പദ്യരത്നം (ആദ്യകാലസാഹിത്യകൃതികൾ)

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
(ആദ്യകാലസാഹിത്യകൃതികൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പദ്യരത്നം ( ആദ്യകാലസാഹിത്യകൃതികൾ )
ചങ്ങനാശ്ശേരി വൈദ്യൻ ശ്രീ നീലകണ്ഠപ്പിള്ളയുടെ വകയായ താളിയോലഗ്രന്ഥത്തിന്റെ പകർപ്പാണ് ‘പദ്യരത്നം’. തിരുവനന്തപുരം ഹസ്തലിഖിതഗ്രന്ഥശാലയിൽ 74-ആം നമ്പരായി സൂക്ഷിച്ചിരുന്ന, ഏതാനും മണിപ്രവാളകൃതികളുടെ സമാഹാരമായ ഈ പുസ്തകം 1949-ൽ തിരുവിതാംകൂർ സർവകലാശാല പ്രസിദ്ധപ്പെടുത്തി. മലയാള പ്രസിദ്ധീകരണവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന കോളത്തേരി ശങ്കരമേനോനാണ് ഈ സമാഹാരത്തിന് പദ്യരത്നം എന്നു പേരുനൽകിയത്. കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെയുള്ള കാലയളവിൽ രചിക്കപ്പെട്ടവയാണ് ഇതിലെ ശ്ലോകങ്ങൾ.

രാജസ്തുതി[തിരുത്തുക]

സംഗ്രാമേ ചെന്റുനിന്റോരളവിലുടനുടൻ
മൌർവ്വിയും ചാപഭാജാം
വാർതേടീടും രിപൂണാം നികരവുമുടനൊ-
ന്റാർത്തിപൂണ്ടൂ നികാമം;
ഏറ്റം വൈചിത്ര്യമോർത്താലപരമപി വിഭോ!
തേവനാരായണാ! നീ
ചാപേ ബാണം ധരിഛളവിലസവ ഏ-
വാശുഗാ വൈരഭാജാം

മണിപ്രവാളപ്രശംസ[തിരുത്തുക]

മണിപ്രവാളവിദ്യേയം
പാഠകേഷ്വവതിഷ്ഠതേ;
ലംബശിപ്രിപരീവാരാ
മഹിളാളിമഹാസ്പദാ

ദുഷ്കവിനിന്ദനം[തിരുത്തുക]

കിടപ്പവിറ്റെക്കിടവാതവിറ്റോ-
ടിണച്ച(കി/തി)ക്ലിഷ്ടമന്വിതാനി
പദാനി കാൺ മൂരികളെക്കണക്കേ
കവിക്കരിങ്കയ്യർ പിണയ്ക്കുമാറു !

അനംഗസ്തുതി[തിരുത്തുക]

അണികുലചില ജിഹ്വാനന്ദി, കർണ്ണാമൃതം ഞാ-
ണതു, നയനമനോജ്ഞ, നാസികാഹ്ലാദി ബാണം,
തൊടുമളവിലുറക്കും തേരു, യസ്യാംഗനാനാം
വക പട,തദനംഗം ദൈവതം വെൽ‌വുതാക!

ചന്ദിക[തിരുത്തുക]

പ്രച്ഛന്നാത്മാ കിഴക്കേ മലയരികിലിരു-
ന്നന്തിനേരം വരുമ്പോ-
ന്നുച്ചൈരെങ്ങും നടക്കും രഹസി നിജകരാ-
ഗ്രേണ ജാഗ്രദ്ദാശായാം;
ഇച്ചന്ദ്രൻ ചന്ദ്രികേ! നിൻ വദനരുചി തരം
കിട്ടുകിൽക്കട്ടുകൊൾവാ-
നത്രേ തണ്ടിന്റതോർത്താൽ; കുടിലത ചിലനാൾ
തത്ര കാൺ‌മീലയോ നീ?

മന്ദാത്മാ പുനരന്തിപാടു പെരുമാ-
റിപ്പോമൊരുക്കാലൊളി-
ച്ചന്തേ പോന്നു നിശീഥിനിക്കു; ചിലനാൾ
കാണാം നിശാർധാന്തരേ
എന്തോഴാ! മുഴുവൻ നടക്കുമൊരുനാ‌
ളൊട്ടും വരാനേകദാ
ചന്ദ്രോfയം മമ ചന്ദ്രികാമുഖരുചീം
കപ്പാനനല്പാശയാ.

