അദ്വൈതചിന്താപദ്ധതി/ശരീരതത്ത്വസംഗ്രഹം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
അദ്വൈതചിന്താപദ്ധതി
രചന:ചട്ടമ്പിസ്വാമികൾ
ശരീരതത്ത്വസംഗ്രഹം

ശരീരതത്ത്വസംഗ്രഹം
[തിരുത്തുക]

ബ്രഹ്മചൈതന്യൈകദേശസ്ഥിതമായി സ്ഥിതി ചെയ്യുന്ന മൂലപ്രകൃതിയെന്ന മായാശക്തിയുടെ ചേഷ്ട നിമിത്തം ശബ്ദസ്പർശരൂപരസഗന്ധങ്ങളെന്ന അഞ്ചുവിഷയങ്ങൾ അഞ്ചു ഭൂതങ്ങളായും ആ ഭൂതങ്ങൾ അനേകഭേദഭിന്ന ചരാചര (സ്ഥാവരജംഗമ) രൂപ പ്രപഞ്ചമായും ഭവിച്ചു. ഈ പ്രപഞ്ചകല്പനയ്ക്ക് കാരണം പഞ്ചഭൂതസമ്മിശ്രമായും പിണ്ഡാകാരമായുമിരിക്കുന്ന ശരീരം തന്നെയാണ്. അങ്ങനെയിരിക്കുന്ന ശരീരത്തിലുള്ള അത്ഭുതങ്ങൾ സകലരും ഗൗനിക്കത്തക്കവയാകയാൽ അവയെ ഇവിടെ കുറിക്കുന്നു. ഈ ശരീരത്തിൽ സ്വഭാവതഃ സ്ഥിതിചെയ്യുന്ന ശ്വാസവായു ശരീരത്തെ രക്ഷിക്കുന്നതുന് ഉപയോഗമുള്ളതായിത്തന്നെയിരിക്കുന്നു. ശ്വാസമാകട്ടെ മൂലാധാരത്തിൽ നിന്നും ഉദ്ഗമിച്ച് അതിന്റെ ഒരു ഭാഗം കപാലത്തിൽ ചെല്ലുന്നതുകൂടാതെ മറ്റൊരു ഭാഗം നാസിക അല്ലെങ്കിൽ വക്ത്രം മാർഗ്ഗമായി വെളിപ്പെട്ട് അതിൽ ചില അംഗുലപ്രമാണം ചേതപ്പെട്ടുപോകുന്നു. ശേഷിച്ചതിനെ, മേൽ പറഞ്ഞ കപാലത്തിൽ ചെന്ന അംശം ഗ്രഹിച്ചുകൊണ്ട് മൂലാധാരത്തിൽതന്നെ പോയിച്ചേരുന്നു ഇപ്രകാരം നിമിഷം തെറ്റാതെ ഊർധ്വമുഖമായും, അധോമുഖമായും പോയിവരുന്ന ഈ ശ്വാസം സുഷുപ്ത്യാവസ്ഥയിൽ ഉഗ്രമായി നടക്കുന്നത് സ്വഭാവമാകുന്നു. അതുകൊണ്ട് ശരീരത്തിന് ഏറ്റവും ആരോഗ്യം ഭവിക്കുന്നു. ജാഗ്രത്കാലത്തിൽ ശ്വാസനടപ്പ് എത്രയും ലേശമായിരിക്കണം. അങ്ങനെയല്ലാതെ ഉഗ്രമായി നടക്കുമെങ്കിൽ ദേഹത്തിൽ ബലക്ഷയം നേരിട്ട് ശ്വാസവായുവിന്റെ മൂലാധാരവേരിന് അയവുണ്ടായിരിക്കുന്നതും അത് അവസാന കാലസൂചനയെന്നും അറിയേണ്ടതാണ്. അപ്രകാരം ആപത്ത് നേരിടാതിരിക്കുന്നതിലേക്ക് ചെയ്യേണ്ടതായ ജാഗ്രത എന്തെന്നാൽ ജാഗ്രദവസ്ഥയിൽ ശ്വാസനട നയമായിരിക്കുന്നതിന് ശരീരദാർഢ്യം കാരണമാകയാൽ ശരീരത്തെ ശ്രമപ്പെടുത്താതെ രക്ഷിക്കണം, ശക്തി, ക്രമം, പരിമിതി ഇവയെ അതിക്രമിച്ച് യാതൊന്നും പ്രവർത്തിപ്പിക്കാൻ തുനിയരുത്. വിഷയാനന്ദാനുഭവത്തിൽ വെളിപ്പെടുന്ന ശുക്രശോണിതങ്ങൾ ശരീരത്തിന്റെ യാവൽസാരാംശങ്ങളെയും പിഴിഞ്ഞ് ഒരു വഴിയൂടെയിറങ്ങുന്നവയാകയാലും ഇതിനാൽ ശരീരത്തിന് ഏറ്റവും ബലക്ഷയം സംഭവിക്കുന്നതിനാലും ഈ സംഗതിയിൽ വളരെ വൈരാഗ്യത്തോടും മിതമായും ഇരിക്കേണ്ടതാണ്. പ്രജ്ഞ വിട്ടിരിക്കുമ്പോൾ ശ്വാസം ഏറ്റവും മൃദുവായി നടക്കുമെങ്കിൽ അപായം തന്നെയാണ്.

ഇതല്ലാതെ നിഷ്കർഷമായിരിക്കുന്ന അനേകചില്ലറ (അന്തഃകരണവൃത്തികളെ വായുക്കളാക്കി പറഞ്ഞത് "പ്രാണ ഏവ മനഃ മന ഏവ പ്രാണഃ" എന്ന നിയമമനുസരിച്ചാണ്. ശക്തുഭേദത്താലത്രേ ഇവയെ രണ്ടായി വ്യവഹരിക്കുന്നത്.) വായുക്കൾ ശ്വാസഗതാഗതസഹായത്താൽ പ്രകാശിച്ചുകൊണ്ട് ശരീരത്തിൽ പലസ്ഥാനത്തിലും ഉണ്ട്. അവ 1.മനസ്സ് 2.ബുദ്ധി 3.ചിത്തം 4. അഹങ്കാരം എന്ന ഈ നാലു സ്വഭാവങ്ങളോടു കൂടിയ അന്തഃകരണമാകുന്നതും സ്വഭാവം തന്നെ. എന്തെന്നാൽ ശ്വാസം ബലപ്പെട്ടാൽ അന്തഃകരണം മലിനീഭവിക്കും. നയപ്പെട്ടാൽ പ്രകാശസമ്പന്നമാകും. ഈ അന്തഃകരണത്തിലടങ്ങിയിരിക്കുന്ന നാലു സ്വഭാവങ്ങളിൽ മനസ്സായത്, ഭാവികാലസ്ഥിതിയെ ഗൗനിക്കാതെ അതിന്റെ പ്രത്യക്ഷത്തിൽ കാണുന്ന വിഷയത്തിൽ സൂചിക്കൊത്ത[1] ന്യായത്തിൽ ഉടനെ വ്യാപരിക്കും.

