Jump to content

ശാങ്കരശതകം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ശാങ്കരശതകം

രചന:എൻ. കുമാരനാശാൻ

കുമാരനാശാന്റെ
കൃതികൾ

കുമാരനാശാൻ
കാവ്യങ്ങൾ

വീണ പൂവ് · ഒരു സിംഹപ്രസവം
നളിനി · ലീല
ബാലരാമായണം · ശ്രീബുദ്ധചരിതം
ഗ്രാമവൃക്ഷത്തിലെ കുയിൽ · പ്രരോദനം
ചിന്താവിഷ്ടയായ സീത · ദുരവസ്ഥ
ചണ്ഡാലഭിക്ഷുകി · കരുണ

കവിതാസമാഹാരം

പുഷ്പവാടി · വനമാല
മണിമാല

വിവർത്തനം

സൗന്ദര്യലഹരി
ഭാഷാമേഘസന്ദേശം
രാജയോഗം

സ്തോത്ര കൃതികൾ

സ്തോത്ര കൃതികൾ

മറ്റു രചനകൾ

മറ്റു രചനകൾ


ഭാവനീയഭഗവാൻ ഭവാംബുധൗ
നാവികൻ നിപുണ'നാണു'നാമകൻ
ഭാവിഭവ്യഭയനാശമൂലമെൻ-
ജീവദേശികനെനിക്കു ദൈവമേ!

ആനന്ദമാനതജനത്തിനരം കൊടുക്കും
കോനെന്നു കോടി മറ കൊട്ടി മുഴക്കി നിൽക്കും
മാനിക്കുവോരു മടിയിൽക്കളിയാടി മിന്നു-
മാനക്കിശോരമടിമയ്ക്കഭയപ്രദേശം.        1

നാദത്തിൽനിന്നു നലമോടുലകങ്ങൾ ജാതം
വേദത്തിലും മതമതോ തവ രൂപമല്ലോ
മാതാവിതൊക്കവെ നിനയ്ക്കിലിനിക്കു നീയേ
വാ തിങ്ങുമാറു കരുണാമൃതമേകുകംബാ!        2

ശീലം കലർന്ന ശിവശക്തിയിൽനിന്നെഴുന്നു
മാലാറുമാറു മിഴിതന്മുനയേകി മെല്ലേ
ആളായിനിന്നടിമകൾക്കഭയം കൊടുക്കും
വേലായുധൻ വരദനെന്നെ വളർത്തിടേണം.        3

കൂടും മുദാ ജനിമൃതിച്ചുടുകാടുതന്നി-
ലാടൊത്തിരിഞ്ഞു തിരുനീറുമണിഞ്ഞു നിത്യം
വേടന്നുമാരണനുമാർക്കുമലിഞ്ഞു നിൽക്കു-
മീടാർന്ന ദൈവതമിനിക്കരുമപ്പദാർത്ഥം.        4

നിൻകാലുതന്നെ ശരണം ശിവനേ! മലപ്പെൺ-
പങ്കാർന്ന ദേവ! മമ മറ്റൊരു പറ്റുമില്ലേ
പങ്കം കൊടുത്തു പരബോധമതും കെടുത്തെൻ-
തങ്കക്കുടം തടവിയേഴയെയാണ്ടുകൊള്ളേ.        5

കണ്ണാട്ടമിട്ടുലകിടം കലയന്തിയാകും
പെണ്ണാട്ടമുറ്റ പകുതിത്തിരുമേനി കാണ്മാൻ
വിണ്ണാട്ടുകാർക്കുമെളുതോ വെറുതേ കിടന്നു
മണ്ണാട്ടെയെന്നുവരുമോ തരുമോ പദം മേ.        6

പാരം പുകഴ്‌ന്നൊരരിമത്തിരുനീറണിഞ്ഞു
ധരാധരാന്തരിതസൂര്യനതെന്നപോലെ
ചാരം മറച്ച കനൽപോലെയുമുല്ലസ്സിക്കു-
മാരോമൽമേനിയഴകെന്നടിമയ്ക്കു കാണാം.        7

ചോരപ്പുതുക്കമലശോഭ കലർന്ന പാദ-
മോരോന്നുയർത്തിയരിമക്കളിയാടിയെന്നും
പാരേഴുരണ്ടുമിഹ പെറ്റുടനാണ്ടഴിക്കും
നാരീശരീരമുരസുന്നുരുവെന്നു കാണാം.        8

പങ്കേരുഹപ്രഭ പതിഞ്ഞ പദത്തിലന്തി-
ച്ചെങ്കൊടലിൽച്ചിതറിടും ശലഭങ്ങൾപോലെ
വെൺകാന്തിയാർന്ന വിമലത്തിരുനീറണിഞ്ഞ
നിൻകാലിണത്തിരുനഖങ്ങളുമെന്നു കാണാം.        9

അഞ്ചമ്പനാത്തകുതുകം പനിനീർ തളിച്ച
പൂഞ്ചോലതന്നടുവിൽ നട്ടു കുലച്ചു തൂങ്ങും
തേഞ്ചോരുമച്ചെറിയ കേതകിതന്റെ പൂവിൻ-
നെഞ്ചഞ്ചുമഞ്ചിതമുഴംകഴലെന്നു കാണാം.        10