കലാമണി[തിരുത്തുക]

മുഗ്ധാപാംഗി, കലാമണീരമണി, നിൻ-
വക്ത്രശ്രിയാ തോറ്റൊളി-
ച്ചത്രേ പശ്ചിമസാഗരാംഭസി കിട-
ക്കിന്റൂ പകൽ ചന്ദ്രമാ;
മറ്റല്ലായികിലെന്തുമൂലമവനേ-
യന്റന്റിവൾക്കീടെഴും
നിദ്രാകാലമറിഞ്ഞുകൊണ്ടു വരുവാ-
നാഡംബരൈരംബരേ.


കലാമുരുക്കൂട്ടി നടക്കുമൊട്ടേ,
കലാമഴിക്കും വികളങ്കനാവാൻ,
കലാമണിപ്പെണ്മുഖസാമ്യമൊപ്പാൻ
കലേശനാലെത്ര പണിപ്പെടിന്റൂ !

ചന്ദ്രാവലി[തിരുത്തുക]

കെൽപ്പേറിന്റ കളങ്കമല്ലഴകൊഴും-
പിഞ്ചായമാൻ ചെയ്ത-
ല്ലിപ്പാർതൻ നിഴലല്ല, മല്ലനയനേ!
ചൊല്ലാമിതെല്ലാരൊടും;
മുൽപ്പാടിമ്മുഖകാന്തി കട്ടതു മുദാ
തീ(ർന്നാൻ/രാൻ) മരുന്നുമ്പിടി-
ച്ചപ്പോഴേ പൊളുകീ പുറത്തു നിയതം
ചന്ദ്രന്നു ചന്ദ്രാവലീ !

ഉത്തരാചന്ദ്രിക[തിരുത്തുക]


ഭക്ത്യാ കൈക്കൊണ്ടു മുൽപ്പാടരിയ ഗുരുപദം
വാരണാസ്യം വനങ്ങി-
ച്ചിത്താനന്ദായ വന്ദിച്ചുടനിനിയ വചോ-
നായികാമായവണ്ണം
പത്താശാന്തേ പരക്കും പടി പുകഴ് പുകഴ്വാ‌
നോടനാടീടുലാവും
മുഗ്ദ്ധേ ! കേളുത്തരാചന്ദികമയമയി തേ
നൽകിനേൻ നാമധേയം


ഉത്പന്നോദയമോടനാട്ടു ചിറവാ
യില്ലത്തൊരുരേണാക്ഷിയു-
ണ്ടിപ്പോളുത്തരചന്ദ്രികേതി നിറമാ-
ർന്നസ്ത്രം മലർചെഞ്ചരാ!
തത്പൂമെയ് സുഭഗം മധൂളി തടവും
വാണീവിലാസൊദയം;
മുപ്പാരും മുഴുവൻ നിനക്കിഹ നിന-
യ്ക്കുമ്പോൾ ജയിക്കായ് വരും !


പ്രാതഃസ്നാനാദിനിദ്രാവധി നിയമവിശേ‌-
ഷങ്ങളോരോന്റിലെന്റും
പ്രീതിസ്തോമം വരാ നിർമ്മലഗുണനിവഹാ-
വാസമേ, മാനസേ മേ;
ആധിവ്രാതം മദീയം ബത! വിധിവിഹിതം
മാറ്റുവാൻ വേലയല്ലോ
മേന്മേലുത്തരാചന്ദ്രികമലർവനിതേ!
മറ്റൊരോ മാനിനീനാം


പാഥോജന്മാക്ഷി പൂമെയ് തവ പുകിലിയല-
ക്കണ്ടിരുന്നിങ്ങെനിക്കോ
മീതേ മീതേ തഴയ്ക്കിന്റ്രിതു മദനതുരാൽ
മാനിനീമൌലിമാലേ!
ഏതേനും വന്നതെല്ലാം വരിക ; പുനരണ-
ഞ്ഞങ്ങു പുൽകേണമത്രേ
വാർതേടും കൊങ്ക പങ്കേരുഹമുഖി, നിതരാ-
മുത്തരാചന്ദ്രികേ! മേ


