'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?/കേരളത്തിന്റെ ചരിത്രകാരികൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കേരളത്തിന്റെ ചരിത്രകാരികൾ[തിരുത്തുക]

മീരാ വേലായുധൻ[തിരുത്തുക]

(ന്യൂഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയിൽ ഡോക്ടറൽ ഗവേഷണംനടത്തിയ മീരാ വേലായുധൻ ആധുനിക മലയാളിസ്ത്രീകളുടെ ചരിത്രത്തെക്കുറിച്ച് ആദ്യകാലത്ത് ഗവേഷണംനടത്തിയവരിലൊരാളാണ്. മലബാറിലെ രാഷ്ട്രീയ ഉണർച്ചയുടെ കാലത്ത് സ്ത്രീകളുടെ രാഷ്ട്രീയപങ്കാളിത്തത്തെക്കുറിച്ചും സാമുദായിക-രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ അവരുടെ നിലയെക്കുറിച്ചും വിലപ്പെട്ട ഉൾക്കാഴ്ചയും വിവരങ്ങളും നൽകുന്ന ലേഖനങ്ങൾ അവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ ആദ്യകാല സ്ത്രീപ്രവർത്തകരുമായി അവർ നടത്തിയ അഭിമുഖങ്ങൾ വളരെ വിലപ്പെട്ട സ്രോതസ്സാണ്.)

നീതിബോധത്തിന് പല ഉറവുകളാണുള്ളത് - ചരിത്രം; പിറന്ന, വളർന്ന, പരിചയിച്ച, സ്ഥലങ്ങൾ; സ്വത്വങ്ങൾ. എന്റെ നീതിബോധം മാതാപിതാക്കൾ പകർന്നുതന്നതാണ്. എന്റെ അമ്മയായ ദാക്ഷായണി വേലായുധൻ കൊച്ചി മുളവുകാട് ദ്വീപിലെ ഒരു മരുമക്കത്തായ പുലയത്തറവാട്ടിലാണ് ജനിച്ചത്. കളരിപ്പയറ്റും നാടകവും മറ്റു "നാടൻകല'കളും ഈ തറവാട്ടംഗങ്ങൾക്ക് പൈതൃകമായി ലഭിച്ചിരുന്നു. (ഒരിക്കൽ അവർ കടലിൽ ഒരു വള്ളത്തിൽ നാടകംനടത്തിയ കഥ പറഞ്ഞുകേട്ടിട്ടുണ്ട് - കടൽ ഉന്നതജാതിക്കാരുടെയും പണക്കാരുടെയും കുത്തകയല്ലായിരുന്നല്ലോ.) സ്ത്രീകൾ കൃഷിപ്പണി ചെയ്തിരുന്നു; മത്സ്യം ഉണക്കിയിരുന്നു. ഒരുപാടുകാര്യങ്ങളിൽ അവർ മുൻഗാമികളുമായിരുന്നു. എന്റെ അമ്മയും മറ്റൊരു കൂടപ്പിറപ്പുമൊഴിച്ച് മറ്റു കുഞ്ഞുങ്ങളെയെല്ലാംകൂട്ടി ക്രിസ്തുമതം സ്വീകരിച്ചയാളായിരുന്നു എന്റെ മുത്തശ്ശി. ഇളയസന്താനങ്ങൾക്ക് കൊച്ചി മഹാരാജാവു നൽകിയ സൗജന്യവിദ്യാഭ്യാസത്തിന്റെ ഗുണംകിട്ടണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. മുളവക്കാട്ടു പള്ളിക്കൂടത്തിൽ മേൽമുണ്ടിട്ട ആദ്യത്തെ കീഴാളസ്ത്രീയായിരുന്നിരിക്കണം എന്റെ അമ്മ; കൊച്ചീരാജ്യത്തിലും ഇന്ത്യയിലും ആദ്യമായി ബിരുദവിദ്യാഭ്യാസം പൂർത്തിയാക്കിയ ദലിത് സ്ത്രീയായിരുന്നു അവർ. ക്ലാസിൽ എല്ലായ്പ്പോഴും ഒന്നാമതായിരുന്ന ബാലിക. പിന്നീട് സ്കൂൾ അദ്ധ്യാപികയായിത്തീർന്നപ്പോൾ, അവർ പൊതുവഴിയിലൂടെത്തന്നെ നടക്കുമെന്നുറച്ചു; മേൽജാതിക്കാർ അപ്പോൾ വയലിലൂടെ നടക്കാൻ നിർബന്ധിതരായി. സ്കൂളിൽ അദ്ധ്യാപകർ പുസ്തകങ്ങൾ തന്റെനേരെ വലിച്ചെറിയാൻ ദാക്ഷായണി അനുവദിച്ചിരുന്നില്ല; മര്യാദയ്ക്ക് കയ്യിൽക്കൊടുക്കാത്ത പുസ്തകങ്ങൾ അവർ സ്വീകരിച്ചിരുന്നില്ല. എന്നോട് അവരെപ്പോഴും പറഞ്ഞിരുന്നു, നേരേയിരിക്കൂ, തലയുയർത്തിയിരിക്കൂ, നമ്മുടെ കൂട്ടർക്ക് ഇതുവരെ തലതാഴ്ത്തിനടക്കാനായിരുന്നു വിധി. നാട്ടുരാജ്യപ്രസ്ഥാനങ്ങളിൽ അവർ ക്രമേണ സജീവപങ്കാളിയായി; ആജീവനാന്തം ഗാന്ധിയൻ ജീവിതരീതിയുടെ വക്താവായി. 1930കളുടെ മദ്ധ്യത്തിൽ ഉദ്യോഗം വേണ്ടെന്നുവച്ചുകൊണ്ട് അവർ കൊച്ചി നിയമസഭാകൗൺസിൽ അംഗമായി. പിൽക്കാലത്ത് അവർ ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിലും ആദ്യത്തെ കേന്ദ്രനിയമസഭയിലും അംഗമായി. ബാബാ സാഹേബ് അംബേദ്കറുടെ ഉറച്ച അനുയായി അറിയപ്പെട്ടു. വാർധയിലെ ഗാന്ധി ആശ്രമത്തിൽവച്ചാണ് അവർ എന്റെ പിതാവായ രാമൻ വേലായുധനെ വിവാഹംചെയ്തത് - കസ്തൂർബയുടെയും ഗാന്ധിജിയുടെയും സാന്നിദ്ധ്യത്തിൽ. അതൊരു "പ്രണയവിവാഹ'മായിരുന്നു. 1970കളിൽ ഡൽഹിയിലെ തൂപ്പുവേലയെടുക്കുന്ന സ്ത്രീകൾക്കിടയിൽ അവർ പണിയെടുത്തിരുന്നു; അഭ്യസ്തവിദ്യരായ ദലിത്സ്ത്രീകളുടെ ദേശീയ കൂട്ടായ്മയിൽ അംഗമായിരുന്നു. മരണത്തിന് അൽപ്പകാലംമുമ്പ് അവർ ഈ കൂട്ടായ്മയ്ക്കൊപ്പം (1970കളുടെ ഒടുക്കം) ദലിത്സ്ത്രീകളുടെ ദേശീയസമ്മേളനം ഡൽഹിയിൽ നടത്തി. ഞാൻ കൂടെപ്പോയിരുന്നു - അമ്മ ഇതിനായി വീടുവീടാന്തരം കയറിയിറങ്ങി ദലിത്ഭവനങ്ങളിൽനിന്ന് ധനശേഖരണം നടത്തിയപ്പോൾ. ഒടുവിൽ "മഹിളാജാഗൃതീ പരിഷത്ത്' എന്ന പേരിൽ ഒരു അഖിലേന്ത്യ ദലിത്സംഘടയ്ക്ക് അവർ ജന്മംകൊടുത്തു. ഈ പ്രവർത്തനകാലംമുഴുവൻ അവർ എൽ.ഐ.സിയിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥയായി ജോലിനോക്കിയിരുന്നു. മിക്ക സ്ത്രീകളെയുംപോലെ, കുടുംബം പുലർത്തിയിരുന്നു. ഞാൻ 1990കളുടെ മദ്ധ്യത്തിൽ രൂപീകൃതമായ ദലിത്സ്ത്രീ ദേശീയ ഫെഡറേഷന്റെ ഭാഗമായിത്തീർന്നത് യാദൃശ്ചികമായല്ല; ആ ബന്ധം പണ്ടേയുണ്ടായിരുന്നു.

