത്തുനിന്നു് ഇളകിയതേ ഇല്ല . ഇന്ദുലേഖയുടെ ചന്ദ്രബിംബസമമായ മുഖത്തു് ഒരു സങ്കടത്തോടുകൂടെ എന്നപോലെ നോക്കിക്കൊണ്ടു കിടന്നതേ ഉള്ളു . ഇതു കണ്ടപ്പോൾ ഇന്ദുലേഖയ്ക്കു് അതികഠിനമായ ഒരു വ്യഥ ഉണ്ടായി എങ്കിലും അതിനെ ധൈര്യത്തോടെ അടക്കി.

ഇന്ദുലേഖാ: ഇതു് എന്തു കഥയാണു് ! ഒരു വ്യസനഭാവം കാണുന്നതു് ? ബി . എൽ . ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിച്ചു എന്നു് അറിയിച്ചാൽ ഇത്ര വ്യസനമോ ? ഇങ്ങിനെ അനാസ്ഥയായി കിടക്കുന്നതു് ആശ്ചര്യം! ആശ്ച്യര്യം! !

മാധവൻ: എനിക്കു ഇല്ല. ബി . എൽ . പാസ്സായാലും ഇല്ലെങ്കിലും എല്ലാം എനിക്ക് ഒരുപോലെ.

ഇന്ദുലേഖാ: ജയിച്ച വിവരം ഞാൻ പോയി വലിയച്ചനോടും നമ്മൾ രണ്ടാളുടെ അമ്മമാരോടും പറയട്ടെ. ഞാൻതന്നെ ഓടിപ്പോയി പറയും : അവർക്കെങ്കിലും സന്തോഷമുണ്ടാകും .

മാധവൻ: എന്തിനു് ഇന്ദുലേഖാ ഇത്ര ബുദ്ധിമുട്ടുന്നു ? അവരോടൊക്കെ പോയി സാവധാനത്തിൽ പറയാമല്ലൊ . എന്താണു ബദ്ധപ്പാടു് ?

ഇന്ദുലേഖാ: ഞാൻതന്നെ ഈ ക്ഷണം പോയി പറയും . ടെലിഗ്രാം വായിചു നോക്കൂ.

മാധവൻ: എനിക്കു വായിക്കണമെന്നില്ല . എനിക്ക് ഈ ബി . എൽ . പാസ്സായതിൽ ഒരു സന്തോഷവും ഇല്ല.

ഇന്ദുലേഖാ: അതെന്തുകൊണ്ടു് ?

മാധവൻ: എന്റെ മനസ്സിന്റെ വ്യസനംകൊണ്ടു് .

ഇന്ദുലേഖാ: ബി. എൽ. പാസ്സായാൽ വ്യസനമാണോ ?

മാധവൻ: ഇന്ദുലേഖയ്ക്കു് ഇത്ര കഠിനമായ കല്ലുപോലത്തെ ഹൃദയമായതു ഞാൻ മുമ്പു് അറിഞ്ഞിരുന്നുവെങ്കിൽ—എന്നു പറഞ്ഞു നിറുത്തി .

ഇന്ദുലേഖാ: അറിഞ്ഞുരുന്നുവെങ്കിൽ ? എന്താണു മുഴുവൻ പറയരുതെ ?

മാധവൻ: അറിഞ്ഞിരുന്നുവെങ്കിൽ—

ഇന്ദുലേഖാ: അറിഞ്ഞിരുന്നുവെങ്കിൽ എന്താണു് ? ഇന്ദുലേഖാ ഈ വാക്കും പറഞ്ഞുംകൊണ്ടു മാധവന്റെ സമീപത്തിൽ കുറേക്കൂടി അടുത്തു നിന്നു.

മാധവൻ: അറിഞ്ഞിരുന്നുവെങ്കിൽ എനിക്കു ഈ സങ്കടവും നാശവും വരികയില്ലായിരുന്നു.

ഇന്ദുലേഖാ: സങ്കടവും നാശവും—അല്ലെ ?

മാധവൻ: മനസ്സു് ഇത്ര നിർദ്ദയമായിപ്പോയല്ലൊ .

ഇന്ദുലേഖാ: ആട്ടെ, ആ വിവരം ഞാൻ വന്നിട്ടു പറയാം . ബി . എൽ . ജയിച്ച വിവരം എനിക്കുതന്നെ പോയി വലിയച്ചനോടും നമ്മുടെ രണ്ടാളുടെയും അമ്മമാരോടും പറയണം . ഞാൻ ഇതാ പോവുന്നു. ഓടിപ്പോയി പറഞ്ഞുവരാം . ഇവിടെത്തന്നെ കിടക്കൂ . പരീക്ഷയിൽ ജയിച്ചു എന്നു വന്നു പറഞ്ഞാൽ ഇങ്ങിനെ സങ്കടപ്പെടുകയാണു് വേണ്ടതു് ?

