അനുഗമിച്ചിടും ഞാനെൻ പരനെ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അനുഗമിച്ചിടും ഞാനെൻ പരനെ,

രചന:എം.ഇ. ചെറിയാൻ

പല്ലവി

അനുഗമിച്ചിടും ഞാനെൻ പരനെ,
പരനെ കുരിശിൽ മരിച്ചുയിർത്ത നാഥനെ
ഇന്നും എന്നും മാറ്റമില്ലാത്ത വല്ലഭനെ

ചരണങ്ങൾ

മമ കൊടുംപാപം തീർക്കുവാൻ താൻ കനിഞ്ഞെന്നോ!
വിമലജൻ ജീവൻ തരുവതിനും തുനിഞ്ഞെന്നോ!
 
ശോധന പലതും മേദിനിയിതിലുണ്ടെന്നാലും
വേദനയേകും വേളകളേറെ വന്നാലും
 
വന്ദിത പാദസേവയതെന്നഭിലാഷം
നിന്ദിതനായിത്തീരുവതാണഭിമാനം
 
ക്ഷീണിതനായി ക്ഷോണിയിൽ ഞാൻ തളരുമ്പോൾ
ആണികളേറ്റ പാണികളാലവൻ താങ്ങും
 
കൂരിരുൾ വഴിയിൽ കൂട്ടിന്നു കൂടെ വരും താൻ
വൈരികൾ നടുവിൽ നല്ല വിരുന്നു തരും താൻ
 
നന്മയും കൃപയും പിന്തുടരുമെന്നെയെന്നും
വിൺമയവീട്ടിൽ നിത്യത മുഴുവൻ ഞാൻ വാഴും.