എന്റെ അച്ഛൻ പഴയ ജന്മിത്ത തിരുവിതാംകൂറിലെ ഉഴവൂർ പ്രദേശത്തുള്ള ഒരു പരവകുടുംബത്തിൽനിന്നാണ്. അദ്ദേഹത്തിന്റെ അച്ഛൻ ആയുർവ്വേദ വൈദ്യനായിരുന്നതുകൊണ്ട് അവരുടെ ജന്മി മക്കളെ പള്ളിക്കൂടത്തിലയയ്ക്കാനനുവദിച്ചു. അദ്ദേഹത്തിന്റെ സഹോദരന്മാർ ജനസമ്മതിയാർജ്ജിച്ച കർഷകനേതാക്കളായിരുന്നു, കേരളത്തിന്റെ കാർഷികചരിത്രത്തിൽ അവർ അദൃശ്യരാണെങ്കിലും. ഗാന്ധിജിയാണ് എന്റെ അച്ഛനെ കണ്ടെടുത്തത്, കോളജിൽ നടന്ന ഒരു പ്രതിഷേധസമരത്തിനിടയിൽനിന്ന്. ബോംബെയിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സാമൂഹ്യശാസ്ത്രം പഠിച്ചിറങ്ങിയ ആദ്യ വിദ്യാർത്ഥികളിലൊരാളായിരുന്നു അദ്ദേഹം. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോടടുത്തശേഷം രണ്ടു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ അദ്ദേഹം വിജയിച്ചു - അന്ന് സംവരണമണ്ഡലമല്ലായിരുന്ന കൊല്ലത്തുനിന്ന്. രണ്ടാമത്തെ തവണ ഇടതുസ്വതന്ത്രനായാണ് മത്സരിച്ചത്. ഡൽഹിയിൽ പലവിധത്തിലുള്ള ഇടതുരാഷ്ട്രീയപ്രവർത്തനങ്ങളിലും ട്രഡ്യൂണിയൻ പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. അദ്ദേഹം നടത്തിയിരുന്ന നിരവധി യാത്രകളിലൂടെ കുട്ടികളായ ഞങ്ങൾക്ക് ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ബോധമുണ്ടായി. അവസാനനാളുകളിൽ ബുദ്ധമതത്തോട് അദ്ദേഹം പ്രതിപത്തികാട്ടിയിരുന്നു. വീട്ടിൽ ഞങ്ങൾ മലയാളം സംസാരിച്ചിരുന്നെങ്കിലും വടക്കേയിന്ത്യയിൽ ജനിച്ചുവളർന്നതുകൊണ്ട് ഹിന്ദിയാണ് മാതൃഭാഷയായി എനിക്ക് അനുഭവപ്പെട്ടിരുന്നത്. എങ്കിലും പലയിടങ്ങളിലും വേരുകളുണ്ടെന്ന തോന്നൽ എപ്പോഴും എനിക്കുണ്ടായിരുന്നു. ബിരുദാനന്തരപഠനത്തിനുശേഷം ഞാൻ നടത്തിയ ഗവേഷണമധികവും കേരളത്തിലായിരുന്നു. കേരളത്തിനു പുറത്തു ജീവിക്കേണ്ടിവന്നതിൽ എന്റെ അമ്മ അനുഭവിച്ച നഷ്ടബോധത്തെ ഏതോ വിധത്തിൽ പരിഹരിക്കാനുള്ള എന്റെ ശ്രമമായിരുന്നിരിക്കാം, ഒരുപക്ഷേ, ഇത്!