മാധവൻ: ഇന്ദുലേഖാ എനിക്കുവേണ്ടി ഇത്ര ബുദ്ധിമുട്ടണ്ട , എനിക്കു് ഈ പാസ്സായതിൽ ഒരു സന്തോഷവും ഇല്ല. എന്റെ ജീവനും ശരീരവും ഉടനെ വേർവിടണം എന്നു ദൈവത്തോടു ഒരു പ്രാർത്ഥന മാത്രമേ ഉള്ളു. പ്രാണവേദനയിൽ എനിക്കു് എന്തു പരീക്ഷ ? എന്നു പറഞ്ഞപ്പോഴേക്കു മാധവനു കണ്ണുനീർ ധാരധാരയായി ഒഴുകി .

മാധവന്റെ ഈ സ്ഥിതി കണ്ടപ്പോൾ ഇന്ദുലേഖയുടെ ഹൃദയം കഠിനമായി തപിച്ചു ദഹിച്ചുപോയി എന്നുതന്നെ പറയാം . തനിക്കു തൽക്ഷണം ഒരുപ്രകാരത്തിലും അടക്കുവാൻ ശക്തിയില്ലാത്തവിധം അത്യുതു്കടമായി ഉണ്ടായ വ്യസനാനുരാഗങ്ങളാൽ കേവലം പരവശയായി ഇന്ദുലേഖാ കോച്ചിന്മേലേക്കു് അടുത്തുചെന്നു മാധവന്റെ അതികോമളമായ മുഖം തന്റെ ചന്ദ്രവദനത്തിൽ ചേർത്തു ദീർഘനിശ്വാസത്തോടെ അധരങ്ങളാൽ ഒരു ചുംബനംചെയ്തു . “എന്റെ ജീവനാഥനായുള്ള ഭർത്താവേ ! എന്തിനു ഇങ്ങിനെ വ്യസനിക്കുന്നു ? ഞാൻ അങ്ങെ രണ്ടു കൊല്ലങ്ങൾക്കു മുമ്പുതന്നെ എന്റെ മനസ്സിൽ ഭർത്താവാക്കി വെച്ചിരിക്കുന്നുവല്ലൊ. എന്റെ ശരീരവും മനസ്സും മുഴുവനും , അങ്ങെ അധീനം , യഥേഷ്ടം സുഖമായി ഇരുന്നുകൊള്ളണം. എന്റെ മനസ്സു് ഇതുവരെ മാധവനെ ഒഴികെ ഒരാളെയും കാമിച്ചിട്ടില്ല–എനി കാമിക്കുന്നതുമല്ലാ, ” എന്നു പറഞ്ഞു മാധവന്റെ മാറത്തുതന്നെ ഒരു നിമിഷനേരം കിടന്നു . മാധവന്റെ കണ്ണുനീർ തന്റെ കൈ കൊണ്ടു തുടച്ചു . പിന്നെ എണീറ്റു നിന്നു . ഇന്ദുലേഖാ ആദ്യം പറഞ്ഞ രണ്ടുനാലു വാക്കുകൾ മാത്രമേ മാധവൻ നന്നായി കേട്ടിട്ടുള്ളു. ഉടനെ ആനന്ദസമുദ്രത്തിൽ മുങ്ങിപ്പോയതിനാൽ ഒന്നും കേൾക്കാതെയും കാണാതെയും ആയി. അൽപനേരം കഴിഞ്ഞു സുബോധം വന്നതുപോലെ എഴുനീറ്റു .

മാധവൻ: എനി ഞാൻ ബി. എൽ . പാസ്സായി എന്നു് എല്ലാവരോടും പറഞ്ഞോളു . എനിക്ക് ഈ ജന്മം വരുന്ന സകല ശ്രയസ്സുകളും അഭ്യുദയങ്ങളും ഇന്ദുലേഖകൂടി എന്നോടുകൂടെ അനുഭവിക്കുന്നതായാലേ ഈ ഇഹലോകനിവാസത്തിന്നു് ഞാൻ ഇച്ഛിക്കുന്നുള്ളു . അതു് എനിക്കു സാദ്ധ്യമായി. ഞാൻ മഹാഭാഗ്യവാൻ തന്നെ ; സംശയമില്ല . എനി ഞാൻ പാസ്സായ വിവരം ഇന്ദുലേഖതന്നെ പോയി അറിയിക്കുന്നതാണു് ഉത്തമം . ഇങ്ങിനെയാണു് ഇവരുടെ അന്തഃകരണവിവാഹം മുമ്പുതന്നെ കഴിച്ചുവെച്ചിരുന്നതു് . എന്നാൽ ഇവരു തമ്മിൽ ചേർച്ചയായിരിക്കുന്നു എന്നും ഒരു സമയം മാധവൻതന്നെയാണു് ഇന്ദുലേഖയുടെ ഭർത്താവായിരിപ്പാൻ എടയുള്ളതു് എന്നും പഞ്ചുമേനോൻ അറിഞ്ഞിട്ടുണ്ടു് . തനിക്കു് അതിൽ വളരെ സുഖം തോന്നീട്ടില്ലെങ്കിലും കേവലം വിരസത അന്നു ഭാവിച്ചിട്ടില്ലായിരുന്നു.

"https://ml.wikisource.org/w/index.php?title=ഇന്ദുലേഖ/ഇന്ദുലേഖ&oldid=52020" എന്ന താളിൽനിന്ന് ശേഖരിച്ചത്