ചിത്തമെന്നാൽ അപ്രകാരം മനസ്സു വ്യാപരിച്ച ഉടനെ ഏതെങ്കിലും അനുമാനത്തെ കൊടുക്കുന്നതു തന്നെയാണ്. ബുദ്ധിയെന്നാൽ അപ്രകാരം അനുമാനമുണ്ടായ ഉടനെ വിഹിതാവിഹിതങ്ങളെ വിചാരിച്ച് ഉചിതമായ കൃത്യം ഇന്നതെന്ന് നിർണ്ണയിക്കുന്നതാണ്. അഹങ്കാരമാകട്ടെ യാതൊരു കാര്യത്തെയെങ്കിലും ചെയ്‌വാൻ തുനിയുന്നതാണ്. ഒരു വിഷയത്തിൽ മനസ്സു വ്യാപരിച്ച് ചിത്തം അനുമാനിച്ച ഉടനെ ആ വിഷയത്തെ ബുദ്ധിയുടെ വിചാരണയ്ക്ക് കൊണ്ടുവന്ന് അഹങ്കാരം ചേർന്ന് നടത്തുന്ന നടപടി വൃഥാവിലല്ലാതെയും അംഗീകരിക്കത്തക്കതും ആയിരിക്കും. ഈ ക്രമം വിട്ട് (തെറ്റി) ഏതു വിഷയത്തിലെങ്കിലും മനസ്സ് വ്യാപിച്ച അല്ലെങ്കിൽ അനുമാനം ജനിച്ച ഉടനെ ബുദ്ധിമയവിചാരണ കൂടാതെ അഹങ്കാരം കേറി വർദ്ധിച്ചു ക്രമോല്ലൽഘിയായ നടപടിക്കിടയാക്കുമെങ്കിൽ അതിനാലാപത്തും, ശരീരവ്യഥയും, അപകീർത്തിയും, ധനനഷ്ടവും സംഭവിക്കുമെന്നുള്ളത് ലോകാനുഭവത്താൽ ദൃഢപ്പെട്ടിരിക്കുന്നതാകുന്നു. അതിനെ നിഗ്രഹിക്കുന്നതിലേയ്ക്ക് ആർക്കും കഴികയില്ല. ആകയാൽ ഗുണദോഷവിചാരംകൂടാതെ പ്രവൃത്തി പാടില്ല.

ദുഷ്‌പ്രവൃത്തി ഹേതുവായി ആപത്തു സംഭവിച്ച് കറങ്ങുന്ന സമയത്തുമാത്രം എങ്ങാനും വിചാരണ ചെയ്‌വാൻ തുടങ്ങുന്ന മൂഢജനങ്ങൾക്കുവേണ്ടി പശ്ചാത്താപം കൊണ്ടാടുന്നതു കൊണ്ടുമാത്രം പ്രയോജനം വല്ലതുമുണ്ടോ? അപ്രകാരം വിചാരം കൂടാതെ പ്രവർത്തിച്ചതിലേയ്ക്ക് അവരെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിക്കണം. എങ്കിലേ ശരിയാകൂ. ഇവിടെ പ്രായശ്ചിത്തമെന്നു പറഞ്ഞതിന്റെ അർത്ഥം സാധാരണ ധരിച്ചും നടന്നും നടത്തിച്ചും വരുന്ന പ്രകാരം ധനം മുതലായവയെക്കൊണ്ട് പെരുമാറുകയെന്നുള്ളതാണെന്നു ധരിക്കരുത്.പിന്നെയോ, "പ്രായോ നാമതപഃ പ്രോക്തം ചിത്തം നിശ്ചയ ഉച്യതേ, തപോ നിശ്ചയ സംയുക്തം പ്രായശ്ചിത്തം, തദുച്യതേ". അതായത് പ്രായഃ എന്നതിന് തപസ്സെന്നും "തപ-ഉപതാപേ" എന്ന ധാത്വർത്ഥപ്രകാരം തപസ്സെന്നതിന് താപ(വ്യസന)മെന്നും ചിത്തമെന്നതിന് നിശ്ചയമെന്നും ഇങ്ങനെ തപസ്സും നിശ്ചയവും കൂടിച്ചേർന്നത് പ്രായശ്ചിത്തം എന്നും അർത്ഥം ആകുന്നു. ഏതെങ്കിലും ഒരു കടുംകൈ ചെയ്തുപോയാൽ, "അയ്യോ! ഞാനിങ്ങനെ ചെയ്തുപോയല്ലോ" എന്നു പശ്ചാത്താപപ്പെടുകയും, തരം പോലെ പിന്നെയും പിന്നെയും ചെയ്‌കയും പശ്ചാത്തപിക്കയും ചെയ്താൽ അത് പ്രായശ്ചിത്തമാകയില്ല. പാപം പ്രഭൂതമായി വർദ്ധിച്ച് നരകാനുഭവത്തിനേ തരമാകയുള്ളു. അതിനാൽ "അയ്യോ! ഞാനിങ്ങനെ ചെയ്തുപോയല്ലോ" എന്നുള്ള പശ്ചാത്താപത്തോടുകൂടി "ഇനി ഞാനിങ്ങനെ ചെയ്യുകയില്ല" എന്നൊരു നിശ്ചയവും കൂടെ ചേർത്തുകൊണ്ട് അപ്രകാരം നടക്കുന്നുവെങ്കിൽ മാത്രം അപ്പോൾ പ്രായശ്ചിത്തശബ്ദത്തിന്റെ അർത്ഥവും തൽഫലവും ശരിയായി സിദ്ധിക്കും.

