Jump to content

അസ്ഥിയുടെ പൂക്കൾ/കങ്കാളകേളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കങ്കാളകേളി

ഹന്തവേണാടേ, നിനക്കുവന്നിട്ടുള്ളൊ-
രന്തരം കണ്ടിന്നു ലജ്ജിച്ചിടുന്നു ഞാൻ.
ഇത്രയുംകാലം നിരുപമശ്രീയുടെ
നൃത്തനികേതമായ് മിന്നി നീയെങ്കിലും,
ഇന്നുനിന്മുന്നിൽ നടക്കുന്നു ഹാ, വെറും
നിന്ദ്യമാം നിർല്ലജ്ജകങ്കാളകേളികൾ!
ആത്മസംസ്കാരദേവാലയശ്രീകോവി-
ലാദ്യം തുറന്നു നീയേകിയവേളയിൽ
ചിത്രയുഗത്തിലെസ്സുപ്രഭാതം നോക്കി
മുക്തകണ്ഠം പ്രശംസിച്ചവനാണു ഞാൻ!
ആ നാവിനാൽത്തന്നെ നിന്നെ നിന്ദിക്കുവാ-
നാണിടയാക്കിയതൽപനാൾകൊണ്ടു നീ!

ഭക്താർച്ചനോജ്ജ്വലവിഗഹേ, നീയിന്നു
രക്തദാഹത്തിനാൽ നാക്കു നീട്ടുന്നുവോ?
പുൽത്തുമ്പിനും കൂടി നോവു തട്ടീടാതെ
നൃത്തംനടത്തിയ നിൻപദം തന്നെയോ
ഇന്നുയരുന്നതരുമക്കിടാങ്ങൾതൻ
കുഞ്ഞിത്തലയോടടിച്ചുടർത്തീടുവാൻ?
പങ്കിലേ, തൽച്ചുടുചെന്നിണത്തുള്ളികൾ
നിങ്കാലടിക്കന്നരക്കുചാറായിതോ?
അർഭകന്മാരെയടിച്ചുകൊന്നിട്ടു നീ-
യസ്ഥിഖണ്ഡം കോർത്തു മാലചാർത്തുന്നുവോ?
ഭീകരം ഭീകരം!-ഹാ മതിയാക്കുകീ-
ലോകം മുടിക്കുന്ന വേതാളതാണ്ഡവം!
ചിത്രപ്രകാശപ്രസരത്തെ, നിർദ്ദയം
പൊത്തിപ്പിടിക്കും കൊടുങ്കാളമേഘമേ!
നീയാണു തട്ടിയുണർത്തിയതത്യന്ത-
നീരസജന്യമാമിക്കൊടുങ്കാറ്റിനെ!
ഉന്നതസ്ഥാനത്തിഴഞ്ഞുപറ്റിക്കൂടി
നിന്നിന്നു ഗർജ്ജിക്കയാണു നീയെങ്കിലും
ദൂരത്തടിച്ചു പറപ്പിക്കുമിച്ചണ്ഡ
മാരുതൻ നിന്നെ-മദിച്ചിടായ്കേറെ നീ!
മാത്രയ്ക്കു മാത്രയ്ക്കു വർണ്ണം പകരുന്ന
ധൂർത്തരാമഞ്ചാറു പച്ചിലയോന്തുകൾ
ഒന്നിച്ചുചേർന്നു നിൻവൈഭവം വാഴ്ത്തിയാ-
ലിന്നാരുകേൾക്കാൻ?-വിഫലമീ വിഭ്രമം!

രക്തഗന്ധത്താൽ നിഷിദ്ധമായ്ത്തീർന്നിതോ
കഷ്ടമെൻ നാട്ടിലെശ്ശുദ്ധാന്തരീക്ഷവും!
ധർമ്മം നിരന്തരം ഗായത്രി മന്ത്രിച്ച
പുണ്യാശ്രമത്തിൽ നരബലിഘോഷമോ?
ശാന്തിയോടക്കുഴലൂതിയലയുന്ന
പൂന്തോപ്പിനുള്ളിൽ കുരുതിക്കളങ്ങളോ?
ക്രൂരാധികാരമേ, നിൻ നീതിദണ്ഡമി-
ച്ചോരയിൽമുക്കിച്ചുഴറ്റുന്നതെന്തു നീ?
ചിന്നിത്തെറിക്കുമിച്ചെന്നിണത്തുള്ളികൾ
ചെന്നുവീണിടും മണലിൻ മനസ്സിലും,
മായാതെനിൽക്കും മദാന്ധതേ നിൻ നിഴൽ
മായിലും നീ വിടും കാകോളമുദ്രകൾ.
നാളെ നിന്നോർമ്മയിൽ മന്നിന്മനസ്സിൽനി-
ന്നാളിപ്പുകഞ്ഞു പടരും ജുഗുപ്സകൾ!
ലോകശാപങ്ങൾ നീ പോകും വഴികളിൽ
പാകുമെന്നെന്നും വിഷം തേച്ചമുള്ളുകൾ!
ഹാ, നിന്റെ ദീർഘസുഷുപ്തിയിൽക്കൂടിയും
കാണില്ലൊരു കൊച്ചു പൊൻകിനാവെങ്കിലും!
എന്നു നീയെങ്ങു തിരിഞ്ഞാലും നിന്മുന്നിൽ
നിന്നിടും നാനാകബന്ധസ്വരൂപികൾ!
പ്രാണൻ പൊരിഞ്ഞു നീ ദാഹിച്ചു ദാഹിച്ചു
കേണു തളർന്നുഴന്നോടുന്നവേളയിൽ,
ചെന്നിണം നിന്നു തുളുമ്പും ചഷകങ്ങൾ
നിൻ നേർക്കു നിർദ്ദയം നീട്ടിത്തരുമവർ!
വെല്ലുവിളിച്ചിടും നിന്നെയെന്നും നിന്നു
പല്ലിളിച്ചുംകൊണ്ടു രക്തരക്ഷസ്സുകൾ!
മുട്ടാതെ നിന്റെ ശവകുടീരത്തിന്നു
ചുറ്റുമലറും ചുടലപ്പിശാചുകൾ!

വിട്ടിട്ടു പോകുന്നതെന്തു നീ, നീതന്നെ
തട്ടിത്തകർത്ത കുറെത്തലയോടുകൾ?
കാലമവയപ്പെറുക്കിയെടുത്തൊരു
മാലയായ് കോർക്കും ജഗത്തിനു കാണുവാൻ.
നാളത്തെലോകത്തിനിന്നു നീയാടിയ
നാടകത്തിന്റെ പൊരുളറിഞ്ഞീടുവാൻ-
വെമ്പിക്കിതച്ചു വന്നെത്തും ചരിത്രത്തി-
ലൻപോടുനിന്റെ തനിനിറം കാട്ടുവാൻ.

                 (അപൂർണ്ണം)