അനുശാസനീകപർവം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
മഹാഭാരതം കിളിപ്പാട്ട് (കിളിപ്പാട്ട്)
രചന:എഴുത്തച്ഛൻ
അനുശാസനീകപർവം

ഹരി ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു

ഇത്ഥം കിളിമകൾ ചൊന്നതു കേട്ടഥ
ചിത്തംതെളിഞ്ഞു ചോദിച്ചിതു പിന്നെയും
തത്തേവരികരികത്തിരി സൽക്കഥ
സത്വരംചൊല്ലുചൊല്ലെന്നതു കേട്ടവൾ
ഉത്തരമായുരചെയ്താൾ കനിവിനോ-
ടുത്തമമാം കഥ കേൾപ്പിൻ ചുരുക്കമായ്
മോക്ഷധർമ്മം കേട്ടവാറെ യുധിഷ്ഠിരൻ
മോക്ഷാർത്ഥിയാകിയ ഭീഷ്മരെ വന്ദിച്ചു
മോക്ഷപ്രദൻ ജഗത്സാക്ഷിഭൂതൻ പരൻ
സാക്ഷാൽ മുകുന്ദ സമക്ഷമപേക്ഷിച്ചു
ദാനാദിധർമ്മങ്ങളെക്കേട്ടുകൊള്ളുവാ-
നാനന്ദമോടരുൾ ചെയ്തിതു ഭീഷ്മരും
കാലാദികളുടെ സംവാദം കൊണ്ടഥ
കാലാത്മജനറിയിച്ചിതു വിസ്തരാൽ
എല്ലാറ്റിലും പ്രധാനം പൂർവകർമമെ-
ന്നെല്ലാമറിയിച്ചനന്തരം പിന്നെയും
മൃത്യുഞ്ജയത്തിനുപായ വരത്വേന
നിത്യമതിഥി പൂജാഫലമാഹാത്മ്യം
മുഖ്യസുദർശനോപാഖ്യാനം കൊണ്ടുടൻ
ഒക്കെയറിയിച്ചശേഷം ദേവവ്രതൻ
സാമ്യമില്ലാതമതം ഗോപാഖ്യാനത്താൽ
ബ്രാഹ്മണമാഹാത്മ്യമൊക്കെയറിയിച്ചു
ജന്മംകൊണ്ടേസാധിക്കാവൂതൽബ്രഹ്മണ്യം
കർമ്മംകൊണ്ടാർക്കുമേസാധിക്കരുതല്ലോ
മുന്നംഗരുഡനെ വിഷ്ണുപരീക്ഷിച്ചു
നന്നായനുഗ്രഹിച്ചോരു പ്രകാരവും
ചൊല്ലിനുവർണ്ണവൈകുണ്ഡപ്രഭാവം കൊ-
ണ്ടെല്ലാമജാതവൈരിക്കു ഗംഗാസുതൻ
നല്ലോരുപമന്യുപാഖ്യാനം കൊണ്ടല്ലോ
ചൊല്ലി പശുപതിമാഹാത്മ്യമൊക്കവേ
ശൈവമായുള്ള സഹസ്രനാമത്തെയും
ദൈവഞ്ജനായ ദേവവൃതൻ ചൊല്ലിനാൻ
ദിവ്യവിശിഷ്ട വരകന്യകാദാനം
സർവ്വകർമ്മങ്ങൾക്കുമൂലമെന്നുംചൊല്ലി
കന്യകാദാനഭേദപ്രകാരങ്ങളും
കന്യകാദാനത്തിനുള്ളൊരു കാലവും
ദേവിഭാഗപ്രകാരവും ദിഗ്ദേശവും
ന്യായഭേദങ്ങളുമചാര്യഭേദവും
വർണ്ണസമുദായോല്പത്തിപ്രകാരവും
വർണ്ണിച്ചുഗോമാഹാത്മ്യവുമൊക്കെ ച്ചൊന്നാൻ.
ശന്തനുസൂനുഗോദാനപ്രകാരവും
ഹന്തഗോദാനഫലവുമറിയിച്ചു
സ്വർണ്ണമാഹാത്മ്യമഖിലമറിയിച്ചു
സ്വർണ്ണദാനത്തിൻഫലപ്രകാരാദിയും
രുദ്രസനൽക്കുമാരപ്രവാദം കൊണ്ടു