അഞ്ചുമക്കളിൽ ഏകമകളായിരുന്നു ഞാൻ എന്നതുകൊണ്ട് അച്ഛനമ്മമാരുടെയും ആങ്ങളമാരുടെയും പ്രത്യേക പരിഗണന എനിക്കുണ്ടായിരുന്നു. തുടർച്ചയുള്ള വിദ്യാഭ്യാസം എനിക്കു ലഭിക്കണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. പലപ്പോഴും ഫീസിനുംമറ്റും ഞങ്ങൾ ബുദ്ധിമുട്ടിയിരുന്നു. പക്ഷേ, വിദ്യാലയകാലത്തുതന്നെ എന്റെ ജീവിതം ഞാൻതന്നെ കെട്ടിപ്പടുക്കുമെന്ന തീരുമാനത്തിൽ ഞാൻ എത്തിക്കഴിഞ്ഞിരുന്നു. ഒരു "രാഷ്ട്രീയവ്യക്തി'യാണ് ഞാനെന്ന് തികഞ്ഞ അഭിമാനബോധത്തോടെ പ്രഖ്യാപിക്കാൻ എനിക്ക് അച്ഛന്റെ പ്രരണയുമുണ്ടായിരുന്നു. 1980കളുടെ സവിശേഷസാഹചര്യങ്ങളിലാണ് എന്റെ ബുദ്ധിപരവും രാഷ്ട്രീയവുമായ ബോധം രൂപമെടുത്തത്. പ്രത്യേകിച്ച്, ഞാൻ സ്ത്രീപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീർന്നത്. എല്ലായ്പ്പോഴും ഞാൻ തെരഞ്ഞെടുപ്പുകൾ നടത്തിയത് നീതിബോധത്തോടുകൂടിയാണ് - എന്റെ അച്ഛനമ്മമാരെപ്പോലെ തന്നെ.⚫

ജി. അരുണിമ[തിരുത്തുക]

(ജി. അരുണിമ ഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവ്വകലാശാലയിലെ സ്കൂൾ ഒഫ് സോഷ്യൽ സയൻസസിൽ പ്രവർത്തിച്ചുവരുന്ന സ്ത്രീപഠന പ്രോഗ്രാമിൽ ചരിത്രകാരിയാണ്. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മലയാളിസമൂഹത്തിന്റെ കുടുംബ-ചാർച്ചാബന്ധങ്ങളെപ്പറ്റി ഗവേഷണംനടത്തുകയും ചെയ്തിട്ടുണ്ട്. സാംസ്കാരിക നിർമ്മാണമേഖലയെക്കുറിച്ച് - സാഹിത്യം, ചിത്രകല, ഫോട്ടോഗ്രഫി, അടുത്തകാലത്തായി സിനിമ എന്നിവയെപ്പറ്റിയും മതത്തെപ്പറ്റിയും (വിശേഷിച്ച് വിശ്വാസവ്യവസ്ഥകൾ, സ്വത്വരൂപീകരണം എന്നിവയുമായി ബന്ധപ്പെടുത്തി) അവർ എഴുതുന്നു. There comes papa:Colonialism and the Transformation of Matriliny in Kerala (2003) ആണ് അവരുടെ പ്രധാനപ്രസിദ്ധീകരണം)