പഞ്ചഭൂതങ്ങളാകുന്ന അഞ്ചു വിഷയങ്ങളേയും അറിഞ്ഞുകൊണ്ട് സുഖദുഃഖാവസ്ഥകളെ അനുഭവിക്കുമാറ് അന്തഃകരണങ്ങൾക്ക് സഹായം ചെയ്യാനായി ജ്ഞാനേന്ദ്രിയങ്ങളെന്ന അഞ്ചു വായുക്കൾ, അവയ്ക്കായി നിഷ്കർഷിക്കപ്പെട്ട സ്ഥാനങ്ങളിൽ, ദർപ്പണങ്ങൾ എന്നതുപോലെ ശരീരത്തിൽ ശോഭിക്കുന്നു. ഈ ഇന്ദ്രിയങ്ങളിൽ ഓരോന്നും ഓരോരോ ഭൂതസംബന്ധമായുള്ള വിഷയത്തെ ഗ്രഹിക്കുവാൻ സാധനമായിരിക്കുന്നു. ഈ ഇന്ദ്രിയങ്ങളിൽ ഏതിലെങ്കിലുമാകട്ടെ അന്തഃകരണപ്രവേശമുണ്ടായാലല്ലാതെ വിഷയഗ്രഹണം പറ്റുകയില്ല. "അന്യത്രമനാ അഭൂവം നാശ്രൗഷം" (എന്റെ മനസ്സ് വേറൊന്നിലായിരുന്നതുകൊണ്ട് ഞാൻ കേട്ടില്ല) എന്നു തുടങ്ങിയ ശ്രുതി അതിനു തെളിവാകുന്നു. ഒരിന്ദ്രിയവിഷയത്തിൽ അന്തഃകരണപ്രവേശം ഉണ്ടായിരിക്കെ മറ്റുള്ള ഇന്ദ്രിയങ്ങളുടെ വിഷയങ്ങൾ മിഥ്യാഭൂതങ്ങളായിരിക്കുന്നു. സുഷുപ്തിസമയത്തിൽ അന്തഃകരണം ലയിച്ചിരിക്കയാൽ അപ്പോൾ സകല ഇന്ദ്രിയങ്ങളും നിഷ്‌പ്രയോജനങ്ങളാണ്. അന്തഃകരണം ദൃഢമായിരിക്കുമ്പോൾ അത് പഞ്ചേന്ദ്രിയങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ പ്രവേശിച്ചുകൊണ്ടല്ലാതിരിക്കില്ല. അന്തഃകരണമാകട്ടെ ഇന്ദ്രിയമാർഗ്ഗത്തൂടെ വിഷയാദികളിൽ വിശ്വാസം വെപ്പതും തൽസംബന്ധമായി പെരുമാറ്റത്തിന് തുനിയുന്നതുമത്രേ പ്രപഞ്ചാനുഭവം. ഈയനുഭവം അതു ലഭിച്ച നിമിഷം മാറിയാൽ മിഥ്യയായും വ്യസനസാഗരത്തിൽമുക്കുന്നതായും ഇരിക്കയാൽ ഈ ഇന്ദ്രിയാനുഭവത്തെ വിശ്വസിച്ചുകൂടെന്നുള്ളത് നിശ്ചയം തന്നെ.

