Jump to content

അപരാധികൾ/കഞ്ചാവിന്റെ ചിറകുകളിൽ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

കഞ്ചാവിന്റെ ചിറകുകളിൽ

 അങ്ങതാ കിരണങ്ങൾ പൊടിപ്പൂ തമസ്സിന്റെ
മങ്ങലിൽ-ച്ചിരിക്കുന്നു വെറുതേ നക്ഷത്രങ്ങൾ !
എന്തൊരു ഭാരമാണെൻ ശിരസ്സി?-ന്നനങ്ങിയാൽ-
ച്ചിന്തകൾ താഴത്തു വീണെങ്ങാനും തകർന്നാലോ !
അല്ല, ഞാൻ നടക്കുകയല്ലല്ലോ, ചിറകുക-
ളില്ലാതെ പറക്കുകയാണല്ലോ വിഹായസ്സിൽ !
നിശ്ചയ,മിതുതന്നെ നിർവൃതി !-പക്ഷേ ചുറ്റും
നിർജ്ജനനഭസ്സാണു-വീണുപോയാലോ ഹാ, ഞാൻ !
വീണാലും വീഴില്ല ഞാൻ കാൽകുത്തിനിൽക്കും, മണി-
വീണയും മീട്ടിക്കൊണ്ടെൻ 'ശാരി'യും ചാരെക്കാണും.
മത്സിരകളിലെല്ലാമങ്ങോട്ടുമിങ്ങോട്ടു,മെ-
ന്തുത്സാഹപൂർവ്വമോടിക്കളിപ്പൂ നക്ഷത്രങ്ങൾ !
ഒന്നുമേ വരാനി,ല്ലെൻ കൈപ്പടം കുത്തിപ്പിള-
ർന്നൊന്നിനെപ്പിടികൂടിക്കൂട്ടിലടയ്ക്കും ഞാൻ !
കഷ്ട,മുണ്ടെന്തിന്നിനിയാ മഹാപാപം കൂടി-
ക്കെട്ടിവെയ്ക്കുന്നൂ കാര്യമില്ലാതെൻ ശിരസ്സിൽ ഞാൻ ?
നഷ്ടമില്ലെനിക്കൊന്നു,മെന്നുള്ളി,ലേവം,നിങ്ങ-
ളിഷ്ടം പോൽക്കൂത്താടിക്കൊൾകോമനത്താരങ്ങളേ !