ചാരത്തമ്മാറു വന്നിച്ചരണതളിർവണ-
ങ്ങുള്ളഴിഞ്ഞോമലംഗം
വാരെത്തും പദ്യജാലൈരഴകൊടു പുകഴും
നേരവും നീലനേത്രേ!
തേറിക്കൊൾലിന്റിതുള്ളിൽക്കനിവിവനു കല-
ർന്നല്ലയെന്റില്ല സൌഖ്യം
പേറിക്കൊൾകുൾക്കുരുന്നിൽ പ്രതിദിനമിനിമേ-
ലുത്തരാചന്ദ്രികേ ! തേ.


ഈവണ്ണം വാഴ്ത്തി നിത്യം കനിവിനൊടരികേ
ഹന്ത! മേവേണമെന്റും;
പൂവേണി! പൂണ്മനോ ഞാനൊരു സുകൃതഫലം
പോലുമേശായ്കയെന്റും
പൂവമ്പോ പോക ജീവൻ പുനരിവനിനിമേ-
ലെന്റുമീ മൂന്റുമച്ചോ!
ദൈവം താനെ ചമച്ചാറഴകിലിതു നിതരാ-
മുത്തരാചന്ദ്രികേ! മേ


നഖത്തോറ്റും കൂന്തലൊടംഗമെങ്ങും
പകുത്തു പാർക്കുമ്പൊഴുതംഗനാനാം
മികച്ചതെല്ലായിലുമുത്തരാച-
ന്ദ്രികച്ചകോരാക്ഷി വസുന്ധരയാം

അകൃത്രിമം കെവലമുത്തരാച-
ന്ദ്രികയ്ക്കു നമ്മെപ്രതി പക്ഷപാതം;
സുഖിപ്പനോമറ്റലസേക്ഷണാനാം
പകൽ പ്രഭാവേന മരിപ്പളം ഞാൻ?

മന്ദഗാമിനി നിനച്ചെന്തു നീ
ഹന്ത! മാം പ്രതി പയൊജലൊചനേ!
അന്തികേ വരികശങ്കമുത്തരാ-
ചന്ദ്രികേ യുവചകോരചന്ദ്രികേ!

‘ഉണ്ണീ രാമൻ വരുമ്പോന്നയി, തവ തിരുമെയ്
വാഴ്ത്തുവാനാസ്ഥ കൈക്കൊ-
ണ്ടന്യൂനം താൻ മറന്നീലൊരുപൊഴുതുമെടോ
താവകം പൂവലാംഗം‘
എന്നെല്ലാമുത്തരാചന്ദ്രികമലർമകളൊ-
ടംഗനാമൌലിതന്നോ-
ടിന്റേവം ചൊല്ലു തോഴാ! കനിവു മയി കല-
ർനീടുവാനൂഢമോദം


വർന്നിച്ചേനുത്തരാ ചന്ദ്രികമലർമകളെ-
ന്നോടനാടീടുലാവും
കന്നൽക്കണ്ണാളെ ഞാനങ്ങമിതരസമിട-
പ്പൾലിനിന്നൂഢമോദം
പിന്നെക്കണ്ടീല ചേർന്നത്തരുണിയെ, നിതരാം
വാഴ്വു പൂണ്ടിങ്ങിരുന്നും
വിണ്ണിൽ പോരും വരയ്ക്കും വടിവുകൾ നിതരാം
തോഴ, തേറീടിതല്ലോ.

ഇട്ടി[തിരുത്തുക]


മുല്ലമലരിന്നു മലയാനിലനുമയ്യോ!
നല്ല പനിനീരിനുമകിൽക്കുമയി തോഴാ !
ഉള്ളിലഴലേകുകയൊഴിഞ്ഞൊരുതൊരം മ-
റ്റില്ലിടമനെക്കലരുമിട്ടി പിരിയും നാൾ.