ഉന്മാദമോടുലകിദന്തയഹന്തയാകും
വന്മായതൻ വഴിയിൽ വീണുഴലും ജനാനാം
ജന്മാതപത്തിനകലുന്നഭയപ്രദേശം
പൊന്മണ്ഡപപ്പുതിയ തൂൺതുടയെന്നു കാണാം.        11

ആ ശേഷനും തവ ചരിത്രമറിഞ്ഞതെല്ലാം
പേശാവതോ പെരിയ പേയനുമിന്നു ശംഭോ!
ആശീവിഷച്ചരടു കെട്ടിയണഞ്ഞു മിന്നു-
മാശാപടം തടവിടുന്നരയെന്നു കാണാ.        12

പണ്ടുണ്ട നഞ്ചതു കവിട്ടിയൊലിച്ചു കച്ചി-
ക്കുണ്ടൊത്ത പൊക്കിളിൽ നിറഞ്ഞുകവിഞ്ഞപോലെ
കണ്ടാലുടൻ കരളിൽ വന്നു മുളച്ചു മോദം-
തെണ്ടുന്ന ലോമവലിയെന്നടിമയ്ക്കു കാണാം.        13

ഏണക്കിടാവു വരദാഭയമാദിപൂണ്ട
ചേണാർന്ന ചെങ്കരപുടപ്രഭയും മനസ്സിൽ
പൂണുന്ന മോദമൊടു പൊൻനിറമാണ്ട സർപ്പ-
പ്പൂണൂലണിഞ്ഞ ഭുജമൂലവുമെന്നു കാണാം.        14

കണ്ണൻ പരൻ കമലജൻ മുതലായി മറ്റു
വിണ്ണോരുമോടിയുഴലുംപടി കണ്ടലിഞ്ഞു
തിണ്ണെന്നു മോന്തിയ വിഷം വിലസുന്ന കണ്ഠം
കണ്ണീരുമേ മിഴി മറയ്ക്കിലുമെന്നു കാണാം.        15

വെഞ്ചാമരം വിരവിൽ വന്നു വണങ്ങി മേവും
നിഞ്ചാരുതാടിയഴകും പവിഴം മടങ്ങും
ചെഞ്ചുണ്ടുമച്ചതൃമറപ്പൊരുളായ പുത്തൻ
തേഞ്ചോരുമാ വദനപദ്‌മവുമെന്നു കാണാം.        16

കാരുണ്യവാരിധി കടഞ്ഞമൃതം വഹിച്ചു
ചോരുന്ന പാത്രമതിൽ വച്ചതുപോലെ തോന്നും
ആരും നുകർന്നു സുഖമാർന്നിടുമാ കടക്കൺ-
ചേരുന്നൊരച്ചടുലചില്ലികളെന്നു കാണാം.        17

ചെന്താർശരച്ചുടലയായ്‌പിറതൻ കിടാവിൻ
ചന്തം കലർന്ന നിടിലം നടുവിൽ ജ്വലിക്കും
ചെന്തീമിഴിപ്രഭവമെൻ പരിതാപജാലം
വെന്തറ്റിടുംപടിയെനിക്കിനിയെന്നു കാണാം.        18

വെൺതിങ്കളിൻകുളുർനിലാവു പരന്നു പൊങ്ങി-
ച്ചിന്തുന്ന വിൺതടിനിതൻ തിരമാലയോടും
ചന്തംകലർന്നു വിലസുന്നൊരു ചെഞ്ചിടക്കെ-
ട്ടെന്താപമറ്റമലനാവതിനെന്നു കാണാം.        19

കൈലാസശൈലമതിലുള്ള കളിസ്ഥലത്തോ
ചേലാർന്നൊരാൽത്തറയിലല്ല ചിദംബരത്തോ
മാലാറുമാറു മുനിമാരുടെ നെഞ്ചകത്തോ
നീ ലാസ്യമിട്ടു നിതരാം നിവസിച്ചുടുന്നു.        20

അയ്യോ! ഭവക്കടലുതൻ നടുവിൽക്കിടന്നു
മെയ്യോ തളർന്നു കരവും കഴലും കുഴഞ്ഞേ
വയ്യെങ്കിലാരഗതിയെക്കരയേറ്റിടുന്നു
കയ്യേകണേ കനിയണേ കരുണാംബുരാശേ!        21

പോകുന്നു കാലമാരറിയുന്നു ലോകം
ചാകുന്നുഴന്നു മരുവുന്നു പിറന്നിടുന്നു
ശോകം കലർന്നു ചുഴലുന്നനിശം നിനച്ചാൽ
വേകുന്നു നെഞ്ചു പിടിയെന്തടിമയ്ക്കു ശംഭോ!        22