ഒരേസമയം പലതിനെയും ഉൾക്കൊള്ളുന്നതാണ് ചരിത്രം - ജനങ്ങൾ, സ്ഥലങ്ങൾ, വസ്തുക്കൾ, ആശയങ്ങൾ, സംഭവങ്ങൾ, ഓർമ്മകൾ, ഐതിഹ്യങ്ങൾ, കഥകൾ ഇവയെയെല്ലാം ഒരേ ചരടിൽ കോർത്തിണക്കാൻ അതിനു കഴിയും. ചരിത്രത്തോട് എനിക്കു തോന്നിയ ഇഷ്ടത്തിനു കാരണങ്ങൾ പലതാണ്; ഞാൻ ചരിത്രരചനയ്ക്കായി സ്വീകരിച്ചിട്ടുള്ള മാർഗ്ഗങ്ങളും കാലത്തിൽ മാറിയിട്ടുണ്ട്. എങ്കിലും ഭൂതകാലത്തിന്റെ വശ്യമായ നിഗൂഢത, അതിന്റെ സവിശേഷമായ തീർച്ചയില്ലായ്മ - നമ്മെ നിശ്ചയമായും പിടിച്ചിരുത്തുകയും കുഴയ്ക്കുകയും ചെയ്യുന്ന ആ തീർച്ചയില്ലായ്മ - ചരിത്രപഠനത്തിലേക്ക് എന്നെ ആകർഷിച്ച മുഖ്യഘടകങ്ങളിലൊന്നായിരുന്നു. ഡൽഹിയിൽ ജനിച്ചുവളർന്ന കുട്ടിയെന്ന നിലയ്ക്ക് ചരിത്രവുമായുള്ള എന്റെ ആദ്യത്തെ ഇടപെടൽ ഇവിടത്തെ ചരിത്രസ്മാരകങ്ങളിലൂടെയായിരുന്നു - മറ്റൊരു കാലത്തെ, മറ്റു ജീവിതങ്ങളെ വിളിച്ചോതുന്ന ഇടങ്ങൾ. ഞാനൊരിക്കലും ഡൽഹിയെ "പഠിച്ചിട്ടില്ല'; കെട്ടിടങ്ങളും ഇടങ്ങളും മനുഷ്യർ ജീവിച്ചുതീർക്കുന്ന സാമൂഹ്യചരിത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അടുത്തകാലത്തുമാത്രമാണ് ഞാൻ അന്വേഷണമാരംഭിച്ചിട്ടുള്ളത്. എങ്കിലും ഇവിടെപ്പറഞ്ഞ ആ ആദ്യസമാഗമം തുറന്നുതന്ന ചോദ്യങ്ങൾ എല്ലായ്പ്പോഴും എന്റെയൊപ്പമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭൂതകാലത്തെ പ്രതിനിധീകരിക്കുന്ന രൂപങ്ങളായ നോവലുകൾ, ചിത്രങ്ങൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവയായാലും ശരി, വിവാഹം, ചാർച്ചാബന്ധങ്ങൾ മുതലായ അമൂർത്തസാമൂഹ്യബന്ധങ്ങളായാലും ശരി, ഭൂതകാലം (എന്നെ) പിടിച്ചിരുത്തി ചിന്തിപ്പിക്കുന്നു; എന്നാൽ എളുപ്പമങ്ങ് വിശദീകരിച്ചുകളായാനനുവദിക്കുന്ന ചട്ടക്കൂടുകളൊന്നും അതെനിക്കു തരുന്നുമില്ല! കഴിഞ്ഞ ദശകങ്ങളിൽ ചരിത്രപഠനത്തിൽ നാം പലതരം ഉപകരണങ്ങളും രീതികളും അപഗ്രഥനത്തിനായുപയോഗിച്ചിട്ടുണ്ട്; ചരിത്രം പലവിധത്തിൽ പഠിക്കപ്പെട്ടിട്ടുണ്ട്. ഇന്നാകട്ടെ, നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നാം ചോദിക്കുന്ന ചോദ്യങ്ങളുടെ മാറ്റൊലികൾ ഭൂതകാലത്തെ പഠിക്കാനുള്ള ഏറ്റവുംനല്ല മാർഗ്ഗമേതെന്ന വിഷയത്തെച്ചൊല്ലി നാം നടത്തുന്ന രീതിശാസ്ത്രചർച്ചകൾക്കു പിന്നിൽ മുഴങ്ങിക്കേൾക്കുന്നുണ്ടെന്ന കാര്യത്തെക്കുറിച്ച് ആർക്കും അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. ചരിത്രപഠനത്തിന്റെ ഒടുവിൽ ഏതോ "സനാതനസത്യം' എന്നെ കാത്തിരിക്കുന്നുവെന്ന ധാരണ ഞാൻ ഉപേക്ഷിച്ചിട്ട് കാലം കുറേയായി. എങ്കിലും ഓരോ പുതിയ പഠനവും ഭൂതകാലത്തിന്റെ ഇതുവരെ കാണാത്ത തുണ്ടുകളിലേക്കാണു തുറക്കുന്നത്. ഓരോ പഠനവും സമകാലികജീവിതത്തിന്റെ വ്യവസ്ഥകളെക്കുറിച്ചും അവസ്ഥകളെക്കുറിച്ചും നമ്മെ വീണ്ടുമാലോചിക്കാൻ പ്രരിപ്പിക്കുന്നുമുണ്ട്.⚫

പ്രവീണാ കോടോത്ത്[തിരുത്തുക]

(പ്രവീണാ കോടോത്ത് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷകയും അദ്ധ്യാപികയുമാണ്.)