മത്സരം!-പ്രപഞ്ചത്തിൽജ്ജിവിതം വെറുമൊരു
മത്സരം!-പക്ഷേ, പണ്ടേ ജയിച്ചുകഴിഞ്ഞോൻ ഞാൻ !
അയ്യയ്യോ, ജയിച്ചെന്നോ?-ജയിച്ചി-ല്ലെനിക്കൊന്നും
വയ്യ,ഞാനവശനാണിപ്പോഴും പരാജിതൻ !
ലഹരിക്കടിമ ഞാനെന്റെ ജീവിതപുഷ്പം
സ്പൃഹയാ കരളുന്നൂ,കഞ്ചാവും മദ്യങ്ങളും !
രണ്ടരഡ്രാമിന്നൊരു ചുക്കുമി,ല്ലരകൂടി-
ക്കൊണ്ടുവന്നിടാനതാണോതിയത,ല്ലെന്നാകിൽ,
പുറകേ ചെന്നെത്തിയിപ്പുകയാ,ച്ചാരായത്തെ
വെറുതേ പുച്ഛിക്കില്ലേ?-പാടുണ്ടോ പക്ഷാഭേദം
നിശ്ചയ,മിനിമേലിൽത്തൊടുകി-ല്ലല്ലെങ്കിൽ വേ-
ണ്ടിച്ചുരുട്ടിയ ബീഡി ചുമ്മാതെ കളഞ്ഞാലോ !
എങ്കിലുമൊരിക്കൽ ഞാൻ സർവവുമുപേക്ഷിക്കും
ശങ്കയില്ലെനിക്കു, ഞാൻ സന്യാസിയായിത്തീരും !
ശാരിയോ-പോട്ടേ പു,ല്ലാത്തേവിടിശ്ശിയെ,വെറും,
നാറിയ പഴന്തുണിപോലെ, ഞാൻ ദൂരെത്തള്ളും !
പെണ്ണെന്നൊരെണ്ണത്തിനെ സൃഷ്ടിക്കാതിരുന്നെങ്കിൽ
നിർണ്ണയം, പണ്ടേ, ലോക്കം സ്വർഗ്ഗമായ്ക്കഴിഞ്ഞേനേ !
അവ, ളെന്നാലും, സ്നേഹമുള്ളൊരു പെണ്ണാ, ണെന്റെ
ശിവനേ, സൗന്ദര്യമോ?- രതിയും തല താഴ്ത്തും!
സൗന്ദര്യം!-ഹാ, സൗന്ദര്യം!- പുഴുക്കൾക്കൂണിനുള്ള
സൗന്ദര്യം!-യഥാർത്ഥത്തിൽ നാടകം തന്നേ ലോകം!
ജീവിതം, ത്രസിക്കുന്ന ബുദ്ബുദം വെറും സ്വപ്നം!
കേവലം ചലം ദേഹം!-ദേഹിയോ, നിത്യം സത്യം!
മലിനം മജ്ജാരക്തമാം സനിർമ്മിതം ഗാത്രം
മഹിതം, പൂതം, ദേഹി സച്ചിദാനന്ദാത്മകം!
മൂലാധാരത്തിങ്കൽനിന്നുയർന്നു...[ഘും...ഘും] ചുമ-
മൂല, മക്കഫക്കെട്ടു തടയുന്നല്ലോ ശ്വാസം!
സന്യസിക്കും ഞാ, നിനിസ്സംശയമില്ലെൻ ജന്മ-
മന്യന്മാർക്കുപകാരപ്രദമാക്കുവാൻ നോക്കും!
'ഗീത' വാങ്ങിക്കും-പുക ശരിക്കു വരുന്നി, ല്ലീ-
പ്പൂതച്ച 'മരുന്ന' ല്ലാതില്ലിപ്പോൾക്കടകളിൽ!
ശാരിതൻ പടിവാതിൽ കഴിഞ്ഞോ? - കാണാൻ വയ്യ,
കൂരിരുൾ, തീപ്പെട്ടിക്കോലുരച്ചു നോക്കട്ടെ, ഞാൻ! ...

എന്തബദ്ധമെൻ ശാരി വേശ്യയെന്നോ ഞാൻ ചൊന്ന-
തന്തസ്സിൻ കാമ്പാണവളാത്മശുദ്ധിതൻ സത്മം!
പണമില്ലിന്നെൻ കൈയിലെന്നോർത്തി, ട്ടാദ്യം, പാവം,
പനിയാണെന്നെന്നോടു പറഞ്ഞു പച്ചക്കള്ളം.
ഉടനേ, വെള്ളിത്തുട്ടിൻ ചടുലഝണൽക്കാരം
സ്ഫുടമായ്ക്കേട്ടപ്പൊഴേക്കാമുഖം, വികസിച്ചു.
മഴവില്ലൊളിവീശി, മേഘഗർജ്ജനം കേട്ട
മയിലിൻ പീലിക്കൊപ്പമാ മുഖം വികസിച്ചു.
പതിദേവതമാർതൻ ശുദ്ധചിത്തത്തേപ്പോലും
പതറിക്കുവാൻ പോന്ന പണമേ, നിന്നെക്കണ്ടാൽ,
ഉലകിൽ, സാധാരണക്കാരികൾ തൻകാര്യമെ-
ന്തുരചെയ്യുവാൻ!-ദേവനാരിയല്ലല്ലോ, ശാരി!
കഥയില്ലവൾക്കൊട്ടും, പെണ്ണല്ലേ, പാവത്തോടു
കലഹിക്കുവാനുണ്ടോ പിച്ചെനി, ക്കയ്യോ കഷ്ടം!
എന്നാലും, സ്നേഹമെന്നോടുണ്ടവൾക്ക, വൾ ചെയ്ത
കണ്ണുനീർ കണ്ടിട്ടെന്റെ ഹൃദയം ദ്രവിച്ചുപോയ്!