ഉണ്ടോ ജഗത്തുകളിതിന്നൊരു നാഥനുണ്ടോ
കൊണ്ടാടിയാരണമുരപ്പവനേകനുണ്ടോ
ഉണ്ടെന്നുരപ്പിതിഹ നിന്നെയിവന്നു പിന്നെ
രണ്ടാമനില്ല ശരണം കരുണാംബുരാശേ!        23

വാഴാത ലോകവിഷയാതപമേറ്റൂഴന്നു
കേഴുമ്പൊഴശ്രുതിഘനധ്വനിയും ശ്രവിച്ചു
പാഴല്ല കാമമിനി നീ വരുമാളുമെന്നെ
വേഴാമ്പലിന്നറിക മറ്റൊരു പറ്റുമില്ലേ.        24

കൈകൊട്ടി ലോകരു പഴിച്ചു ചിരിച്ചിടുന്നൂ
മെയ്‌കണ്ടിടാതിടയിൽ നിന്നുഴലുന്നു ഞാനും
പൈകൊണ്ടലച്ചു കരയും ശിശുവിന്നു മാതാ
കൈകണ്ടവിദ്യ കരുണാകര! കാത്തുകൊള്ളേ.        25

നിന്മേനിതന്നിൽ നിയതം മനതാരിരുത്തി-
സ്സമ്മോദമോടു സുതരാം ഗതി പെറ്റുകൊൾവാൻ
വന്മായനോടടിമ മല്ലുപിടിപ്പതോർത്തു
ചുമ്മായിരിപ്പഴകോ ശിവ! സാംബമൂർത്തേ!        26

തായേ തണുത്ത കരുണാമൃതമേകുകമ്മാ!
കായേ പിടിച്ച പിണിയും കഠിനം മനോജ്ഞേ
നീയേ നമുക്കു ശരണം നിടിലാക്ഷജായേ!
മായേ! മയക്കി മനതാരു മറച്ചിടല്ലേ.        27

ചിന്തിക്കിലീയുലകു തന്തു ചിലന്തിപോലെ
ബന്ധിച്ചു നീ സകലസാക്ഷിയതായിരുന്നും
അന്ധത്വമേകിയതിലിട്ടവരേ വലപ്പ-
തെന്തിന്ദ്രജാലമിതു സാംബ! കൃപാംബുരാശേ!        28

നിന്നെത്തിരഞ്ഞു മരുവാതെ മനക്കുരങ്ങിൻ-
പിന്നാലെ പോവതിനുമെന്നെയയച്ചിടല്ലേ
കന്നത്തനിത്തെളിയിലാശ വെടിഞ്ഞു നഞ്ചി-
ലിന്നും കൊതിപ്പതിന്നുമെന്നെയയച്ചിടല്ലേ.        29

ഇന്നോ വരുന്നു ശിവനല്ലിഹ നാളെയോ വ-
ന്നെന്നോ തരുന്നഭയമെന്നു നിനച്ചു നിത്യം
നന്നായുഴന്നിവിടെ നിന്നു വശംകെടുന്നേൻ
വന്നാളുമോ വരദനെന്നെ മറന്നുപോമോ.        30

സർവ്വജ്ഞനെന്നുമൊരു വിസ്മൃതിയില്ല തെല്ലും
നിർവ്വാദമിന്നതു നിനച്ചുഴലേണ്ട നെഞ്ചേ!
ഗർവ്വാദിദോഷമകലത്തു കളഞ്ഞുവെന്നാൽ
ശർവ്വൻ ശിവൻ! ശരണമാമൊരു കില്ലുമില്ലേ.        31

കാരുടുറക്കനിവിൽ വന്നൊരു കണ്ണുനീരിൽ
നീരാടിനിന്നടിമവേലയതിന്നടുത്താൽ
പോരാടി നേർവ്വഴി തരാത്ത പറക്കുലത്തെ-
യാരോടുരപ്പഗതിയിങ്കലമാന്തമെന്തേ.        32

മാലും മയങ്ങെ മനതാരിനു മാലുകോലും
കോലും ധരിച്ചു കടുകാലനണഞ്ഞിടുമ്പോൾ
കാലാരിയായി വിലസുന്ന നിലാവെളിച്ച-
ത്തോലുന്ന മോദമൊടു നിന്നു കളിപ്പതെന്നോ.        33

നഞ്ചുണ്ട നായകനിൽ നാവതി നോമ്പു നോറ്റു
തഞ്ചുന്ന തന്നരുൾ നുകർന്നു തഴച്ച ലോകം
കൊഞ്ചുന്ന കോമളവിളക്കൊളിയിൽ പതിഞ്ഞെൻ
പിഞ്ചുള്ളമെന്നു പൊരുളായി വിളങ്ങിടുന്നോ.        34

ശീലക്കുറിപ്പു ചപലം ശിവ!നിന്റെ പാദ-
മൂലക്കുറിപ്പുമതുപോലലയാതെയിന്നും
ബാലക്കുരങ്ങടിപെടാതരുളെന്റെ പൊന്നു
മാലറ്റ മൗനപദമേ മധുരക്കരിമ്പേ!        35