ലിംഗബന്ധങ്ങളെക്കുറിച്ചുള്ള ഗവേഷണവും അദ്ധ്യാപനവും നടത്തിക്കൊണ്ടിരിക്കുന്ന ഞാൻ ഇവിടെയെത്തിയത് നീണ്ടുനിവർന്നുകിടന്ന ഒരു വഴിയിലൂടെയല്ല. മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്നും കൊമേഴ്സിൽ ബിരുദം നേടിക്കഴിഞ്ഞപ്പോൾ ഒരുകാര്യം എനിക്കു വ്യക്തമായും അറിയാമായിരുന്നു; എനിക്കിനി കൊമേഴ്സ് പഠിക്കാൻ കഴിയില്ലെന്ന്. അങ്ങനെ ഞാൻ പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. ഡൽഹിയിൽ ദ സ്റ്റേറ്റ്സ്മാൻ പത്രത്തിൽ സബ് എഡിറ്ററായി ജോലിനോക്കി. എന്നാൽ പഠനരംഗത്തുനിന്നു പിന്മാറിയത് അത്ര സന്തോഷത്തോടെയായിരുന്നില്ല; അങ്ങനെ ഞാൻ എം.എ ഇക്കണോമിക്സിനു കറസ്പോണ്ടൻസ് വഴി ചേർന്നു, മദ്രാസ് സർവ്വകലാശാലയിൽ. അതിനുശേഷം ഹൈദരാബാദ് സർവ്വകലാശാലയിൽ എം.ഫിൽ പഠിച്ചു, ശേഷം അവിടെത്തന്നെ പി.എച്ച്ഡി പഠനവും ആരംഭിച്ചു. അഞ്ചുവർഷക്കാലം നീണ്ടുനിൽക്കുന്ന യു.ജി.സി ഫെലോഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് താൽപര്യമുള്ള വിഷയങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള സാവകാശവും സ്വാതന്ത്ര്യവും കിട്ടി. വ്യക്തമായ ചിട്ടയോടുകൂടിയ പഠനത്തിനും എന്റെ യഥാർത്ഥതാൽപര്യം എവിടെയാണെന്ന് ആരായാനുമുള്ള അവസരമായാണ് ഞാൻ എം.ഫിൽ പഠനത്തെ കണ്ടതുകൊണ്ടാണ് ഇക്കാര്യം എടുത്തുപറയുന്നത്.

സ്ത്രീകളുടെ ഭൂവുടമസ്ഥാവകാശങ്ങളെക്കുറിച്ച് പ്രത്യേകിച്ചും, ഭൂവുടമസ്ഥതയെക്കുറിച്ച് പൊതുവിലും താൽപര്യം ജനിച്ചത് ആന്ധ്രപ്രദേശിലെ ഒരു ഗ്രാമത്തിൽ ഞാൻ നടത്തിയ ഗവേഷണത്തിലൂടെയാണ്. "ഭൂവുടമാവകാശ'ത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ച് ബോദ്ധ്യംവന്നത് അവിടെവച്ചാണ് - വസ്തുവകകൾ പേരിലുണ്ടെന്നുവച്ച് ആ വ്യക്തിക്ക് അവയുടെ അനുഭവമുണ്ടായിക്കൊള്ളണമെന്നില്ല; സാമൂഹ്യകെട്ടുപാടുകളിൽനിന്ന് അവൾ വിമുക്തയായിരിക്കുമെന്നും വിചാരിക്കാൻ കഴിയില്ല. ഭൂവുടമകളുടെ വിധവകളുടെപേരിൽ വസ്തുക്കളുണ്ടായിരിക്കുമെങ്കിലും അവയുടെ നിയന്ത്രണം ആണ്മക്കളുടെയോ മറ്റു പുരുഷബന്ധുക്കളുടെയോ കയ്യിലായിരുന്നെന്ന് ഞാൻ കണ്ടു. ഇതിൽനിന്നു വ്യത്യസ്തമായി, കൂലിവേലക്കാരുടെ കുടുംബങ്ങളിലെ സ്ത്രീകൾക്ക് സ്വന്തം അദ്ധ്വാനശേഷിയുടെമേൽ കൂടുതൽ നിയന്ത്രണമുണ്ടായിരുന്നു. പനങ്കള്ളു ചെത്തി ജീവിച്ചിരുന്ന കുടുംബങ്ങളിലെ സ്ത്രീകൾക്ക് പനയിൽക്കയറാൻ അറിയാത്തതുമൂലം ആ കുടുംബങ്ങളുടെ സ്വത്തായ പനകളെ വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിരുന്നുമില്ല.

