അദ്വൈതചിന്താപദ്ധതി/തത്ത്വമസിമഹാവാക്യോപദേശം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
അദ്വൈതചിന്താപദ്ധതി
രചന:ചട്ടമ്പിസ്വാമികൾ
തത്ത്വമസിമഹാവാക്യോപദേശം

തത്ത്വമസിമഹാവാക്യോപദേശം
[തിരുത്തുക]

മുൻ പ്രകരണം കൊണ്ടു [1]ലയസമാധി മാർഗ്ഗത്തെയാണല്ലോ വിവരിച്ചത്. ആ മാർഗ്ഗം ശാസ്ത്രങ്ങളിൽ അനുശാസിക്കപ്പെട്ടിട്ടുള്ളത് മുമുക്ഷുക്കളിൽ വച്ചു [2]കനിഷ്ഠാധികരികൾക്കാണ്. എന്നാൽ ഇനിയും പറയുവാൻ പോകുന്ന ഈ പ്രകരണം ഉത്തമാധികാരിയായ മുമുക്ഷുവിന് [3]ബാധിതാനുവൃത്തി കൊണ്ട് ലബ്ധമാകുന്ന ജീവന്മുക്തിക്കുള്ള മാർഗ്ഗത്തെ കാണിക്കുന്നു. അതിനു ബ്രഹ്മാത്മൈകപ്രതിപാദകങ്ങളായ വേദാന്തമഹാവാക്യങ്ങളുടെ അർത്ഥത്തെ ഗുരുമുഖത്തിൽ നിന്നും ശ്രവണം ചെയ്യേണ്ടതാകുന്നു. അതിൽ സാമവേദാന്തർഗ്ഗതമായ ഛാന്ദോഗ്യ്യോപനിഷത്തിലുള്ള "തത്ത്വമസി" എന്ന മഹാവാക്യത്തെ സമ്പ്രദായരീത്യാ പ്രതിപാദിക്കുന്നു.

തത്ത്വമസി:- ഈ മഹാവാക്യത്തിൽ തത്, ത്വം, അസി എന്നു മൂന്നു പദങ്ങളുണ്ട്. അവയുടെ അർത്ഥം:- തത്=അത്, ത്വം=നീ, അസി=ആകുന്നു ഇങ്ങനെയാണ്. ഇവയിൽ 'അത്' എന്നത് ഈശ്വരനേയും 'നീ' എന്നത് ജീവനേയും 'ആകുന്നു' എന്നത് രണ്ടിനും കൂടിയുള്ള (ജീവനും ഈശ്വരനും തമ്മിലുള്ള) ഐക്യത്തേയും (ശിവത്തേയും) കുറിക്കുന്നു. ഇത്രയുംകൊണ്ടു 'നീ ഈശ്വരനാകുന്നു' എന്ന അർത്ഥം സിദ്ധിക്കുന്നു.

ശക്തിവൃത്തി[തിരുത്തുക]

ഈ അർത്ഥം പ്രകൃതത്തിന് യോജിക്കുമോ എന്ന് ഒരു ആശങ്കയുണ്ടാകാം. എന്തെന്നാൽ ഒരു ശബ്ദം കേൾക്കുമ്പോൾ അതിനുള്ള അർത്ഥം ഓർമ്മയിൽ വരുന്നതിന് കാരണമായ പദവും [4]പദാർത്ഥവും തമ്മിലുള്ള സംബന്ധത്തിനു "ശക്തിവൃത്തി" എന്നു പറയുന്നു. ഈ ശക്തി വൃത്തികൊണ്ടു ബോധിപ്പിക്കുന്ന പദാർത്ഥത്തിനു ശക്യാർത്ഥം എന്നാണു പറയുക. ഉദാ: കുടം എന്ന ശബ്ദം കേൾക്കുമ്പോൾ വായ് ഒതുങ്ങി ഉരുണ്ട ആകൃതിയോടു കൂടി, വെള്ളം കോരുന്നതിനും മറ്റും ഉപയോഗിക്കാവുന്ന ഒരു പാത്രത്തിന്റെ പ്രറ്റീതി നമുക്കുണ്ടാകുന്നു. അത് കുടമെന്ന ശബ്ദത്തിന്റെ (പദത്തിന്റെ) ശക്യാർത്ഥമാണ്. ഇതിനു വാച്യാർത്ഥമെന്നുകൂടി പേരുണ്ട്. അതുപോലെ നീ എന്നതിന്റെ വാച്യാർത്ഥം ദേഹാഭിമാനിയായ ജീവൻ എന്നും, അത് എന്നതിന്റെ വാച്യാർത്ഥം പ്രപഞ്ചകാരണമായ ഈശ്വരൻ എന്നുമാണല്ലോ. പരിച്ഛിന്നനും സുഖദുഖാദികൾക്ക് വിധേയനും കിഞ്ചിജ്ഞനും അപരോക്ഷവിഷയത്വേന പ്രകാശിക്കുന്നവനുമായ ജീവന്, അപരിച്ഛിന്നനും സുഖദുഃഖാദ്യതീതനും സർവ്വജ്ഞനും പരോക്ഷത്വേന ഭാസിക്കുന്നവനുമായ ഈശ്വരനോടുള്ള ഐക്യം ഒരിക്കലും യുക്തമല്ല

ലക്ഷണാവൃത്തി[തിരുത്തുക]

ഈ ആശങ്കയ്ക്ക് സമാധാനം പറയുന്നു: പദത്തിനും (ശബ്ദത്തിനും) അർത്ഥത്തിനും തമ്മിലുള്ള സംബന്ധം ശക്തിവൃത്തിയിൽ മാത്രം പര്യവസാനിക്കുന്നില്ല. അങ്ങനെ പര്യവസാനിക്കുമായിരുന്നെങ്കിൽ മേല്പറഞ്ഞ ആശങ്ക ശരിയായേനെ, എന്നാൽ അങ്ങനെ അല്ല, പദപദാർത്ഥസംബന്ധം ശക്തിവൃത്തിയിൽ മാത്രമല്ല ലക്ഷണാവൃത്തിയിലും കൂടി വ്യാപിക്കുന്നുണ്ട്. ഒരു പദാർത്ഥത്തെ ശക്തിവൃത്തിയാൽ അറിയാൻ കഴിയാതെ വന്നാൽ 'ലക്ഷണാവൃത്തി' കൊണ്ട് അറിയണമെന്ന് ആചാര്യന്മാർ അനുശാസിച്ചിരിക്കുന്നു. ആ നിലയിൽ ശക്തി എന്നും ലക്ഷണ എന്നും വൃത്തി രണ്ടു വിധമുണ്ട്.അർത്ഥബോധത്തിന് മുഖ്യാർത്ഥം (വാച്യാർത്ഥം) പര്യാപ്തമാകാതെ വന്നാൽ മറ്റേതെങ്കിലും പ്രമാണം കൊണ്ട് ആ മുഖ്യാർത്ഥത്തെ ഗ്രഹിക്കുന്നതിന് വിരോധം നേരിട്ടാൽ, ആ മുഖ്യാർത്ഥത്തെ വിട്ടു തത്സംബന്ധിയായ ഒന്നിനെ സ്വീകരിക്കുന്നതിന് (ഒന്നിന്റെ പ്രതീതി ഉളവാക്കുന്നതിന്) ലക്ഷണാവൃത്തി എന്നു പറയുന്നു.