കാർകൊണ്ടു നിന്നടി മറന്നു കുഴന്ത വെന്തു
നീർകൊണ്ടിടുന്നതിനുമുമ്പു നിറഞ്ഞ മോദാൽ
കൂർകൊണ്ടവർക്കമൃതധാര ചൊരിഞ്ഞടുക്കും
കാർകൊണ്ടലേ! കരുണചെയ്ക മടിച്ചിടല്ലേ.        36

കണ്ടേൻ ഭവൽക്കപടനാടകപാടവം പേ-
കൊണ്ടേൻ കൊടുംപിണിപിണഞ്ഞു പിണഞ്ഞണഞ്ഞേൻ
കൊണ്ടാടി വേദമുടി ചൂടിയ നാടകം ഞാൻ
കണ്ടീലടുക്കലൊരുനാളതുമാടുമോ നീ.        37

കാരുണ്യമേ കരകവിഞ്ഞുരുവായ്ത്തഴച്ച
താരുണ്യമേനി തടവും തിരുമേനി കാണ്മാൻ
പാരം കൊതിച്ചു പതറുന്നൊരു പൈതലിന്മേൽ
ചേരാത്ത ചെയ്ക ചിതമോ ശിവ! ജീവബന്ധോ!        38

എന്നമ്മയേഴകളിലേറിയ കൂറെഴുന്ന
കുന്നിൻകുമാരിയൊടുമെൻ ഗുഹദേവരോടും
മന്നിദ്രയിൽ കളികളിച്ചു മറഞ്ഞ ദന്തി-
ക്കന്നോടുമെന്നടിമ നിന്നടി കണ്ടിടുന്നു.        39

കണ്ണർപ്പണം തവ കഴിച്ചു വരിച്ച കണ്ണൻ
കണ്ണപ്പനും കരുണചെയ്തതിലെന്തു ചിത്രം
വർണ്ണിക്കുവാനുമതിലൻപണയാതെ വാടു-
മുണ്ണിക്കലിഞ്ഞരുളുകിൽ കരുണാകരൻ നീ.        40

പൊന്നപ്പനേ പൊതുവനേ പൊരുളേ പിരാനേ
പൊന്നിൽപ്പൊതിഞ്ഞ പവിഴപ്പൊടിയേ തൊഴുന്നേൻ
എന്നെപ്പിരിഞ്ഞവിടെയങ്ങെഴുന്നള്ളിയാലും
നിന്നെപ്പിരിഞ്ഞരവിനാഴിക വാഴുമോ ഞാൻ.        41

ചുറ്റിച്ചുഴന്നു ചരണങ്ങൾ കുഴഞ്ഞു മറ്റു
പറ്റില്ലയെന്നടിമ നിന്നടി കണ്ടുകൊണ്ടേൻ
കുറ്റം പൊറുത്തു കുളുർമേനിയിലൊന്നണച്ചു
'കുറ്റാല'നായക! 'കുമാരനെ'യാണ്ടുകൊള്ളേ.        42

കോലാഹലധ്വനി കലർന്നഴകാർന്ന മൂല-
കൈലാസമോ കനകനാടകശാലതാനോ
മേലാം പദം വിളയുമാകരമോ തിരുക്കു-
റ്റാലം കുമാരനുടെ പാതകനാശദേശം.        43

പ്രാരബ്ധവിഘ്നമണയാതെ തുണയ്ക്കുമോ നി-
ഞ്ചാരുത്വമാർന്ന തിരുമേനി ലഭിക്കുമോ മേ
പ്രാരബ്ധപിണ്ഡമുടയുന്നതിനുള്ളിലെന്റെ
ചാരത്തു വന്നൊരുദിനം കളിയാടുമോ നീ.        44

കായം കൊഴുപ്പതിനു കണ്ടതു കൊന്നു തിന്നു
നായെന്നപോലെ നെറികെട്ടു നടക്കിലും ഞാൻ
വായാടിയായ് വഷളനാകിലുമെന്റെ പൂർവ്വ-
നായാടിനായകനിനിക്കു തുണയ്ക്കുമല്ലോ.        45

സൃഷ്ടിക്കുമോ സരസിജാത്മജനെന്നെയിന്നും
ദൃഷ്ടിക്കുമുമ്പു ദിവസംപ്രതി നിൽക്കുമോ ഞാൻ
ദുഷ്ടക്കൊടുംപിണി പിടിച്ചു ചടച്ചു വീണു
കഷ്ടിക്കുമോ കരുണചെയ്തുടനാളുമോ നീ.        46

അഷ്ടിക്കു മുട്ടിയഴകാർന്നുമിരന്നുമയ്യോ!
കഷ്ടിക്കുമാറടിമ വീഥിയിൽ വീണുപോമോ
ദുഷ്ടക്കുതർക്കികളിടയ്ക്കു പതിച്ചു ഗാത്ര-
പുഷ്ടിക്കു ജന്മമിദമെന്നുമുറച്ചുപോമോ.        47

ത്വൽപാദമേ ശരണമെന്നനിശം നിനച്ചു
പിൽപ്പാടു തള്ളുമൊരു പേയിലമർന്നുഴന്നു
ഇപ്പാടുപെട്ടിരവിലും പകലും ഭ്രമിക്കു-
മിപ്പാമരപ്പിറവിയെഭഗവാൻ വിടല്ലേ.        48

