അസ്ഥിയുടെ പൂക്കൾ/വാളും കത്തിയും

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

വാളും കത്തിയും

കഷ്ടിച്ചൊരാറു വയസ്സുകാണും
മൊട്ടിട്ടു ബാല്യം ചിരിച്ചിതെന്നിൽ.
അന്നു ഞാൻ ദർശിച്ച ലോകമല്ലീ
മുന്നിലിന്നെന്തിതിനെന്തുപറ്റി?
പച്ചക്കിളികളത്തൈമരങ്ങൾ
പട്ടിളംപുഷ്പങ്ങൾപൂമ്പാറ്റകൾ
ഇന്നിവയ്ക്കൊന്നിനും ഭംഗിയില്ലാ
കണ്ണിലമൃതംതളിപ്പതില്ല.
ആകട്ടെ, പോട്ടെ ഞാനാളുമാറി
ലോകമെനിക്കു പഴഞ്ചനായി....

അച്ഛിന്നകൌതുകമാട്ടം കാണാ-
നച്ഛനന്നെന്നെയും കൊണ്ടുപോയി.
മദ്ദളച്ചെണ്ടമേളങ്ങളൊത്തെൻ-
ചിത്തവും തുള്ളിക്കളിച്ചുപോയി.
വേഷങ്ങൾ വന്നു ...ഞാനെന്തറിഞ്ഞു?
തോഷമെന്നാലും പതഞ്ഞുറഞ്ഞു...
ഏറെക്കഴിഞ്ഞൊരു വാളുമായി-
ട്ടേതോ ഭയങ്കരൻ വന്നണഞ്ഞു.
രംഗത്തിൽ നിൽക്കുമൊരുത്തനുമാ-
യങ്ങിങ്ങുടനേപിടിവലിയായ്.
എന്മുഖം മങ്ങി ...വഴക്കതു ക-
ണ്ടെന്മനസ്പന്ദങ്ങൾക്കൂക്കുകൂടി.
പെട്ടെന്നവൻ വാൽകഴുത്തിനോങ്ങി
വെട്ടി-യാപ്പാവം നിലംപതിച്ചു.
വാവിട്ടുകേണു ഞാ, നച്ഛനെന്നെ
വാരിയെടുത്തെങ്ങോ കൊണ്ടുപോയി.
അക്കാഴ്ചയിന്നുമൊന്നോർത്തിടുമ്പോ-
ളുൾക്കടഭീതിയൊന്നുത്ഭവിപ്പൂ.
എങ്കിലു, മിന്നതോടൊപ്പമായി
തങ്ങിടുന്നുണ്ടൊരു ലജ്ജയെന്നിൽ!
അന്നൊരുനാളിലെങ്കൈ മുറിഞ്ഞു,
ചെന്നിണം ചോർന്നു.. ഹാ, ഞാൻ കരഞ്ഞു.

ഉച്ചയ്ക്കുമുമ്പൊരു വീട്ടിൽ ഞാന-
ന്നച്ഛനോടൊന്നിച്ചു ചെന്നുപറ്റി.
കണ്ടു വെളുത്തു കൊഴുത്തു നല്ല
രണ്ടു യുവസുന്ദരികളെ ഞാൻ.
എന്നെയച്ഛൻ മേശഏലിരുത്തി
തന്വംഗിമാരെന്നരികിലെത്തി.
എന്തൊക്കെയാണവർ ചോദിച്ചതെ-
ന്നന്തരംഗത്തിലിന്നോർമ്മയില്ല.

അൽപസമയം കഴിഞ്ഞൊരുവ-
ളപ്പുറത്തേക്കെങ്ങോവിട്ടുപോയി.
അച്ഛനും ശേഷിച്ച സുന്ദരിയും
സ്വച്ഛന്ദമോരോ വിനോദമോതി.
പൊട്ടിച്ചിരിച്ചുരസിച്ചു-പൂച്ച-
ക്കുട്ടിയൊന്നപ്പോളവിടെയെത്തി.
ഞാനതിനെപ്പിടികൂടുവാനായ്
സാനന്ദം താഴോട്ടു ചാടും മുമ്പേ,
എന്നിംഗിതമറി, ഞ്ഞാർദ്രയാമ-
സ്സുന്ദരിവേഗമജ്ജന്തുവിനെ,
കയ്യിലെടുത്തെന്നരികിലായി-
പ്പയ്യവേ നിർത്തി-ഞാൻ തുഷ്ടനായി....

വാതിൽ തുറന്നു, മുറിക്കകത്താ-
ച്ചേതോഹരാംഗികടന്നിതാദ്യം.
പിന്നെയെന്നച്ഛനും വാതിൽ വീണ്ടും
മന്ദമടഞ്ഞു ഞാനേകനായി.

മാർജ്ജാരശൂരന്റെ ശുണ്ഠി കാണാൻ
വാച്ചകൌതുഹലമെന്മനസ്സിൽ.
വാലിൽപ്പിടിച്ചു ഞാൻ മെയ്വളച്ചു
വാശിയോടാ ജന്തു ചീറ്റിനിന്നു.
ഞാനതിൻ മൂക്കത്തു തൊട്ടു-മാന്താ-
നാണുവട്ടംകൂട്ടിടുന്നതിഷ്ടൻ.
'അമ്പടാ' ഞാനിപ്പോൾ സമ്മതിക്കാം
വെമ്പി ഞാൻ വേറേ കുസൃതി കാട്ടാൻ.
അച്ചുമരിന്മേലൊരാണിയിന്മേൽ
കൊച്ചുകണ്ണാടിയെങ്കണ്ണിൽപ്പെട്ടു.
മറ്റൊരു പൂച്ചയായ് ശണ്ഠക്കൂട്ടാൻ
പറ്റുമസ്സൂത്രമെന്നോർത്തുടനേ,
കണ്ണാടി ഞാനേറ്റു കൈയിലാക്കി
തിണ്ണമപ്പൂച്ചയോ ചാടിയോടി.
എന്തിനിച്ചെയ്യും? ഇരുന്നു വീണ്ടും
ചിന്താവിവശനായ് മേശമേൽ ഞാൻ.