ജഹല്ലക്ഷണ[തിരുത്തുക]

ഈ ലക്ഷണാവൃത്തി ജഹല്ലക്ഷണ (വിട്ട ലക്ഷണ), അജഹല്ലക്ഷണ (വിടാത്ത ലക്ഷണ), ജഹദജഹല്ലക്ഷണ (വിട്ടുവിടാത്ത ലക്ഷണ) ഇങ്ങനെ മൂന്നു വിധമുണ്ട്. അവയിൽ ജഹല്ലക്ഷണ എന്നാൽ വാചാർത്ഥത്തെ മുഴുവൻ തള്ളി അതിനോട് സംബന്ധപ്പെട്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രതീതി ഉളവാക്കുന്ന വൃത്തി എന്നർത്ഥമാകുന്നു. ഉദാ: ഗംഗായാം ഘോഷഃ (ഗംഗയിൽ ഗോപന്മാരുടെ ഗ്രാമം ഇരിക്കുന്നു). ഇവിടെ ഗംഗ എന്നതിന് ജലപ്രവാഹം എന്നാണല്ലോ വാച്യാർത്ഥം. അവിടെ ഗ്രാമം ഇരിക്കുകയില്ല. അതുകൊണ്ട് പ്രവാഹരൂപേണ വർത്തിക്കുന്ന ഗംഗയെന്ന വാച്യാർത്ഥത്തെ വിട്ട് അതിന്റെ കരയിൽ ഗ്രാമം ഇരിക്കുന്നു എന്ന ലക്ഷ്യാർത്ഥം ജഹല്ലക്ഷണകൊണ്ട് ധരിക്കേണ്ടതാകുന്നു.

അജഹല്ലക്ഷണ[തിരുത്തുക]

ഇനിയും അജഹല്ലക്ഷണയെ വിവരിക്കാം. വാച്യാർത്ഥത്തോടുകൂടിത്തന്നെ തത്സംബന്ധിയായ ഒരു വസ്തുവിന്റെ ബോധം ഉളവാക്കുന്ന വൃത്തിക്ക് അജഹല്ലക്ഷണ എന്നു പറയുന്നു. ഉദാ: ശോണോ ധാവതി (ചെമപ്പ് ഓടുന്നു). ഈ വാചകത്തിലെ ചെമപ്പ് എന്നത് ഒരു ഗുണമാകുന്നു. അതിന് ഓടുവാൻ കഴിവില്ല. അതിനാൽ ആ ചെമപ്പ്നിറത്തിന് ആശ്രയമായ ഒരു ജന്തുവിന്റെ പ്രതീതി ഉണ്ടാകുന്നു. അതുകൊണ്ട് ചെമപ്പുനിറമുള്ള അശ്വത്തിലോ മറ്റോ ലക്ഷണ സിദ്ധിക്കുന്നു.

ജഹദജഹല്ലക്ഷണ[തിരുത്തുക]

അടുത്തതു ജഹദജഹല്ലക്ഷണയാണ്. വാച്യാർത്ഥത്തിന്റെ ഒരംശത്തെ വിട്ട് മറ്റൊരംശത്തെ ഗ്രഹിക്കുമ്പോൾ ജഹദജഹല്ലക്ഷണയായി. ഇതിന് ഭാഗത്യാഗലക്ഷണ എന്നുകൂടി പേരുണ്ട്. ഉദാ:സോഽയം ദേവദത്തഃ (ആ ദേവദത്തനാണ് ഇവൻ). ഇവിടെ മുൻപ് ഒരു കാലത്ത് ഒരു ദേശത്തുവച്ച് അറിയപ്പെട്ട ദേവദത്തൻ തന്നെയാണ് ഈ കാലത്ത് ഈ ദേശത്തുവച്ച് അറിയപ്പെടുന്നവൻ എന്നാണ് വാച്യാർത്ഥം. കഴിഞ്ഞുപോയ ആ കാലത്തോടും ആ ദേശത്തോടും ചേർന്ന് നിൽക്കുക എന്ന വിശേഷണത്തിനും ഈ കാലത്തോടും ഈ ദേശത്തോടും ചേർന്ന് നിൽക്കുക എന്ന വിശേഷണത്തിനും തമ്മിൽ പൊരുത്തമിലായ്കയാൽ ആ വിശേഷണങ്ങളെയെല്ലാം തള്ളിയിട്ടു ദേവദത്തനെമാത്രം ഗ്രഹിക്കുന്നതിന് ജഹദജഹല്ലക്ഷണ എന്നാണു പറയുക

വാച്യാർത്ഥവും ലക്ഷ്യാർത്ഥവും[തിരുത്തുക]

ഈ മൂന്നു ലക്ഷണാവൃത്തികൾകൊണ്ടു തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാർത്ഥം മനസ്സിലാക്കേണ്ടതാകുന്നു. ജഹല്ലക്ഷണകൊണ്ടു 'ത്വം' പദത്തിന്റെയും അജഹല്ലക്ഷണകൊണ്ടു 'തത്' പദത്തിന്റെയും ജഹദജഹല്ലക്ഷണകൊണ്ടു 'അസി' പദത്തിന്റെയും ലക്ഷ്യാർത്തം ബോധിക്കണമെന്നു താല്പര്യം.

എന്നാൽ ലക്ഷ്യാർത്ഥബോധത്തിന് വാച്യാർത്ഥജ്ഞാനം അത്യാവശ്യമാകയാൽ ആദ്യം ആ വാച്യാർത്ഥത്തെ തന്നെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു. ത്വം (ജീവൻ) തത് (ഈശ്വരൻ) അസി (ശിവം) എന്നാകുന്നു തത്ത്വമസി വാക്യത്തിന്റെ അന്വയം. ഈ വാക്യത്തിൽ ത്വം പദം ആദ്യമായി അന്വയിക്കാനുള്ള കാരണം 'നീ' എന്ന ജീവൻ, താൻ നിർവ്വികാരനായി ചിദ്രൂപനായിരുന്നിട്ടും ആ നില അറിയാതെ ജഡങ്ങളായ ദേഹാന്ദ്രിയാദികളെ താനെന്ന് അഭിമാനിച്ചിരിക്കുന്നതിനാൽ 'അത്' എന്ന ഈശ്വരൻ താനല്ലെന്ന് ആദ്യം തന്നെ സ്പഷ്ടമാക്കുന്നതിനാണ്.

'ത്വം' പദശ്രവണക്രമം[തിരുത്തുക]

