ആ വസന്തം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ആ വസന്തം

രചന:ഇടപ്പള്ളി രാഘവൻ പിള്ള


[ 84 ]
ആ വസന്തം

ആ വസന്ത,മനശ്വരം, മാമക-
ജീവിതത്തിന്റെ വിശ്വസ്തകാമുകൻ
-എൻ കുളിർ സ്വപ്നസൗധശൃംഗങ്ങളിൽ
വെൺകളിപൂശുമാനന്ദചന്ദ്രിക-
കാത്തിരിക്കുമാനിർവാണമണ്ഡലം
പേർത്തുമെത്ര തിരഞ്ഞിനിപ്പോകണം!
ഈവിധമീയിരുൾപ്പിശാചിന്നെത്ര
ജീവരക്തമിനിയും ചൊരിയണം!
ആവതെന്തു,ഞാനെത്ര കേണീടിലും
ഭാവി,യാ രംഗമെന്നും മറച്ചിടും!

ശൂന്യതയിങ്കൽനിന്നു ജനിച്ച ഞാൻ
ശൂന്യതതന്നടിയിലടിയണം!
രണ്ടിനുമിടയ്ക്കായൊരു മോഹന-
വിണ്ടലം കണ്ടുകൊൾവാൻ കൊതിക്കിലോ,
ക്ലിപ്തമില്ലാതെ നീണ്ടുനീണ്ടുള്ളൊരി-
ത്തപ്തമാം മരുഭൂവിലുഴലണം!
ആശതൻ തണൽ തേടി ഞാ,നെങ്കിലും
ക്ലേശപക്വമശിച്ചു തൃപ്തിപ്പെടാം!........

"https://ml.wikisource.org/w/index.php?title=ആ_വസന്തം&oldid=62765" എന്ന താളിൽനിന്ന് ശേഖരിച്ചത്