ബാലൻ മുനീന്ദ്രനു വരങ്ങൾ വിളമ്പിനിന്നൊ-
രാലംനുകർന്ന കരുണാകരനേ! പിരാനേ!
മാലുംപിടിച്ചടിമ നിന്നടിയും മറന്നു
കാലൻ തുറന്ന കടിവായിലകപ്പെടല്ലേ.        49

പൂവിന്മകന്റെ തലയോട്ടിലിരന്നു തിന്നു
ഭൂവെങ്ങുമോടിയൊരു യാചകദേശികൻ നീ
ഈവണ്ണമേഴയുമിരന്നിടിയുന്ന ചേതോ-
ഭാവങ്ങളൊക്കെയവിടേക്കറിയാവതല്ലോ.        50

നീയലയോ നിഖിലനായകനിപ്രപഞ്ചം
പേയല്ലയോ പൊരുളു നിൻപദമല്ലയോവാൻ
തീയല്ലയോ കഠിനമീ ദുരിതം കൃപാംബു
പായില്ലയോ പരവശപ്പെടുമേഴയിന്മേൽ.        51

എന്നേ ഭവാനെളിയവന്നു തുണച്ചുനിന്നു
മിന്നുന്ന മൗനവടിവായിദമാരറിഞ്ഞു
നിന്നെപ്പിരിഞ്ഞണുവുമെങ്ങുമൊരിക്കലും വാ-
ഴ്കെന്നുള്ളതില്ലരിയ'തില്ല'യിലാടുമീശാ!        52

തെണ്ടിത്തിരിഞ്ഞുഴലുവാനരുതെന്നു നിന്നു
കുണ്ഠത്വമാർന്നു കുഴയേണ്ട മനക്കുരങ്ങേ,
തണ്ടാർമകന്റെ തലയോട്ടിലിരുന്നു തിന്നു
പണ്ടേ നടന്ന പരദേശി തുണയ്ക്കുമല്ലോ.        53

ഏവം കിടന്നു ചുഴലുന്നൊരു പമ്പരംപോൽ
ഭാവം കുലുക്കി മരുവല്ലിനി നെഞ്ചമേ നീ
പൂവങ്കവില്ലനെയെരിച്ച ചിദംബരേശ-
ച്ചേവങ്കി മേനിയിലമർന്നു കലർന്നു നില്ലേ.        54

തുമ്പത്തിരുൾച്ചിടയനേ ശിവനേ! ഭവാനെൻ
തുമ്പന്തുരത്തുവതിനെന്തു വിളംബമീശാ!
ചെമ്പൊൻ പദാംബുജരസം തരികിന്നു നിന്നി-
ലൻപുള്ളവർക്കടിമ ഞാനരിമക്കൊഴുന്നേ        55

ശൈലത്തിലാർന്നൊരു ശിവക്കൊടിതൻ ഭുജാഗ്ര-
മാലംബിയാകുമഭയക്കനിയേ! തൊഴുന്നേൻ
കാലം പൊറുക്കരുതിനിക്കൃപചെയ്യുവാനെൻ-
മാലേകിടുന്ന മലബന്ധമറും മരുന്നേ!        56

ലീലാവിലോലഹൃദയം ലലനാലലാമ-
മാലോലലോചനനിപാതശതങ്ങളാലേ
മാലേകിടൊല്ല മമ കാമകലാവിലാസ-
മാലോചനയ്ക്കു വിഷയത്തിലുമെത്തിടൊല്ലാ.        57

കുമ്പിട്ടവർക്കു കുഴയാതെ മനക്കുരുന്നി-
ലിമ്പം തരുന്നവനിരന്നവനിന്ദുചൂഡൻ
അമ്പാർന്നു തത്ത്വമഖിലത്തിനുമാശു കത്തും
കുമ്പയ്ക്കു നാഥനടിമയ്ക്കു തുണയ്ക്കുമെന്നും.        58

കമ്പംപിടിച്ചു ഉഴയേണ്ട കരം കുവിക്ക
ചെമ്പൊൻപദം തരുമരം ദുരിതം കെടുക്കും
അൻപുറ്റവൻ പെരിയവൻ ശിവനോർക്ക ചിത്ത-
ക്കാമ്പേ കരഞ്ഞു പറകിൽക്കരളും കൊടുക്കും.        59

ഭവ്യം പെറുന്ന തിരുനീറുമണിഞ്ഞു ചിന്തി-
തവ്യം പെരും പിണിയറും പരമൻചരിത്രം
ദൈവാഗമപ്പെരുവഴിത്തണലായിടുന്ന
ശൈവാഗമം ശരണമോർക്ക നിനക്കു നെഞ്ചേ.        60

സാമോദമങ്ങു സമയംപ്രതി മിന്നിടുന്ന
പൂമേനിമേനി മുറുകെപ്പുണരാനൊരുന്നാൾ
ഈ മാനുഷപ്പുഴുവിനെന്നിടയായിടുന്നു
കാമാരിദാസവരരേ! പറവിൻ ക്ഷണം മേ.        61