'ത്വം' പദാർത്ഥമായ ജീവൻ യഥാർഥത്തിൽ പരിശുദ്ധമായ ബ്രഹ്മചൈതന്യമാണെങ്കിലും ദേഹം, ഇന്ദ്രിയം, മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, പ്രാണൻ എന്നിങ്ങനെയുള്ള ഏഴ് കാര്യോപാധികളെ താനെന്നഭിമാനിക്കുക നിമിത്തം അശുദ്ധനായിത്തീർന്നിരിക്കുകയാണ്. ഇത് 'ത്വം' പദത്തിന്റെ വാച്യാർത്ഥമാകുന്നു. മേല്പറയപെട്ട ഏഴു കാര്യോപാധികളേയും താനല്ലെന്നു ബോധിച്ചു തള്ളുമ്പോൾ അവയ്ക്കെല്ലാം സാക്ഷിയായിരുന്നു പ്രകാശിക്കുന്ന ജ്ഞാനസ്വരൂപമായ കൂടസ്ഥചൈതന്യമാണു 'ത്വം' പദ ലക്ഷ്യാർത്ഥം 'ത്വം' പദത്തിന്റെ വാച്യാർത്ഥം അശുദ്ധരൂപവും ലക്ഷ്യാർത്ഥം ശുദ്ധരൂപവുമാണെന്നു സാരം. അതുകൊണ്ട് അശുദ്ധരൂപങ്ങളായ ഏഴു കാര്യോപാധികളെ മുഴുവനും നീക്കേണ്ടതാകുന്നു. അതെങ്ങനെയെന്നാൽ: ദേഹാഭിമാനം നിമിത്തം ദേഹോഽഹം (ഞാൻ ദേഹമാകുന്നു) എന്നാണല്ലോ നീ വിചാരിക്കുന്നത്. ആലോചിച്ചു നോക്കിയാൽ അതു ശരിയല്ലെന്നു കാണാവുന്നതാണ്. എങ്ങനെയെന്നാൽ നീ തന്നെ 'എന്റെ ദേഹം' എന്നു പറയാറുണ്ട്. കരചരണാദ്യവയവസംഘാതമാണല്ലോ ദേഹം. അവയിൽ ഓരോന്നിനെയും എടുത്തു പരിശോധിക്കുമ്പോൾ എന്റെ കണ്ണ്, എന്റെ കൈയ്യ് എന്നെല്ലാമല്ലാതെ ഞാൻ കണ്ണ്, ഞാൻ കൈ എന്നു പറയാറില്ല. അവയവസംഘാതത്തെ ഒരുമിച്ചും ഞാൻ എന്ന് അഭിമാനിക്കാറില്ല. എന്റെ ദേഹമെന്നല്ലാതെ 'ഞാൻദ്ദേഹം' എന്ന് ആരും പറയുകയില്ല. അതുകൊണ്ട് എന്റെ ദേഹമെന്നിടത്ത് 'ഞാൻ' വേറെ 'ദേഹം' വേറെ എന്നു സിദ്ധിക്കുന്നു. ഇതുപോലെ എന്റെ മനസ്സ്, എന്റെ ബുദ്ധി, എന്റെ ചിത്തം, എന്റെ അഹങ്കാരം, എന്റെ പ്രാണൻ, എന്ന വ്യവഹാരത്തിലും ഞാൻ ഉപാധികളിൽ നിന്നും വേറിട്ടാണ് നിൽക്കുന്നത്. എന്തുകൊണ്ടെന്നാൽ മേല്പറയപ്പെട്ട ദേഹാദിപ്രാണപര്യന്തം ഏഴു കാര്യോപാധികളോടും ചേർന്ന്, എന്റെ, എന്റെ എന്നിങ്ങനെ അഭിമാനിക്കുന്ന ഞാൻ ആ ഉഒആധികളല്ലെന്നും എന്നാൽ അവയ്ക്കെല്ലാം ഉള്ളിലായി സാക്ഷിരൂപേണ വർത്തിക്കുന്ന ഒന്നാണെന്നും വിചാരിച്ചറിയേണ്ടതാണ്. ആ വിചാരക്രമം; 'ഗംഗായാം ഘോഷഃ' എന്ന വാചകത്തിലെ വാച്യാർത്ഥമായ ജലപ്രവാഹത്തെ തള്ളി ലക്ഷണാവൃത്തികൊണ്ട് ഗംഗയുടെ കരയിൽ ഇടയന്മാരുടെ ഗ്രാമം ഇരിക്കുന്നു എന്നു ഗ്രഹിച്ചതുപോലെ 'ത്വം' പദവാച്യാർത്ഥമായ ഏഴു കാര്യോപാധികളെയും തള്ളി ജഹല്ലക്ഷണാവൃത്തികൊണ്ട് ആ ഉപാധികളുടെ അധിഷ്ഠാനവും സാക്ഷിയുമായ കൂടസ്ഥചൈതന്യത്തെ അറിയേണ്ടതാകുന്നു. ഇതാണ് 'ത്വം' പദശ്രവണക്രമം

'ത്വം' പദമനനക്രമം[തിരുത്തുക]

ഇനി ത്വംപദമനനം എങ്ങനെ എന്നു പറയാം:- ശ്രവണത്തിൽ പറയപ്പെട്ട ഏഴുപാധികളും സ്ഥൂലസൂക്ഷ്മകാരണങ്ങളാകുന്ന മൂന്ന് ശരീരങ്ങളായും ജാഗ്രത്സ്വപ്നസുഷുപ്തികളാകുന്ന മൂന്ന് അവസ്ഥകളായും അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്നിങ്ങനെ അഞ്ചു കോശങ്ങളായും കൂടി അറിയപ്പെടുന്നു.

ജീവൻ ഏഴുകാര്യോപാധികളോടുകൂടിയിരിക്കുന്ന അവസ്ഥ ജാഗ്രത്താകുന്നു. ആ അവസ്ഥയിൽ ജീവൻ അന്നമയകോശമെന്നുകൂടി പറയപ്പെടുന്ന സ്ഥൂലശരീരത്തെയാണ് ഞാനെന്നഭിമാനിക്കുന്നത്. അവിടെ ജീവന് വിശ്വൻ, വ്യാവഹാരികൻ, ചിദാഭാസൻ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങൾ കൂടിയുണ്ട്. ജാഗ്രദവസ്ഥയിൽ എല്ലാതത്ത്വങ്ങളിലും വ്യാപിച്ചിരിക്കയാൽ 'വിശ്വൻ' എന്നും, ആ തത്ത്വങ്ങളോടു ചേർന്ന് വ്യവഹരിക്കുക നിമിത്തം വ്യാവഹാരികനെന്നും, ചിത്തുപോലെ ചില്ലക്ഷണമില്ലാതിരിക്കുകയാൽ 'ചിദാഭാസനെന്നും' ഉള്ള പേരുകൾ ജീവന് അന്വർത്ഥങ്ങളാകുന്നു.

ഏഴുപാധികളിൽ വച്ച് ദേഹം, ഇന്ദ്രിയം എന്നീ രണ്ട് ഉപാധികളെ വിട്ട് മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം, പ്രാണൻ എന്നീ അഞ്ച് ഉപാധികളോടു ചേർന്നിരിക്കുന്ന സ്ഥാനം, പ്രാണമയം, മനോമയം, വിജ്ഞാനമയം എന്നീ മൂന്നു കോശങ്ങളോടുകൂടിയ സൂക്ഷ്മശരീരത്തെ ഞാനെന്നഭിമാനിക്കുന്ന സ്വപ്നാവസ്ഥയാകുന്നു. അവിടെ ജീവന് തൈജസൻ, പ്രാതിഭാസികൻ, സ്വപ്നകല്പിതൻ എന്ന് മൂന്ന് അഭിനാമങ്ങൾ കൂടിയുണ്ട്. സ്വപ്നാവസ്ഥയിൽ, തേജോമയമായ അന്തഃകരണവൃത്തിയോടുചേർന്നിരിക്കയാൽ തൈജസനെന്നും, ഉണ്ടെന്നു തോന്നുന്ന (പ്രതിഭാസിക്കുന്ന) സമയത്തു മാത്രം ഇരിക്കയാൽ 'പ്രാതിഭാസികനെന്നും', അജ്ഞാനകാര്യമായ നിദ്രാശക്തിയാൽ കല്പിക്കപെട്ട സ്വപ്നത്തെ അഭിമാനിക്കുക നിമിത്തം സ്വപ്നകല്പിതനെന്നും പേരുണ്ടായി.