കണ്ടേൻ ഞാനമുജത്തിന്നുപരി കരിമുകിൽ
ച്ചാർത്തു, ചീർത്തോരുശൈലം
കണ്ടേൻ തൂമിന്നൽതന്മേൽ, കുവലയമലരിൽ-
ക്കാമശസ്ത്രങ്ങൾ കണ്ടേൻ
കണ്ടേൻ പൊന്നൂയൽ കണ്ണാടിയിലിടയിടയിൽ-
ചേർന്നു തട്ടിന്റതേവം
കണ്ടേൻ ചെറ്റങ്ങുറങ്ങും പൊഴുതു പുതിയവീ-
ടാളുമിട്ടീവിയോഗേ.

മേദിനീവെണ്ണിലാവ്[തിരുത്തുക]


താരാമണീ താരമണീയചൊവ്വാ
താരാമണീ താരമണീമണീ തേ
പോരാമതേ പോരുമതേഷു പോരാ
പോരാമതേ പോരുമതേ മദംഗം

തന്വംഗീനാം പലരെയുമുവ-
“ന്നിങ്ങനേ പോന്നവാറേ
മച്ചിത്തത്തിൽ കനിവു വരുമോ
മാനിനീ, നിന്നിലെന്റി,
എല്ലായ്പ്പോഴും പല മലരിലുൾ-
പ്പുക്കു തേനുണ്ടുപോരും
വണ്ടിന്നുണ്ടോ ഹൃദയമണവൂ
താമരപ്പൂവിലെന്റി.

ആമുഗ്ദ്ധാപാംഗീ, നാമൊട്ടെളിയവ;രതുകൊ‌
ണ്ടെന്തു? മാരാസ്ത്രമെറ്റാൽ
ചാമത്രേ മറ്റു കില്ലില്ലതിനുരു മലർവി-
ല്ലാളി, മാപാപിയല്ലോ;
കാമത്തീകൊണ്ടു വേകിന്റകമലരിലിരു-
ന്നംഗനാരത്നമേ, നി-
ന്നോമൽപ്പൂമേനി വേമെന്റതു മനസി ഭയം
മേദിനീവെണ്ണിലാവേ !

ഇട്ടിയച്ചി[തിരുത്തുക]

കാന്തേ, കർണ്ണങ്ങളോടേറ്റളവു വഴികൊടാ-
ഞ്ഞുള്ള കോപേന താമ്രാം
കാന്തീം കൈകൊണ്ടുതെന്റേ പറവർ ചിലർ നിസ-
ർഗ്ഗാരുണോപാന്തകാന്തം
ഞാൻ തേറേനിട്ടിയച്ചീ, പുനരിതു ദയിതേ
സന്തതം മൈന്തർചിത്തം
ചിന്തീടും നേരമേന്തീടിന രുധിരകണാ-
ലംകൃതം നിൻ‌കടാക്ഷം

വാർ ചില്ലീലോലമത്തഭ്രമരനിര പൊരും-
നിന്റെ പാഥോജമെന്റ-
ങ്ങാർ ചൊല്ലീ കോലനീലോല്പലനികരനിറം-
വെല്ലുമിമ്മല്ലനേത്രം?
നേർ ചൊല്ലും നേരമോരോ തരുണജനമനോ-
ഭേദനേ ഖേദഹീനം
താർവില്ലിക്കിട്ടിയച്ചീ, ചലദസിലതയെ-
ന്റന്തരാ ചിന്തയേ ഞാൻ

അന്യേ ചൊന്നാലുമാപാദിതമിനിയ ശുനാ-
സീരനീലേന ബാലേ!
നിൻ നാസാകർണ്ണയോരരന്തരസരണിമള-
ക്കും മുഴക്കോലിതെന്റേ;
മന്യേ ഞാനിട്ടിയച്ചീ, മഹിതകുവലയോ-
ല്ലാസി മല്ലക്കടക്കൺ
മിന്നീടും മീനരമ്യം മലർചനു മലർ-
ക്കേണിയെന്റേണനേത്രേ!

ഊനം തട്ടാതകാന്തി പ്രസവനവസുധാ-
പൂരിതേ വാരിരാശൌ
സാനന്ദം മന്ദമാന്ദോളിതതരളലസ-
ച്ചില്ലിവല്ലീ ത്വദംഗേ
നൂനം താഴിന്റ ലോലാളകവലയിലക-
പ്പെട്ടുഴന്റിട്ടിയച്ചീ!
മീനദ്വന്ദ്വം കളിക്കിന്റിതു തവ നയന-
ച്ഛദ്മനാ പദ്മനേത്രേ !