താനറ്റിടത്തു തനിയേ സുഖമായിരിക്കും
മൗനം മഹേശനുടെ മംഗലമാർന്ന കോലം
നാനാജനത്തിനുമതുള്ളൊരു നാലുപേർക്കു-
മാനന്ദമേകിയതുമിത്തിരുവേഷമല്ലീ?        62

കൈവല്യമാം ദശയിലും കനവറ്റുറങ്ങും
തവ്വിങ്കലങ്ങതിലുമിയ്യുണർവുള്ളിടത്തും
ഇവ്വണ്ണമെവ്വുയിരിനുള്ളുമിരുന്നു കാക്കു-
മിവ്വാറു നിന്റെ കളിയോ പൊളിയോ ജഗത്തും.        63

ആരായുവോളാമമൃതക്കടലായിടുന്ന
പേരായിരം പറയുമെൻ പെരുമാളെയെന്നും
നേരായി നിന്നു നിനവിങ്കലിരുത്തിടുന്ന
പേരാരു പേനരകവീഥിയിൽ വീണിടുന്നു.        64

അന്തിക്കനന്തശയനന്റെ മൃദംഗഘോഷം
സാന്തത്തിലോർത്തു സരസം നിജ കാന്തയോടും
ചിന്തുന്ന മോദമൊടു നിന്നു കളിച്ചിടുന്നോ-
രെന്തമ്പുരാന്റെ വടിവെന്നിഹ കണ്ടിടുന്നൂ.        65

ആലുംചുവട്ടിലമരും ഗുരുനാഥനോ പ-
ണ്ടാലം നുകർന്ന പതിയോ പുരവൈരിതാനോ
കാലാരിയോ കമലജാദികൾ കണ്ടിടാതെ
മേലായി നിന്ന നെറിയോ നടാനാഥനോ നീ.        66

നീലക്കഴുത്തനമലൻ നിജ ദേവിയോടു-
മാലംബമെന്നു കരുതുന്നവനെന്നുമോർത്താൽ
കൂലംകവിഞ്ഞ ദുരിതാംബുധിയും കടന്നു
മേലായ മംഗലപദം കരതാരിലല്ലോ.        67

ഈ ലോകമീശമയമെന്നറിയുന്നതിന്നീ
ബാലൻ മനം ബലമഴിഞ്ഞു വലഞ്ഞിടുന്നൂ
മൂലം മുടിഞ്ഞ മുഴുമൗനമതെന്നറിഞ്ഞ
മാലോകരുള്ളിലൊളികൊണ്ടുയരും വിളക്കേ!        68

കർമ്മക്കരുംകടൽകടന്നു കലക്കമറ്റു
മർമ്മം ഗ്രഹിപ്പതിനുമാർക്കുമറിഞ്ഞുകൊൾവാൻ
ചർമ്മാംബരൻകരണസേവയൊഴിഞ്ഞു മറ്റു
ധർമ്മങ്ങളെന്തു മറയും മുറയിട്ടിടുന്നൂ.        69

അംബാ തുണയ്ക്കുകരിമക്കൊടിയേ! പുരാരി-
തന്മേനി പാതി വശമാക്കിയ തമ്പുരാട്ടീ!
ഇമ്മൗനമേഴയൊടു കാട്ടിയിരുന്നിടുന്ന
നിന്മംഗലാംഗനൊടു തെല്ലറിവിക്ക തായേ!        70

നിരയാംബുധി നീന്തി നിറഞ്ഞഴലെ-
ന്നിരുപാധിക നിന്നെ നിനച്ചടിയൻ
കുരുമോദമിനിക്കരുണാംബുരസം
കരവിട്ടു കവിഞ്ഞൊഴുകും കടലേ!        71

കടലിൽ തിരയും നുരയും കുമിഴി-
ക്കുടയും കുതികൊണ്ടാഴിയുന്നതുപോൽ
ഇടയറ്റൊരു നിന്നിലിതൊക്കെയുദി-
ച്ചടയുന്നതുമാരറിയുന്നു വിഭോ!        72

കരുണാകര! വാനൊടു കാനുമിരു-
ന്നെരിയും കനലും പുനലും മണലും
കരണേന യജിപ്പവനിന്ദു വിഭാ-
കരനും തിരുവംഗമതിങ്ങിവയോ.        73

ഇവയൊക്കെയസജ്ജടദുഃഖമതെ-
ന്നവനിമ്പമുടൻ പെരുകും ചരമം
ഭവയോഗഭരങ്ങലൊഴിഞ്ഞു വരും
ഭവയോഗമിരക്കുക നീ മനമേ!        74

മനമെന്നുമിരന്നു കരഞ്ഞു കര-
ഞ്ഞനഘം‌പ്രതി നിന്നു മുതിർന്ന ജനം
വിനയറ്റു വിഴുങ്ങി വിടർന്ന സുഖം
കനലുണ്ട കണക്കയി ചന്ദ്രഭരം        75