മേല്പറഞ്ഞ അഞ്ച് ഉപാധികളിൽവച്ച് മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം ഈ നാല് ഉപാധികളെ വിട്ട് പ്രാണനാകുന്ന ഒരു ഉപാധിയോടു ചേർന്നിരിക്കുന്ന സ്ഥാനം, ആനന്ദമയകോശാത്മകമായ കാരണശരീരത്തെ ഞാനെന്നഭിമാനിക്കുന്ന ജീവന്റെ സുഷുപ്ത്യാവസ്ഥയാകുന്നു. അവിടെ ജീവന് പ്രാജ്ഞൻ, പാരമാർത്ഥികൻ, അവിച്ഛിന്നൻ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങൾകൂടി ഉണ്ട്. സുഷുപ്ത്യവസ്ഥയിൽ ജീവൻ സ്വപ്രകാശസ്വരൂപനാകയാൽ 'പ്രാജ്ഞൻ' എന്നും വൃത്തിസംബന്ധത്തെ വിട്ടിരിക്കുക നിമിത്തം 'പാരമാർത്ഥിക'നെന്നും, കാരണവടിവായിരിക്കുകയാൽ (കാര്യോപാധികൃതമായ വിച്ഛേദം സഭവിക്കായ്കയാൽ) 'അവിച്ഛിന്നനെന്നും' പറയപ്പെടുന്നു. ആകയാൽ ഈ ഏഴ് കാര്യോപാധികളായ പഞ്ചകോശങ്ങളും സ്ഥൂലസൂക്ഷ്മകാരണദേഹങ്ങളും അവയിൽ അന്തർഭൂതങ്ങളായ പഞ്ചകോശങ്ങളും ജാഗ്രത്സ്വപ്നസുഷുപ്തികളും നീയല്ല.

അല്ലയോ പ്രിയശിഷ്യ! സ്ഥൂലശരീരമായ ജാഗ്രദവസ്ഥ ഞാനല്ലെന്നു നീ ദൃഢമായി ബോധിക്കേണ്ടതെങ്ങനെയെന്നാൽ: ഏഴുകാര്യോപാധികളും കലർന്നിരിക്കുന്ന സ്ഥൂലശരീരം ജാഗ്രദവസ്ഥ (ഉണർന്നിരിക്കുന്ന അവസ്ഥ)ആണല്ലോ. അതു സത്യമായിരുന്നെങ്കിൽ അതിന് ഒരിക്കലും മാറ്റംവരാതെ എപ്പോഴും നിലനിൽക്കേണ്ടതായിരുന്നു എന്നാൽ അതു സ്വപ്നാവസ്ഥയിൽ നശിച്ചുപോകുന്നുവെന്നു നിനക്കറിയാമല്ലോ. അതുകൊണ്ടു ജാഗ്രത്തായ സ്ഥൂലശരീരവും അതിലെ വിശ്വാദികളായ അഭിമാന നാമങ്ങളും നീയല്ലെന്നറിയേണ്ടതാകുന്നു. ഇനിയും സൂക്ഷ്മശരീരത്തെയാണല്ലോ സ്വപ്നമെന്നു പറയുന്നത്. അതും സത്യമായിരുന്നെങ്കിൽ യാതൊരു മാറ്റവുമില്ലാതെ എന്നും നിലനിൽക്കണമായിരുന്നു. എന്നാൽ അതു സുഷുപ്തിയിൽ നശിക്കുന്നതായി അറിയുന്നുണ്ട്. അതുകൊണ്ട് സ്വപ്നമായ സൂക്ഷ്മശരീരവും അതിലെ തൈജസാദ്യഭിമാനനാമങ്ങളും നീയല്ലന്നെറിയണം.

ഇനി കാരണശരീരമായ സുഷുപ്ത്യവസ്ഥ 'ഞാന'ല്ലെന്നുള്ളത് എങ്ങനെയെന്നു പറയാം. പ്രാണനായ ഒരു ഉപാധിയോടുകൂടിയിരിക്കുന്ന കാരണശരീരത്തെയാണ് സുഷുപ്തി എന്നു പറയുന്നത്. ഒന്നുമറിയാതെ അന്ധകാരമയമായിരിക്കുന്ന സുഷുപ്തി തുരീയത്തിൽ (ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകളിൽ നിന്ന് ഭിന്നമായ നാലാമത്തെ അവസ്ഥ-സമാധി-യിൽ) നശിക്കുമെന്ന് നിനക്ക് അനുഭവപ്പെടുകയാൽ ആ സുഷുപ്തിയും അതിലെ പ്രാജ്ഞാദ്യഭിമാനനാമങ്ങളും നീയല്ലെന്നു നല്ലതുപോലെ ഉറപ്പിച്ചു കൊള്ളേണ്ടതാണ്.

ഇങ്ങനെ മൂന്നു ശരീരങ്ങളും മൂന്നവസ്ഥകളും ഞാനല്ലെന്നാകുമ്പോൾ 'ഞാൻ' ആരാണെന്നുള്ള ആകാംക്ഷ നിനക്ക് ഉണ്ടെങ്കിൽ പറയാം: സ്ഥൂലസൂക്ഷ്മകാരണശരീരാന്തർഭൂതമായ അവസ്ഥാത്രയത്തിൽ നിന്നു വിലക്ഷണ (വ്യത്യസ്ത) മായി സാക്ഷിയായി പ്രകാശിക്കുന്ന ത്വം പദാർത്ഥ തുരീയ രൂപജ്ഞാനമാണ് 'നീ'യെന്നറിഞ്ഞുകൊള്ളണം. ഇങ്ങനെ ത്വംപദമനനക്രമം ഉപദേശിക്കപ്പെട്ടു.

'ത്വം' പദനിദിദ്ധ്യാസനം[തിരുത്തുക]

ഇനിയും ത്വംപദനിദിദ്ധ്യാസനമാണു പറയുന്നത്. ത്വം പദശ്രവണമനനങ്ങളിൽ പറഞ്ഞുവന്ന അർത്ഥത്തെ വഴിപോലെ ചിന്തിച്ച് അതിൽ നിന്നു സിദ്ധിച്ച 'ഞാൻ അവസ്ഥാത്രയസാക്ഷിയായ ജ്ഞാനസ്വരൂപമാകുന്നു' എന്ന അനുഭവത്തിന് നിദിദ്ധ്യാസനമെന്നു പറയുന്നു. അതെങ്ങനെയെന്നാൽ-ഏഴ് കാര്യോപാധികളോടു ചേർന്നിരിക്കുന്ന സൂക്ഷ്മശരീരവും അതിനെ അഭിമാനിക്കുന്ന വിശ്വാദിനാമങ്ങളും ജീവജാഗ്രത്താകുന്നു. അത് അഞ്ചു ഉപാധികളോടു ചേർന്നിരിക്കുന്ന സൂക്ഷ്മശരീരവും അതിനെ അഭിമാനിക്കുന്ന തൈജസാദിനാമങ്ങളും കലർന്ന ജീവസ്വപ്നത്തിൽ നശിക്കുന്നു. ആ ജീവസ്വപ്നമാകട്ടെ പ്രാണോപാധികമായ കാരണശരീരവും അതിനെ അഭിമാനിക്കുന്ന പ്രാജ്ഞാദിനാമങ്ങളും കലർന്ന ജീവസുഷുപ്തിയിൽ വിലയിക്കുന്നു. ആ ജീവസുഷുപ്തിപോലും ഉപാധിരഹിതമായ ജീവതുരീയത്തിൽ നശിക്കുന്നു. ഇങ്ങനെ സ്ഥൂലസൂക്ഷ്മ കാരണശരീരാത്മകമായ അവസ്ഥാത്രയവും തത്തദഭിമാനനാമങ്ങളും നശിച്ചാൽ തന്നെയും നാശമില്ലാത്ത ഒരു അവസ്ഥ അവശേഷിക്കുന്നു. അതാണ് തുരീയം-ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകൾക്ക് സത്താസ്ഫൂർത്തി (സ്ഥിതിയും തിളക്കവും) കൊടുത്തുകൊണ്ട് ഈ തുരീയത്തിൽ പ്രകാശിക്കുന്ന ജ്ഞാനസ്വരൂപമാണ് 'നീ'. സഗുണോപാസനകൊണ്ടു ദേവതാപ്രസാദം നേടി രാജയോഗംകൊണ്ട് മനോമാലിന്യം (മനസ്സിന്റെ വിക്ഷേപം) നീങ്ങിയിട്ടുള്ള അല്ലയോ വത്സ! നീ, മുകളിൽ പറയപ്പെട്ട ത്വംപദാർത്ഥത്തെ, ശ്രവണമനനനിദിദ്ധ്യാസനങ്ങൾ കൊണ്ട് അന്തർമ്മുഖനായി സ്വരൂപസമാധിയിൽ പ്രവേശിച്ച് അനുഭവപ്പെടുത്തേണ്ടതാകുന്നു.