പൊന്നലിഞ്ഞൊലിക്കുമീ നഗ്നമാമുടൽവല്ലി-
യെൻ മാറിൽപ്പറ്റിച്ചേർന്നു വിശ്രമം നുകരുമ്പോൾ,
ഈ ലോലനീലാളകച്ചുരുളോരോന്നായ് മാടി
ലീലയിലൊതുക്കിക്കൊണ്ടിങ്ങനെ കിടക്കുമ്പോൾ,
ശ്ലഥശൈവലമാലാകബരീധാരാശ്ലിഷ്ട-
പൃഥുലനിതംബത്തെത്തടവിത്തരിക്കുമ്പോൾ,
ഇതുതാ, നിതുതാനെൻ സായൂജ്യം!...['ദുഷ്ടേ, ഹാ, നീ
ചതിച്ചൂ, വിടില്ല ഞാൻ രക്തരക്ഷസ്സേ, നിന്നെ!..."]
(എന്തൊരു പിച്ചാണിതു? മിണ്ടല്ലേ!...')["വാപൊത്തുന്ന-
തെന്തിനു?-കൈമാറ്റൂ, ഞാൻ ദുസ്സ്വപ്നം കണ്ടു, ശാരി!
തലയിൽക്കൂർത്ത രണ്ടു കൊമ്പുകളെഴു, മോരോ
മലവേടന്മാരെന്നെക്കൊല്ലുവാനടുത്തെത്തി,
അവരും ഞാനും തമ്മിൽ മല്ലടിക്കുമ്പോൾ, കാണാ-
യവിടെ, ക്കണ്ടാൽ ഞെട്ടിപ്പോമൊരു കാട്ടാളത്തി,
കൊന്നുവീഴ്ത്തി ഞാനെല്ലാപേരെയു, മവൾമാത്രം
പിന്നെയും ജീവൻ കിട്ടിപ്പൊങ്ങി!- ഞാനെന്തോ ചൊല്ലി.
ഒരു ചുംബനം!-നാളെക്കാവിമുണ്ടുടുക്കും ഞാ-
നരുതെന്നെന്നോടു നീ വിലക്കാൻ വന്നേക്കല്ലേ!"]
(ഭ്രാന്താണി, തെഴുന്നേൽക്കൂ, പൊയ്ക്കോളൂ!...)["നോക്കൂ, ശാരി,
പൂന്തിങ്കളുയരുന്നൂ, പൂനിലാവൊഴുകുന്നു!...."]