ഭരമോ പശുപാശമറുത്തരുളും
പരമേശ! നിനക്കുമെനിക്കരുൾവാൻ
പരമാരൊരു ബന്ധു നിനയ്ക്കുകിലെൻ-
പരമാമൃതമേ! ശിവമേ! സുഖമേ!        76

സുഖമറ്റ സുവിസ്തരസംസൃതിയി-
ന്നഘമോചന!മാമവ മാമവ നീ
നിഖിലം നിജരൂപമതെന്നു നിന-
ച്ചകലുന്നിടമെന്നു തരുന്നു വിഭോ!        77

വിഭുവെൻ വിമലൻ വികസൽക്കമല-
പ്രഭചേർന്ന പദങ്ങൾ ചിദംബരകേ
സഭയിൽ സരസം സതതം തുടരു-
ന്നഭയക്കളി കാട്ടുവതെന്നു ശിവൻ.        78

ശിവനേ! ശിഖിവാഹനസേവിതനേ!
ഭവനേ! ഭവബന്ധമൊഴിപ്പവനേ!
ഇവനേഴ കൊതിച്ചു ചമച്ചിടുമി-
ക്കവനേ കളി നീ കരുണാനടനേ!        79

നടയറ്റു നിറഞ്ഞ നഭോമയമേ
കുടിയയ്യമിയന്നൊരു കണ്മണിയേ!
അടിയത്തിനു ഈ ഗതിയേ ബത വ-
ന്നടി തന്നരുളെന്നരിമക്കൊടിയേ!        80

അരുളിലൂന്നിയമർന്നിടുമിജ്ജഗ-
ത്തിരുളുകൊണ്ടു മയങ്ങി മയങ്ങി ഞാൻ
കുരളയല്ല കുഴഞ്ഞതു കോമള-
പ്പൊരുളു സർവ്വമറിഞ്ഞതുമില്ലയോ.        81

വരളുമാറുരുതാപമതിൽപ്പരം
വിരളുമെൻ വികൃതിത്തരമൊക്കെയും
കരളിലോർത്തു കനിഞ്ഞു കൃപാംബുധേ!
തരളഭാവമൊഴിച്ചുതരേണമേ.        82

കരണവൃത്തി കുറച്ചു കരം കുവി-
ച്ചരുണമേനിയിലൻപു കലർത്തി ഞാൻ
മരണമാവതിനുള്ളു ഭവാംബുധി-
ത്തരണമെന്നു കഴിപ്പതു ദൈവമേ!        83

സകലകേവലഭാവമകന്നു ഞാ-
നഖിലനായക! നിമ്പദ്പങ്കജം
മുകളിൽവച്ചു മുകർന്നു കലർന്നു ചി-
ത്സുഖമഴിഞ്ഞു സുഖിപ്പതുമെന്നഹോ!        84

ജനിമൃതിക്കടലിൽക്കരയെന്നിയേ
ദിനവുമിങ്ങനെ ദണ്ഡമിയന്നു ഞാൻ
ഇനിയുമുള്ളുരുകുന്നതു സങ്കടം
ഘനകൃപാംബുനിധേ! കൃപചെയ്ക നീ.        85

കുടിലകുന്തളവും കുചകുംഭവും
ചടുലവാണികൾ ചഞ്ചലമേനിയും
കടിതടം കളിമാൻമിഴിയാട്ടവും
ചുടുകനൽക്കടലിൽച്ചുഴലിക്കൊലാ.        86

നിടിലലോചന! നിന്തിരുമേനിത-
ന്നടിയൊഴിഞ്ഞവലംബനമില്ല മേ
പിടി പുറപ്പു മരിപ്പുമറുത്തു നീ
നടനമാടുക നമ്മിലനാരതം.        87

വിധിയനംഗനുമന്തകനും പരം
ചതിവുചെയ്തുവരുന്നു ജഗത്തിതിൽ
മതിയണിഞ്ഞരുളുന്ന മരുന്നു നീ
പതിയൊരുത്തനനർത്ഥമൊഴിക്കുവാൻ.        88

കരുമനക്കടലിൽക്കുടികൊണ്ട ഞാൻ
കരവതും പറയുന്നതുമൊക്കെയും
കരളിലോർത്തു കനിഞ്ഞിനിയെങ്കിലും
പുരമെരിച്ച പുരാതന! പാഹിമാം        89

ഗരളമുണ്ടമരും ഗഗനാകൃതേ!
ഗിരിവരാലയ! ഗോവതിലേറി നീ
അരികിലെന്നു വരുന്നടിമയ്ക്കു നിൻ-
തിരുനടം കണികാണ്മതിനാഗ്രഹം.        90

കണ്ട പണ്ടമഖിലം കലർന്നഴിയുമിങ്ങു
കണ്ണിലതിൽനിന്നുതാ-
നണ്ഡപിണ്ഡമഖിലം വിരിഞ്ഞുവരുമെന്നു-
മൊന്നുമറിയാതഹോ!
പണ്ടു പണ്ടുപരിചെയ്ത പാപനിര പറ്റി-
നിന്നു പതറിക്കുമി-
ക്കണ്ടകശ്ശനിയൊഴിച്ചു നീ സപദി കാത്തു-
കൊൾക പരദൈവമേ!        91