'തത്' പദശ്രവണക്രമം[തിരുത്തുക]

ഇനി, തത്ത്വമസിമഹാവാക്യത്തിലെ 'തത്' പദാർത്ഥമാണ് ചിന്തനീയമായിട്ടുള്ളത്. അതിലും വാച്യാർത്ഥമെന്നും രണ്ടായി വിഭജിക്കാം. തത്പദ വാച്യാർത്ഥം സോപാധികനായ ഈശ്വരൻ എന്നും ലക്ഷ്യാർത്ഥം നിരുപാധികമായ ബ്രഹ്മചൈതന്യമെന്നും ആകുന്നു. ഈശ്വരന്റെ സോപാധികാവസ്ഥയ്ക്ക് അശുദ്ധമെന്നും നിരുപാധികാവസ്ഥയ്ക്ക് ശുദ്ധമെന്നുംകൂടി പറയുന്നു. സർവ്വജ്ഞൻ, സർവ്വകാരണൻ, സർവ്വാന്തര്യാമി, സർവ്വേശ്വരൻ, സർവ്വസ്രഷ്ടാവ്, സർവ്വസ്ഥിതികർത്താവ്, സർവ്വസംഹാരകൻ എന്നിങ്ങനെ ഏഴുകാരണോപാധികളെയും താനെന്നഭിമാനിക്കുക എന്നത് ഈശ്വരന്റെ അശുദ്ധാവസ്ഥയാകുന്നു. ആ അവസ്ഥയിൽ ഈശ്വരന് സർവ്വജ്ഞൻ മുതൽ സർവ്വസംഹാരകൻ വരെയുള്ള ഏഴ് ഉപാധിനാമങ്ങൾകൂടി സിദ്ധിക്കുന്നു. എങ്ങനെയെന്നാൽ, സർവ്വകാര്യോപാധികളെയും അറിയുന്നതിനാൽ സർവ്വജ്ഞനെന്നും, സർവ്വകാര്യങ്ങൾക്കും കാരണമായി അവ നശിച്ചാലും കാരണരൂപേണ നാശമില്ലാത്തവനായിരിക്കയാൽ സർവ്വകാരണനെന്നും, സകലകാര്യവസ്തുക്കൾക്കും ഉൾക്കാതലായിരിക്കുകയാൽ സർവ്വാന്തര്യാമി എന്നും, എല്ലാറ്റിന്റേയും നാഥനായിരുന്നു പ്രകാശിക്കയാൽ സർവ്വേശ്വരനെന്നും, എല്ലാറ്റിനെയും, സങ്കല്പമാത്രം കൊണ്ട് സ്വാന്തർഭാഗത്തിൽ സൃഷിടിക്കയാൽ സർവ്വസ്രഷ്ടാവെന്നും, അവയെ എല്ലാം വേണ്ടതുപോലെ നിലനിർത്തുകയാൽ സർവ്വസ്ഥിതികർത്താവെന്നും പ്രളയകാലത്തിൽ അവയെ (സൃഷ്ടിക്കപ്പെട്ട വസ്തുക്കളെ) തന്നിലടക്കുകയാൽ സർവ്വസംഹാരകനെന്നും അഭിമാന നാമങ്ങൾ ഈശ്വരന് ഉപപന്നങ്ങളാകുന്നു.

മേല്പറഞ്ഞ ഏഴ് കാരണോപാധികളെയും മിഥ്യയെന്നു ബോധിച്ച് തള്ളുമ്പോൾ അവയ്ക്ക് സാക്ഷിയായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യമാണ് തത്‌പദലക്ഷ്യാർത്ഥമായ ഈശ്വരന്റെ ശുദ്ധാവസ്ഥ. ഇവിടെ ഒരു ആശങ്കയുണ്ടാകാം. എങ്ങനെയെന്നാൽ "ബ്രഹ്മമെന്നത് സത്യത്വ ലക്ഷണത്തോടു കൂടിയ ഒരു പരമാർത്ഥവസ്തു"വാണെന്നത്രേ ശാസ്ത്രങ്ങൾ ഘോഷിക്കുന്നത്. ദേശകാലവസ്തുകൃതങ്ങളായ ബാധകൾക്ക് ഇടംകൊടുക്കാത്ത ഒന്നിനെ മാത്രമേ സത്യമെന്ന് പറയാവൂ. അതു ഏകവും പരിപൂർണ്ണവുമായിരിക്കണം. എന്നാൽ മുൻപ് ത്വംപദാർത്ഥത്തെ ശോധന ചെയ്തപ്പോൾ ഏഴുകാര്യോപാധികൾക്കും സാക്ഷിയായി ജീവതുര്യത്തിൽ പ്രകാശിക്കുന്നു ജ്ഞാനത്തെ വാസ്തവത്വേന അംഗീകരിച്ചിട്ടുണ്ട്. ഇവിടെ തത് പദാർത്ഥശോധനയിൽ കാരണോപാധികൾക്ക് സാക്ഷിയായി ഈശ്വരതുര്യത്തിൽ സദ്രൂപമായി പ്രകാശിക്കുന്ന ബ്രഹ്മചൈതന്യത്തെയും അങ്ങനെ തന്നെ വാസ്തവത്വേന അംഗീകരിക്കുന്നതായാൽ അവ രണ്ടും (ജ്ഞാനവും ബ്രഹ്മവും) രണ്ടായതുകൊണ്ട് പരസ്പരം പരിച്ഛേദവും തന്നിമിത്തം സത്യത്വഹാനിയും നേരിടുന്നതാണ്. അങ്ങിനെ വിഭിന്നമായിരിക്കുന്ന അവയ്ക്ക് ഐക്യമുണ്ടെന്നു പറയാനും പാടില്ല. ഈ ശങ്കയ്ക്ക് സമാധാനം പറയുന്നു.

ജ്ഞാനമെന്നും ബ്രഹ്മമെന്നും രണ്ടായി പ്രകാശിക്കുമ്പോൾ ഒന്നെന്നറിയുന്നത് ലക്ഷണാവൃത്തികൊണ്ടാണ്. മുൻപറയപ്പെട്ട ലക്ഷണാത്രയത്തിൽ ഇവിടെ അജഹല്ലക്ഷണയാണ് അംഗീകാര്യമായിരിക്കുന്നത്. എങ്ങിനെയെന്നാൽ 'ചുവപ്പ് ഓടുന്നു' എന്നു പറഞ്ഞിടത്ത് ആ വർണ്ണം, തന്നോട് അനിർവ്വചനീയതാദാത്മ്യസംബന്ധമുള്ള ഒരു വസ്തുവിനോടു ചേർന്നേ ഇരിക്കുകയുള്ളു അതിനാൽ വാച്യത്തിൽ നിന്ന് ഭിന്നമായ ഒന്നിനെകൂടി ലക്ഷ്യമാക്കുന്നു. അതുപോലെ ഇവിടെ ബ്രഹ്മമെന്ന് പറയുമ്പോൾ ജ്ഞാനത്തെക്കൂടി ഗ്രഹിച്ചുകൊള്ളണം. ബ്രഹ്മം ജ്ഞാനസ്വരൂപമായിട്ടേ ഇരിക്കു. അതിനാൽ ജ്ഞാനവും ബ്രഹ്മവും പരസ്പരം പരിച്ഛേദിക്കപ്പെടുന്നില്ല. അവ രണ്ടും സത്ത് (സത്യത്വ ലക്ഷണത്തോടുകൂടിയത്) ആകയാൽ അവയുടെ നാമങ്ങൾക്കു ഭേദമുണ്ടെന്നല്ലാതെ ലക്ഷ്യാർത്ഥത്തിൽ യാതൊരു ഭേദവുമില്ല. കൂടാതെ കാരണോപാധിസാക്ഷിയായ ജ്ഞാനം കൂടി അന്തർഭവിക്കും. അതുകൊണ്ട് ജ്ഞാനവും ബ്രഹ്മവും സത്താകയാൽ ഏകചൈതന്യമായിട്ടേ ഇരിക്കു എന്നുള്ളത് [5]പാരിശേഷികമായ ഒരു സിദ്ധാന്തമാകുന്നു.

