അപരാധികൾ/തപ്തസന്ദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

 തപ്തസന്ദേശം

ഹൃദയേശ്വര, തപ്തചിന്തയാൽ
സന്തതം വെന്തുരുകുന്നൊരെൻ മനം,
അപഥങ്ങളെയാശ്രയിക്കി,ലെ-
ന്നപരാധം സദയം ക്ഷമിക്കണേ!

കലിതോന്മാദഭാഗ്യവല്ലിയിൽ-
ക്കനകപ്പൂക്കൾ വിരിഞ്ഞ നാളുകൾ,
ജലനിർഝരബുദ്ബുദങ്ങൾപോൽ
നിലനിൽക്കാതെ മറഞ്ഞുപോയിതേ.

പ്രണയാമൃതമാസ്വദിക്കുവാ-
നണയും മത്തമനോമരാളകം,
വിനതൻ വിഷലിപ്തമാം കൊടും-
കണയേറ്റേറ്റു പിടപ്പൂ ദാരുണം.

അതിലദ്ഭുതമെന്തു?-ലോകമാ-
ണിതു, കാണാം പരിണാമമെന്തിലും,
സ്ഥിതി സുസ്ഥിരമല്ലയൊന്നിനും
മതി, പിന്നെന്തിനതിൽ പഴിക്കണം?

വിധിപോലെ വരും സമസ്തവും
വിഫലം നമ്മുടെയാത്മകാമിതം.
വിലപിപ്പതിലർത്ഥമില്ല-ഹാ,
വിഷമം തന്നെ മനുഷ്യ ജീവിതം.

ഇവ തത്ത്വ ചിന്തമാത്രമാ-
ണിവയാലെന്തുപശാന്തി നേടുവാൻ?
ഇതുമട്ടെരിയാതിരിക്കുവാ-
നിടയില്ലൽപവുമെൻ മനം, വിഭോ!

ഒരുകാലമമൂല്യനിർവൃതി-
ക്കുറവാ,യോളമടിച്ച ജീവിതം.
മരുഭൂമിയിലെത്തി, യീവിധം
വരളും കാഴ്ചയിതെത്ര ദുസ്സഹം!

പ്രണയം തളിരിട്ടു, ശാന്തിയാൽ
നിതരാം പച്ചപിടിച്ച യൌവനം.
അതുലോത്സവരമ്യരംഗമെ-
ന്നഭിമാനത്തൊടഹങ്കരിച്ചു ഞാൻ.

സതതം, നവനർമ്മസൂക്തിയാൽ
സരസോല്ലാസമിയന്ന വിശ്രമം,
സ്മൃതിതൻ മുകുരത്തി, ലിപ്പൊഴും
പ്രതിബിംബിച്ചിത കാൺമൂ മോഹനം!

ഹൃദയം ഹൃദയത്തെയുമ്മവെ-
ച്ചുതിരും മംഗളരാഗമർമ്മരം,
സ്മൃതിതൻ കുളിർകുഞ്ജകത്തിൽ നി-
ന്നുദിതാമോദമുണർന്നു കേൾപ്പു ഞാൻ.

പരകോടികൾ പാവനങ്ങളാം
പരമപ്രേമസുഖാനുഭൂതികൾ
പരിചാരകരായ് ലസിച്ചൊരാ-
പ്പരിചേലും സുദിനങ്ങളെങ്ങുപോയ്?

മുകളിൽത്തെലിവാർന്നു, മുഗ്ദ്ധവെൺ-
മുകിലങ്ങിങ്ങലയുന്ന വാനവും,
അടിയിൽ, ത്തൃണരാശി പച്ചയാ-
മുടുപാവാട വിരിച്ച ഭൂമിയും;

മലർചൂടി മദാകുലാലസം
തലയാട്ടും തരുസഞ്ചയങ്ങളും
അലഘുദ്യുതിയാർന്നതാം പലേ
മലയും, ചോലകളും, വനങ്ങളും:-

ഇവയൊക്കെയുമൊന്നുപോൽ നവോ-
ത്സവമന്നേകിയനുഗ്രഹിക്കയാൽ,
മധുരിച്ചു വിചാരഗൗരവം
മഷിതേക്കാത്ത മദീയജീവിതം.

