അസ്ഥിയുടെ പൂക്കൾ/രക്തരക്ഷസ്സ്

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search


   രക്തരക്ഷസ്സ്

രക്തപ്രിയനാമൊരുഗരക്ഷസ്സിന്റെ
ഗർജ്ജനം കേൾപ്പൂ പടിഞ്ഞാറുനിന്നു നാം
കഷ്ടകാലത്തിൻ കരിനിഴൽച്ചാർത്തുപോ-
ലഷ്ടാശകളിലും മൂടുന്നു കൂരിരുൾ
പാഷണ്ഡനാമപ്പിശാചുദ്വമിക്കുന്ന
പാഷാണഗന്ധം പരക്കുന്നു ഭൂമിയിൽ.
പൊട്ടിത്തെറിക്കുന്നൊരാഗ്നേയപിണ്ഡങ്ങ-
ളട്ടഹസിക്കുന്നിതത്യന്തഘോരമായ്!
നഗ്നമാം പൈശാചികത്വം പ്രശാന്തിതൻ
ഭഗ്നഹൃദയം ദഹിപ്പിച്ചുവഹ്നിയിൽ!
ധർമ്മം കഴുത്തറ്റുവീണു പിടയ്ക്കുന്നു
കർമ്മങ്ങൾ വർഷിച്ചു കാകോളനിർഝരം!
രക്തക്കളങ്ങൾ-പ്രപഞ്ചം മുഴുവനും
രക്തക്കളങ്ങൾ-കടും നിണച്ചാലുകൾ!
പോര, വയ്ക്കുള്ളിൽ കബന്ധകബളങ്ങൾ
ധീരയുവാക്കൾ തൻ മുക്തശിരസ്സുകൾ!
കഷ്ടം! പിശാചേ, ശമിച്ചീലയോനിന്റെ
രക്തദാഹം! ഹാ, ഭയങ്കരനാണു നീ!
നീതിയും ശാന്തിയും കൈകോർത്തു ശാശ്വത-
ശ്രീതാവുമാറെത്തി നൃത്തം നടത്തവേ,
ഏതുപാതാളത്തിൽ നിന്നാർത്തണഞ്ഞു നീ
കേതുവിൻ നൂതനഘോരാവതാരമേ!
ഭീകരസ്വപ്നംകണക്കെന്തിനെത്തി നീ
ലോകം മുടിക്കുന്ന കാളവേതാളമേ!
ഇല്ല, നിൻസംഹാരതാണ്ഡവമേറെനാ-
ളില്ല-നിൻ കാൽതെറ്റി വീണിടാറായി നീ!

ചക്രവാളത്തിൽ മുഴങ്ങുന്നു നാരക-
നക്രമേ, നിന്റെ മരണമണിയൊലി.
ഉദ്ധതനാം നിന്റെ ചെങ്കുടൽമാലകൾ
കൊത്തിവലിക്കാൻ കൊതിച്ചുകൊതിച്ചതാ,
കൊക്കും പിളർത്തിച്ചിറകടിച്ചാർക്കുന്നു
വട്ടമിട്ടോരോ ചുടലക്കഴുകുകൾ.
നിൻ തലകൊയ്തിടാൻ വെമ്പിടുന്നെപ്പൊഴും
സന്തപ്തയോധർതൻ സംഗാമസിദ്ധികൾ!
നിന്നന്ത്യഗദ്ഗദം കേൾക്കാങ്കൊതിക്കുന്നു
കർമ്മഭൂലക്ഷ്മിതങ്കർണ്ണങ്ങളന്വഹം.
നിന്നസ്ഥിമാറ്റം പടക്കുവാൻ മുന്നിട്ടു
നിന്നിടുന്നു ഞങ്ങൾ സജ്ജശസ്ത്രാഗിമർ!
ദൌസ്ഗ്ട്യസോപാനത്തിൽ വർത്തിച്ചിടും നിന്റെ
പട്ടട കൂട്ടുന്ന പുണ്യകർമ്മത്തിനായ്
ഞങ്ങൾതൻ ജീവരക്തത്തിലവസാന-
ബിന്ദുവും ഞങ്ങൾ സമർപ്പണംചെയ്തിടും.
ലോകസമാധാനസോമനെ മൂടുന്ന
കാർകൊണ്ടലേ നിന്നെയാട്ടിപ്പറത്തുവാൻ
ഉത്കടശക്തിയോടാഞ്ഞു വീശിടുന്നൊ-
രിക്കൊടുങ്കാറ്റിൽ വിറച്ചുതുടങ്ങി നീ!
മായികവൈഭവം വീശുന്നൊരാ നിന്റെ
മാരിവില്ലല്ലെങ്കിലെത്രനാൾ നിൽക്കുവാൻ?
ആസന്നമായ് നിനക്കന്ത്യം-ജഗത്തിന്റെ
ഭാസുരസുപ്രഭാതാഗമമാകയായ്!
വെന്നിക്കൊടിയുമുയർത്തിപ്പിടിച്ചുകൊ-
ണ്ടൊന്നിച്ചിതാ ഞങ്ങൾ നിൽപ്പൂ സകൌതുകം!
മന്ദാരമാലയുമേന്തിജ്ജയലക്ഷ്മി
മന്ദാക്ഷപൂർവം സമീപിപ്പു ഞങ്ങളെ.
തമ്പോറടിക്കട്ടെ ഞങ്ങൾ ജയത്തിന്റെ
തമ്പോറടിക്കട്ടെ ഞങ്ങളാർത്തോത്സവം!
കാഹളമൂതട്ടെ ഞങ്ങൾ യശസ്സിന്റെ
കാഹളമൂതട്ടെ ഞങ്ങളാർത്തോന്മാദം!