[6]"ഇടമാനപിരമ്മം ചാച്ചി
ഇരണ്ടുമെപ്പോതുമേകം"
ആകയാൽ സാക്ഷിരൂപേണയുള്ള ജ്ഞാനം തന്നെ ബ്രഹ്മം, ബ്രഹ്മം തന്നെ ജ്ഞാനം എന്നു സിദ്ധിക്കുന്നു. ഇങ്ങനെ പൂർവ്വപക്ഷസിദ്ധാന്തരൂപേണ തത് പദാർത്ഥശ്രവണം പ്രതിപാദിക്കപ്പെട്ടു.

'തത്' പദമനനക്രമം[തിരുത്തുക]

ഇനി 'തത്' പദമനനക്രമത്തെപ്പറയാം. ശ്രവണത്തിൽ വിവരിക്കപ്പെട്ട ഏഴ് കാരണോപാധികൾ ഈശ്വരന്റെ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളും ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകളുമാകുന്നു. അതെങ്ങനെയെന്നാൽ, ഏഴ് കാരണോപാധികളോടു ചേർന്നിരിക്കുന്ന സ്ഥാനം ഈശ്വരന്റെ സ്ഥൂലശരീരവും ജാഗ്രദവസ്ഥയുമത്രേ. ആ സ്ഥൂലശരീരത്തെ അഭിമാനിക്കുന്ന ഈശ്വരന് വിരാട്, വൈശ്വാനരൻ, വൈരാജകൻ എന്നു മൂന്നു നാമങ്ങൾ ഉണ്ട്. നാനാവിധമായ പ്രപഞ്ചമായി തോന്നിച്ചു പ്രകാശിക്കയാൽ വിരാട് എന്നും, സമസ്തപ്രാണികളിലും-വിശ്വനരന്മാരിലും-അഹം, അഹം എന്നഭിമാനിക്കയാൽ വൈശ്വാനരനെന്നും വിശേഷമായി സൃഷ്ടിക്കുന്നതിനാൽ വൈരാജകനെന്നും പറയുന്നു.

മുകളിൽ പറയപ്പെട്ട ഏഴു കാരണോപാധികളിൽ ആദ്യത്തെ നാലുപാധികളെ വിട്ട്, സർവ്വസ്രഷ്ടാവ്, സർവ്വസ്ഥിതി കർത്താവ്, സർവ്വസംഹാരകൻ ഇങ്ങനെ മൂന്ന് ഉപാധികളോട് ചേർന്നിരിക്കുന്ന സ്ഥാനം ഈശ്വരന്റെ സൂക്ഷ്മശരീരവും സ്വപ്നാവസ്ഥയുമാകുന്നു. അവിടെ ഞാനെന്ന് അഭിമാനിക്കുന്ന ഈശ്വരന് ഹിരണ്യഗർഭൻ, സൂത്രാത്മാവ്, മഹാപ്രാണൻ എന്ന് മൂന്നു നാമങ്ങൾ ഉണ്ട്. വികസിതമായി പ്രകാശിക്കുന്ന സകലത്തെയും തന്റെ ഉദരത്തിൽ അടക്കിക്കൊണ്ടിരിക്കുകയാൽ ഹിരണ്യഗർഭനെന്നും, സൂത്രധാരിയായിരുന്ന് സകലത്തേയും ചലിപ്പിക്കയാൽ സൂത്രാത്മാവെന്നും, മാരുതൻ തന്നെ ശ്വാസ(പ്രാണനായി)മായിരിക്കുകയാൽ മഹാപ്രാണനെന്നും പറയുന്നു.

മുകളിൽ പറയപെട്ട, ഈശ്വരന്റെ സൂക്ഷ്മശരീരത്തിൽ കലർന്നിരിക്കുന്ന സർവ്വസ്രഷ്ടാവ്, സർവ്വസ്ഥിതികർത്താവ്, സർവ്വസംഹാരകൻ എന്ന് മൂന്നുപാധികളിൽ വച്ച് ആദ്യത്തെ രണ്ടുപാധികളെ വിട്ട് സർവ്വസംഹാരകനെന്ന ഒരുപാധിയോടു മാത്രം ചേർന്നിരിക്കുന്ന സ്ഥാനം ഈശ്വരന്റെ കാരണശരീരവും സുഷുപ്ത്യവസ്ഥയുമാണ്. അവിടെ ഈശ്വരന്, അന്തര്യാമി, അവ്യാകൃതൻ, ഈശ്വരൻ എന്നിങ്ങനെ മൂന്ന് അഭിമാനനാമങ്ങൾ കൂടിയുണ്ട്.

സർവ്വപ്രാണികളുടെയും ഹൃദയത്തിലിരുന്ന് അവയെ നിയന്ത്രിക്കുന്നതിനാൽ അന്തര്യാമി എന്നും നാമരൂപരഹിതനായിരിക്കയാൽ അവ്യാകൃതനെന്നും എല്ലാവറ്റേയും പരിപാലിക്കയാൽ ഈശ്വരനെന്നുമുള്ള നാമധേയങ്ങളുണ്ടായി. ഈ കാരണോപാധികളേഴും അവയിൽ അന്തർഭൂതങ്ങളായ സ്ഥൂലസൂക്ഷ്മകാരണ ശരീരങ്ങളും ജാഗ്രത് സ്വപ്നസുഷുപ്ത്യവസ്ഥകളും തത്തദഭിമാനനാമങ്ങളും ബ്രഹ്മസ്വരൂപമല്ല. അവയിൽ ഈശ്വരന്റെ സ്തൂലശരീരാദ്യഭിമാനത്തോടു ചേർന്ന ജാഗ്രദാദ്യവസ്ഥകൾ ബ്രഹ്മസ്വരൂപമല്ലെന്നുള്ളതെങ്ങനെയെന്നു പറയുന്നു. മുൻപു വെളിപ്പെടുത്തിയ ഏഴു കാരണോപാധികൾ ചേർന്ന അവസ്ഥയാണല്ലോ ഈശ്വരന്റെ ജാഗ്രദവസ്ഥ. അതു ബ്രഹ്മസ്വരൂപമായിരുന്നെങ്കിൽ എപ്പോഴും നാശരഹിതമായിട്ടുതന്നെ പ്രകാശിക്കണമായിരുന്നു. എന്നാൽ മൂന്നുപാധി മാത്രമുള്ള ഈശ്വരന്റെ സ്വപ്നാവസ്ഥയിൽ ആ ജാഗ്രദവസ്ഥ നശിക്കുന്നതിനാൽ അതു ബ്രഹ്മസ്വരൂപമല്ലെന്നു സിദ്ധിക്കുന്നു. അതുപോലെതന്നെ, ആ ഈശ്വരസ്വപ്നാവസ്ഥയും ഒരു കാരണോപാധി മാത്രമുള്ള ഈശ്വരസുഷുപ്തിയിൽ നശിച്ചുപോകുന്നതിനാൽ ആ സ്വപ്നവും ബ്രഹ്മസ്വരൂപമല്ല. അപ്രകാരം തന്നെ ഈശ്വരസുഷുപ്തിയും ഈശ്വരതുരീയത്തിൽ നാമാവശേഷമായിത്തീരും. അതിനാൽ ഈശ്വര സുഷുപ്തിയും ബ്രഹ്മസ്വരൂപമല്ല. ഇങ്ങനെ ഈശ്വരന്റെ മൂന്നു ശരീരങ്ങളും തത്തദഭിമാനനാമങ്ങളും മൂന്നവസ്ഥകളും ബ്രഹ്മസ്വരൂപമല്ലെങ്കിൽ പിന്നെ ബ്രഹ്മസ്വരൂപം ഏതാണെന്നുള്ള ജിജ്ഞാസക്ക് സമാധാനം പറയാം.