പ്രണയം സുഖമാണു, നേർവഴി-
ക്കൊഴുകിപ്പോവുകി,ലല്ലയെങ്കിലോ,
അതുപോലൊരു തീവ്രസങ്കടം
വരുവാനില്ല ജഗത്തിലൊന്നുമേ.
ഹൃദയത്തളിർ മൂത്തുമൂത്തു പ-
ച്ചിലയായ്ത്തീരുവതിന്നു മുൻപഹോ.
ഗതി, യെന്തതു വൻനിരാശയാ
പുഴു വന്നങ്ങു കരണ്ടുതിന്നുകിൽ?

കരയാതെ കഴിച്ചുകൂട്ടിടാം
പുറമേ പൂർണ്ണസുഖം നടിച്ചിടാം,
ശരി, യെങ്കിലു, മൊന്നു പൊട്ടിയേ
മതിയാകൂ കദനാഗ്നിപർവ്വതം!

അവിചാരിതമായി വരുന്നൊരീ
വ്യതിയാനം വ്യതിരിക്തഭാഷയിൽ,
പറയാമിനിയും പ്രതീക്ഷതൻ
പടിവാതിൽക്കൽ മുഷിഞ്ഞു നിൽക്കുവാൻ.

പരരെപ്പൊഴുമാഞ്ഞെറിഞ്ഞിടും
പരിഹാസം സകലം സഹിച്ചിടാം,
പഴുതേ തവ വൈരമാണഹോ
പരമാർത്ഥത്തി,ലെനിക്കു ദുസ്സഹം.

കുളിർകോരിയണിഞ്ഞ ചെമ്പനീർ-
മുകുളമ്പോലെ വിടർന്ന യൗവന
ഹൃദയേശ, ഭവാനു നൽകിയ-
ന്നതിനുള്ളോരമൃതാങ്കിതോത്സവം.

ലളിതേന്ദു ചിരിച്ചു, പൂനിലാ-
വലതല്ലും ശിശിരാന്തരാത്രികൾ,
നിജപുഷ്കലപുഷ്പശോഭയാൽ
രജതപ്പട്ടു വിരിച്ച മുല്ലകൾ;

മലയാനിലചാലിതാമലോ-
ജ്ജ്വലമന്ദാരനികുഞ്ജവീഥികൾ,
കലഹോത്സവസാന്ദ്രരാഗസ-
ങ്കലിതേകാന്തവികാരവീചികൾ;

അകലത്തിണയെപ്പിരിഞ്ഞിരു-
ന്നതിദീനം കരയുന്ന രാക്കുയിൽ,
അരികത്തു ഭവാൻ!-മറക്കുവാ-
നരുതാ രംഗമെനിക്കൊരിക്കലും!

അവയൊക്കെ മറഞ്ഞു, വീണ്ടുമൊ-
ന്നണയില്ലായതിലൊന്നുപോലുമേ;
അവതൻ ചിറകിന്റെ കീഴമ-
ർന്നകലത്തായ് മമ ഭാഗധേയവും!

ചിലകാലടിയൊച്ചയാൽ, സ്വയം
ചിതറിപ്പോയ കിനാവുപോലവേ,
മറവായൊരു മായികക്ഷണോ-
ന്മദമാർന്നിയനുരാഗബുദ്ബുദം!

പുളകങ്ങൾ കിളർത്തിരുന്നൊരാ-
പ്പുതുനിർവ്വാണദപുഷ്പവൃഷ്ടിയിൽ
ഇതുമാതിരി മുങ്ങിനിൽക്കുവാ-
നിടയാകില്ലിനിമേലൊരിക്കലും!

പ്രണയം മഴവില്ലു വീശിയാൽ
മയിലാട്ടത്തിനിരുന്ന മാനസം,
ഇതുപോ,ലൊടുവിൽ,സഹിക്കണം
കദനത്തിന്റെ കഠോരദംശനം.

നിയമങ്ങളെ വെച്ചു, ലോകമേ,
നിയതം കൊള്ളകൾ ചെയ്കയാണു നീ;
നിരുപിക്കുകിലർത്ഥമില്ല, നിൻ
നിരഘാദർശവചസ്സിനൊന്നുമേ.