ഭൂമിയോടും ധനത്തോടും സ്ത്രീകളുടെ ബന്ധം പല ശ്രണിയിലുള്ളവർക്ക് പലതാണെന്ന ഈ തിരിച്ചറിവാണ് എന്റെ ശ്രദ്ധയെ കേരളത്തിലേക്കു തിരിച്ചത്. ഈ പ്രദേശത്ത് മരുമക്കത്തായമുണ്ടായിരുന്നതുകൊണ്ട് സ്ത്രീകളുടെ ഭൂവുടമസ്ഥാവകാശങ്ങൾ കുറേക്കൂടി മെച്ചമായിരിക്കുമെന്നാണ് ഞാൻ കരുതിയത്. എന്താണീ മരുമക്കത്തായമെന്നു മനസ്സിലാക്കാൻ ഞാൻ നരവംശശാസ്ത്രവും ചരിത്രവും വായിച്ചു; പുരാരേഖാശേഖരങ്ങളെ അരിച്ചുപെറുക്കി. എന്തായിരുന്നു അത്? അതെങ്ങനെയാണില്ലാതായത്? എന്തുകൊണ്ടാണ് അതു നശിപ്പിക്കപ്പെട്ടത്? അത് പൊളിച്ചടുക്കിക്കഴിഞ്ഞതിനുശേഷവും സ്ത്രീകൾക്ക് ബാക്കിയായ അല്ലെങ്കിൽ അതിനു പകരമായി വന്ന "അവകാശങ്ങ'ളുടെ സ്വഭാവമെന്ത്? ഇതൊക്കെയായിരുന്നു എന്റെ ചോദ്യങ്ങൾ. വിവാഹം എന്ന സ്ഥാപനത്തിന്റെ പുനഃക്രമീകരണത്തിലൂടെയാണ് സ്ത്രീകൾ ഒരു പുതിയ ആൺകോയ്മാവ്യവസ്ഥയ്ക്കുള്ളിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടതെന്നും ഈ പ്രക്രിയയെ "പുരോഗമനപരം', "വിമോചനകരം' എന്നു വിലയിരുത്താൻ അധിനിവേശകാലത്തെ സാഹചര്യങ്ങളിൽ നടന്ന ശ്രമങ്ങൾ വിജയകരമായിരുന്നെന്നും ഞാൻ തിരിച്ചറിഞ്ഞു. പുതിയ സ്വത്തുടമസ്ഥതാബന്ധങ്ങളിലേക്കാണ് ഈ "വിമോചനം' നയിച്ചതെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നടപ്പായ നിയമപരമായ അവകാശങ്ങളുടെ മാദ്ധ്യസ്ഥംവഹിച്ചതും ഇതുതന്നെയാണെന്നും എനിക്കു കാണാൻകഴിഞ്ഞു. കഴിഞ്ഞ പത്തുവർഷമായി ആധുനിക കേരളീയവിവാഹത്തെക്കുറിച്ച് ഞാൻ നടത്തിവരുന്ന ഗവേഷണം എന്റെ ഈ വിശ്വാസത്തെ ഉറപ്പിച്ചിട്ടേയുള്ളു. പുതിയതരം വിവാഹമാണ് കേരളത്തിലെ മാരകമായ ആൺകോയ്മാവ്യവസ്ഥയുടെ നാരായവേര്. ഇക്കാലയളവിൽ ഞാൻ നടത്തിയ ഗവേഷണയാത്രകളിൽ പലപ്പോഴും ചെറുപ്പക്കാരികൾ അവരുടെ പ്രായംചെന്ന അമ്മമാരെയും മുത്തശ്ശിമാരെയും ഒന്നിലധികം കല്യാണംകഴിച്ചുവെന്നും മറ്റും സമ്മതിച്ചതിന് ശാസിക്കുന്നതുകേട്ട് ചിരിച്ചിട്ടുണ്ട്. "ഇതൊക്കെ പഴയകഥയാണ്, ഇപ്പോൾ നമ്മൾ ഇതൊന്നും ചെയ്യാറില്ല, കേട്ടോ' എന്ന് അവരെന്നെ സമാശ്വസിപ്പിക്കുകയും ചെയ്യും! എന്തുകൊണ്ടാണ് മലയാളിസ്ത്രീകൾ വിവാഹത്തിലിങ്ങനെ അകപ്പെട്ടുപോയത്? ഈ കുണ്ടാമണ്ടിയിൽനിന്നും പുറത്തുചാടാനെന്തു വഴി? മറ്റു വിഷയങ്ങളിലേക്ക് എന്റെ ഗവേഷണതാൽപര്യം മാറിയെങ്കിലും ഈ ചോദ്യങ്ങൾ എന്നെ ഇന്നും അലട്ടുന്നു.⚫

ഡോ. കെ. ശാരദാമണി[തിരുത്തുക]