ഏതൊരുത്തനും വസ്തു പ്രത്യഭിജ്ഞാനാർത്ഥമായും[2] മറ്റും ഒന്നിനെ ഊന്നി ആലോചിക്കുന്ന സമയത്തിൽ ശ്വാസത്തെ തന്റെ നിലയിൽ സ്തബ്ധമാക്കി നിർത്തുന്നത് സ്വാധീനമായും ആ ആലോചനസമയത്തിൽ നിദ്രയിൽ എങ്ങനെയോ അപ്രകാരം അന്തഃകരണം അടങ്ങി ഇന്ദ്രിയങ്ങൾ നിഷ്പ്രയോജനമായിരിക്കുന്നത് സഹജമായും ഇരിക്കയാൽ ഈ വിധം അന്തഃകരണം കൈവശപ്പെടുന്ന സ്വല്പകാലത്തിൽ അതിനെ വിഷയാദികളിൽ പ്രവേശിക്കാത്തവിധം അടക്കി തന്റെ മധ്യനില ഏതെന്ന് അറിവുകൊണ്ട് നിർണ്ണയിക്കുന്നത് ആത്മനിഷ്ഠയാകുന്നു. ഈ നിഷ്ഠയിൽ സാക്ഷിമാത്രമായിരിക്കുന്ന അറിവുതന്നെ (ജ്ഞാനമേ) താൻ എന്ന ദൃഢപ്രത്യയമുണ്ടായി സൂക്ഷ്മമായ ഈ നിഷ്ഠയിൽ അത്യാഗ്രഹമില്ലാത്ത അജ്ഞാനികൾ സൽഗതിയെ പ്രാപിക്കുന്നതിനു വേറേ മാർഗ്ഗമുണ്ടെന്ന് വിശ്വസിക്കുന്നതിൽ ഒരു പ്രയോജനവുമില്ല.

പിന്നേയും പ്രബലമായ മൂന്നു വായുക്കൾ ജലം, അഗ്നിം വായി ഈ മൂന്നു ഭൂതങ്ങളുടെ സ്വഭാവങ്ങളോട് കൂടി ശ്ലേഷ്മ[3]പിത്തവാതങ്ങളെന്ന മൂന്നു ധാതുരൂപങ്ങളായി ഈ ശരീരത്തിൽ പ്രകാശിക്കുന്നു. ഈ ധാതുക്കളിൽ വായുവിന്റെ സ്വഭാവത്തോടുകൂടിയ വാതം സൃഷ്ടികർത്താവായും അഗ്നിയുടെ സ്വഭാവത്തോടുകൂടിയ പിത്തം രക്ഷകർത്താവായും ജലത്തിന്റെ സ്വഭാവത്തോടുകൂടിയ ശ്ലേഷ്മം സംഹാരകർത്താവായും അധികാരങ്ങളെ സ്വീകരിച്ച് നടത്തി വരുന്നു. ശ്ലേഷ്മധാതു പിത്തധാതുവിനും പിത്തം വാതധാതുവിനും അടങ്ങിനടക്കേണ്ടതാണ്. ശ്ലേഷ്മധാതു അതിക്രമിച്ചാൽ അപായം തന്നെ. പിത്തധാതു പ്രകൃതി വിട്ടാൽ ഉടനെ അതു കാരണമായി നിന്ന് ശ്ലേഷ്മധാതുവിനെ അധികപ്പെടുത്തി അപായസ്ഥിതിയിലാക്കും. ശരീരസ്ഥിതിയെ അറിഞ്ഞുകൊള്ളുന്നതിൽ ഈ ധാതുക്കൾ തക്ക സാധനങ്ങളായിരിക്കുന്നു. ഇവ കൂടാതെ വേറെ ഓരോരോ ചില്ലറ വായുക്കള്ളും അതാതിനു തക്കപോലെ ദേഹസംബന്ധമായുള്ള കാര്യങ്ങളെ നടത്തുന്നതിൽ ഏർപ്പെട്ടിരിക്കയാൽ അവയിൽ ചിലത് ദേഹസംരക്ഷണാർത്ഥം ഉൾക്കൊള്ളുന്ന ആഹാരങ്ങളിൽ ജലത്തേയും മറ്റുള്ള ഭക്ഷണസാധനങ്ങളേയും ക്രമമായി കൊണ്ടുചെന്ന് നിയതദ്ഥാനങ്ങളിൽ പ്രത്യേകം പ്രത്യേകമായി ചേർക്കുന്നു. അപ്രകാരം ചേർക്കപ്പെടുന്ന ആഹാരങ്ങളെ ചില വായുകൾ ജീർണ്ണപ്പെടുത്തുന്നു. അങ്ങനെ ജീർണ്ണമായതിനു ശേഷം ആ ആഹാരങ്ങളുടെ സാരാംശങ്ങളെ ചില വായുക്കൾ ശരീരത്തിലുള്ള അനേകവായ്ചാലുകളിൽ കൊണ്ടുചെന്നു യാവദ്ദേഹാദന്ത്യം കലർത്തി മാംസം, രക്തം, അസ്ഥികൾ, ഞരമ്പുകൾ, കുടലുകൾ, നഖങ്ങൾ, രോമങ്ങൾ മുതലായവയെ വൃദ്ധിയാക്കുന്നു. ആവിധ വർദ്ധനയ്ക്കായിട്ട് ഉപയോഗപ്പെടുത്തുന്നത് നീക്കി ശേഷമുള്ള അംശം ഓരോ രോമക്കാൽ വഴിയിലൂടെ വിയർപ്പായിട്ട് പുറപ്പെട്ട് ത്വക്കിന്മേൽ അഴുക്കായി ചേരുന്നു. ഈ അഴുക്കിനെ മാറ്റുന്നതിന് പ്രതിദിനം സ്നാനം ചെയ്തില്ലെങ്കിൽ ആയത് രോമദ്വാരങ്ങളെ അടച്ചുകളയുമെന്നതും അതിനാൽ ശരീരത്തിൽ ദുർന്നീരു തങ്ങിനിന്ന് വ്യാധിയുണ്ടാക്കുമെന്നതും എല്ലാവർക്കും അനുഭവമാണല്ലോ. ഇപ്രകാരം, ആഹാരങ്ങളുടെ സാരാംശങ്ങൾ ഉപയോഗപ്പെട്ടതിനു ശേഷം കട്ടിയായുള്ള അംശങ്ങൾ അതുകൾക്കായി ഏർപ്പെട്ടിരിക്കുന്ന മലജലമാർഗ്ഗങ്ങളിൽ ചെന്ന് പുറത്ത് പോകുമാറ് ചില വായുക്കൾ പ്രവർത്തിക്കുന്നു. ദേഹത്തിലെ മറ്റുള്ളദ്വാരങ്ങളിന്മാർഗ്ഗത്തൂടെ ചില മലിനജലങ്ങളും അഴുക്കുകളും കൂടി പുറപ്പെടുന്നുണ്ട്. ഈ സർവ്വവായുക്കളും അഹോരാത്രം നിമിഷമെങ്കിലും ഇടവിടാതെ അതതിന്റെ കാര്യങ്ങളെ എത്രയും ഭദ്രമായി നടത്തിവരുന്നതിനാൽ ഉപാധിക്കാസ്പദമായുള്ള ആഹാരങ്ങളെ[4] വിലക്കിപ്പരിചരിച്ചിട്ടുള്ള (ഉത്തമമായിട്ടുള്ള)വയെ മാത്രം അളവും സമയവും തെറ്റാതെ സാഹിച്ചുപോന്നില്ലെങ്കിൽ ദേഹത്തിലുള്ള