നീലക്കൽകൊണ്ടു നീളെക്കലിതരുചി ചമ-
ച്ചന്തരാളേ വിശാലേ
ചാലച്ചന്ദ്രോപലം കൊണ്ടതിരുചിരതരം
നിർമ്മിതം മന്മഥേന
ആലോലം താരകാമട്ടവിരളമിളകും
വട്ടരങ്ങിട്ടിയച്ചീ!
ബാലേ നിന്നേത്രനീലോല്പലമിതി വനൈതാ-
കല്പമേ, കല്പയേ ഞാൻ

കിഞ്ചില്ലജ്ജാവനമ്രാൻ പ്രണയനവലതാ-
പല്ലവാൻ മെല്ലവേ കീ-
ഴഞ്ചത്തൂമന്ദഹാസദ്യുതിശകലവലാ-
കാവലീബാലമേഘാൻ
അഞ്ചന്നസ്ത്രഭൂതാനവിരളതരളാൻ
പേർത്തുമിന്നേത്രലക്ഷ്മീ-
സഞ്ചാരാനിട്ടിയച്ചീ ! പുളകനറുമലർ-
ക്കോപ്പണിഞ്ഞേൽപനോ ഞാൻ?

ചിത്തേ തോന്റീടുമെന്റും മമ വരവനിതാ-
കല്പമാമിട്ടിയച്ചീ !
മെത്തീടും തൃഷ്ണയാ ചെന്റുടനധികതരം
കാതരം കാതിനോളം
ഉത്തംസം വച്ച പുത്തൻ‌കമലമലർമര-
ന്ദം നുകർന്നാത്തമോദം
മത്തം നിന്മല്ലമൈക്കണ്മധുകരമിഥുനം
നിന്റുലാവിന്റവാറ്

മത്തേഭം വെന്റ യാനേ! മധുമൊഴികൾമുടി-
പ്പട്ടമാമിട്ടിയച്ചീ!
പത്താശാചക്രവാളേ സലളിതമെഴുന-
ള്ളീടുവാനംഗയോനേഃ
ചിത്രാഭം ചില്ലീവല്ലീചതുരമരതക-
ത്തണ്ടുതന്മെത്തപോലേ
ചിത്താനന്ദം പുണർത്തിന്റിതു നിഖിലനൃണാം
നിൻ‌കയൽക്കണ്ണിരണ്ടും

പ്രോന്മീലച്ചാരുമലീദളപരിമിളിതം
മല്ലധമ്മില്ലഭാരം
കാണ്മാനെന്നിട്ടിയച്ചീ ! കരുമിഴിയുഗളം
താവകം ധാവമാനം
കാമ്യാഭോഗേന കാതോടിടറിനസമയേ
കാന്തി ചേർന്നോരുപാന്തേ
ഞാൻ മന്യേ പോന്നുഞ്ചൽക്ഷതജകണികയാ
ശോണമെന്റേണനേത്രേ !


ആമോദാൽക്കാണ്മനോ ഞാനവിരളമിളകീ-
ടിന്റ ലജ്ജാഭിരാമാ-
നാമന്ദസ്യന്ദിഹാസാങ്കുരമിടവിരകീ-
ടിന്റ കമ്രാനുപാതാൻ
ആമന്ദ മാരുതാന്ദോളിതകമലപലാ-
ശാവലീലോലലോലാൻ
പ്രേമാർദ്രാനിട്ടിയച്ചീ ! നവലളിതകലാ-
സങ്കടാൻ നിൻ കടാക്ഷാൻ

കേളീമണി[തിരുത്തുക]

തൊട്ടാൽ വാടിന്റമല്ലീവിമലമലരരു-
മ്പെത്രനന്റെൻപതിൽക്കാൾ
കഷ്ടം കോദണ്ഡദണ്ഡം മതുമതമതിര-
ക്കിന്റ പുണ്ഡ്രേഷുകാണ്ഡം
പട്ടാങ്ങെങ്കിൽ ത്രിലോകീനിയമനനിപുണം
തൃക്കടക്കണ്ണിതത്രേ
പട്ടം കെട്ടിച്ചതൈന്താർവിശിഖനേ വിലസൽ-
ക്കേളി കേളീമണേ തേ.

പുത്തെൻ പൂന്തൊത്തു വാണാവലി ജഗതി ജള-
ഗ്രാമണീ രോഹിണീശൻ
മിത്രം, വില്ലെന്റുചൊല്ലിന്റതു കിമപി പിര-
മ്പോ കരിമ്പോന ജാനേ;
പൊൽത്താർ ബാണന്നു നീയെന്റൊരു പരമരഹ-
സ്യാസ്ത്രവിദ്യാമകപ്പെ-
ട്ടത്രേ കേളീമണീ കേളവനു ഭുവനച-
ക്രൈകസാമ്രാജ്യമിന്റ്

എല്ലാർക്കും വില്ലു തിന്നാമിതു കുറുകേ മുറി-
ച്ചീടിനാ;ലമ്പു ചൂടാം
വല്ലോർക്കും ഞാൻ പിടിപ്പാൻ പണി തുണ മലയ-
ത്തെന്റൽ നന്റിപ്രമേയം
അല്ലേലും ചായൽ കേളീമണിമഴലമിഴി-
ക്കോണനങ്ങായ്കിലുണ്ടോ
വെല്ലാവു മറ്റുകൊറ്റക്കുടനിഴലിൽനിറ-
ന്നംഗജന്നിത്രിലോകീം

പോരാതൊന്റല്ല പോർവില്ലിതു പുതിയകരി;-
മ്പമ്പു നന്റംബുജം; ഞാൺ
പാരപ്പെട്ടൊന്റവണ്ടിൻ നിര തുണയൊരു കാ-
റ്റാപ്തമന്ത്രീ വസന്തഃ
താരാളും ചായൽ; കേളീമണി മഴലമിഴി-
ക്കോൺകളിപ്പൊന്റുതത്രേ
താരമ്പന്നുത്തമാലംബനമിഹ വെറുതേ
മറ്റു ഗർവോദയോയം

ഗാത്രം വാർത്തൈവ വാർത്താർവരതനു മലര-
മ്പന്നു: മൂർത്തമ്പു മൂർത്തം
പാർത്താൽ: ത്താർത്തെന്റൽ നൽത്തേരളിപടലികഞാൺ:
മിക്കവില്ലിക്ഷുവല്ലീ:
ആസ്താമിക്കോപ്പു, നേത്രാഞ്ചലചലനകലാ-
മാത്രമത്രാതിമാത്രം
ധാത്രീജൈത്രം മഹാസ്ത്രം പരമിവനു ലസൽ-
ക്കേളി കേളീമണീ തേ

പലവക[തിരുത്തുക]

ഭാഗം 1[തിരുത്തുക]

ചേണേലും നേത്രകോണേ, കബരിയിൽ വചനേ
താമ്രബിംബാധരോഷ്ഠേ,
നീണാളിന്നാളിൽ നന്നാലുള കമലപലാ-
ശാക്ഷി പാർക്കും ദശായാം:
ഏണം ബാണം കൃപാണം കയൽ മയി തിമിരം
കണ്ടി വാർകൊണ്ടൽ പയ്മ്പാൽ
വീണാ വെല്ലം നരുതേന്തെളി; തളിർ പവിഴം
പട്ടുനൂൽ പത്മരാഗം

സിന്ദൂരം നീരസം താൻ, തളിർ നിറമിഴിയും
കിംശുകം ഗന്ധഹീനം
ബിംബം കയ്ക്കും കഠോരം പവിഴമണി ജപാ-
പുഷ്പമോ വാടുമല്ലോ,
സന്ധ്യാമേഘം പൊടിച്ചിട്ടമൃതിലതു കുഴ-
ച്ചിട്ടുരുട്ടിക്രമത്താൽ
നീട്ടിക്കൽപിച്ചിതെന്റേ കരുതുവന്ധരം
നാരണീനന്ദനായാഃ