സാമൂഹ്യശാസ്ത്രപഠനഗവേഷണരംഗത്തിന്റെ മേൽത്തട്ടിലെത്തിയ ആദ്യമലയാളിസ്ത്രീകളിലൊരാളാണ് ഡോ. കെ. ശാരദാമണി. അവർ 1961 മുതൽ ഡൽഹിയിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാനിങ് വിഭാഗത്തിൽ പ്രവർത്തിച്ചു - 1988ൽ വിരമിച്ചു. കേരളത്തിലെ പുലയസമുദായത്തെക്കുറിച്ചുള്ള ആദ്യകാലപഠനത്തിനുശേഷം ഇന്ത്യൻ സ്ത്രീകളുടെ ബഹുമുഖപ്രശ്നങ്ങളിൽ അവർ കാര്യമായി ശ്രദ്ധയുറപ്പിച്ചു. 1980കളിൽ സ്ത്രീപ്രസ്ഥാനത്തിൽ സജീവസാന്നിദ്ധ്യമായിരുന്നു. കേരളത്തിലെ സ്ത്രീപക്ഷ അന്വേഷണങ്ങൾക്ക് തുടക്കംകുറിച്ച വ്യക്തിയെന്ന നിലയ്ക്കും സ്ത്രീപക്ഷ ചരിത്രാന്വേഷണത്തിന് പ്രധാനപ്പെട്ട വഴികൾ തുറന്ന ഗവേഷകയെന്ന നിലയ്ക്കും ആദരീണയയാണവർ.

തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ പരിണാമത്തെക്കുറിച്ച് അവരെഴുതിയ പുസ്തകത്തിൽ, മരുമക്കത്തായസമുദായത്തിൽ ജനിച്ചുവളർന്ന, എന്നാൽ നേരിട്ട് ആ വ്യവസ്ഥയിൽ കഴിഞ്ഞിട്ടില്ലാത്ത ഒരു മലയാളിസ്ത്രീയെന്ന നിലയ്ക്കാണ് താൻ ഈ അന്വേഷണത്തിന് ഒരുമ്പെടുന്നതെന്ന് അവർ സൂചിപ്പിക്കുന്നു. കേരളത്തിൽ ഇടയ്ക്കിടെ വന്നുപോയിരുന്ന ഇവർ, ഇവിടത്തെ സാമൂഹ്യജീവിതം കൂടുതൽ ഇടുങ്ങിയതായിത്തീരുന്നുവെന്ന് നിരീക്ഷിച്ചു - സ്ത്രീകളും കൂടുതൽ വിധേയത്വമുള്ളവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നും. ഈ മാറ്റത്തിന്റെ വേരുകളന്വേഷിക്കാനാണ് അവർ തിരുവിതാംകൂറിലെ മരുമക്കത്തായത്തിന്റെ ചരിത്രത്തിലേക്കു കടന്നത്. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തെക്കുറിച്ച് അവർ പറയുന്നു:

അംഗീകൃത ചരിത്രപുസ്തകങ്ങളും നരവംശശാസ്ത്രജ്ഞരുടെ എഴുത്തും വായിച്ചുകൊണ്ടാണ് ഞാൻ തുടക്കംകുറിച്ചത്. അവയിലൊന്നും പുതിയ ഉൾക്കാഴ്ചകൾ ഞാൻ കണ്ടില്ല. എങ്കിലും കിട്ടാവുന്നിടത്തോളം മലയാളം, ഇംഗ്ലീഷ് ഭാഷകളിലെഴുതപ്പെട്ട ചരിത്രപുസ്തകങ്ങൾ വായിച്ചു. മിക്കവയിലും മരുമക്കത്തായമെന്ന വാക്കുകൂടിയില്ലായിരുന്നു. ചില പുസ്തകങ്ങൾ മരുമക്കത്തായത്തെ പരിഷ്കരിക്കാൻവേണ്ടി നടപ്പിലാക്കപ്പെട്ട നിയമങ്ങൾ ഭരണകൂടം കൈക്കൊണ്ട പുരോഗമനപരങ്ങളായ നടപടികളായിരുന്നെന്ന് അവകാശപ്പെട്ടു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മരുമക്കത്തായത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടായിരുന്നോ എന്നു ചോദിക്കാൻ അവയൊന്നും ശ്രമിച്ചില്ല. ഈ ചോദ്യം നേരിട്ടു ചോദിക്കപ്പെട്ടില്ല; സ്ത്രീപക്ഷത്തുനിന്നും ഉയർത്തപ്പെട്ടില്ല, പക്ഷേ, വിവാഹം, വിവാഹമോചനം എന്നിവയെസ്സംബന്ധിക്കുന്ന കാര്യത്തിലും വിദ്യാഭ്യാസകാര്യത്തിലും ഈ പ്രദേശത്തെ സ്ത്രീകൾക്ക് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ സ്ത്രീകളെയപേക്ഷിച്ച് കൂടുതൽ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നുംമറ്റുമുള്ള പ്രസ്താവങ്ങൾ കാണാനുണ്ടായിരുന്നു. സ്ത്രീകളുടെ ദൈനംദിനജീവിതങ്ങളെസ്സംബന്ധിച്ചിടത്തോളം ഇവയുടെ പ്രസക്തിയെന്ത് എന്നതിനെക്കുറിച്ച് ഇവ ഒന്നും പറഞ്ഞില്ല...