രക്തമാംസാദിയെ മുന്നിട്ട് കുടലുകളെ ബാധിക്കും. ആകയാൽ ഈ വിഷയത്തിൽ എത്രയും ജാഗ്രതയായിരിക്കനം. ഉൾക്കൊള്ളുന്ന ആഹാരങ്ങളെ ജീർണ്ണപ്പെടുത്തുന്നതിന് ഉതകുന്ന വായുക്കൾക്ക് നിദ്രാവസ്ഥയുടെ സഹായം മുഖ്യമാകയാൽ ഈ അവസ്ഥയെ നിർബന്ധിക്കുക്ക[5] പാടില്ല. ശരീരത്തിന്റെ ഏതു സ്ഥാനത്തിൽ രക്തസഞ്ചാരം ഇല്ലാതിരിയ്ക്കുന്നുവോ അവിടെ ഉണർവ്വില്ല. അതിനാൽ പ്രാണവായു രക്തരൂപമുള്ളതാണെന്ന് വിശ്വസിച്ച് രക്തപുഷ്ടി വിഷയത്തിൽ ഗൗനിക്കേണ്ടതാണ്. കർമ്മേന്ദ്രിയങ്ങൾ എന്നു നാമം സിദ്ധിച്ച് പ്രവൃത്തികൾ നടത്തുന്നതിന് സാധനങ്ങളായിരിക്കുന്ന അഞ്ചു വായുക്കളും ചേഷ്ടിക്കുന്നതിന് അഹങ്കാരം കാരണമായിരിക്കയാൽ ആ അഹങ്കാരം മേലിട്ടാലല്ലാതെ ഈ വായുക്കൾക്ക് ശക്തിയില്ല. ദേഹസ്ഥിതിയെ വിചാരിച്ചാൽ ഇത് അപായകരമായും ബഹുജാഗ്രതയോടുകൂടി രക്ഷിക്കേണ്ടതായും ഇതു നിമിത്തം വിളയുന്ന ആപത്തുകൾ അപാരമായും ഇരിക്കുന്നു. ഇശ്ശരീരത്തിന്റെ അനുഭവം നരകാനുഭവം തന്നെ. ഇതിലടങ്ങിയിരിക്കുന്ന ദുർഗ്ഗന്ധങ്ങൾക്ക് സദൃശമായി പറയുന്നതിലേയ്ക്ക് ഒന്നുമില്ല. ആകയാൽ ഈ ശരീരത്തിലും ഇത് സംബന്ധമായ വിഷയത്തിലും അഭിമാനം വെയ്ക്കാതെ തത്ത്വജ്ഞാന വിചാരണയിൽ കാലത്തെക്കഴിച്ചു ഗതിയെ പ്രാപിക്കുന്നതാണ് ഈ മനുഷ്യജന്മത്തിനടുത്തത്.


കുറിപ്പുകൾ[തിരുത്തുക]


  1. സൂചിപോകുന്ന വഴിയേ നൂലും പോകും. ഇന്ദ്രിയം ഏത് വിഷയത്തിലേക്ക് പോകുന്നുവോ ആ വിഷയത്തിലേക്ക് മനസ്സും പോകും
  2. വസ്തുപ്രത്യഭിജ്ഞാനാർത്ഥം - വസ്തുവിന്റെ പ്രത്യഭിജ്ഞാനത്തിനു വേണ്ടി. പ്രത്യഭിജ്ഞാനം - മുമ്പ് അറിഞ്ഞത് തന്നെയാണ് ഇത് എന്നുള്ള തിരിച്ചറിവ്
  3. കഫം
  4. ഈ വായുക്കളുടെ പ്രവർത്തനത്തിന് ആസ്പദമായിട്ടുള്ള
  5. ബലമായി ഉറക്കത്തെ ഇല്ലാതാക്കാൻ പാടില്ല