അണ്ഡകോടികളകത്തടക്കിയമരുന്ന-
ഭിന്നനിജശക്തിയാം
പുണ്ഡരീകമിഴിതന്നെ വച്ചുപുലരുന്ന
പൊന്മണിമഹോനിധേ!
പണ്ഡിതപ്രവരരോതിയോതിയറിയാത
നിന്റെ പരമാർത്ഥമി-
ത്തണ്ഡുലത്തരി കുറപ്പതിന്നമരുമേഴ-
യേതുമറിയുന്നതോ.        92

കാരണത്തിലമരുന്നു കാര്യമിതുകാര-
ണം കരകടന്നതെ-
ന്നാരണപ്പറയറഞ്ഞു നിന്നരുളുമാദി-
ദേവ! കരുണാനിധേ!
വാരണക്കലി വലിച്ചുവെച്ചു വെറുതെ വ-
ലച്ചു വിരളിക്കുമീ-
മാരണപ്പിണിയറുന്നതിന്നു മണിമന്ത്ര-
മായ മമ ദൈവമേ!        93

സൂരിവൃന്ദമരുളുന്ന സൂക്തിസുധ ദൂരെ-
നിന്നുരുകുമാറുടൻ
സുരകോടിയൊരുമിച്ചുയർന്ന സുഷമാഭി-
രാമ സുഖവാരിധേ!
ഘോരദുസ്സഹതമസ്സഴിച്ചു വിലസുന്ന
വിശ്രുതവിലാസക-
ച്ചാരുപാദമലരെന്നു മൗലിയിലലങ്ക-
രിപ്പതടിമയ്ക്കു നീ.        94

കണ്ണിമയ്പിലഴിയും പ്രപഞ്ചമിതു കണ്ടു-
കണ്ടു മുഷിയുന്നൊര-
ക്കണ്ണിൽനിന്നു കരകേറിവന്നു കഴലേറി
നിന്നു കളിയാടുവാൻ
കണ്ണുവച്ചു പിടിപെട്ടു തിന്നുകളയാതെ
കാത്തരുൾക ദൈവമേ!        95

നിന്നയേ ശരണമെന്നുറച്ചു നിബിഡാന്ധ-
കാരനിരയാടവി-
ക്കെന്നുമിങ്ങനെ കിടന്നു ഘോരഭയബാധ-
വന്നു കുടികൊണ്ട ഞാൻ
ഇന്നിയെങ്കിലുമിളയ്പകന്നു മരുവീടു-
മാറു വനവേടനായ്
മുന്നമാർന്ന മൃഗയാവിലാസരസികാകൃ
തേ! കരുണചെയ്ക മേ.        96

നീലകണ്ഠ! നിഖിലേശ! നിർമ്മലനിരാമ-
യ! ത്രിദശനായക!
കാലകാല! കരുണാനിധേ! കമലസായ-
കാന്തക! കലാധരാ!
മൂലകാരണ! മുകുന്ദവന്ദ്യ! മുനിമാന-
സാംബുജദിവാകര!
മാലകറ്റി മതിമേലിരുന്നു നടാമാടു-
മെന്റെ പരദൈവമേ!        97

അമ്പിളിക്കലയുമംബരക്കുളവുമമ്പ-
രന്ന മണിനാഗവും
ചെമ്പിരിച്ചിടയിടയ്ക്കണിഞ്ഞു ചെറുമാൻകി-
ടാവു വരദാഭയും
അമ്പിനോടു കരതാരിലേന്തിയരുളംബ-
രത്തനിശമാടിടും
നിൻപദം കരുതിനിന്നു കേഴുവതു കാൺക
നീ നിഖിലനായക!        98

ആദിമൂലപരിപൂർണ്ണമേനിയിലിരുത്തി
യെന്നെയതിരറ്റിട-
ത്താദിശേഷനുമുരച്ചിടാതനുഭവൈകമാ-
ന സുഖസിന്ധുവിൽ
ആദിയന്തനിലവിട്ടു നീന്തുമവിടത്തി-
ലെത്തിയരുളീടുമെ-
ന്നാദിതേയകുലദൈവമേ! കരുണചെയ്ക
മേ സകല ഭവ്യമേ.        99

വല്ലതും പിഴയിരിക്കിലും വലിയ പാത-
കം പലതു ചെയ്കിലും
മല്ലിബാണനടിവേലചെയ്തു മതി മാലി-
യന്നിനി മയങ്ങിലും
അല്ലിലും പകലിലും കിടന്നു ബത കേഴു-
മേഴയിലിരങ്ങി നീ
വല്ലവാറുമിവിടത്തു വന്നു പരിപാഹി
പാഹി പരദൈവമേ        100

"https://ml.wikisource.org/w/index.php?title=ശാങ്കരശതകം&oldid=145592" എന്ന താളിൽനിന്ന് ശേഖരിച്ചത്