(Matriliny Transformed:Family, Law and Ideology in 20th Century Travancore, New Delhi 1999, p.24)

അങ്ങനെയാണ് ഒടുവിൽ ഈ പുസ്തകം രചിക്കാൻ അവർ തീരുമാനിച്ചത്!⚫

അന്നാ ലിന്റ്ബർഗ്[തിരുത്തുക]

പല സാമൂഹ്യശാസ്ത്രശാഖകളിൽനിന്നുള്ള ഉൾക്കാഴ്ച്ചകൾ കൂട്ടിച്ചേർത്തുകൊണ്ട് ചരിത്രരചന നിർവഹിക്കുന്ന ഗവേഷകയായ അന്നാ ലിന്റ്ബർഗ് സ്വീഡൻ സ്വദേശി ആണ്. ലിംഗപഠനങ്ങൾ, വികസനപഠനങ്ങൾ, നരവംശശാസ്ത്രം എന്നിവയിൽ നിന്നു പ്രചോദനം ഉൾക്കൊള്ളുന്ന ശൈലിയാണ് അവരുടേത്. കേരളത്തിൽ വിപുലമായ രേഖാശേഖരണവും അഭിമുഖങ്ങളും നടത്തിയിട്ടുണ്ട്. കേരളത്തിലെ കശുവണ്ടി തൊഴിലാളികളുടെ ചരിത്രത്തിലേക്ക് അവർ നടത്തിയ അന്വേഷണം 2001 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. സ്വീഡനിലെ ലുണ്ഡ് സർവ്വകലാശാലയിലാണ് അവർ ഗവേഷണം പൂർത്തിയാക്കിയത്. റോയൽ സ്വീഡിഷ് അക്കാദമി ചരിത്ര-പുരാചരിത്രവിഷയങ്ങൾക്കായി നൽകിവരുന്ന ദേശീയപുരസ്ക്കാരത്തിന് ഈ കൃതി അർഹമായി.

അമേരിക്കയിലെ രണ്ടു സർവ്വകലാശാലകളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചതിനുശേഷം അവർ 2007 ൽ ലുണ്ഡ് സർവ്വകലാശാല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വീഡിഷ്ഗവേഷകരുടെ ശൃംഖലയായ സാസ്നെറ്റിന്റെ ഡയറക്ടറായി ചുമതലയേറ്റു. കേരളത്തിൽ സ്ഥിരംസന്ദർശകയായ അന്ന ഇപ്പോഴും കേരളത്തിൽ സ്ത്രീകളുടെ ഭൂത-വർത്തമാനകാലാവസ്ഥകളെക്കുറച്ചു പഠിക്കാൻ താത്പര്യം കാണിക്കുന്നു.

ഇന്നത്തെക്കാലത്തിരുന്നുകൊണ്ട് കഴിഞ്ഞകാല ത്തെക്കുറിച്ചു നാമെഴുതുന്നതാണു ചരിത്രമെങ്കിലും ഭാവിയിലേക്കു പ്രയോജനകരമായ വിജ്ഞാനമാണത്. കേവലം പുരാരേഖകളെ ആശ്രയിച്ചു ചരിത്രമെഴുതുന്ന രീതിയല്ല എന്റേത്. മനുഷ്യരെക്കുറിച്ച് എന്റെ ജിജ്ഞാസ വലുതായതുകൊണ്ട് ഞാൻ അഭിമുഖങ്ങളിലൂടെയും വാമൊഴികളിലൂടെയും വസ്തുതകൾ ശേഖരിക്കാനും ശ്രദ്ധിക്കുന്നു. ചരിത്രരചനയ്ക്ക് വിമോചനകരമായ ഫലമുണ്ട്. കീഴാളജനങ്ങളുടെ വാക്കുകളും അനുഭവങ്ങൾക്കും അത് ഇടംനൽകുന്നു. അഭിമുഖങ്ങൾ ജീവിച്ചിരിക്കുന്നവർക്ക് സ്വന്തം ശബ്ദം തിരിച്ചുകൊടുക്കുന്നു. കേരളത്തിലെ ജനങ്ങൾ നൽകിയിട്ടുള്ള സ്നേഹവും സൗഹൃദവുമാണ് എന്നെ വീണ്ടുംവീണ്ടും ഇങ്ങോട്ടു വിളിക്കുന്നത്. എന്റെ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് ഞാൻ എന്റെ ലിംഗസ്വഭാവത്തെക്കുറിച്ചോർക്കാറില്ല. പക്ഷേ സ്ത്രീയായ ഞാൻ സ്ത്രീകളെക്കുറിച്ച് പഠിക്കാൻ താൽപര്യം കാണിക്കുന്നത് കേവലം യാദൃച്ഛികമായിട്ടല്ല.