ഒരുപോലൊരു ഭാവമെങ്കിലോ
പരമന്യം, പരമന്യ, മാകയാൽ.
അരുതിന്നിഹ നിൻ യഥാർത്ഥമാം
നിറമെന്തെന്നു മനസ്സിലാക്കുവാൻ.

സമുദായമധ:പതിച്ചു, ഹാ,
സഹതാപം കുറവായിനമ്മളിൽ
സഹജോത്സൃതരക്തധാരയിൽ
സലിലക്രീഡ തുടങ്ങിയിന്നു നാം!

പരതന്ത്രതയോടനാമയം
പടവെട്ടിക്കൊടി നട്ട പൂരുഷൻ,
പറയുന്നിതു നാരിയോടു: "മൽ-
പ്പരിചര്യയ്ക്കു പിറന്നതാണു നീ!"

'അബലാ ചപലേ' തിയന്ധമാ-
മപഹാസപ്പടു കുണ്ടിലാഴ്ത്തിയേ,
അവളോടവനാകയുള്ളു ത-
ന്നധികാരായുധമാഞ്ഞുവീശുവാൻ!

പുരുഷൻ, സുഖലോലുപൻ, വൃഥാ
പറയുന്നൂ പഴിയേറെനാരിയെ
ശതവത്സരമെത്ര പോയി, തൽ-
ക്ഷമയിന്നും കുറയാത്തതദ്ഭുതം!

പ്രതിരാഗപരാജയത്തിനാ-
ലിതിൽനിന്നൊന്നു മനസ്സിലാക്കി ഞാൻ!;
ഹൃദയാർദ്രത നാശമാണു, വൻ-
ചതികൊണ്ടേ ജയമുള്ളുഭൂമിയിൽ!

അപരിഷ്​കൃതയെങ്കിലും, വരു-
ന്നപമാനത്തിലധീരയാണു ഞാൻ
അതിനാൽ മരണം വരിക്കി, ലെ-
ന്നപരാധം സദയം ക്ഷമിക്കണേ!

മമ ജീവിതഭാഗ്യപൂർത്തിതൻ
മകുടത്തിന്റെ മയൂഖമാലകൾ,
മഴവില്ലുവരച്ചു മാ, ച്ചതാ
മറയുന്നൂ, മറയുന്നു സർവ്വവും!

മമ ബന്ധുജനങ്ങളേ, ലസ-
ന്മമതോദ്യന്മധുനിർഝരങ്ങളേ,
ഇതുമാതിരി വേർപിരിഞ്ഞിടാ-
നിടയായ്, കഷ്ട, മെനിക്കു നിങ്ങളെ!

കാമനിക്കു വിഷം, സുഖേച്ഛുവാം
കമിതാവിന്നു വികാരശന്തിയും!
മമ സാഹസകൃത്യമിന്നിതിൽ
സമുദായം പറയേണമുത്തരം.

ഇനി ഞാൻ വിരമിച്ചിടട്ടെ, യെൻ
മനമേതാണ്ടൊരു 'ചൂള'പോലെയായ്
ഇനി ഞാൻ പൊഴിയില്ല മേലി, ലീ-
പ്രണയത്തിൻ ദയനീയഗദ്ഗദം.

ഇതു കിട്ടുവതിന്നുമുൻപി, ലെൻ
ഹൃദയ സ്പന്ദനമൊക്കെ നിന്നുപോം
അതിനെന്തു?-ജഗത്തിനെന്തിനി-
പ്പതറിപ്പോയൊരപസ്വരം, വിഭോ?

സദയം വിടനൽകുകോർക്കുകി-
ച്ചിതയിൽപ്പെട്ടെരിയും ജഡത്തിനെ.
അതു നാളെയുഴക്കു ചാര,-മെൻ
ഹൃദയാധീശ, ഭവാനു മംഗളം! ...

"https://ml.wikisource.org/w/index.php?title=അപരാധികൾ/തപ്തസന്ദേശം&oldid=27626" എന്ന താളിൽനിന്ന് ശേഖരിച്ചത്