മുക്തിധർമ്മങ്ങൾ സംക്ഷേപിച്ചറിയിച്ചു
തീർത്ഥമാഹാത്മ്യവും ഗംഗാമാഹാത്മ്യവും
തീർത്തറിയിച്ചിതു പാർത്ഥനു ഭീഷ്മരും.
പാർവതിശർവ്വ സംവാദേനപിന്നെയും
പൂർവസമുക്തങ്ങളായുള്ള കർമ്മങ്ങൾ
സർവവുമാശുസംക്ഷേപിച്ചറിയിച്ചു
ദിവ്യനായീടുന്ന ശന്തനൂനന്ദനൻ
വൈഷ്ണവധർമ്മമശേഷമറിയിച്ചു
വൈഷ്ണവമായ സഹസ്രനാമത്തെയും
ഇങ്ങനെ ധർമ്മത്മജനറിയിച്ചിതു
ഗംഗാതനയനും നാനാധർമ്മാദികൾ
അവ്യക്തനവ്യയൻദിവ്യനനാകുലൻ
സവ്യസാചിപ്രിയൻ നാരായണൻ പരൻ
തന്തിരുമേനിയും കണ്ടുകണ്ടന്തികേ
സന്തതം ചിന്തിച്ചുചിന്തിച്ചു സദ്രൂപം
വ്യാസധൗമ്യാദിമുനീന്ദ്രപ്രവരരും
ഭൂസുരവൃന്ദവും പാണ്ഡവരാദിയാം
ബന്ധുവർഗ്ഗങ്ങളും കണ്ടങ്ങിരിക്കവെ
ശന്തനൂനന്ദനൻ ഭാഗീരഥിസുതൻ
നാരായണൻ നളിനായതലോചനൻ
കാരുണ്യവാരിധി കംസാരി മല്ലാരി
സാക്ഷാൽസമീപേ വസിക്കുന്നതും മുദാ
വീക്ഷ്യസംവീക്ഷ്യ സ്തുതിച്ചു നാമാമൃതം
പാനവുംചെയ്തു പരമാനന്ദംപൂണ്ടു
ഭാനുകോടിപ്രഭൻ ഭക്തപ്പരായണൻ
ദേവദേവൻ വാസുദേവൻ ജഗല്പതി
ദേവകിനന്ദനൻ തന്നെയും വന്ദിച്ചു
ഏകീഭവിപ്പിച്ചു താതവരത്തിനാൽ
ഏകസ്വരൂപം മനസിചിന്തിച്ചഥ
സ്വച്ഛന്ദമൃത്യുവായുള്ള ദേവവൃതൻ
സ്വച്ഛമാമച്യുതാംഘ്രിദ്വയപങ്കജം
നിശ്ചലസച്ചിന്മയമമൃതം പരം
സത്യമനന്തമനാദിഅനാകുലം
തത്വം പരബ്രഹ്മസച്ചിന്മയം ശിവം
ആത്മാനമാത്മാനാ കണ്ടുകണ്ടാത്മനി
സ്വാത്മാനമാശു യോഗേന ലയിപ്പിച്ചു
കാരണത്തിങ്കൽ നിലീനനാം ഭീഷ്മരെ
സാരനാം ധർമ്മസുതൻ വണങ്ങീടിനാൻ
"നാരായണ ഹരേ നാരായണ ഹരേ
നാരായ"ണേതി ജപിച്ചിതെല്ലാവരും
പിന്നെമുഹൂർത്തമാത്രം പുനരേവരു-
മന്നേരം നിശ്ചലരായിരുന്നീടിനാർ.
എന്നിതെല്ലാമനുശാസനീകം പർവ്വം
തന്നിലുള്ളോരു കഥകളാകുന്നതും
വിസ്തരിച്ചൊക്കെഞാൻഭാഷയായ്ചൊല്ലിയാൽ
സിദ്ധമല്ലായ്മയല്ലായ്കയല്ലീയെന്നു
സംക്ഷേപിച്ചിങ്ങനെചൊല്ലിയെൻഞാനെന്നു
സംശയംകൂടാതെപൈങ്കിളിയുംചൊന്നാൽ.


ഇതി ശ്രീ മഹാഭാരതേ അനുശാസനികം പർവ്വം കഥാസംക്ഷേപം സമാപ്തം

"https://ml.wikisource.org/w/index.php?title=അനുശാസനീകപർവം&oldid=217010" എന്ന താളിൽനിന്ന് ശേഖരിച്ചത്