Jump to content

അന്ത്യസമയമായവാറെ യേശുദേവൻ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അന്ത്യസമയമായവാറെ യേശുദേവൻ
ചന്തമിയലും ഗത്സമേന വനിയിലേറി

ക്ലേശമഖിലം തീർത്തുതന്നെ കാത്തുകൊൾവാൻ
കേവലനായ് താതനോടു യാചിച്ചീശൻ

നിദ്രചെയ്യും പത്രോസിനെ താനുണർത്തി
ജാഗ്രതയായിരിക്കേണമെന്നുചൊല്ലി

കൂടെയുള്ള മറ്റുശിഷ്യർ നിദ്രചെയ്തു
കുടിലരോടുകൂടി യൂദാ സ്കറിയോത്താ

ഉറ്റവനെ ചുംബനത്താൽ ചൂണ്ടിക്കാട്ടി
മറ്റുള്ളോർക്കും കുമതിയൂദാ ശിഷ്യനായി

ബന്ധനം ചെയ്‌വാനൊരുങ്ങി രാജസേവകർ
ബന്ധുവാകും കർത്താവിനെ കൂസലെന്യേ

വാളെടുത്തിട്ടൊന്നുവെട്ടി ശിമയോൻ സ്കീപ്പാ
ഒരു സേവകന്റെ കാതറുത്തു താഴെവീഴ്ത്തി

വാളെടുക്കുന്നവനെല്ലാം വാളാൽ വീഴും
ശിമയോനെ നീ വാളെടുത്തുറയിലിടൂ*

ശിഷ്യകോപം ശമിപ്പിച്ചീശൻ കാരുണ്യത്താൽ
ആ സേവകന്റെ കാതുതൊട്ടു സൌഖ്യമാക്കി

  • ഈ ഈരടി അപൂർവ്വമായി മാത്രമേ പാടിക്കേൾക്കാറുള്ളൂ