ഈശ്വരന്റെ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളും അഭിമാനനാമങ്ങളും അവസ്ഥാത്രയവും വിലയം പ്രാപിക്കുന്നത് യാതൊന്നിലാണോ, ആ തുരീയാവസ്ഥയിൽ അവസ്ഥാത്രയവിലക്ഷണമായി സാക്ഷിയായി പ്രകാശിക്കുന്ന ശുദ്ധചൈതന്യം തന്നെ ബ്രഹ്മമെന്നുറയ്ക്കുന്നതാണ് 'തത്' പദാർത്ഥമനനം.

'തത്' പദനിദിദ്ധ്യാസനക്രമം[തിരുത്തുക]

'തത്'പദശ്രവണമനനങ്ങളിൽ പ്രതിപാദിക്കപ്പെട്ട അർത്ഥത്തെ ചിന്തിച്ച് അതിൽ നിന്നു സിദ്ധിക്കുന്ന ശുദ്ധബ്രഹ്മാനുഭവത്തെ നിദിദ്ധ്യാസമെന്നു പറയുന്നു. ഏഴുകാരണോപാധികളോടു ചേർന്നിരിക്കുന്ന ഈശ്വരന്റെ സ്ഥൂലശരീരവും അതിനെ അഭിമാനിക്കുന്ന വിരാഡാദ്യഭിമാനനാമങ്ങളും ഈശ്വരജാഗ്രത്താകുന്നു. അത് മൂന്നുപാധികളോട് ചേർന്നിരിക്കുന്ന ഈശ്വരന്റെ സൂക്ഷ്മശരീരവും അതിനെ അഭിമാനിക്കുന്ന ഹിരണ്യഗർഭാദ്യഭിമാനനാമങ്ങളും കലർന്ന ഈശ്വരസ്വപ്നത്തിൽ നശിക്കുന്നു. ആ ഈശ്വരസ്വപ്നമാകട്ടെ, 'സർവ്വസഹാരകോ'പാധിയായ ഈശ്വരന്റെ കാരണശരീരവും, അതിനെ അഭിമാനിക്കുന്ന അന്തര്യാമ്യാദ്യഭിമാനനാമങ്ങളും കലർന്ന ഈശ്വരസുഷുപ്തിയിൽ വിലയിക്കുന്നു. ആ ഈശ്വരസുഷുപ്തി പോലും ഉപാധിരഹിതമായ ഈശ്വരതുരീയത്തിൽ നശിക്കും. ഇങ്ങനെ പ്രശാന്തഘനമായിരിക്കുന്ന തുരീയത്തിൽ സത്താമാത്രമായി പ്രശോഭിക്കുന്ന ബ്രഹ്മം തന്നെ ജീവതുരീയത്തിൽ പ്രകാശിച്ച ജ്ഞാനസ്വരൂപമെന്ന് അറിയുന്നതാണ് 'തത്'പദനിദിദ്ധ്യാസനം.

'അസി' പദശ്രവണം[തിരുത്തുക]

ഇനിയും 'തത്ത്വം' പദങ്ങളെപ്പോലെ തന്നെ 'അസി'പദത്തെയും പരിശോധിച്ചുനോക്കാം. അസിപദാർത്ഥം ശിവമെന്നാണെന്നു നേരത്തെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആ ശിവസ്വരൂപത്തിനും അശുദ്ധമായ വാച്യാർത്ഥവും ശുദ്ധമായ ലക്ഷ്യാർത്ഥവുമുണ്ട്. വാച്യാർത്ഥം:സദ്രൂപശക്തി, ചിദ്രൂപശക്തി, ആനന്ദരൂപശക്തി ഇങ്ങനെയുള്ള മൂന്നുപാധികളിലും താനെന്നുള്ള അഭിമാനമാകുന്നു.

ദ്രഷ്ടാവ്, ദൃശ്യമായ ചരാചരപ്രപഞ്ചം, ഇവയുടെ അന്തർബ്ബഹിർഭാഗങ്ങളിൽ സ്വയം സദ്രൂപേണ പ്രകാശിക്കുന്നതിനെ സദ്രൂപശക്തിയെന്നും ചിദ്രൂപേണ പ്രകാശിക്കുന്നതിനെ ചിദ്രൂപശക്തിയെന്നും ആനന്ദസ്വരൂപമായി പ്രകാശിക്കുന്നതിനെ ആനന്ദരൂപശക്തിയെന്നും പറയുന്നു.

ഈ മൂന്നുപാധികളും തള്ളി അവയ്ക്ക് സാക്ഷിയായി പ്രകാശിക്കുന്ന ചൈതന്യമാണ് ശിവപദലക്ഷ്യാർത്ഥമായ ശുദ്ധാവസ്ഥ.

തത്ത്വമസി മഹാവാക്യത്തിന്റെ ലക്ഷ്യാർത്ഥമായ ജ്ഞാനം, ബ്രഹ്മം, ശിവം ഇവ മൂന്നിനും ശബ്ദഭേദമല്ലാതെ അർത്ഥഭേദം ലേശവുമില്ല. ആ വാസ്തവവും മുൻപറയപെട്ട ലക്ഷണാത്രയത്തിൽ ജഹദജഹല്ലക്ഷണകൊണ്ടറിയേണ്ടതാണ്. അതെങ്ങനെയെന്നാൽ 'സൊഽയം ദേവദത്തഃ' 'ആ ദേവദത്തൻ തന്നെയാണ് ഈ ദേവദത്തൻ' എന്ന വാചകത്തിൽ വിശേഷണാംശം വ്യത്യസ്തമായിരുന്നാലും വിശേഷ്യമായ ലക്ഷ്യാർത്ഥം ഒന്നായിത്തന്നെയിരിക്കുന്നു. അതുപോലെ ജ്ഞാനം (ചിത്), ബ്രഹ്മം (സത്), ശിവം (ആനന്ദം) എന്നു പ്രത്യേകം പറഞ്ഞാലും ചൈതന്യം സച്ചിദാനന്ദസ്വരൂപമായി അഭേദമായിത്തന്നെ പ്രകാശിക്കുമെന്ന് ജഹദജഹല്ലക്ഷണാവൃത്തികൊണ്ട് അയ്യിയേണ്ടതാകുന്നു. ഇത് 'അസി'പദശ്രവണമാണ്.

