Jump to content

ആരു സഹായിക്കും ലോകം തുണയ്ക്കുമോ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

1. ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?
   ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ?

2. സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കും
   ക്ലേശമൊടെല്ലാരും കണ്ണുനീർ തൂകീടും

3.ജീവന്റെ നായകൻ ദേഹിയേ ചോദിച്ചാൽ
   ഇല്ലില്ലെന്നോതുവാൻ ഭൂതലെ ആരുള്ളൂ

4.ഭാര്യ മക്കൾ ബന്ധു മിത്രരു മന്ത്യത്തിൽ
  ഖേദം പെരുകീട്ടു മാർവ്വിലടിക്കുന്നു

5.ഏവന്നും താൻ ചെയ്തകർമ്മങ്ങൾക്കൊത്തപോൽ
  ശീർഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നു.

6.കൺകളടയുമ്പോൾ കേൾവി കുറയുമ്പോൾ
  എൻ മണാവാളാ! നിൻ ക്രൂശിനെ കാണിക്ക

7.ദൈവമേ! നിൻ മുന്നിൽ ഞാൻ വരും നേരത്തിൽ
  നിൻ മുഖ വാത്സല്ല്യം നീയെനിക്കേകണേ!

8.യേശുമണവാളാ! സകലവും മോചിച്ചു
  നിന്നരികിൽ നില്പാൻ യോഗ്യനാക്കേണമേ!

9.പൊന്നു കർത്താവേ! നിൻ തങ്ക രുധിരത്താൽ
   ജീവിത വസ്ത്രത്തിൻ വെണ്മയെ നൽകേണമെ!

10.യോർദ്ദാന്റെ തീരത്തു ഞാൻ വരും നേരത്ത്
   കാൽകളെ വേഗം നീ അക്കരെ ആക്കെണെ!


മൂത്താം‌പാക്കൽ സാധു കൊച്ചു കുഞ്ഞുപദേശി

പുറത്തേക്കൂള്ള കണ്ണികൾ

[തിരുത്തുക]