"ദൈവ, മെന്നൊരാളുണ്ട്, നിശ്ചയ, മാ ദൈവത്തിൻ
കൈവേലത്തരങ്ങളാണീച്ചരാചരമെല്ലാം!
സ്വർഗ്ഗത്തിൽക്കാണും നല്ല രസികൻ കഞ്ചാവു, ഞാ-
നൽപ, മാ ദൈവം കാണാതവിടെച്ചെന്നാൽ, ക്കക്കും!
സർവ്വവ്യാപിയാണെങ്ങാൻ കണ്ടാലോ?-കണ്ടാൽത്തന്നെ
നിർവ്വികാരനുമല്ലേ, ഗർവ്വുതോന്നുമോ പിന്നെ?
അല്ലെങ്കിൽക്കഞ്ചാവാരു വലിക്കും?-തീരെത്തൊട്ടി-
ട്ടില്ല ഞാനിന്നോള, മെന്തെന്തൻ തല ചുറ്റുന്നല്ലോ!
അരുതാതാകുന്നു കാൽ മുന്നോട്ടു വെയ്ക്കാൻ, ലോക-
മുരളുന്നിതെൻ മുന്നിൽ!-ഞാൻ മാത്രം നേരേ നിൽപൂ!
ഇരിക്കാം തെല്ലീ മരച്ചോട്ടിലൊന്നിനി-യല്ലോ!
ചെരിപ്പും കുടയും ഞാനെടുക്കൻ മറന്നല്ലോ!
ശാരിതൻ വീട്ടിലാണു, രണ്ടു നാഴികയോളം
ദൂരമു, ണ്ടരുതിനി നടക്കാൻ, നാളെപ്പോകാം!
എന്തിനല്ലെങ്കിൽപ്പോണം നാളെ?- ഞാൻ നാളെത്തന്നെ-
സ്സന്ത്യജിച്ചെല്ലാം, പോകും സന്യാസിയായിക്കാട്ടിൽ!
എന്തിനു സന്യാസിക്കു കുടയും ചെരിപ്പും?-ഞാൻ
ചിന്തിച്ചീലത്രത്തോളം!-വേണ്ടെനിക്കൊന്നും വേണ്ട!

പുളകം, മരങ്ങൾക്കും പൂനിലാവിനും, മഞ്ഞിൽ-
പ്പുളകം!-കുടുകുടെ വിയർത്തു മുങ്ങുന്നൂ ഞാൻ!
എന്നാത്മാവെവിടെയ്ക്കോ താഴുന്നു, നക്ഷത്രങ്ങ-
ളൊന്നുമില്ലെന്നിൽ, വെറും ശൂന്യതയാണെൻ മുന്നിൽ!
ഉറക്കം വരുന്നു,ണ്ടെൻ കണ്ണടയുന്നീലെന്നാ-
ലുറക്കെക്കരയും ഞാൻ വാവിട്ടുകരയും ഞാൻ!
നാവനങ്ങുന്നീലെന്നാൽ, ത്തൊണ്ടയിൽജ്ജലമി,ല്ലെൻ
ജീവനിലാരീ മൊട്ടുസൂചികൾ തറയ്ക്കുന്നോ?
നിഴലാട്ടങ്ങൾ!-വെറും ശൂന്യത!-വീണ്ടും ചില
നിഴലാട്ടങ്ങൾ!-നീണ്ട ശൂന്യത പേർത്തും മുന്നിൽ!
തൈമിന്നാമിനുങ്ങുകളിരുട്ടു!-നക്ഷത്രങ്ങൾ!-
വൈമാനികന്മാർ!-ചെന്തീപ്പന്തങ്ങൾ-പൂക്കുറ്റികൾ!
അടുപ്പിൽ,ത്തൈലം താവിപ്പടുത്ത, ചീനച്ചട്ടി-
യ്ക്കകത്തിട്ടിടും കൊച്ചു കടുകുമണിക്കൊപ്പം,
അയ്യയ്യോ, പൊട്ടും തെറിച്ചെൻകര,ളെനിക്കൊന്നും
വയ്യെ,ന്റെ ശാരീ, വരൂ, സന്യാസിയാവില്ലാ ഞാൻ!
എവിടെ വെള്ളം?-വെടിക്കെട്ടുകൾ!-തെറിക്കുന്നൂ
ശിവനേ, നക്ഷത്രങ്ങൾ!-ശൂന്യത വീണ്ടും മുന്നിൽ!
സർപ്പങ്ങൾ!-അമ്മേ, വെള്ളം!-ചിറകുണ്ടെനി,ക്കയ്യോ,
സർപ്പങ്ങൾ!-നിഴലുകൾ!-വേദന!-വെള്ളം, വെള്ളം!
                       
                             25-5-1940