'അസി' പദമനനം[തിരുത്തുക]

ശ്രവണത്തിൽ പറഞ്ഞ മൂന്നുപാധികളും (സദ്രൂപശക്തി, ചിദ്രൂപശക്തി, ആനന്ദരൂപശക്തി) ശിവസ്വരൂപത്തിന്റെ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങാളാണ്. ആ മൂന്ന് ഉപാധികളെത്തന്നെയാണ് ശിവസ്വരൂപത്തിന്റെ ജാഗ്രദ്യവസ്ഥകളെന്നു ഗണിക്കപ്പെടുന്നത്. അതെങ്ങനെയെന്നാൽ: സദ്രൂപശക്ത്യാദി മൂന്നുപാധികളോടുകൂടിയിരുന്ന സ്ഥാനം ശിവസ്വരൂപത്തിന്റെ സ്ഥൂലശരീരവും ജാഗ്രദവസ്ഥയുമാണല്ലോ. അവിടെ ഞാനെന്നഭിമാനിച്ച ശിവ(ചൈതന്യ)ത്തിന് പരൻ, ചിജ്ജ്വലിതൻ, സദ്രൂപൻ എന്നിങ്ങനെ മൂന്നു നാമങ്ങൾ പറഞ്ഞുവരുന്നു. മൂന്നുപാധികളിൽവെച്ച് സദ്രൂപോപാധി നീങ്ങി ബാക്കി രണ്ടുപാധിയോടു ചേർന്നിരിക്കുന്ന സ്ഥാനം സൂക്ഷ്മശരീരവും സ്വപ്നാവസ്ഥയുമാണല്ലോ? അവിടെ അഭിമാനിക്കുന്ന ശിവസ്വരൂപത്തിന് പരിപൂർണ്ണൻ, പ്രാജാപത്യൻ, ചിദ്രൂപൻ എന്നു മൂന്നു നാമങ്ങളുണ്ട്.

രണ്ടുപാധികളിൽ വെച്ച് ഒരുപാധി നീങ്ങി ആനന്ദരൂപശക്തിയായ ഒരുപാധിയോടുമാത്രം ചേർന്നിരിക്കുന്ന സ്ഥാനം കാരണശരീരവും സുഷുപ്ത്യവസ്ഥയുമാകുന്നു. അവിടെ ഞാനെന്നഭിമാനിക്കുന്ന ശിവസ്വരൂപത്തിന് പരമാനന്ദൻ, ഹിരണ്യപ്രശാന്തൻ, ആനന്ദരൂപൻ എന്നു മൂന്നുപേരുകളുണ്ട്. ഈ മൂന്നുപാധികളായ സ്ഥൂലസൂക്ഷ്മകാരണശരീരങ്ങളും തദന്തർഭൂതങ്ങളായ ജാഗ്രത് സ്വപ്നസുഷുപ്ത്യാവസ്ഥകളും അഭിമാനനാമങ്ങളും ശിവസ്വരൂപമല്ല.

'അസി' പദനിദിദ്ധ്യാസനം[തിരുത്തുക]

അസിപദശ്രവണമനനങ്ങളിൽ പറഞ്ഞ അർത്ഥചിന്തകൊണ്ട് സിദ്ധിച്ച ശിവാനുഭവമാണ് നിദിദ്ധ്യാസനം. അതെങ്ങനെയെന്നു പറയുന്നു.

അന്തർമ്മുഖമായി സ്വരൂപസമാധിയിൽ പ്രവേശിക്കുമ്പോൾ, മൂന്നുപാധികളോടു ചേർന്നിരുന്ന സ്ഥൂലശരീരത്തെ അഭിമാനിച്ചത് പരാദ്യഭിമാനികളായിരുന്നു എന്നും, അതി ശിവജാഗ്രത്തായിരുന്നു എന്നും അതുപോലെ തന്നെ ആ മൂന്നുപാധികളിൽ വച്ച് ഒരുപാധി നീങ്ങി രണ്ട് ഉപാധികളോടു ചേർന്നു നിന്ന സൂക്ഷ്മശരീരത്തെ അഭിമാനിച്ചത് പരിപൂർണ്ണാദ്യഭിമാനികളായിരുന്നു എന്നും, അതു ശിവസ്വപ്നമായിരുന്നു എന്നും, അപ്രകാരം തന്നെ ആ രണ്ട് ഉപാധികളിൽവച്ച് ഒരുപാധി നീങ്ങി ഒരുപാധിയോടു ചേർന്നിരുന്ന കാരണശരീരത്തെ അഭിമാനിച്ചത് പരമാനന്ദാദ്യഭിമാനികളായിരുന്നു എന്നും, അത് ശിവസുഷുപ്ത്യവസ്ഥയായിരുന്നു എന്നും അനുഭവപ്പെടുന്നതാണ്. ഇങ്ങനെയുള്ള ഈ മൂന്നുപാധികളെയും വിട്ട് ജീവസാക്ഷി ഈശ്വരസാക്ഷി എന്നുള്ള ഭേദം കൂടാതെ ശിവതുരീയത്തിൽ പ്രകാശിക്കുന്ന ശിവ-ശുദ്ധ ബ്രഹ്മം-തന്നെയാകുന്നു 'ഞാൻ' എന്നും നീ അറിഞ്ഞുണരണം.

ഇങ്ങനെ മൂന്നു ശക്തികളും (ഉപാധികളും) താനല്ലെന്നും, അവയ്ക്കു വിലക്ഷണമായി സാക്ഷിയായി പ്രകാശിക്കുന്ന ശിവം തന്നെയാണ് താൻ എന്നും അറിയുന്നത് അസിപദനിദിദ്ധ്യാസനമാകുന്നു.

അല്ലയോ പ്രിയവത്സാ, ഇങ്ങനെ തത്ത്വമസി മഹാവാക്യത്താൽ ലക്ഷീകരിക്കപെട്ട അവാങ്മനോഗോചരവും അഖണ്ഡപരിപൂർണ്ണ സത്താമാത്രസ്വരൂപവുമായ ശുദ്ധ ശിവം തന്നെയാണ് നിന്റെ സ്വരൂപമെന്നറിഞ്ഞുണർന്ന് ജീവന്മുക്തനായി പ്രശോഭിച്ചാലും, ഇതാകുന്നു ജീവന്റെ പരമലക്ഷ്യം.


കുറിപ്പുകൾ[തിരുത്തുക]


  1. ഒന്നാം അദ്ധ്യായത്തിന്റെ അവസാന ഖണ്ഡികയിൽ (പുറം 22) വിവരിച്ചിട്ടുണ്ട്.
  2. അധികാരികളെ മന്ദൻ, മധ്യമൻ, ഉത്തമൻ എന്ന് മൂന്നായി തിരിച്ചിട്ടുണ്ട്. അവരിൽ മന്ദനെയാണ് കനിഷ്ഠാധികാരിയെന്ന് ഇവിടെ പറഞ്ഞിരിക്കുന്നത്.
  3. സമാധി, ബാധ എന്നും ലയം എന്നും രണ്ടു വിധമുണ്ട്. രജ്ജുവിൽ സർപ്പമെന്നപോലെ നിജസ്വരൂപമായ ബ്രഹ്മചൈതന്യത്തിൽ കാലത്രയത്തിലും പ്രപഞ്ചമില്ലെന്നുള്ള ദൃഢനിശ്ചയമാണ് ബാധസമാധി. ആ നിശ്ചയരൂപേണയുള്ള അന്തഃകരണവൃത്തിക്ക് ബാധിതാനുവൃത്തി എന്നു പറയുന്നു
  4. പദത്തിന്റെ അർത്ഥം
  5. പാരിശേഷിക ന്യായം - ഒരു തത്ത്വത്തെ നിർണ്ണയിക്കേണ്ട സ്ഥലത്ത് ആ തത്ത്വത്തിന് വിരുദ്ധമായ സാധ്യതകളെയെല്ലാം നിഷേധിച്ച് കഴിയുകയും മറ്റൊരു തത്ത്വത്തിന്റെയും പ്രാപ്തി ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ ശേഷിക്കുന്നത് എന്തോ അതിനെ തത്ത്വമായി നിർണ്ണയിക്കൽ ആണ് പാരിശേഷിക ന്യായം.
  6. ഇടമാന - പരിപൂർണ്ണ - ബ്രഹ്മവും സാക്ഷിയും (ഇവ) രണ്ടും എപ്പോഴും ഒന്നായിട്ടേ ഇരിക്കൂ