ദൂരെ, ജനൽപ്പഴുതിങ്കലൂടെ
നേരിട്ടുകാണുന്ന നീല വാനിൽ
വെള്ളിയുരുകിയൊലിച്ചവെയിലിൽ
വെള്ളിമേഘങ്ങളിഴഞ്ഞുപോയി.
വട്ടം പറന്നു പരുന്തവയെ
മുട്ടിയിടയ്ക്കൊന്നുരുമ്മിനോക്കി
കർണ്ണരന്ധ്രത്തിൽത്തരിപ്പുകേറ്റി
മണ്ണുമാന്തിക്കപ്പൽ ചൂളമിട്ടു.
കാണായ് ചലിപ്പതു പച്ചിലകൾ
കായലിൽനിന്നു വരുന്ന കാറ്റിൽ!

വാതിൽ തുറന്നു-വരാംഗി പോയി
താതനെയൊന്നു വിളിച്ചുപോയ് ഞാൻ.
മിണ്ടാതവിടെയിരിക്കുകെന്നാ
ണുണ്ടായതാജ്ഞ-ഞാൻ ശാന്തനായി.

കയ്യിലൊരു കൊടും കത്തിയുമായ്
തയ്യലാളുണ്ടുവരുന്നു വീണ്ടും.
പോവുകയാണു മുറിയിലേക്കാ-
പ്പൂവേണി-വാതിലടഞ്ഞു വീണ്ടും
കത്തി!-തീയാളിയെന്മാനസത്തിൽ-
ക്കത്തി!- ഞാൻ പേടിച്ചരണ്ടുപോയി.
ആട്ടത്തിലന്നു ഞാൻ കണ്ടതെല്ലാം
കൂട്ടമോടാർത്തെത്തിയെന്മനസ്സിൽ.
അച്ഛനെക്കൊല്ലുവാൻ!-എന്തുചെയ്യും?
മജ്ജീവരക്തമുറഞ്ഞുപോയി.
നിശ്ചയമച്ഛനെക്കുത്തിവീഴ്ത്തും
നിർദ്ദയം ...നീറിയെൻ പിഞ്ചുചിത്തം
ഓർത്തിടുന്തോറു, മടങ്ങിനിൽക്കാ-
താർത്തിയെന്നുള്ളിലിരച്ചുകേറി.
ചുണ്ടുവിറച്ചു, ജലം നിറഞ്ഞു
രണ്ടുനേത്രത്തിലും-ധൈര്യപൂർവം
ചെറ്റിടകൂടിയിരുന്നു, ഹാ, ഞാൻ...
പറ്റിടുന്നി, ല്ലതാ, മുന്നി, ലയേ്യാ,
രക്തത്തിൽ മുങ്ങിപ്പിടയ്ക്കയാണെ-
ന്നച്ഛൻ!-ഞാൻ വാവിട്ടുകേണുപോയി.

"അച്ഛനെക്കൊല്ലല്ലേ, കൊന്നിടുന്നെ-
ന്നച്ഛനെ, യച്ഛനെക്കൊല്ലരുതേ! ..."

വാതിൽ തുറന്നു വരാംഗിവന്നു
വാലിയക്കാരനുമോടിവന്നു.
അച്ഛനുമപ്പുറത്തേക്കു പോയോ-
രച്ചെമ്പകാംഗിയും പാഞ്ഞണഞ്ഞു!
"എന്താണു കാര്യം?"-മരുത്തിലോമൽ-
ച്ചെന്തളിർപോൽ ഞാൻ വിറച്ചുനിൽപൂ

പാതിതോൽചെത്തിയ മാമ്പഴവും
പാപമറിയാത്തൊരക്കത്തിയും
ഓരോകരത്തിൽ വഹിച്ചുകൊണ്ട-
ത്താരണിവേണി പകച്ചുനിൽപൂ.
അച്ഛനെക്കൊന്നില്ല-ഭാഗ്യമായി!
മച്ചിത്തതാരിലാശ്വാസമായി.
എല്ലാർക്കും കാര്യം മനസ്സിലായി
മല്ലാക്ഷീ ലജ്ജാവനമ്രയായി.
എങ്കിലും, കണ്ണീർ ധാരയായി-
ട്ടെൻ കണ്ണിൽനിന്നുമുതിർന്നിരുന്നു.
താന്തനാമെന്നെത്തൻതോളിലേന്തി-
സ്സാന്ത്വനിപ്പിച്ചുസസ്നേഹമച്ഛൻ.
ചാമ്പേയകാംഗിവാത്സല്യപൂർവം
മാമ്പഴം പൂളിയെനിക്കുതന്നു.
ഏങ്ങി ഞാൻ ദു:ഖം ശമിച്ചു...ചെറ്റും
മോങ്ങീലപിന്നെ ഞാനെന്തു മൂഢൻ!
ഭീരുത്വഭീഷണിയിപ്രകാരം
പോരുംവഴിക്കച്ഛനുച്ചരിച്ചു:
"അമ്മയോടിക്കഥ മിണ്ടിയാൽ ഞാൻ
ചമ്മന്തിയാക്കും ചതച്ചു നിന്നെ!" ...
മിണ്ടിയിട്ടില്ല, പിതൃശ്മശാനം
കണ്ടിടുമ്പോളിന്നെൻ കൺ നിറവൂ!