കച്ചിട്ടിരിക്കിലും തസ്യാഃ
സ്തനങ്ങൾ മധുരങ്ങളേ
കാഞ്ഞിരത്തിൽ പഴമ്പോലെ
കാന്ത കച്ചിട്ടിരിപ്പിത്


ഉഗ്രാത്മാ വില്ലെടുത്താനലർചര, നിടവ
പ്പാത്യും വന്നടുത്തൂ,
ദിക്കെങ്ങും മാരിപെയ്യാൻ മുകില്പടലി മുതിർ‌
ത്തൂ, തിമിർത്തൂ മയൂരം,
ഇക്കാലം കമ്രപീനസ്തനി, കലിതരസം
മന്മഥാദ്വൈതശാസ്ത്രം
വക്കാണിപ്പാൻ പികപ്പെൺകളമൊഴി പിരളീ-
നായികേ, നല്ലകാലം


കൂട്ടം കൂടിക്കളിക്കും തരുണർ പരിസരേ
ചെന്റു ചാപല്യമേതും
കാട്ടാതേ കേൾ കലാകേറളിമലർമകളെ-
ക്കണ്ടിരുന്നോരുനേരം
കേട്ടാൻ കൺ‌കൊണ്ടൊരുത്തങ്കനിവിനോ”ടിവനാ”-
രെന്റെ മാപാപി ചൊന്നാൾ
നാട്ടാരോടെന്നെ ലജ്ജാവിനമിതതനയനം
കൊണ്ടു ജാരോയമെന്റേ.


വേർപാകിച്ചു തഴച്ച വേഴ്ച മുഴുവൻ
ഞാനെന്നിലേ നാലുനാ-
ളാപാദിച്ചു മറച്ചുവെച്ചുപുലർവാ-
നുച്ചൈരുഴറ്റീടിനേൻ
രൂപാലോകസുഖാഗമേ നിലകുല-
ച്ചെന്മേൽ നിരച്ചീടുമി-
മ്മാപാപിപ്പുളകങ്ങൾ മാരവിരുതേ,
ചൊല്ലിന്റിതെല്ലാരൊടും

വീണാരവേ, വരഗുണേ ! വനിതാജനാനാം
പൂണാരമേ നിഖിലലോചനതൂനിലാവേ!
ഏണാങ്കരമ്യവദനേ, തവ മെയ്‌വിലാസം
കാണാഞ്ഞുകാഞ്ഞകമെരിഞ്ഞുളനിങ്ങനേ ഞാൻ

കാണിമ്മാരാർത്തി തീർപ്പാനയി ബത ! പിളിനേ
തട്ടടിച്ചങ്ങതിന്മേ-
ലൂനം വരാത്കീർത്തീർബലി കുസുമശരൻ-
ദേവതയ്ക്കർദ്ധരാത്രൌ
വേണം ബാലേ, നിനക്കങ്ങവസരമൊരുനാ-
ളന്റയോളം പൊറുപ്പാ-
നാനന്ദാപാംഗി തൊട്ടമ്പൊടു ഹൃദയതടേ
നേരണം മാരലേഖേ !

ഏവം പൂവാണ ലീലാകലവികളെ വള-
ർപ്പൂ നവപ്രേമപൂരം
താവുന്നേണാക്ഷി, നീയും മധുരമുഖി മര-
ന്നോമലേ നിന്നെ ഞാനും
ആവാവാം ഭൂയോ വിയോഗം വരികിൽ വിധിവശാ-
ലെന്നെ നീയും മറനീ-
ടായൂ ചേരി.......ക്കുട്ടൻ മരുവും...മലർ-
ക്കന്യകേ നിന്നെ ഞാനും

ചൂട്ടും പ്രായം ജ്വലിക്കും മലർചരശിഖിനാ
വെന്തഴന്നെന്തിദാനീ-
മോട്ടം തോട്ടം കരയ്ക്കോ? ഹൃദയ, കിമപി നി-
ല്ലെന്നെയും കൊണ്ടുപോ നീ
ചാട്ടം കൊണ്ടെന്തുകാര്യം നിരവധി വെറുതേ
ഹന്ത ! ചീതമ്മമെയ്യിൽ
പൂട്ടുമ്പോൾ ഞാനകന്റായി തവ വരുമോ
ഹന്ത! സന്തോഷപൂരം